
മുൻ ചീഫ് സെക്രട്ടറി അഴിമതിക്കേസിൽ വിചാരണ നേരിടണം: ഹൈക്കോടതി
മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ പുനഃസംഘടനാ കമ്മിറ്റി മുൻ ചെയർമാൻ എൻ. കൃഷ്ണകുമാർ, പാലക്കാട്ടെ വാണിജ്യ പ്രമുഖനായ വി.എം.രാധാകൃഷ്ണൻ (ചാക്ക് രാധാകൃഷ്ണൻ) മുതലായവർ പ്രതികളായ മലബാർ സിമൻസിലെ ഫ്ലൈ ആഷ് അഴിമതി കേസ് നാല് മാസത്തിനകം തീർപ്പാക്കണമെന്ന് തൃശൂർ വിജിലിൻസ് കോടതിയോട് കേരള ഹൈക്കോടതി നിർദ്ദേശിച്ചു. സിമൻ്റ് ഉൽപാദനത്തിൻ്റെ അസംസ്കൃത വസ്തുവായ ഫ്ലൈ ആഷിന് മാർക്കറ്റ് വിലയേക്കാൾ കൂടിയ നിരക്ക് കാണിച്ചും, കടത്ത് കൂലി കൂട്ടിക്കാണിച്ചും പൊതുമേഖല സ്ഥാപനമായ വാളയാറിലെ മലബാർ സിമൻസിന് ലക്ഷക്കണക്കിന് രൂപ നഷ്ടം വരുത്തിയതിന് തൃശൂർ വിജിലൻസ് കോടതിയിൽ നടക്കുന്ന കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തങ്ങളെ ഒഴിവാക്കണം എന്ന് ആവശ്യപെട്ട് ജോൺ മത്തായിയും, കൃഷ്ണകുമാറും നൽകിയ ഹർജി തള്ളിയ സെപ്തംബർ 10 ലെ വിധിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വിജിലൻസ് കോടതിക്ക് ഈ നിർദ്ദേശം നൽകിയത്. അന്ന് തന്നെ 2004-2006 കാലത്ത് തമിഴ് നാട്ടിൽ നിന്നും കൂടിയ വിലക്ക് ചുണ്ണാമ്പ് കല്ല് വാങ്ങിയ വകയിൽ മലബാർ സിമൻ്റ്സിന് 25,61,394 രൂപ നഷ്ടമുണ്ടാക്കിയ കേസിലും ഇവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. തൃശൂർ വിജിലൻസ് കോടതിയിലാണ് ഈ കേസും. വിജിലൻസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ ഈ കേസിലും തങ്ങളെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട അര ഡസനോളം അഴിമതി കേസുകളിൽ വി.എം.രാധാകൃഷ്ണനൊപ്പം പ്രതികളാണ് കേരള സിവിൽ സർവ്വീസിന്റെ ഔന്നത്യങ്ങളിൽ വിരാജിച്ചിരുന്ന ഈ രണ്ട് ഉദ്യോഗസ്ഥരും.
രണ്ടായിരങ്ങളിൽ കേരളത്തിലെ വലിയ രാഷ്ട്രീയ വിവാദമായിരുന്ന മലബാർ സിമൻ്റ് അഴിമതി പരമ്പരയിലെ പ്രധാന സംഭവങ്ങളാണ് ഈ കേസ്സുകൾ. മലബാർ സിമൻ്റ്സ് കമ്പനി സെക്രട്ടറി ആയിരുന്ന ശശീന്ദ്രൻ്റെയും രണ്ട് മക്കളുടെയും ദുരൂഹമായ മരണമടക്കമുള്ള സംഭവങ്ങളുടെ അടിസ്ഥാനം ഈ കേസാണ്. അക്കാലത്ത് വലിയ വാർത്തകൾ ആയിരുന്നു ഈ വിഷയങ്ങൾ.
