
ഇഎംഎസ് - കറങ്ങുന്ന കാലത്തിന്റെ മലയാളി അച്ചുതണ്ട്
ജീവിച്ച നാടിനെയും പ്രവർത്തിച്ച നൂറ്റാണ്ടിനെയും ചരിത്രത്തിലേക്ക് അടയാളപ്പെടുത്തുകയും സ്വന്തം പേരിന്റെ മൂന്നക്ഷരത്തിലേക്ക് ചുരുക്കിക്കെട്ടുകയും ചെയ്ത മനുഷ്യനാണ് ഇഎംഎസ്. ബൂർഷ്വാ ജനാധിപത്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്യാപ്റ്റനായി നിന്ന് സിദ്ധാന്തവും, ആധുനിക കേരളത്തിന്റെ സോഷ്യൽ എൻജിനീയറായി മാറിക്കൊണ്ട് പ്രയോഗവും കൈകളിൽ ഭദ്രമാക്കിയ നേതാവ്. ഇഎംഎസിനോട് മൽപ്പിടുത്തം നടത്തിയെന്ന് ശത്രുവിനെക്കൊണ്ട് പോലും അഹങ്കരിപ്പിക്കുന്ന ജീവിതവൈപുല്യം. അദ്ദേഹത്തിന്റെ പേര് ലോകം പറഞ്ഞുതുടങ്ങിയിട്ട് ഇന്ന് 116 കൊല്ലമാവുകയാണ്.
കേവലമായ ജാതി സംഘടനയിൽ നിന്ന് യോഗക്ഷേമസഭയെ പിടിച്ചുകയറ്റാനുള്ള ഇടപെടലുകൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടാണ് ഇഎംഎസിന്റെ രാഷ്ട്രീയോദയം. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രചാരണം ലേഖനമായും പ്രസംഗമായും നാടകമായും ശക്തിപ്പെട്ടപ്പോൾ ഒന്നിച്ച് നടക്കാൻ ഇഎംഎസ് ഉണ്ടായിരുന്നു. അങ്ങനെ നവോത്ഥാനത്തിൽ നിന്നാണ്, ഇഎംഎസ് സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലേക്കും കമ്മ്യൂണിസ്റ്റ് പ്രയോഗസമരങ്ങളിലേക്കും കർമ്മരേഖ വികസിപ്പിച്ചത്.
സംഘടിതസ്വാതന്ത്ര്യസമരപ്രക്ഷോഭത്തിന്റെ പരമൗന്നത്യത്തിൽ ക്ലാസുകൾ ബഹിഷ്കരിച്ച് സ്വാതന്ത്ര്യത്തിനായി മുഷ്ടിചുരുട്ടാനുള്ള ദേശവ്യാപക ആഹ്വാനം ഏറ്റെടുത്ത്, സെന്റ് തോമസ് കോളേജിൽ നിന്ന് ഇറങ്ങിപ്പോന്ന ചരിത്ര വിദ്യാർത്ഥിയാണ് ഇഎംഎസ്. എന്നാൽ കേരളത്തെ തന്നെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഈ ചരിത്ര വിദ്യാർത്ഥി ചർച്ചകളിലൂടെ തിരിച്ചുകയറാത്ത ക്ലാസ് മുറികളുണ്ടാകില്ല. കോൺഗ്രസിലൂടെയാണ് ഇഎംഎസ് സ്വാതന്ത്ര്യസമര പോരാട്ടം ആരംഭിച്ചതെങ്കിലും, നിസ്സഹകരണ സമരത്തിൽ നിന്നുള്ള കോൺഗ്രസ് പിന്മാറ്റം കടുത്ത വേദന ഉളവാക്കുന്നതായിരുന്നു. ആ സമയത്തൊക്കെ കേരളത്തിലും ഇന്ത്യയിൽ പലയിടത്തുമായി നടന്ന ശക്തമായ പുതിയ രാഷ്ട്രീയ ഉൾത്തിരിവുകൾ, അതിനെ ഉരുവം കൊള്ളിച്ച പ്രത്യയശാസ്ത്ര അടിസ്ഥാനം എന്നിവയോട്, സ്വാതന്ത്ര്യ സമരത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന എല്ലാ ക്ഷുഭിതയൗവനങ്ങളെയും പോലെ ഇഎംഎസും അനുഭാവമറിയിച്ചു. കോൺഗ്രസിലെ സോഷ്യലിസ്റ്റുകളുടെ നേതൃത്വമായും, കോഴിക്കോട് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുമ്പോഴും പാറപ്രത്ത് ആദ്യ സമ്മേളനം നടക്കുമ്പോഴും സാന്നിധ്യമായി ഇഎംഎസ് ഉണ്ടായിരുന്നു.
