TMJ
searchnav-menu
post-thumbnail

Outlook

യൂറോപ്പിന്റെ കുരുക്കിൽ നിന്ന് ഭാവനയുടെ സ്വാതന്ത്ര്യത്തിലേക്ക്

25 May 2023   |   3 min Read
എൻ ഇ സുധീർ

2023 ലെ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടിയ 'ടൈം ഷെൽട്ടർ ' എന്ന നോവലിനെപ്പറ്റി.

യൂറോപ്പ് ഒരു കുരുക്കിലകപ്പെട്ടിരിക്കുന്നു. അതാകട്ടെ പതിറ്റാണ്ടുകളായി തുടരുന്ന ഒരു കുരുക്കും. മാറ്റം കുരുക്കു നിർമ്മിച്ചവരിൽ മാത്രമാണ്. ഇന്നലെകളിൽ അത് കമ്മ്യൂണിസത്തിന്റെ കുരുക്കായിരുന്നു എങ്കിൽ ഇന്നത് വലതുപക്ഷ പോപ്പുലിസത്തിന്റെ കുരുക്കാണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടു തരം മുതലെടുപ്പുകൾ, അഥവാ പറ്റിക്കലുകൾ. ഒന്ന് ഭാവിയെ വിറ്റുകൊണ്ട് ജനങ്ങളെ പറ്റിച്ച കമ്മ്യൂണിസം. മറ്റൊന്ന് ഭൂതകാലത്തെ വിൽക്കാൻ നടക്കുന്ന പോപ്പുലിസ്റ്റുകൾ. ഭാവിയെയോ, ഭൂതത്തെയോ വിറ്റു കബളിപ്പിക്കുന്ന രാഷ്ട്രീയത്തെ വിശ്വസിക്കരുത് എന്ന് പറയുന്ന ഒരാളുടെ നോവലാണ് ഈ വർഷത്തെ ബുക്കർ അന്താരാഷ്ട്ര പുരസ്‌കാരം നേടിയിരിക്കുന്നത്. ഈ രണ്ടുവിഭാഗക്കാരുടെയും ഖജനാവുകൾ യഥാർത്ഥത്തിൽ ശൂന്യമാണ്. അവർക്ക് അധികാരം വേണം എന്ന് മാത്രം. 

