TMJ
searchnav-menu
post-thumbnail

Outlook

5 ലക്ഷം ഭക്ഷണശാലകളും 179 പരിശോധകരും

06 Jun 2024   |   7 min Read
ഹൃദ്യ ഇ

ഞ്ച് ലക്ഷത്തിലധികം ഹോട്ടലുകളും മറ്റുള്ള ഭക്ഷണശാലകളും, അവയുടെ വൃത്തിയും, വെടിപ്പും ഗുണനിലവാരവും പരിശോധിക്കുവാന്‍ ആകെയുള്ളത് 179 ഉദ്യോഗസ്ഥരാണ്. കേരളത്തില്‍ ഭക്ഷ്യസുരക്ഷാ സംവിധാനത്തില്‍ നിലനില്‍ക്കുന്ന തകരാറുകളുടെ പ്രാഥമിക കാരണം ഇതാണ്.  നിലവില്‍ കേരളത്തിലെ ഭക്ഷ്യസുരക്ഷാ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കാം. കേരളത്തിലെ പതിനാല് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന അഞ്ച് ലക്ഷത്തിലധികം ഭക്ഷ്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിലവില്‍ 725 തസ്തികകളാണുള്ളത്. ഇതില്‍ എന്‍ഫോഴ്സ്മെന്റ് (പരിശോധനകളും നടപടിക്രമങ്ങളും) വിഭാഗത്തിലെ 533 ഉദ്യോഗസ്ഥരില്‍ 405 എണ്ണം മിനിസ്റ്റീരിയല്‍ ജീവനക്കാരാണ്. ബാക്കി വരുന്ന 179 ഉദ്യോഗസ്ഥരാണ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ളത്. 141 ഉദ്യോഗസ്ഥര്‍ മാത്രമാണ് അനലിറ്റിക്കല്‍ വിഭാഗത്തിലുള്ളത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം 544 തസ്തികകളാണ് പുതിയതായി കൂട്ടിച്ചേര്‍ക്കാനുള്ളത്. ഇങ്ങനെ വകുപ്പ് തലത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥ പരിമിതി വ്യക്തമാണ്. എന്നാല്‍ 2009 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച വകുപ്പിലെ പരിമിതികള്‍ 15 വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമില്ലാതെ തുടരുന്നുവെന്നതാണ് ഇന്നത്തെ തകരാറുകളുടെ മുഖ്യകാരണമെന്ന് പറയാം.

ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന പരമോന്നത സ്ഥാപനമായ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്‌സ് ഓഫ് ഇന്ത്യ 2019 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയിലുടനീളമുള്ള ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ ഉദ്യോഗസ്ഥ പരിമിതിയുള്ളതായി പറയുന്നു. കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ് 2022-23 ല്‍ നടത്തിയ പ്രവര്‍ത്തി പഠന റിപ്പോര്‍ട്ടിലെയും പ്രധാന കണ്ടെത്തല്‍ ഉദ്യോഗസ്ഥ പരിമിതിയാണ്. 2020 ലാണ് സര്‍ക്കാരിന്റെ ഈ പഠനം ആരംഭിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥ പരിമിതിയുണ്ടെന്ന നിഗമനത്തിലെത്തി, ചില പരിഹാര മാര്‍ഗങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നല്ലാതെ അത് നടപ്പിലാക്കാനോ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനോ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.