ഇ.എം.എസ്. നമ്പൂതിരിപ്പാട് | PHOTO: WIKI COMMONS
1957ൽ, കേരളമുണ്ടായി ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിലാണ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി അടക്കമുള്ള മറ്റു പാർട്ടികളും മത്സരിക്കുന്നുണ്ടെങ്കിലും, പൊട്ടിച്ചിതറാത്ത വർഗ്ഗങ്ങളിൽ ഏതിനെ പ്രതിനിധീകരിക്കുന്ന പാർട്ടിക്കാർ വിജയിക്കും എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയായിരുന്നു. ഭാഷയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ 14 സംസ്ഥാനങ്ങളിൽ, പതിമൂന്നും നുകം വച്ച കാളക്കുനേരെ മഷി കുത്തി പെട്ടിയിലാക്കിയപ്പോൾ, അരിവാളും നെൽക്കതിരും ഉയർത്തിപ്പിടിച്ചത് മലയാളികളുടെ മാതൃഭൂമി മാത്രം. ചാന്നാർ സമരം മുതലുള്ള നവോത്ഥാന പോരാട്ടങ്ങളും വയലാറിലും വടക്കൻ മലബാറിലുള്ള സാമ്രാജ്യത്വവിരുദ്ധ കർഷക തൊഴിലാളി പോരാട്ടങ്ങളും ഉഴുതുമറിച്ചിടത്ത്, അധികാരം കൊയ്യണമാദ്യം നാം എന്ന ഇടശ്ശേരി വചനം സാർത്ഥകമാക്കുക തന്നെയായിരിക്കും കേരളം.
114 മണ്ഡലങ്ങളിൽ നിന്നായി 126 എംഎൽഎമാർ പ്രഥമ കേരള നിയമസഭയിലേക്ക് വിജയിച്ചുകയറിയപ്പോൾ അതിലുണ്ടായിരുന്നത് 60 കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ. 5 ഇടത് സ്വതന്ത്രരെയും കൂട്ടിയപ്പോൾ ഇഎംഎസ് മുഖ്യമന്ത്രിയായ ആദ്യ കേരള മന്ത്രിസഭ രൂപംകൊണ്ടു. സാൻ മാരിനോ പോലെ ചെറിയ പ്രദേശങ്ങളിൽ മാത്രം ബാലറ്റിലൂടെ ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇതാദ്യമായി ഒന്നരക്കോടി മലയാളികളുടെ ഭരണചക്രം ചലിപ്പിക്കാനുള്ള അധികാരശക്തിയായി വളർന്നിരുക്കുന്നു. വിപ്ലവകരമായ വർഗ്ഗപോരാട്ടങ്ങളിലൂടെ അധികാരം പിടിച്ചെടുക്കേണ്ട വഴിയിൽ നിന്ന്, അടവ് നയത്തിന്റെ കൈവഴിയിലേക്ക് ആയിടക്ക് മാത്രം നടന്നുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. അതായത്, പാർലമെന്ററി ജനാധിപത്യം വഴങ്ങിത്തുടങ്ങിയിട്ട് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട്, ഒരു വലിയ ജനസമൂഹത്തെ ഭരണ ചുമതലയിലൂടെ അഭിസംബോധന ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവസരം ലഭിച്ചു.
