
അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ലോകക്രിക്കറ്റിന്റെ വേദിയിലേക്ക്
2019 ലെ ക്രിക്കറ്റ് ലോകകപ്പ്. ഗ്രൂപ്പ് മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമത്തെ മാത്രം ലോകകപ്പ് കളിക്കാനെത്തിയ അഫ്ഗാനിസ്ഥാനെ മാഞ്ചസ്റ്ററില്‍ നേരിടുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒരു ദയയുമില്ലാതെ അഫ്ഗാന്‍ ബൗളര്‍മാരെ തല്ലിത്തകര്‍ത്തു എന്ന് തന്നെ പറയാം. ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തില്‍ 50 ഓവറില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അടിച്ച് കൂട്ടിയത് 397 റണ്‍സായിരുന്നു. അഫ്ഗാന്‍ ബൗളര്‍മാരെ വെറും കാണികളാക്കിക്കൊണ്ട് 150 റണ്‍സിനാണ് അന്ന് ഇംഗ്ലണ്ട് വിജയിച്ചത്. എന്നാല്‍ നാല് വര്‍ഷത്തിനിപ്പുറം ക്രിക്കറ്റിന്റെ മറ്റൊരു ലോകവേദിയില്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ച് കൊണ്ട് ലോകകപ്പിലെ എറ്റവും സുന്ദരമായ അട്ടിമറി വിജയങ്ങളിലൊന്ന് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
19-ാം നൂറ്റാണ്ടില്‍ തന്നെ അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചിരുന്നതായി തെളിവുകളുണ്ട്, ആംഗ്ലോ-അഫ്ഗാന്‍ യുദ്ധകാലത്ത് 1839ല്‍ ബ്രിട്ടീഷ് സെനികര്‍ അഫ്ഗാനില്‍ ക്രിക്കറ്റ് കളിച്ചിരുന്നുവത്രേ. പക്ഷേ മറ്റ് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളെപ്പോലെ ബ്രിട്ടീഷുകാരില്‍ നിന്നും അഫ്ഗാനിലേക്ക് ഒരു ക്രിക്കറ്റ് ലെഗസി പടര്‍ന്നതുമില്ല. എന്നാല്‍ 1990കളോടെ അഫ്ഗാനില്‍ ക്രിക്കറ്റ് പ്രചാരത്തിലെത്തി. എത്തിയത് അയല്‍ രാജ്യമായ പകിസ്ഥാനിലൂടെയും. പാകിസ്ഥാനിലെ അഭയാര്‍ത്ഥി ക്യാമ്പുകളാണ് അഫ്ഗാനില്‍ ക്രിക്കറ്റിന്റെ വിത്ത് പാകിയതെന്ന് സംശയമേതുമില്ലാതെ തന്നെ പറയാം. 1980 കളില്‍ നിലനിന്ന സോവിയറ്റ്-അഫ്ഗാന്‍ യുദ്ധസമയത്ത് അഫ്ഗാന്‍ ജനത ക്യാമ്പ് ചെയ്തത് പാകിസ്ഥാനിലായിരുന്നു. 1992 ലെ ലോകകപ്പ് വിജയത്തിന് മുന്‍പ് തന്നെ പാകിസ്ഥാനിലെ തെരുവുകളും പാര്‍ക്കുകളും പൂര്‍ണ്ണമായും ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ക്യാമ്പിലുണ്ടായിരുന്ന അഫ്ഗാനികള്‍ പാകിസ്ഥാനികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയും പഠിക്കുകയും ചെയ്തു, ഒടുവില്‍ യുദ്ധത്തിന് ശേഷം അഫ്ഗാനികള്‍ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ക്രിക്കറ്റിനെ കൂടെ കൂട്ടുകയായിരുന്നു. അഫ്ഗാൻ ക്രിക്കറ്റ് ടീം | PHOTO: TWITTER
അഫ്ഗാന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാന്‍ പറ്റാത്ത പേരാണ് താജ് മാലിക്. അഫ്ഗാന്‍ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന താജ് മാലിക്കാണ് ദേശീയ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആദ്യമായി തുടങ്ങിവെച്ചത്. പാകിസ്ഥാനിലെ പല അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും സഞ്ചരിച്ച് നിരവധി ക്രിക്കറ്റ് പ്രതിഭകളെ കണ്ടെടുത്ത മാലിക് അവരെയെല്ലാം കാബൂളിലേക്ക് വിളിച്ച് ചേര്‍ത്തു. പക്ഷേ ചെറുപ്പക്കാരായ ക്രിക്കറ്റര്‍മാരുടെ രക്ഷിതാക്കള്‍ക്ക് മാലിക്കിന്റെ ശ്രമത്തോട് തീര്‍ത്തും യോജിപ്പില്ലായിരുന്നു. എന്നാല്‍ അഫ്ഗാന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സഹായത്തോടെ വൊളണ്ടിയേഴ്‌സിനെ കണ്ടെത്തിയ മാലിക് 1995ല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രൂപീകരിച്ചു. താലിബാന്‍ ഗവണ്‍മെന്റിന്റെ കാലത്തായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എല്ലാ സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റികളെയും തടസപ്പെടുത്തുന്ന കൂട്ടത്തില്‍ താലിബാന്‍ ആദ്യ ഘട്ടത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനും തടസങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ താലിബാന്‍ അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് കളിയോടുള്ള താത്പര്യം കണക്കിലെടുത്തും തങ്ങളുടെ ഇസ്ലാമിക് രാഷ്ട്രത്തിന് അനുയോജ്യമായ ഒരു സ്‌പോര്‍ട്‌സ് ഇവന്റായി ക്രിക്കറ്റിനെ പരിഗണിച്ചത് കൊണ്ടും അവര്‍ ക്രിക്കറ്റിനെ അവിടെ അനുവദിക്കുകയായിരുന്നു. ഇങ്ങനെയുള്ള പല പരീക്ഷണങ്ങളും അതിജീവിച്ചാണ് അഫ്ഗാന്‍ ക്രിക്കറ്റ് നിലനില്‍ക്കുന്നത് തന്നെ.
