
വ്യാജതെയ്യങ്ങളും തെയ്യത്തെ ഒറ്റുകൊടുക്കുന്നവരും
തുലാമാസത്തില്‍ പത്താമുദയ സൂര്യന്‍ ആകാശത്ത് തെളിഞ്ഞു ചിരിക്കുമ്പോള്‍ ഉത്തരമലബാറിയന്‍ കാവുകളില്‍ തെയ്യ ചുവപ്പിന്റെ പ്രഭ അതിന്റെ ഏറ്റവും ഉച്ചിയില്‍ കത്തി തുടങ്ങുകയായിരിക്കും. മനുഷ്യന്‍ നേരിട്ട് ദൈവത്തെ കാണുന്നതും മനുഷ്യര്‍ തന്നെ ദൈവമാകുന്നതുമായ ദിനങ്ങള്‍. ഭക്തര്‍ക്ക് തങ്ങളുടെ ഉള്ളില്‍ തിളച്ചു മറിയുന്ന താപത്തിനു മേല്‍ നേരിട്ട് കുളിര്‍ മഴ കിട്ടുന്ന സമയം. ഓരോ കാവുകളിലെ കളിയാട്ടങ്ങളും അതാത് പ്രാദേശിക ഇടങ്ങളിലെ ഉത്സവങ്ങളാണ്. ഏറ്റവും കൂടുതല്‍ തെയ്യങ്ങള്‍ കെട്ടിയാടുന്ന സമയം പൊതുവെ തുലാം മുതല്‍ മീനം വരെയുള്ള നാളുകളിലാണ്. അല്ലാത്ത കാലങ്ങളില്‍ താരതമ്യേന കുറച്ചു തെയ്യങ്ങള്‍ മാത്രമാണുള്ളത്. തുലാം പകുതിക്ക് ശേഷം ഉത്തര മലബാറിലെ ഇടവഴികളിലൂടെ ഒന്ന് നടക്കാനിറങ്ങിയാല്‍ തെയ്യം നടക്കുന്ന ഏതെങ്കിലും ഒരു കാവില്‍ തീര്‍ച്ചയായും എത്തിച്ചേരാം. അത്രയധികം തെയ്യക്കാവുകളും മനുഷ്യരുടെയത്രയും തെയ്യങ്ങളും അന്നാട്ടിലുണ്ട്. ഒന്നിനൊന്ന് താരതമ്യപ്പെടുത്താന്‍ കഴിയാത്ത വിധം വ്യത്യസ്തമായ കര്‍മ്മങ്ങളും ചടങ്ങുകളും കൊണ്ട് സമൃദ്ധമാണ് ഓരോ കളിയാട്ടങ്ങളും. മലബാറിലെ മനുഷ്യരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഈ അനുഷ്ഠാനം ജാതി മത ഭേദമന്യേ ദൈവം നേരിട്ട് ഇടപെടുന്ന പ്രതീതിയാണ് പൊതുവില്‍ ആ സമൂഹത്തിന് നല്‍കിയിട്ടുള്ളത്. കുറെയേറെ മനുഷ്യര്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി നിലനിര്‍ത്തിപ്പോരുന്ന ഈ അനുഷ്ഠാനം കഴിഞ്ഞ കുറച്ചു നാളുകളായി അതിന്റെ യഥാര്‍ത്ഥ സ്വത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ വ്യാജമായ തെയ്യങ്ങളുടെ ഇടയില്‍പ്പെട്ടു ശ്വാസം മുട്ടുകയാണ്. അനുഷ്ഠാന പരിസരം കടന്നു പൊതുവേദികളില്‍ അവതരിപ്പിക്കപ്പെടുന്ന തെയ്യം കഠിന ജീവിതം തരണം ചെയ്തുവന്ന തെയ്യങ്ങളെ തീര്‍ത്തും ഇല്ലാതെയാക്കികൊണ്ടിരിക്കുന്ന പുത്തന്‍ സാഹചര്യത്തില്‍, ഈ വിഷയങ്ങള്‍ തെയ്യം കൂട്ടായ്മകളിലും തെയ്യം സ്‌നേഹികളിലും സജീവ ചര്‍ച്ചയാകുന്നുണ്ട്. തെയ്യക്കാരെ ഊരു വിലക്കുന്നതിലും മറ്റുമാണ് മിക്ക ചര്‍ച്ചകളും അവസാനിക്കാറുള്ളത്. അണിയലങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും അനുഷ്ഠാന പരിസരങ്ങള്‍ക്ക് പുറത്തു കെട്ടുന്നതിലൂടെയും ധന സമ്പാദനമെന്ന ലക്ഷ്യത്തില്‍ മാത്രം ഒരു ചെറിയ ശതമാനം തെയ്യക്കാര്‍ തെയ്യത്തിന്റെ ഇത്തരം വികൃതമായ, അതിന്റെ സ്വത്വത്തെ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് കൂട്ട് നില്‍ക്കുന്നുണ്ട്. അത് യാഥാര്‍ഥ്യമാണ്. പക്ഷെ അത് മാത്രമാണോ പുത്തന്‍ പേക്കോലങ്ങളുടെ വര്‍ദ്ധനവിന് കാരണം.
