TMJ
searchnav-menu
post-thumbnail

Outlook

വിഷമാവുന്ന ഭക്ഷണവും നിഷ്ക്രിയമായ നിയമങ്ങളും

30 May 2024   |   10 min Read
ഹൃദ്യ ഇ

കേരളത്തില്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന ഭക്ഷ്യവിഷബാധ കേസുകളുടെ വേദനിപ്പിക്കുന്ന തുടര്‍ച്ചയാണ് തൃശൂര്‍ പെരിഞ്ഞനം സ്വദേശിനി നുസൈബയുടെ മരണം. മെയ് 26 ശനിയാഴ്ചയാണ് പെരിഞ്ഞനം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെയിന്‍ എന്ന ഹോട്ടലില്‍ നിന്നും പാഴ്‌സലായി വാങ്ങിയ കുഴിമന്തി കഴിച്ച് നുസൈബയുടെ ആരോഗ്യനില മോശമാകുന്നത്. നുസൈബയുടെ മക്കളടക്കം ആ കുടുംബത്തിലെ ആറ് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 180 ലധികം ആളുകളാണ് ചികിത്സ തേടിയത്. ഹോട്ടലില്‍ പാകം ചെയ്യുന്ന അല്‍ഫാം ചിക്കനില്‍ നിരോധിത രാസനിറം ചേര്‍ത്തതിന് ഈ ഹോട്ടല്‍ നിയമനടപടി നേരിടുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായ സംഭവത്തില്‍ ഹോട്ടലില്‍ ഉപയോഗിച്ച മയൊണൈസും ചിക്കനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

കേരളത്തില്‍ വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന നൂറുകണക്കിന് ഭക്ഷ്യവിഷബാധ കേസുകളില്‍ ഒന്ന് മാത്രമാണിത്. കേരളത്തില്‍ ആവര്‍ത്തിക്കുന്ന ഈ ഗുരുതര പ്രശ്നത്തിന്റെ കാരണങ്ങളിലേക്കും പ്രതിവിധികളിലേക്കും വിരല്‍ചൂണ്ടാന്‍ ശ്രമിക്കുന്ന ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പേള്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി ഇത്തരം കേസുകള്‍ ആവര്‍ത്തിച്ചുക്കൊണ്ടേയിരിക്കുന്നു. കൊച്ചിയില്‍ മൂന്ന് കുട്ടികള്‍ക്കുണ്ടായ ദുരനുഭവത്തിന് തൊട്ടുപിന്നാലെയാണ് തൃശൂരിലും സമാന സംഭവം ആവര്‍ത്തിച്ചത്.

മെയ് 18 നാണ് കൊച്ചി ഇടച്ചിറ സ്വദേശി പി ബി എല്‍ദോ ഇതേ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റാഹത്ത് പത്തിരിക്കട എന്ന ഹോട്ടലില്‍ നിന്നും തന്റെ മൂന്ന് കുട്ടികള്‍ക്ക് ഭക്ഷണം പാഴ്‌സലായി വാങ്ങിക്കുന്നത്. ഹോട്ടലില്‍ നിന്നും പത്തിരിയും പൊറോട്ടയും കടലക്കറിയുമാണ് എല്‍ദോ മക്കള്‍ക്കായി വാങ്ങിയത്. തുടര്‍ന്ന് ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ രണ്ടര വയസ്സുള്ള ഇളയ പെണ്‍കുട്ടിക്ക് ഛര്‍ദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടു. ഇളയ കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിന് തൊട്ടുപിന്നാലെ പത്തും അഞ്ചും വയസ്സ് മാത്രം പ്രായമുള്ള എല്‍ദോയുടെ മൂത്ത കുട്ടികള്‍ക്കും സമാന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കുട്ടികളെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യവും ലേബല്‍ ചെയ്യാത്ത ഭക്ഷണ പാക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചതും ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് ഹോട്ടല്‍ അടച്ചുപൂട്ടി. തന്റെ ചെറുപ്രായമുള്ള മൂന്ന് മക്കള്‍ക്കും ഭക്ഷ്യ വിഷബാധയേറ്റതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറാതെയാണ് പി ബി എല്‍ദോ തന്റെ കുടുംബം നേരിട്ട ബുദ്ധിമുട്ടുകള്‍ പങ്കുവച്ചത്. ''ഒരുപക്ഷേ, പഴകിയ മാംസാഹാരമാണ് കഴിച്ചിരുന്നതെങ്കില്‍ അവസ്ഥ ഇതിലും ഗുരുതരമായേനെ എന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയാണെന്ന് തിരിച്ചറിഞ്ഞതോടെ വാര്‍ഡ് മെമ്പറെയും ആശ വര്‍ക്കറെയും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലും വിളിച്ച് അറിയിച്ചു. മക്കളുടെ നില മോശമാവുന്നത് കണ്ടപ്പോള്‍ ഞാനും മാനസികമായും ശാരീരികമായും തളര്‍ന്നു. ചികിത്സ തേടേണ്ട അവസ്ഥ പോലും ഉണ്ടായി'' എല്‍ദോ പറഞ്ഞു.

