TMJ
searchnav-menu
post-thumbnail

Outlook

വിശ്വാസം, വര്‍ഗീയത, ഇടത് രാഷ്ട്രീയം

07 Oct 2023   |   11 min Read
മിസ്‌രിയ ചന്ദ്രോത്ത്

(സിപിഐ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയുമായി മിസ്‌രിയ ചന്ദ്രോത്ത് നടത്തിയ അഭിമുഖം)

മിസ്‌രിയ ചന്ദ്രോത്ത്:
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പഠിക്കുന്നതിനായി പാനല്‍ രൂപീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ദേശീയതലത്തില്‍ ചൂടേറിയ ചര്‍ച്ചയാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പും നടത്തുമെന്ന അഭ്യൂഹങ്ങള്‍ ജനങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്നുമുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് 'ഒരു രാജ്യം ഒരു പാര്‍ട്ടി ഒരു നേതാവ്' എന്നതിലേക്കുള്ള കുറുക്കുവഴിയല്ലേ? യൂണിയന്‍ ഗവണ്‍മെന്റിന്റെ ഈ നീക്കത്തെ എങ്ങനെ നോക്കിക്കാണുന്നു?

ആനി രാജ: രണ്ടുമൂന്ന് രീതിയില്‍ നമുക്ക് ഈ ചോദ്യത്തിന്റെ ഉത്തരത്തെ കാണാന്‍ കഴിയും. ഒന്ന്, ഇന്ന് രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുന്ന വിഷയമാണ് മണിപ്പൂര്‍ കലാപം. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അതില്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നില്ല. അതുകൊണ്ടുതന്നെ മാസങ്ങളായി പരസ്പരം കൊന്നൊടുക്കുന്ന ഒരു ജനതയെയാണ് മണിപ്പൂരില്‍ നമ്മള്‍ കാണുന്നത്. ഈ വിഷയം ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് തിരിക്കുക, അതുപോലെ വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുമ്പോള്‍ ജി-20 യില്‍ കാണിച്ച ഒരു ക്രിമിനല്‍ ധാരാളിത്തമുണ്ട്, ആ ധാരാളിത്തവും, ജി-20 യോടനുബന്ധിച്ച് ഡല്‍ഹിയിലെ ചേരികള്‍ മുഴുവന്‍ ഒഴിപ്പിച്ചതും, വീടുകള്‍ ബുള്‍ഡോസര്‍വെച്ച് നശിപ്പിക്കുന്നതും, ജി-20 യുമായി ബന്ധപ്പെട്ട് ഏതൊക്കെ സ്ഥലങ്ങളില്‍ അനുബന്ധ പരിപാടികള്‍ നടന്നോ അവിടെയുള്ള സാധാരണക്കാരെ, പാവപ്പെട്ടവരെ അദൃശ്യരാക്കുന്നതും ജനങ്ങള്‍ കണ്ടതാണ്. ഈ വിഷയങ്ങളിലൊക്കെയുള്ള ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഒരു ഉപാധിയായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ചയെ കാണേണ്ടതുണ്ട്. 

ആനി രാജ | PHOTO: FACEBOOK
രണ്ടാമത്തെ കാര്യം പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ ആദ്യമായി പാട്‌നയില്‍ ഒത്തുകൂടിയപ്പോള്‍ 19 പാര്‍ട്ടിയായിരുന്നു, അത് ബെംഗളൂരുവിലേക്കെത്തുമ്പോള്‍ 24 പാര്‍ട്ടിയാകുന്നു, ബോംബെയിലേക്കെത്തുമ്പോള്‍ 26 പാര്‍ട്ടിയാവുന്നു. ഈ രീതിയില്‍ പാര്‍ട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ഈ പാര്‍ട്ടികള്‍ എല്ലാം തന്നെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രംഗത്ത് റലവന്‍സുള്ള പാര്‍ട്ടികളാണ്. മാത്രമല്ല ആളുകള്‍ പ്രതീക്ഷിച്ചതോ പ്രവചിച്ചതോ പോലുള്ള വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും ഇല്ലാതെ പൊതുസ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്നൊരു ആശയത്തിലേക്ക് കൂടി ചര്‍ച്ചകള്‍ നടത്തുന്ന ഒരു സാഹചര്യം ഉണ്ടായി. അതുപോലെ 'ഇന്ത്യ' എന്ന പേരിട്ടുകൊണ്ടാണ് പ്രതിപക്ഷ സഖ്യം മുന്നോട്ടു പോകുന്നത്. ഇതുകൊണ്ടൊക്കെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഈ സഖ്യം വെല്ലുവിളി ഉയര്‍ത്തും എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് പ്രതിപക്ഷ മുന്നണിയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ടുവരുന്നത് എന്നും വ്യാഖ്യാനിക്കാം. 

ഇതിനപ്പുറത്തേക്ക് വര്‍ഗീയ ഫാസിസ്റ്റ് കോര്‍പ്പറേറ്റ് കൂട്ടുകെട്ടാണ് ഇന്ന് രാജ്യത്തുള്ളത്. ആ വര്‍ഗീയ ഫാസിസ്റ്റ് കോര്‍പ്പറേറ്റ് കൂട്ടുകെട്ടിന്റെ നിലനില്‍പ്പിന് ഒരു ജനാധിപത്യ പാര്‍ലമെന്റല്ല അനുയോജ്യമായത്. അതിനാവശ്യം ഒരു ഏകാധിപത്യ ഭരണകൂടമാണ്. കോര്‍പ്പറേറ്റുകളുടെ ലാഭം യാതൊരു തടസ്സവുമില്ലാതെ ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യം അത്തരം ഒരു സംവിധാനത്തിലൂടെ മാത്രമേ സാധ്യമാകു, അത് കുറേക്കൂടെ എളുപ്പത്തില്‍ നടത്താന്‍ സാധിക്കും എന്നുള്ളതുകൊണ്ടു കൂടിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നുള്ള ആശയം പ്രചരിപ്പിക്കുന്നത്. ഇന്ന് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ബിജെപി ഭരണകൂടം കരുതുന്നത് എല്ലാ തെരഞ്ഞെടുപ്പുകളിലും ഏതെങ്കിലും രീതിയിലുള്ള ഇടപെടലുകള്‍ നടത്തി കോര്‍പ്പറേറ്റുകളുടെ സഹായത്താല്‍ ഭരണം നിലനിര്‍ത്താനാകും എന്നാണ്. ഇത്തരത്തിലുള്ള ഒരുപാട് കാരണങ്ങള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ച കൊണ്ടുവരുന്നതിലൂടെ കേന്ദ്ര ഗവണ്‍മെന്റും ബിജെപിയും ആര്‍എസ്എസ്സും ലക്ഷ്യമിടുന്നു. 