1960 കള്‍ മുതല്‍ തെയ്യങ്ങള്‍ പല വേദികളില്‍ അവതരിപ്പിച്ചുവെങ്കിലും അതൊന്നും ഇന്ന് കാണുന്ന വിധത്തില്‍ തീര്‍ത്തും വ്യാപകമായോ വികൃതമായോ കച്ചവട സാധ്യത മുന്‍നിര്‍ത്തിയോ മാത്രമായിരുന്നില്ല. ഇത്രയുമധികം വ്യാജന്മാര്‍ തെയ്യത്തെ അപ്പാടെ വിഴുങ്ങുമെന്ന് അന്നുള്ളവര്‍ കരുതിയിട്ടുമുണ്ടാകില്ല. പെരുകി വരുന്ന വ്യാജ തെയ്യങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ പോലും കെല്‍പ്പില്ലാതെ ദുര്‍ബലമായി നില്‍ക്കുകയാണ് യഥാര്‍ത്ഥ തെയ്യക്കാരുടെ കൂട്ടം. തങ്ങളുടെ സ്വത്വം നശിക്കുന്നത് തിരിച്ചറിഞ്ഞ ചിലരുടെ പ്രതികരണങ്ങള്‍ ഉണ്ടായെങ്കിലും അതുകൊണ്ടൊന്നും വ്യാജന്മാരുടെ കുത്തൊഴുക്കിനെ തടയാന്‍ കഴിഞ്ഞില്ല. തെയ്യക്കാരെയും മറികടക്കുന്ന, യാതൊരു വിധ തെയ്യ അനുഷ്ഠാന രീതികളും അറിയാത്ത പുതിയ സംഘങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. PHOTO: PRASOON KIRAN
അധികം വൈകാതെ യഥാര്‍ത്ഥ തെയ്യം ഉപജീവനമാക്കിയവരെ മറികടക്കും വിധം ശക്തമായി സംഘടനകളടക്കം രൂപീകരിക്കപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ ലോകം മുഴുവന്‍ തെയ്യത്തെ കൊന്നു നടക്കാന്‍ സാധ്യതയുള്ളത്രയും ശക്തമായി തീര്‍ന്നിട്ടുണ്ട് അതിന്റെ വലുപ്പം. മുന്‍പ് പൊതുവേദികളില്‍ തെയ്യം കെട്ടിയ ചില തെയ്യക്കാരെ ഇനി തങ്ങളുടെ കാവുകളില്‍ ദൈവമായി വേണ്ടായെന്നു ചില സമുദായങ്ങളും കാവ് കമ്മിറ്റികളും തീരുമാനങ്ങളെടുത്തിരുന്നു. പക്ഷെ വഴി വെട്ടിയവര്‍ പിന്നാലെ വരാനിരിക്കുന്ന ഈ വലിയ അപകടങ്ങളെ അറിഞ്ഞില്ല. എന്നാലിത് നടന്നു കഴിഞ്ഞപ്പോഴും ഇങ്ങനെ സംഭവിക്കാനുണ്ടാകുന്ന കാരണങ്ങളെ പരിശോധിക്കാനോ അതിനു വേണ്ട വിധത്തില്‍ പരിഹാരം കാണാനോ കാവ് കമ്മിറ്റികളോ തെയ്യം സ്‌നേഹികളോ തീരെ ശ്രമിച്ചതുമില്ല. പൊതു വേദികളില്‍ തെയ്യങ്ങള്‍ എത്താനുണ്ടായ കാരണമെന്തെന്ന് പരിശോധിച്ചാല്‍ പ്രധാനമായും, പരോക്ഷമായി കാവുകളില്‍ തെയ്യക്കാര്‍ സാമ്പത്തികമായും മാനസികമായും നേരിടുന്ന വലിയ പ്രശ്‌നങ്ങളെക്കുറിച്ചു വിവരിക്കേണ്ടി വരും.
രണ്ടായിരത്തിന്റെ തുടക്കം മുതലുണ്ടായ സമൂഹത്തിലെ സാമ്പത്തിക ഉന്നതി മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് ഓരോ സമുദായങ്ങളും തങ്ങളുടെ കാവുകളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയായിരുന്നു. കാവുകളെന്ന ജൈവിക ആവാസ വ്യവസ്ഥയെപ്പോലും തകര്‍ക്കുന്ന തരത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും മഹാക്ഷേത്രങ്ങളുമാണ് തങ്ങളുടെ കാവുകള്‍ എന്ന് വരുത്തിതീര്‍ക്കാനായി ലക്ഷങ്ങള്‍ ചിലവിട്ട് തന്ത്രിമാരുടെയും പരിവാരങ്ങളുടെയും എഴുന്നള്ളിപ്പും അതുവരെയില്ലാത്ത തരത്തില്‍, മധുവും മാംസവും നൈവേദ്യമാകുന്ന കാവുകളെ ക്ഷേത്ര രീതികളിലേക്ക് മാറ്റി മറിക്കുന്നതും ഈ സാമ്പത്തിക ഉന്നമനത്തിനു പിന്നാലെയുണ്ടായി. തെയ്യങ്ങളുടെ സ്വാഭാവികമായ ജീവിതത്തിനു മേല്‍ ഈ ചിന്താധാരകള്‍ പിടിമുറുക്കുകയും പതിയെ പതിയെ കാവ് എന്ന സങ്കല്പം ശുഷ്‌കമായി മാറുകയും ചെയ്തു. എന്നാല്‍ കാവുകളുടെ ഇത്തരം വലിയ സാമ്പത്തിക വളര്‍ച്ചകള്‍ തെയ്യക്കാരന് വലിയ ഗുണമൊന്നും വരുത്തിയില്ല. ആഘോഷ കമ്മിറ്റി എന്ന പേരില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു വലിയ തുകകള്‍ മുടക്കി കാവുകള്‍ തമ്മില്‍ ഗാനമേളകള്‍ നടത്തിയും വെടിക്കെട്ടുകള്‍ നടത്തിയും മത്സരിക്കുമ്പോള്‍ തെയ്യക്കാരന്‍ തൊണ്ട പൊട്ടി ജീവിതത്തെക്കുറിച്ചു പാടുന്നത് കാവിലെ ദൈവം പോലും കേട്ടില്ല. കേള്‍ക്കാവുന്ന വിധത്തില്‍ ഉച്ചത്തില്‍ ചോദിച്ചവര്‍ക്കൊക്കെ വിലക്കുകളോ പരിഹാസങ്ങളോ മാത്രം