മനുഷ്യാനുഭവങ്ങളുടെ പ്രദര്‍ശനശാല
സാഹിത്യ വിമര്‍ശനത്തിന്റെ ഇന്നത്തെ നിലയെ കുറിച്ച് ഇ പി രാജഗോപാലന്‍ സംഘടിപ്പിച്ച ചര്‍ച്ചയുടെ മൂന്നാം ഭാഗം.
ഭാഗം മൂന്ന്
പി.കെ.സുരേഷ് കുമാര്‍
ജീവിതത്തിന്റെ ഹ്രസ്വതയും നശ്വരതയും ആവിഷ്‌കരിക്കുന്ന ഒരു കവിത ഇത്രയും ദീര്‍ഘമായതെങ്ങനെയെന്ന്, നശ്വരതയെക്കുറിച്ചുള്ള തത്ത്വചിന്തയോ ഉത്കണ്ഠയോ വിലാപമോ അല്ല കവിതയുടെ ആന്തരികധ്വനികള്‍ എന്ന്, 'വീണപൂവ്' വായിക്കുമ്പോള്‍ തോന്നിയ ഒരദ്ധ്യാപകന്‍ എന്തു ചെയ്യും? കുട്ടികളോട് കവിതയെ അത്തരത്തില്‍ വിശദീകരിക്കുമോ? നശ്വരതയുടെ ആവിഷ്‌കാരമാണ് 'വീണപൂവ്' എന്ന പാടിപ്പതിഞ്ഞ വ്യാഖ്യാനം, അതിനെ മുന്‍നിര്‍ത്തി ഭരണകൂടം തയ്യാറാക്കിയേല്‍പിച്ച ടീച്ചിങ് ഗൈഡ് ലൈന്‍സ്, മാറ്റിവെക്കുമോ? ഒന്നും ചെയ്യാന്‍ പറ്റില്ല. 'നശ്വരജീവിതത്തെക്കുറിച്ചുള്ള കുമാരനാശാന്റെ സങ്കല്പം വീണപൂവ് എന്ന കവിതയില്‍ പ്രതിഫലിക്കുന്നതെങ്ങനെ'യെന്ന് അയാള്‍ പ്രാഗത്ഭ്യത്തോടെ പഠിപ്പിക്കും. കുട്ടികള്‍ക്കത് മനസ്സിലായി എന്നുറപ്പുവരുത്തും. ചോദ്യോത്തരങ്ങള്‍ പറഞ്ഞുകൊടുക്കും. വീട്ടിലേക്കു തിരിച്ചുവരും.
എഴുത്തിടത്തില്‍ അയാള്‍ അദ്ധ്യാപകനല്ല, (താരതമ്യേന) സ്വതന്ത്രനായ വായനക്കാരനാണ്. അവിടെ അയാള്‍ സ്വന്തം വായനാഫലം നിരത്തിവെക്കും. കവിതയുടെ രൂപം, ഘടന, പരിചരണരീതി, പദശയ്യ എന്നിവ യുക്തികളായവതരിപ്പിക്കും. ആവര്‍ത്തിച്ചുവരുന്ന വാക്കുകളും ബിംബങ്ങളും തന്റെ വായനയുമായി ചേര്‍ന്നുനില്‍ക്കുന്നത് ആഹ്ലാദത്തോടെയറിയും. ഒരു നൂറ്റാണ്ടിലധികം കാലം ചരിത്രത്തിലൂടെ സഞ്ചരിച്ച് 'വീണപൂവ്' നേടിയെടുത്ത അര്‍ത്ഥങ്ങളെ ആദരവോടെ ഓര്‍ത്തുകൊണ്ട്, ആ അര്‍ത്ഥങ്ങളെയൊന്നും റദ്ദു ചെയ്യാതെ, അദ്ദേഹം സ്വന്തം അര്‍ത്ഥത്തെ കുറിച്ചുവെക്കും. വായനക്കാര്‍ അതിനെ നിരൂപണമെന്നു വിളിക്കും. ഭരണകൂടത്തിന്റെ പ്രത്യയശാസ്‌ത്രോപകരണങ്ങളില്‍ (ideological state apparatus) പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. മെരുങ്ങിനില്ക്കുന്ന ആശയങ്ങളുടെ ഘനീകൃതരൂപങ്ങളായ മനുഷ്യരെയാണ് ജ്ഞാനവിതരണപ്രക്രിയയിലൂടെ ഭരണകൂടത്തിന് നിര്‍മ്മിച്ചെടുക്കേണ്ടത്. ഔപചാരികവിദ്യാഭ്യാസത്തിന്റെ അനിവാര്യമായ പരിമിതിയാണിത്. മനുഷ്യര്‍ സ്വന്തം പ്രതിച്ഛായയില്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്നു പറയുന്നതുപോലെ, ഭരണവര്‍ഗ്ഗം സ്വന്തം പ്രതിച്ഛായയിലുള്ള പൗരന്മാരെ നിര്‍മ്മിച്ചെടുക്കുന്നു. സ്ഥലകാലങ്ങളുള്‍പ്പെടെയുള്ള സര്‍വ്വവിധപരിമിതികളില്‍നിന്നും കുതറിമാറാനുള്ള മനുഷ്യേച്ഛയാണ് കലയില്‍ പ്രവര്‍ത്തിക്കുന്നത്. കലാസൃഷ്ടികളില്‍ പലയടരുകളില്‍ അടയാളപ്പെട്ടുകിടക്കുന്ന ഈ ഇച്ഛയെ വെളിപ്പെടുത്തിക്കാണിക്കുന്നു നിരൂപണം. വിദ്യാലയങ്ങളും ഗ്രന്ഥാലയങ്ങളും പര്യായപദങ്ങളാകാത്തതും അറിവിന്റെ വ്യത്യസ്തവിന്യാസരീതികളിലൂടെ അവ പരസ്പരം പൂരിപ്പിക്കുന്നതും ഈ അര്‍ത്ഥത്തിലാണ്. തീര്‍ച്ചയായും വ്യത്യസ്തമായ, പലപ്പോഴും പരസ്പരവിരുദ്ധംതന്നെയായ, രണ്ടുതരം ഭാഷാലീലയാണ് സ്‌കൂള്‍പഠനവും നിരൂപണവും