ഇഎംഎസിനൊപ്പം പ്രഥമ കേരള മന്ത്രിസഭയിൽ കരുത്തായി നിലകൊണ്ടത് മറ്റ് എട്ടുപേർ- സി അച്യുതമേനോൻ, കെ പി ഗോപാലൻ, കെ ആർ ഗൗരി, ജോസഫ് മുണ്ടശ്ശേരി, ടി വി തോമസ്, പി കെ ചാത്തൻ, ടി എ മജീദ്, കെ സി ജോർജ്, വി ആർ കൃഷ്ണയ്യർ, എ ആർ മേനോൻ എന്നിവർ. ഓരോരുത്തരും അവരവരുടെ മേഖലയിൽ വിദഗ്ധർ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉരുത്തിരിഞ്ഞ ഭരണവും സമരവും എന്ന പ്രായോഗിക വഴി നടപ്പാക്കിയെടുക്കാൻ ചുമതലപ്പെട്ടത് മുഖ്യമന്ത്രി എന്ന നിലയിൽ ഇഎംഎസ് തന്നെയായിരുന്നു. ഭരണം സർവ്വതുറകളിലും മനുഷ്യവിമോചനം സാധ്യമാക്കാൻ ഉതകുന്നതായിരുന്നുവെങ്കിൽ, സമരം ഇന്ത്യൻ ജനാധിപത്യത്തിലെ ഫെഡറൽ അടിസ്ഥാന ശില പാകിയെടുക്കാനുള്ളതായിരുന്നു.
ഇഎംഎസ് മുഖ്യമന്ത്രിയായ ആദ്യ കേരള മന്ത്രിസഭ | PHOTO: WIKI COMMONS
ഇഎംഎസ് സർക്കാരിന്റെ ഓരോ ഇടപെടലുകളും കേരളീയ സാമൂഹ്യ വളർച്ചയുടെ പടവുകളായി മാറി. കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസും വിദ്യാഭ്യാസ ബില്ലും കാർഷിക, വ്യവസായബന്ധബില്ലും പുതിയ രാജ്യത്തിന് പുതിയ സംസ്ഥാനത്തിന്റെ മാതൃകാ സംഭാവനകളായി മാറി. പുകൾപെറ്റ കേരളീയ വികസന മാതൃകയ്ക്ക് സൈദ്ധാന്തിക സമാരംഭം അവിടെ നിന്നാണ്. നടപ്പാക്കപ്പെട്ടതിലെ ഭൂപരിഷ്കരണം അടക്കമുള്ളവയിലെ നയ സമീപനങ്ങൾ പഴയ ചില പരിമിതികളെ ഇന്നും നിലനിർത്തുന്നുണ്ടെങ്കിലും, ഫ്യൂഡൽ സാമൂഹ്യഘടനയിൽ നിന്ന് പുറത്തെത്താനുള്ള ജനകീയ ലക്ഷ്യങ്ങൾക്ക് ഇത്രയെങ്കിലും കരുത്തുപകരാൻ കഴിഞ്ഞ മറ്റൊരു പ്രാദേശിക സർക്കാർ ഇന്ത്യയിൽ ഇല്ലെന്നുതന്നെ പറയാം.
