
‘ചരിത്രത്തിൻ്റെ അന്ത്യ’ത്തിൽ നിന്ന് നിയോ ലിബറൽ യുഗത്തിൻ്റെ അന്ത്യത്തിലേക്ക്
1992ലാണ് ഫുക്കുയാമ ‘ചരിത്രത്തിൻ്റെ അന്ത്യം’ (The End of History and the Last Man) എന്ന പുസ്തകമെഴുതുന്നത്. ഈ കൃതിയും അതിൽ മുന്നോട്ട് വയ്ക്കപ്പെട്ട ആശയവും ലോകമാകെ ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തത് സവിശേഷമായൊരു ചരിത്രസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു. സോവിയറ്റ് യൂണിയൻ്റെ ശിഥിലീകരണം, കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പതനം, ബെർലിൻ മതിലുകൾ തകർന്ന് ജർമനി ഏകീകരിക്കപ്പെട്ടത് എന്നിങ്ങനെ സോഷ്യലിസ്റ്റ് രാഷ്ട്രമായി സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ടതിന് ശേഷം, വിരുദ്ധ ധ്രുവങ്ങളിലായി ലോകത്ത് നിലനിന്ന് പോന്നിരുന്ന വ്യത്യസ്തമായ രാഷ്ട്രീയ സാമ്പത്തിക സമീപനങ്ങളിൽ ഒന്ന് വലിയ തകർച്ചയെ നേരിടുകയും എതിർപക്ഷത്ത് നിലകൊണ്ടിരുന്ന ആശയപദ്ധതികളും അതിനെ ആസ്പദമാക്കിയ രാഷ്ട്രീയ സംവിധാനങ്ങളും ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഫുക്കുയാമ മാനവ വികസന ചരിത്രത്തിലെ അന്ത്യഘട്ടത്തെ പ്രവചിക്കുന്നത്. ഇനി അതിരുകളില്ലാത്ത മുതലാളിത്ത സമ്പദ്ക്രമവും ലിബറൽ ജനാധിപത്യവും മാത്രമായിരിക്കും അവശേഷിക്കുക എന്നതായിരുന്നു ആ പ്രവചനം.
THE END OF HISTORY AND THE LAST MAN | PHOTO : WIKI COMMONS
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനം രാഷ്ട്രീയവും സാമ്പത്തികവുമായ ലിബറലിസത്തിലാണ് ചെന്നെത്തുക എന്നാണ് അദ്ദേഹം കുറിച്ചത്. പാശ്ചാത്യലോകത്തിൻ്റെ വിജയം, പാശ്ചാത്യ ആശയത്തിൻ്റെ വിജയം, മറ്റെല്ലാ സാമ്പത്തിക ബദലുകളെയും ഇല്ലായ്മ ചെയ്തിരിക്കുന്നു. മനുഷ്യ വംശത്തിൻ്റെ സാമൂഹികമായ ആശയമണ്ഡലം അതിൻ്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു. പാശ്ചാത്യ ലിബറൽ ജനാധിപത്യത്തെ ആസ്പദമാക്കിയ ഭരണക്രമമായിരിക്കും ഇനി ലോകത്തെ നയിക്കുക. എല്ലാവർക്കും എല്ലാ സ്വാതന്ത്ര്യവുമുള്ള സമത്വ സുന്ദരമായ ലോകം സ്ഥാപിതമാകും. ഇങ്ങനെയൊക്കെയായിരുന്നു ഫുക്കുയാമയുടെ വിചാരങ്ങൾ. എന്നാൽ, തുറന്ന വാതിലുകളെല്ലാം കൊട്ടിയടക്കപ്പെടുകയും സമത്വത്തിൻ്റെ സ്ഥാനത്ത് വംശവെറിയുടെ രാഷ്ട്രീയം യൂറോപ്പിലെമ്പാടും പടരുകയും ചെയ്യുന്ന, മറ്റ് ലോക രാഷ്ട്രങ്ങളുടെ മേൽ നിരന്തരം ആക്രോശങ്ങൾ നടത്തുന്ന ഒരു ഭരണാധികാരി ലിബറൽ ഡെമോക്രസിയുടെ ഈറ്റില്ലത്ത് വാഴുകയും വർത്തമാനകാല ലോകം ഫുക്കുയാമയെ ആകെ ഉലച്ച് കളഞ്ഞു.