കുമാരനാശാന്‍ | PHOTO: WIKI COMMONS
സി. ഗണേഷ്
സാഹിത്യവിമര്‍ശനം അധ്യാപനത്തിന്റെ തുടര്‍ച്ചയല്ല. അങ്ങനെയാവുന്നതിന്റെ ദുരന്തങ്ങള്‍ ധാരാളം പ്രകടമാണിന്ന്. അക്കാദമിക സാഹിത്യ വിമര്‍ശനത്തിന് ചേരുംപടി ചേര്‍ക്കലിന്റെ ദൗത്യമേയുള്ളൂ. പാഠ്യപദ്ധതിയുടെ ചതുരക്കള്ളിയിലൊതുങ്ങുന്ന അധ്യാപനം സാഹിത്യത്തെ- അതിന്റെ വിശാലമായ സഹിതാവബോധത്തെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഇതിനര്‍ത്ഥം അധ്യാപനമെന്ന കല മോശമാണെന്നല്ല. സാഹിത്യ വിമര്‍ശനത്തിന്റെ ലക്ഷ്യം ഗുണദോഷ വിചിന്തനമാണ്. ഒപ്പം അത് ആസ്വാദനത്തിന്റെ സവിശേഷ മാര്‍ഗം പിന്‍തുടരുന്നു. സാഹിത്യഭാവിയെ അത് നോക്കിക്കാണുന്നു. കാലദേശ പരിധികളില്ലാത്ത സൗന്ദര്യ - രാഷ്ടീയ സങ്കല്‍പം സാഹിത്യ വിമര്‍ശനത്തില്‍ അന്തര്‍ലീനമാണ്. അത് അധ്യാപനത്തിന്റെ 'ക്ലാസ് പരിമിതി 'യില്‍ ഒതുങ്ങുകയില്ല. അധ്യാപനം ആത്യന്തികമായി ഒരു സംഘത്തോടുള്ള വിനിമയ രീതിയാണ്. അതിന്റെ അളവുകോലിന് പരിമിതിയുണ്ട്. എന്നാല്‍ സാഹിത്യാധ്യാപനത്തില്‍ വിമര്‍ശ ഗുണം നല്ല രീതിയില്‍ ഉപകരിക്കും. നല്ല വിമര്‍ശകര്‍ അതിനാല്‍ത്തന്നെ ഉള്ളിലുള്ള അധ്യാപകനെ ഉടച്ചുവാര്‍ത്താണ് മുന്നേറുക. മലയാളത്തില്‍ എം.എന്‍ വിജയന്‍ മാഷ് ഒരു പരിധിവരെ ചെയ്തത് അതാണ്.
കെ.ടി.ദിനേശ്
സാഹിത്യം സാമാന്യ ജനങ്ങള്‍ക്ക് പ്രാപ്യമല്ല എന്ന സങ്കല്‍പ്പത്തിലാണ് സാഹിത്യ വിമര്‍ശനത്തിന്റെ നിലനില്‍പ്പ് തന്നെ. പാഠത്തിനും (text) വായനക്കാരനും (reader) ഇടയില്‍ അര്‍ത്ഥോല്‍പാദനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുകയാണ് സാഹിത്യ വിമര്‍ശകന്‍ ചെയ്യേണ്ടത് എന്നും പൊതുവെ കരുതപ്പെടുന്നു. അധ്യാപനത്തിലും ഈ മധ്യസ്ഥ സ്വഭാവം ഉള്ളതിനാലും സാഹിത്യ വിമര്‍ശകരില്‍ ഭൂരിപക്ഷംപേരും അധ്യാപകര്‍ ആയതുകൊണ്ടും ഭാഷാ-സാഹിത്യ അധ്യാപനത്തിന്റെ തുടര്‍ച്ചയാണ് സാഹിത്യ വിമര്‍ശനം എന്ന് പലരും കരുതുന്നുണ്ട്. പഠിതാവിനും പാഠത്തിനുമിടയില്‍ മധ്യസ്ഥന്റെയും വ്യാഖ്യാതാവിന്റെയുംപങ്ക് വഹിക്കുന്ന ഭാഷാസാഹിത്യ അധ്യാപകര്‍ ഈ ധാരണ പ്രബലമാക്കുകയും ചെയ്തു.
ജ്ഞാനിയായ എഴുത്തുകാരന്‍ തന്റെ രചനയില്‍ ഗൂഢമായി ഒളിപ്പിച്ചുവെച്ച അര്‍ത്ഥതലങ്ങള്‍ അജ്ഞാനികളായ വായനക്കാര്‍ക്കായി വെളിപ്പെടുത്തുന്ന ആളായി സാഹിത്യ വിമര്‍ശകനെ കാണുന്നതില്‍ത്തന്നെ സാഹിത്യത്തിലെ അധികാരഘടനയെ സംബന്ധിച്ച ശ്രേണീബദ്ധമായ കാഴ്ച്ചപ്പാടാണുള്ളത്. ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായ സ്‌കൂളുകളിലും കോളേജിലും സര്‍വകലാശാലകളിലും അധ്യാപനം നടത്തുന്നതിന്റെ തുടര്‍ച്ചയാണ് സാഹിത്യ വിമര്‍ശനവും എന്ന് കരുതുന്നത് ഈ ഒരു കാഴ്ചപ്പാടുമായി ചേര്‍ന്നു പോകുന്ന സമീപനമാണ്.