REPRESENTATIVE IMAGE | WIKI COMMONS
തന്റെ കുട്ടികള്‍ക്ക് ഇത്തരമൊരു അനുഭവമുണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ വിഷയത്തില്‍ സംഭവിക്കുന്ന ഗുരുതരമായ വീഴ്ച എത്രത്തോളമാണെന്ന് നേരിട്ട് അനുഭവിച്ചറിഞ്ഞുവെന്ന് എല്‍ദോ പറഞ്ഞു. തൃക്കാക്കര മുനിസിപ്പാലിറ്റി അധികൃതരുടെ കൈവശം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ വിവരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എല്‍ദോ ആരോപിച്ചു. പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ വൈകിയെന്നും അദ്ദേഹം പ്രതികരിച്ചു. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്താല്‍ വളരെ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നമുക്കില്ലെന്ന ആശങ്ക എല്‍ദോ പങ്കുവച്ചു. എല്‍ദോയുടെ ആശങ്ക ഗുരുതരമായ സാമൂഹിക വിപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് മേല്‍പറഞ്ഞ രണ്ട് ഹോട്ടലുകളും അടച്ചുപൂട്ടി. തൃശൂരിലെ ഭക്ഷ്യവിഷബാധ സംഭവത്തില്‍ മയൊണൈസ് എന്ന ഭക്ഷ്യവസ്തുവിന്റെ പങ്ക് അന്വേഷിച്ച് വരികയാണ്.  2023 ല്‍ നിര്‍ത്തലാക്കിയ മുട്ട ചേര്‍ത്ത മയൊണൈസാണ് ഹോട്ടലില്‍ ഉപയോഗിച്ചതെന്നാണ് വിവരം. ഹോട്ടലിന്റെ വൃത്തിഹീനത ഈ രണ്ട് സംഭവങ്ങളിലും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണോ നിരോധിച്ച ഭക്ഷണപദാര്‍ത്ഥത്തിന്റെ സാന്നിധ്യവും ഹോട്ടലുകളുടെ വൃത്തിഹീനതയും ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ തിരിച്ചറിയുന്നതെന്ന ചോദ്യം ഇവിടെ പ്രധാനമാണ്.

2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ന്റേഡ്സ് ആക്ട് പ്രകാരം പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കണം എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സ്റ്റിക്കര്‍ ഭക്ഷണ പാക്കറ്റില്‍ പതിച്ചിരിക്കണമെന്നാണ് നിയമം. 2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ന്റേഡ്സ് ആന്റ് റെഗുലേഷന്‍സ് അനുസരിച്ച് തയ്യാറാക്കി രണ്ട് മണിക്കൂറിനുള്ളില്‍ ചൂടുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കണം. മാത്രമല്ല ഗതാഗത സമയത്ത് അതിന്റെ താപനില 60 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുകയും വേണം. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാരം നടത്തുന്ന അവസ്ഥ പല കേസുകളിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 512 വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ നിയമ പ്രകാരമുള്ള പരിശോധനാ നടപടികള്‍ വര്‍ഷാവര്‍ഷം നടക്കാത്ത സാഹചര്യത്തില്‍ പ്രശ്നം വരുമ്പോഴുള്ള ഈ പരിഹാരംകാണല്‍, ഫലം കാണുമോ എന്ന് സംശയമാണ്. പരിശോധനകള്‍ കൃത്യമായ കാലയളവില്‍ ചട്ടപ്രകാരം നടക്കുന്നില്ലെന്ന വസ്തുത പരിഹരിക്കപ്പെടാത്തിടത്തോളം ഇത്തരം പരിശോധനകളിലൂടെ ഹോട്ടലുകള്‍ അടച്ചുപൂട്ടാം എന്നല്ലാതെ പ്രതിവിധി കണ്ടെത്താനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