വളരെ ആവേശത്തോടുകൂടി താൻ നടത്തിയ പ്രവചനങ്ങളിൽ നിന്നും ഫുകുയാമയുടെ നിലപാടുകൾ സമീപകാലത്ത് ഏറെ മാറിമറിഞ്ഞു. ഏറ്റവുമൊടുവിൽ ട്രംപിൻ്റെ രണ്ടാം വരവ് 100 ദിവസം പിന്നിട്ടപ്പോൾ ഏറെ നിരാശിതനായ ഫുക്കുയാമ കടുത്ത വിമർശനം അമേരിക്കൻ ഭരണകൂടത്തിന് നേരെ അഴിച്ച് വിട്ടു. താരിഫ് നിരക്കുകളിൽ നടത്തിയ വൻ വർദ്ധന, ഫെഡറൽ ഉദ്യോഗസ്ഥരുടെ കൂട്ടപ്പിരിച്ചുവിടൽ, പ്രവാസികളെ ചങ്ങലക്കിട്ട് നാടുകടത്തുന്നത്, സർവ്വകലാശാലകളുടെ സ്വാതന്ത്ര്യത്തിനും ആശയങ്ങൾക്കും കൂച്ചുവിലങ്ങിടൽ, നിയമവ്യവസ്ഥക്കുമേൽ എക്സിക്യൂട്ടീവിൻ്റെ കയ്യേറ്റം ഇതൊക്കെയാണ് ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിടാൻ ഫുക്കുയാമയെ പ്രേരിപ്പിച്ചത്. 1990കളുടെ തുടക്കത്തിൽ അവസാനവിജയം കണ്ടുവെന്ന് താൻ വിശ്വസിച്ച പൗരസ്വാതന്ത്ര്യത്തിൻ്റെയും പത്രസ്വാതന്ത്ര്യത്തിൻ്റെയുമൊക്കെ അന്ത്യം അമേരിക്കയിൽ തന്നെ അരങ്ങേറുന്നത് ഫുക്കുയാമയ്ക്ക് അല്പം പോലും ഉൾകൊള്ളാൻ കഴിഞ്ഞില്ല. തൻ്റെ ക്ലാസിക് കൃതിയിൽ രണ്ടു തവണ പരാമർശിക്കുന്ന ട്രംപ് തന്നെ തൻ്റെ ആശയങ്ങളുടെ അന്തകനായി മാറുന്നത് ഫുക്കുയാമയ്ക്ക് കാണേണ്ടി വന്നുവെന്നത് മറ്റൊരു കാര്യം. മറ്റുള്ളവരെക്കാളൊക്കെ ഉന്നതനാണ് താനെന്ന ആശയത്തെ സൂചിപ്പിക്കുന്ന മെഗാലോതൈമിയ (Megalothymia) എന്ന പദം രൂപപ്പെടുത്തുന്നത് ഫുക്കുയാമയാണ്. എന്തും നിശ്ചയിക്കുന്നത് താനാണ് എന്നും എല്ലാത്തിൻ്റെയും പരമമായ അധികാരി താനാണ് എന്നും സൂചിപ്പിക്കുന്ന പദമാണ് മെഗാലോതൈമിയ. ഇതിന് തീർത്തും വിരുദ്ധമായ ഒന്നാണ് ഇസോതൈമിയ (Isoothymia), എല്ലാവരെയും സമന്മാരായി കാണൽ. ട്രംപിൻ്റെ ഭരണകൂടം ഇന്ന് ചെയ്തുകൂട്ടുന്ന മേൽ സൂചിപ്പിച്ച പ്രവർത്തനങ്ങളെ വിലയിരുത്തുന്ന പലരും ട്രംപിൻ്റെ മെഗാലോതൈമിയ മനോഭാവത്തിൻ്റെ പ്രകടനമായിട്ടാണ് ഇതിനെ കാണുന്നത്. തൻ്റെപ്രവചനങ്ങളൊക്കെ പാളിപ്പോയതിൽ ഖേദിക്കുന്ന ഫുകുയാമയുടെ വേദന നമുക്ക് മനസിലാകും. പക്ഷെ അതോടൊപ്പം ഫുകുയാമയുടെ സാമൂഹിക വിശകലന രീതിശാസ്ത്രത്തിൻ്റെ പരിമിതി കൂടി ചോദ്യം ചെയ്യാതെ അമേരിക്കൻ ഭരണകൂടത്തിൻ്റെ ഇന്നത്തെ ചെയ്തികളെ മനസിലാക്കാനാവില്ല. ട്രംപിൻ്റെ നടപടികൾ ലിബറൽ സൈദ്ധാന്തികരെ വളരെ ആഴമേറിയ അടിസ്ഥാനപരമായ പ്രതിസന്ധികളിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. കേവലം മെഗലോതൈമിയയെ ആസ്പദമാക്കിയ സാമൂഹിക വിമർശനം ഈ പ്രതിസന്ധിയുടെ കാരണങ്ങൾ കണ്ടെത്താൻ നമ്മെ സഹായിക്കുമെന്ന് തോന്നുന്നില്ല. ആഗോളമുതലാളിത്തത്തിൻ്റെ ഘടനാപരമായ പരിണാമങ്ങൾ മനസിലാക്കാതെ ട്രംപിൻ്റെ ചെയ്തികളുടെ കുരുക്കഴിക്കാനാവില്ല.