മിസ്‌രിയ ചന്ദ്രോത്ത്: ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷം INDIA മുന്നണിയിലൂടെ ശക്തമായ പ്രതിരോധം തീര്‍ക്കും എന്ന വിലയിരുത്തലുകള്‍ നിലവിലുണ്ട്. മുന്നണി വലിയ ചര്‍ച്ചകള്‍ക്കും പ്രതീക്ഷയ്ക്കും കാരണമായിട്ടുമുണ്ട്. പൊതുസ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് INDIA സഖ്യത്തിന്റെ നിലവിലെ തീരുമാനം. മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം വോട്ടായി മാറുമോ?

ആനി രാജ: ഇന്ത്യ എന്ന മുന്നണി വലിയ പ്രതീക്ഷ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 2014 മുതല്‍ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതാനുഭവങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ കാലയളവില്‍ വാഗ്ദാനങ്ങളും വാഗ്ദാന ലംഘനങ്ങളുമാണ് മഹാഭൂരിപക്ഷം പേരും അവരുടെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളത്. അതായത് കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് 15 ലക്ഷം രൂപവീതം ഓരോ കുടുംബത്തിനും നല്‍കും, രണ്ടുകോടി തൊഴിലവസരങ്ങള്‍ ചെറുപ്പക്കാര്‍ക്ക് നല്‍കും, കര്‍ഷകരുടെ വരുമാനം പതിന്മടങ്ങായി വര്‍ധിപ്പിക്കും തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങള്‍. ഇവയോരോന്നും പരിശോധിച്ചാല്‍ ഒന്നുപോലും നിറവേറ്റാതെ ജനങ്ങളെ വഞ്ചിച്ച, വഞ്ചിച്ചുകൊണ്ടിരിക്കുന്ന അനുഭവമാണ് ഉള്ളത്. അതുപോലെതന്നെ തൊഴിലില്ലായ്മ കൊണ്ടും കൂലിയില്ലാത്തതുകൊണ്ടും നെട്ടോട്ടമോടുന്ന ഒരു ജനതയ്ക്കു മേലാണ് ഈ വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നതും കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതും. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അതിലിടപെട്ട് മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ നടത്തിക്കൊണ്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന രീതിയിലുള്ള ഇടപെടല്‍ നടത്താനോ ഭരണകൂടം തയ്യാറാവുന്നില്ല. ഇതെല്ലാം ജനങ്ങളുടെ അനുഭവമാണ്. ഇത്തരത്തിലുള്ള ഒരു പശ്ചാത്തലത്തിലാണ് പ്രതിപക്ഷ മുന്നണിയുടെ പ്രാധാന്യം.

PHOTO: PTI
മീഡിയയെ ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ട് മുന്നണിയില്‍ ഉള്‍പ്പെടുന്ന പല പാര്‍ട്ടികളിലേയും പല നേതാക്കളേയും കുരുക്കുന്നതിനും കുഴപ്പത്തിലാക്കുന്നതിനും ഉള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ ഈ മുന്നണിക്കുമേല്‍ പ്രതീക്ഷ വെക്കുന്നുണ്ട്. നിലവിലെ ജീവിത സാഹചര്യം മാത്രമല്ല, ഇന്ന് രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും ഒരു രാഷ്ട്രീയം നിലനില്‍ക്കുന്നുണ്ട്. ആ രാഷ്ട്രീയം വന്നെത്തി നില്‍ക്കുന്നത് നമുക്ക് ചുറ്റുമാണ്. എപ്പോള്‍ വേണമെങ്കിലും എവിടെവെച്ച് വേണമെങ്കിലും നമ്മളെ മരണം കീഴടക്കാം എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ട്രൈബല്‍, ദളിത് തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഈ രാജ്യത്ത് സ്ഥാനമില്ല, അവരെല്ലാം വെറുക്കപ്പെടേണ്ടവരും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാണെന്നുള്ള പ്രചാരണം നടത്തിക്കൊണ്ട് സാമൂഹികവും സാമ്പത്തികവുമായ വേര്‍തിരിവുകള്‍ കാണിച്ചുകൊണ്ട്, ബോയ്‌കോട്ടുകള്‍ പ്രഖ്യാപിച്ചുകൊണ്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന രീതി രാജ്യത്ത് അതിശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യമുണ്ട്. അത് അശാന്തിയുടെ സാഹചര്യമാണ്, ആ സാഹചര്യത്തില്‍ പ്രതിപക്ഷ മുന്നണി അല്ലെങ്കില്‍ പ്രതിപക്ഷ ഐക്യം പ്രധാനപ്പെട്ടതാണ്. 

മിസ്‌രിയ ചന്ദ്രോത്ത്: എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വസ്തുതാന്വേഷണ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിങില്‍ പക്ഷപാതം കാണിച്ചതായും കുക്കി വിഭാഗങ്ങള്‍ക്കെതിരെയുള്ള പല ക്രൂരതകളും മറച്ചു വെച്ചതായും വ്യക്തമാക്കുന്നുണ്ട്. മണിപ്പൂരിലെ യഥാര്‍ത്ഥ സാഹചര്യം പൂര്‍ണമായും രാജ്യം അറിഞ്ഞിട്ടില്ല. കലാപം 'സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്' എന്ന് പ്രതികരിച്ചതിനാണ് താങ്കള്‍ക്കും ദേശീയ വനിതാ ഫെഡറേഷന്റെ മറ്റു രണ്ടു നേതാക്കള്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. കലാപ സാഹചര്യത്തില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച വ്യക്തി എന്ന നിലയില്‍ എന്തായിരുന്നു അനുഭവം?