REPRESENTATIVE IMAGE | WIKI COMMONS
ഭക്ഷ്യ വിഷബാധ എങ്ങനെയാണ് സംഭവിക്കുന്നത്

ഛര്‍ദ്ദിയും വയറിളക്കവും, പനിയുമൊക്കെയാണ് സാധാരണയായി ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളായി കാണാറുള്ളത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സുരക്ഷിതമല്ലാത്ത ഭക്ഷണം വയറിളക്കം മുതല്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗം ഉള്‍പ്പെടെ ഇരുന്നൂറിലധികം രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പഴകിയ അല്ലെങ്കില്‍ മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെ ബാക്ടീരിയകളും അവ പുറപ്പെടുവിക്കുന്ന വിഷവസ്തുക്കളും, ഫംഗസും വൈറസുകളും ശരീരത്തില്‍ പ്രവേശിക്കുന്നതോടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഇത്തരം സൂക്ഷ്മാണുക്കളുടെ സാന്നിധ്യം മൂലം മലിനമായ ഭക്ഷണം കേവലം രുചികൊണ്ടോ ഗന്ധംകൊണ്ടോ തിരിച്ചറിയാന്‍ സാധിക്കുന്നതല്ല. മൈക്രോ ബയോളജിക്കല്‍ പരിശോധനകള്‍കൊണ്ട് മാത്രമാണ് പലപ്പോഴും അത് തിരിച്ചറിയാനാകുന്നത്. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള പരിശോധനകളില്‍ സാമ്പിള്‍ ശേഖരണം നടത്തി ലബോറട്ടറികളിലേക്ക് അയച്ചാണ് ഇത് സ്ഥിരീകരിക്കുന്നത്. ഭക്ഷണം ചീത്തയാവുന്നതില്‍ അന്തരീക്ഷ താപനിലയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 2 മണിക്കൂറിലധികം പായ്ക്ക് ചെയ്ത ഭക്ഷണം സൂക്ഷിക്കരുതെന്ന നിര്‍ദ്ദേശം ഭക്ഷ്യസുരക്ഷ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധാന്യങ്ങളും സ്പൈസസും മുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയവയെല്ലാം എങ്ങനെ വ്യാപാരികള്‍ ഉപയോഗിക്കണമെന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ മാനദണ്ഡങ്ങള്‍ കൃത്യമായ ഓഡിറ്റിങ് നടക്കാത്ത സാഹചര്യത്തില്‍ ഭക്ഷണ വ്യാപാര സ്ഥാപനങ്ങള്‍ പാലിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍

ഇ കോളി, ഷിഗെല്ല ബാക്ടീരിയകളാണ് ഭക്ഷ്യ വിഷബാധയ്ക്ക് പ്രധാനമായും കാരണമാകുന്നത്. സാല്‍മൊണല്ല, നോറോ വൈറസ്, ഹെപ്പറ്റൈറ്റിസ് എ എന്നിവയും ഭക്ഷ്യവിഷബാധയേല്‍പ്പിക്കുന്നതില്‍ പ്രധാനിയാണ്. നിര്‍ജ്ജലീകരണവും ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളിലൊന്നാണ്. രോഗാണുക്കള്‍ ഉല്‍പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍ കുടലിന്റെ ഉള്‍ഭാഗത്തെ ക്ഷയിപ്പിക്കുന്നതോടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നു. നിര്‍ജ്ജലീകരണം വൃക്കയുടെ പ്രവര്‍ത്തനത്തെ വരെ ബാധിച്ചേക്കാവുന്ന ഗുരുതര പ്രശ്നമാണ്. ഭക്ഷ്യവിഷബാധയ്ക്ക് പ്രധാനമായും കാരണമാകുന്ന ഇ കോളി ബാക്ടീരിയകള്‍ കാണപ്പെടുന്നത് മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിലാണ്. ഈ ഇനത്തില്‍പ്പെടുന്ന ബാക്ടീരിയകളെല്ലാം അപകടകാരികള്‍ അല്ലെങ്കിലും ചില സീറോടൈപ്പുകളാണ് അപകടത്തിലേക്ക് നയിക്കുന്നത്. ഇവയെ സാധാരണയായി കാണുന്നത് മലിനജലം, പാല്‍, പൂര്‍ണമായി വേവിക്കാത്ത മാംസം എന്നിവയിലാണ്. ഈ ബാക്ടീരിയകളുടെ സാന്നിധ്യം ശരീരത്തിലുണ്ടായാല്‍, 3 മുതല്‍ 4 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും.

സാല്‍മൊണല്ല ബാക്ടീരിയയാണ് മറ്റൊരു രോഗകാരി. പലപ്പോഴും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വില്ലനാകുന്നത് മയൊണൈസ് എന്ന ക്രീം ആണ്. കൃത്യമായ രീതിയില്‍ നിര്‍മ്മിച്ച് സൂക്ഷിക്കാത്ത സാഹചര്യത്തില്‍ മയൊണൈസില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളത്തെ വടക്കന്‍ പറവൂരിലെ ഒരു ഭക്ഷണശാലയില്‍ 2023 ജനുവരി 16 ന് 106 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ ഭക്ഷ്യവകുപ്പ് ശേഖരിച്ച സാമ്പിളുകളില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മജ്ലിസ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലില്‍ നിന്ന് മയൊണൈസോടുകൂടി മന്തി കഴിച്ചവര്‍ക്കായിരുന്നു അന്ന് വിഷബാധയേറ്റത്. മുട്ട ഉപയോഗിച്ചുണ്ടാക്കിയ മയൊണൈസില്‍ നിന്നായിരുന്നു അണുബാധ ഉണ്ടായത്. സാല്‍മൊണല്ല അണുബാധ സാധാരണയായി അസംസ്‌കൃതമോ വേവിക്കാത്തതോ ആയ മാംസം, മുട്ട അല്ലെങ്കില്‍ മുട്ട ഉല്‍പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെയാണ് സംഭവിക്കുന്നത്. ഈ അണുബാധയേറ്റാല്‍ 6 മണിക്കൂര്‍ മുതല്‍ 6 ദിവസത്തിനുള്ളില്‍ വയറിളക്കം, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും.