ഫ്രാൻസിസ് ഫുക്കുയാമ | PHOTO : WIKI COMMONS
കമ്മ്യൂണിസത്തിൻ്റെ ‘ഭീഷണി’ ഒഴിഞ്ഞ 1990കളുടെ ആദ്യപകുതിയിൽ കണ്ട ലിബറൽ ഡെമോക്രസിയുടെ മുതലാളിത്ത മുഖം രണ്ടാം ലോകയുദ്ധാനന്തരം കണ്ടതിൽ നിന്ന് ഏറെ വിഭിന്നമായിരുന്നു. മറ്റ് രാജ്യങ്ങളുടെ വിപണിയുടെ വാതിൽ തുറക്കാൻ, അവിടേക്ക് തങ്ങളുടെ ചരക്കുകളുടെയും ധനമൂലധനത്തിൻ്റെയും പ്രവാഹം ഏറെ സുഗമമാക്കുവാൻ, ഐ എം എഫിൻ്റെയും ലോകബാങ്കിൻ്റെയും സഹായത്തോടെ കിണഞ്ഞ് പരിശ്രമിക്കുന്ന, മൂന്നാം ലോക രാജ്യങ്ങളിലെ പൊതുമുതൽ സ്വകാര്യവൽക്കരിക്കാൻ സമ്മർദം ചെലുത്തുന്ന, അതെ സമയം സ്വന്തം രാജ്യത്തെ സാമൂഹ്യ സുരക്ഷിതത്വ നയങ്ങൾ ഒന്നൊന്നായി കൈയൊഴിയുന്ന പാശ്ചാത്യ മുതലാളിത്തത്തെയാണ് 90കൾക്ക് ശേഷം ലോകം ദർശിച്ചത്. കൂടുതൽ ലാഭം തേടി, വിയർപ്പ് തുന്നിയ കുപ്പായങ്ങൾ മാത്രം കൈമുതലായുള്ള ചിലവുകുറഞ്ഞ അധ്വാനശക്തിയെ തേടി, സ്വന്തം രാജ്യത്തെ ഫാക്ടറികൾ കെട്ടിപ്പൂട്ടി, അവികസിത അർദ്ധവികസിത രാഷ്ട്രങ്ങളിലേക്ക് കുടിയേറുന്ന മൂലധനത്തെയാണ് ലോകം കണ്ടത്. അതിനൊപ്പം ധനമൂലധനത്തിൻ്റെ അനിയന്ത്രിതമായ പ്രവാഹവും. ഇത് പക്ഷെ തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന് അമേരിക്കൻ ജനതയ്ക്ക്, അമേരിക്കയിലെ കോർപ്പറേറ്റ് മുതലാളിമാർക്കല്ല, മനസ്സിലായത് വൈകിയാണ്. മറ്റ് രാജ്യങ്ങളിൽ വച്ച് തങ്ങൾ തന്നെ നിർമിച്ച ഉപഭോക്തൃ വസ്തുക്കൾ ഡോളർ കൊടുത്ത് വാങ്ങുമ്പോൾ കുതിച്ചുയരുന്ന വ്യാപാര കമ്മിയും, കുതിച്ചുയരുന്ന അസമത്വവും, ഫാക്ടറികൾ ഒന്നൊന്നായി അടച്ചുപൂട്ടിയപ്പോൾ നഷ്ടപ്പെട്ട തൊഴിലുകളുമെല്ലാം പാശ്ചാത്യലോകത്തെ പുതിയ വെളിപാടുകളായിരുന്നു. ബ്ലൂ കോളർ തൊഴിലാളികൾക്ക് ട്രംപ് പ്രിയപ്പെട്ടവനായി മാറുന്നത് അങ്ങിനെയാണ്. കുടിയേറ്റക്കാരാണ് തങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണക്കാർ എന്ന നിഗമനത്തിൽ തൊഴിൽ നഷ്ടപ്പെട്ട ശരാശരി അമേരിക്കക്കാരൻ എത്തിപ്പെടുന്നത് അങ്ങിനെയാണ്. ഇന്ന് ട്രംപ് നടത്തുന്ന ഒട്ടുമിക്ക പ്രഖ്യാപനങ്ങളും ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ പിന്തുണ ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്, അതോടൊപ്പം ഉല്പാദനമേഖലകളിലും സാങ്കേതിക മേഖലകളിലും അമേരിക്കയ്ക്ക് കൈമോശം വന്നുകൊണ്ടിരുന്ന ഏകപക്ഷീയമായ മേൽകൈ തിരിച്ചുപിടിക്കാനും.
