TMJ
searchnav-menu
post-thumbnail

Outlook

ഹിന്ദുത്വ ആവാസവ്യവസ്ഥയുടെ രൂപപ്പെടല്‍

31 Jan 2024   |   7 min Read
ഒ ബി രൂപേഷ്

രാമക്ഷേത്ര ഉദ്ഘാടനം അഥവാ പ്രതിഷ്ഠാകര്‍മ്മം  ഇന്ത്യാ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവവും മതകീയ ഹിന്ദുരാഷ്ട്രത്തിന്റെ/പുത്തന്‍ ഇന്ത്യയുടെ പ്രതീകാത്മക പ്രഖ്യാപനവുമായി മാറിയിരിക്കുകയാണല്ലോ. മത രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ബാബരി മസ്ജിദ് തകര്‍ക്കുകയും, അതിന്റെ തുടര്‍ച്ചയില്‍ രാഷ്ട്രീയ അധികാര ശക്തിയായി മാറുകയും ചെയ്ത ഹിന്ദുത്വം ഭരണഹിന്ദുത്വം ആയി മാറിയിട്ട് പത്ത് വര്‍ഷങ്ങള്‍ ആകുന്നു. ഭരണഹിന്ദുത്വത്തിന്റെ വിവിധ മാനങ്ങള്‍ ക്രിസ്റ്റഫര്‍ ജാഫ്രലോട്ട്, തോമസ് ബ്ലോം ഹാന്‍സന്‍ തുടങ്ങി നിരവധി പണ്ഡിതര്‍ നിരന്തരമായി എഴുതുന്നുണ്ട്. അപ്പോഴും ഭരണ ഹിന്ദുത്വത്തിന്റെ വിജയകരമായ നിലനില്‍പ്പ് നമ്മുടെ മനസ്സിലാക്കലുകളിലെ അപൂര്‍ണ്ണതയെ വ്യക്തമാക്കുന്നതാണ്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും, പൗരസമൂഹവും, വ്യക്തികളും ജനുവരി 22 -ന്റെ പ്രതിഷ്ഠാചടങ്ങിനോട് നടത്തിയ വിവിധങ്ങളായ പ്രതികരണങ്ങളെ വിശകലനം ചെയ്യാനുളള ശ്രമമാണ് ഈ ലേഖനം.

ഹിന്ദുത്വ ആവാസവ്യവസ്ഥ

ബാബരി മസ്ജിദ് തകര്‍ത്ത രാമജന്മഭൂമി പ്രക്ഷോഭത്തില്‍നിന്ന് ചിലകാര്യങ്ങളില്‍ വ്യത്യസ്തമായിരുന്നു രാമക്ഷേത്ര ഉദ്ഘാടന പരിപാടി. ആദ്യവ്യത്യാസം ബാബരി പള്ളി തകര്‍ത്തത് അക്രമോത്സുകമായും, വ്യാപകമായി കലാപം സൃഷ്ടിച്ചുകൊണ്ടും ആയിരുന്നെങ്കില്‍ ഇത് അക്രമം ആവശ്യമില്ലാത്തവിധം ആധിപത്യപരമായ അന്തരീക്ഷത്തില്‍ സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഒന്നായിരുന്നു (രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്). രണ്ടാമത്തെ വ്യത്യാസം, ആദ്യസംഭവത്തില്‍ ഭരണകൂടം പേരിനെങ്കിലും എതിര്‍പക്ഷത്തായിരുന്നെങ്കില്‍ ഇത് ഭരണകൂടത്തിന്റെ പൂര്‍ണ്ണ മേല്‍നോട്ടത്തില്‍ നടത്തിയ പരിപാടി ആയിരുന്നു. മാത്രവുമല്ല രാമക്ഷേത്ര നിര്‍മ്മാണം സുപ്രീം കോടതി വിധിയിലൂടെ സാധൂകരിക്കപ്പെടുകയും, അതിന് വ്യാപകമായ നീതീകരണം നേടിക്കൊടുക്കുകയും ചെയ്തു. മൂന്നാമത്തേത് മസ്ജിദ് തകര്‍ത്തത് മുതല്‍ ഈ കാലയളവുവരെയുള്ള ഇന്ത്യന്‍ വലതുപക്ഷത്തിന്റെ ആശയപ്രചരണം (അതില്‍ വിരലില്‍ എണ്ണാവുന്നവ ഒഴികെ, മാധ്യമങ്ങള്‍ ഒന്നടങ്കം വഹിച്ച പങ്ക്) ജനതയുടെ അഭിപ്രായത്തെ ഗണ്യമായി സംഘപരിവാറിന് അനുകൂലമായി മാറ്റിയെടുത്തു. അവസാനമായി, കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ഭരണഹിന്ദുത്വത്തിന്റെ പ്രവര്‍ത്തനങ്ങളും ഇതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചതായിക്കാണാം. 

