
ഇലക്ട്രോസ്റ്റേറ്റും, പെട്രോസ്റ്റേറ്റും
അമിതമായ ചൂട് കാരണം വിംബിൾഡൺ ടെന്നീസ് മത്സരങ്ങളിൽ ചിലത് നിർത്തി വയ്ക്കേണ്ടതിനെ പറ്റിയുള്ള വാർത്തകൾ വന്ന ദിവസങ്ങളിൽ തന്നെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച പുതിയ നികുതി നിയമ ബിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ അമേരിക്കൻ സെനറ്റ് പാസ്സാക്കിയത്. കഴിഞ്ഞ ദിവസം നാല് വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അമേരിക്കൻ ജനപ്രതിനിധി സഭയും ബില്ല് പാസ്സാക്കി. സമ്പന്നരുടെയും, അതിസമ്പന്നരുടെയും നികുതിഭാരം കുറയ്ക്കുകയും, സാധാരണ ജനങ്ങളുടെ ക്ഷേമ പദ്ധതികൾ വെട്ടികുറയ്ക്കുകയും, നികുതി ബാധ്യത ഉയർത്തുകയും ചെയ്യുന്ന ട്രംപ് നിർദേശത്തിന്റെ പിന്തിരിപ്പൻ സ്വഭാവം അമേരിക്കയിൽ മാത്രമല്ല ലോകമാകെ വലിയ ചർച്ചയാണ്. സമ്പന്ന-അതി സമ്പന്ന പ്രീണനത്തിനൊപ്പം ട്രംപ് ബില്ലിന്റെ ഏറ്റവും പ്രതിലോമകരമായ നിർദേശം പുനരുപയോഗ ഊർജ്ജ പദ്ധതികളുടെ വികസനത്തിനുള്ള വിലങ്ങുതടികളാണ്.
കാലാവസ്ഥ മാറ്റമെന്ന പ്രതിഭാസം തന്നെ നിഷേധിക്കുന്നതിൽ മുൻപന്തിയിലുള്ള ട്രംപിൽ നിന്നും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുന്നതിനായി പിന്തുണ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന് വ്യക്തമാണ്. പക്ഷെ, അദ്ദേഹത്തിന്റെ വിവേകരാഹിത്യം ലോകത്തിനും, അമേരിക്കയ്ക്കും വരുത്തുന്ന ആപത്തുകൾ ചെറുതല്ല. കാലാവസ്ഥ മാറ്റം ഭൂമിക്കാകെ വരുത്തുന്ന വിപത്തിനെപ്പറ്റി നിരന്തരം മുന്നറിയിപ്പുകൾ നൽകുന്ന ആക്ടിവിസ്റ്റുകൾ മാത്രമല്ല ഇപ്പോഴത്തെ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയെ ശക്തമായി പിന്തുണയ്ക്കുന്ന തൽസ്ഥിതി സംരക്ഷണവാദികളിൽ (സ്റ്റാറ്റസ്‌കോയിസ്റ്റ്സ്) ഒരു വിഭാഗവും കാലാവസ്ഥ മാറ്റത്തിന്റെ തിക്തഫലങ്ങളെ പ്രതിരോധിക്കാൻ സർക്കാരുകളുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടലുകൾ ആവശ്യമാണെന്ന് സമ്മതിക്കുന്നു. ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ കക്ഷിയിലെ ചിലർ മുതൽ ലോക സാമ്പത്തിക ഫോറത്തിലെ പ്രമുഖർ വരെ ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്നു. കാലാവസ്ഥ മാറ്റം ആവശ്യപ്പെടുന്ന വൻതോതിലുള്ള നിക്ഷേപക അവസരമാണ് അതിനുള്ള ഒരു കാരണമെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം തന്നെ പ്രധാനമാണ് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുന്ന കാര്യത്തിൽ ചൈന കൈവരിക്കുന്ന വലിയ കുതിപ്പുകൾ പാശ്ചാത്യ നയകർത്താക്കളിൽ ഒരു വിഭാഗത്തിന്റെ ഉള്ളിൽ ചെലുത്തുന്ന ആശങ്കകൾ. പെട്രോളിയം ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കിയ ഊർജ്ജത്തിന് ബദലായ സ്രോതസ്സായി ഇതിനകം തിരിച്ചറിഞ്ഞ പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട സാങ്കേതികവും, സാമ്പത്തികവുമായ മേഖലകളിൽ അമേരിക്കയെ ബഹുദൂരം പിന്നിലാക്കി ചൈന മുന്നേറുന്നുവെന്ന ആശങ്കകൾ അടിയന്തിരമാകുന്ന സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം പിന്നോട്ട് നടക്കുന്നതെന്ന വീക്ഷണം പ്രബലമാണ്. ആദം ടൂസിനെ പോലുള്ള സാമ്പത്തികചരിത്ര പണ്ഡിതർ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നു.