REPRESENTATIONAL IMAGE | WIKI COMMONS
''ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നടക്കുന്നത് സെര്‍ക്കിള്‍ ഓഫീസ് പരിധിയിലാണ്. നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് സര്‍ക്കിള്‍ ഓഫീസുകള്‍ ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്നത്. ഫീല്‍ഡ് തലത്തില്‍ ഒരു പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്താല്‍ അതില്‍ ഹോട്ടല്‍ അടപ്പിക്കുന്നത് വരെയുള്ള അധികാര നടപടികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് മാത്രമാണ് ചെയ്യാന്‍ സാധിക്കുക. പൊലീസിനോ ആരോഗ്യവകുപ്പിനോ ഇടപെട്ട് നടപടിയെടുക്കുന്നതിന് പരിമിതികള്‍ ഉണ്ട്. അതുകൊണ്ടുതന്നെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കേണ്ട ചുമതല ഞാനടക്കമുള്ള 140 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരില്‍ നിക്ഷിപ്തമാണ്. എന്നാല്‍ കേരളത്തിലെ പല സര്‍ക്കിള്‍ ഓഫീസുകളിലും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇപ്പോള്‍ ഇല്ലാത്ത അവസ്ഥ പോലും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള ഓഫീസര്‍മാര്‍ക്ക് അധിക ചുമതലയാണ് ലഭിക്കുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളെ കൃത്യമായി വീക്ഷിക്കാന്‍ നിലവിലെ ഉദ്യോഗസ്ഥരുടെ എണ്ണം മതിയാകാത്ത സാഹചര്യമുള്ളപ്പോഴാണ് അധിക ചുമതല കൂടി ഞങ്ങള്‍ക്ക് ലഭിക്കുന്നതെന്നോര്‍ക്കണം.

മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ കാരണം ഭക്ഷ്യ വിഷബാധാ കേസുകളുടെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷ കാലയളവ് വരെ എടുക്കുന്ന അവസ്ഥയാണുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു നഴ്സ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചിരുന്നു. ആ സംഭവം വലിയ ചര്‍ച്ചയായ സമയത്താണ് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് കേരളത്തിലെ ഭക്ഷ്യസുരക്ഷാ ഓഫീസുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്രമായൊരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉദ്യോഗസ്ഥ പരിമിതി പരിഹരിക്കണമെന്ന് വകുപ്പ് തലത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആ പഠനം നടന്നത്. പഠനത്തില്‍ ഉദ്യോഗസ്ഥ പരിമിതി നിലനില്‍ക്കുന്നതായി ഗവണ്‍മെന്റ് കണ്ടെത്തുകയും ചെയ്തു. പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സംഭവിച്ചതെന്താണ്, ആ റിപ്പോര്‍ട്ട് എങ്ങുമെത്താത്ത അവസ്ഥയിലാണ് ഇപ്പോഴും. ഭക്ഷ്യ സുരക്ഷയ്ക്കായി കാര്യക്ഷമമായ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കപ്പെട്ടാല്‍ അത് നടപ്പിലാക്കാന്‍ ഞാനടക്കമുള്ള ഉദ്യോഗസ്ഥര്‍ തയ്യാറാണ്. എന്നാല്‍ നിലവിലുള്ള സംവിധാനത്തില്‍ പോലും ഞങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്'' ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥ പരിമിതിയെക്കുറിച്ചും സര്‍ക്കാര്‍ ഇടപെടലിലെ അപാകതകളെക്കുറിച്ചും പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഒരു ഭക്ഷ്യസുരക്ഷാ ഓഫീസറുടെ പ്രതികരണമാണിത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അവധിയില്‍ പ്രവേശിക്കുമ്പോഴും തസ്തിക ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലും തൊട്ടടുത്ത സര്‍ക്കിള്‍ ഓഫീസര്‍ക്ക് അധിക ചുമതല നല്‍കുന്ന പ്രവണത വകുപ്പില്‍ നിലനില്‍ക്കുന്നു. ഈ അധിക ചുമതല മാസങ്ങളോളം നീണ്ടുപോകുന്നതായും സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


REPRESENTATIONAL IMAGE | WIKI COMMONS
ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരായ വിമര്‍ശനങ്ങളോട് മലപ്പുറം ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത്ത് പെരേര പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ''ജില്ലയില്‍ ദൈനംദിന പരിശോധനയുടെ ഭാഗമായി സ്പെഷ്യല്‍ സ്‌ക്വാഡുകളെ നിയോഗിച്ചും അല്ലാതെയും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും പരിശോധനകള്‍ നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവരുന്നുണ്ട്.  ഭക്ഷ്യ സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ prosecution, adjudication compounding, improvemet നോട്ടീസ് നല്‍കുകയോ സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ച് ആവശ്യമായ ഘട്ടങ്ങളില്‍ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിക്കുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ എണ്ണം കുറവുള്ളതിനാല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരിമിതികള്‍ നേരിടുന്നുണ്ട്''. ഈ വിഷയത്തില്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകാത്തിടത്തോളം കേരളത്തിലെ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത ഇനിയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും

2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം പ്രാബല്യത്തില്‍ വരുന്നതോടെയാണ് സംസ്ഥാന തലത്തില്‍ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഉന്നതാധികാര സ്ഥാപനമായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 1954 ലെ മായംചേര്‍ക്കല്‍ നിരോധന നിയമം പിന്‍വലിച്ചുകൊണ്ടാണ് 2006 ലെ ഭക്ഷ്യസുരക്ഷാ നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മായംചേര്‍ക്കല്‍ നിരോധന നിയമം നിലവിലുണ്ടായിരുന്ന സമയത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ ഭാഗമായിരുന്ന പിഎഫ്എ (Prevention of Food Adulteration) ശാഖയെ മാറ്റി ഭക്ഷ്യസുക്ഷാ കമ്മീഷണറേറ്റ് രൂപീകരിക്കുകയായിരുന്നു. പിഎഫ്എ യുടെ കീഴിലായിരുന്ന ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളും അനലിറ്റിക്കല്‍ ലാബുകളുടെ പ്രവര്‍ത്തനങ്ങളും ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന് കീഴിലാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 2009 മുതലാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. ഘടന പരിശോധിക്കുമ്പോള്‍ എന്‍ഫോഴ്സ്മെന്റ്, അനലിറ്റിക്കല്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ആകെ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ഓഫീസുകളുടെ എണ്ണം 163 ആണ്. ഫീല്‍ഡ് തല പരിശോധനകള്‍ ഏകോപിപ്പിക്കുന്ന പ്രധാനപ്പെട്ട സര്‍ക്കിള്‍ ഓഫീസുകളുടെ എണ്ണം 140 ഉം. അഞ്ച് അനലിറ്റിക്കല്‍ ലബോറട്ടറികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം നിക്ഷിപ്തമായിരിക്കുന്നത് വകുപ്പ് തലവനായ ഭക്ഷ്യസുരക്ഷാ കമ്മീഷണറിലാണ്. ഭരണപരവും നിയമപരവുമായ കാര്യങ്ങളും, മേഖലാ, ജില്ലാ, സര്‍ക്കിള്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍, അനലിറ്റിക്കല്‍ ലാബുകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങളാണ് കമ്മീഷണറേറ്റിന് കീഴില്‍ വരുന്നത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ മേഖലാ ഓഫീസുകള്‍ വഴിയാണ് ജില്ലാതല എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളും ഐഇസി (information, education, communication) പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകളാണുള്ളത്. നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരവും ഈ ഓഫീസുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ അസിസ്റ്റന്റ് കമ്മീണര്‍ മേല്‍നോട്ടം വഹിക്കുന്ന ജില്ലാ ഓഫീസുകളാണ് അടുത്ത തലത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ്, രജിസ്ട്രേഷന്‍, ഏകോപനം മുതല്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ നിരോധനം, ശേഖരിച്ച സാമ്പിളിന്റെ കൈവശാധികാരിയായി പ്രവര്‍ത്തിക്കുക തുടങ്ങിയ സുപ്രധാന ചുമതലകളാണ് ജില്ലാ ഓഫീസുകള്‍ക്ക് കീഴില്‍ വരുന്നത്. ഭക്ഷ്യസുരക്ഷാ സംബന്ധമായ സംസ്ഥാനതല പ്രോഗ്രാമുകള്‍ക്കുള്ള ഫണ്ടിന്റെ വിനിയോഗ ചുമതലും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന് കീഴിലാണ്.