ആനി രാജ: പ്രധാനപ്പെട്ട ഒരു വിഷയം സൂചിപ്പിക്കാനുള്ളത് കലാപം ആരംഭിക്കുന്നത് രണ്ട് കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള പ്രശ്‌നത്തിലൂടെയല്ല എന്നതാണ്. അതിന് മറ്റുപല കാരണങ്ങളുമുണ്ട്. കുക്കി വിഭാഗം ഗവണ്‍മെന്റിന്റെ പല നടപടികളെയും നീക്കങ്ങളെയും നയങ്ങളെയും എതിര്‍ത്തുകൊണ്ട് കുറേ കാലങ്ങളായി പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ഏതൊരു ജനാധിപത്യ രാജ്യത്തും നടത്തുന്നതുപോലെ ഗവണ്‍മെന്റിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അതിനു കാരണം ജനങ്ങള്‍ക്കെതിരായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചതാണ്. കുക്കി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ വളരെ ശക്തമായി പല വിധത്തിലും അവരുടെ പ്രതിഷേധം ഗവണ്‍മെന്റിനെ അറിയിച്ചിരുന്നു. 

ഹില്‍ ഡവലപ്‌മെന്റിനു വെണ്ടി ബജറ്റില്‍ നീക്കിയിരുപ്പ് നടത്താറുണ്ട്. ഇത് കുക്കി മേഖലയില്‍ ചിലവഴിക്കേണ്ട തുകയാണ്. എന്നാല്‍ ആ നീക്കിയിരുപ്പില്‍ 85 ശതമാനവും ചിലവഴിക്കുന്നത് മെയ്‌തെയ് ഏരിയയിലാണ്. കുക്കി ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി ചിലവാക്കേണ്ട പണം എന്നു പറഞ്ഞുകൊണ്ട് ബജറ്റില്‍ നീക്കിയിരിപ്പു നടത്തിയിട്ടും മേഖലയില്‍ ഒരു തരത്തിലുള്ള ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നില്ല. നമുക്കവിടെ ചെന്നാല്‍ മനസ്സിലാവും, കുക്കി മേഖലയില്‍ നല്ല ഒരു സ്‌കൂളോ നല്ല ഹോസ്പിറ്റലുകളോ ഇല്ല, അടിസ്ഥാന വികസനങ്ങള്‍ പോലും കൃത്യമായി നടപ്പിലാക്കിയിട്ടില്ല. വിദ്യാഭ്യാസ മേഖലയിലേയും ആരോഗ്യ മേഖലയിലേയും ഉള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്ക് കുക്കികള്‍ ആശ്രയിക്കുന്നത് മെയ്‌തെയ് മേഖലയെയാണ്. അതുകൊണ്ട് തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധം വര്‍ഷങ്ങളായി നടക്കുന്നുണ്ട്. ജനങ്ങള്‍ സര്‍ക്കാരിനു മെമ്മോറാണ്ടം അയച്ചും പത്രപ്രസ്താവനകള്‍ ഇറക്കിയും ചെറിയ ചെറിയ പ്രകടനങ്ങള്‍ നടത്തിയും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയും സമരങ്ങള്‍ തുടരുകയും ചെയ്യുന്ന ഒരു സാഹചര്യം അവിടെ നിലനിന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് അനുഭാവപൂര്‍വ്വം പരിഗണിച്ചില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് രോഷം ഉണ്ടായിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളുടെ രോഷം തണുപ്പിക്കുന്നതിനായി മണിപ്പൂരിലെ ഏഴ് ബിജെപി എംഎല്‍എമാരുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ മലയോര മേഖലയില്‍ ഒരു ഓപ്പണ്‍ ജിം നിര്‍മ്മിച്ചു. വികസനം നടപ്പിലാക്കുന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. ഈ ഓപ്പണ്‍ ജിം ഏപ്രില്‍ 28-ാം തീയതി മുഖ്യമന്ത്രി വന്ന് ഉദ്ഘാടനം ചെയ്യും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തങ്ങളെ പരിഹസിക്കുന്ന പദ്ധതിയായിട്ടാണ് കുക്കി വിഭാഗം ഇതിനെ മനസ്സിലാക്കിയത്. കാരണം അവര്‍ക്കു ലഭിക്കേണ്ട, അവരുടെ മേഖലയില്‍ അടിസ്ഥാന വികസനത്തിനു വേണ്ടി ചിലവഴിക്കേണ്ട പണം വകമാറ്റി ചിലവഴിക്കുകയും, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും എന്തെങ്കിലുമൊക്കെ തന്ന് തങ്ങളെ വരുതിയില്‍ നിര്‍ത്താനുമാണ് സര്‍ക്കാരിന്റെ ശ്രമം എന്ന് മനസ്സിലാക്കിയ ആളുകള്‍ സര്‍ക്കാരിന്റെ ഈ മനോഭാവം മാറ്റിയെടുക്കണമെന്ന് തീരുമാനിക്കുകയും ഉദ്ഘാടനത്തിന് തലേദിവസം ജിം നശിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഒരു വിഷയവും ഇതിലുണ്ട്. 

ദേശീയ വനിതാ ഫെഡറേഷൻ അംഗങ്ങളും ആനി രാജയും | PHOTO: TWITTER
ഇത്തരത്തില്‍ കുക്കികള്‍ക്ക് എതിരെയുള്ള ഒരുപാട് നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. 1965 ലെ വനസംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് കുക്കികള്‍ വന്‍തോതില്‍ കുടിയേറ്റം നടത്തുന്നു എന്നാരോപിച്ചുകൊണ്ട് സര്‍ക്കാര്‍ ഒരു സര്‍വ്വെ നടത്തുകയുണ്ടായി. വനമേഖലയില്‍ എത്രമാത്രം കടന്നുകയറ്റം ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തുന്നതിനായിരുന്നു സര്‍വ്വെ. സര്‍വ്വെ നടത്തിയതിന്റെ ഭാഗമായി കുന്നുംപ്രദേശങ്ങളിലുള്ള രണ്ടുമൂന്നു ഗ്രാമങ്ങളിലെ വീടുകള്‍ മുഴുവന്‍ ഏപ്രിലില്‍ ഇടിച്ചുനിരത്തി. അവിടെ താമസിച്ചിരുന്ന മനുഷ്യരെ മുഴുവനും ഒഴിപ്പിച്ചു. പകരം ഒരു സംവിധാനവും ചെയ്തുകൊടുക്കാതെ അവരെ നിരാലംബരാക്കിക്കൊണ്ട് വഴിയിലേക്ക് ഇറക്കിവിട്ടു. ഗ്രാമങ്ങളില്‍ നിന്ന് എഴുപതോളം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. സര്‍വ്വെയുടെ മറപിടിച്ചു കൊണ്ട് ചില ഫാസിസ്റ്റ് സംഘടനകള്‍ ഗ്രാമത്തില്‍ കടന്ന് വീടുകളില്‍ ചുവന്ന മഷികൊണ്ട് ക്രോസ് ചിഹ്നം അടയാളപ്പെടുത്തുകയും ചെയ്തു. ഇത് ജനങ്ങള്‍ക്ക് വളരെയേറെ ആശങ്ക ഉണ്ടാക്കിയ സംഭവമായിരുന്നു.