ബാബരി പള്ളി | PHOTO: WIKI COMMONS
ജനുവരി 22 ന്റെ പ്രതിഷ്ഠാചടങ്ങിനോടുണ്ടായ പ്രതികരണങ്ങളുടെ സ്വഭാവം ഇന്ത്യയില്‍ ശക്തമാകുന്ന ഹിന്ദുത്വ ആവാസവ്യവസ്ഥയെക്കുറിച്ച് ചില വ്യക്തതകള്‍ തരുന്നുണ്ട്. ഹിന്ദുത്വ ആവാസവ്യവസ്ഥ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ആദ്യമേ വ്യക്തമാക്കേണ്ടതുണ്ട്. ആവാസവ്യവസ്ഥ എന്നത് ജീവശാസ്ത്രത്തില്‍ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു സങ്കല്‍പ്പനമാണെന്ന് നമുക്കറിയാം. ചെടികളും മൃഗങ്ങളും ഇതര ജീവജാലങ്ങളും കാലാവസ്ഥയും, ഭൂപ്രകൃതിയും പരസ്പരാശ്രിത ബന്ധത്തില്‍ നിലനില്‍ക്കുന്ന ഭൗമ മേഖലയാണ് ആവാസവ്യവസ്ഥ. അതില്‍നിന്ന് വ്യത്യസ്തമായി സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക പരസ്പരാശ്രിത ബന്ധത്തെ ആലോചിക്കാനുള്ള ശ്രമമാണ് ഹിന്ദുത്വ ആവാസവ്യവസ്ഥ എന്ന ആശയത്തിലൂടെ ചെയ്യുന്നത്. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍, രാഷ്ട്രീയ സംഘടനകള്‍, പൗരസമൂഹം തുടങ്ങിയ സാമൂഹിക ഘടകങ്ങളൊക്കെയും ഹിന്ദുത്വം എന്ന രാഷ്ട്രീയ ആശയത്തോട് ഇണങ്ങി/അതില്‍ ക്രമീകൃതമായി, പരസ്പര ബന്ധിത സങ്കീര്‍ണ്ണ സംവിധാനമായി പ്രവര്‍ത്തിക്കുന്ന പ്രക്രിയയാണിത്. ചുവടെ നല്‍കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചര്‍ച്ചകളില്‍നിന്ന് നമുക്ക് വ്യക്തമാവുന്ന കാര്യം ഇവിടെ ഒരു ഹിന്ദുത്വ ആവാസവ്യവസ്ഥ രൂപപ്പെട്ട് വരുന്നതായാണ്. അത് ഭരണപരമായ ഒന്നുമാത്രമല്ല മറിച്ച് സാംസ്‌കാരികം കൂടിയാണ്. സ്വന്തം മതത്തെക്കുറിച്ചുള്ള മിത്ഥ്യാഭിമാനവും ഇതര മതങ്ങളോടുള്ള, പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളോടുള്ള, അസഹിഷ്ണുതയും  ഇകഴ്ത്തിക്കാട്ടലും ഈ സാംസ്‌കാരികതയുടെ സ്വഭാവമാണ്. പ്രതിഷ്ഠയെ എതിര്‍ത്തും അനുകൂലിച്ചുമുളള പ്രതികരണങ്ങളില്‍ സിംഹഭാഗവും ഹിന്ദുത്വ ആവാസവ്യവസ്ഥയില്‍ അതിനെ നിരാകരിക്കാതെ എന്നാല്‍ അനുഗുണമായി നിലനില്‍ക്കാന്‍ പറ്റിയവയാണ്. 