ലഭിച്ചു. തെയ്യക്കാരന്‍ കോളിന് വരുമ്പോള്‍ ആഘോഷ കമ്മിറ്റി വേറെയാണെന്നും കാവ് കമ്മിറ്റിക്ക് വരുമാനങ്ങളില്ലായെന്നും പറഞ്ഞു ജാതി മേല്‍ക്കോയ്മകള്‍ പൊട്ടിച്ചിരിച്ചു. തെയ്യം നടക്കുന്നതിനാല്‍ മാത്രമാണ് ഒരു കാവിനു നിലനില്‍ക്കേണ്ട എല്ലാ ചിലവുകളും നടക്കുന്നതെന്ന് നടത്തിപ്പുകാര്‍ ഓര്‍ക്കാറേയില്ല. ഒരു കാവിനുമേല്‍ വരുത്താവുന്ന മാറ്റങ്ങള്‍, ഷീറ്റ് ഇടുക തിരുമുറ്റം കല്ല് പാകുക തുടങ്ങിയ പ്രവര്‍ത്തികള്‍ വ്യാപകമായി വന്നു കൊണ്ടിരിക്കുന്ന കാലമായപ്പോഴേക്കും തെയ്യക്കാരുടെ സ്വരങ്ങള്‍ പുറത്തു കേട്ട് തുടങ്ങുകയും ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങുകയും ചെയ്തുവെങ്കിലും ദിനംപ്രതി മലകയറുന്ന ജീവിത ചിലവുകള്‍ കൊണ്ട് ഇപ്പോഴും അവരുടെ കഠിനതരമായ ജീവിതത്തെയും മറ്റു ദിവസങ്ങളിലുള്ള വരുമാനമില്ലായ്മയെയും അപേക്ഷിച്ച് അതെല്ലാം തുച്ഛമായി മാറുകയാണുണ്ടായത്. PHOTO: PRASOON KIRAN
ഏകദേശം രണ്ടായിരത്തോളം ആള്‍ക്കാര്‍ തെയ്യം ഉപജീവനമാക്കി കൊണ്ടുനടക്കുന്നുണ്ടെന്ന് കണക്കുണ്ട്. സമൂഹത്തില്‍ 'പണം വാരികൊണ്ടു പോകുന്നു' എന്ന് പരിഹാസത്തോടെ വിശേഷിപ്പിക്കപ്പെടുന്ന തെയ്യക്കാരുടെ വരുമാനം നോക്കിയാല്‍ പോലും ഒരു സാധാരണ മനുഷ്യന് ഒരു വര്‍ഷം ജീവിച്ചു പോകാനുള്ള തുക മിച്ചമുണ്ടാകാറില്ല എന്നത് യാഥാര്‍ഥ്യമാണ്. ഓരോ പ്രദേശങ്ങളിലും ജന്മാവകാശമായി തെയ്യം കെട്ടാന്‍ ഓരോ തെയ്യക്കാരനുണ്ടാകും. അങ്ങനെ ഒരു പ്രധാന തെയ്യക്കാരന് തന്റെ ജന്മാവകാശമായി കൊണ്ട് നടക്കാന്‍ കൂടി വന്നാല്‍ പത്തോളം കാവുകളുണ്ടാകും. ഒരു കാവില്‍ നാല് മുതല്‍ ആറ് വരെ തെയ്യങ്ങള്‍ കെട്ടിയാടാനുമുണ്ടാകും. സഹായികളടക്കം പത്തു പേരെങ്കിലുമുണ്ടായാലെ വലിയ കുഴപ്പമില്ലാതെ ഒരു കാവിലെ തെയ്യം നടത്തിക്കൊണ്ട് പോകാനാകു. ഇരുപതിനായിരമോ ഇരുപത്തിയഞ്ചായിരമോ ആണ് ആകെ 'കോള്‍' ആയി ലഭിക്കുക. അതിലും വളരെ കുറവാണ് മിക്കവാറും കാവുകളില്‍ ഉള്ളതെങ്കിലും ഏറ്റവും കൂടുതല്‍ വരുമാനം നല്‍കിയാലും എന്താണ് തെയ്യക്കാരന്റെ സ്ഥിതിയെന്നു പരിശോധിക്കാനാണ് ഈ കണക്കുകള്‍ വിവരിക്കുന്നത്. യാഥാര്‍ഥ്യം ഇതിലും കടുത്തതാണ്. ഉറക്കമൊഴിഞ്ഞുള്ള രണ്ടോ മൂന്നോ മുഴവന്‍ ദിവസത്തെ വലിയ കായികവും മാനസികവുമായ അദ്ധ്വാനത്തിനു ശേഷം കോളും തൊഴുത് വരവെന്ന് പറയുന്ന ഭക്തര്‍ നല്‍കുന്ന ദക്ഷിണ പണവും കണക്ക് കൂട്ടിയാല്‍ തന്നെ സഹായികള്‍ക്കടക്കം ഒരു ദിവസത്തെ കൂലിപ്പണി കഴിഞ്ഞാല്‍ കിട്ടുന്ന അത്രയും തുക മാത്രമേ വീതിച്ചെടുക്കാനുണ്ടാകൂ. ഏറ്റവും കൂടുതല്‍ തെയ്യം കെട്ടിയാടുന്ന ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ആറു മാസക്കാലം ഇങ്ങനെ കാവുകളില്‍ സഹായിയായും പ്രധാന തെയ്യക്കാരനായും പോയാല്‍ കിട്ടുന്ന വരുമാനം കണക്ക് കൂട്ടുമ്പോള്‍ ആ സീസണ്‍ സമയത്ത് ജീവിക്കാമെന്നല്ലാതെ തെയ്യം കഴിഞ്ഞ ശേഷമുള്ള തെയ്യക്കാരന്റെ ജീവിതത്തെക്കുറിച്ചു ആരുമൊന്നും അറിയാറില്ല. എല്ലാവര്‍ക്കും അവരവരുടെ കാവുകളില്‍ ഭംഗിയുള്ള തെയ്യങ്ങള്‍ വേണം. അണിയലത്തിന്റെ ശോഭയാണ് തെയ്യങ്ങളുടെ ഭംഗി നിര്‍ണ്ണയിക്കുന്നത്. വെള്ളിയിലും മരത്തിലും തീര്‍ക്കുന്ന അണിയലങ്ങള്‍ പുതുക്കുകയും ഓരോ വര്‍ഷവും ചിലത് പുതിയതായി ഉണ്ടാക്കുകയും വേണം. ഭാരിച്ച ചിലവുള്ള ഏര്‍പ്പാടാണ് അണിയല നിര്‍മ്മാണവും പുതുക്കലും. അത് തെയ്യങ്ങള്‍ നടത്തുന്ന കാവുകളിലെ അധികാരികള്‍ക്ക് തീരെ പരിചയമില്ലാത്ത ഒന്നാണ്. തെയ്യം വ്യാപകമായി കെട്ടിയാടാത്ത മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയങ്ങളിലാണ് അണിയലങ്ങള്‍ പുതിയതായി ഉണ്ടാക്കുന്നതും നിലവിലുള്ളത് പുതുക്കുകയും ചെയ്യുന്നത്.