ഡൊണാള്‍ഡ് ട്രംപ് | PHOTO: WIKI COMMONS
ഇലക്ട്രോസ്റ്റേറ്റും, പെട്രോസ്റ്റേറ്റും:
പുനരുപയോഗ ഊർജ്ജത്തിനോട് ട്രംപ് ഭരണകൂടം പുലർത്തുന്ന ശത്രുതാ മനോഭാവത്തിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോസ്റ്റേറ്റും, പെട്രോസ്റ്റേറ്റുമെന്ന വിശേഷണം പ്രസക്തമാവുന്നത്. ഇപ്പോഴും ഫോസിൽ ഇന്ധനങ്ങളിൽ അഭിരമിക്കുന്ന രാജ്യങ്ങൾ പെട്രോസ്റ്റേറ്റ് എന്നും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വൻതോതിൽ വികസിപ്പിക്കുന്ന രാജ്യങ്ങൾ ഇലക്ട്രോസ്റ്റേറ്റ് എന്നും അറിയപ്പെടുന്നു. ഡാനി കെന്നഡി (സൺറൈസ് പ്രോജക്റ്റിന്റെ മുതിർന്ന ഉപദേഷ്ടാവ്) 2025 ജനുവരിയിൽ ക്ലൈമറ്റ് ആൻഡ് ക്യാപിറ്റൽ മീഡിയ എന്ന ഓൺലൈൻ ജേർണലിൽ എഴുതിയ ലേഖനത്തിൽ അമേരിക്കയെ പെട്രോസ്റ്റേറ്റും, ചൈനയെ ഇലക്ട്രോസ്റ്റേറ്റുമെന്ന് വിശേഷിപ്പിച്ചു. അമേരിക്കയിൽ ട്രംപ് അധികാരത്തിൽ എത്തിയതായിരിന്നു ലേഖനത്തിന്റെ പശ്ചാത്തലം. ഷിയും, ട്രംപും ഊർജ്ജത്തിന്റെ ഭാവിയും എന്ന ഉപതലക്കെട്ടിലുള്ള ലേഖനം ഇങ്ങനെ തുടങ്ങുന്നു. “ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തോടെ, വൃത്തികെട്ട ഫോസിൽ ഇന്ധനങ്ങൾ മാറ്റിസ്ഥാപിക്കാനും, എല്ലാം വൈദ്യുതീകരിക്കാനുമുള്ള മഹത്തായ മത്സരം ഗ്രഹത്തെപ്പോലെ വേഗത്തിൽ ചൂടാകുകയാണ്".