അതേ ഏപ്രില്‍ മാസത്തില്‍ തന്നെ താഴ്വരയിലുള്ള, അതായത് മെയ്‌തെയ് മേഖലയിലുള്ള മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ ഭൂമിയില്‍ അതിക്രമിച്ചു കയറി പണിതതാണ് എന്നാരോപിച്ചുകൊണ്ട് പൊളിച്ചു കളഞ്ഞു. താഴ്വരയിലൂടെ ഒഴുകുന്ന നാഗ നദിയുടെ ഇരുവശങ്ങളിലും താമസിക്കുന്ന നിരവധി കുക്കി കുടുംബങ്ങളുണ്ടായിരുന്നു, അവരെയൊക്കെ ഏപ്രില്‍ മാസത്തില്‍ ഒഴിപ്പിച്ചു. അത്തരം ഒരു സാഹചര്യത്തിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് മെയ്തികള്‍ക്ക് ട്രൈബല്‍ സ്റ്റാറ്റസ് കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടത്. ഇത് കുക്കി വിഭാഗത്തില്‍ ഒരു വലിയ ആശങ്ക സൃഷ്ടിക്കാന്‍ കാരണമായി. 

മറ്റൊരുകാര്യം മണിപ്പൂരില്‍ കുക്കി മിലിറ്റന്‍സിന്റെ ഗ്രൂപ്പൂകള്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള 25 ഓളം ഗ്രൂപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍ 2008 ല്‍ ഒരു ഉടമ്പടി ഉണ്ടാക്കി. ഈ 25 സംഘങ്ങളും രാജ്യത്തെ നിയമം അനുസരിച്ച് ഭരണഘടനാനുസൃതമായി ജീവിക്കണം എന്നും എല്ലാ വയലന്‍സും നിര്‍ത്തണമെന്നും ആയുധങ്ങള്‍ മുഴുവനും സറണ്ടര്‍ ചെയ്യണമെന്നുമുള്ള കാര്യങ്ങള്‍ കരാറില്‍ പറയുന്നുണ്ട്.
ഇത്തരത്തില്‍ കരാറിലേര്‍പ്പെട്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയവര്‍ക്കു സ്ഥലവും മാസാമാസം സാമ്പത്തിക സഹായവും സര്‍ക്കാര്‍ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു കാരണവുമില്ലാതെ, കരാര്‍ വ്യവസ്ഥകള്‍ ഒന്നുംതന്നെ ലംഘിക്കപ്പെടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ കരാറില്‍ നിന്നും പിന്മാറി. സര്‍ക്കാരിന്റെ ഈ നീക്കം മിലിറ്റന്‍സ് അല്ലാത്ത കുക്കികളെ പോലും ടാര്‍ഗറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടായി. അതുപോലെ ആര്‍മിഡ് ഫോഴ്‌സ് സ്പെഷ്യല്‍ പവര്‍ ആക്ട് (AFSPA) മണിപ്പൂരിലെ ചില മേഖലയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പരിശോധിച്ചാല്‍ മനസ്സിലാകും നിയമം പിന്‍വലിച്ചത് കുക്കി വിഭാഗത്തില്‍പ്പെടുന്ന ജനങ്ങള്‍ താമസിക്കുന്ന മേഖലകളിലാണ്. ഇതും ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു. 

മണിപ്പൂർ കലാപം  | PHOTO: PTI
ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് ട്രൈബല്‍ സ്റ്റാറ്റസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് വരുന്നത്. ഇതിനെതിരെ പ്രതിഷേധപ്രകടനം നടത്താന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്യുകയും ചുരാചന്ദ്പൂരില്‍ മെയ്മാസം മൂന്നാം തീയതി ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ഒരുമിച്ചു കൂടുകയും അവര്‍ പ്രകടനം നടത്തുകയും പൊതുയോഗം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ഇടയിലേക്ക് വേഷം മാറിവന്ന ഫാസിസ്റ്റ് സംഘടനകളുള്‍പ്പെടെയുള്ളവര്‍ കടന്നുകയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. ആക്രമണം തുടങ്ങിയ അടുത്ത സെക്കന്റില്‍ ഇംഫാലില്‍ കുക്കികളുടെ വീടുകള്‍ അഗ്നിക്കിരയാക്കാന്‍ തുടങ്ങി. ഇത് വളരെ പ്ലാനിങ്ങിലൂടെ എക്‌സിക്യൂട്ട് ചെയ്ത ആക്രമണമാണ് എന്ന് വ്യക്തമാണ്. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുള്ളത് കുക്കി വിഭാഗത്തില്‍ നിന്നുമാണ്. ക്യാമ്പുകള്‍ സന്ദര്‍ശിച്ച സമയത്ത് രണ്ടുവിഭാഗങ്ങളിലും ഉള്ള ജനങ്ങള്‍ പറയുന്നത് ഞങ്ങള്‍ ഗ്രാമങ്ങളില്‍ ഇടകലര്‍ന്നു ജീവിച്ചവരാണ്, സുഖത്തിലും ദുഃഖത്തിലും ഒന്നായി അയല്‍ക്കാരോടൊപ്പമുള്ള ജീവിതമാണ് ഞങ്ങള്‍ നയിച്ചിരുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് വീടുകളിലേക്ക് തിരിച്ചു പോകണം എന്നാണ്. സാധാരണ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത നിലനില്‍ക്കുന്നില്ല എന്നാണ് പലരുടെയും സംസാരത്തില്‍ നിന്നും മനസ്സിലാക്കിയത്. എന്നാല്‍ ഇന്ന് ഞാന്‍ നിങ്ങളുടെ ചോദ്യത്തിനു ഉത്തരം പറയുന്ന സമയത്തെ സാഹചര്യവും മണിപ്പൂര്‍ സന്ദര്‍ശിച്ച സമയത്തെ സാഹചര്യവും തമ്മില്‍ വലിയ അന്തരമുണ്ട്. ഞങ്ങള്‍ പോയ സമയത്ത് രണ്ടുകൂട്ടരേയും ഒരുമിച്ചിരുത്തി അനുരഞ്ജനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിനും കലാപത്തില്‍ നിന്ന് രണ്ടുകൂട്ടരേയും പിന്തിരിപ്പിക്കുന്നതിനുമുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. രണ്ടുകൂട്ടരും പരസ്പരം മുഖത്തോടു മുഖം പോലും നോക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളായിരിക്കുകയാണ്. ബോധപൂര്‍വ്വം സ്ഥിതിഗതികള്‍ വഷളാക്കിയത് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളാണ്. 

മിസ്‌രിയ ചന്ദ്രോത്ത്: മതം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും പ്രധാനപ്പെട്ട ഒരു ഘടകമാണ്. നിലവിലെ സാഹചര്യത്തില്‍ സെക്കുലര്‍ ജനാധിപത്യ കക്ഷികള്‍ രാഷ്ട്രീയത്തില്‍ പിന്നോട്ടു പോകുന്നു എന്നുളളത് യാഥാര്‍ത്ഥ്യമാണ്. ഇത് ഉണ്ടാക്കുന്നത് വളരെ വലിയ പ്രതിസന്ധികളല്ലേ? ഇന്ത്യയില്‍ ഹിന്ദുത്വ, യാഥാസ്ഥിതിക ഇസ്ലാമിക ഗ്രൂപ്പുകള്‍, ക്രിസ്റ്റ്യന്‍ ഫണ്ടമെന്റലിസ്റ്റുകള്‍ ഒക്കെ രാഷ്ട്രീയത്തില്‍ ഉടപെടുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. മതം ഭരണഘടനയെയും സെക്കുലര്‍ സിസ്റ്റത്തെയും തകര്‍ക്കുന്നതിനുള്ള കാരണമാകുന്നു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നു. തീവ്രമായ മതബോധം ഏതൊക്കെ തരത്തിലാണ് നിലവില്‍ നമുക്ക് വെല്ലുവിളിയാവുന്നത്?

ആനി രാജ: ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് ന്യൂ ലിബറല്‍ എക്കണോമിക് പോളിസിയൊക്കെ അതിതീവ്രമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയും സര്‍ക്കാര്‍ പൊതുമേഖലകളില്‍ നിന്നും പിന്മാറി നില്‍ക്കുകയും അവിടേക്ക് സ്വകാര്യ മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കടന്നുവരാന്‍ വഴിതുറന്നു കൊടുക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ജനജീവിതം അതീവ ദുഷ്‌ക്കരമായിരിക്കുകയാണ്. കഴിഞ്ഞ നാല്‍പ്പത്തഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ജനങ്ങള്‍ നേരിടുന്നത്. അതിന്റെ ആഘാതം കണ്‍മുമ്പില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം ദുരിതത്തില്‍ നില്‍ക്കുന്ന ജനങ്ങള്‍ ആശ്വാസം കൊള്ളുന്നത് അവരുടെ ദൈവങ്ങളോട് പ്രാര്‍ത്ഥിച്ചിട്ടാണ്. അത് ജനങ്ങള്‍ക്കൊരു പ്രതീക്ഷയാണ്, റിലീഫാണ്. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ വിശ്വസിക്കുന്ന ദൈവം എന്റെ കഷ്ടപ്പാടുകള്‍ കാണും, എന്റെ പ്രാര്‍ത്ഥന കേള്‍ക്കും എന്നുള്ള വിശ്വാസത്തിന്റെ പുറത്താണ് ആളുകള്‍ ജീവിക്കുന്നത്. 

അങ്ങനെയുള്ള സാഹചര്യത്തിലാണ് ആ ദൈവങ്ങള്‍ അപകടത്തിലാണ്, മറ്റു മതക്കാരാണ് നമ്മുടെ ദൈവങ്ങളെ അപകടത്തിലാക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരുവിഭാഗം കടന്നു വരുന്നത്. ഇന്ന് ഇന്ത്യയില്‍ കാണുന്ന ഭൂരിപക്ഷ മതത്തിന്റെ ആളുകള്‍ വളരെ വ്യാപകമായി വര്‍ഗീയ പ്രചാരണം അഴിച്ചുവിടുന്നുണ്ട്. മീഡിയയും ഗവണ്‍മെന്റും അതിന് കൂട്ടുനില്‍ക്കുന്നു. ആവര്‍ത്തിച്ചുള്ള നുണപ്രചാരണം വലിയ ദുരന്തമാണ് സൃഷ്ടിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരെ സംരക്ഷിക്കുന്നതിന് ചുമതലപ്പെട്ടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെ യാത്രക്കാരെ അയാളുടെ തോക്കുപയോഗിച്ചു വെടിവച്ച് കൊല്ലുന്നു. കാരണം ആ യാത്രക്കാര്‍ ഒന്നുകില്‍ മറ്റു മതങ്ങളിലുള്ളവരോ ദളിതരോ ആദിവാസികളോ ആണെന്നതാണ്. ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും ഒന്നും ഈ രാജ്യത്ത് താമസിക്കാന്‍ യോഗ്യരല്ലെന്നും അവരൊക്കെ നമുക്ക് അപകടമുണ്ടാക്കുന്നവരാണെന്നും അവരെ വെറുക്കണമെന്നും ഇല്ലായ്മ ചെയ്യണമെന്നുമുള്ള പ്രചാരണം വളരെ വിജയിച്ചിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. മതവിശ്വാസത്തിന്റെ പേരിലാണ് അത് നടക്കുന്നത്. എന്നാലത് യഥാര്‍ത്ഥ മതവിശ്വാസമല്ല. വിശ്വാസത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതിന്റെ വലിയ ദുരന്തമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 