രാഷ്ട്രീയ പ്രതികരണങ്ങള്‍

ജനുവരി 22-ന്റെ ചടങ്ങിനോട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, സമുദായ സംഘടനാ നേതൃത്വങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ നിരവധി പ്രതികരണങ്ങള്‍ ഇതിനോടകം പുറത്തുവന്നത്ത് നമ്മളെല്ലാവരും ശ്രദ്ധിച്ചതാണല്ലോ. പ്രതിഷ്ഠാ ചടങ്ങിനോട് അനുകൂലമായി പ്രതികരിക്കാതെ നിലനില്‍പ്പില്ല എന്ന തോന്നല്‍, ആശയപരമായ ചാര്‍ച്ച, ഭരണകൂട ഹിന്ദുത്വത്തിന്റെ പങ്കുപറ്റാനുള്ള വ്യഗ്രത തുടങ്ങി നിരവധി പ്രവണതകളെ നമുക്ക് ഈ വര്‍ദ്ധിച്ച പിന്തുണയില്‍ ദര്‍ശിക്കാന്‍ കഴിയും. അവയില്‍ ചിലത് നമുക്ക് ഹ്രസ്വമായി ചുവടെ പരിശോധിക്കാം. 
പ്രതിഷ്ഠാദിവസം ആം ആദ്മി പാര്‍ട്ടി അയോദ്ധ്യയില്‍ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കിലും രാമായണ പാരായണത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. മാത്രമല്ല അരവിന്ദ് കെജ്‌രിവാള്‍ പ്രാണപ്രതിഷ്ഠയെ 'അഭിമാനത്തിന്റേയും സന്തോഷത്തിന്റേയും മുഹൂര്‍ത്ത'മായി വിശേഷിപ്പിക്കുകയും 'രാമ രാജ്യത്തിന്റെ 10 തത്വങ്ങള്‍' ദേശീയ തലസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ചടങ്ങില്‍ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചെങ്കിലും അതിനെ ചൊല്ലിയുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘടനയ്ക്കകത്ത് നാം കണ്ടു. ഉദ്ഘാടനത്തിന് മുന്നും ശേഷവുമായി വിവിധ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാക്കളാവട്ടെ ഒരുപടി കൂടികടന്ന് പ്രതിഷ്ഠാചടങ്ങുകള്‍ തുടങ്ങുന്നതിന് തലേദിവസം അയോദ്ധ്യയിലെത്തി സരയൂനദിയില്‍ മുങ്ങി ജയ് ശ്രീരാം മുഴക്കി തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാമ, സീത, ഹനുമാന്‍ പ്രതിമകള്‍ അനാഛാദനം ചെയ്യുകയും, ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്താന്‍ ഉത്തരവിടുകയും ചെയ്തുകൊണ്ടാണ് അയോദ്ധ്യയിലെ ചടങ്ങിനോട് പ്രതികരിച്ചത്. നിരവധി മുഖ്യമന്ത്രിമാര്‍ ക്ഷേത്രങ്ങളില്‍ പോയും പൂജനടത്തിയും മറ്റും പ്രതിഷ്ഠാ ചടങ്ങിനോട് ഐക്യദാര്‍ഢ്യപ്പെട്ടു. ഇവയെല്ലാംതന്നെ മതകീയമായ പ്രതികരണങ്ങളും, രാമക്ഷേത്രത്തിന് ഞങ്ങള്‍ അനുകൂലമാണ് എന്ന സന്ദേശം നല്കുന്നതുമാണ്. ഇവ ഒരേസമയം ഹിന്ദുത്വ ആവാസവ്യവസ്ഥയില്‍ ഉരുത്തിരിയുന്നതും അതിനെ പുനരുല്‍പ്പാദിപ്പിക്കുന്നതുമാണ്.