എം.എന്‍ വിജയന്‍ മാഷ് | PHOTO: WIKI COMMONS
ഈ പരമ്പരാഗത സാഹിത്യവിമര്‍ശക സങ്കല്‍പ്പം ഇന്ന് വിമര്‍ശകരും സാഹിത്യ പഠിതാക്കളും കയ്യൊഴിഞ്ഞിട്ടുണ്ട്. എഴുത്തുകാരന്റെ ഉദ്ദേശ്യത്തെ (authorial intent) വെളിപ്പെടുത്തുകയല്ല സാഹിത്യവിമര്‍ശകന്‍ ചെയ്യുന്നത്. ഒരു പാഠത്തിനെ ഉപജീവിച്ച് മറ്റൊരു പാഠം സൃഷ്ടിക്കുകയാണ് അയാള്‍ ചെയ്യുന്നത്. പാഠം ബോധപൂര്‍വമോ അബോധപൂര്‍വമോ സൃഷ്ടിക്കുന്ന ഉപപാഠങ്ങളില്‍ (subtext) നിന്നാണ് സാഹിത്യ വിമര്‍ശകന്‍ പുതിയ പാഠങ്ങള്‍ സൃഷ്ടിക്കുന്നത്. അത് അധ്യാപനത്തിന്റെ കേവലമായ തുടര്‍ച്ചയല്ല എന്നു മാത്രമല്ല പലപ്പോഴും സര്‍ഗാത്മകവും ചരിത്രപരവും രാഷ്ട്രീയപരവും ഒക്കെയായ ഇടര്‍ച്ചയുമാണത്. സാഹിത്യം തുറന്നിടുന്ന അതിരുകളില്ലാത്ത സാധ്യത ഭരണകൂടത്തിന്റെ ശമ്പളംപറ്റിചെയ്യുന്ന അധ്യാപനംപോലുള്ള പ്രവൃത്തിയുടെ ക്ലാസ്സ് റൂം വിനിമയങ്ങള്‍ക്കുള്ളില്‍ ഒതുക്കാവുന്നതല്ല.
ഇ .എം സുരജ
വിമര്‍ശനത്തിലെ സര്‍ഗ്ഗാത്മകതയും അദ്ധ്യാപനത്തിലെ സര്‍ഗ്ഗാത്മകതയും രണ്ടു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അദ്ധ്യാപനം അറിവിനെ പോഷിപ്പിക്കുകയും ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നിരൂപണം പുതിയ ചില കാഴ്ച്ചകളുടെ ഉണര്‍ച്ചയാണ് (ഉന്നംവെക്കുന്നത്). അതൊരു പക്ഷേ, മറ്റൊരാളെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടേ ഉണ്ടാകില്ല... അതിലേക്ക് ആളുകള്‍ എത്തിച്ചേരുകയാണ് ചെയ്യുക. പഠിച്ചുവെച്ച കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കുന്നിടത്താണ് അദ്ധ്യാപകരുടെ മികവ് തെളിയുന്നത്. അതില്‍ കാര്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായില്ലെങ്കിലും സാരമില്ല; വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ആശയം സ്പഷ്ടമായി എത്തിയാല്‍ മതി. എന്നാല്‍, സാഹിത്യവിമര്‍ശനം അങ്ങനെയല്ല. മറ്റൊരാള്‍ കണ്ടിട്ടില്ലാത്ത കാഴ്ച്ചകളെ കണ്ടെടുക്കുകയും മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുകയുമാണതില്‍. അതുവരെ പഠിച്ച, പഠിപ്പിച്ച പല സിദ്ധാന്തങ്ങളും സാഹിത്യവിമര്‍ശകര്‍ക്ക് വഴി തെളിച്ചു എന്നു വരാം; ചിലപ്പോള്‍ സ്വന്തം ഉള്‍ക്കാഴ്ച്ചയല്ലാതെ, അനുഭൂതികളല്ലാതെ മറ്റൊന്നുമുണ്ടായില്ല എന്നും വരാം. രണ്ടായാലും കൃതിയ്ക്ക്, അതുവരെയുണ്ടായിരുന്നതലുപരിയായ ഒരു മാനം നേടിക്കൊടുക്കാനാവുമ്പോള്‍ മാത്രമാണ് വിമര്‍ശനം ലക്ഷ്യത്തിലെത്തുന്നത്. കൃഷിക്കു നിലം വേറെ, മേച്ചില്‍ക്കു നിലം വേറെ എന്ന് ഇടശ്ശേരി പറഞ്ഞത് ഇക്കാര്യത്തിലും ബാധകമാണ് എന്നു തോന്നുന്നു.
കെ.വി.സുമംഗല
വിമര്‍ശനം ആസ്വാദനത്തിന്റെ പിന്തുടര്‍ച്ചയാണ്. തിയറിറ്റിക്കല്‍ സമീപനങ്ങളില്‍ നഷ്ടപ്പെടുന്ന കൃതികളുടെ മൗലികമായ സൗന്ദര്യ ശീലങ്ങള്‍ തിരിച്ചറിയുന്നതിനും അവയുടെ തിളക്കങ്ങള്‍ വിശേഷവല്‍ക്കരിക്കുന്നതിനുമുളള സാധ്യതകള്‍ കൂടി അപ്പോള്‍ കണക്കിലെടുക്കേണ്ടതുണ്ട്. വായനയുടെ രാഷ്ട്രീയത്തില്‍ സ്വയം നഷ്ടപ്പെടുന്ന ഒരു കലാകാരനുണ്ട്. ആ കലാകാരന്റെ അന്തഃസംഘര്‍ഷങ്ങളിലും ആസ്വാദന പ്രേരണകളിലും മുന്‍വിധികളില്ലാത്ത വിനിമയ നിര്‍മ്മാണത്തിന് പാതയൊരുക്കുന്ന ഒരു വിപ്ലവകാരിയുണ്ട്. സൈദ്ധാന്തികമായ അറിവുകള്‍ക്കൊണ്ട് ഈ സാധ്യതകള്‍ മറയ്ക്കപ്പെടുന്ന രീതിയാണ് ഇന്ന് പരക്കെ കാണുന്നത്.