പക്ഷെ, ഫോസിൽ ഇന്ധനത്തിന്റെ പിടിയിൽ നിന്നും വൃത്തിയുള്ള ഊർജ്ജത്തിനായുള്ള മുന്നേറ്റത്തിൽ 'ലോകത്തെ മറികടന്ന് ചൈന' മുന്നിലെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ മാറ്റം കോർപ്പറേറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുവാൻ തുടങ്ങിയതിന്റെ ഉദാഹരണമാണ് 2025 മെയ് 12ന് ഫിനാൻഷ്യൽ ടൈംസിൽ വന്ന ചൈനയുടെ "വൈദ്യുത വിപ്ലവം" എന്ന ലേഖനമെന്ന് പേരെടുത്ത ഇടതുപക്ഷ ജേർണലായ മന്തിലി റിവ്യൂ അഭിപ്രായപ്പെടുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ "ചൈന നേടിയ അത്ഭുതകരമായ വിജയങ്ങളെക്കുറിച്ച് കോർപ്പറേറ്റ് മാധ്യമങ്ങളിലും, കാലാവസ്ഥാ നിരീക്ഷകരിലും നിന്നുള്ള ഒരു കൂട്ടം ലേഖനങ്ങളിൽ ആദ്യത്തേതാണിത്" എന്നും റിവ്യൂ ചൂണ്ടിക്കാട്ടി. ചൈനീസ് ഊർജ്ജ വിപ്ലവത്തിന്റെ വ്യാപ്തി അവിശ്വസനീയമാണെന്ന് കെന്നഡി എഴുതുന്നു;
"ഊർജ്ജ പരിവർത്തനത്തിൽ ചൈന[എക്കാലത്തേക്കാളും] വേഗത്തിൽ മുന്നേറുകയാണ്. ഈ ദശകത്തിന്റെ തുടക്കത്തിൽ കാറ്റിന്റെയും, സൗരോർജ്ജത്തിന്റെയും കാര്യത്തിൽ ചൈനയുടെ ഔദ്യോഗിക ടാർജെറ്റുകൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര കൂടുതലായിരുന്നു എന്നത് ഓർമ്മിക്കേണ്ടതാണ്. എന്നാൽ, അവർ വളരെ വേഗത്തിൽ അവയെ മറികടന്നു. 2025ൽ കൈവരിക്കാൻ ലക്ഷ്യമിട്ടത് 2024ൽ നേടി. 2035ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ ലക്ഷ്യം മൊത്തം കാർ വിൽപ്പനയുടെ 50 ശതമാനം ആയിരുന്നു. എന്നാൽ അത് 2025ൽ തന്നെ കൈവരിക്കും. ലക്ഷ്യമിട്ടതിനേക്കാൾ പത്ത് വർഷം മുമ്പേ"!
REPRESENTATIVE IMAGE | WIKI COMMONS
2025ൽ, ഇതുവരെ 198 ജിഗാവാട്ട് (GW) പുതിയ ശേഷി കൂടി ചേർത്തതോടെ ചൈനയുടെ സഞ്ചിത സൗരോർജ്ജ ശേഷി ഒരു ടെറാവാട്ട് (1TW) കവിഞ്ഞു. മെയ് മാസത്തിൽ മാത്രം 93 ജിഗാവാട്ട് GW എന്ന "അതിശയകരമായ" നേട്ടം ഇതിൽ ഉൾപ്പെടുന്നതായി ആസ്ട്രേലിയ ആസ്ഥാനമായുള്ള reneweconomy.com.au ജൂൺ 25 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു.
ചൈനയുടെ നാഷണൽ എനർജി അഡ്മിനിസ്ട്രേഷൻ (NEA) വർഷത്തിലെ ആദ്യ അഞ്ച് മാസത്തെ രാജ്യത്തെ ഊർജ്ജ വ്യവസായ സ്ഥിതിവിവരക്കണക്കുകളുടെ അപ്‌ഡേറ്റിൽ പുതിയ നാഴികക്കല്ല് പ്രസിദ്ധീകരിച്ചു. മെയ് അവസാനത്തോടെ സ്ഥാപിതമായ സൗരോർജ്ജ ശേഷി 1.08 ടെറാവാട്ട് ആണെന്ന് NEA സ്ഥിരീകരിച്ചു, റിപ്പോർട്ടിൽ പറയുന്നു.