രാമക്ഷേത്രം | PHOTO: FACEBOOK
പലതരം വൈരുദ്ധ്യങ്ങളും സമാന പ്രതികരണങ്ങളും, ഇടതുപക്ഷവും, ലാലു പ്രസാദിന്റെ ജനതാപാര്‍ട്ടിയും, ഡിഎംകെയും ഒഴികെയുള്ള ഇന്ത്യന്‍ പ്രതിപക്ഷ നിരയില്‍ ഉടനീളം നമുക്ക് കാണാന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇവയൊന്നും രാമക്ഷേത്ര പ്രതിഷ്ഠയെ എതിര്‍ക്കുന്നില്ല എന്ന് മാത്രമല്ല അടിസ്ഥാനപരമായ എന്തെങ്കിലും വിയോജിപ്പ് മുന്നോട്ടുവെക്കുന്നുമില്ല. അതുകൊണ്ട്തന്നെ ആര്‍.എസ്.എസ്-ന് ഇത്തരം പ്രതികരണങ്ങളോട് യാതൊരു പ്രശ്‌നവും ഉണ്ടാകില്ല, മറിച്ച് ആഹ്ലാദം ഉണ്ടാവുകയും ചെയ്യും. കാരണം എല്ലാ പ്രതികരണങ്ങളും അവര്‍ ഉന്നംവെക്കുന്ന ഹിന്ദുരാഷ്ട്രത്തിലെ മതകീയ പ്രതികരണങ്ങളാണ്. ഹിന്ദുത്വ ആവാസവ്യവസ്ഥയ്ക് യോജിച്ചതോ അതില്‍ നിന്ന് ഉടലെടുക്കുന്നതോ ആണവ. അവയെ നമുക്കിവിടെ പരിശോധിക്കാം. ആര്‍.എസ്.എസ്. നേതൃത്വത്തില്‍ സംഘപരിവാര്‍ നയിച്ച ഹിന്ദുത്വ മുന്നേറ്റത്തിലൂടെ ബാബരി മസ്ജിദ് പൊളിച്ചിടത്താണ് ക്ഷേത്രം പണിതത് എന്ന രാഷ്ട്രീയ ഓര്‍മ്മയുടെ അഭാവമാണ് ഈ പ്രതികരണങ്ങളുടെയെല്ലാം സവിശേഷത. പ്രതിപക്ഷ പ്രതികരണങ്ങളുടെയെല്ലാം കാതല്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ വല്ക്കരിക്കുന്നു എന്ന വാദമാണ്. അതായത് രാഷ്ട്രീയ വല്‍കരിക്കപ്പെടാത്ത, ശുദ്ധമായ മതചടങ്ങായി നില്ക്കുന്ന ഒരു രാമക്ഷേത്രപ്രതിഷ്ഠയെ അവര്‍ പൂര്‍വകല്‍പ്പന ചെയ്യുകയും അതിനോട് ഐക്യപ്പെടുകയും ചെയ്യുന്നുവെന്നര്‍ഥം. എന്നാല്‍ അത്തരമൊരു പൂര്‍വകല്‍പ്പനയെ സാദ്ധ്യമാക്കുന്ന എന്തെങ്കിലും രാമക്ഷേത്ര പ്രതിഷ്ഠയില്‍ ഉണ്ടോ? ഇല്ല എന്നത് ഇവിടെ വാദിച്ചു തെളിയിക്കേണ്ടുന്ന ഒരു കാര്യംപോലും അല്ല. സംഘപരിവാര്‍ നയിച്ച ഹിന്ദുത്വ മുന്നേറ്റത്തിലൂടെ ബാബറി മസ്ജിദ് പൊളിച്ചിടത്താണ് അത് പണിതത്. പള്ളിയെ തര്‍ക്കമന്ദിരം ആക്കുന്നതുമുതല്‍ ഇപ്പോഴത്തെ പ്രതിഷ്ഠാ കര്‍മ്മം വരെയുള്ള മുഴുവന്‍ പ്രക്രിയകളും രാഷ്ട്രീയ പ്രക്രിയകൂടി ആയിരുന്നു. അവ മുഴുവനും മറന്ന് പ്രതിഷ്ഠാ ചടങ്ങിന്റെ പങ്ക് പറ്റാനുളള ശ്രമം ഓര്‍മ്മകളെ മായ്ച്ച് ചരിത്രത്തെ പുതുതായി അവതരിപ്പിക്കുന്ന സംഘപരിവാര്‍ തന്ത്രത്തിന്റെ സ്ഥിരം രീതിയാണ്. ആ തന്ത്രത്തിന്റെ പാന്‍ ഇന്ത്യന്‍ വിജയ ഗാഥയാണ് ഇപ്പോള്‍ നാം കാണുന്നത് എന്ന് പറയേണ്ടിവരും. 