കുട്ടികൃഷ്ണമാരാര്‍ | PHOTO: WIKI COMMONS
ചിരപരിചിതമായ അധ്യയനരീതിയുമായി തദാത്മ്യം പ്രാപിക്കുന്ന നിരീക്ഷണങ്ങള്‍ പുതുകാലത്തിന്റെ ബൗദ്ധികതയുമായി പൊരുത്തപ്പെടാത്തതുമാണ്. വ്യവസ്ഥാപിതങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തെ കലാകാരന്‍ ഏറ്റെടുക്കുമ്പോള്‍ അത്തരമൊരു വിടുതല്‍ ആസ്വാദനത്തിലെന്ന പോലെ വിമര്‍ശനത്തിലും ആവശ്യമായി വരുന്നു. അല്ലെങ്കില്‍ അത്തരമൊരു വിട്ടു പോകലിലുടെ ഒരു പുതിയ മേഖല വിമര്‍ശകന്‍ കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു. പരീക്ഷക്ക് മാര്‍ക്ക് വാങ്ങുന്ന ഉപന്യാസങ്ങളില്‍ നിന്ന് വിമര്‍ശന സാഹിത്യത്തെ മോചിപ്പിക്കാന്‍ അങ്ങനെയൊരു പുതിയ ടൂളിന് മാത്രമെ കഴിയുകയുള്ളൂ. സാമ്പ്രദായികമായ അനുഭവങ്ങളില്‍ നിന്നും ബാഹ്യമായ തീരുമാനങ്ങളില്‍ നിന്നും മോചനം നേടുന്ന ആസ്വാദന രീതി കൂടിയാകുമത്. വായനയിലൂടെ എന്തനുഭവിക്കുന്നു എന്ന ബോധ സങ്കീര്‍ണതയുടെ കലാപഭരിതമായ വിസ്‌ഫോടനമാകാനാണ് യഥാര്‍ത്ഥ വിമര്‍ശനത്തിന് കഴിയേണ്ടത്. അതിജീവിക്കാനുള്ള സ്വാതന്ത്ര്യം ഈ സാഹിത്യരൂപത്തിനും കൂടിയുണ്ട്.
പി.സുരേഷ്
മലയാളത്തിലെ പേരുകേട്ട നിരൂപകരെല്ലാം അധ്യാപകരായിരുന്നു; ഇപ്പോഴും അതേ. കുട്ടികൃഷ്ണമാരാരെപ്പോലുള്ള അപൂര്‍വ്വം ചിലരാണ് അതിന് അപവാദം. അധ്യാപനത്തില്‍ നിരൂപണത്തിന്റെ ചില ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. വിശകലനത്തിന്റെയും അപഗ്രഥനത്തിന്റെയും മൂല്യനിര്‍ണയത്തിന്റെയും പ്രയോഗങ്ങള്‍ സാഹിത്യാധ്യാപനത്തില്‍ പ്രധാനമാണ്. ഓരോ പാഠഭാഗത്തിന്റെയും വിമര്‍ശനാത്മകപഠനമെന്നത് പ്രത്യേകിച്ചും പുതിയ പാഠ്യപദ്ധതിയുടെ രീതിശാസ്ത്രവുമാണ്. പാഠപുസ്തകത്തിലെ ഒരു ടെക്സ്റ്റിന്റെ വിശകലനമോ അപഗ്രഥനമോ ആകാതെ കുട്ടികള്‍ക്കു കൂടി ഇടപെട്ട് പുതിയ ചിന്തകളിലേക്കും ചോദ്യങ്ങളിലേക്കും വികസിക്കുവാനുള്ള വഴികള്‍ തുറന്നു കൊടുക്കുക എന്നതാണ് അധ്യാപികയുടെ ധര്‍മ്മം. അപ്പോഴേ വിമര്‍ശനാത്മക ചിന്തയുടെ നിര്‍മ്മാണം നടക്കൂ.
പക്ഷേ, ഇത്തരം പാഠപുസ്തക ബന്ധിതമായ വിനിമയങ്ങളുടെ അടിസ്ഥാന പ്രശ്‌നം, മുന്‍ നിശ്ചയിക്കപ്പെട്ട ചോദ്യമാതൃകകളിലേക്ക് പരിമിതപ്പെടുന്ന വിജ്ഞാനോല്പാദനത്തിന് കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതാണ്. പുതിയ ചിന്തകള്‍ക്കോ കണ്ടെത്തലുകള്‍ക്കോ അവിടെ വലിയ പ്രാധാന്യം ലഭിക്കുന്നില്ല. അറിവുല്പാദനം എന്ന പരിമിത ലക്ഷ്യത്തിലേക്ക് ചുരുങ്ങിപ്പോകുന്നതിനാല്‍; informative മാത്രമായി നമ്മുടെ പരീക്ഷാ പ്രക്രിയകള്‍ മാറുന്നു. ഉത്തരക്കടലാസുകള്‍ ആരും അപഗ്രഥിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യാറില്ല. 'മൂല്യനിര്‍ണ്ണയ'മാണ് അവിടെ നടക്കുന്ന പ്രവര്‍ത്തനം. ഇവിടെയാണ് നിരൂപണത്തിലെ സര്‍ഗാത്മകതയ്ക്ക് പ്രസക്തി. മുണ്ടശ്ശേരിയും എം.പി.പോളും കെ.പി അപ്പനും എം.