REPRESENTATIVE IMAGE | WIKI COMMONS
ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന മറ്റൊരു ബാക്ടീരിയയാണ് സ്റ്റെഫിലോകോക്കസ് ഓറിയസ്. മാംസം, പാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം 30 മിനിറ്റ് മുതല്‍ 6 മണിക്കൂറിനുള്ളില്‍ തലക്കറക്കം, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. പാല്‍, പാലുല്‍പന്നങ്ങള്‍, സാലഡ് എന്നീ ഭക്ഷ്യവസ്തുക്കളിലൂടെ ശരീരത്തിലെത്തുന്ന ബാക്ടീരിയയാണ് ലിസ്റ്റീരിയ മോണോ സൈറ്റോജന്‍സ്. പനി, തലവേദന, സന്ധിവേദന എന്നിവയാണ് ഇവ ശരീരത്തില്‍ പ്രവേശിച്ചാലുള്ള പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെ വരെ ബാധിച്ചേക്കാവുന്ന ഇവ ശരീരത്തില്‍ പ്രവേശിച്ചാല്‍ പലരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന സമയം വ്യത്യാസപ്പെട്ടിരിക്കും.

ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാസിലസ് സെറസ് എന്ന ബാക്ടീരിയയുടെ ഉറവിടം മണ്ണാണ്. അരി, പാസ്ത, മാംസ ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലൂടെ ഇത് മനുഷ്യശരീരത്തില്‍ പ്രവേശിക്കും. മലിനമായ ജലം, അസംസ്‌കൃതമായ ഭക്ഷ്യവസ്തുക്കള്‍, അപര്യാപ്തമായ താപനിലയില്‍ പാകംചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ മനുഷ്യശരീരത്തില്‍ കടന്നുകൂടുന്ന ബാക്ടീരിയയാണ്  വിബ്രിയോ. മലിനമായ ജലമോ ഭക്ഷണമോ കഴിച്ചശേഷം 1 മുതല്‍ 4 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. അസംസ്‌കൃതമായ മാംസത്തിലൂടെ കടന്നുകൂടുന്ന ബാക്ടീരിയയാണ് ക്യാബിലോ ബാക്റ്റര്‍. മാംസം, വീണ്ടും ചൂടാക്കിയ പഴകിയ ഭക്ഷണം, പാകം ചെയ്യാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ എത്തുന്ന അപകടകാരിയായ ബാക്ടീരിയയാണ് ക്ലോസ്ട്രിഡിയം പെര്‍ഫ്രിന്‍ജെന്‍സ്. സ്റ്റെഫിലോകോക്കസ് ഓറിസ്, ക്ലോസ്ട്രിഡിയം പെര്‍ഫ്രിജെന്‍സ്, ബാസിലസ് സെറസ് തുടങ്ങിയ ബാക്ടീരിയകള്‍ ഉല്‍പ്പാദിപ്പിക്കുന്ന എന്‍ റോ ടോക്സിന്‍ എന്ന വിഷ സാന്നിധ്യമാണ് ഭക്ഷ്യജന്യരോഗങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്. ഇറച്ചി, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ബാക്ടീരിയ വേഗത്തില്‍ വളരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉചിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരുന്നാല്‍ അത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും.

പാചകം ചെയ്യുമ്പോള്‍ പലതും നശിക്കുമെങ്കിലും ഇവ ഉല്‍പ്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ നശിക്കപ്പെടുന്നില്ലെന്നതാണ് പല സാഹചര്യങ്ങളിലും വിഷബാധയിലേക്ക് നയിക്കുന്നത്. വെള്ളം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഗുണനിലവാരം, ഭക്ഷണം ഉണ്ടാക്കുന്ന വ്യക്തിയുടെയും, ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളുടെയും, ഭക്ഷണം ഉണ്ടാക്കുന്ന ഇടത്തിന്റെയും ശുചിത്വം തുടങ്ങി പല ഘടകങ്ങള്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാനമാണ്. ഉചിതമായ താപനിലയില്‍ പാകം ചെയ്യേണ്ടതും ഉചിതമായ താപനിലയില്‍ തന്നെ ഭക്ഷണം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതും പ്രധാനമാണെന്നാണ് ഇത്തരം സൂക്ഷ്മാണുക്കളുടെ ഉറവിടം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. കഴിക്കുന്ന മിക്ക ഭക്ഷണ പദാര്‍ത്ഥങ്ങളിലും ബാക്ടീരിയകളുടെ സാന്നിധ്യമുണ്ട്. മാരകമായ ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയകളാണ് ക്യാമ്പിലോബോക്റ്റര്‍, സി.ബോട്ടുലിനം എന്നിവ. പരാന്നഭോജികള്‍ അഥവാ പാരസൈറ്റുകള്‍ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ വളരെ ഗുരുതരമാണ്. ഇവയെ കണ്ടെത്താനാകാതെ വര്‍ഷങ്ങളോളം ദഹനനാളങ്ങളില്‍ ജീവിക്കുമെന്നാണ് പറയുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇവ ഉണ്ടാക്കും. നോറോവൈറസ്, റോട്ടവൈറസ്, ആസ്ട്രോവൈറസ്, സപ്പോവൈറസ്, ഹെപ്പറ്റൈറ്റിസ് എ വൈറസ് എന്നിവയാണ് പ്രധാനമായും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന വൈറസുകള്‍.

ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ നമ്മുടെ ഭക്ഷ്യ ശൃംഖലയില്‍ ഉള്‍പ്പെടുന്ന ഓരോ വസ്തുക്കളും ഉപയോഗിക്കുന്നതിലും വ്യാപാരം നടത്തുന്നതിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ ആ മാര്‍ഗനിര്‍ദേശങ്ങള്‍ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി ഉറപ്പുവരുത്തുകയാണ് വേണ്ടത്. മസ്തിഷ്‌കത്തെയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും നാഡീവ്യൂഹത്തെയും ബാധിച്ചേക്കാവുന്ന ഭക്ഷ്യവിഷബാധ മരണത്തിലേക്ക് വരെ നയിക്കുന്ന ഗുരുതര പ്രശ്നമാണെന്ന തിരിച്ചറിവില്‍ ഇത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
ഫുഡ് ട്രേസബിലിറ്റി ഒരു സമഗ്ര പരിഹാരമാര്‍ഗം

നമ്മുടെ മുന്നിലെത്തുന്ന ഭക്ഷണത്തിലെ ഓരോ ചേരുവകളുടെയും ഉല്‍പാദനവും വിപണനവും മുതല്‍ ഒടുവില്‍ ഭക്ഷണമായി ടേബിളില്‍ എത്തുന്നത് വരെയുള്ള ഘട്ടങ്ങളിലെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സമഗ്രമായ മാര്‍ഗം. സമഗ്രമായ ഗുണനിലവാര നിര്‍ണയ പദ്ധതിയോട് കൂടിയ ഭക്ഷ്യസുരക്ഷാ സംവിധാനം ഇല്ലാത്തതാണ് കേരളത്തില്‍ സംഭവിക്കുന്ന പിഴവുകളുടെ മൂലകാരണം. ഇത്തരത്തില്‍ ഭക്ഷണ വിതരണ ശൃംഖലയിലെ ഓരോ ചേരുവകളുടെയും ചലനത്തെ പിന്തുടര്‍ന്നുകൊണ്ട് ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഉരുത്തിരിഞ്ഞ് വന്ന ആശയമാണ് ഫുഡ് ട്രേസബിലിറ്റി. ദി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ന്റേര്‍ഡൈസേഷന്‍ നല്‍കുന്ന നിര്‍വചനപ്രകാരം ഉല്‍പ്പാദനം, സംസ്‌കരണം, വിതരണം മുതല്‍ ഒരു ഭക്ഷണ പദാര്‍ത്ഥത്തിന്റെ വിവിധ ഘട്ടങ്ങളെ പിന്തുടരുന്ന ആശയമാണ് ഫുഡ് ട്രേസബിലിറ്റി. ഉല്‍പ്പാദനം, സംസ്‌കരണം, വിതരണം, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണം, ഡോക്യുമെന്റേഷന്‍ തുടങ്ങി ഒരു ഉല്‍പന്നവുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയയുടെയും വിവരങ്ങളാണ് ഫുഡ് ട്രേസബിലിറ്റിയില്‍ ഉള്‍പ്പെടുന്നത്. ചുരുക്കി പറഞ്ഞാല്‍ ഉല്‍പന്നത്തിന്റെ ഉത്ഭവവും ചരിത്രവും സംബന്ധിച്ച് ഉപഭോക്താവിന് നല്‍കുന്ന ഗ്യാരന്റിയാണിത്.

ഭക്ഷ്യജന്യ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വിതരണ ശൃംഖലയുടെ ഏത് ഘട്ടത്തിലാണ് ഭക്ഷ്യോല്‍പ്പന്നം മലിനീകരിക്കപ്പെട്ടതെന്ന് കണ്ടെത്താന്‍ ട്രേസബിലിറ്റി സഹായിക്കുന്നുണ്ട്. ഗുണനിലവാരം ഇല്ലാത്ത ഉല്‍പ്പന്നങ്ങളെ ട്രാക്ക് ചെയ്ത് കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാം. ഭക്ഷ്യസുരക്ഷയ്ക്കും ആഗോള ഭക്ഷ്യ വിതരണ ശൃംഖലയുടെ സംരക്ഷണത്തിനും ഫുഡ് ട്രേസബിലിറ്റി കാരണമാകുന്നുണ്ട്. ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷ ആശങ്കകള്‍ നേരിടുന്ന പല രാജ്യങ്ങളും ഫുഡ് ട്രേസബിലിറ്റിക്ക് പ്രധാന്യം നല്‍കുന്നുണ്ട്. ഭക്ഷ്യസുരക്ഷ, സുസ്ഥിരത, പ്രതിരോധം, സംരക്ഷണം തുടങ്ങി വിവിധ തലങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമെ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന ആശയമാണ് ഫുഡ് ട്രേസബിലിറ്റി സിസ്റ്റം മുന്നോട്ടുവയ്ക്കുന്നത്.