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.-യുമായി പോരടിച്ചാലും ഈ അഭിപ്രായങ്ങളില്‍ ആര്‍.എസ്.എസ് അലോസരപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല. ഹിന്ദുത്വ ആവാസവ്യവസ്ഥയിലെ വിവിധ ഷേഡുകളിലെ പങ്കാളികളായി അവര്‍ മാറിക്കഴിഞ്ഞു എന്നതാണ് കാരണം. ആം ആദ്മി പാര്‍ട്ടിയുടെ ആദ്യവരവില്‍ ആര്‍.എസ്.എസ് അതിനെ പിന്തുണച്ചത് നമുക്കറിയാമല്ലോ. ബി.ജെ.പി അനിവാര്യമല്ലാത്ത ബി ടീമുകളായി ഇവയൊക്കെയും മാറുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇടതുപക്ഷവും, ഡി.എം.കെ-യും മറ്റുമേ തികച്ചും ഭിന്നമായ ഹിന്ദുത്വ ആവാസവ്യവസ്ഥയ്ക്ക് പുറത്തുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളൂ. ശ്രദ്ധിച്ചുനോക്കിയാല്‍ കോണ്‍ഗ്രസിലെ നെഹ്‌റു ധാരയോടാണ് ആര്‍. എസ്.എസ്.-ന് കടുത്ത പ്രശ്‌നമുള്ളത് എന്നുകാണാം. അതുകൊണ്ടാണ് നെഹ്‌റുവിന്റെ ചരിത്രപരമായ പങ്കിനെ നിഷേധിക്കാനും, ഓര്‍മ്മകളെ ഇല്ലാതാക്കാനും അവര്‍ പെടാപ്പാട് പെടുന്നത്. ഗാന്ധി വധത്തിന്‌ശേഷം ആര്‍.എസ്.എസ്-മായി പട്ടേല്‍ നടത്തിയ അനുരഞ്ജനത്തിന് നെഹ്‌റു വഴങ്ങിയില്ല എന്നതാണ് ഈ വിരോധത്തിന്റെ മുഖ്യ കാരണം. അല്ലാത്തവിഭാഗം അവര്‍ക്ക് എപ്പോഴും സ്വീകാര്യര്‍ ആയിരുന്നു. 1949-ല്‍ അനധികൃതമായി മസ്ജിദില്‍ സ്ഥാപിച്ച രാംലല്ല മാറ്റാന്‍ നെഹ്‌റു ഉത്തരവിട്ടെങ്കിലും അതുനടപ്പായില്ല. അന്നത്തെ ഫൈസാബാദ് എം.എല്‍.എ ആയിരുന്ന ബാബ രാഘവ ദാസ് രാജിഭീഷണി മുഴക്കി അത് തടയുന്നതില്‍ മുന്നില്‍ നിന്നു. ആദ്യകാല ഹിന്ദുമഹാസഭ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഹിന്ദുമഹാസഭ, ആര്‍. എസ്.എസ്., പ്രവര്‍ത്തകരുമായി കോണ്‍ഗ്രസിന്റെ എല്ലാനിലയിലുമുള്ള ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് എക്കാലത്തും ബന്ധമുണ്ടായിരുന്നു.
 

REPRESENTATIVE IMAGE: WIKI COMMONS
കോണ്‍ഗ്രസിലാകട്ടെ നെഹ്‌റുവിയന്‍ ധാരയ്ക്ക് ഇപ്പോള്‍ കാര്യമായ സ്വാധീനശക്തി ഇല്ലതാനും. അതുകൊണ്ടാണ് ബി.ജെ.പിയോട് എതിര്‍പ്പ് ഉയര്‍ത്തിയാലും ആര്‍.എസ്.എസ്. -നോട് അത് പ്രകടിപ്പിക്കുന്നവര്‍ കോണ്‍ഗ്രസില്‍ തുലോം കുറവായിരിക്കുന്നത്. ഇന്ത്യയിലെ മിക്കവാറും എല്ലാവിഭാഗം രാഷ്ട്രീയ പാര്‍ട്ടികളിലും ഈ ആര്‍.എസ്.എസ്. അനുകൂല മനോഭാവം നമുക്ക് കാണാന്‍ കഴിയും. മമത ബാനര്‍ജി പലപ്പോഴും ബി.ജെ.പി യോട് കലഹിച്ചുകൊണ്ട് ആര്‍.എസ്.എസ്.-നോട് എനിക്ക് പ്രശ്‌നമില്ല എന്ന് വ്യക്തമാക്കിയത് ഉദാഹരണമായെടുക്കാം. ഭരണ ഹിന്ദുത്വത്തിന്റെ ഒരു ദശകത്തെ നിലനില്‍പ്പില്‍ ഇവിടുത്തെ ഹിന്ദുത്വ ആവാസവ്യവസ്ഥ ശക്തമായതായി നമുക്ക് കാണാം. 