REPRESENTATIVE IMAGE | WIKI COMMONS
മലബാർ സിമൻ്റസ് എം.ഡി ആയിരുന്ന എസ്.എസ്. മോനി (A1), ഡയറക്ടർ കെ. മുരളീധരൻ നായർ (A2), വി.എം.രാധാകൃഷ്ണൻ (A3), എസ്. പടിമേലു (A4), ജോൺ മത്തായി (A5), എൻ. കൃഷ്ണകുമാർ (A6), ജിയോളജിസ്റ്റ് ടി. പത്മനാഭൻ നായർ (A7) എന്നിവരെ പ്രതികളാക്കി പാലക്കാട് വിജിലൻസ് പൊലീസ് ആണ് 2008 ൽ ഫ്ലൈ ആഷ് അഴിമതി കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി എന്ന നിലയിൽ മലബാർ സിമൻ്റ്സിൻ്റെ ചെയർമാൻ ആയിരുന്നു ജോൺ മത്തായി.
തൂത്തുകുടി താപനിലയത്തിൽ നിന്നും വാളയാറിലെ മലബാർ സിമൻ്റ് ഫാക്ടറിയിലേക്കും, ചേർത്തലയിലെ ഉപയൂണിറ്റിലേക്കും ഫ്ലൈ ആഷ് കൊണ്ടുവരാൻ മൂന്നാം പ്രതിയായ രാധാകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള എസ്.ആർ.വി. ട്രാൻസ്പോർടുമായി മലബാർ സിമൻ്റ്സ് മാനേജിങ് ഡയറക്ടർ 2004 നവംബർ 11 ന് ടെണ്ടർ വിളിക്കാതെ വളരെ കൂടിയ നിരക്കിൽ ദീർഘകാല കരാർ ഉണ്ടാക്കിയത് അഴിമതിയാണ് എന്നാണ് കേസ്. ഇത് വഴി 16,10,88,434 രൂപ രാധാകൃഷ്ണന് നിയമ വിരുദ്ധമായി ലഭിച്ചുവെന്ന് വിജിലൻസ് കണ്ടെത്തി. കരാറിൽ പറഞ്ഞിരുന്നത് ഫ്ലൈ ആഷ് കൊണ്ടുവരുന്നത് വാളയാറിൽ നിന്ന് 366 കി.മീ അകലെയുള്ള തൂത്തുകുടിയിൽ നിന്നാണ് രേഖകളിൽ കാണിച്ചിരുന്നത് എങ്കിലും വാളയാറിന് 169 കി.മീ. അടുത്തുള്ള മേട്ടൂർ താപനിലയത്തിൽ നിന്നാണ് സാധനം എത്തിച്ചിരുന്നത്. ആ വകയിൽ 6,28,029 രൂപ വേറേയും രാധാകൃഷ്ണൻ വാങ്ങി. അങ്ങനെ രാധാകൃഷ്ണന് നിയമവിരുദ്ധമായി ലഭിച്ച 16.17 കോടിരൂപ മലബാർ സിമൻ്റ്സിന് നഷ്ടം വന്നു എന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2004-06 കാലത്തെ അക്കൗണ്ടൻ്റ് ജനറലിൻ്റെ ഓഡിറ്റ് റിപ്പോർട്ടിൽ ആണ് ഈ ക്രമക്കേട് പുറത്ത് വരുന്നത്. അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് പക്ഷം ഈ അഴിമതിയെ രാഷ്ട്രീയ പ്രശ്നമായി ഏറ്റെടുക്കുകയും നിയമസഭക്കകത്തും പുറത്തും വലിയ ചർച്ചയാക്കി മാറ്റുകയും ചെയ്തു. അങ്ങനെയാണ് വിജിലൻസ് അന്വേഷണം വരുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
2005 ജനുവരി 28 ന് മലബാർ സിമൻ്റ്സിൻ്റെ 149-ാമത് ഡയറക്ടർ ബോർഡ് യോഗം ഒരു പരിശോധനയും ആലോചനയും ഇല്ലാതെയാണ് ഫ്ലൈ ആഷ് ഇടപാടിന് അംഗീകാരം നൽകിയത്. കമ്പനിയുടെ എക്സ്-ഒഫീഷ്യോ ചെയർമാൻ ജോൺ മത്തായിയും, ഡയറക്ടർ കൃഷ്ണകുമാറും ഈ യോഗത്തിൻ പങ്കെടുത്തിരുന്നു. 2004 ഓഗസ്റ്റിൽ ഇവർ പങ്കെടുത്ത 147ാമത് ബോർഡ് മീറ്റിംഗ് ട്രാൻസ്പോർട്ട് കോണ്ട്രാക്റ്ററുമായി ചർച്ച നടത്തി കമ്പനി നിയമോപദേശകൻ്റെ അഭിപ്രായം എടുത്ത് നിരക്കും മറ്റ് വ്യവസ്ഥകളും നിശ്ചയിച്ച് കരാർ വെക്കാൻ മലബാർ സിമൻ്റ്സ് മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. അങ്ങനെ ഉണ്ടാക്കിയ കരാർ ആണ് 2004 നവംബറിൽ ഒപ്പ് വെച്ചത്.