NFIW സമ്മേളനത്തിൽ ആനി രാജ 
ഈ വിഷയം മതേതര ജനാധിപത്യ പാര്‍ട്ടികള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. വളരെ വിപുലമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചും ജനങ്ങളുമായി നേരിട്ടു സംവദിച്ചും ജനകീയ പരിപാടികളിലൂടെ മാത്രമേ ഇതിന്റെ ഭീകരത സാധാരണക്കാരനെ ബോധ്യപ്പെടുത്താന്‍ സാധിക്കു. അതിതീവ്ര ദേശസ്‌നേഹവും അതിതീവ്ര മതസ്‌നേഹവും വളര്‍ത്തുന്നതിന് സര്‍ക്കാര്‍ തന്നെ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് വലിയ ദുരന്തം വിളിച്ചുവരുത്തുന്നതിന് സമാനമാണ്. ആ ദുരന്തത്തെ നേരിടുന്നതിന് ജനകീയ കൂട്ടായ്മകളും ജനകീയ പ്രചാരണങ്ങളും ആവശ്യമാണ്. അത്തരം രീതിയില്‍ ഈ വിഷയത്തെ സമീപിക്കേണ്ട ഗുരുതരമായ അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. അതിതീവ്ര മതബോധം വലിയ ഒരളവുവരെ വിജയിച്ചു നില്‍ക്കുന്ന ഒരു സാഹചര്യം നിലവിലുണ്ട്. 

ഇന്നലെ ഞാന്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ ഒരു മലയാളി ഉണ്ടായിരുന്നു. അദ്ദേഹത്തിന് കേരളത്തിലല്ല മറ്റൊരു സംസ്ഥാനത്താണ് ജോലി. മകനെ അദ്ദേഹം സെന്‍ട്രല്‍ സ്‌കൂളില്‍ ചേര്‍ത്തു. കുട്ടി സ്‌കൂളില്‍ പോയി മറ്റു വിദ്യാര്‍ത്ഥികളുമായൊക്ക സംസാരിച്ചു. അവന് അവര്‍ ആദ്യം നല്‍കിയ ഉപദേശം സ്‌കൂളില്‍ നീ ഏതു ഹൗസില്‍ വേണമെങ്കിലും ജോയിന്‍ ചെയ്‌തോളു, ഗ്രീന്‍ ഹൗസ് ഒഴിച്ച്. അതിലാണ് നമ്മുടെ ശത്രുക്കള്‍ ഉള്ളത് എന്നാണ്. ഇത്തരത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ആലോചനയില്‍ പോലും തീവ്ര മതബോധം ശക്തമായി നിലനില്‍ക്കുന്നുണ്ട്. മെജോരിറ്റേറിയന്‍ മതബോധം അപകടകരമായ ഒരവസ്ഥയിലേക്ക് വളര്‍ന്നുവന്നിരിക്കുന്നു എന്നത് തീര്‍ച്ചയായും ഇടതുപക്ഷ ജനാധിപത്യ മതേതര പാര്‍ട്ടിക്ക് എന്ന് മാത്രമല്ല ഈ രാജ്യത്തിന് തന്നെ വലിയ അപകടമുണ്ടാക്കും.

മിസ്‌രിയ ചന്ദ്രോത്ത്: ബിജെപിയുടെ വളര്‍ച്ചയെ തുടര്‍ന്നാണ് മത രാഷ്ട്രീയം ഇന്ത്യയില്‍ വേരുറപ്പിച്ചത് എന്ന നിരീക്ഷണത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ആനി രാജ: ബിജെപി എന്ന പാര്‍ട്ടി ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ മുഖമാണ്. അതില്‍ സംശയമൊന്നും ഇല്ല. ആര്‍എസ്എസ്സിന് ഒരു അജണ്ടയുണ്ട്, ആ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ബിജെപി എന്ന പാര്‍ട്ടിക്ക് രൂപംകൊടുത്തത്. പ്രധാനമന്ത്രിപോലും പറഞ്ഞത് ഞാനൊരു വിനീതനായ സ്വയം സേവകന്‍ ആണ് എന്നാണ്. പ്രധാനമന്ത്രി അതു പറഞ്ഞതിനുശേഷം ഒരുപാട് കേന്ദ്ര മന്ത്രിമാരും അതാവര്‍ത്തിച്ചു. ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അവര്‍ പവര്‍ ഉപയോഗിക്കുന്നത് ആര്‍എസ്എസ്സിന്റെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടിയാണ്. അതിനുവേണ്ടി ബിജെപിയെ ആര്‍എസ്എസ് കൈചൂണ്ടി നടത്തുന്നുമുണ്ട്. സ്വാഭാവികമായും ഗവണ്‍മെന്റിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് തീവ്ര മെജോരിറ്റേറിയന്‍ മതബോധം വളര്‍ത്തുന്നതിനും ഭയം ജനിപ്പിക്കുന്നതിനും ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു. ഹിന്ദുത്വ രാഷ്ട്ര അജണ്ട ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. അതിന് ജനാധിപത്യത്തിന്റെ എല്ലാ നെടുംതൂണുകളേയും ദുരുപയോഗം ചെയ്യുന്നു.

മിസ്‌രിയ ചന്ദ്രോത്ത്: ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ വരെ മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതരം പ്രവര്‍ത്തികള്‍ അധ്യാപകരുടെ ഭാഗത്തുനിന്നുവരെ ഉണ്ടാകുന്നു, ബീഫ് കഴിക്കുന്നതിന്റെ പേരിലും, ലവ് ജിഹാദും ലാന്റ് ജിഹാദും മസാര്‍ ജിഹാദും ആരോപിച്ചും മനുഷ്യരെ കൊല്ലുന്നു. ഒരു ജനാധിപത്യ മതേതര രാജ്യമാണ് ഇന്ത്യ എന്ന് നമുക്ക് എത്രകാലം കൂടി പറയാന്‍ കഴിയും എന്ന ചോദ്യം ആശങ്ക ഉണ്ടാക്കുന്നതാണ്, ഓരോ ദിവസവും സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിപിഐ ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ക്ക് മുന്നോട്ടു വെക്കാന്‍ പ്രതിവിധികളുണ്ടോ?

