TMJ
searchnav-menu
post-thumbnail

Outlook

സ്വകാര്യതയ്ക്കുള്ള മൗലികാവകാശവും ഡാറ്റ സുരക്ഷയും

07 Jul 2023   |   3 min Read
K P Sethunath

വ്യക്തികളുടെ സ്വകാര്യതയടക്കമുള്ള വിവരങ്ങളുടെ പരിരക്ഷയും, സുരക്ഷയും ലക്ഷ്യമിടുന്ന ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിന്റെ കരടിന്‌ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്‌ച്ച അംഗീകാരം നല്‍കിയതോടെ ഡാറ്റ സുരക്ഷ വീണ്ടും സജീവ ചര്‍ച്ചയായി മാറുന്നു. ജൂലൈ 20 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ്‌ പ്രതീക്ഷ. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനായി 2022 നവംബറില്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാക്കിയ കരടിനാണ്‌ ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുള്ളത്‌.

സ്വകാര്യത മൗലികാവകാശം

ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഒന്നാണ്‌ സ്വകാര്യതയെന്ന 2017 ലെ സുപ്രീം കോടതി വിധിയാണ്‌ (പുട്ടുസ്വാമി കേസ്സില്‍) ഡാറ്റ സംരക്ഷണം സജീവ ചര്‍ച്ചയാകുന്നതിനുള്ള അടിയന്തര പ്രേരണ. ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയം പഠിക്കുവാനും ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും
സുപ്രീം കോടതി ജഡ്‌ജിയായിരുന്ന ബി എൻ ശ്രീകൃഷ്‌ണയുടെ അധ്യക്ഷതയില്‍ പത്തംഗ സമിതിയെ കേന്ദസര്‍ക്കാര്‍ 2017 ജൂലൈയില്‍ നിയോഗിച്ചതായിരുന്നു ഈ ദിശയിലെ മറ്റൊരു ചുവടുവെയ്‌പ്പ്. പുട്ടുസ്വാമി കേസ്സിലെ വിധി വരുന്നതിനും ഏതാനും ദിവസ്സങ്ങള്‍ക്കുമുമ്പായിരുന്നു ശ്രീകൃഷ്‌ണ കമ്മിറ്റിയുടെ നിയമനം. 2018 ല്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. അതേ വര്‍ഷം ഡാറ്റ സംരക്ഷണത്തിനുള്ള കരട്‌ ബില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചുവെങ്കിലും വ്യാപകമായ വിമര്‍ശനങ്ങളെ തുടര്‍ന്ന്‌ അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പ്‌ 2019 ല്‍ അവതരിപ്പിച്ചു. പാര്‍ലമെന്റിന്റെ സംയുക്ത സബ്‌ജക്ട്‌ കമ്മിറ്റിയുടെ പരിഗണനക്ക്‌ വിട്ട ബില്ലില്‍ കമ്മറ്റി ഒട്ടനവധി ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു. ഡാറ്റ സുരക്ഷ, സ്വകാര്യത, ഡാറ്റയുടെ ഉടമസ്ഥത തുടങ്ങിയ വിഷയങ്ങളുടെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കു പുറമേ ജസ്റ്റിസ്‌ ശ്രീകൃഷ്‌ണയും തന്റെ അധ്യക്ഷതയിലുള്ള സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും ബില്ലില്‍ വേണ്ടവിധം പരിഗണിച്ചില്ലെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗൂഗിളും, ഫേസ്ബുക്കുമടക്കമുള്ള വന്‍കിട ടെക്‌നോളജി കമ്പനികളും നിര്‍ദ്ദിഷ്ട ഡാറ്റ സംരക്ഷണ ബില്ലിനെ പറ്റി കടുത്ത ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ 2022 ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസ്‌തുത ബില്‍ പൊടുന്നനെ പിന്‍വലിച്ചു. ഡാറ്റ സുരക്ഷയും, സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ ബില്‍ 2022 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടതോടെ വിഷയം വീണ്ടും സജീവമായി. പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ എന്നതിനു പകരം ഡിജിറ്റല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ എന്നു നാമകരണം ചെയ്‌ത ബില്ലിന്റെ കരടിനാണ്‌ ഇപ്പോള്‍ മന്ത്രിസഭ അംഗീകാരം ലഭിച്ചിട്ടുള്ളത്‌.