ഒരു തെയ്യക്കാരന് ഒരു വര്‍ഷം അണിയലത്തിനു തന്നെ ഒന്ന് മുതല്‍ രണ്ടു ലക്ഷം വരെ രൂപ ആവശ്യമുണ്ട്. അണിയലങ്ങള്‍ സ്വന്തമായി ഇല്ലാത്തവര്‍ വാടകയ്ക്ക് അത് വാങ്ങിയാണ് തെയ്യങ്ങളാകുന്നത്. അങ്ങനെയാണെങ്കില്‍ പിന്നെ കോള് കിട്ടുന്ന പകുതിയിലധികം തുകയും വാടക കൊടുക്കാന്‍ മാത്രമേ തികയു. സീസണ്‍ സമയത്ത് തെയ്യത്തില്‍ ജീവിച്ചു കഴിയുമ്പോഴേക്കും തെയ്യക്കാരന്‍ ഏറെക്കുറെ ദരിദ്രനായി മാറിയിട്ടുണ്ടാകും. അപ്പോള്‍ സാധാരണ ജീവിതം നയിക്കാന്‍ തന്നെ പ്രയാസപ്പെടുന്ന അവനു കടം വാങ്ങി വേണം അണിയല നിര്‍മ്മാണവും പുതുക്കലും നടത്തേണ്ടത്. തെയ്യമില്ലാത്ത സമയങ്ങളില്‍ ഒരു ജോലിക്ക് പോകുക എന്നത് തെയ്യക്കാരനെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമാണ്. ഒന്ന് ആരോഗ്യപരമായി, അദ്ധ്വാനമുള്ള ജോലികള്‍ ചെയ്താല്‍ തെയ്യത്തിനു വേണ്ട കരുത്ത് ഇല്ലാതാകും. മറ്റൊന്ന് തെയ്യം കൂടാതെ ജന്മാധികാരമുള്ള കാവുകളില്‍ പല ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വരിക, നേര്‍ച്ചയായി വല്ലപ്പോഴും വീടുകളില്‍ കെട്ടിയാടുന്ന മുത്തപ്പന്‍ പോലുള്ള തെയ്യങ്ങള്‍ ഏല്‍ക്കേണ്ടി വരിക എന്നീ കാരണങ്ങള്‍ കൊണ്ട് സ്ഥിരമായ ഒരു ജോലിയും ചെയ്യുക മുഴുവന്‍ സമയ തെയ്യക്കാരന് അപ്രാപ്യമായ സംഗതിയാണ്. അതിനാല്‍ കടങ്ങളില്‍ വലയുന്ന വളരെ ചെറിയ ശതമാനം തെയ്യക്കാരെങ്കിലും ഇട സമയങ്ങളില്‍ അണിയലങ്ങള്‍ ചോദിക്കുന്നവര്‍ക്ക് കൊടുക്കുകയും തങ്ങള്‍ക്ക് ജീവിതത്തിന് ഉതകുന്ന എന്തെങ്കിലും വരുമാനം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാലാണ് പൊതുപരിപാടികളില്‍ വന്നുപോകുന്ന ഷോ തെയ്യങ്ങളെല്ലാം തെയ്യത്തിന്റെ രൂപം അണിയുന്നതിനു കാരണമാകുന്നത്. എന്നാല്‍ ഭൂരിഭാഗം തെയ്യക്കാരും ഇപ്പോഴിതൊന്നും ചെയ്യാറില്ല എന്നതാണ് വസ്തുത. ആ കാലങ്ങള്‍ കഴിഞ്ഞു പോയി. പകരം വ്യാജമായി നിര്‍മ്മിക്കപ്പെട്ട സമിതി തെയ്യങ്ങള്‍ക്ക് യഥാര്‍ത്ഥ തെയ്യക്കാരന് സ്വന്തമായി വില കൊടുത്തു വാങ്ങാന്‍ കഴിയാത്ത അണിയലങ്ങള്‍ വാങ്ങാന്‍ കഴിവുണ്ടായിരിക്കുന്നു. തെയ്യമെന്നു തെറ്റിദ്ധരിപ്പിച്ചു രൂപമുണ്ടാക്കി കരാറടിസ്ഥാനത്തില്‍ തെയ്യത്തെ മാര്‍ക്കെറ്റില്‍ വിപണനം ചെയ്യുന്ന തെയ്യം കലാസമിതികളും വലിയ തെയ്യ സംഘങ്ങളും ഉയര്‍ന്നു വന്നതിനു ശേഷമാണ് അതിമാരകമായി തെയ്യം തെരുവില്‍ ഇങ്ങനെ അപമാനിക്കപ്പെട്ടു തുടങ്ങിയത്. ഈയടുത്താണ് ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ തെയ്യത്തിന്റെ രൂപ സാദൃശ്യമുള്ള വേഷമണിഞ്ഞു സാധനങ്ങള്‍ കയ്യിലുണ്ടെന്നു പറയുന്നത് പോലെ ഞങ്ങളുടെ കയ്യില്‍ കുറത്തിയുണ്ട്, ഘണ്ഠാകര്‍ണ്ണനുണ്ട് എന്നൊക്കെ ഒരാള്‍ ടി വി മൈക്കിന് മുന്‍പില്‍ വിളിച്ചു പറഞ്ഞത്. തെക്കന്‍ ജില്ലകളില്‍ വ്യാപകമായി അമ്പല പരിസരങ്ങളിലും മറ്റും സംഘടിപ്പിക്കുന്ന വ്യാജ തെയ്യങ്ങള്‍ കൂടാതെ അനുഷ്ഠാനപരമായി തെയ്യം കെട്ടുന്നു എന്ന പരസ്യത്തോടെ എല്ലാവരെയും