REPRESENTATIONAL IMAGE | WIKI COMMONS
ഭക്ഷ്യസുരക്ഷാ ഗുണനിലവാര ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നടപ്പിലാക്കപ്പെടുന്നത് പ്രധാനമായും ഓരോ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന 140 ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസുകള്‍ വഴിയാണ്. ഒരു ഭക്ഷ്യസുരക്ഷാ ഓഫീസര്‍, ഒരു ക്ലര്‍ക്ക്, ഒരു ഓഫീസ് അറ്റന്‍ഡന്റ് എന്നതാണ് സര്‍ക്കിള്‍ ഓഫീസുകളുടെ ഘടന. 140 ഓഫീസുകളിലും ക്ലര്‍ക്ക് തസ്തിക ഉണ്ടെങ്കിലും ഓഫീസ് അറ്റന്‍ഡന്റ് തസ്തികയുള്ളത് 87 ഓഫീസുകളില്‍ മാത്രമാണ്. രജിസ്ട്രേഷന്‍, ലൈസന്‍സ് അപേക്ഷകളില്‍ പ്രീ ലൈസന്‍സ് ഇന്‍സ്പെക്ഷന്‍ നടത്തി ഉന്നത ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കുക, സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുക, ബന്ധപ്പെട്ട കോടതികളില്‍ കേസ് ഫയല്‍ ചെയ്യുക, ലഭിക്കുന്ന പരാതികളില്‍ നടപടികള്‍ സ്വീകരിക്കുക, ചെക്ക് പോസ്റ്റ് പരിശോധനകള്‍ നടത്തുക തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഭരണപരമായ ചുമതലകളും സര്‍ക്കിള്‍ ഓഫീസ് മേധാവിയായ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കുണ്ട്. നിലവിലെ ഘടന അനുസരിച്ച് പരിശോധനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായ കാര്യക്ഷമതയോടെ നടത്തുക സാധ്യമല്ലെന്ന കാര്യം വ്യക്തമാണ്. നിയമപ്രകാരം പരിശോധനകള്‍ മാത്രമല്ല, കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണ, പരിശീലന പരിപാടികളും സര്‍ക്കിള്‍ ഓഫീസുകളുടെ കീഴില്‍ നടക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നുവെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ തന്നെയാണ് ലൈസന്‍സ്,രജിസ്ട്രേഷന്‍ പ്രക്രിയകളില്‍ ക്രമക്കേടുകളും നിലനില്‍ക്കുന്നത്. ജില്ലാ ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും മിനിസ്റ്റീരിയല്‍ സംവിധാനം കൃത്യതയോടെ പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ട്. സര്‍ക്കിള്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലര്‍ക്കുകളെ ജില്ലാ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായും നിയമിക്കുന്നതാണ് അതിനുള്ള കാരണം. ഇത് രണ്ട് ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ജില്ലാതലത്തിലാണെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്ന ഒറ്റ ഡെസിഗ്‌നേറ്റഡ് ഓഫീസറാണ് ഭക്ഷ്യസുരക്ഷാ വകുപ്പിനുള്ളത്. കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് ്കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നം ലഭിച്ച വിവരപ്രകാരം ജില്ലയില്‍ 1935 ഹോട്ടലുകളും റസ്റ്റോറന്റുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഹോട്ടലുകളുടെയും പുതുതായി പ്രവര്‍ത്തിക്കാന്‍ പോകുന്ന സ്ഥാപനങ്ങളുടെയുമെല്ലാം ലൈസന്‍സ് അപേക്ഷകളില്‍ തീരുമാനമെടുത്ത് നല്‍കേണ്ടത് ഈ ഓഫീസറാണ്. കൃത്യനിര്‍വ്വഹണം നടത്താന്‍ വേണ്ട മനുഷ്യശേഷിയില്ലെങ്കില്‍ പല പ്രശ്നങ്ങളും നിയമത്തിന് കീഴില്‍ വരാതെ പോവാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥാപനങ്ങളെല്ലാം ലൈസന്‍സ് എടുത്തിട്ടുണ്ടോയെന്നും ലൈസന്‍സ് ഉള്ളവര്‍ കൃത്യമായ കാലയളവില്‍ അത് പുതുക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടത് ജില്ലാ മേധാവിയായ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവാദിത്തമാണ്. ലൈസന്‍സ് നല്‍കുന്നതില്‍ നിലനില്‍ക്കുന്ന ഗുരുതരമായ അനാസ്ഥയും ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ വകുപ്പിന് സാധിക്കാത്ത സ്ഥിതിയും ഈ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്ത് വിശദമാക്കുന്നുണ്ട്. വകുപ്പ് തലത്തില്‍ നിലനില്‍ക്കുന്ന മേല്‍പറഞ്ഞ പരിമിതി പരിഹരിക്കപ്പെടാത്തത് ഈ അപാകതകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. പല സാഹചര്യങ്ങളിലും ഇന്ത്യയിലെ ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഭക്ഷ്യവ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധാരണ ആളുകളിലേക്ക് എത്തുന്നില്ലെന്ന കാര്യവും പ്രധാനപ്പെട്ടതാണ്. എഴുതിവച്ച നിയമങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും ഗവണ്‍മെന്റ് തലത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എത്ര പേര്‍ ഇക്കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാണെന്ന കാര്യം ആശങ്കപ്പെടുത്തുന്നതാണ്.