കരാറുകാരന് അവിഹിതമായ പണം കിട്ടാൻ സാഹചര്യം സൃഷ്ടിച്ച ഈ പ്രക്രിയയിൽ പങ്കെടുത്ത എല്ലാവരും കുറ്റക്കാർ ആണെന്നാണ് തൃശൂർ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത കേസ്. ഗവ. ഉദ്യോഗസ്ഥൻ എന്ന നിലയിൽ കുറ്റകരമായ വിശ്വാസ വഞ്ചന (ഇ.ശി.നി.463), വ്യാജരേഖ ചമക്കൽ (468), വിശ്വാസവഞ്ചന (420) തട്ടിപ്പ് നടത്തിയവരെ രക്ഷപ്പെടാൻ സഹായിക്കുക (120 ബി) എന്നീ കുറ്റങ്ങളും അഴിമതി നിരോധനനിയമത്തിലെ പ്രസക്ത വകുപ്പുകളും ചേർത്താണ് കുറ്റപത്രം.
ഇതിനിടയിലാണ് മലബാർ സിമൻ്റ്സിൻ്റെ കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ട് മക്കളും സ്വന്തം വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ദുരൂഹ സാഹചര്യത്തിലുള്ള ഈ മരണം വൻ പൊതുജനരോഷം സൃഷ്ടിച്ചു. ഇത് കൊലപാതകം ആണെന്ന വ്യാപകമായ ആരോപണങ്ങൾ ഉയർന്നതോടെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്ചുതാനന്ദൻ വിഷയത്തിൽ ഇടപെട്ടു. അതിനെ തുടർന്ന് മനുഷ്യാവകാശ കേന്ദ്രം സെക്രട്ടറി ജോയി കൈതാരത്ത് ശശീന്ദ്രൻ്റെ 'കൊലപാതകം' അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചു. ഇതിനായി ജോയിയുടെ നേതൃത്വത്തിൽ ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഫ്ലൈ ആഷ് കേസ് അടക്കം മലബാർ സിമൻ്റ്സിലെ മുഴുവൻ അഴിമതി കേസുകളിലെയും പ്രധാന സാക്ഷി ആയിരുന്നു ശശീന്ദ്രൻ. തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഫ്ലൈ ആഷ് അഴിമതി കേസ് വിചാരണ തുടങ്ങിയ സമയത്താണ് ശശീന്ദ്രന്റെ ദുരൂഹ മരണം.
ഉമ്മൻ ചാണ്ടി | PHOTO : WIKI COMMONS
കുറ്റപത്രത്തിൽ പറയുന്ന തങ്ങളുടെ പങ്ക് നിരാകരിച്ചും, തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും ജോൺ മത്തായിയും, കൃഷ്ണകുമാറും വിജിലൻസ് കോടതിയിൽ ഹർജി നൽകി. കോടതി ഇത് തള്ളി. പിന്നാലെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇവരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി ഉത്തരവിറക്കി. ഇതിനെതിരേ ശശീന്ദ്രൻ ആക്ഷൻ കൗൺസിൽ ഉമ്മൻ ചാണ്ടിക്ക് പരാതി നൽകി. പരാതിയുമായി ചെന്ന ശശീന്ദ്രൻ്റെ അച്ഛൻ വേലായുധൻ മാഷോടും, ജോയി കൈതാരത്തോടും 'ജോൺ മത്തായിയെ ഒഴിവാക്കിയില്ലെങ്കിൽ ഐഎഎസുകാർ തനിക്ക് എതിരാകും' എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായി ഇരുവരും അവകാശപ്പെട്ടിരുന്നു. ഇതേ തുടർന്ന് ജോയി കൈതാരം കേസിൽ കക്ഷി ചേരാൻ ഹർജി കൊടുത്തു. ഇത് പ്രതികൾ എതിർത്തപ്പോൾ ഹൈക്കോടതിയാണ് കക്ഷി ചേരാനുള്ള അനുമതി നൽകിയത്.
