നാഗര്‍വാല മുതല്‍ കിരണ്‍ ഭായി വരെ
ഇന്റര്‍നെറ്റും, മൊബൈല്‍ ഫോണും, സോഷ്യല്‍ മീഡിയയും ആവിര്‍ഭവിക്കുന്നതിന് മുമ്പുള്ള 1980 കളില്‍ അന്നത്തെ പ്രമുഖ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലൊന്നായ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ ഒരു കവര്‍ സ്റ്റോറി ഇന്ത്യയിലെ ഏറ്റവും കേള്‍വി കേട്ട 10 സാമ്പത്തിക കുംഭകോണങ്ങളെ പറ്റിയായിരുന്നു. അതില്‍ സുപ്രധാനമായ ഒന്നായിരുന്നു നാഗര്‍വാല കേസ്സ്. ഇന്നത്തെ പോലെ വാര്‍ത്തകളുടെ കുത്തൊഴുക്കില്ലെങ്കിലും 1970 കളുടെ തുടക്കത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതായിരുന്നു നാഗര്‍വാല കുംഭകോണം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതിനിധിയെന്ന പേരില്‍ കിരണ്‍ ഭായ് പട്ടേല്‍ എന്ന തട്ടിപ്പുകാരന്‍ ജമ്മു കാശ്‌മീരില്‍ നാലുമാസത്തോളം ഇസഡ് പ്ലസ്സ് സുരക്ഷയില്‍ വിലസിയതിനെക്കുറിച്ച് കുറച്ചു ദിവസങ്ങളായി വരുന്ന വാര്‍ത്തകള്‍ നാഗര്‍വാല കേസ്സിനെ ഓര്‍മ്മിപ്പിക്കുന്നു. ഇസഡ് കാറ്റഗറി സുരക്ഷയില്‍ ജമ്മു കാശ്‌മീരിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളും, ഓഫീസുകളും കിരണ്‍ ഭായിയും അദ്ദേഹത്തിന്റെ കൂട്ടാളികളും നിരന്തരം സന്ദര്‍ശിച്ചതിന്റെ വിവരണങ്ങളാണ് പട്ടേലിന്റെ അറസ്റ്റിനു ശേഷം പുറത്തു വരുന്നത്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹിതേഷ് പാണ്ഡ്യയുടെ മകന്‍ അമിത് ഹിതേഷ് പാണ്ഡ്യയായിരുന്നു കിരണ്‍ ഭായിയുടെ പിഎംഒ ഉന്നതതല സംഘത്തിലെ ഒരംഗം. അതു സംബന്ധിച്ച വിവരം പുറത്തു വന്നതോടെ ഹിതേഷ് പാണ്ഡ്യ രാജി വച്ചു. 2001 മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ് പാണ്ഡ്യ. കിരണ്‍ ഭായിയുടെ പിഎംഒ തട്ടിപ്പിന്റെ വിവരങ്ങളിലേക്കു വരുന്നതിന് മുമ്പ് നാഗര്‍വാലയിലേക്ക് ഒരു ജംപ് കട്ട് നടത്താം.
