
ഓഷ്വിറ്റ്സിൽ നിന്നും ഗാസയിലെ "മാനുഷിക നഗരം" വരെ
ഇസ്രായേലിൻ്റെ അനിയന്ത്രിതമായ കൊളോണിയൽ-സാമ്രാജ്യത്വ ധാർഷ്ട്യം, അസഹനീയമായ ഒരു ഘട്ടത്തിലെത്തിയതിൻ്റെ നേർസാക്ഷ്യമായി ഗാസയിലെ പട്ടിണിയും, വംശഹത്യയും മാറിയിരിക്കുന്നു. ബെഞ്ചമിൻ നെതന്യാഹുവിൻ്റെ അനന്തമായ യുദ്ധങ്ങൾ ഇപ്പോൾ സിറിയയിലേക്കും വ്യാപിച്ചിരിക്കുന്നു. ഡമാസ്കസിൻ്റെ ഹൃദയഭാഗത്താണ് ഇപ്പോൾ ദാക്ഷിണ്യമില്ലാത്ത ആക്രമണം. അതേസമയം, ലോകത്തിലെ മുൻനിര സൂപ്പർ പവറായി കരുതപ്പെടുന്ന അമേരിക്ക, മാറി മാറി വരുന്ന ഇസ്രായേൽ ഗവൺമെന്റുകളോടുള്ള വിനീത വിധേയത്വത്തിൽ മുങ്ങിത്താഴുന്നു. പലപ്പോഴും അടിസ്ഥാന അമേരിക്കൻ മൂല്യങ്ങളും, അന്താരാഷ്ട്ര നിയമവും ബലി കഴിക്കപ്പെടുന്നു.
ഇക്കാര്യത്തിൽ, കഴിഞ്ഞ 21 മാസത്തിനിടെ ഗാസയെക്കാൾ, വ്യക്തമായ മറ്റൊരു ദൃഷ്ടാന്തം മറ്റൊരിടത്തും ഉണ്ടായിട്ടില്ല. മുൻ പ്രസിഡന്റ് ജോ ബൈഡനും, ഇസ്രായേൽ ആദ്യമെന്ന നിലയിൽ മാത്രം പ്രവർത്തിച്ച സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും, നെതന്യാഹുവിൻ്റെ ഏറ്റവും തീവ്രവാദപരവും, വംശീയവുമായ പ്രവണതകൾക്ക് ആവർത്തിച്ച് ചുക്കാൻ പിടിച്ചു. ഈ പങ്കാളിത്തത്തിൻ്റെ ഏറ്റവും അസംബന്ധമായ പദ്ധതി ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായുള്ള ഒരു ഫ്ലോട്ടിംഗ് പിയറിൻ്റെ (ഫ്ലോട്ടിങ് തുറമുഖം) നിർമ്മാണമായിരുന്നു. വാസ്തവത്തിൽ, അതൊരു 'പബ്ലിക് റിലേഷൻസ്’ (പിആർ) അഭ്യാസമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്ന നയതന്ത്ര സമ്മർദ്ദം വഴിതിരിച്ചുവിടാനും, ഇസ്രായേലിന് മാന്യതയുടെ മുഖം മൂടി നൽകാനും, വംശഹത്യയും, പട്ടിണിയും, ഉപരോധവും നിലനിർത്താനും നെതന്യാഹു മെനഞ്ഞ ഒരു വഴിതിരിച്ചുവിടൽ തന്ത്രം.
നെതന്യാഹു | PHOTO : WIKI COMMONS
ബൈഡൻ ഭരണകൂടം അതിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അമേരിക്കൻ നികുതിദായകരുടെ കോടിക്കണക്കിന് ഡോളർ ഉപയോഗിച്ച് പിയറിന് ധനസഹായം നൽകി. തുടക്കം മുതൽ ഇതൊരു പരിഹാസ്യ സംരംഭമായിരുന്നു. മാസങ്ങൾ നീണ്ട ആസൂത്രണവും, സൈനിക ഏകോപനവും ചേർന്ന 320 മില്യൺ ഡോളറിൻ്റെ ഒരു വെള്ളാന. പിയർ നേരിയ തോതിൽ പ്രവർത്തനക്ഷമമാകുമ്പോഴേക്കും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിന്യസിക്കുന്നതിനുള്ള കുറച്ച് ഫോട്ടോ എടുക്കാൻ വേണ്ട ദിവസങ്ങൾ മാത്രം,മെഡിറ്ററേനിയൻ തിരമാലകൾ അതിനെ വിഴുങ്ങി. പിയർ വെറുമൊരു എഞ്ചിനീയറിംഗ് പരാജയമായിരുന്നില്ല.അതൊരു ധാർമ്മിക അപമാനമായിരുന്നു.