യുകെയിലോ അയർലണ്ടിലോ പ്രസിദ്ധീകരിച്ചതും ലോകത്തിലെ വിവിധ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതുമായ മികച്ച നോവലിനുള്ളതാണ് ബുക്കർ അന്താരാഷ്ട്ര പുരസ്കാരം. പ്രശസ്ത കരീബിയൻ എഴുത്തുകാരിയായ മേരീസ് കോൺടെയുടെ 'ദി ഗോസ്പൽ എക്കോഡിങ്ങ് ടു ദ ന്യൂ വേൾഡ്', കൊറിയൻ എഴുത്തുകാരനായ ചിയോൻ മിയോങ് ക്വാന്റെ 'വെയ്ൽ ', സ്പാനിഷ് എഴുത്തുകാരനായ ഗ്വാദലൂപ് നെറ്റലിന്റെ 'സ്റ്റിൽ ബോൺ', കറ്റാലൻ എഴുത്തുകാരിയായ ഇവാ ബാൾട്ടസാറിന്റെ 'ബോൾഡർ ', ഫ്രഞ്ച് എഴുത്തുകാരനായ ഗൗസിന്റെ 'സ്റ്റാൻഡിങ്ങ് ഹെവി ' എന്നിവയായിരുന്നു ഗുസ്പുദിനോവിന്റെ ടൈം ഷെൽട്ടറിനൊപ്പം ഈ വർഷത്തെ ചുരക്കപ്പട്ടികയിൽ ഇടം നേടിയത്. ഇത്തവണത്തെ ആദ്യ ലിസ്റ്റിൽ (long list) തമിഴ് എഴുത്തുകാരനായ പെരുമാൾ മുരുകന്റെ 'പൈർ' എന്ന നോവലും ഉൾപ്പെട്ടിരുന്നു. എന്നാൽ ചുരുക്കപ്പട്ടികയിൽ അതിടം നേടിയില്ല. കഴിഞ്ഞ വർഷം ഈ പുരസ്കാരം നേടിയത് ഹിന്ദി എഴുത്തുകാരിയായ ഗീതാജ്ഞലി ശ്രീയാണ്. ഗ്യോർഗി ഗുസ്പുദിനോവ് എന്ന ബൾഗേറിയക്കാരൻ തന്റെ നോവലിലൂടെ പറയാൻ ശ്രമിക്കുന്നത് ഈ പ്രഹേളികയെപ്പറ്റിയാണ്. 'ടൈം ഷെൽറ്റർ' എന്ന നോവലിൽ വ്യക്തിയുടെ ജീവിതം ഇത്തരം കുരുക്കുകളിൽ കുടുങ്ങി നിരാശാപൂർണവും, ദുരിതപൂർണവും ആവുന്നതിന്റെ ചിത്രമാണ് വായനക്കാർ കാണുക. നോവലിലെ വ്യക്തിയുടെ അനുഭവവും, ചിന്തയും സമൂഹത്തിന്റെ കൂട്ടായ ബോധ്യമായി വായിക്കപ്പെടുകയും ചെയ്യുന്നു. വർത്തമാനകാല യൂറോപ്പിന്റെ രാഷ്ട്രീയം സൂക്ഷ്മമായി ഒപ്പിയെടുക്കുന്ന നോവലാണ് ഈ വർഷത്തെ ബുക്കർ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ 'ടൈം ഷെൽട്ടർ'. ഗ്യോർഗി ഗുസ്പുദിനോവ് (Georgi Gospodinov) മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ഏറെ കാലിക പ്രസക്തവും. അത് യൂറോപ്പിന്റെ അസ്തിത്വത്തെ ആഴത്തിൽ സ്പർശിക്കുന്നു. ഗൃഹാതുരത്വം ആധുനിക സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെയാണ് അദ്ദേഹം ഈ മികച്ച ഭാവനാസൃഷ്ടിയിലൂടെ കാണിച്ചുതരുന്നത്. യൂറോപ്പിന്റെ ഇന്നലെകൾ അവിടെയുള്ള മനുഷ്യരുടെ മാനസികാവസ്ഥയിൽ വലിയ ആഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അവരുടെയൊക്കെ മനസ്സ് ഓർമ്മയിലെ ഭൂതകാലങ്ങളിലെവിടെയോ കുരുങ്ങിക്കിടക്കുകയാണ്. അവരെ അതിൽ നിന്നും മോചിപ്പിക്കുക എന്നത് ആധുനിക യൂറോപ്പ് നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. ഈ വിഷയമാണ് 'ടൈം ഷെൽട്ടറിൽ ' ഗുസ്പുദിനോവ് കൈകാര്യം ചെയ്യുന്നത്. 



വൃദ്ധജനങ്ങൾക്കായുള്ള ഒരു ക്ലിനിക്കിൽ അവരെ ചികിത്സിക്കുന്ന ഒരു മനോരോഗ വിദഗ്ദൻ നടത്തുന്ന പരീക്ഷണങ്ങളാണ് നോവലിന്റെ പ്രമേയം. വൃദ്ധർക്കുള്ള മനോരോഗ വിദഗ്ദനാണ് (Geriatric Psychiatrist) ഡോക്ടർ ഗൗസ്തിൻ. സത്യത്തിൽ അതൊരു നിഗൂഢ കഥാപാത്രമാണ്. ചികിത്സയുടെ ഭാഗമായി ഡോക്ടർ അദ്ദേഹത്തിന്റെ ക്ലിനിക്കിന് വലിയ രൂപമാറ്റം തന്നെ വരുത്തുകയാണ്. ക്ലിനിക്കിലെ സംഗതികളെയെല്ലാം ഒരു അറുപതുകളുടെ കാഴ്ചയാക്കി മാറ്റുന്നു. ആ അന്തരീക്ഷ മാറ്റത്തിലൂടെ രോഗികളെ അവരുടെ ഭൂതകാലവുമായി ബന്ധിപ്പിക്കുവാൻ ശ്രമിക്കുകയാണ് ഡോക്ടർ. അതവരിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. ആ ക്ലിനിക് ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിനെയാണ് പ്രതിനിദാനം ചെയ്യുന്നത്. ഭൂതകാലവും വർത്തമാനകാലവും തമ്മിൽ സന്ധിയാവുന്ന ഒരിടം കണ്ടെത്തി അവരെ ഗൃഹാതുരത്വത്തിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ഡോക്ടറുടെ ലക്ഷ്യം. ഈ നോവൽ സന്ദർഭം യൂറോപ്പിലെ വർത്തമാനകാല രാഷ്ടീയ പ്രക്രിയയെ ഓർമ്മിപ്പിക്കുന്നു. 