തുടർന്നാണ് മുൻവിധിയോടെയും, നിയമ വിരുദ്ധമായുമാണ് പരാതി തള്ളിയത് എന്ന വാദവുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ കുറ്റവിചാരണ ചെയ്യാൻ മതിയായ രേഖകളോ സാഹചര്യങ്ങളോ ഇല്ലെന്നായിരുന്നു ഇവരുടെ വാദം. കേവലം സംശയത്തിൻ്റെ പേരിൽ ഒരാളെ കുറ്റവാളി ആക്കുന്നത് ശരിയല്ല എന്നും തങ്ങൾക്ക് ആരെയും ചതിക്കാനോ പണം അപഹരിക്കാനോ ഉദ്ദേശമുണ്ടായിരുന്നില്ല എന്നും ഇവർ വാദിച്ചു.
അപൂർവ്വ സാധനമായ ഫ്ലൈ ആഷ് കിട്ടാൻ ടെണ്ടർ വിളിച്ചപ്പോൾ ആരും പങ്കെടുക്കാത്ത സാഹചര്യത്തിൽ ആണ് വിവാദ സ്ഥാപനം സമീപിക്കുന്നത് എന്ന് ഹൈക്കോടതിയിൽ വാദിച്ച പ്രതികൾ അവർക്ക് അന്ന് അതിന് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആ വാഗ്ദാനം സ്വീകരിച്ചില്ല എന്ന് ന്യായീകരിച്ചു. തൂത്തുക്കുടി താപനിലയത്തിൽ തങ്ങൾക്ക് ഒരു ഫ്ലൈ ആഷ് സൈലോ അനുവദിച്ച് കിട്ടിയതിനാൽ ഒമ്പത് കൊല്ലം മുടങ്ങാതെ സാധനം സപ്‌ളൈ ചെയ്യാമെന്ന ഓഫറുമായി അവർ ഒരു വർഷത്തിന് ശേഷം വീണ്ടും സമീപിച്ചു. ഈ സമയത്ത് ഫ്ലൈ ആഷിന് കടുത്ത ക്ഷാമം നേരിട്ടിരുന്നതിനാലാണ് ഗത്യന്തരമില്ലാതെ എ. ആർ. കെ ലിമിറ്റഡുമായി 2004 നവംബർ 11 ന് കരാർ ഉണ്ടാക്കിയത്. ഇതെല്ലാം കമ്പനി ഡയറക്ടർ ബോഡിൽ ചർച്ച ചെയ്തിരുന്നു എന്നും മുമ്പ് താൽക്കാലികാടിസ്ഥാനത്തിൽ തൂത്തുക്കുടിയിൽ നിന്നും മെട്രിക് ടണ്ണിന് 892.27 രൂപക്ക് വാങ്ങിയിരുന്ന ഫ്ലൈ ആഷ് 890 രൂപയ്ക്കാണ് രാധാകൃഷ്ണൻ്റെ എ.ആർ.കെ പുതിയ കരാർ പ്രകാരം തരുന്നതെന്നും ഇതിൽ 2.97 രൂപ ഒരു മെട്രിക് ടണ്ണിൽ ലാഭമുള്ളതായും ഹർജിക്കാർ വാദിച്ചു. ഇതെല്ലാം മറച്ച് വെച്ചാണ് വിജിലൻസ് കുറ്റപത്രം ഉണ്ടാക്കിയത് എന്ന് തങ്ങളെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള ന്യായങ്ങളായി അവർ ഹൈക്കോടതിയിൽ ഉന്നയിച്ചു. അതിലുപരി, സ്ഥാപനത്തിൻ്റെ എല്ലാ കാര്യത്തിലും സ്വയം തീരുമാനമെടുക്കാൻ അധികാരമുള്ള മാനേജിങ് ഡയറക്ടർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിക്കുക മാത്രമാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്ന നിലയിൽ തങ്ങൾ ചെയ്തിട്ടുള്ളൂ എന്നും ജോൺ മത്തായിയും, കൃഷ്ണകുമാറും വാദിച്ചു.