ആനി രാജ: നൂറുകണക്കിനു പ്രവര്‍ത്തകരുടെ ജീവന്‍ ബലികൊടുത്തുകൊണ്ട് സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഐ. അതുകൊണ്ട് തന്നെ ഈ രാജ്യം രണ്ടാമതൊരു വലിയ ദുരന്ത മുഖത്തൂടെ കടന്നുപോകുമ്പോള്‍ രാജ്യത്തെ രക്ഷിക്കുന്നതിനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും സിപിഐ നടത്തുന്നുണ്ട്. അതിനാലാണ് പല സ്ഥലങ്ങളിലും സിപിഐക്കാര്‍ക്കെതിരെ കേസുകളുള്‍പ്പെടെയുള്ള പ്രതിരോധങ്ങള്‍ ഉണ്ടാകുന്നത്. ഒരു മെജോരിറ്റേറിയന്‍ ഫാസിസ്റ്റ് ഭീഷണി മുന്നില്‍ കണ്ടും അതിന്റെ ദുരന്തം നന്നായി മനസ്സിലാക്കുന്നതു കൊണ്ടുമാണ് സിപിഐ അതിന്റെ പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് 'ഇടതുപക്ഷ മതേതര ജനാധിപത്യ പാര്‍ട്ടികള്‍ എല്ലാം തന്നെ ഒരേ വേദിയിലേക്ക് വരണം' എന്ന പ്രമേയം പാസാക്കിയത്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് പൊതുശത്രുവായ ഫാസിസ്റ്റ് ശക്തിയെ നേരിട്ടെങ്കില്‍ മാത്രമേ ഈ രാജ്യത്തെ ഫാസിസ്റ്റ് മെജോരിറ്റേറിയന്‍ ശക്തികളില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കുകയുള്ളു. ഈ നിലപാട് ഞങ്ങള്‍ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ്സിലും ആവര്‍ത്തിച്ചു. സിപിഎം അടക്കമുള്ള ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടികള്‍ ഇത് കൃത്യമായ വിലയിരുത്തലാണ് എന്നു പറഞ്ഞുകൊണ്ട് ഞങ്ങളുടെ രാഷ്ട്രീയ വിലയിരുത്തലിനെ, രാഷ്ട്രീയ പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു. മറ്റു പാര്‍ട്ടികളും അതിന്റെ ഗൗരവം മനസ്സിലാക്കിയതാണ്. തീര്‍ച്ചയായും ഞങ്ങള്‍ക്കതില്‍ അഭിമാനമുണ്ട്. ഇങ്ങനെയുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ഇന്ത്യ എന്ന സഖ്യത്തിലേക്ക് എത്തിച്ചേര്‍ന്നത്. രാജ്യത്തേയും ജനങ്ങളെയും മെജോറിറ്റേറിയന്‍ ഫാസിസത്തില്‍ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കൂട്ടായ്മകളില്‍ സിപിഐ ഭാഗമാകുന്നത്. 28 സംസ്ഥാനങ്ങളും സിപിഐ സാന്നിധ്യമുള്ള സംസ്ഥാനങ്ങളാണ്. അവിടെയൊക്കെതന്നെ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നുകൊണ്ട് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന് ബിജെപി ഗവണ്‍മെന്റിനെ ഉപയോഗിക്കുന്നതിനെ കുറിച്ചുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുകയും, ജനങ്ങളുടെ അനുഭവങ്ങളിലൂടെ തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളൊക്കെ നടത്തിക്കൊണ്ടിരിക്കുകയുമാണ്. അത് തുടരുകയും ചെയ്യും.

മിസ്‌രിയ ചന്ദ്രോത്ത്: നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ എന്ന സംഘടനയുടെ ഭാഗമായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍, രാഷ്ട്രീയപരമായി വളരെ വെല്ലുവിളി നിറഞ്ഞ കുറെയേറെ വര്‍ഷങ്ങളിലൂടെ സംഘടനക്കൊപ്പം കടന്നുപോയിരിക്കുന്നു, ഈ കാലങ്ങളിലെ സ്ത്രീമുന്നേറ്റങ്ങളെയും സ്ത്രീകള്‍ നേരിട്ട വെല്ലുവിളികളെയും, നിലനില്‍ക്കുന്ന പ്രശ്നങ്ങളെയും എല്ലാം എങ്ങനെയാണ് നോക്കിക്കാണുന്നത്?

ആനി രാജ: സാര്‍വ്വത്രിക വോട്ടവകാശത്തിലൂടെ സ്വതന്ത്ര ഇന്ത്യയില്‍ പ്രയാണം ആരംഭിച്ച സ്ത്രീ വിവിധ ഘട്ടങ്ങളിലൂടെയുള്ള ശക്തമായ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. മഹിളാ പ്രസ്ഥാനങ്ങളുടെ കാര്യം പരിശോധിക്കുമ്പോള്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും അതുപോലെ ഓട്ടോണോമസ് വിമന്‍സ് ഓര്‍ഗനൈസേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 1954 ലാണ് ദേശീയ മഹിള ഫെഡറേഷന്‍ രൂപീകൃതമാകുന്നത്. പിന്നീടിങ്ങോട്ട് ജാഗോരി പോലുള്ള സംഘടനകളൊക്കെത്തന്നെ രൂപീകൃതമായി. 1980 കളുടെ ആരംഭകാലം പരിശോധിക്കുകയാണെങ്കില്‍ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങള്‍ ദേശീയ തലത്തില്‍ ജോയിന്റ് പ്ലാറ്റ്ഫോമുകള്‍ ഉണ്ടാക്കുകയും രാജ്യവ്യാപകമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സിവില്‍ സൊസൈറ്റിയും വിമന്‍ ഓര്‍ഗനൈസേഷനും ചേര്‍ന്നുള്ള ജോയിന്റ് മൂവ്മെന്റിന് തുടക്കം കുറിച്ച ഒരു സംഘടനയാണ് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍. വിവരാവകാശത്തിനും തൊഴിലുറപ്പ് നിയമത്തിനും ഭക്ഷ്യസുരക്ഷ നിയമത്തിനും ഗാര്‍ഹിക പീഡന നിരോധന നിയമത്തിനുമൊക്കെ വേണ്ടി സംയുക്തമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും അത് നേടിയെടുക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. 