സാമുദായിക സംഘടനകളും പൗരസമൂഹവും 

ഹൈന്ദവ സാമുദായിക സംഘടനകളും, പൗരസമൂഹവും ഈ ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുംവിധം അനുഗുണമായി പ്രതികരിക്കുന്ന കാഴ്ച നമുക്കു കാണാന്‍ കഴിയും. ഉദാഹരണത്തിന്  കേരളത്തിലെ സമുദായ സംഘടനകളായ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയവയുടെ പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക. എല്ലാവരും പ്രതിഷ്ഠാ പരിപാടിയെ പിന്തുണക്കുകയും, വീടുകളില്‍ ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരിന്നു. കേരളത്തിലെ ആര്‍.എസ്.എസ്. നേതൃത്വം നേരിട്ട്തന്നെ ഈ അഭിപ്രായ രൂപീകരണത്തില്‍ പങ്കെടുത്തിട്ടുണ്ട്. അന്നേദിവസം അയോദ്ധ്യയിലാകട്ടെ മതപുരോഹിതര്‍, സിനിമാതാരങ്ങള്‍, ഗായകര്‍, ഇതര സാംസ്‌കാരിക മേഖലയില്‍നിന്നുള്ളവര്‍, മുന്‍ജഡ്ജിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയ വന്‍ നിരയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് നമ്മള്‍ കണ്ടതാണ്. ഞാന്‍ പറഞ്ഞ ഹിന്ദുത്വ ആവാസവ്യവസ്ഥയെ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ സക്രിയമായി പങ്കുചേരുന്ന വിഭാഗമാണത്. അത്തരം വിഭാഗത്തിന് ആര്‍.എസ്.എസ് മായി നേരിട്ട് ബന്ധമുണ്ടാകണമെന്നുപോലുമില്ല. എന്നാല്‍ ആവാസവ്യവസ്ഥയിലെ കണ്ണിയായി അവര്‍ക്ക് മാറുകയും ചെയ്യാം. സാധാരണക്കാരായ മനുഷ്യരും ഈ അവാസവ്യവസ്ഥയില്‍ സജീവമായി പ്രതികരിച്ചതായാണ് അന്നേദിവസം തീവണ്ടിയില്‍ ഭജന പാടിയ യാത്രക്കാരും, തെരുവില്‍ പായസം വിതരണം ചെയ്തവരും, വീട്ടില്‍ ദീപം തെളിച്ചവരുമൊക്കെ കാണിക്കുന്നത്. 
കേരളവും തമിഴ്‌നാടും പോലുള്ള ചുരുക്കം സ്ഥലങ്ങളില്‍ പ്രതിഷ്ഠാ ചടങ്ങ് വലിയ സാമൂഹിക ചലനം സൃഷ്ടിച്ചില്ലെങ്കിലും, മറ്റിടങ്ങളില്‍ ഇത് ആഘോഷമായി മാറിയതായി കാണാം. തോരണങ്ങള്‍ തൂക്കിയും, ഭജനപാടിയും, മധുരം വിതരണം ചെയ്തും സംഘപരിവാര്‍ സംഘടനകളുടേയും, ക്ഷേത്ര കമ്മിറ്റികളുടേയും, ഹൗസിങ്ങ് കോളനികളുടേയും മറ്റും മുന്‍കയ്യില്‍ ചടങ്ങ് ആഘോഷിക്കപ്പെട്ടു. രാഷ്ട്രീയ നടപടിയെ സാംസ്‌കാരികമായി പരിവര്‍ത്തിപ്പിക്കുന്ന ഒന്നായാണ് പൗരസമൂഹത്തില്‍ പ്രതിഷ്ഠാ ചടങ്ങ് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടാണ് ഹിന്ദുത്വ ആവാസവ്യവസ്ഥ സാംസ്‌കാരികം കൂടിയാണെന്ന് ഞാന്‍ പറഞ്ഞത്. ഇതില്‍ മിഥ്യാഭിമാനത്തിന്റേയും, ആധിപത്യ ആഹ്ലാദത്തിന്റേയും, കീഴ്‌പ്പെടുത്തലിന്റേയുമൊക്കെ മുദ്രകള്‍ പലപ്പോഴും പ്രകടവും (ചിലപ്പോള്‍ ലീനവുമാണ്).  തെരുവുകളിലൊന്നും ഇതിനോടുള്ള എതിര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നില്ല. അത്തരം എതിര്‍പ്പുകള്‍ വന്‍തോതിലുള്ള അക്രമങ്ങള്‍ ഉയര്‍ത്തുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. ഒപ്പം ഭരണകൂട അടിച്ചമര്‍ത്തലുകളോടുള്ള ഭയവും അതില്‍ ഉണ്ടായിരുന്നു. 

REPRESENTATIVE IMAGE: FACEBOOK
ഏറ്റവും അത്ഭുതപ്പെടുത്തുന്ന അഭാവം മഹാത്മാഗാന്ധിയുടെ പോലുള്ള മതാത്മവും ധാര്‍മ്മികവുമായ എതിര്‍പ്പിന്റെ തലമാണ്. ഞങ്ങള്‍ രാമനില്‍ വിശ്വസിക്കുന്നുവെങ്കിലും പള്ളിപൊളിച്ച് അവിടെ അമ്പലം പണിയുന്ന വിദ്വേഷ രാഷ്ട്രീയത്തിന് എതിരാണെന്ന് പറഞ്ഞ് പ്രതിഷ്ഠാകര്‍മ്മത്തെ തന്നെ തള്ളിക്കളയുന്ന മതധാര്‍മ്മികതയുടെ അഭാവമാണത്. എവിടെനിന്നും അത്തരമൊരു ശക്തമായ ശബ്ദം ഉയര്‍ന്നു വന്നില്ല.; നവോത്ഥാന കാലത്ത് ഉരുവംകൊണ്ട ജാതി പരിഷ്‌കരണ സംഘടനകളില്‍നിന്നുപോലും. കാഞ്ചി മഠാധിപരുടെ എതിര്‍പ്പ് അനുഷ്ഠാനത്തിന്റെ ആധികാരികതയിലും, അനുഷ്ഠാന അധികാരത്തിലും ആയിരുന്നു ഊന്നിയത് അല്ലാതെ മതധാര്‍മ്മികതയിലല്ല എന്നു കാണാം. അതായത് ഹിന്ദുത്വ ആവാസവ്യവസ്ഥയില്‍ മതധാര്‍മ്മികതയുടെ ദൃഢത ഇല്ലാതാവുന്നതിനും നമ്മള്‍ സാക്ഷിയാകുന്നു. എസ്.എന്‍.ഡി.പി ഇതിന് നല്ലൊരുദാഹരണമാണ്.