ജാതിബ്രാഹ്മണ്യവും ഭൂപ്രഭുത്വവും പരിഭ്രമിക്കുന്ന നിലയിലാണ് ഇഎംഎസ് സർക്കാരിന്റെ പ്രവർത്തനം മുന്നോട്ടുപോയത്. ഇതിനെ പരാജയപ്പെടുത്തിയില്ലെങ്കിൽ ഭാവി അപകടത്തിലാകുമെന്ന ചിന്ത പൂണ്ടവരെല്ലാം ഒത്തൊരുമിച്ചു, കലാപത്തിന് കോപ്പുകൂട്ടി. കമ്മ്യൂണിസ്റ്റുകളെ പരാജയപ്പെടുത്താനുള്ള പരിപാടി എന്ന നിലയിൽ, മറ്റിടങ്ങളിൽ നിന്ന് കൂടുതലായിത്തന്നെ ആളും അർത്ഥവും പിരിഞ്ഞുകിട്ടി. സോഷ്യലിസത്തിൽ നിന്ന് വിമോചനം സ്വപ്നം കണ്ട കുറുമുന്നണി അധികം വൈകാതെ തന്നെ ലക്ഷ്യം കണ്ടു. ഭ്രൂണരൂപത്തിൽ നിന്ന് രണ്ടുവർഷം മാത്രം നീട്ടിനൽകപ്പെട്ട ഇഎംഎസ് സർക്കാരിനെ കേന്ദ്ര ഭരണാധികാരത്തിൽ ഇരിക്കുന്ന കോൺഗ്രസ് സർക്കാർ വധശിക്ഷയ്ക്ക് വിധിച്ചു. സാമ്രാജ്യത്വത്തിനെതിരായ അന്തർദേശീയ ലീഗിന്റെ ഇന്ത്യൻ ചുമതലക്കാരനായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മയിൽ നിന്ന് പോലും ഫെഡറലിസം മറന്നുപോയ കാലം. ഇന്ത്യൻ ജനാധിപത്യം കിതച്ചുകിടക്കുകയും, ഒരുപക്ഷേ മരിച്ചുപോവുക തന്നെയും ചെയ്ത കാലം.
മാറ്റത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട ഭരണമെന്ന് അഭിനന്ദിക്കപ്പെട്ടപ്പോൾ തന്നെ വിമർശനശരങ്ങൾ ഏറ്റുവാങ്ങാത്തതല്ല ഒന്നാം ഇഎംഎസ് സർക്കാർ. വിമോചനസമരകാലത്ത് പ്രതിപക്ഷാവകാശത്തെയും ക്രമസമാധാനപാലനത്തെയും തമ്മിൽ തന്ത്രപരമായി ചേർത്തുകെട്ടാൻ കഴിയാതെ, ഭരണനൈപുണ്യമെന്ന കടിഞ്ഞാണിന് നൂൽപ്പാലത്തോളം വലിപ്പം കുറയുന്ന നില വന്നു. അതിലൂടെ, തന്നിൽ നിന്ന് പലയാളുകളിലേക്ക് ആഭ്യന്തരവകുപ്പിനെ കൈമാറ്റി കൊണ്ടിരിക്കാനും ഇഎംഎസ് നിർബന്ധിതനായി. വലിയതുറയിലും അങ്കമാലിയിലും വിമോചന സമരക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ ഫ്‌ളോറി അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഓരോ വെടിവെപ്പുകളും കൂടുതൽ ശക്തമായ കലാപനീക്കങ്ങൾക്ക് ഇന്ധനമായി മാറി.