ഫുഡ് സേഫ്റ്റി സ്റ്റാന്‍ന്റേഡ്സ് ഓഫ് ഇന്ത്യ 2019 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഫുഡ് ട്രേസബിലിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഓരോ പദാര്‍ത്ഥത്തിന്റെയും ഉത്ഭവം മുതല്‍ ഉപഭോഗം വരെയുള്ള അതിന്റെ വിതരണ ശൃംഖലയിലെ ഒഴുക്ക് കണ്ടെത്തുക, ഉല്‍പാദനത്തിന്റെ ഓരോ ഘട്ടത്തിലെയും ഡോക്യുമെന്റേഷന്‍ തിരിച്ചറിയുക, ഉല്‍പാദനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓരോരുത്തരുടെയും ഏകോപനം, ഓരോ ഘട്ടത്തിലും ഉള്‍പ്പെട്ടിരിക്കുന്ന വിവിധ കക്ഷികള്‍ക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തുക തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ഐഎസ്ഒ വിശദമാക്കുന്ന ഫുഡ് ട്രേസബിലിറ്റിയുടെ രൂപകല്‍പ്പനയും മാനദണ്ഡങ്ങളും അനുസരിച്ച് ഭക്ഷ്യ ശൃംഖലയുടെ ഏത് ഘട്ടത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

പൊതുവെ നിര്‍ദ്ദേശിക്കുന്ന ശുചിത്വ രീതികള്‍കൊണ്ട് മാത്രം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക സാധ്യമല്ല. വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സുതാര്യമായ സംവിധാനം ആവശ്യമാണെന്നിരിക്കെയാണ് ട്രേസബിലിറ്റിക്ക് പ്രാധാന്യമേറുന്നത്.  പ്രാഥമിക ഉല്‍പാദനം മുതല്‍ ഭക്ഷണം ടേബിളില്‍ എത്തുന്നത് വരെയുള്ള പാത പിന്തുടരുമ്പോള്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം ഉപഭോക്താക്കളില്‍ എത്തുന്നത് തടയാന്‍ സാധിക്കും. പ്രശ്നങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് പരിഹരിച്ച് പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ ഭക്ഷ്യ വിതരണ ശൃംഖലയിലെ ഓരോ ഘട്ടങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനും ഫുഡ് ട്രേസബിലിറ്റി വഴിയൊരുക്കും.

 
REPRESENTATIVE IMAGE | WIKI COMMONS
ഫുഡ് ട്രേസബിലിറ്റി ആഗോളതലത്തില്‍

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന അപകട സാധ്യതകള്‍ കുറയ്ക്കുന്നതിന് ആഗോളതലത്തില്‍ പല രാജ്യങ്ങളിലും ട്രേസബിലിറ്റി സിസ്റ്റത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. പല വികസിത, വികസ്വര രാജ്യങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ നിയമങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഫുഡ് ട്രേസബിലിറ്റി ആശയം നിര്‍ബന്ധിത നിയന്ത്രണങ്ങളോടെ പല യൂറോപ്യന്‍ രാജ്യങ്ങളും ഭക്ഷ്യ സുരക്ഷയ്ക്കായി സ്വീകരിച്ച് വരുന്നു. ട്രേസബിലിറ്റി നടപ്പിലാക്കുന്നതില്‍ ആഗോളതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് നോര്‍വേ, സ്വീഡന്‍, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ബ്രസീല്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍. ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളെല്ലാം ട്രേസബിലിറ്റി പ്രാവര്‍ത്തികമാക്കുന്നതില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഫുഡ് ട്രേസബിലിറ്റി റാങ്കില്‍ ഉയര്‍ന്ന നിലവാരമാണ് അമേരിക്കയ്ക്കുള്ളത്. അതിലും താഴെയാണ് ട്രേസബിലിറ്റിയുടെ കാര്യത്തില്‍ ചൈനയുടെ സ്ഥാനം.