1995ല്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് രൂപീകരിച്ചെങ്കിലും 2001ലാണ് ഐ.സി.സി അഫിലിയേഷന്‍ ബോര്‍ഡിന് ലഭിക്കുന്നത്. തുടര്‍ന്ന് 2003 ലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ അഫ്ഗാന് അംഗത്വം ലഭിക്കുന്നത്. 2006ലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ട്രോഫിയില്‍ സെമി വരെ മുന്നേറാനും അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. ശേഷം 2007 ല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി-20 കപ്പില്‍ ഒമാനോടൊപ്പം കിരീടം പങ്കിട്ടത് അഫ്ഗാന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ചലനങ്ങളുണ്ടാക്കി. പിന്നീടങ്ങോട്ടുള്ള ഓരോ വര്‍ഷവും അഫ്ഗനിസ്ഥാന്റെ ക്രിക്കറ്റ് ടീം പടി പടിയായി വളരുന്ന കഴ്ച്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. 2007ല്‍ ഐ.സി.സി വേള്‍ഡ് ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ 2011 ലെ ഏകദിന ലോകകപ്പിന്റെ ക്വാളിഫയര്‍ മത്സരങ്ങള്‍ കളിക്കാന്‍ അഫ്ഗാന് സാധിച്ചു. എങ്കിലും ലോകകപ്പിന് യോഗ്യത നേടാന്‍ ടീമിന് സാധിച്ചിരുന്നില്ല. എന്നാല്‍ 2010 ലെ ട്വന്റി-20 ലോകകപ്പിന് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടി. ഇന്ത്യയും സൗത്ത് ആഫ്രിക്കയുമുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അഫ്ഗാന്‍ പുറത്താവുകയായിരുന്നു. 2013 ല്‍ ഐ.സി.സിയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പും 2017 ല്‍ ടെസ്റ്റ് പദവിയും കൂടി ലഭിച്ചതോടെ അഫ്ഗാന് ലോകക്രിക്കറ്റിന്റെ മാപ്പില്‍ ഒരു സ്ഥാനം ലഭിക്കുകയും ചെയ്തു.അഫ്ഗാനിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ | PHOTO: WIKI COMMONS
2011 ല്‍ നേരിയ വ്യത്യാസത്തിലാണ് ലോകകപ്പ് യോഗ്യത നഷ്ടമായതെങ്കിലും 2015 മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള മൂന്ന് ലോകകപ്പിലും അഫ്ഗാന്‍ ലോകകപ്പിന്റെ ഭാഗമായി. ടൂര്‍ണ്ണമെന്റില്‍ വലിയ പ്രതീക്ഷകളില്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ ഇത്തവണ ലോകകപ്പിനെത്തിയതെങ്കിലും അഫ്ഗാനില്‍ നിന്നുള്ള മികച്ച പ്രകടനം ഏതൊരു ക്രിക്കറ്റ് ആരാധകനും ഇക്കുറി പ്രതീക്ഷിച്ചതാണ്. ആ പ്രതീക്ഷകളാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അഫ്ഗാന്‍ താരങ്ങള്‍ നിറവേറ്റിയത്. സ്പിന്‍ ബൗളര്‍മാര്‍ തന്നെയാണ് അഫ്ഗാന്റെ കരുത്ത്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ റഷീദ് ഖാന്‍, മുജീബു റഹ്‌മാന്‍ എന്നിവരാണ് അഫ്ഗാന്റെ സ്പിന്‍ കരുത്ത്. ഐ.പി.എല്ലില്‍ ഉള്‍പ്പെടെ സജീവ സാന്നിധ്യമായ റഷീദ് ഖാന്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ മികച്ച് നിന്നതാണ് അഫ്ഗാന്‍ വിജയത്തിന് കാരണം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള അബ്ബാസിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ മികച്ച സ്‌കോറിലെത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ അഫ്ഗാന്‍ ബൗളര്‍മാര്‍ എല്ലാ തരത്തിലും വരിഞ്ഞ്മുറുക്കിയതോടെ 2023 ലോകകപ്പിലെ ആദ്യ അട്ടിമറി സംഭവിക്കുകയും ചെയ്തു.
2023 ലെ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ എവിടെവരെ മുന്നേറുമെന്ന് ഇപ്പോഴും വ്യക്തമല്ല, ചിലപ്പോള്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചത് പോലെ മറ്റേതെങ്കിലുമൊരു ടീമിനെ ടൂര്‍ണ്ണമെന്റില്‍ അട്ടി മറിച്ചെന്നും വരില്ല. എങ്കിലും ലോകകപ്പിലെ ഈ എഡിഷന്‍ ഭാവിയില്‍ ഓര്‍മ്മിക്കപ്പെടുമെങ്കില്‍ അതില്‍ അഫ്ഗാന്റെ പേര് കൂടി ഉണ്ടാകുമെന്നത് ഉറപ്പാണ്.