REPRESENTATIVE IMAGE | WIKI COMMONS
സംഘടിത വിദ്യാർഥി സമരങ്ങളിലൂടെ സമരജീവിതം ആരംഭിച്ച്, പിന്നീട് ബഹുജന പിന്തുണയുള്ള മാർക്സിസ്റ്റ് എന്ന നിലയിൽ വളർന്ന ഇഎംഎസ് സംഘടിത ഇടപെടലുകളിലൂടെ കേരളത്തിനകത്ത് സൃഷ്ടിപരമായ മാറ്റങ്ങൾ രൂപപ്പെടുത്തിയെടുത്തു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടക്കണമെന്ന മുദ്രാവാക്യം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ ഏറ്റെടുക്കപ്പെട്ട കാലത്ത് കേരള സംസ്ഥാന രൂപീകരണത്തിന്റെ സിദ്ധാന്തനേതൃത്വത്തിൽ ഇഎംഎസുണ്ടായിരുന്നു. മലബാർ സമരത്തിന്റെ ലക്ഷ്യങ്ങളെ വളച്ചൊടിച്ച് വർഗീയനേട്ടം കൊയ്യാൻ ശ്രമിക്കുന്നവരിൽ നിന്ന്, അതിന്റെ ജന്മിത്വവിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായ ലെയറുകളെ ഉയർത്തിക്കാട്ടി തിരിച്ചുപിടിച്ചയാൾ കൂടിയാണ് ഇഎംഎസ്. കേരള രാഷ്ട്രീയത്തിൽ മുന്നണിസമവാക്യങ്ങൾ രൂപപ്പെട്ട ഘട്ടത്തിൽ, താൽക്കാലികമായി ആണെങ്കിലും, ഏറ്റവും വലിയ മുന്നണി തന്നെ ആദ്യമായി നിർമ്മിച്ചെടുക്കാൻ സപ്തകക്ഷി മുന്നണി സംവിധാനത്തിലൂടെ ഇഎംഎസിന് കഴിഞ്ഞു. പ്രധാനമായും സിപിഐഎമ്മും മുസ്ലിം ലീഗും ചേർന്നുനിന്ന, രണ്ടുവർഷം മാത്രം നീണ്ടുനിന്ന ഈ ഭരണമുന്നണിക്കാലത്ത്, ജനസംഘത്തിന്റെയും കോണ്‍ഗ്രസിന്റെയും എതിർപ്പ് മറികടന്ന് മലപ്പുറം ജില്ലാ രൂപീകരണത്തിന് നേതൃത്വം നൽകിയത് രണ്ടാം ഇഎംഎസ് സർക്കാരാണ്. കുറേക്കൂടി മെച്ചപ്പെട്ടതും സന്തുലിതവുമായ മുന്നണി സംവിധാനവും പിന്നീട് പികെവിക്കൊപ്പം കെട്ടിപ്പടുത്തത് ഇഎംഎസ് തന്നെയായിരുന്നു. നിലവിലെ കേരളീയ മുന്നണി സംവിധാനത്തിന് നേട്ടങ്ങളും കോട്ടങ്ങളും നിറഞ്ഞ സങ്കീർണ്ണത ബലപ്പെടുത്തിയത് ഇഎംഎസിന്റെ ധിഷണയാണെന്ന് പറയാം.
പല അടരുകളിലുള്ള വിമർശകരുടെ അമ്പുകൾ, മൂർച്ചയേറിയതും മുനയൊടിഞ്ഞതും, ശരീരത്തിൽ കൊള്ളിക്കാൻ ഇടപെടലുകളുടെ വിസ്താര വലിപ്പംകൊണ്ട് ഇഎംഎസിന് കഴിയുമായിരുന്നു. യോഗക്ഷേമസഭ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം, ജാതിയുടെ അഭിസംബോധന, കേരള സംസ്ഥാന രൂപീകരണം, മലപ്പുറം ജില്ലാ രൂപീകരണം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാപനം, വർഗീയ ശക്തികളോടുള്ള സന്ധിയില്ലാ സമരം തുടങ്ങി ജീവിതത്തിലിടപ്പെട്ട മുഴുവൻ വിഷയങ്ങളിലും അസംഖ്യം ചേർച്ചക്കാരെയും കുറച്ചേറെ ശത്രുക്കളെയും നിരന്തരം സൃഷ്ടിച്ചെടുത്തയാൾ. നാരായണ ഗുരുവിന് ശേഷം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു മനുഷ്യനില്ലെന്ന് എതിരാളികളെക്കൊണ്ട് പറയാൻ നിർബന്ധിതമാക്കിയ മഹത് വ്യക്തിത്വമാണ് ഇഎംഎസ്.