കേരള ഹൈക്കോടതി | PHOTO : WIKI COMMONS
ഈ വാദങ്ങൾ ഹൈക്കോടതി തള്ളിയത് വാളയാറിന് സമീപത്തുള്ള എ.സി.സി മദുക്കര, കൈരളി സിമൻ്റ്സ് കഞ്ചിക്കോട്, നിഷ സിമൻ്റ്സ് ധോണി, ക്രെസൻ്റ് സിമൻ്റ് പുലമ്പാറ എന്നീ സിമൻ്റ് ഫാക്ടറികളിൽ ഇതേ കാലത്ത് മേട്ടൂർ താപനിലയത്തിൽ നിന്നും ഫ്ലൈ ആഷ് കൊണ്ടു വന്നതിൻ്റെ ചെലവും വിലയും താരതമ്യപ്പെടുത്തി കേസ് അന്വേഷിച്ച വിജിലൻസ് ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ട് ഉദ്ധരിച്ചാണ്. മലബാർ സിമൻ്റ്സിൻ്റെ ചെലവ് അതി ഭീകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യുഷൻ ഹാജരാക്കിയ ഈ കണക്കുകൾ ഇവർ പ്രഥമദൃഷ്ട്യാ പ്രതികളാണെന്ന് വ്യക്തമാക്കുന്നതായും മറിച്ച് തെളിയിക്കാൻ കുറ്റവിചാരണയിലൂടെ മാത്രമേ കഴിയു എന്നും ഹൈക്കോടതി വ്യക്തമാക്കി. ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം ഇവർ നേരാം വണ്ണം നിർവ്വഹിച്ചില്ലെന്നും അത് നിർദ്ദോഷമായല്ല എന്നും കണക്കിലെടുത്താണ് ഇവർ വിചാരണ നേരിടണം എന്ന് കോടതി വ്യക്തമാക്കിയത്.
26 ലക്ഷത്തിൽ പരം രൂപ നഷ്ടം വന്ന തമിഴ് നാട്ടിൽ നിന്നുള്ള ചുണ്ണാമ്പ് കല്ല് അഴിമതി കേസിലും സമാന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. സിമൻ്റ് ഉൽപാദനത്തിൻ്റെ പ്രധാന അസംസ്കൃത വസ്തുവായ ചുണ്ണാമ്പ് കല്ലിന് കൃത്രിമക്ഷാമം ഉണ്ട് എന്ന് വരുത്തി തീർത്ത് സാധനം സപ്ലൈ ചെയ്യാൻ തൃശിനാപ്പള്ളിയിലെ ക്രെസൻ്റ് മൈൻഡ് എന്ന സ്ഥാപനത്തിന് പലിശയില്ലാ വായ്പയായി 32 ലക്ഷം രൂപ മലബാർ സിമൻ്റ് കൊടുത്തു. ഈ പണം കൊണ്ട് അവർ ചുണ്ണാമ്പ് കല്ല് ഖനി വികസിപ്പിച്ച് സാധനം സപ്ലൈ ചെയ്യുകയാണ്. എന്നാൽ ആവശ്യത്തിന് സാധനം കൊടുക്കാൻ കഴിയാത്തതിനാൽ കരാർ റദ്ദാക്കേണ്ടി വന്നു. തമിഴ് നാട്ടിലെ ടമിൻ എന്ന കമ്പനി സുലഭമായി ചുണ്ണാമ്പ് കല്ല് സപ്ലൈ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ക്ഷാമം സൃഷ്ടിക്കുന്നത്. ഈ കേസിൽ ഒമ്പതാം പ്രതിയാണ് രാധാകൃഷ്ണൻ. ജോൺ മത്തായി ആറും, കൃഷ്ണകുമാർ ഏഴും പ്രതികൾ.