REPRESENTATIONAL IMAGE | WIKI COMMONS
''എന്റെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ നടന്നിട്ടുണ്ട്. ഹോട്ടലില്‍ ഒരു തവണയുണ്ടായ പരിശോധനയില്‍ പേപ്പര്‍ ഗ്ലാസ് കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ അത് മാറ്റാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഹോട്ടലില്‍ അത് ഉപയോഗിക്കുന്നത് നിര്‍ത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ അറിയുമെന്നല്ലാതെ എല്ലാ മാനദണ്ഡങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ഒന്നും നല്‍കാറില്ല. എനിക്ക് തോന്നുന്നത് എന്നെപ്പോലെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പല ആളുകള്‍ക്കും ഈ പറയുന്ന നിയമങ്ങളെക്കുറിച്ചൊന്നും വലിയ ധാരണയില്ല. ഒട്ടും അവബോധമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നല്ല, സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പല നിര്‍ദേശങ്ങളും, അതിന്റെ പ്രാധാന്യവും അറിയാത്ത നിരവധി പേര്‍ ഉണ്ടെന്നാണ് ഉദ്ദേശിച്ചത്''. പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത കൊല്ലം സ്വദേശിയായ ഹോട്ടലുടമയുടെ വാക്കുകളാണിത്.

''വന്‍കിട ഹോട്ടലുകളിലും ചെറുകിട ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിട്ടുള്ള പരിശോധനയില്‍ നിന്നും മനസ്സിലായത് പലപ്പോഴും ആദ്യമായി ആരംഭിക്കുന്ന ഹോട്ടലുകള്‍ക്ക്, പ്രത്യേകിച്ചും ചെറിയ ഹോട്ടല്‍ വ്യാപാരികള്‍ക്ക് മാനദണ്ഡങ്ങളെക്കുറിച്ച് അറിയാത്ത സാഹചര്യം ഉണ്ട്. ഇതൊരു പ്രശ്നമാണ്''. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ പ്രതികരണമാണിത്. ലൈസന്‍സും രജിസ്ട്രേഷനും നല്‍കുന്ന വേളയിലോ വര്‍ഷാ വര്‍ഷം നടത്തേണ്ട പരിശോധനാ സമയങ്ങളിലോ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ആളുകളിലേക്കെത്തിക്കാന്‍ നമ്മുടെ ഭരണകൂടം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നതിലേക്കാണ് ഈ പ്രതികരണങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

ആര്‍ക്കും പ്രവേശനമില്ലാത്ത അടുക്കള

ഹോട്ടല്‍ അടുക്കളകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നോ അഡ്മിഷന്‍ ബോര്‍ഡുകള്‍ മറ്റൊരു രീതിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഉപഭോക്താവ് കഴിക്കുന്ന ഭക്ഷണം ഏത് സാഹചര്യത്തിലാണ് പാകം ചെയ്യുന്നതെന്ന് കാണാനും അറിയാനുമുള്ള അവകാശം പൂര്‍ണമായും നിഷേധിക്കപ്പെടുന്ന ഈ അവസ്ഥ പരിഹരിക്കപ്പടേണ്ടതാണ്. ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും അടുക്കള ഉപഭോക്താവിന് കാണാന്‍ അനുവദിക്കുന്ന നിയമങ്ങളൊന്നും നിലവില്‍ നമ്മുടെ സംവിധാനത്തിന്റെ ഭാഗമായിട്ടില്ല.