ഫ്ലോട്ടിംഗ് പിയർ, ബൈഡൻ്റെ ബലഹീനതയുടെയും, വഞ്ചനയുടെ കാര്യത്തിൽ നെതന്യാഹുവിൻ്റെ വൈദഗ്ധ്യത്തിൻ്റെയും പ്രതീകമായിരുന്നു. യഥാർത്ഥത്തിൽ സഹായിക്കാതെ, സഹായിക്കാൻ ശ്രമിക്കുന്നതായി തോന്നിപ്പിക്കാൻ വാഷിംഗ്ടണിന് കഴിഞ്ഞു. ലോക മനസാക്ഷിയെ മരവിപ്പിലാഴ്ത്തി പട്ടിണിയും, ഉപരോധവും തുടരാൻ ഇസ്രായേലിനായി. ഗാസയിലേക്ക് തുറസ്സായ കരമാർഗങ്ങൾ തുറക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്നതിനുപകരം, ഫ്ലോട്ടിങ് പിയർ എന്ന സൈഡ്‌ഷോയിൽ സ്വമേധയാ പങ്കെടുത്ത അമേരിക്ക ഒരു കെട്ടുകാഴ്ചയിൽ പങ്കാളിയായി.
ജോ ബൈഡൻ | PHOTO: WIKI COMMONS
ഈ അപഹാസ്യം ഇതിൽ കൂടുതൽ നിന്ദ്യമാവില്ലെന്ന് നമ്മൾ കരുതിയപ്പോൾ അതിനെക്കാൾ ജുഗുപ്സാവഹമായ മറ്റൊരു പദ്ധതി ഇസ്രായേൽ കൊണ്ടുവന്നു: ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്). നാല് മാസത്തെ പട്ടിണിക്കും, ബോംബാക്രമണത്തിനും ശേഷം, മറ്റൊരു ശ്രദ്ധ തിരിക്കൽ. ഇസ്രായേൽ രൂപകൽപ്പന ചെയ്തതും, വീണ്ടും അമേരിക്ക പണം നൽകിയതുമായ പദ്ധതി. ഉപരോധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് അന്താരാഷ്ട്ര സമ്മർദ്ദത്തെ നിർവീര്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മറ്റൊരു കെട്ടുകാഴ്ച. മാനുഷിക സഹായത്തിൻ്റെ പേരിൽ ഫ്ലോട്ടിങ് തുറമുഖത്ത് ബൈഡൻ നങ്കൂരമിട്ടതു പോലെ ഇസ്രായേലിനോടുള്ള അതേ അടിമത്തത്തിന് ട്രംപും വഴങ്ങി.
മൂന്ന് മാസത്തെ പ്രവർത്തന ശേഷം, ഒരു ദുരിതാശ്വാസ സേവനത്തിന് പകരം ജിഎച്ച്എഫ് മറ്റൊരു മാരകമായ ഇസ്രായേലി വഞ്ചനയായി മാറിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഇവിടെ സഹായം തേടിയെത്തിയ ഏകദേശം 900 പലസ്തീനികൾ, അല്ലെങ്കിൽ പ്രതിമാസം 300 പേർ, നിരാശരായ അമ്മമാർ, പിതാക്കൾ, കുട്ടികൾ എന്നിവർ കൊല്ലപ്പെട്ടു. പട്ടിണി കാത്തിരുന്ന വീടുകളിൽ നിന്നും പുറത്തിറങ്ങിയ അവരെ ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളിൽ ഇസ്രായേലി വെടിയുണ്ടകൾ നേരിട്ടു. ക്ഷാമത്തിന് കാരണക്കാരനായ സൈന്യം രക്ഷയുടെ കവാടങ്ങളിൽ ഇരകളെ വെടിവച്ചു കൊല്ലുകയാണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
അമേരിക്കൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ജിഎച്ച്എഫ് ഭക്ഷ്യസഹായത്തിൻ്റെ നിയന്ത്രണം ഇസ്രായേലിന് കൈമാറി. ഇപ്പോൾ, ജലശേഖരണ കേന്ദ്രങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യം വച്ചിരിക്കുന്നു. എല്ലാ അടിസ്ഥാന ആവശ്യങ്ങളും: ഭക്ഷണം, വെള്ളം, മരുന്ന് ഇനി ഒരു അവകാശമല്ല, മറിച്ച് ഒരു ഇസ്രായേലി ആയുധമാണ്. പട്ടിണിക്കിടാനും, വെള്ളം നിഷേധിക്കാനും, മരുന്ന് തടഞ്ഞുവയ്ക്കാനുമുള്ള ഒരു ആയുധം. പലസ്തീനികളെ കൂട്ടിലടയ്ക്കാനും, "സ്വമേധയാ" വംശീയ ഉന്മൂലനത്തിനുള്ള സാഹചര്യങ്ങൾ വളർത്തിയെടുക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആയുധം.
"ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ" എന്ന വാക്കിൻ്റെ അർത്ഥം മറികടന്ന, ഇസ്രായേൽ ഇപ്പോൾ ഒരു പുതിയ ഓർവെലിയൻ പദ്ധതി അവതരിപ്പിക്കുന്നു: വടക്കൻ ഗാസയിൽ നിന്ന് 600,000 പലസ്തീനികളെ, തെക്കുള്ള ഒരു മതിൽകെട്ടിലെ കോമ്പൗണ്ടിലേക്ക് (ഹ്യൂമാനിറ്റേറിയൻ സിറ്റി) മാറ്റുക. അവിടേക്ക് ആളുകൾക്ക് പ്രവേശിക്കാൻ കഴിയും, പക്ഷേ പുറത്തുകടക്കാൻ കഴിയില്ല. രണ്ടാം ലോക യുദ്ധത്തിലെ പല നാസി ക്യാമ്പുകളെയും മറികടക്കുന്ന തരത്തിൽ, ഗാസയിലെ ജനസംഖ്യയുടെ നാലിലൊന്നിൽ കൂടുതൽ പേരെ തടവിലാക്കാൻ പോകുന്ന ഇസ്രായേലിൻ്റെ പുതിയ കോൺസെൻട്രേഷൻ ക്യാമ്പ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഇത് വെറും ബലപ്രയോഗ നയം മാത്രമല്ല. ഭാഷാപരമായ യുദ്ധം കൂടിയാണ്. ഭാഷയുടെ ആയുധവൽക്കരണം ഇസ്രായേൽ പൂർണതയിലെത്തിച്ചിരിക്കുന്നു. അത് പലസ്തീനികളെ പട്ടിണിയിലാക്കുന്നില്ല; അത് "കലോറി നിയന്ത്രണങ്ങൾ" ഏർപ്പെടുത്തുന്നു. അത് ഗെട്ടോകൾ സ്ഥാപിക്കുന്നില്ല; അത് "സുരക്ഷിത മേഖലകൾ" നിർമ്മിക്കുന്നു. അത് വംശീയമായി ശുദ്ധീകരിക്കുന്നില്ല; അത് "സ്വമേധയാ" കുടിയേറ്റത്തിന് ഒരു ഓപ്ഷൻ നൽകുന്നു. ഇപ്പോളത് കൂട്ട കുടിയിറക്കം നടത്തുന്നില്ല, അതൊരു "മാനുഷിക നഗരം" നിർദ്ദേശിക്കുന്നു.
വാഷിംഗ്ടണിലെ നയകർത്താക്കളെ നിയന്ത്രിക്കുന്നത് എഐപിഎസി ആയതിനാൽ ഇസ്രായേൽ കൂസലില്ലാതെ മുന്നോട്ടു പോകുന്നു. അതേസമയം, ലോകശക്തികൾ എന്തോ ചെയ്യുന്നതായി വെറുതെ നടിക്കുന്നു. ഒരു പലസ്തീൻ രാഷ്ട്രത്തിൻ്റെ പ്രതീകാത്മക അംഗീകാരത്തെപറ്റി ഫ്രാൻസ് ഭയത്തോടെ പിറുപിറുക്കുന്നു. രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് യൂറോപ്യൻ യൂണിയൻ സൂക്ഷ്മമായ മുന്നറിയിപ്പുകൾ നൽകുന്നു. സംശയാസ്പദമായ പ്രസ്താവനകളിൽ എപ്പോഴും മികവു പുലർത്തുന്ന ബ്രിട്ടൺ, "മാനുഷികമായി" എങ്ങനെ യുദ്ധം നടത്താമെന്നും, വെസ്റ്റ് ബാങ്കിനെ ഭയപ്പെടുത്തുന്ന കുടിയേറ്റ ജനക്കൂട്ടത്തെ "നിയന്ത്രിക്കണമെന്നും" ഇസ്രായേലിന് ഉപദേശം നൽകുന്നു. ശൂന്യവും നിഷ്ക്രിയവുമായ ആംഗ്യങ്ങളാണവ. അതേസമയം, ഇസ്രായേലിൻ്റെ ചെയ്തികളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഇസ്രായേലിനെ സംരക്ഷിക്കുന്നതിനൊപ്പം ഇടപെടലിൻ്റെ ഒരു മുഖംമൂടി നിലനിർത്തുകയും ചെയ്യുന്നു.