മതേതര ഭരണകൂടത്തിന്റെ തകര്‍ച്ച

ഹിന്ദുത്വ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന മറ്റൊരു ഘടകം ഇന്ത്യന്‍ മതേതരത്വത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയായിരിക്കും. അതിന്റെ പ്രഖ്യാപിത നിലപാടായ ഭരണകൂടം മതങ്ങളില്‍നിന്ന് തുല്യാകലം പാലിക്കുക എന്നത് പൂര്‍ണ്ണമായും ബോധപൂര്‍വം ലംഘിക്കുന്ന ഒരു മുഹൂര്‍ത്തമായിരുന്നു പ്രതിഷ്ഠാ ചടങ്ങ്. ക്രമബന്ധമായിത്തന്നെ നിരന്തരം ഇത്തരം ലംഘനങ്ങള്‍ നടത്തി പക്ഷപാതപരമാവുക എന്നതാണ് ഇപ്പോള്‍ നിരന്തരം നമ്മള്‍ കണ്ടുവരുന്നത്. ഒരു മതരാഷ്ട്രത്തിന് സമാനമായ വിധത്തില്‍ ഭരണകൂടത്തിന്റെ വിവിധ ഘടകങ്ങളെ ചടങ്ങിന്റെ ഭാഗമാക്കി മാറ്റുന്ന കാഴ്ചക്കാണ് നമ്മള്‍ സാക്ഷ്യംവഹിച്ചത്. പ്രധാനമന്ത്രിതന്നെ മതചടങ്ങിന് കാര്‍മ്മികത്വം വഹിക്കുകയും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന സംഭവം. സര്‍ക്കര്‍ സ്ഥാപനങ്ങള്‍ ചടങ്ങുകള്‍ ആഘോഷിക്കുകയും, ജീവനക്കാര്‍ക്ക് അവധി നല്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ഹിന്ദുത്വ ആവാസവ്യവസ്ഥയുടെ അടിസ്ഥാന ഘടകമായി പ്രവര്‍ത്തിക്കുന്നവയാണ്. 
ഭരണകൂടം അതിന്റെ പക്ഷം ഹൈന്ദവമാണ് എന്ന് പ്രഖ്യാപിക്കുന്നതിലൂടെ ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ട് മതേതര ഭരണകൂടത്തെ ഇല്ലാതാക്കലാണ്. പക്ഷപാതപരമാകലാണ് ഞങ്ങളുടെ സ്വഭാവം എന്ന് സര്‍ക്കാര്‍ സംവിധാനങ്ങളും സ്ഥാപനങ്ങളും പറയാനും പ്രവര്‍ത്തിക്കാനും തുനിയുന്നതോടെ ഹിന്ദുത്വ ആവാസവ്യവസ്ഥയുടെ അടിസ്ഥാന നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. (ടി.എന്‍ മദന്‍, ആഷിഷ് നന്ദി തുടങ്ങി നിരവധി പണ്ഡിതര്‍ ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ പരിചിതമല്ലാതെയല്ല ഇതെഴുന്നത്. അത്തരം ചര്‍ച്ചകള്‍ മറ്റൊരിക്കലേക്ക് മാറ്റിവെക്കുന്നു).
 REPRESENTATIVE IMAGE: FACEBOOK
ഉപസംഹാരം