'' നിലവില്‍ ഒരു ഹോട്ടലിലോ റസ്റ്റോറന്റിലോ നോ അഡ്മിഷന്‍  ബോര്‍ഡ് വച്ചിട്ടുണ്ടെങ്കില്‍ അതൊരു നിയമലംഘനമല്ല, അതായത് ഉപഭോക്താവിനെ ഏതെങ്കിലും രീതിയില്‍ അടുക്കളയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്ന നിയമം നമ്മുടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളില്‍ നിലനില്‍ക്കുന്നില്ല. അധികാരികള്‍ക്ക് പരിശോധനയുടെ ഭാഗമായി പ്രവേശിക്കാം. ഇതൊരു പ്രശ്നമാണെങ്കിലും സുരക്ഷ, ആരോഗ്യം തുടങ്ങിയ വശങ്ങള്‍ കൂടി ഇതിലുണ്ട്. നിലവില്‍ നേരിട്ട് ഈ പ്രശ്നത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന നിയമമോ നിര്‍ദേശങ്ങളോ ഇല്ല''. പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പറയുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കുന്ന ഈ വിവരപ്രകാരം ഹോട്ടല്‍ അടുക്കളകളുടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഉപഭോക്താവിന് ലഭിക്കുന്നില്ല.
 

REPRESENTATIONAL IMAGE | WIKI COMMONS
പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയോ സുരക്ഷയെയോ ബാധിക്കാത്ത രീതിയില്‍ കൃത്യമായ മാനദണ്ഡങ്ങളും സുരക്ഷാ നടപടികളും രൂപീകരിച്ചുകൊണ്ട് ഉപഭോക്താവിന് അവര്‍ കഴിക്കുന്ന ഭക്ഷണം ഉണ്ടാക്കുന്ന സാഹചര്യം കാണാനും ശുചിത്വം ഉറപ്പാക്കാനുമുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിലെ ചുമരും നിലവും പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ഉള്‍പ്പെടെ എല്ലാം വൃത്തിയുള്ളതായിരിക്കണമെന്ന വിവിധ നിര്‍ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ ഭാഗമാണ്. എന്നാല്‍ ഇത് പാലിക്കപ്പെടാത്ത സാഹചര്യം ഉണ്ടായാല്‍ അത് തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഈ സുതാര്യത ഉപകാരപ്പെട്ടേക്കും.

ലബോറട്ടറി പരിശോധനകളും പോരായ്മകളും

140 സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകളുടെയും പരിശോധന നടത്തുന്ന ചുമതലയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനലിറ്റിക്കല്‍ വിഭാഗത്തില്‍ നിക്ഷിപ്തമായിട്ടുള്ളത്. അഞ്ച് ലബോറട്ടറികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വകാര്യ സാമ്പിളുകളും ഈ ലബോറട്ടറികളില്‍ എത്തുന്നുണ്ട്. നിയമം അനുശാസിക്കുന്നത് പ്രകാരം സാമ്പിളുകളുടെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കേണ്ട ഉത്തരവാദിത്തം അനലിറ്റിക്കല്‍ ലബോറട്ടറികള്‍ക്കുണ്ട്. സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും അനലിറ്റിക്കല്‍ ലബോറട്ടറികളിലേക്ക് അയച്ച ശേഷം പരിശോധനയുടെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ട സാമ്പിളാണ് സ്റ്റാറ്റിയൂട്ടറി സാമ്പിള്‍. പഠനത്തിന്റെ ഭാഗമായി ശേഖരിക്കുന്നതാണ് സര്‍വൈലന്‍സ് സാമ്പിള്‍. നിലവിലുള്ള നിയമപ്രകാരം സര്‍ക്കിള്‍ ഓഫീസുകളിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഏഴ് സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 25 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കണം. ശേഖരിച്ച സാമ്പിളിന്റെ ഒരുഭാഗം ലാബിലേക്കും മൂന്ന് ഭാഗങ്ങള്‍ ജില്ലാ ഓഫീസിലേക്കും അയക്കേണ്ടതുണ്ട്. നിലവില്‍ ശേഖരിച്ച ഭക്ഷ്യസാമ്പിള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാല്‍ അതിന്റെ പിന്നീടുള്ള ഉപയോഗം നിര്‍ത്തലാക്കാന്‍ വ്യവസ്ഥകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അത് നടപ്പിലാവാത്ത അവസ്ഥയുണ്ട്. സാമ്പിള്‍ പരിശോധനാഫലം ലഭിക്കാന്‍ മൂന്ന് മാസമെങ്കിലുമെടുക്കുമ്പോള്‍ ഈ ഭക്ഷ്യവസ്തു ഇക്കാലയളവില്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യമാണ് ഇതിന് കാരണം. ആ അര്‍ത്ഥത്തില്‍ എന്‍ഫോഴ്സ്മെന്റ്, അനലിറ്റിക്കല്‍ എന്നീ രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങളും ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വേണം മനസ്സിലാക്കാന്‍.