യൂറോപ്യൻ യൂണിയൻ ഫ്ലാഗ് | PHOTO: WIKI COMMONS
അറബി ലോകം വളരെ ലജ്ജാകരമായ മൂന്ന് സാമന്ത ക്യാമ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറ് ഈജിപ്ത്, ഗാസ ഉപരോധത്തിൽ സജീവ പങ്കാളിയാണ്. കിഴക്ക്, ജോർദാനും ഗൾഫ് രാജ്യങ്ങളും പരസ്യമായി ഇസ്രയേലുമായി വ്യാപാരം നടത്തുകയും, ഇസ്രായേലിനെ സംരക്ഷിക്കുന്ന സൈനിക സംരക്ഷണമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഗാസ വെന്തുരുകുമ്പോഴും, വെസ്റ്റ് ബാങ്ക് കൂടുതൽ ജൂത കോളനികൾക്കായി നിർമ്മിച്ച റോഡുകൾ ഉപയോഗിച്ച് ക്രമാനുഗതമായി വിഭജിക്കപ്പെടുകയും ചെയ്യുമ്പോൾപോലും "അബ്രഹാമിക് സമാധാനം" എന്ന് വിളിക്കപ്പെടുന്ന കരാറുകളിൽ പ്രവേശിക്കുന്നതിനായി രഹസ്യമായി ചർച്ചകൾ നടത്തുന്നു. ആവേശഭരിതരായി ട്രംപിന് ഔദാര്യങ്ങൾ വാരിവിതറുന്നു.
ഈ കൂട്ടായ നിശബ്ദതയും, കൊറിയോഗ്രാഫി ചെയ്ത രോഷവും വെറും നിസ്സംഗതയല്ല. അത് ഒത്താശയാണ്. വ്യത്യസ്തമായ ഒരു പതാകയിലും, യൂണിഫോമിലും പൊതിഞ്ഞ നാസി പ്രത്യയശാസ്ത്രത്തിൻ്റെ പുനരുത്ഥാനമാണിത്. ഉന്മൂലനത്തിൻ്റെ മെക്കാനിക്സുകളല്ല, മറിച്ച് അത്തരം അതിക്രമങ്ങൾ സാധ്യമാക്കിയ ധാർമ്മിക നിസ്സംഗതയാണ് ആവർത്തിക്കപ്പെടുന്നത്.
ഡൊണാൾഡ് ട്രംപ് | PHOTO: WIKI COMMONS
ഒരു പലസ്തീനി എന്ന നിലയിൽ, ഞാൻ രോഷാകുലനാണ്. എന്നാൽ അതിലുപരി, ഒരു അമേരിക്കക്കാരനെന്ന നിലയിലും, ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അമ്പരക്കുന്നു. ഒരു കോൺസെൻട്രേഷൻ ക്യാമ്പിനെ "മാനുഷിക നഗരം" എന്ന് റീബ്രാൻഡ് ചെയ്യുന്നതിനോടുള്ള ഔപചാരികമായ എതിർപ്പ് തികച്ചും അരോചകമാണ്. ഓഷ്വിറ്റ്സിനെ "റിസോർട്ട്" എന്ന് അസംബന്ധമായി പരാമർശിച്ചിരുന്നെങ്കിൽ ലോകം പ്രത്യേകിച്ച് ജൂതന്മാർ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.
'ചിൽഡ്രൻ ഓഫ് കാസ്റ്റസ്ട്രോഫ്: ജേർണി ഫ്രം എ പാലസ്തീനിയൻ റെഫ്യൂജി ക്യാമ്പ് ടു അമേരിക്ക', എന്ന കൃതിയുടെ രചയിതാവാണ് ജമാൽ കെഞ്ചേ. അറബി, ലോക വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പതിവായി എഴുതുന്നു.