എന്‍. വിജയനും മുതല്‍ ഏറ്റവും പുതിയ നിരൂപകര്‍ വരെ തങ്ങളുടെ ക്ലാസ്സ് മുറികളുടെ തടവില്‍ നിന്ന് പുറത്തുചാടിയപ്പോഴാണ് മികച്ച നിരൂപകരായത്. ഇവരുടെയൊക്കെ നിരൂപണങ്ങള്‍ പാഠങ്ങള്‍ക്കപ്പുറത്തേക്ക് സര്‍ഗാത്മകമായി സഞ്ചരിച്ചു. പാഠഭേദങ്ങളിലേക്കാണ് അവരുടെ നോട്ടം ചെന്നെത്തിയത്. ഈ പാഠഭേദങ്ങള്‍ പലപ്പോഴും ഉത്തരക്കടലാസുകളില്‍ ആവശ്യമില്ല. ക്ലാസ്സിനു പുറത്തുള്ള വലിയൊരു ലോകത്തെയാണ് നിരൂപകരുടെ ചിന്തകള്‍ അഭിസംബോധന ചെയ്യുന്നത്. ചിന്തയുടെയും എഴുത്തിന്റെയും ധ്യാനാത്മകതയില്‍ നിന്നാണ് നവീനമായ കണ്ടെത്തലുകള്‍ പിറക്കുന്നത്. പറച്ചിലിന്റെ വിസ്താരം അത്തരം ധ്യാനാത്മകതയെ പലപ്പോഴും പുറത്തു നിര്‍ത്തുന്നുണ്ട്. ക്ലാസ്സ് മുറിയുടെ സങ്കേതബദ്ധതയെ മാനിക്കാതിരിക്കുമ്പോഴാണ് പുതിയ നിരൂപണ ചിന്തകള്‍ രൂപം കൊള്ളുന്നത്. കൃതികളില്‍ പ്രയോഗ വൈകല്യങ്ങളും അക്ഷരത്തെറ്റുകളും ആശയ വൈരുദ്ധ്യങ്ങളും തിരയുന്ന അധ്യാപകന് സര്‍ഗാത്മകതയുടെ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയാറില്ല. തികച്ചും സ്വതന്ത്രമായ വിചാരലോകത്തിന്റെ ആവിഷ്‌കാരങ്ങളാണ് നിരൂപണം. സവിശേഷ രീതിശാസ്ത്രമോ വിചാര പദ്ധതിയോ ഒരു നിരൂപകന്റെ പ്രത്യേകതയായിരിക്കാം. അയാള്‍ മാത്രം വെട്ടിത്തെളിക്കുന്ന മൗലിക പാതയും ഉണ്ടായിരിക്കാം. അത് ക്ലാസ്സ് മുറിയില്‍ പ്രയോഗിക്കുമ്പോള്‍ അയാളുടെ പരിമിതിയായി വിലയിരുത്തപ്പെട്ടേക്കാം. കാരണം അവിടെ കൃതിയുടെ സമഗ്രദര്‍ശനത്തിലേക്ക് കുട്ടികളെ നയിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. എഴുത്തില്‍ അങ്ങനെ വേണമെന്നില്ല; അവിടെ അയാള്‍ തന്റെ മാത്രം ചിന്തയുടെ സ്വതന്ത്ര വ്യാഖ്യാതാവാണ്. രണ്ടു വ്യവഹാരങ്ങളും തമ്മില്‍ അന്തരമുണ്ട്. ക്ലാസ്സ് മുറിയുടെ വലിച്ചു നീട്ടലുകളോ ക്ലാസ്സ് നോട്ടുകളുടെ വിപുലനമോ ആകാതെ സര്‍ഗാത്മകതയുടെയും ചിന്താ സ്വാതന്ത്ര്യത്തിന്റെയും വിശാലതയിലേക്കു വികസിക്കുന്നതാണ് നല്ല നിരൂപണം. എം.എന്‍ വിജയന്റെ കുട്ടികൃഷ്ണമാരാരെപ്പറ്റിയുള്ള ക്ലാസ്സുകള്‍ പുസ്തകമായി അച്ചടിച്ചു വന്നിട്ടുണ്ട്. ക്ലാസ്സ് മുറിയുടെ മേല്‍ക്കൂരയും ചുമരുകളും പൊളിച്ച് പുറത്തേക്ക് സഞ്ചരിച്ച ചിന്തകളുടെ മൗലികതയും സ്വതന്ത്രതയും ഈ കുറിപ്പുകളിലൂടെ കണ്ണോടിക്കുമ്പോള്‍ നമുക്കു മനസ്സിലാകും.
മുണ്ടശ്ശേരി | PHOTO: WIKI COMMONS
എ.വി. പവിത്രന്‍
സാഹിത്യവിമര്‍ശനം മറ്റേതു സാഹിത്യ സംവര്‍ഗത്തെയും പോലെ സര്‍ഗാത്മകവും വ്യത്യസ്ത ഭൂമികയുള്ളതുമാണെങ്കിലും വിലയിരുത്തലുകള്‍ പലപ്പോഴും അങ്ങനെയാകാറില്ല. ഒരു കൃതിയെ മുന്‍നിര്‍ത്തിയാണ് പലപ്പോഴും വിമര്‍ശനത്തിന് വഴി കാണാറുള്ളത് എന്നതോ ശരി/തെറ്റ്, ഗുണം/ദോഷം കണ്ടെത്തുക എന്നതോ ആകാം, അല്ലെങ്കില്‍ അദ്ധ്യാപക സാന്നിധ്യവും കാരണമാവാം ഇങ്ങനെയൊരു ചേര്‍ത്തുവെക്കലിന് പശ്ചാത്തലം. വാസ്തവത്തില്‍ അങ്ങനെയാകരുത്. വിദ്യാലയ-കലാലയ രംഗത്തുള്ള രചനാ വിശകലനങ്ങളോട് ബന്ധപ്പെടുത്തി വരുന്ന എഴുത്തുകളുടെ അവലോകനത്തില്‍ അക്കാദമിക് ഭാവമുണ്ടാവുക സ്വാഭാവികമാണ്. സാഹിത്യ വിമര്‍ശനത്തിന് സര്‍ഗാത്മകവും മൗലികവുമായൊരു ഇടം ഉണ്ട്. അവിടെ അദ്ധ്യാപനജീവിതമോ വിദ്യാഭ്യാസ പ്രകിയയയോ നിയാമകഘടകമേയല്ല. അത്തരത്തില്‍ വന്നു ചേരുന്ന സ്വാധീനങ്ങള്‍ക്കും വലിയ സ്ഥാനമില്ല. ആത്മനിഷ്ഠമെന്നതു പോലെ സമൂഹ നിഷ്ഠവും കലാത്മകവും അതിലുപരി മാനവികതയിലൂന്നിയുള്ള നിലപാടിന്റെ ഇടപെടലുകളാണ്. ആസ്വാദനം, അപഗ്രഥനം, സാമൂഹ്യ നിരീക്ഷണം, ചരിത്ര-രാഷ്ട്രീയാവബോധം എന്നീ തലങ്ങളിലൂടെ സഞ്ചരിച്ചുണ്ടാകുന്ന സ്വകീയമായ നിലപാടുതറ വിമര്‍ശനത്തിനുണ്ട്.