REPRESENTATIVE IMAGE | WIKI COMMONS
പൊതുമേഖലയിലെ ആസൂത്രിതവും, സംഘടിതവുമായ അഴിമതിയുടെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്നായാണ് മലബാർ സിമൻന്റ്സ് അഴിമതി കേസ് പൊതുവിൽ പരിഗണിക്കപ്പെടുന്നത്. 1984 ൽ സർക്കാർ ഉടമസ്ഥതയിൽ ഉൽപാദനം ആരംഭിച്ച സ്ഥാപനത്തിൽ ധൂർത്തും, സ്വജനപക്ഷപാതവും കമ്മീഷൻ ഇടപാടുകളും തുടർക്കഥയായി. പ്രതിവർഷം ടൺ കണക്കിന് സിമൻ്റ് ഉൽപാദിപ്പിക്കുന്ന ഇവിടെ ഉപയോഗിക്കുന്ന ചാക്ക് ഒന്നിന് അമ്പത് പൈസ കമ്മീഷൻ കിട്ടിയാൽ ആ സപ്ളെയർക്ക് കിട്ടുന്നത് ലക്ഷങ്ങളാണ്. അങ്ങനെ ചാക്ക് സപ്ളൈ ആരംഭിച്ച ആൾ കോടീശ്വരനാകുകയും പിൽക്കാലത്ത് സ്ഥാപനത്തെ തൻ്റെ ഉള്ളം കൈയിലിട്ട് അമ്മാനമാടുകയും ചെയ്തു. അതിൻ്റെ ശേഷിപ്പുകൾ ആണ് ഫ്ലൈ ആഷ് കേസ് അടക്കമുള്ള ഒരു ഡസനോളം അഴിമതി കേസുകൾ.
ഒരു കാലത്ത് ഇന്ത്യയിലെ തന്നെ മികച്ച സിമൻ്റ് ബ്രാൻ്റ് ആയി പേരെടുത്ത മലബാർ സിമൻ്റ്സ് ഇന്ന് അന്യം നിന്ന മട്ടാണ്. വാളയാറിൽ നിന്നും 15 കിലോമീറ്റർ അകലെ മദുക്കരയിൽ ടാറ്റയുടെ എ.സി.സി സിമന്റ്സിനോട് മത്സരിച്ചാണ് മലബാർ സിമൻ്റ് വിപണിയിൽ ആധിപത്യം സ്ഥാപിച്ചത്. മൂന്ന് സിമൻ്റ് നിർമാണ ഫാക്ടറികൾ വാളയാറിന് അടുത്ത് കേരളത്തിൽ വേറെയുമുണ്ട്. ഒരിക്കൽ നവരത്‌ന സ്റ്റാറ്റസിൽ ഉണ്ടായിരുന്ന മലബാർ സിമൻ്റ്സിനെ ഗവൺമെൻ്റ് തന്നെ ഉപേക്ഷിച്ച മട്ടാണ്.
വിചാരണ വൈകിപ്പിക്കുകയാണ് കേസിൽ കുറ്റാരോപിതരായവർ സ്വീകരിക്കുന്ന സമീപനം. രണ്ട് ദശകത്തിലേറെയായിട്ടും ഈ കേസ് തീർപ്പാകാത്തതിൽ അത്ഭുതം പ്രകടിപ്പിച്ചാണ് ഹൈക്കോടതി നാല് മാസത്തിനുള്ളിൽ തീർപ്പാക്കാൻ കൽപിച്ചത്. ഈ വിധിക്കെതിരെ അപ്പീൽ പോകാനുള്ള സാധ്യത കണക്കിലെടുത്ത് മനുഷ്യാവകാശ കേന്ദ്രം സുപ്രീം കോടതിയിൽ കേവിയറ്റ് ഫയൽ ചെയ്തിട്ടുണ്ട്.