'കാർബൺ ബ്രീഫ്' എന്ന മറ്റൊരു പ്രസിദ്ധീകരണത്തിൽ 2025 മെയ് 15ന് വന്ന കണക്ക് പ്രകാരം ചൈനയുടെ കാർബൺ ബഹിർഗമനം ഇപ്പോൾ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. എന്ന് മാത്രമല്ല, കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ അവ യഥാർത്ഥത്തിൽ ഒരു ശതമാനം കുറവും രേഖപ്പെടുത്തി. ഊർജ്ജ ആവശ്യകത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത് സംഭവിച്ചത്. 2025ൽ ചൈനയുടെ ഇലക്ട്രിക് വാഹന (ഇവി) വിൽപ്പന 2022നെ അപേക്ഷിച്ച് ഇരട്ടിയിലധികമായി. ലോകത്തിലെ ഏതൊരു പ്രധാന ഓട്ടോ മാർക്കറ്റിലും, ഇലക്ട്രിക് വാഹനങ്ങൾ ആന്തരിക ജ്വലന എഞ്ചിനുകളെക്കാൾ വിറ്റഴിക്കപ്പെടുന്നത് ഇതാദ്യമായാണ്. ലോകത്തിലെ ഇലക്ട്രിക് ബസ് വിപണിയുടെ 90 ശതമാനവും ചൈനയാണ്. അതിന്റെ അതിവേഗ റെയിൽ സംവിധാനം യൂറോപ്യൻ യൂണിയന്റെ അഞ്ചിരട്ടി വലുപ്പമുള്ളതാണ്.
REPRESENTATIVE IMAGE | WIKI COMMONS
ചൈനയുടെ സൗരോർജ്ജ, കാറ്റാടി ഉപകരണങ്ങളുടെയും, ഇവി(EV)കളുടെയും കയറ്റുമതിയുടെ പകുതിയും ഇപ്പോൾ ഗ്ലോബൽ സൗത്തിലേക്കാണ്. ലോകത്തിലെ മാനുഫാക്‌ചറിംഗ് ഉൽപ്പന്നങ്ങളുടെ 30 ശതമാനം ഉത്പാദിപ്പിക്കുന്ന, കൽക്കരിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ കാർബൺ പുറന്തള്ളുന്നതിൽ ചൈനയാണ് മുൻപന്തിയിൽ നിൽക്കുന്നത്. എന്നിരുന്നാലും, ലോകജനസംഖ്യയുടെ 18 ശതമാനമുള്ള ചൈനയുടെ പ്രതിശീർഷ കാർബൺ പുറന്തള്ളൽ അമേരിക്കയുടെ നിലവാരത്തിന്റെ പകുതി മാത്രമാണ്.
ഫിനാൻഷ്യൽ ടൈംസിന്റെ കണക്കനുസരിച്ച്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ "ജല, സൗരോർജ്ജ, കാറ്റ്, ആണവ, ബാറ്ററി സംഭരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള കുറഞ്ഞ കാർബൺ ഊർജ്ജത്തിൽ നിന്ന്" ചൈന അതിന്റെ വൈദ്യുതിയുടെ പകുതിയും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയുടെ പ്രധാന ഊർജ്ജ സ്രോതസ്സായ കൽക്കരി ഉപയോഗിച്ചുള്ള ഊർജ്ജ ഉൽപ്പാദനത്തെ സൗരോർജ്ജ ശേഷി താമസിയാതെ മറികടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കാലാവസ്ഥാ മാറ്റ ഭീഷണിയെയും, പാരിസ്ഥിതിക വെല്ലുവിളികളെയും അഭിസംബോധന ചെയ്യുന്നതിൽ ചൈന കൈവരിച്ച നേട്ടത്തിന് കാരണം പൊതുവെ "ചൈനീസ് സ്വഭാവ സവിശേഷതകളുള്ള സോഷ്യലിസം" ആണെന്ന് പറയുന്ന മന്തിലി റിവ്യൂ, ഊർജ്ജ പരിവർത്തനം നടപ്പിലാക്കുന്നതിൽ അമേരിക്കയുടെ നിരന്തരമായ പരാജയങ്ങളുമായി അത് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അഭിപ്രായപ്പെടുന്നു. ട്രംപ് ഭരണകൂട നയങ്ങൾ അമേരിക്കയുടെ ഫോസിൽ ഇന്ധന ആശ്രിതത്വം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കകളെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' എന്ന് ട്രംപ് മേനി നടിക്കുന്ന പുതിയ നികുതിനിയമമെന്ന് കരുതുന്നവർ ഏറെയാണ്.


.jpg)