കമ്പളിപ്പിച്ചു കൊണ്ട് ചെറിയ ശതമാനം തെയ്യക്കാരും പൊതുവേദികളില്‍ തെയ്യം കെട്ടുന്നുണ്ട്. അതീവ വ്യാജനും തെയ്യത്തിന്റെ ചടങ്ങുകളിലെ ചെറിയ പതിപ്പുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ട വ്യാജനും ചേര്‍ന്ന് ആകെ കൂടി തെയ്യമെന്താണെന്നു മനസ്സിലാക്കാന്‍ കഴിയാത്ത വിധം കലര്‍ന്ന് കിടക്കുകയാണ്. ഈ തെയ്യ വേഷങ്ങള്‍ കൂടാതെ വലിയ രീതിയില്‍ പരസ്യം ചെയ്യപ്പെടുന്ന 'അനുഷ്ഠാനപരമായ തെയ്യം കെട്ടല്‍' എത്രത്തോളം സാധ്യമാണ് എന്ന് പരിശോധിക്കാം. PHOTO: PRASOON KIRAN
ഐതീഹ്യപരമായ കാരണങ്ങള്‍ കൊണ്ട് മാത്രമല്ല തെയ്യങ്ങള്‍ ഒരു പ്രത്യേക ദേശത്തിനു പുറത്തു കെട്ടിയാടാന്‍ കഴിയില്ല എന്ന് പറയുന്നത്. അതിനു സാംസ്‌കാരിക പരമായ, ചരിത്രപരമായ കാരണങ്ങള്‍ കൂടിയുണ്ട്. ഒരു തെയ്യം തന്നെ അതിന്റെ അനുഷ്ഠാന ഭൂമിക്കുള്ളില്‍ വ്യത്യസ്ത കാവുകളില്‍ രണ്ടു രീതികളിലാണ് ഇടപെടുക, കെട്ടിയാടുക. ദേശം, കാവിന്റെ പ്രത്യേകത, സാമുദായികപരമായ അതിന്റെ ഇടപെടല്‍ എന്നിവ ഉള്‍പ്പെടുന്നതിനാലാണത്. പെരുമ്പട്ട പള്ളിയില്‍ കയറി വാങ്ക് വിളിക്കുന്നത് ശ്രവിച്ച് 'എനിക്കിത് കര്‍ണ്ണാനന്ദകരമാണെന്ന്' ഒരു വിഷ്ണുമൂര്‍ത്തി തെയ്യത്തിനും തങ്ങളുടെ ദേശത്തിനു പുറത്തു പോയി ഒരു പള്ളിയിലും കയറി പറയാന്‍ കഴിയില്ല. ചാണത്തലയന്‍ മാപ്പിളയ്ക്ക് കുഞ്ഞിമംഗലം മുച്ചിലോട്ട് കാവിലുള്ള ചില പ്രത്യേക അവകാശങ്ങള്‍ പോലെ, പുതുതായി ഉണ്ടാക്കുന്ന ഒരു തെയ്യസ്ഥലത്തും ഒരു അന്യമതക്കാരനും വന്നിടപെടാന്‍ കഴിയില്ല. അനുഷ്ഠാനപരമായി തെയ്യം കെട്ടുന്നു എന്ന വാദം പൊളിയുന്നത് ഇത്തരം സംഗതികളിലാണ്. തീയന്റെ കലശമില്ലാതെ, ജാതി ശ്രേണിയിലെ ഓരോരുത്തര്‍ക്കുമുള്ള അവകാശങ്ങള്‍ പൂര്‍ത്തീകരിക്കാതെ ചെണ്ട കൊട്ടുകയും തുള്ളുകയും മാത്രം ചെയ്താല്‍ തെയ്യം അനുഷ്ഠാനപരമായി പൂര്‍ത്തീകരിക്കപ്പെടുന്നില്ല. ഓരോ തെയ്യങ്ങള്‍ കെട്ടുമ്പോഴും പുറമെ കാണാത്ത പരസ്പ്പരം ബന്ധിപ്പിക്കുന്ന കുറെയേറെ കണ്ണികള്‍ തെയ്യത്തിനുണ്ട്. അത് അറിയണമെങ്കിലും തെയ്യത്തിന്റെ യഥാര്‍ത്ഥ സ്വത്വം, അതിന്റെ ജീവന്‍ എന്താണെന്ന് മനസ്സിലാക്കണമെങ്കിലും എല്ലാവിധ സ്വാതന്ത്ര്യത്തോടെയും അത് വിഹരിക്കുന്ന കാവുകളില്‍ നോക്കണം. കാവുകളില്‍ അനുഷ്ഠാനപരമായി തന്നെയാണോ തെയ്യങ്ങള്‍ കെട്ടുന്നതെന്ന മറു ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. ക്ഷേത്ര രീതികളിലേക്ക് കാവുകള്‍ ഉയരുന്നുവെന്ന പരാതികള്‍ നില നില്‍ക്കുമ്പോഴും അത് ഇതുമായി ബന്ധപ്പെടുത്താതെ അതിലും ഗൗരവപരമായ, നിലനില്‍പ്പിന്റെ പ്രശ്‌നത്തെ കണ്ടില്ലായെന്നു നടിക്കുന്നത് ഗുണകരമാകില്ല. തെയ്യത്തിന്റെ കഠിനമായ ജീവിതമോ അതിന്റെ പിന്നിലെ യഥാര്‍ത്ഥ ചരിത്ര, ഐതീഹ്യങ്ങളോ സാമൂഹികമായ ഇടപെടലുകളോ ദര്‍ശനങ്ങളോ മനസ്സിലാക്കാതെ അതൊരു വേഷം കെട്ടലാണെന്നു ധരിച്ചു കണ്ടാല്‍ ഒരു കലയായി മാത്രം അതിനെ ദര്‍ശിക്കേണ്ടുന്ന അവസ്ഥ വൈകാതെ വരും.