ഡൊണാൾഡ് ട്രംപ് | PHOTO : WIKI COMMONS
ട്രംപ് ഭരണകൂടം ഇന്ന് നടത്തുന്ന ഏകപക്ഷീയമായ താരിഫ് ഉയർത്തലിനെ, താരിഫ് യുദ്ധമായിട്ടാണ് മാധ്യമ ലോകം വിലയിരുത്തുന്നത്. ഈ പദപ്രയോഗത്തിൽ തന്നെ അടിസ്ഥാനപരമായ പ്രശ്നമുണ്ട്. യുദ്ധമെന്നാൽ കുറഞ്ഞത് രണ്ടു കൂട്ടർ പരസ്പരം നടത്തുന്ന ആക്രമണമാണ്. ഇവിടെ ചൈനയുടെ കാര്യം ഒഴിച്ചാൽ ബാക്കി രാജ്യങ്ങളുടെയെല്ലാം കാര്യത്തിൽ വളരെ ഏകപക്ഷീയമായ ആക്രമണമാണ് അരങ്ങേറുന്നത്. മറ്റ് രാജ്യങ്ങളുടെ, വിശേഷിച്ച് ഭൂഗോളത്തിൻ്റെ തെക്ക് സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുടെ, ഉത്പാദനത്തെ തടയിടാൻ നടത്തുന്ന ഏകപക്ഷീയമായ ആക്രമണമാണിത്. തിരികെ ഒരു ഷെല്ലെങ്കിലും വന്ന് പതിക്കാതെ, അമേരിക്ക ഒറ്റയ്ക്ക് നടത്തുന്ന വെടിവെയ്പ്പാണിത്, അതുകൊണ്ടുതന്നെ ഇതിനെ ഒരു യുദ്ധമായി വ്യഖ്യാനിക്കുന്നതിൽ പന്തികേടുണ്ട്.
ട്രംപിൻ്റെ ചുങ്കമുയർത്തൽ നടപടികളെ സംബന്ധിച്ചിടത്തോളമുള്ള മറ്റൊരു വസ്തുത ഇന്ന് നിലവിലുള്ള വ്യാപാരകരാറുകളെ സംബന്ധിച്ച ആഖ്യാനമാണ്. വളരെ സമത്വ പൂർണമായ, എല്ലാ രാജ്യങ്ങളിലെയും എല്ലാ ജനങ്ങൾക്കും ഒരേ പോലെ നീതി നല്കുന്നവയായിരുന്നു ഇന്ന് നിലനിൽക്കുന്ന വ്യാപാര കരാറുകൾ എന്ന ധാരണയുടെ പുറത്താണ് ചർച്ച അധികവും നടക്കുന്നത്. വികസിത മുതലാളിത്ത രാജ്യങ്ങൾക്ക് മാത്രം ഗുണം ലഭിക്കുന്ന രീതിയിലുള്ള നിബന്ധനകൾ അടങ്ങിയവയാണ് ഗാട്ട് മുതൽ ഇങ്ങോട്ട് ആസിയാൻ വരെയുള്ള എല്ലാ കരാറുകളും. അതിൻ്റെയൊക്കെ ദുരിതം ഇന്ന് അവികസിത വികസ്വര രാജ്യങ്ങളിലെ ദരിദ്രകർഷകരും ചെറുകിടക്കാരും അനുഭവിച്ച് തീർക്കുകയാണ്. ഇതിൻ്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. ട്രംപ് ഭരണകൂടം ഇന്ന് ചെലുത്തുന്ന വ്യാപാര സമ്മർദങ്ങളെല്ലാം നിലവിലുള്ള കരാറുകളിൽ ദോഷകരമായ വസ്തുതകളെ കൂടുതൽ രൂക്ഷമാക്കുന്നവയാണ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ആഗോളവൽക്കരിക്കപ്പെട്ട ധനമൂലധനത്തിന് മാത്രം ഗുണം ചെയ്യുന്ന രീതിയിൽ ഡിസൈൻ ചെയ്യപ്പെട്ടവയാണ് ട്രംപിന് മുൻപ് നിലനിന്നിരുന്ന ഈ കരാറുകളെല്ലാം. ചർച്ചകളെല്ലാം ഇന്ന് നടക്കുന്നത് ചരക്കുകളുടെ മേൽ ചുമത്തുന്ന നികുതിയെയും അതുവഴിയുള്ള നിയന്ത്രണങ്ങളെയും സംബന്ധിച്ചാണ്, ധനമൂലധത്തിൻ്റെ അനിയന്ത്രിതമായ പോക്ക് വരവുകൾ ഈ വിഷയത്തിൽ ഒരു ചർച്ചയായിപ്പോലും കടന്നു വരുന്നില്ല. അന്താരാഷ്ട്ര ധന മൂലധനത്തിൻ്റെ അടിമകളാണ് ഏതാണ്ടെല്ലാ വികസ്വര അവികസ്വര രാഷ്ട്രങ്ങളും. നിലവിലുള്ള വ്യാപാര കരാറുകളിൽ അടങ്ങിയിരിക്കുന്ന മറ്റൊരു കാപട്യം സബ്സിഡികളെ സംബന്ധിച്ചുള്ളതാണ്. മൂന്നാം ലോക രാഷ്ട്രങ്ങളിലെ പാവപ്പെട്ട കർഷകർക്ക് നൽകുന്ന തുച്ഛമായ സൗജന്യങ്ങളെപ്പോലും അത് ഇല്ലാതാക്കുന്നു. അതെ സമയം വികസിത രാഷ്ട്രങ്ങളിലെ കർഷകർക്ക് നേരിട്ട് നൽകുന്ന ധനപരമായ പിന്തുണകളെ അനുകൂലിക്കുകയും ചെയ്യുന്നു. ഇന്ത്യ പോലെ വിശാലമായൊരു രാജ്യത്ത് 12 കോടിയിലധികം വരുന്ന പാവപ്പെട്ട കർഷകർക്ക് കാശ് നേരിട്ട് കൈകളിലെത്തിക്കുക ഏതാണ്ട് അസാധ്യമായ കാര്യമാണ്. പല രൂപത്തിലുള്ള സബ്‌സിഡികൾ അവർക്ക് നൽകുക മാത്രമാണ് ഏക പോം വഴി. ആ വാതിലാണ് വ്യാപാരകരാറുകളിൽ ഒപ്പ് വെയ്ക്കുന്നതിലൂടെ അടയ്ക്കപ്പെട്ടത്. ഇതെല്ലം ന്യായീകരിക്കപ്പെടുന്നത് പുസ്തകത്താളുകളിൽ മാത്രം നിലനിൽക്കുന്ന, ലോകത്തൊരിടത്തും കണ്ടുകിട്ടാനില്ലാത്ത, perfect competition എന്ന സാമ്പത്തിക മിത്തിനെ മുന്നിൽ വച്ചുകൊണ്ടാണെന്നതാണ് വിചിത്രം.
ആഭ്യന്തര കമ്പോളത്തെ വികസിപ്പിക്കുന്നതിലല്ല മുൻഗണന നൽകേണ്ടതെന്നും, അത് സ്വയം വളരുമെന്ന വാഴ്ത്തുപാട്ടായിരുന്നു നിയോ ലിബറൽ യുഗം മുന്നോട്ടു വച്ച മറ്റൊരു ആപ്തവാക്യം. ഈ കയറ്റുമതിയോന്മുഖ തന്ത്രത്തിൽ വീണ് പോയവർക്കാണ് താരിഫ് വർദ്ധനവിൻ്റെ വെടി ആദ്യം കൊള്ളുന്നത്.
എന്തിന് ഞങ്ങളോട് ഇങ്ങനെയൊരു കടും കൈ ട്രംപ് ചെയ്തു എന്നാണ് മോഡിയടക്കമുള്ള എല്ലാ ഭരണാധിപരും തലയിൽ കൈ വച്ച് ചോദിക്കുന്നത്. നിയോ ലിബറൽ വണ്ടിയിലെ ഇന്ധനം ഏതാണ്ട് പൂർണമായും തീർന്ന് കഴിഞ്ഞിരിക്കുന്നു എന്നതാണ് അതിൻ്റെ ഉത്തരം. നിയോ ലിബറൽ യുഗത്തിൻ്റെ മൂന്നര പതിറ്റാണ്ട് കടുത്ത അസമത്വത്തിൻ്റെതായിരുന്നു. മുകൾത്തട്ടിലുള്ള ഒരു ചെറിയ ന്യൂനപക്ഷത്തിൻ്റെ മാത്രം വളർച്ച ഉറപ്പാക്കിയ കാലം. അസമത്വത്തെ രൂക്ഷമാക്കിയ കാലം. ഉത്പാദനക്ഷമത കൂടിയിട്ടും ഉത്പന്നങ്ങളുടെ ഡിമാൻഡ് ഉയർത്താൻ കഴിയാതെ പോയത് അതുകൊണ്ടാണ്. എല്ലാ സമ്പന്ന രാഷ്ട്രങ്ങളും അവരവരുടെ മാളങ്ങളിലേക്ക് വലിയുന്നതും തങ്ങളെ അധികാര കസേരകളിലിരുത്തുന്നവരുടെ പിന്തുണ ഉറപ്പാക്കുന്ന നയങ്ങളിലേക്ക് മാത്രം തിരിയുന്നതും അതുകൊണ്ടാണ്. അപരത്വത്തിൻ്റെയും വെറുപ്പിൻ്റെയും രാഷ്ട്രീയത്തെ പടർത്തുന്നത് അതിനായാണ്. ട്രംപ് ചെയ്യുന്നതും അത് മാത്രമാണ്. ഈയൊരർത്ഥത്തിൽ ഇത് ട്രംപിൻ്റെ മാത്രം പ്രതിസന്ധിയല്ല. അതിൻ്റെ കാരണങ്ങൾ ട്രംപ് എന്ന വ്യക്തിയുടെ മാനസിക ഭാവങ്ങളിൽ മാത്രം തിരയേണ്ടതുമല്ല. വഴി മുട്ടിനിൽക്കുന്ന ആഗോള മൂലധനത്തിൻ്റെ യഥാർത്ഥ ഭാവങ്ങളെയാണ് അത് കാട്ടിത്തരുന്നത്.
നരേന്ദ്ര മോഡിയും ഡൊണാൾഡ് ട്രംപും | PHOTO : WIKI COMMONS
സുപ്രധാമായ മറ്റൊരു ഘടകം അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ ഇന്നുള്ള സ്വഭാവത്തെ സംബന്ധിച്ചതാണ്. ആഗോള വ്യാപാരത്തിൻ്റെ മൂന്നിലൊന്നും അമേരിക്കൻ ഇറക്കുമതിയുടെ പകുതിയും കമ്പനികൾ തമ്മിലുള്ള വ്യാപാരമാണ്. കേവലം രാജ്യങ്ങൾ തമ്മിലുള്ള ഇടപാടാണ് അത്. ഒരു രാജ്യത്തെ ഒരു കമ്പനി മറ്റൊരു രാജ്യത്തെ മറ്റൊരു കമ്പനിയുമായി നടത്തുന്ന വ്യാപാരമാണത്. അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ നേട്ടം ആർക്ക് പോകുന്നു എന്നതാണ് ഇവിടത്തെ യഥാർത്ഥ പ്രശ്നം. അന്താരാഷ്ട്ര വ്യാപാരത്തിൽ നിന്ന് അമേരിക്ക മെച്ചമുണ്ടാക്കുന്നു എന്ന് വച്ചാൽ വാസ്തവത്തിൽ അമേരിക്കയിലെ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് മെച്ചമുണ്ടാകുന്നു എന്ന് മാത്രമാണ്. അവിടെയുള്ള സാധാരണ തൊഴിലാളികൾക്കല്ല. നാട്ടിലെ ഫാക്ടറികൾ അകെ അടച്ച് പൂട്ടി ഏഷ്യൻ രാജ്യങ്ങളിലെ സ്വെറ്റ് ഷോപ്പുകൾ തുറന്നതിലൂടെ, സാധാരണ തൊഴിലാളികളുടെ താല്പര്യങ്ങളല്ല, ലാഭവർധന മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്ന് എല്ലാ അമേരിക്കൻ കോർപ്പറേറ്റ് ലോകം ഇതിനകം കാട്ടിത്തന്നതാണ്. അമേരിക്കയിലെ സാധാരണക്കാരൻ അനുഭവിക്കുന്ന പ്രശ്നത്തിൻ്റെ മൂല കരണമിതാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്. അതിനാൽ അമേരിക്കയെ ഒന്നാമതാക്കുക എന്ന ട്രംപിൻ്റെ മുദ്രാവാക്യം യഥാർത്ഥത്തിൽ അമേരിക്കയിലെ കോർപറേറ്റുകൾക്ക് മാത്രം ഗുണം ചെയുന്ന ഒന്നായി ചുരുങ്ങുന്നു.
ഇതിൽ നിന്ന് എങ്ങനെ കുതറി മാറാനാകും എന്ന കാര്യമാണ് ഇന്ത്യയടക്കമുള്ള എല്ലാ വികസ്വര രാജ്യങ്ങളും ചർച്ച ചെയ്യേണ്ടത്. അന്താരാഷ്ട്ര വ്യാപാരക്കരാറുകൾക്ക് അടിപ്പെട്ടുകൊണ്ട് സാധിക്കാവുന്ന ഒന്നല്ല അത്. ആഭ്യന്തര കമ്പോളത്തെ വികസിപ്പിക്കാനുതകുന്ന ശക്തമായ നടപടികൾ കൈക്കൊണ്ടും. കഴിയുന്നത്ര സ്വയം പര്യാപ്തത ഉല്പാദനമേഖലയിൽ കരസ്ഥമാക്കിക്കൊണ്ടും മാത്രമേ ഇത് സാധ്യമാകൂ. കോർപ്പറേറ്റ് താല്പര്യങ്ങൾ നയിക്കുന്ന ഭരണകൂടങ്ങൾക്ക് അതിന് കെല്പുണ്ടോ എന്നതാണ് നിയോ ലിബറൽ ലോകക്രമം അതിൻ്റെ അന്ത്യനാളുകളിലേക്ക് അടുക്കുന്ന ഈ വേളയിൽ ഉയർത്തുന്ന ഒരു ചോദ്യം. സാമ്രാജ്യത്വത്തെ ചങ്കുറപ്പോടെ നേരിടാൻ പോന്ന ഏത് ഭരണാധികാരിയാണ് ഇന്നുള്ളത് എന്നതാണ് മർമ്മപ്രധാനമായ ചോദ്യം.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
അതെ സമയം തെക്കൻ രാജ്യങ്ങൾക്ക് മുന്നിൽ ട്രംപിൻ്റെ നടപടികൾ പുതിയ സാധ്യതകൾ തുറന്നിരിക്കുകയാണ്. അമേരിക്കയും അന്താരഷ്ട്ര ധനമൂലധനവും അവരുടെ താല്പര്യങ്ങൾ പ്രകാരം പടച്ച് വെച്ച വ്യാപാര നുകങ്ങളിൽ നിന്നും മോചനം തേടാൻ ഒരു സാധ്യത ട്രംപ് ഭരണകൂടം തന്നെ തുറന്ന് തന്നിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിലേറെയായി നിലനിന്നിരുന്ന ഭൗമ രാഷ്ട്രീയത്തിൻ്റെ അലകും പിടിയും പൊളിച്ചെഴുതി തങ്ങൾക്കനുകൂലമാകാനുള്ള അവസരം. അമേരിക്കൻ സമ്മർദങ്ങൾക്ക് വഴങ്ങാതെ ആ പാത തിരഞ്ഞെടുക്കാനുള്ള ആർജ്ജവം ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങൾ കാട്ടുമോ?