1971 മെയ് 24 ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്‌ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ബ്രാഞ്ചിലെ ചീഫ് ക്യാഷര്‍ വിപി മല്‍ഹോത്രയെന്ന വേദ് പ്രകാശ് മല്‍ഹോത്രക്ക് ഒരു ഫോണ്‍ വിളി വരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎന്‍ ഹക്‌സറാണ് സംസാരിക്കുന്നതെന്നും 60 ലക്ഷം രൂപ അടിയന്തിരമായി കൊടുത്തയക്കണമെന്നുമായിരുന്നു സന്ദേശം. ഫോണ്‍ പ്രധാനമന്ത്രിക്ക് കൈമാറുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അല്‍പ്പസമയത്തിനു ശേഷം ഫോണിന്റെ മറുതലയ്‌ക്കല്‍ സ്‌ത്രീ ശബ്ദം കേട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സംസാരിക്കുന്നതെന്നും താനയക്കുന്ന വ്യക്തിയുടെ കൈയില്‍ 60 ലക്ഷം രൂപ കൊടുത്തയക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. വരുന്ന വ്യക്തി ബംഗ്ലദേശ് കാ ബാബു എന്ന കോഡ് വാക്കു പറയുമെന്നും മറുകോഡായി ബാര്‍ അറ്റ് ലോ എന്നു പറയണമെന്നും നിര്‍ദ്ദേശിച്ചു. തികച്ചും രഹസ്യമായിരിക്കണം ഇടപാടെന്നു പ്രത്യേകം നിഷ്‌ക്കര്‍ഷിക്കുകയും ചെയ്‌തു. പണം കൈമാറുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഡെപ്യൂട്ടി ചീഫ് ക്യാഷറായ ആര്‍പി ബാട്രയും മറ്റുള്ള ഉദ്യോഗസ്ഥരും പൂര്‍ത്തിയാക്കിയതോടെ 60 ലക്ഷം രൂപയുമായി മല്‍ഹോത്ര ബാങ്കിന്റെ ഔദ്യോഗിക കാറില്‍ യാത്രയായി. ബാങ്കിന്റെ തൊട്ടുടത്തു തന്നെ കാര്‍ നിര്‍ത്തിയ ഉടനെ ആജാനുബാഹുവായ ഒരാള്‍ വാഹനത്തിന് അരികിലെത്തി കോഡ് വാക്ക് പറഞ്ഞു കാറില്‍ കയറി. മല്‍ഹോത്ര തൊട്ടടുത്ത ടാക്‌സി സ്റ്റാന്‍ഡില്‍ കാര്‍ നിര്‍ത്തി. പണം നിറച്ച പെട്ടിയുമായി വന്നയാള്‍ ടാക്‌സിയില്‍ കയറി യാത്രയായി. പ്രധാനമന്ത്രിയുടെ വീട്ടിലെത്തി തുക കൈമാറിയതിന്റെ രസീത് കൈപ്പറ്റുവാനും പ്രതിനിധി മല്‍ഹോത്രയോടു പറഞ്ഞു. പറഞ്ഞതു പോലെ മല്‍ഹോത്ര പ്രധാനമന്ത്രിയുടെ വീട്ടില്‍ പണം കൈമാറിയതിന്റെ രസീത് തേടിയെത്തിയതോടെ സംഭവം കൈവിട്ടു പോയ സ്ഥിതിയിലായി. അങ്ങനെയൊരു ഫോണ്‍ വിളിയും പണം കൈമാറുന്നതിനുള്ള നിര്‍ദ്ദേശവും പ്രധാനമന്ത്രി നല്‍കിയിട്ടില്ലെന്ന് ശ്രീമതി ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹതാശനായ മല്‍ഹോത്ര ഓഫീസില്‍ മടങ്ങിയെത്തി ഏതാണ്ട് നേരെ എതിര്‍വശത്തുള്ള പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇന്ദിരാ ഗാന്ധി