REPRESENTATIONAL IMAGE | WIKI COMMONS
മുന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ച ഫുഡ് ട്രേസബിലിറ്റി സിസ്റ്റത്തിലെ പ്രാഥമിക രീതികളിലൊന്നാണ് ചെക്ക് പോസ്റ്റുകളിലെ പരിശോധനകള്‍. സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്നുവരുന്ന മത്സ്യം, പച്ചക്കറികള്‍ പഴവര്‍ഗങ്ങള്‍ തുടങ്ങി എല്ലാ ഭക്ഷ്യ വസ്തുക്കളും ചെക്ക് പോസ്റ്റുകളിലെ പരിശോധനയിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഇത് നടപ്പാകുന്നില്ല. ചെക്ക്‌പോസ്റ്റ് കടന്നുവരുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവില്‍ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയക്കണമെങ്കില്‍ എന്‍എബിഎല്‍ അംഗീകാരമുള്ള ലബോറട്ടറിയിലെ പരിശോധനാ ഫലം ആവശ്യമാണ്. ചെക്ക് പോസ്റ്റിനോട് ചേര്‍ന്ന് ലബോറട്ടറി സംവിധാനം ഇല്ലാത്തതിനാല്‍ സാമ്പിള്‍ പരിശോധന വൈകുന്ന സാഹചര്യമുണ്ട്. പരിശോധനാ ഫലം ലഭിക്കാന്‍ രണ്ടോ അതിലധികമോ ദിവസമാണ് വേണ്ടിവരുന്നത്. എളുപ്പം കേടാവുന്ന പല വസ്തുക്കളും പരിശോധനാ ഫലം ലഭിക്കുന്നത് വരെ പിടിച്ചുനിര്‍ത്തുന്നതും സാധ്യമല്ല. അതിനാല്‍തന്നെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിഞ്ഞ് സംസ്ഥാനത്തേക്ക് കടത്തിവിടാതിരിക്കാന്‍ കാര്യക്ഷമമായി എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വസ്തുത പരിഹരിക്കപ്പെടേണ്ടതാണ്.

ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പരിശോധനയ്ക്ക് ശേഷമേ ഉല്‍പന്നങ്ങള്‍ കടത്തിവിടുകയുള്ളൂവെങ്കില്‍ അത് രാജ്യത്തിന് മുഴുവന്‍ ബാധകമായ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അന്തസത്തയെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ന്യായീകരണം. മാത്രമല്ല അന്തര്‍ സംസ്ഥാന വ്യാപാരത്തെയും ആരോഗ്യകരമായ ബന്ധത്തെയും ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം തന്നെ അതിന്റെ പ്രായോഗിക തലത്തില്‍ തുടര്‍ച്ചയായ പരാജയമാവുമ്പോഴും മാറ്റങ്ങളും പുരോഗതികളും നിലവിലെ സംവിധാനത്തില്‍ ആവശ്യമാവുമ്പോഴും ഇത്തരമൊരു ന്യായീകരണം ഉപകരിക്കുക നിലനില്‍ക്കുന്ന സംവിധാനത്തിന്റെ നിലവാരം വീണ്ടും കുറയ്ക്കാനാണ്. മുഴുവന്‍ സമയ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്ന നിഗമനത്തിലെത്തി, ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാര്‍ മനോഭാവം വിമര്‍ശിക്കപ്പെടേണ്ടതാണ്.


#outlook
Leave a comment