ഏതുതരം കലയും മനുഷ്യന്റെ ആസ്വാദനത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ തെയ്യം വെറും കല മാത്രമാകരുതെന്നു പറയാനുള്ള പ്രധാന കാരണം കലയിലെ പോലെ വേര്‍തിരിച്ചു കാണാവുന്ന ഒന്നും യഥാര്‍ത്ഥത്തില്‍ തെയ്യത്തില്‍ ഇല്ലായെന്നതാണ്. എല്ലാ കലകളുടെയും സമന്വയമാണ് തെയ്യം. ഏതെങ്കിലും സ്ഥലത്ത് രസിപ്പിക്കാനായി ഒരു കലയെയും അത് പ്രത്യേകമായി എടുത്തു കാട്ടുന്നില്ല. സംഭവിക്കുന്ന, തെയ്യം എന്ന ആകെയുള്ള സിസ്റ്റത്തില്‍ ഓരോന്നും സ്വാഭാവികമായി വന്നു പോകുന്നു എന്ന് മാത്രം. കൂടാതെ ആസ്വാദനമെന്ന പ്രക്രിയ തെയ്യത്തിലെവിടെയും ദര്‍ശിക്കാന്‍ കഴിയില്ല. അത് പ്രാചീന മനുഷ്യരുടെ ഗോത്രജീവിതത്തിന്റെ ഓര്‍മ്മകളില്‍ നിന്നും മുന്‍പില്‍ കാണുന്ന മനുഷ്യരോട് സ്വയം ദൈവമായി ഇടപെടുന്ന ഒന്നാണ്. അതിനാല്‍ എത്ര കാണികളുണ്ട്. ഇനി കാണികള്‍ ഇല്ലേ എന്നൊന്നും തെയ്യത്തിന്റെ ആവശ്യങ്ങളില്‍ പെട്ട ഒന്നേയല്ല. ആളുകള്‍ ഉണ്ടായാലും ഇല്ലെങ്കിലും തെയ്യം അതിന്റെ കലാശങ്ങളും ചടങ്ങുകളും പൂര്‍ത്തീകരിച്ചിരിക്കും. നൃത്തം വെയ്ക്കുക, തീ കൊണ്ട് സാഹസികത കാട്ടുക എന്നത് മാത്രമാണ് തെയ്യമെന്നു ധരിക്കാന്‍ ഇടവരുത്തുന്നതാണ് അനുഷ്ഠാന ഭൂമികക്ക് പുറത്തു കെട്ടുന്ന പേക്കോല നിര്‍മ്മിതിയുടെ അപകടം.PHOTO: PRASOON KIRAN
ചുറ്റുമുള്ള സമൂഹങ്ങളെയെല്ലാം ഒന്നിച്ചു നിര്‍ത്തുന്ന വലിയ കൂട്ടായ്മ ഓരോ കളിയാട്ടങ്ങളിലും സംഭവിക്കുന്നുണ്ട്. ജാതി ശ്രേണിയിലെ എല്ലാ മനുഷ്യരെയും ഒരു കളിയാട്ടത്തില്‍ ഒറ്റക്കെട്ടായി നിര്‍ത്താന്‍ തെയ്യം ശ്രമിക്കുന്നുണ്ട്. പ്രാചീനമായ തൊഴില്‍ പാശ്ചാത്തലങ്ങളെ മുന്‍ നിര്‍ത്തിയാണ് തെയ്യം ആ കൂട്ടായ്മ സംഘടിപ്പിച്ചുകൊണ്ടിരുന്നത്. അതിനാല്‍ തൊഴില്‍ പരമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ജാതിയുടെ ഉച്ച നീചത്വങ്ങളെ, ഒരു സമൂഹത്തില്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് കാട്ടികൊടുക്കാന്‍ കൂടി തുനിഞ്ഞ വലിയ പാരമ്പര്യമാണ് തെയ്യങ്ങള്‍ക്ക് പറയാനുള്ളത്. ജാതി ഇടപെടലുകള്‍ പ്രത്യക്ഷത്തില്‍ ഇല്ലെങ്കില്‍ കൂടിയും തെയ്യമിപ്പോഴും ഒരു സമൂഹ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. പറിച്ചു നടപ്പെടുന്ന, അനുഷ്ഠാനരൂപത്തില്‍ നില്‍ക്കാന്‍ കഴിയാത്ത പേക്കോല നിര്‍മ്മിതികള്‍ക്ക് ചുറ്റുമുള്ള ജനങ്ങളെ ഇങ്ങനെ ഉള്‍കൊള്ളിക്കാനോ ചേര്‍ത്ത് നിര്‍ത്താനോ സാധ്യമല്ല. പകരം അതേതെങ്കിലും സമിതികളുടെ പത്തോ ഇരുപതോ മിനിറ്റ് നിറമുള്ള വേഷം കെട്ടി തുള്ളല്‍ മാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്. കൂടാതെ ഈ അനുഷ്ഠാന പ്രക്രിയയുടെ ഏറ്റവും അവസാനം കാണുന്നതാണ് തെയ്യം. അതിനു മുന്‍പായി വലിയ ഒരുപാട് ചടങ്ങുകള്‍ കോലക്കാരനും മറ്റെല്ലാ വിഭാഗങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇന്ന് കുലത്തൊഴിലുകളൊന്നും ബാക്കിയില്ലായെങ്കില്‍ കൂടിയും തെയ്യത്തിനു ഘടനാപരമായി അത് കെട്ടിയാടുന്ന ആളുകളെപ്പോലെ തന്നെ ചില അനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് ചില പ്രത്യേക വിഭാഗം ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ഒരു തെയ്യം നടക്കുമ്പോള്‍ മേലേരിക്കുള്ള മരം മുറിക്കാന്‍ ആശാരിക്ക് മാത്രമാണ് അവകാശം. ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാന്‍ കൊല്ലനും കലശം വയ്ക്കാന്‍ തീയനും തുടങ്ങിയ ഏത് കര്‍മ്മങ്ങള്‍ക്കും പ്രത്യേക അധികാര, അവകാശങ്ങളുണ്ട്. ആ സിസ്റ്റത്തിന്റെ ആകെ തുകയാണ് തെയ്യം. ഈ വിധ കര്‍മ്മ രൂപീകരണത്തിന്റെ ഘടനാപരമായ കാരണങ്ങള്‍ കൊണ്ടാണ് യഥാര്‍ത്ഥ കാവുകള്‍ക്ക് പുറത്ത്, അല്ലെങ്കില്‍ യഥാര്‍ത്ഥ ഭൂമികയ്ക്ക് പുറത്ത് അനുഷ്ഠാനപരമായി തെയ്യം കെട്ടാന്‍ കഴിയുമെന്ന വാദം പൊള്ളയാകുന്നത്.