പരാതി ലഭിച്ച് 24 മണിക്കൂറിനകം നാഗര്‍വാലയെ പൊലീസ് അറസ്റ്റു ചെയ്‌തു. മെയ് 26 ന് നാഗര്‍വാല കുറ്റസമ്മതം നടത്തി. പ്രധാനമന്ത്രിയുടെ സ്വരത്തില്‍ വ്യാജ ഫോണ്‍ വിളി നടത്തി പണം തട്ടുകയായിരുന്നു എന്നായിരുന്നു നാഗര്‍വാലയുടെ കുറ്റസമ്മതം. ഏതായാലും റുസ്ഥം സൊഹ്രാബ് നാഗര്‍വാല കുറ്റസമ്മതം നടത്തി മണിക്കൂറിനകം കേസ്സിന്റെ വിചാരണ നടത്തി നാഗര്‍വാലയെ നാലു വര്‍ഷത്തെ തടവിനും 1,000 രൂപ പിഴയും ശിക്ഷിച്ചു. ഇന്ത്യന്‍ ജുഡിഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ കുറ്റവിചാരണയും വിധി പ്രഖ്യാപിക്കലുമായി നാഗര്‍വാല കേസ്സിനെ കണക്കാക്കപ്പെടുന്നു. 10 മിനിട്ടുകള്‍ക്കുള്ളിൽ വിചാരണ പൂര്‍ത്തിയായി. 1971 മെയ് 26 ന് തിഹാര്‍ ജയിലില്‍ അടക്കപ്പെട്ട നാഗര്‍വാല 1972 ഫെബ്രുവരിയില്‍ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അവിടെ നിന്നും ഫെബ്രുവരി 21 ന് അദ്ദേഹത്തെ ജിബി പന്ത് ആശുപത്രിയിലേക്കു മാറ്റി. മാര്‍ച്ച് 2 ന് ഉച്ചഭക്ഷണം കഴിഞ്ഞയുടനെ നാഗര്‍വാല കുഴഞ്ഞു വീണു. അന്നേ ദിവസം രണ്ടേകാല്‍ മണിയോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
ജയിലിലായി കുറച്ചു നാളുകള്‍ക്കു ശേഷം അന്നത്തെ കാലത്തെ ഒരു പ്രസിദ്ധീകരണമായ കറന്റ് വാരികയുടെ പത്രാധിപരായ ഡിഎഫ് കരാക്കയുമായി ഒരു അഭിമുഖം നടത്താന്‍ നാഗര്‍വാല സമ്മതിച്ചിരുന്നു. എന്നാല്‍ രോഗബാധിതനായ കരാക്ക നേരിട്ടു പോവുന്നതിന് പകരം തന്റെ സഹപ്രവര്‍ത്തകനെ അയച്ചുവെങ്കിലും അദ്ദേഹവുമായി സംസാരിക്കുവാന്‍ നാഗര്‍വാല വിസ്സമ്മതിച്ചു. ആരായിരുന്നു നാഗര്‍വാല. എങ്ങനെയാണ് അദ്ദേഹം ഇത്രയും കൃത്യതയോടെ ഇങ്ങനെയൊരു തട്ടിപ്പ് ആസൂത്രണം ചെയ്‌തത്. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവ തുടരുന്നു. 1971 ലെ 100 രൂപ 2023 ല്‍ 4,626.77 രൂപക്ക് തുല്യമാണെന്നു നാണയപ്പെരുപ്പത്തിന്റെ വര്‍ഷാവര്‍ഷ തോതിനെ കണക്കാക്കുന്ന inflationtool.com രേഖപ്പെടുത്തുന്നു. അപ്പോള്‍ അന്നത്തെ 60 ലക്ഷം രൂപയുടെ ഇന്നത്തെ വില എന്തായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു. 1977 ല്‍ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ ജസ്റ്റിസ് പി ജഗ്മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നാഗര്‍വാല കുംഭകോണം അന്വേഷിക്കുന്നതിനായി കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷന്റെ 820 പേജുള്ള റിപ്പോര്‍ട്ട് നാഗര്‍വാല രഹസ്യാന്വേഷണ ഏജന്‍സികളില്‍ പെട്ട വ്യക്തി ആവുന്നതിനുള്ള സാധ്യത വെളിവാക്കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് കണക്കില്‍ കാണിക്കാത്ത പണം സൂക്ഷിക്കുന്നതായും, പ്രധാനമന്ത്രിയുടെ ഓഫീസ് കേസ്സന്വേഷണത്തെ തടസ്സപ്പെടുത്തിയതായും ചൂണ്ടിക്കാണിച്ചിരുന്നു.