നർമ്മവും വേദനയും നിറച്ചു കൊണ്ട് നിർമ്മിച്ച ഒരു സറ്റയർ നോവലാണിത്. ദേശീയതയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളെ പരിഹസിക്കുക എന്നൊരു ദൗത്യം ഈ കൃതിയുടെ അന്തർധാരയായി നോവലിസ്റ്റ് നിലനിർത്തിയിട്ടുണ്ട്. ഗതകാലസ്മരണയുടെ സുഖത്തിൽ ജനതയെ മയക്കിയിടുന്ന രാഷ്ട്രീയം നോവലിസ്റ്റ് കാണുന്നുണ്ട്. ഡോക്ടർ ഗൗസ്തിൻ തുടങ്ങിയ ക്ലിനിക്ക് യൂറോപ്പിൽ പലേടത്തും തുറക്കുന്നതായി നോവലിലുണ്ട്. ഇത് വലതുപക്ഷ പോപ്പുലിസത്തിന്റെ പകർച്ചവ്യാധി സ്വഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നു. അടുത്ത കാലത്ത് യൂറോപ്പിലാകെ അത് പടർന്നു പിടിക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. ഇന്നലെകളിൽ ജീവിക്കുക എന്ന വിചിത്രമായ അനുഭവത്തെയാണ് ക്ലിനിക്കിന്റെ സ്വഭാവത്തിലൂടെ നോവലിസ്റ്റ് കാണിച്ചുതരുന്നത്. അതുതന്നെയാണ് പുതിയകാല രാഷ്ടീയവും ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനായി ആഖ്യാനത്തിന്റെ ഒരു നൂതന ശില്പം അദ്ദേഹം നിർമ്മിച്ചു. 


ആജ്ഞല റോഡൽ, ജോർജി ഗോസ്പഡിനോവ് | Photo: Facebook

സാഹിത്യത്തിന് പുതിയൊരുന്മേഷം നൽകുന്നവയാണ് ഗുസ്പുദിനോവിന്റെ രചനകൾ. നോവലുകൾ കൂടാതെ നാടകവും കവിതയും അദ്ദേഹം രചിച്ചിട്ടുണ്ട്. കവി എന്ന നിലയിൽ പ്രശസ്തനായതിനു ശേഷമാണ് അദ്ദേഹം നോവലിലേക്ക് തിരിഞ്ഞത്. രചനകളിൽ പലതും വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2015 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'Physics of Sorrow' എന്ന നോവലും പ്രസിദ്ധമാണ്. യൂറോപ്പിലെ മികച്ച സാഹിത്യ പുരസ്കാരങ്ങൾ പലതും ഇത് നേടിയിട്ടുണ്ട്. ഈ ബൾഗേറിയക്കാരൻ ലോക സാഹിത്യ ഭൂമികയിലെ ശ്രദ്ധേയതാരമായി ഈ പുരസ്കാരത്തിലൂടെ മാറിയിരിക്കുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയൻ എഴുത്തുകാരനാണ് ഗുസ്പുദിനോവ്. ടൈം ഷെൽട്ടറിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് ആജ്ഞല റോഡലാണ്. സമ്മാനത്തുകയായ അമ്പതിനായിരം ബ്രിട്ടീഷ് പൗണ്ട് നോവലിസ്റ്റും പരിഭാഷകയും പങ്കിട്ടെടുക്കും. പരിഭാഷകരെ കൂടി ആദരിക്കുന്നു എന്ന പ്രത്യേകതയും ഈ പുരസ്കാരത്തിനുണ്ട്. പുരസ്കാര ലബ്ദിയോടെ ഗ്യോർഗി ഗുസ്പുദിനോവ് എന്ന ബൾഗേറിയൻ എഴുത്തുകാരന്റെ ഈ മഹത്തായ രചന ലോക വായനയിൽ ഇടം നേടുകയായി.

 
#outlook
Leave a comment