വിമര്‍ശന രംഗത്ത് ഏറെയും അദ്ധ്യാപകരാണെന്നതു കൊണ്ടും നേരത്തെ പരിചയപ്പെട്ട ശീലങ്ങള്‍ തുടരുന്നതു കൊണ്ടും പ്രശ്‌നമുണ്ട് വ്യക്തിയുടെ സൃഷ്ടി എന്നതിനേക്കാള്‍ ഓരോ കൃതിയും സമൂഹനിര്‍മ്മിതിയായി പുതിയ കാലത്ത് വിലയിരുത്തലുകള്‍ ഉണ്ടാവുന്നത് വലിയ ജനാധിപത്യ ബോധത്തിന്റെ ഭാഗമാണ്. അവിടെ ഗുരുശിഷ്യ ഭാവങ്ങളൊന്നും കൃതിയും വിമര്‍ശനങ്ങളും തമ്മിലില്ല. സാഹിത്യ വിമര്‍ശനം കേവല സംജ്ഞാ യുക്തി കൊണ്ടല്ലാതെ, ചരിത്രം, സാമൂഹ്യ ശാസ്ത്രം, മനഃശാസ്ത്രം, ഫോക് ലോര്‍ തുടങ്ങിയ പല വിധത്തിലുള്ള, അറിവടയാളങ്ങളെ സ്വാംശീകരിക്കേണ്ടി വരുന്നു. ഓരോ പുതിയ അറിവും അതിലേക്കായി സംഭാവന നല്‍കുന്നുണ്ട്. ഖണ്ഡന മണ്ഡനങ്ങള്‍ക്കപ്പുറത്തുള്ള സൂക്ഷ്മ വിശകലനങ്ങളും വിചിന്തനങ്ങളും തിരിച്ചറിയുക എന്നത് അദ്ധ്യാപക ജീവിതത്തിനപ്പുറമുണ്ട്. പാഠം/പീന -പാഠം/പാഠാന്തരങ്ങള്‍ക്ക് വഴിമാറുമ്പോള്‍ അദ്ധ്യാപക ജീവിതത്തിന്റെ തുടര്‍ച്ചയാവാതെ വേറിട്ട ഒരു പ്രവര്‍ത്തനമായിത്തീരും.
എ സി.അബ്ദുള്‍ നാസര്‍
എണ്ണം കൊണ്ട് നമ്മുടെ സാഹിത്യവിമര്‍ശകരില്‍ നല്ലൊരു ഭാഗവും സാഹിത്യാധ്യാപകര്‍ കൂടിയാണ് എന്നതുകൊണ്ടു മാത്രം, വിമര്‍ശനം അധ്യാപകജീവിതത്തിന്റെ തുടര്‍ച്ചയാണ് എന്നു കരുതേണ്ടതില്ല. സാഹിത്യവുമായും അതുമായി ബന്ധപ്പെട്ട ചിന്തകളുമായും നിരന്തരം ഇടപെടാനുള്ള സമയത്തിന്റെ അധിക ആനുകൂല്യം നമ്മുടെ സാഹിത്യാധ്യാപകര്‍ക്കുണ്ടായിരുന്നു എന്നതാണ് വാസ്തവം. ഇടപെടല്‍ ശേഷിയേക്കാള്‍, ഇടപെടല്‍ സമയം ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു എന്നാണ് തോന്നുന്നത്. ആധുനികതയുടെ ലോകബോധം ശിഥിലമാവുന്നതോടെ, ജീവിതത്തിലുണ്ടായ പ്രധാനമായ ഒരു മാറ്റം, സാഹിത്യം/സാഹിത്യേതരം എന്ന വിടവ് ഏറെക്കുറെ മാഞ്ഞു തുടങ്ങി എന്നതാണ്. സാഹിത്യേതരമായി കരുതപ്പെട്ടിരുന്ന നിരവധി വ്യവഹാരങ്ങളും കൂടിച്ചേര്‍ന്നാണ് ഇന്ന് സാഹിത്യത്തെ നിര്‍ണയിക്കുന്നതും, അതിന്റെ പുതിയ സഞ്ചാരങ്ങള്‍ സാധ്യമാക്കുന്നതും. ചിന്താരംഗത്തുണ്ടായ ഈ പുതിയ സാഹചര്യം, ഭാവുകത്വപരമായ പരിഗണനകള്‍ക്കും മൗലികമായ ചിന്താശേഷിക്കും ഒപ്പം അനന്തമായ വിഭവങ്ങളുടെ ഉപയോഗ വൈദഗ്ധ്യം കൂടി ആവശ്യപ്പെടുന്നുണ്ട്.
എം ലീലാവതി | PHOTO: WIKI COMMONS
സാഹിത്യാധ്യാപകര്‍ പലപ്പോഴും, സാഹിത്യേതരമായി കരുതപ്പെട്ടിരുന്ന കാര്യങ്ങളെപ്പോലും സാഹിതീയതയുടെ മാനദണ്ഡങ്ങള്‍ കൊണ്ട് അളന്നിരുന്ന ഒരു പാരമ്പര്യം മലയാളത്തില്‍ ഏറെക്കാലം നിലനിന്നിട്ടുണ്ട്. പക്ഷേ, സാഹിതീയതയെ സംബന്ധിച്ച സങ്കല്പനങ്ങള്‍ തന്നെ മാറിപ്പോയ ഒരു കാലത്ത്, അധ്യാപകരുടെ ഡിസിപ്‌ളിനറിയായ അതിരുകള്‍ക്കകത്ത് സാഹിത്യപാരായണവും വിമര്‍ശനവും ഒതുങ്ങില്ല. അവിടെ ഒരു തൊഴില്‍മേഖല നല്‍കുന്ന സവിശേഷ ആനുകൂല്യവും നിലനില്‍ക്കുന്നുമില്ല. അതുകൊണ്ട് അധ്യാപക ജീവിതത്തിന്റെ നീട്ടലായി സാഹിത്യവിമര്‍ശനത്തെ കാണുന്നതിനോട് യോജിപ്പില്ല.