യൂറോപ്യന്‍ യൂണിയന്റെ ട്രേസബിലിറ്റിയുമായി ബന്ധപ്പെട്ട റെഗുലേഷന്‍ 1169/2011 പ്രകാരം എല്ലാ ഉല്‍പന്ന നിര്‍മ്മാതാക്കളും വ്യാപാരികളും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ ഉല്‍പന്നത്തിന്റെ പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഓണ്‍ലൈന്‍ ആയി വില്‍പ്പന നടത്തുന്നവര്‍ക്കും ഇത് ബാധകമാണ്. ഉല്‍പന്നത്തിന്റെ ഗുണമേന്മ, പോഷകമൂല്യം, ചേരുവകള്‍, ഉത്ഭവസ്ഥാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് റെഗുലേഷന്‍ ലക്ഷ്യംവയ്ക്കുന്നത്. ഈ വിവരങ്ങള്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരിക്കണം. യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉല്‍പ്പാദന കമ്പനികളും ഈ റെഗുലേഷന്‍ പാലിക്കുകയും ഉല്‍പന്നത്തിന്റെ ആധികാരിക വിവരങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ നല്‍കേണ്ടതുമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ റെഗുലേഷന്‍ 178/2002 പ്രകാരം ഉല്‍പന്നത്തിന്റെ ബ്രാന്‍ഡ് ഉടമകള്‍ ട്രേസബിലിറ്റി സിസ്റ്റം പിന്തുടരേണ്ടതുണ്ട്. ആരില്‍ നിന്നും ആര്‍ക്കാണ് ഉല്‍പന്നം വിതരണം ചെയ്തത് തുടങ്ങിയ വിവരങ്ങളെ ഈ റെഗുലേഷന്‍ പ്രകാരം ക്രോഡീകരിക്കേണ്ടതുണ്ട്.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ രൂപീകരിച്ച റെഗുലേഷനാണ് ഫുഡ് സേഫ്റ്റി മോഡേണൈസേഷന്‍ ആക്ട് (എഫ്എസ്എംഎ). ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളെ ട്രേസബിലിറ്റിയിലൂടെ പരിഹരിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഈ ആക്ടിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട സമീപകാല റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ ഏകദേശം 48 ലക്ഷത്തോളം ആളുകള്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. 3000 ത്തോളം പേര്‍ ഓരോ വര്‍ഷവും മരിക്കുകയും 1,28,000 പേര്‍ ആശുപത്രികളിലാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ പരിവര്‍ത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് എഫ്ഡിഎ ഫുഡ് സേഫ്റ്റി മൊഡേണൈസേഷന്‍ ആക്ട് നടപ്പിലാക്കുന്നത്. ആഗോള ഭക്ഷ്യ വിതരണ ശൃംഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടവയ്ക്കുകയാണ് ആക്ടിന്റെ ലക്ഷ്യം. ഭക്ഷ്യവിതരണ ശൃംഖലയുടെ ഓരോ ഘട്ടത്തിലും നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന നിയമങ്ങള്‍ ചേര്‍ന്നതാണ് എഫ്എസ്എംഎ. പഴങ്ങളുടെയും പച്ചക്കറികളുടെയും വളര്‍ച്ച, വിളവെടുപ്പ്, പായ്ക്കിംഗ്, കൈവശംവയ്ക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ നടപ്പാക്കാന്‍ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ നല്‍കുന്ന ഉല്‍പന്ന സുരക്ഷാ നിയമം ഇതില്‍ ഉള്‍പ്പെടുന്നു. വിളവെടുപ്പിന് മുന്‍പുള്ള ജലത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങളെക്കുറിച്ച് പറയുന്ന നിയമമാണ് പ്രീ ഹാര്‍വെസ്റ്റ് അഗ്രികള്‍ച്ചറല്‍ വാട്ടര്‍ റൂള്‍.  ഉല്‍പന്നങ്ങളുടെ ട്രേസബിലിറ്റി ആവശ്യകത പ്രതിപാദിക്കുന്ന ഫുഡ് ട്രേസബിലിറ്റി നിയമവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിയമപ്രകാരം ഭക്ഷണം നിര്‍മ്മിക്കുകയോ, പായ്ക്ക് ചെയ്യുകയോ, കൈവശം വയ്ക്കുകയോ ചെയ്യുന്നവര്‍ ഫുഡ് ട്രാക്കിംഗ് ഡാറ്റ അടങ്ങിയ രേഖകള്‍ സൂക്ഷിക്കുകയും എഫ്ഡിഎ ആവശ്യപ്പെടുന്ന സമയത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറുകയും ചെയ്യണം. ഫാം ടു ടേബിള്‍ എന്ന ഈ രീതി ആഭ്യന്തര, വിദേശ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഇത്തരത്തില്‍ നിരവധി നിയമങ്ങളും പ്രോഗ്രാമുകളും ചേര്‍ന്നതാണ് എഫ്എസ്എംഎ.