നാഗര്‍വാല അറ്റസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ | Image: PTI
ഇക്കഴിഞ്ഞ മാര്‍ച്ച് 2-ാം തീയതി ജമ്മു-കാശ്‌മീരില്‍ പിടിയിലായി എന്നു പറയപ്പെടുന്ന കിരണ്‍ ഭായി പട്ടേലിന്റെ ചെയ്‌തികള്‍ക്ക് നാഗര്‍വാല സംഭവുമായി പ്രത്യക്ഷത്തിലുള്ള സാമ്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ തട്ടിപ്പിനായി ഇരുവരും ഉപയോഗപ്പെടുത്തി എന്നതാണ്. 1971 മായി താരതമ്യം ചെയ്യുമ്പോള്‍ കമ്യൂണിക്കേഷന്‍-സര്‍വൈലന്‍സ് സംവിധാനങ്ങള്‍ ഇത്രയധികം പുരോഗതി നേടിയ 2023 ല്‍ കിരണ്‍ ഭായിക്ക് പിഎംഒ ഓഫീസിന്റെ പേരില്‍ ഇത്രയും കാലം തട്ടിപ്പ് നടത്താന്‍ പറ്റിയെന്നതാണ് അവിശ്വസനീയം. അതും കാശ്‌മീരില്‍. ഒരു ഇലയനങ്ങിയാല്‍ പോലും സുരക്ഷ സേനകളുടെ നിരീക്ഷണത്തില്‍ വരുന്ന ഒരു പ്രദേശത്ത് മാസങ്ങളോളം അതീവ സുരക്ഷ അകമ്പടികളോടെ പ്രധാന മന്ത്രിയുടെ ഓഫീസിലെ അഡിഷണല്‍ ഡയറക്ടര്‍ എന്ന പേരില്‍ ഒരാള്‍ വിലസിയെന്നു പറയുമ്പോള്‍ രണ്ട് സാധ്യതകളാണ് തെളിയുന്നത്. ഒന്നുകില്‍ ഇപ്പറയുന്ന കഥയുടെ കള്ളത്തരം അല്ലെങ്കില്‍ നമ്മുടെ സുരക്ഷ-രഹസ്യാന്വേഷണ സംവിധാനങ്ങളുടെ സമ്പൂര്‍ണ്ണ പരാജയം. ഇതല്ലാതെ മറ്റു വഴികളില്ല. പരമരഹസ്യമായി വിലസുകയായിരുന്നില്ല കിരണ്‍ ഭായി. തന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അദ്ദേഹം നിരന്തരം പങ്കു വച്ചിരുന്നു.
കാശ്‌മീരില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പിഎംഒ പ്രവര്‍ത്തനം. ജി-20-രാജ്യങ്ങളുടെ ഇന്ത്യന്‍ അദ്ധ്യക്ഷതയുടെ പേരില്‍ അഹമ്മദാബാദില്‍ അദ്ദേഹം വലിയ മീറ്റിംഗ് സംഘടിപ്പിച്ചതിന്റെ വിവരങ്ങളും ഇപ്പോള്‍ ലഭ്യമാണ്. അത്രയെല്ലാം വിവരങ്ങള്‍ പരസ്യമായി ലഭ്യമായിട്ടും നമ്മുടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കിരണ്‍ ഭായിയെ പറ്റി തുമ്പും വാലും ലഭിച്ചിരുന്നില്ലെന്നു കരുതേണ്ടി വന്നാല്‍ അസാധാരണമെന്നേ പറയാനാവുകയുള്ളു. മാര്‍ച്ച് രണ്ടിന് ജമ്മു-കാശ്‌മീര്‍ പോലീസ് നല്‍കിയ മുന്നറിയിപ്പു പ്രകാരമാണ് കിരണ്‍ ഭായി കസ്റ്റഡിയിലാവുന്നത്. മാര്‍ച്ച് 17 നാണ് ഔദ്യോഗികമായി കസ്റ്റഡി രേഖപ്പെടുത്തിയിട്ടുള്ളത്. അമിത് ഹിതേഷ് പാണ്ഡ്യയും മറ്റുള്ള രണ്ടുപേരുമടക്കം മൊത്തം നാലു പേര്‍ കേസ്സുമായി ബന്ധപ്പെട്ടവരാണ്. അതില്‍ പാണ്ഡ്യയെയും മറ്റുള്ള മൂന്നു പേരെയും സാക്ഷികളാക്കുന്നതിനുള്ള നീക്കം നടക്കുകയാണെന്നും പറയപ്പെടുന്നു. കിരണ്‍ ഭായിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ശ്രീനഗറിലെ കോടതി തള്ളിയിരുന്നു. നാഗര്‍വാല മുതല്‍ കിരണ്‍ ഭായി വരെയുള്ളവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ വളരെ എളുപ്പത്തില്‍ തട്ടിപ്പുകളുടെ മറയാക്കുന്നതിന്റെ രഹസ്യം നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം.