TMJ
searchnav-menu
post-thumbnail

Outlook

സന്തോഷ് ട്രോഫി കിരീടത്തിന്റെ അന്‍പതാണ്ടുകള്‍ - കേരള ഫുട്‌ബോളിന്റെ കിതപ്പും ശ്വാസവും

12 Mar 2024   |   5 min Read
പ്രശാന്ത് അച്ചനമ്പലം

1973 ഡിസംബര്‍ 27 ലെ സന്തോഷ് ട്രോഫി ഫൈനല്‍, എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തെ ഫ്‌ളഡ് ലൈറ്റുകളെ നിശ്ചലമാക്കി മുള ഗ്യാലറിയിലെ ആയിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തി ക്യാപ്റ്റന്‍ മണിയുടെ എണ്ണം പറഞ്ഞ മൂന്ന് ഗോളുകളില്‍ റെയില്‍വേസിനെ പരാജയപ്പെടുത്തി കേരളത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തിന് അരക്കെട്ടുറപ്പിച്ച കന്നികിരീടം നേടിയ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വേളയാണിത്.

ഫുട്‌ബോള്‍ ഒരു ജനതയുടെ ആവേശവും ജീവിതത്തിന്റെ ഭാഗവുമായിരുന്നു എന്ന തിരിച്ചറിവുകൊണ്ട് തന്നെയാവണം ആ കിരീടനേട്ടം കേരളം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് ആഘോഷിച്ചതും. 1973 ലെ മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് 2024 മാര്‍ച്ച് അഞ്ച്, അരുണാചല്‍ പ്രദേശിലെ യുപിയ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ നടന്ന 'ഫിഫ സന്തോഷ് ട്രോഫിയില്‍' മിസോറാമിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പുറത്തായി കേരളം തലതാഴ്ത്തി മടങ്ങുന്ന വരെയുള്ള കേരള ഫുട്‌ബോളിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഓരോ ഫുട്‌ബോള്‍ പ്രേമിയും ചിന്തിക്കുന്നുണ്ടാവണം. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിനൊ അസോസിയേഷനൊ കേരള ഫുട്‌ബോളിന് സംഭവിച്ചുകൊണ്ടിരിക്കുന്ന തളര്‍ച്ച തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഫുട്‌ബോള്‍ കള്‍ട്ടുകളുടെ കേരള പറുദീസ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിര്‍ണായക സ്ഥാനം അലങ്കരിച്ചിരുന്ന താരങ്ങളെ വാര്‍ത്തെടുത്തിരുന്ന നാടാണ് കേരളം. അങ്ങനെ ഉയര്‍ന്നുവരാന്‍ ഉള്ള ഒരു അന്തരീക്ഷം മറ്റെല്ലാ കുറവുകള്‍ക്കിടയിലും ഇവിടെ ഉണ്ടായിരുന്നു. തിരുവല്ല പാപ്പന്‍, ഒളിമ്പ്യന്‍ റഹ്‌മാന്‍, ഒ. ചന്ദ്രശേഖര്‍, കെ.ടി ചാക്കോ, ക്യാപ്റ്റന്‍ മണി, സേവിയര്‍ പയസ്, വി.പി സത്യന്‍, കുരികേശ് മാത്യു, സി.വി പാപ്പച്ചന്‍, കെ.പി സേതുമാധവന്‍, വിക്ടര്‍ മഞ്ഞില, യു ഷറഫലി, ഐ. എം വിജയന്‍, ജോപ്പോള്‍ അഞ്ചേരി മുതല്‍ ആസിഫ് സഹീര്‍, എന്‍.പി പ്രദീപ്, മുഹമ്മദ് റാഫി വരെയുള്ള കേരളത്തിന്റെ ഒരു സുവര്‍ണ തലമുറ ഇന്ത്യന്‍ ടീമിന്റെ കരുത്തായിരുന്നു. അവിടെന്നങ്ങോട്ട് ആഷിഖ് കുരുണിയനിലേക്കും സഹലിലേക്കുമായി ആ പേരുകള്‍ ചുരുക്കപ്പെട്ടു.

അതേസമയം, ഐഎസ്എല്‍, ഐ ലീഗുകളിലെ ക്ലബ്ബുകളില്‍ എല്ലാം ഉള്ള മലയാളി സാന്നിധ്യം വിസ്മരിച്ചുകൂടാ. എന്നാല്‍ ഐ.എം വിജയനൊ ജോപ്പോള്‍ അഞ്ചേരിയോ വി.പി സത്യനൊ ഉണ്ടാക്കിയ ഇടത്തേക്ക് എത്തിപ്പെടാന്‍ പിന്നീടാര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ബംഗാളിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ അത്രമേല്‍ ആഘോഷിക്കപ്പെട്ട പേരുകളാണ് ഇവ. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസങ്ങളുമാണ് ഇവര്‍ എന്നതില്‍ തര്‍ക്കമില്ല.

ഐ. എം വിജയന്‍ | PHOTO: WIKI COMMONS
അങ്ങനെയുള്ള ഇടത്തു നിന്നും നാമമാത്രമായ പേരുകളിലേക്ക് കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ എങ്ങനെയാണ് ചുരുക്കപ്പെട്ടത്?. അത് പെര്‍ഫോമന്‍സിനെ മാത്രം അടിസ്ഥാനമാക്കി ആണോ? അല്ലെന്ന് വേണം കരുതാന്‍. താരങ്ങള്‍ വളര്‍ന്ന് വരുന്നതിനുള്ള ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ നോര്‍ത്ത് ഈസ്റ്റ്, ബംഗാള്‍, ഒഡീഷ തുടങ്ങിയ സ്റ്റേറ്റുകളെക്കാള്‍ നമ്മള്‍ പിറകിലായി. ഇവിടങ്ങളില്‍ എല്ലാം മികച്ച സ്റ്റേഡിയങ്ങളും അതാത് സര്‍ക്കാരുകളുടെ ശ്രദ്ധയും വന്നിട്ടുണ്ട്. എന്നാല്‍ നമ്മള്‍ കെഎഫ്എ എന്ന അനക്കമില്ലാത്ത ബോഡിയില്‍ തന്നെ വീണ്ടും വീണ്ടും ഏച്ചുകെട്ടി കാല്പന്തിന്റെ സൗന്ദര്യത്തെ നാശത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ളവര്‍ വന്നാല്‍ ഗുണകരമാവും എന്ന് തന്നെയാണ് പ്രതീക്ഷ.

പ്രാദേശിക ക്ലബ്ബുകളുടെയും ടൂര്‍ണമെന്റുകളുടെയും തകര്‍ച്ച

കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ കുറ്റമറ്റ രീതിയില്‍ നടന്നിരുന്ന ഒരുപിടി മികച്ച ടൂര്‍ണമെന്റുകള്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ നടന്നിരുന്ന ടൂര്‍ണമെന്റുകളാണ് എണ്‍പതുകളിലും തുടര്‍ന്നിങ്ങോട്ടും കാല്‍പന്തുകളിയെ ജനകീയമാക്കുന്നതിനും അതിന്റെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തത്. സ്വതന്ത്ര ഇന്ത്യയ്ക്കു മുന്‍പേ അരങ്ങേറിയിരുന്ന പല ടൂര്‍ണമെന്റുകളും ഇതിലുള്‍പ്പെട്ടിരുന്നു. 1985 മുതല്‍ 1995 വരെയുള്ള കാലയളവില്‍ ഏഴ് തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തിയത്. സന്തോഷ് ട്രോഫി കേരളത്തിന്റെ ഇഷ്ട ടൂര്‍ണമെന്റ് ആവുന്നതിനും ഇത് കാരണമായി.

ഐ-ലീഗ്, നാഗ്ജീ ട്രോഫി, നെഹ്റു കപ്പ്, ജി.വി രാജ ട്രോഫി, ചാക്കോള കപ്പ്, മാമ്മന്‍ മാപ്പിള ട്രോഫി, സിസേഴ്‌സ് കപ്പ്, കേരള ഫുട്‌ബോള്‍ ലീഗ് തുടങ്ങിയ ഒട്ടനവധി ടൂര്‍ണമെന്റുകള്‍ കേരളത്തിലുടനീളം അരങ്ങേറിയിരുന്നു. വളരെ മികച്ച രീതിയില്‍ നടന്നിരുന്ന ഇത്തരം ടൂര്‍ണമെന്റുകളില്‍ പലതും പിന്നീട് നിന്ന് പോവുകയും പലതിന്റെയും ജനപ്രീതി കുറയുകയും ചെയ്തു. നിറഞ്ഞ ഗ്യാലറികളില്‍ നിന്ന് ശൂന്യമായ ഇരിപ്പിടങ്ങളിലേക്ക് പല ടൂര്‍ണമെന്റുകളും മാറിമറിഞ്ഞു.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ വരെ വളരെ ആരാധകവൃന്ദം ഉണ്ടായിരുന്ന പല ക്ലബ്ബുകളും തകര്‍ച്ചയിലേക്ക് പോയി. എഫ്‌സി കൊച്ചിന്‍, എസ്ബിടി (നിലവിലെ എസ്ബിഐ കേരള എഫ്‌സി), വിവ കേരള, ഈഗിള്‍സ് എഫ്‌സി, കെ.എസ്.ഇ.ബി, കേരള പോലീസ്, ടൈറ്റാനിയം എഫ്‌സി, പ്രീമിയര്‍ ടയേഴ്സ്, ജോസ്‌കോ എഫ്‌സി, തുടങ്ങിയ ക്ലബ്ബുകള്‍ കേരളത്തിന്റെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ തീര്‍ത്ത ഓളം വളരെ വലുതാണ്.

കേരള പോലീസ് | PHOTO: FACEBOOK
ആര്‍പ്പുവിളികള്‍ ഒഴിഞ്ഞ ഗ്യാലറികള്‍: കാണികളുടെയും കളിക്കാരുടെയും കളിയഴക് 

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയവും കേരളത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ ഈറ്റില്ലമായിരുന്നു. ഇവിടങ്ങളില്‍ നടന്നിരുന്ന പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് എല്ലാം കളി ആസ്വാദകരുടെ പൂര്‍ണ പിന്തുണ കിട്ടിയിരുന്നു. എന്നാല്‍ ഇന്ന്  ഇവിടങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കൊന്നും കാണികളുടെ തിക്കും തിരക്കുമൊന്നും ഇല്ല. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗോകുലം എഫ്‌സി യുടെ മത്സരങ്ങള്‍ക്കുള്ള കാണികളുടെ പിന്തുണയും കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് വരുന്ന കാണികളുടെ എണ്ണവും താരതമ്യം ചെയ്താല്‍ നമുക്ക് ഇത് മനസ്സിലാവും. നിയോ ലിബറല്‍ കാലത്തെ രണ്ട് ലീഗുകളുടെയും മാര്‍ക്കറ്റിംങ് വളരെ നിര്‍ണായകമാണ്. അതാണ് കാണികളെ പിടിച്ചിരുത്താന്‍ ഏറെക്കുറെ സഹായിക്കുന്നത്. ബ്രോഡ്കാസ്റ്റിംങ് സംവിധാനങ്ങളും പ്രൊമോഷന്‍സും മറ്റു ടൂര്‍ണമെന്റുകള്‍ക്കും കൈവരേണ്ടത് അനിവാര്യമാണ്. 

കോഴിക്കോട് ഒരു കാലത്ത് അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടന്നിരുന്ന ഇടമായിരുന്നു. സന്തോഷ് ട്രോഫിയും നാഗ്ജീ ട്രോഫിയും മാത്രമല്ല 1980 ലെ AFC വുമണ്‍സ് ചാമ്പ്യന്‍ഷിപ്, 1987 ലെ നെഹ്റു കപ്പ് (സോവിയറ്റ് യൂണിയന്‍ ചാമ്പ്യന്മാരായ ടൂര്‍ണമെന്റില്‍ അന്ന് ചൈന, ഈസ്റ്റ് ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, നൈജീരിയ, ബല്‍ഗേറിയ, സിറിയ, ഇന്ത്യ അടങ്ങിയ ദേശീയടീമുകള്‍ എല്ലാം മാറ്റുരച്ചിരുന്നു). ബാബ തുണ്ടെ എന്ന നൈജീരിയന്‍ സ്‌ട്രൈക്കറുടെ നേതൃത്വത്തില്‍ കാണികളുടെ മനംകവര്‍ന്ന വിവ കേരളയുടെ ഹോം ഗ്രൗണ്ട് ആയിരുന്നു കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം.

രണ്ടായിരത്തിപത്തോടു കൂടി പല ടൂര്‍ണമെന്റുകളുടെയും ക്ലബ്ബുകളുടെയും ജനകീയത കുറയുകയും കാണികള്‍ മത്സരങ്ങള്‍ കാണാന്‍ വരാതാവുകയും ചെയ്തു. അത് കേവലം നവലോക ക്രമത്തില്‍ വന്ന മാറ്റംകൊണ്ട് മാത്രമല്ല. ക്ലബ്ബുകളുടെ കേളീശൈലിയും സ്ഥിരതയില്ലായ്മയും എല്ലാം കാണികളെ സ്റ്റേഡിയത്തിലേക്ക് വരുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. മറ്റൊരു പ്രധാന കാരണം ഇത്തരം ടൂര്‍ണമെന്റുകള്‍ക്ക് വേണ്ട രീതിയിലുള്ള സര്‍ക്കാര്‍ സഹായമോ ഇടപെടലുകളോ കിട്ടിയിരുന്നില്ല എന്നതാണ്.

ടര്‍ഫുകളുടെ ലോകത്തെ 'നവ ഫുട്‌ബോള്‍'

വൈകുന്നേരങ്ങളില്‍ പാടത്തും പറമ്പിലും പന്ത് തട്ടിയ തലമുറയില്‍ നിന്ന് ടര്‍ഫുകളുടെ കൂട്ടിലേക്ക് അടയ്ക്കപ്പെട്ട വര്‍ത്തമാന ഫുട്‌ബോള്‍ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ പോലും വിശാലമായ കളിയിടങ്ങള്‍ ഇല്ലാതാവുകയും അത് ടര്‍ഫ് എന്ന ആശയത്തിലേക്ക് എത്തപ്പെടുകയും ചെയ്ത ഒരു സാംസ്‌കാരിക മാറ്റം ഇവിടെ സംഭവിച്ചിട്ടുണ്ട്. ഒരു ടീമില്‍ തന്നെ ഇലവെന്‍സിനു അപ്പുറത്തേക്ക് അംഗസംഖ്യ ഉണ്ടായിരുന്ന പൊടിപിടിപ്പിച്ച കളിയിടങ്ങളില്‍ നിന്നും അഞ്ച് മുതല്‍ ഏഴ് വരെയുള്ള കളിക്കാരുടെ ഇടയിലേക്ക് കളി ചുരുങ്ങി. സ്വന്തമായി ഗ്രൗണ്ട് ഇല്ലാത്തവരും എന്നും പണം നല്‍കി കളിക്കാന്‍ ശേഷി ഇല്ലാത്തവരും ഇവിടങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ടു. അങ്ങനെ ഫുട്‌ബോളിന്റെ ലോകം ചുരുങ്ങിയ ഇടങ്ങളിലേക്ക് മാത്രമായി ഒതുങ്ങിക്കൂടി. എന്നാല്‍ ഇലവന്‍സ് മത്സരങ്ങള്‍ നടക്കുന്ന, അതിന്റെ ശൈലിയും റൂള്‍സും മനസ്സിലാക്കി കളിക്കുന്ന ഇടങ്ങള്‍ ഇല്ലതാനും.

REPRESENTATIVE IMAGE: WIKICOMMONS
ഇത്തരം കളിയിടങ്ങളില്‍ നിന്ന് ഒരു തലമുറതന്നെ മാറ്റപ്പെട്ടു. വൈകുന്നേരങ്ങളില്‍ കളി കാണാന്‍ കൂടി ഇരുന്ന ആ തലമുറ ഇവിടങ്ങളില്‍ ഇല്ലാതായി. വൈകുന്നേരങ്ങളില്‍ നിന്ന് രാത്രികളിലേക്ക് ഗ്രൗണ്ട് ഉണര്‍ന്നു. പക്ഷേ, അപ്പോഴും മുന്‍പ് അതില്‍  ലിംഗപരമായ പ്രശ്‌നമായിരുന്നു എങ്കില്‍ ഇപ്പോ അത് സാമ്പത്തികപരമായ തഴയപ്പെടലിലേക്ക് മാറി. എന്നാല്‍ ലിംഗപരമായി അതിന് കുറച്ചുകൂടി അവസരങ്ങള്‍ വന്നുചേര്‍ന്നു എന്നത് വിസ്മരിച്ചുകൂടാ. അത് പക്ഷേ, എല്ലാവര്‍ക്കും വന്നുചേര്‍ന്നു എന്ന് പറയാന്‍ പറ്റില്ല. അതിലും ക്ലാസ് ഡിഫറെന്‍സ് നിലനിന്നു.

ടര്‍ഫുകളുടെ നിര്‍മാണരീതി കളിക്കാരുടെ ശാരീരികക്ഷമതയെ നിലനിര്‍ത്താന്‍ ഉതകുന്നതല്ലായിരുന്നു. അത് നിരന്തരമായ പരുക്കുകള്‍ക്കും മറ്റും കാരണമായി. ലിഗമെന്റ് ഇഞ്ചുറി വന്ന് ദിനേന ആശുപത്രികളിലെ ഓര്‍ത്തോ വിഭാഗങ്ങളില്‍ കയറി ഇറങ്ങുന്നവരുടെ എണ്ണം കൂടി എന്നതാണ് ടര്‍ഫ് കൊണ്ട് ഉണ്ടായ മറ്റൊരു സ്ഥിതിവിശേഷം. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശമാണ് ഇത്തരം ഗ്രൗണ്ടുകള്‍ ഉണ്ടാവാന്‍ ഇടയായത് എന്നതാണ് അതില്‍ ശ്രദ്ധിക്കേണ്ട കാര്യം. മികച്ച സൗകര്യങ്ങള്‍ ഉള്ള ഗ്രൗണ്ടുകള്‍ ഓരോ പഞ്ചായത്തിലും ചെറിയ കളിയിടങ്ങള്‍ ഓരോ വാര്‍ഡ് തലങ്ങളിലും ഉണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്ന നയരൂപീകരണം

വിവിധ കാലങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി ആവിഷ്‌കരിച്ച പദ്ധതികള്‍ അനവധിയാണ്. അവയില്‍ ചിലതാണ് ഗോള്‍ പ്രൊജക്റ്റ്, കിക്ക്- ഓഫ്, കേരള യൂത്ത് ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ് U-13 തുടങ്ങിയവ. എന്നാല്‍ ഇതൊന്നും കൃത്യമായ പ്ലാനിങ്ങോ നടപ്പില്‍ വരുത്തുന്നതില്‍ കാണിക്കുന്ന വീഴ്ചയോ കാരണം അതിന്റെ ഫലപ്രാപ്തിയില്‍ എത്താതെ പോവുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

ഗ്രാസ് റൂട്ട് ലെവലില്‍ താരങ്ങളെ വളര്‍ത്തികൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ പലപ്പോഴും അര്‍ഹരായ കുട്ടികള്‍ തഴയപ്പെടുന്നതിലേക്കും അസോസിയേഷനിലെ ചിലരുടെ ഇടപെടലുകള്‍ കാരണം ഇഷ്ടക്കാരെ കയറ്റുന്നതും നിരന്തരമായി ഉയര്‍ന്നുവരുന്ന ഒരു ആരോപണമാണ്. സര്‍ക്കാര്‍തലത്തില്‍ കൃത്യമായ ഇടപെടല്‍ ഇല്ലാതെ ഇത്തരം പദ്ധതികള്‍ ഒന്നും നടപ്പില്‍വരുത്താന്‍ കഴിയില്ല എന്നതാണ് നമുക്ക് മുന്നിലുള്ള അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.


REPRESENTATIVE IMAGE: WIKICOMMONS

ഇന്ത്യയില്‍ ബംഗാളുപോലെ ഫുട്‌ബോളിന് വേരോട്ടമുള്ള ഒരു മണ്ണില്‍ ഒരു അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കാനുള്ള സ്റ്റേഡിയം പോലും ഇല്ല എന്നത് ഒരു നഗ്‌ന സത്യമാണ്. 2024 ഫെബ്രുവരിയില്‍ നടന്ന 'കേരള സ്‌പോര്‍ട്‌സ് സമ്മിറ്റിലെ' തീരുമാനങ്ങള്‍ എങ്ങനെയാണ് നടപ്പില്‍വരുത്തുക എന്നത് ഇനിയുള്ള ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് കൂടി നിര്‍ണായകമാണ്. സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമല്ല അതിനെ പരിപാലിക്കുന്നതിലും കേരളം വളരെ ഉദാസീനമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. സന്തോഷ് ട്രോഫി പോലുള്ള മേജര്‍ ടൂര്‍ണമെന്റുകളില്‍ വെറും പങ്കാളിത്തമായി ചുരുങ്ങാതെ മികച്ച മത്സരങ്ങള്‍ കാഴ്ച്ചവെക്കുന്നതിനും മറ്റും സര്‍ക്കാര്‍ ഇടപെടല്‍ കൂടി ആവശ്യമാണ്. മികച്ച ടീമിനെ തെരഞ്ഞെടുത്ത് അയക്കാനും അവര്‍ക്ക് മികച്ച പരിശീലനം നല്‍കാനും പരിശീലകനെ നല്‍കാനും നമുക്ക് സാധിക്കണം. അല്ലാത്തപക്ഷം നമ്മള്‍ ഇനിയും തലതാഴ്ത്തിത്തന്നെ മടങ്ങേണ്ടി വരും എന്നതില്‍ തര്‍ക്കമില്ല. അത്തരത്തിലുള്ള തിരുത്തലുകള്‍ക്കും പദ്ധതികള്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നതിലേക്കും കെഎഫ്എ യും സര്‍ക്കാരും ശ്രദ്ധചെലുത്തുമെന്ന് തന്നെ വിശ്വസിക്കാം. ഫുട്‌ബോള്‍ എന്ന മഹത്തായ ആശയത്തില്‍ നിന്ന് അതിന്റെ ആന്തരികവും ബാഹ്യവുമായ സൗന്ദര്യാത്മകത ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് അത്തരം പ്രതീക്ഷകള്‍ ആണ് ഓരോ ഫുട്‌ബോള്‍ പ്രേമിയുടെയും ഉള്ളില്‍ നിറയുന്നത്.



#outlook
Leave a comment