എം.എസ്.പോള്‍
അക്കാദമിക വിമര്‍ശനം എന്ന ഒരു പ്രയോഗം നിലവിലുണ്ട്. കോളേജ്, സര്‍വ്വകലാശാല അധ്യാപകര്‍ നടത്തുന്ന സാഹിത്യ മൂല്ല്യനിര്‍ണ്ണയമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അധ്യാപനവുമായി ബന്ധപ്പെട്ട നോട്ടെഴുത്ത് എന്നതിനപ്പുറം അതിനു പ്രസക്തിയില്ല. ഇതേക്കുറിച്ച് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച നിരൂപകനാണ് കെ പി അപ്പന്‍. എന്നാല്‍ കെ പി അപ്പന്റെ വിമര്‍ശനത്തിനും ഇത്തരം ചില പരിമിതികളുണ്ട്. മലയാളത്തിലെ അറിയപ്പെടുന്ന നിരൂപകര്‍ മിക്കവരും അധ്യാപനം ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരായിരുന്നു. ഭാഷാധ്യയനം വഴി ലഭ്യമാകുന്ന പഠനസാമഗ്രികള്‍ പിന്നീട് സാഹിത്യവിമര്‍ശനലേഖനങ്ങളാക്കി മാറ്റുന്നതായിരുന്നു ഒരുകാലത്ത് പണ്ഡിത ഗവേഷണം. അധ്യാപകരുടെ സാഹിത്യവിമര്‍ശനത്തിന്റെ വലിയ പോരായ്മ മുന്‍വിധികളാണ്. ഏതാണ്ട് നല്ലൊരുശതമാനം അധ്യാപകരും തങ്ങളുടെ ഗുരുക്കന്മാരില്‍ അഭിമാനം കൊള്ളുന്നവരും അവരുടെ ഭാവുകത്വത്തിന്റെ തുടര്‍ച്ച ഏറ്റുവാങ്ങുന്നവരുമാണ്. ഇത് വിദ്യാര്‍ത്ഥികളിലേക്ക് സംക്രമിപ്പിക്കുകവഴി ഒരു വ്യക്തി ഏതെങ്കിലും ഒരു ഭാവുകത്വത്തിന്റെ തടവുകാരനായി മുരടിച്ചു പോകാന്‍ സാധ്യതയുണ്ട്. ഏതെങ്കിലും എഴുത്തുകാരനിലോ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായോ നിന്നുകൊണ്ട് ജീവിതകാലം മുഴുവന്‍ വാദിക്കേണ്ടിവരിക എന്ന ദുര്യോഗം ഇത്തരക്കാര്‍ക്കുണ്ട്. എം ലീലാവതിയെപ്പോലുള്ള അധ്യാപക നിരൂപകര്‍ നേരിട്ട പ്രതിസന്ധിയാണത്. വ്യത്യസ്തമായ സമീപനമുള്ള അധ്യാപകരായ പല നിരൂപകരുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം എന്നതുതന്നെ ഒരു ഭരണകൂട സ്ഥാപനമാണ്. ഒരുകാലത്ത് അത് അധിനിവേശത്തിന്റെ ഉപകരണമായിരുന്നു. നവോത്ഥാന പ്രക്രിയയുടെ ഭാഗമായി പരിഗണിക്കുമ്പോള്‍ പോലും ജനസമൂഹത്തെ നിയന്ത്രിക്കാനുള്ള ഒരു സമീപനം എന്നരീതിയില്‍ക്കൂടി കൊളോണിയല്‍ വിദ്യാഭ്യാസ പ്രോത്സാഹനം വിലയിരുത്തേണ്ടതുണ്ട്.
ജനനതീയതിയാണ് വിദ്യാര്‍ത്ഥിയുടെ മാനദണ്ഡം. മാനുഫാക്ചറിംഗ് ഡേറ്റ് അനുസരിച്ച് പുറത്തിറക്കുന്ന കമ്പനി ഉല്‍പ്പന്നങ്ങള്‍ പോലെയാണിതും. പ്രായം എന്നതിലുപരി പ്രതിഭ പ്രസക്തമാകുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അപൂര്‍വ്വമാണ്. ടാഗോറിനെപ്പോലെയുള്ളവര്‍ അത്തരം സ്ഥാപനങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കില്‍പോലും അവയൊക്കെ ഇപ്പോള്‍ ഏകീകൃത വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായിട്ടാണ് നിലനില്‍ക്കുന്നത്. ഇവിടെയാണ് സാഹിത്യവിമര്‍ശനം അധ്യാപകജീവിതത്തിന്റെ തുടര്‍പ്രവര്‍ത്തിയാകുന്നത് ചോദ്യം ചെയ്യേണ്ടത്. സാഹിത്യരചന, സാഹിത്യ ജീവിതം,സാഹിത്യ വായന എന്നിവയെല്ലാം ഒരര്‍ത്ഥത്തില്‍ അരാജകത്വം നിറഞ്ഞ അവസ്ഥയാണ്. മനുഷ്യന് പൂര്‍ണമാക്കാന്‍ കഴിയാത്ത സാങ്കല്‍പ്പിക ലോകങ്ങളും ഇന്നുവരെ മനുഷ്യന്‍ നേടിയിട്ടില്ലാത്ത സ്വാതന്ത്ര്യങ്ങളുമിവിടെയുണ്ട്. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും യാന്ത്രിക ഉപകരണമായി മാറേണ്ടിവരുന്ന അധ്യാപകര്‍ക്ക് സാഹിത്യം പലപ്പോഴും വഴങ്ങുകയില്ല. കൃത്യനിഷ്ഠത, അച്ചടക്കം, ബഹുമാനം, വിധേയത്വം എന്നിങ്ങനെയുള്ള അധികാരമേല്‍ക്കോയ്മകള്‍ സൂക്ഷ്മമായി പ്രയോഗിക്കേണ്ടിവരുന്ന ഒരു വിഭാഗമാണ് അധ്യാപകര്‍. ഗുരുഭക്തി എന്ന പ്രാചീനവിശ്വാസവും ഇതിനു പിന്‍ബലമായുണ്ട്. ധാര്‍മ്മികത സദാചാര വിശ്വാസങ്ങള്‍ അതാതുകാലത്തെ മൂല്ല്യബോധം എന്നിവയിലധിഷ്ഠിതമായ ഒരു ഭാവുകത്വം സാഹിത്യ വായനയെ വ്യക്തിപരമായി പരിമിതമാക്കാറുണ്ട്. അത് നിരൂപണമായി മാറുമ്പോള്‍ അതിന് കേവല ആസ്വാദനം എന്നതിനപ്പുറം നിലനില്‍ക്കാനാവില്ല. മലയാള സാഹിത്യവിമര്‍ശനം ഏറെക്കുറെ അധ്യാപക ഉല്‍പ്പന്നമാണ്. അധ്യാപകരല്ലാത്ത വിമര്‍ശകര്‍ വളരെക്കുറച്ചുപേര്‍ മാത്രമാണ്. അധ്യാപകരുടെ വായനയും അവരുടെ ആസ്വാദനബോധവും വിവിധ കാലങ്ങളിലൂടെയുള്ള സഞ്ചാരമല്ല. സാഹിത്യ കൃതികള്‍ ദേശ കാലങ്ങളെയും അധികാര ബന്ധങ്ങളെയും മറികടന്ന് നില്‍ക്കുന്നവയാണ്. മാതൃകകള്‍ക്കുള്ളില്‍ ജീവിക്കുന്നവര്‍ക്ക് ഇവയെ ഉള്‍ക്കൊള്ളുന്നതില്‍ പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ അധ്യാപകരുടെ സാഹിത്യവിമര്‍ശനം കേവല പുസ്തകാഭിപ്രായമായി പരിമിതപ്പെടുമെന്ന് പറയേണ്ടിവരും.