കനം നിറഞ്ഞ മറുപടിയാണെങ്കിലും വരികളിൽ സ്നേഹം നിറച്ച്, വായനക്കാരോട് വലിയ ഇഴയടുപ്പം സൃഷ്ടിക്കുന്ന ഇഎംഎസിനെ മലയാളി കണ്ടത്, വാർദ്ധക്യകാലത്ത് ചിന്തയിലെ ചോദ്യോത്തരപംക്തിക്കായി എഴുതിയിരുന്ന കാലത്താണ്. ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകവേ വാച്ച് കടം വാങ്ങിച്ച ദേശാഭിമാനി ലേഖകൻ പവനൻ പിന്നീട് പാർട്ടി പിളർന്ന് സിപിഐക്കാരനായപ്പോഴും 80കളിൽ ഇഎംഎസുമായി മാർക്സിസ്റ്റ്-യുക്തിവാദ സംവാദം നടത്തിയപ്പോഴും, സ്നേഹനിർഭരമായി, ശക്തമായി, പ്രതികരണങ്ങളും മറുപടികളും എഴുതിയറിയിച്ച് കൊണ്ടിരുന്നയാളാണ് ഇഎംഎസ്. പ്രിയങ്കരനായ ഇഎംഎസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ കൊടിനിറവ്യത്യാസങ്ങളില്ലാതെ അണിനിരന്നവർ പോലും, എത്രത്തോളം വശീകരണശക്തിയുള്ള മനുഷ്യനാണിത് എന്ന് ഓർമ്മപ്പെടുത്തുകയാണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഹിന്ദുത്വ ഫാസിസത്തിന് രാഷ്ട്രീയാധികാരം കിട്ടിയ അതേദിവസമാണ് ഇഎംഎസ് നമ്മളോട് വിട പറഞ്ഞത്. ഹിന്ദുത്വ അപകടങ്ങളെ, വാജ്പേയി സർക്കാരിന്റെ നയവൈകല്യങ്ങളെ ഓർമിപ്പിച്ചുകൊണ്ട് ദേശാഭിമാനിക്കായി അക്ഷരവടിവ് നിരത്തിയതിനുശേഷമാണ് അദ്ദേഹം മരണദിനവും മുഴുമിച്ചത്. ഗാന്ധിയെ, ഗാന്ധിയുടെ പാർട്ടിയെ, നിരന്തരം വിമർശിച്ചിരുന്ന ആളാണെങ്കിലും ഗാന്ധിയെ സന്ദേശം പോലെ തൊട്ട ആളാണ് ഇഎംഎസ് എന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ നോക്കി പറയാൻ കഴിയും. പാർട്ടി പത്രം സൃഷ്ടിക്കാൻ സംഭാവന ചെയ്തവരിൽ പാരമ്പര്യ സ്വത്ത് വിറ്റ ഇഎംഎസും പശുവിനെ വിറ്റ പാലോറ മാതയുമുണ്ട്. എങ്ങനെ നിരീക്ഷിച്ചാലും അതിൽ ആർക്കും സാമ്യവും വൈരുദ്ധ്യവും കാണാം. പക്ഷേ അന്യജീവിതത്തെ പുച്ഛിക്കുന്നവർക്കും കാല്പനികവൽക്കരിക്കുന്നവർക്കും പോലും സ്വജീവിതത്തെ സന്ദേശമാക്കാൻ നിർബന്ധിച്ചുകൊണ്ട് ഇഎംഎസിനെ പോലുള്ളവർ മരിച്ചാലും ജീവിക്കുക തന്നെ ചെയ്യും. അധികാരശിരസ്സുകൾ മനുഷ്യാന്തസിനെ ചവിട്ടിമെതിക്കുന്ന കാലത്ത്, കൂടുതൽ ഉറപ്പിച്ച് കൊടിക്കാലുകൾ പിടിക്കേണ്ട കാലത്ത്, ഇഎംഎസ് അടക്കമുള്ളവർ ഇടപെട്ടുകൊണ്ടിരിക്കുക തന്നെ ചെയ്യും.