പൂര്‍ത്തീകരിക്കപ്പെട്ട ഒരു പ്രതിഭാസമായല്ല ഹിന്ദുത്വ ആവാസവ്യവസ്ഥയെ ഞാന്‍ കാണുന്നത്, അതിലേക്കുള്ള പ്രയാണ പ്രവണതകളായാണ്. ജാതീയവും, മതപരവുമായ പലതരം ആന്തരിക വൈരുദ്ധ്യങ്ങള്‍ ഈ പ്രക്രിയയെ അസാദ്ധ്യമാക്കുകയോ, പ്രതിസന്ധിയിലാക്കുകയോ ചെയ്‌തേക്കാം. ഭാവിയില്‍ ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയ അജണ്ടകളും പദാവലികളും എത്രമാത്രം ഈ ആവാസവ്യവസ്ഥാ ബന്ധങ്ങളോട് എതിര്‍ നില്‍ക്കുന്നതും പുതുഭാവനയെ സാദ്ധ്യമാക്കുന്നതും ആണെന്നതനുസരിച്ചായിരിക്കും നമ്മുടെ ശുഭകരമായ ഭാവി. ഹിന്ദുത്വ ആവാസവ്യവസ്ഥ ഉണ്ടായിവരുന്നത് സ്വാഭാവിക പ്രതിഭാസമായി കാണാന്‍ കഴിയില്ല. അതില്‍ പലതരം ബലങ്ങളും അധികാര പ്രയോഗങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണകൂടം സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത് അതിന്റെ മതേതര സ്വഭാവത്തെ ഇല്ലാതാക്കുന്നത്, പോലീസ് സൈന്യം എന്നിവയുടെ മര്‍ദ്ദനപരമായ സമീപനം, സര്‍ക്കാര്‍ നയങ്ങളിലെ മാറ്റങ്ങള്‍, പൗരസമൂഹ സംഘങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍, സംഘപരിവാര്‍ സംഘടനകളുടെ അക്രമങ്ങളും ആശയപ്രചരണങ്ങളും, പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിശബ്ദമാക്കി, പ്രത്യേകതരം വ്യവഹാരങ്ങളെമാത്രം സൃഷ്ടിക്കല്‍ തുടങ്ങി പലതരം പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ന്നാണ് ഇത്തരമൊരു ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കുന്നത്. ഇതര മത ന്യൂനപക്ഷ സമൂഹങ്ങളെ (പ്രത്യേകിച്ചും മുസ്ലീങ്ങളെ) അപമാനിതരാക്കലും അതിലൂടെ മിത്ഥ്യാഭിമാനം സൃഷ്ടിക്കലും പ്രകടമായിതന്നെ ഈ ആവാസവ്യവസ്ഥയില്‍ നിലനില്‍ക്കും. 

ഇങ്ങനെ ഹിന്ദുത്വ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളോട് ഗുണപരമായി ആളുകള്‍ പ്രതികരിക്കുന്നതിന്റെ ചിത്രമാണ് രാജ്യവ്യാപകമായി നമ്മള്‍ ജനുവരി 22 ന് ദര്‍ശിച്ചത്. ആള്‍കൂട്ടക്കൊലകളും, ജാതീയവും മതപരവുമായ അക്രമങ്ങളും, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയുമെല്ലാം സാധാരണമായി നാട്ടില്‍ പ്രത്യക്ഷപ്പെടുകയും അവയെ സ്വാഭാവിക പ്രതികരണങ്ങളെന്നോണം ന്യായീകരിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നതും ഹിന്ദുത്വ ആവാസവ്യവസ്ഥയുടെ രൂപപ്പെടലിന്റെ സൂചനയാണ്. 



1- TB Hansen and S Roy, Saffron Republic: Hindu Nationalism and State Power in India, Cambridge University Press, 2022.
C Jaffrelot, Modi's India: Hindu Nationalism and Rise of Ethnic Democracy, Princeton University Press, 2021.
Deepa Reddy, What is neo-about Neo-Hindutva, Contemporary South Asia, 2018 - Taylor & Francis. 
Moumita Sen and KB Nielsen,  Competitive Hindutva. 

2- https://www.asiaportal.info/competitive-hindutva/ 
https://www.indiatoday.in/india/story/arvind-kejriwal-ram-mandir-pran-pratishtha-ayodhya-10-principles-of-ram-rajya-in-delhi-latest-news-2493410-2024-01-25 
 
3- https://indianexpress.com/article/political-pulse/ram-temple-inauguration-up-congress-keeps-its-date-with-ayodhya-hooda-drops-in-9110946/ 

4- TB Hansen Social Segregation and Everyday Hindutva in Middle India, in Ed. TB Hansen and S Roy, Saffron Republic: Hindu Nationalism and State Power in India, Cambridge University Press, 2022.

5-  Mukul Roy, Gita Press the Making of Hindu India, HarperCollins India
 
6- Nilanjan Mukhopadyay, The Demolition and The Verdict, Speaking Tiger Books, 2021

#outlook
Leave a comment