കെ പി അപ്പന്‍ | PHOTO: WIKI COMMONS
ബെന്നി ഡൊമനിക്
നമ്മുടെ സാഹിത്യവിമര്‍ശകരില്‍ ഏറെപ്പേരും അദ്ധ്യാപകരാണ് എന്നത് ഒരു പരമാര്‍ത്ഥമാണ്. സാഹിത്യം പഠിപ്പിക്കുന്നത് മഹാപരാധമല്ല. എന്നാല്‍ അതുകൊണ്ട് സാഹിത്യത്തിനും വിമര്‍ശകലയ്ക്കും ഗുണം ചെയ്തിട്ടുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. അധ്യാപനം എന്നു പറയുന്ന പ്രക്രിയയില്‍ മൗലികമായ ഉള്‍ക്കാഴ്ചകള്‍ ഉരുത്തിരിഞ്ഞു വരിക പ്രയാസം തന്നെയാണ്. കാരണം അത് നിലനില്ക്കുന്നതുതന്നെ ഭരണകൂട താല്പര്യങ്ങളാല്‍ നിയന്ത്രിതമായിട്ടു തന്നെയാണ്. എന്തു പഠിക്കണം, എന്തു പഠിപ്പിക്കണം എന്നതില്‍ അക്കാദമികമായ ചില മാനദണ്ഡങ്ങളില്‍ കാലൂന്നി നിന്നുകൊണ്ടേ കഴിയൂ. അക്കാദമികമായ മികവ് ഒരു മോശപ്പെട്ട കാര്യമല്ല. പക്ഷേ, അതിനു പരിമിതികളുണ്ട്; അക്കാദമിക് നിരൂപണത്തിനും. എങ്ങനെ പഠിപ്പിക്കണം, എന്ത് പഠിപ്പിക്കണം എന്ന തെരഞ്ഞെടുപ്പ് പോലും അധ്യാപകന്റേതല്ല. സ്ഥാപനവത്കൃതമായ താല്പര്യങ്ങളെ പിന്‍പറ്റിക്കൊണ്ട് യഥാര്‍ത്ഥ ജീവിതത്തെപ്പറ്റിയും നാം ജീവിക്കുന്ന ലോകത്തെപ്പറ്റിയും നിങ്ങള്‍ക്കു സംസാരിക്കാനാവുകയില്ല. സാഹിത്യം പഠിപ്പിക്കുവാനുള്ളതാണോ, അത് പഠിപ്പിക്കുവാന്‍ കഴിയുന്നതാണോ, പഠിപ്പിക്കേണ്ടതുണ്ടോ എന്നീ ചോദ്യങ്ങള്‍ ഉണ്ടാവേണ്ടതാണ്. സാഹിത്യം എന്നത് മനുഷ്യാനുഭവങ്ങളുടെ- മനുഷ്യേതരമായതും ഇതില്‍ ഉള്‍പ്പെടും - ഒരു പ്രദര്‍ശനശാലയാണ്. അവിടെ ഒന്നും പഠിപ്പിച്ചു കൊടുക്കേണ്ടതായിട്ടില്ല. സാഹിത്യ ശിക്ഷണം അപ്പോള്‍ വേണ്ടേ ? ശിക്ഷണം സ്വയം ചെയ്യേണ്ടതാണ്. അത് മൃഗശിക്ഷകനെപ്പോലെ പഠിപ്പിച്ചു കൊടുക്കേണ്ടതല്ല. വേണമെങ്കില്‍ ചില ദിശാസൂചനകളാവാം. മികച്ച സാഹിത്യത്തെ സര്‍വ്വകലാശാലകള്‍ വൈകി മാത്രം തിരിച്ചറിയുന്നു. അക്കാദമിക് വിമര്‍ശനം സര്‍വ്വകലാശാലയ്ക്കു വേണം. സാഹിത്യത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നല്ലസാഹിത്യത്തിന്റെ അത്യന്തവിസ്തൃതികളെ സാഹിത്യാധ്യാപകര്‍ അറിയുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ ക്ലാസ്സ് റൂം ആത്യന്തികമായി പരീക്ഷയെ ലക്ഷ്യമാക്കിയാണ് സംവിധാനം ചെയ്തിട്ടുള്ളത്. അത്തരം ഒരു ഫ്രെയ്മിനുള്ളില്‍ നില്ക്കുന്നതല്ല ജീവിതം എന്നും ആ ജീവിതത്തിന്റെ അമ്പരപ്പിക്കുന്ന വൈചിത്ര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് സാഹിത്യവും കലയും എന്നതും ഓര്‍ക്കണം. സാഹിത്യവിമര്‍ശകന്‍ വ്യാഖ്യാനവിശാരദനല്ല. എഴുത്തുകാരനെ വെറുതെ പിന്‍പറ്റുന്നവനുമല്ല. വിമര്‍ശകന്‍ ലോകത്തെ വായിക്കുകയും, തന്റെ ലോകസങ്കല്പത്തെ നിര്‍വ്വചിക്കുകയുമാണ്, പൂര്‍വ്വ മാതൃകകളില്ലാതെ.