REPRESENTATIVE IMAGE | WIKI COMMONS
ചൈനയുടെ കാര്യത്തിലാണെങ്കില്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ നിയമം 2015 അനുസരിച്ച് ഭക്ഷ്യസുരക്ഷാ സംബന്ധമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും മേല്‍നോട്ടം വഹിക്കാനുമുള്ള അധികാരം നാഷണല്‍ മെഡിക്കല്‍ പ്രൊഡക്ട്സ് അഡ്മിനിസ്ട്രേഷനും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമാണ്. ഭക്ഷ്യഉല്‍പാദനം, വിതരണം, വില്‍പ്പന എന്നിവയുടെ ഓരോ ഘട്ടത്തിലെയും മേല്‍നോട്ടവും നിയന്ത്രണങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്കായി പ്രത്യേക വ്യവസ്ഥകളും ഈ നിയമത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 2015 ഏപ്രിലില്‍ ആണ് ചൈന പുതിയ ഭക്ഷ്യസുരക്ഷാ നിയമം പ്രഖ്യാപിക്കുന്നത്. ട്രേസബിലിറ്റി പ്രയോഗിക്കുന്നതിലെ മുന്‍നിര രാജ്യങ്ങളില്‍പ്പെട്ട ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്തമായി ഫുഡ് സ്റ്റാന്‍ന്റേഡ്സ് ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്ന ദ്വി ദേശീയ ഏജന്‍സി വഴിയാണ് ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ഫുഡ് സ്റ്റാന്‍ന്റേഡ് കോഡിന്റെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഭക്ഷ്യജന്യ രോഗങ്ങളെ തടയാന്‍ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 2016 ല്‍ ഈ കോഡ് പരിഷ്‌കരിച്ചിരുന്നു. ഭക്ഷ്യസുരക്ഷയില്‍ ട്രേസബിലിറ്റിക്കുള്ള പ്രാധാന്യം ഈ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തി. ഉല്‍പ്പാദനം, സംഭരണം, പ്രോസസിംഗ്, പാക്കേജിംഗ്, ഗതാഗതം തുടങ്ങി ഓരോ ഘട്ടവുമായി ബന്ധപ്പെട്ട് വിവിധ നിയമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സേഫ് ഫുഡ് ഫോര്‍ കനേഡിയന്‍ റെഗുലേഷന്‍സിലാണ് കാനഡ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്നത്. ഭക്ഷണത്തിന്റെ ഇറക്കുമതി, കയറ്റുമതി, പ്രാദേശിക അതിര്‍ത്തികളിലെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിതരണം, ഭക്ഷണത്തിന്റെ നിര്‍മ്മാണം, പാക്കേജിംഗ്, സംഭരണം, ലേബലിംഗ്, മാംസോത്പന്നങ്ങളുടെ ഉത്ഭവസ്ഥാനം, എവിടെ നിന്ന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നു, അതിന്റെ കയറ്റുമതി തുടങ്ങി ഭക്ഷണത്തിന്റെ ഉല്‍പാദനം മുതലുള്ള പാതയെ വീക്ഷിക്കുന്ന ട്രേസബിലിറ്റി മാനദണ്ഡങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മാനദണ്ഡങ്ങള്‍ പ്രകാരം മാംസോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത അവസ്ഥയില്‍ തന്നെ സംഭരിക്കുകയും കനേഡിയന്‍ ഭക്ഷ്യസുരക്ഷാ ഏജന്‍സി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.

ഇന്ത്യയില്‍ ഫുഡ് സേഫ്റ്റി റെഗുലേഷന്‍

രാജ്യത്തെ ഓരോ പൗരര്‍ക്കും സുരക്ഷിതവും സമ്പൂര്‍ണവുമായ ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 ഇന്ത്യയില്‍ നിവില്‍ വരുന്നത്. 2006 ആഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ നാലാം വകുപ്പ് പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഉന്നത സ്ഥാപനമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടു. നിയമത്തിലെ 30-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് കീഴിലാണ് ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 2006 ലെ ആക്ട് പ്രകാരം ഭക്ഷ്യസുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമായും നിക്ഷിപ്തമായിരിക്കുന്നത് ബ്രാന്‍ഡ് ഉടമകള്‍ക്ക് മേലാണ്. എന്നാല്‍ സമീപകാലത്തുവന്ന ഫുഡ് സേഫ്റ്റി സ്റ്റാന്‍ന്റേഡ് റെഗുലേഷന്‍ പ്രകാരം എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കും ട്രേഡിംഗ് പാര്‍ട്നര്‍മാര്‍ക്കും ഭക്ഷ്യസുരക്ഷാ ഉത്തരവാദിത്തം ബാധകമായി.

REPRESENTATIVE IMAGE | WIKI COMMONS
ഭക്ഷ്യ ഇറക്കുമതിക്കാരുടെ ലൈസന്‍സ്, ഇറക്കുമതി ചെയ്ത ഭക്ഷണത്തിന്റെ ക്ലിയറന്‍സ്, സംഭരണവും സാമ്പിള്‍ ശേഖരണവും, ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനവും നിയന്ത്രണങ്ങളും, നിരസിച്ച ചരക്കുകളുടെ നീക്കംചെയ്യല്‍, വിദേശ ഭക്ഷ്യ ഉല്‍പാദന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ പരിശോധന തുടങ്ങിയ കാര്യങ്ങളാണ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ന്റേഡ്സ് റെഗുലേഷന്‍സ് 2017 ല്‍ ഉള്‍പ്പെടുന്നത്. ഇത്തരത്തില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐ തന്നെ നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ഫുഡ് ട്രേസബിലിറ്റി എന്ന ആശയം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നമ്മുടെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായിട്ടില്ല. പ്രീ ഇന്‍സ്പെക്ഷന്‍, പോസ്റ്റ് ഇന്‍സ്പെക്ഷന്‍ പോലുള്ള പരിശോധനാക്രമങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ളത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആഗോളതലത്തില്‍ പ്രയോഗിക്കുകയും വികസിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഫുഡ് ട്രേസബിലിറ്റി സിസ്റ്റം സമഗ്രവും സുസ്ഥിരവും സുതാര്യവുമായ ഭക്ഷ്യ സുരക്ഷാ സംവിധാനം രൂപപ്പെടുത്തിയെടുക്കാനായി ഇന്ത്യയിലും വികസിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.





#outlook
Leave a comment