പ്രത്യേകമായി എടുത്തു പറയുകയാണെങ്കില്‍ ഒരു തെയ്യം നടക്കുമ്പോള്‍ അതിന്റെ ചടങ്ങുകള്‍ക്ക് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഒരു സമൂഹമാണ് തീയര്‍. മലബാറിലല്ലാതെ തെക്കന്‍ ജില്ലകളില്‍ തീയരെന്ന വിഭാഗമില്ല. ഈഴവര്‍ എന്ന ജാതിയില്‍ തീയര്‍ അറിയപ്പെടുന്നുവെങ്കിലും മലബാറിലെ തീയര്‍ ഈ പറയുന്ന ഈഴവരല്ല. തളിപ്പറമ്പ് രാജരാജേശ്വരനെപ്പോലെ അനന്ത പത്മനാഭനേയോ വൈക്കത്തപ്പനെയോ തമ്മപ്പനായി കരുതി തെയ്യത്തെ ഭൂമിയിലേക്ക്, സ്വശരീരത്തിലേക്ക് വരവിളിച്ചെത്തിക്കാന്‍ തെയ്യക്കാര്‍ക്ക് പറ്റാത്തതും അതിന്റെ അനുഷ്ഠാന ഭൂമികയുടെ ചരിത്രവും ഐതീഹ്യപരവുമായ അനേകം കാരണങ്ങള്‍ കൊണ്ടാണ്. തെയ്യത്തെ രൂപപ്പെടുത്തുന്നതിന് പിന്നില്‍ അനേകം വ്യത്യസ്തവും ഗൂഢവുമായ ചടങ്ങുകളും കര്‍മ്മങ്ങളും ഉണ്ടെന്നു പറയുമ്പോഴും, അതെല്ലാം മാറ്റി നിര്‍ത്തിയാലും ചുരുങ്ങിയത് അനുഗ്രഹം ചൊരിയാന്‍ തങ്ങളുടെ കഥകളോ മറ്റു മൊഴികളോ പറയാന്‍ പോലും ഈ അനുഷ്ഠാന ഭൂമിക്ക് പുറത്തുള്ള തെയ്യങ്ങള്‍ നിസ്സഹായരാകും. കാരണം തെയ്യം പറയുന്ന വാമൊഴികള്‍ അതാത് പ്രാദേശിക ഇടങ്ങളിലെ ദൈവങ്ങളെക്കുറിച്ചും ചില സാംസ്‌കാരിക ചരിത്രങ്ങളെക്കുറിച്ചുകൂടിയായിരിക്കും. അതൊന്നും ഓരോ പ്രത്യേക കാവുകള്‍ക്ക് പുറത്തു തന്നെ പറഞ്ഞു ഫലിപ്പിക്കുക പോലും അസാധ്യമാണുതാനും. അതിനാല്‍ യഥാര്‍ത്ഥ അനുഷ്ഠാനം കാവുകള്‍ക്ക് പുറത്തു സംഭവിക്കുന്നില്ല എന്ന് മാത്രമല്ല പൂര്‍ണ്ണമായും തെയ്യത്തെ കണ്ടു പരിചയിച്ചിട്ടില്ലാത്ത കാണികള്‍ക്ക് മുന്‍പില്‍ അത് വെറുമൊരു വേഷം കെട്ടായി ചുരുങ്ങിപോകുകയും ചെയ്യും. കേരളീയത്തിലെ തെയ്യത്തിന്റെ നോട്ടീസ് | PHOTO: WIKI COMMONS
എന്തെങ്കിലും വേഷമണിഞ്ഞ് ആവേശിച്ചുകൊണ്ടുള്ള വെറുമൊരു തുള്ളലല്ല തെയ്യം. അത് നേരത്തെ പറഞ്ഞപോലെ എല്ലാ പരോക്ഷമായ ചടങ്ങുകളുടെയും അനുഷ്ഠാനത്തിന്റെയും ഏറ്റവും അവസാനമായി അരങ്ങിലെത്തുന്ന ഒന്നാണ്. കെട്ടുന്ന ആളുകള്‍ ഉണ്ടായാല്‍ പോലും തെയ്യം അനുഷ്ഠാനപരമാകുന്നില്ല. അതിനാല്‍ തന്നെ അനുഷ്ഠാനപരമായാണ് തങ്ങള്‍ തെയ്യം കെട്ടുന്നതെന്ന പരസ്യവാചകം ആര് പറഞ്ഞാലും അത് ശരിയായ ഒന്നല്ല. അവരെല്ലാം തെയ്യത്തിന്റെ യാതൊരു വിധ കഠിന ജീവിതങ്ങളും അതിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ ഇടപെടലുകളുടെ പ്രത്യേകതകളും അറിയാതെ, മനസ്സിലാക്കാതെ തെയ്യമെന്ന പേരില്‍ പേക്കൂത്തുകള്‍ നടത്തുകയാണ്. ഒരേസമയം തെയ്യമെന്തെന്നറിയാത്ത ജനങ്ങളും തെയ്യത്തിനെ ദേവതാസങ്കല്‍പ്പമായി കരുതിപ്പോരുന്ന ജനങ്ങളും വഞ്ചിക്കപ്പെടുകയാണ്. സര്‍ക്കാര്‍ തലത്തില്‍ നിന്നും ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് എന്ന് പറഞ്ഞും തെയ്യം വികൃതമായ രൂപങ്ങളില്‍ കെട്ടിയാടിക്കാനുള്ള കരാര്‍ നല്‍കപ്പെടുന്നുണ്ട്. തെയ്യം അതിന്റെ മൗലികവും യാഥാര്‍ഥ്യവുമുള്ള ഇടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഇപ്പോള്‍ തലസ്ഥാനത്തു കേരളീയം പരിപാടിയിലും തെയ്യങ്ങള്‍ ലോറിയില്‍ വന്നിറങ്ങുന്നത്. കേരളത്തിന്റെ ബിംബം കാണിക്കാന്‍ കഥകളിയെയോ ഓട്ടന്‍ തുള്ളലിനെയോ കെട്ടിയിറക്കുന്നത് പോലെ തെയ്യത്തെ ഉപയോഗിക്കാതെ പൊതു പരിപാടികളില്‍ നിന്നും അതിനെ ഒഴിവാക്കി കാണാന്‍ താല്പര്യമുള്ള ജനങ്ങളെ കാവുകളിലേക്ക് ആകര്‍ഷിക്കുന്ന, തെയ്യക്കാര്‍ക്ക് അതില്‍ നിന്നും വരുമാനം എത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനെക്കുറിച്ചോ പറയാനോ ചര്‍ച്ച ചെയ്യാനോ ഫോക് ലോര്‍ പോലുള്ള അക്കാദമികള്‍ ശ്രമിക്കുന്നില്ലായെന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
വലിയ രീതിയില്‍ എല്ലാ പൊതുപരിപാടികളിലും തെയ്യങ്ങള്‍ ഇനിയും ലോറിയില്‍ വന്നിറങ്ങുമെന്നതില്‍ അത്ഭുതമൊന്നുമില്ല. അത് തടയാന്‍ ഊരു വിലക്കുന്നതിനു പകരം തെയ്യക്കാരെ കേള്‍ക്കാനും അവര്‍ക്ക് അത്യാവശ്യമുള്ള, ന്യായമായ വരുമാനം എത്തിക്കാനും സമുദായ കൂട്ടായ്മകളും കാവ് കമ്മിറ്റികളും തയ്യാറാകണം. മനുഷ്യത്വപരമായ ആ സമീപനം ഉണ്ടെങ്കില്‍ ഇത്തരം വികൃത തെയ്യങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും. സര്‍ക്കാര്‍ തലത്തില്‍ ബോധവത്കരണം നടത്തി, ഈ പേക്കൂത്തുകളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കാതെ കാവുകളിലേക്ക് ആളുകളെ നേരിട്ട് എത്തിക്കുകയും അത് വഴിയുള്ള ടൂറിസം വളര്‍ത്തുകയും വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തെയ്യം ഉപജീവനമാക്കിയവര്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ലഭ്യമാക്കാനും ശ്രമിച്ചാല്‍ ആസന്നമായ മരണത്തെ കാത്തു കിടക്കുന്ന തെയ്യങ്ങളെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെയും രക്ഷിക്കാന്‍ കഴിയും. തെയ്യങ്ങള്‍ കെട്ടിയാടുന്ന ആയിരക്കണക്കിന് കാവുകള്‍ ഉത്തരമലബാറിലുണ്ട്. സീസണല്‍ ടൂറിസത്തിന് ഇത്രയും പറ്റിയ സമയം മറ്റൊന്നില്ല. ടൂറിസം വിഭാഗവും ഫോക് ലോര്‍ വിഭാഗവും ചേര്‍ന്ന് അത്തരമൊരു നീക്കം നടത്തിയാല്‍ കാവുകളില്‍ എത്തുന്ന ജനങ്ങള്‍ക്ക് വളരെ കൃത്യമായി യഥാര്‍ത്ഥ തെയ്യങ്ങളെ കാണാനും വരുമാന വര്‍ദ്ധനവ് കൊണ്ട് തെയ്യക്കാരുടെ ജീവിതത്തിനു പച്ചപ്പ് ലഭിക്കാനും കാരണമാകും. വലിയ ചരിത്രമുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച അനുഷ്ഠാനത്തെ നേരിട്ട് അനുഭവിച്ചാല്‍ പിന്നീട് ലോറിയില്‍ ഇറങ്ങുന്ന തെയ്യങ്ങള്‍ താനേ ഇല്ലാതാകും. അല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം തെയ്യം വെറുമൊരു കലയായി മാത്രം ചുരുങ്ങും. വരവിളിക്കുമ്പോള്‍ പാഞ്ഞു വരാന്‍ യഥാര്‍ത്ഥ തെയ്യങ്ങള്‍ ഇല്ലാതെയാകും. തെയ്യത്തിന്റെ രൂപ സാദൃശ്യമുള്ള ശവങ്ങള്‍ ഇനിയും പേക്കൂത്തുകള്‍ നടത്തും. അതിന്റെ വലിയ സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.കേരളീയത്തിൽ തെയ്യങ്ങളെ ലോറിയിൽ നിന്നും ഇറക്കുന്നു | PHOTO:FACEBOOK