ബിൽക്കീസ് ബാനു | PHOTO: PTI
ലൈംഗിക തൊഴിലാളികളുമായി ഒരു തരത്തിലുള്ള സംഭാഷണവും ഒരു സംഘടനകളും ഒരുകാലത്തും നടത്തിയിരുന്നില്ല. അതിന് ദേശീയമഹിളാ ഫെഡറേഷന്‍ മുന്‍കൈ എടുക്കുകയും കല്‍ക്കട്ടയിലുള്ള ലൈംഗിക തൊഴിലാളികളുടെ സംഘടനാ നേതാക്കളെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുകയും ദേശീയ മഹിളാ ഫെഡറേഷന്റെ ഓഫീസില്‍വച്ച് അവരുമായി ഒരു സംവാദം തുടങ്ങുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് മറ്റു സംഘടനകളും അവരോട് സംവദിക്കുകയും തുടര്‍ന്ന് സാമൂഹികവും സാമ്പത്തികവും അടിസ്ഥാനപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള അവര്‍ക്ക് ആവശ്യമായിരുന്ന സഹായങ്ങള്‍ നല്‍കാന്‍ സാധിച്ചത്. സഹായം എന്നതിലുപരി സംഘടനകളുടെ ചുമതലയാണിതെന്ന തിരിച്ചറിവില്‍ നിന്നാണ് ദേശീയ മഹിള ഫെഡറേഷന്‍ ഇത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അവരുമായി യോജിച്ച് പോരാട്ടങ്ങള്‍ നടത്തുകയും ചെയ്യുന്നത്. ഇത്തരത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ നീതിന്യായ മേഖലകള്‍ ഒക്കെത്തന്നെ പലവിധത്തിലുള്ള വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിന് സമാനതയില്‍ വിശ്വസിക്കുന്ന, ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ മഹിള ഫെഡറേഷന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്നും സ്ത്രീകള്‍ ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. സ്ത്രീകളെ തൊഴില്‍ ചെയ്യുന്നവരായി അംഗീകരിക്കാത്ത ഭരണകൂടങ്ങളാണ് നമുക്കുണ്ടായിട്ടുള്ളത്. ആര് കേന്ദ്രത്തില്‍ ഭരണത്തില്‍ വന്നാലും ചെയ്യുന്ന തൊഴിലില്‍ സ്ത്രീകള്‍ക്ക് അംഗീകാരം നല്‍കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ല. ഉദാഹരണത്തിന് അങ്കണവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ കാര്യം തന്നെ പരിശോധിക്കാം. കോവിഡ് കാലത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങളിലെ മുന്‍നിരപ്പോരാളികളായിരുന്നു ഇവര്‍. ലോകമാകെ ഇതാഘോഷിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ തൊഴിലിനെ അംഗീകരിക്കാനോ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറാവാത്ത ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

ഗുസ്തി താരങ്ങളുടെ സമരം | PHOTO: PTI
അതോടൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്നതിനപ്പുറം അതിക്രമങ്ങളിലെ ക്രൂരത മുമ്പെങ്ങുമില്ലാത്തവിധത്തില്‍ വര്‍ധിച്ചു വരുന്ന ഒരു സാഹചര്യം ഉണ്ട്. സംരക്ഷിക്കാന്‍ ആളുകള്‍ ഉണ്ടാകുമ്പോള്‍ അതായത് സ്ത്രീകള്‍ക്കെതിരെ എന്ത് അതിക്രമം കാണിച്ചാലും ഭരണത്തിലിരിക്കുന്ന പാര്‍ട്ടി സംരക്ഷിക്കും എന്ന വിശ്വാസവും പവറും ഉണ്ടാകുമ്പോഴാണ് അതിക്രമങ്ങള്‍ നടത്താന്‍ മടിയില്ലാത്ത സമൂഹം ഉരുവാകുന്നത്. ഇതിനുദാഹരണമാണ് ഗുസ്തി താരങ്ങളെ സെക്ഷ്വലി ഹരാസ് ചെയ്ത ബ്രിജ് ഭൂഷണ്‍ എന്ന ബിജെപി നേതാവിന്റെ കാര്യം. ബില്‍ക്കീസ് ബാനു എന്ന അഞ്ചുമാസം ഗര്‍ഭിണിയായ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ മറ്റു സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത പീഡകരേയും കൊലപാതകികളേയും ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയാണ് ഉണ്ടായത്. പ്രതികള്‍ സന്‍സ്‌കരി ബ്രാഹ്‌മിണ്‍സ് ആണെന്ന മുടന്തന്‍ ന്യായമാണ് അന്ന് പറഞ്ഞത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സ്ത്രീകള്‍ രക്തവും ജീവനുംകൊണ്ട് നേടിയെടുത്ത എല്ലാ സ്ത്രീപക്ഷ നിയമങ്ങളും അസാധുവാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. ഒരു ഗവണ്‍മെന്റ് തീരുമാനിച്ചാല്‍ ഏതു കുറ്റവാളിയേയും ജയിലില്‍ നിന്ന് മോചിപ്പിക്കാം എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ഇപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപതി ഒരു സ്ത്രീയാണ്. വളരെ സന്തോഷകരമായ കാര്യമാണത്. എന്നാല്‍ ഇന്ത്യയെന്ന പാര്‍ലിമെന്ററി ജനാധിപത്യ രാജ്യത്തിന്റെ പരമപ്രധാനമായ പല ചടങ്ങുകളില്‍ നിന്നും സ്ത്രീയായ പിന്നാക്ക വിഭാഗത്തില്‍ നിന്നുമുള്ള ദ്രൗപതി മുര്‍മുവിനെ മാറ്റിനിര്‍ത്തുകയാണ്. ഇത്തരത്തില്‍ നിരവധി വിഷയങ്ങളുണ്ട്. ഇവ പരിശോധിക്കുകയാണെങ്കില്‍ സ്ത്രീകള്‍ ഇന്ന് യുദ്ധസമാനമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് മനസ്സിലാകും. ഇത്തരം ഒരു സാഹചര്യം ദേശീയ മഹിളാ ഫെഡറേഷനെ പോലുള്ള സംഘടനകള്‍ക്ക് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. ജനാധിപത്യ മതേതര വിശ്വാസത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് സമാനതയ്ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഞങ്ങള്‍ തുടരും.


#outlook
Leave a comment