ബി എൻ ശ്രീകൃഷ്‌ണ | PHOTO: PTI

സംശയങ്ങളും വിമര്‍ശനങ്ങളും

ഡാറ്റ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട സംവാദങ്ങളുടെ നാള്‍വഴികളിലെ ഒരു സുപ്രധാനവിഷയം വ്യക്തിഗത ഡാറ്റ ശേഖരിക്കുവാനുള്ള സര്‍ക്കാരിന്റെ അവകാശവും പരിധിയുമായിരുന്നു. സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ അനുവദിക്കുന്ന പരിധിയില്ലാത്ത അധികാരം സ്വകാര്യത മൗലികാവകാശമാണെന്ന തത്വത്തിന്‌ നേരെ വിരുദ്ധമാണെന്ന്‌ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ഇപ്പോഴത്തെ ബില്ലിലും വ്യക്തിഗത ഡാറ്റയുടെ കാര്യത്തില്‍ സര്‍ക്കാരിനുള്ള അപ്രമാദിത്വം മാറ്റമില്ലാതെ തുടരുന്നതായി കരുതേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ അംഗീകാരത്തോടെ ഡാറ്റ ശേഖരിക്കുന്ന സ്ഥാപനങ്ങള്‍ അവര്‍ ശേഖരിക്കുന്ന ഡാറ്റ ഏതുവിധത്തില്‍ കൈകാര്യം (പ്രോസ്സസ്സ്‌) ചെയ്യുന്നുവെന്നതിന്റെ വിശദാംശങ്ങള്‍ ഡാറ്റയുടെ ഉടമസ്ഥര്‍ക്ക്‌ നല്‍കേണ്ടതില്ല. Right to Information about personal data എന്ന വകുപ്പിന്റെ കീഴിലും അതിനുള്ള സാധ്യത ഇല്ല. ഡാറ്റയുടെ ഉടമസ്ഥരുടെ അനുമതിയില്ലാതെ ന്യായമായ സാഹചര്യങ്ങളില്‍ (fair and reasonable) കേന്ദ്ര സര്‍ക്കാരിന്‌ ആരുടെയും വ്യക്തിപരമായ ഡാറ്റ ശേഖരിക്കുവാന്‍ അധികാരം നല്‍കുന്നതാണ്‌ മറ്റൊരു വിവാദ വിഷയം. ഇത്തരം കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഭാഷയുടെ കൃത്യമായ വിശദീകരണത്തിന്റെ അഭാവമാണ്‌ മറ്റൊരു പ്രധാന വിഷയം. ന്യായമായ സാഹചര്യം അല്ലെങ്കില്‍ അതുപോലുള്ള ഒഴുക്കന്‍ മട്ടിലുള്ള പ്രയോഗങ്ങള്‍ സര്‍ക്കാര്‍ സംവിധാനം നിരന്തരം ദുരുപയോഗം ചെയ്യുന്നതിന്‌ ഒട്ടും പഞ്ഞമില്ലെന്ന കാര്യം ഏവര്‍ക്കും അറിവുളളതാണ്‌.

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വേളയില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നു കരുതപ്പെടുന്നു. ഡാറ്റ ശേഖരിക്കുന്നതിന്‌ ഡാറ്റ ഉടമസ്ഥരുടെ അനുമതി ആവശ്യമാണെന്ന്‌ വ്യവസ്ഥ ചെയ്യുമ്പോഴും അക്കാര്യത്തില്‍ സര്‍ക്കാരിന്‌ നല്‍കുന്ന ഇളവുകള്‍ വ്യക്തികളുടെ സ്വാതന്ത്യത്തിനും സ്വകാര്യതയ്‌ക്കും ഭീഷണിയാണെന്ന വിമര്‍ശനങ്ങള്‍ അവഗണിക്കാവുന്നതല്ല. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, ദേശരക്ഷ, സുഹൃദ്‌ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെ ബാധിക്കുന്ന വിഷയങ്ങളില്‍ ആരുടെയും വ്യക്തിഗത ഡാറ്റയും ശേഖരിക്കുവാന്‍ സര്‍ക്കാരിനുള്ള അധികാരം വ്യക്തികളുടെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്‌ നിരക്കുന്നതല്ലെന്ന വിലയിരുത്തല്‍ വ്യാപകമാണ്‌. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി നവംബറില്‍ ബില്ല്‌ ലഭ്യമാണെന്നു പറഞ്ഞിരുന്നുവെങ്കിലും അതിന്റെ ലഭ്യത MtGov എന്ന പ്ലാറ്റ്‌ഫോമില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പൊതുജനങ്ങളില്‍ നിന്നും ബില്ലിന്‌ ലഭിച്ച പ്രതികരണങ്ങള്‍, പ്രതികരണങ്ങള്‍ നല്‍കിയവരുടെ പശ്ചാത്തലം, ലഭിച്ച പ്രതികരണങ്ങള്‍ ജാഗ്രതയോടെ വിലയിരുത്തി ബില്ലില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടും ആശാവഹമല്ലാത്ത സ്ഥിതിയാണെന്ന്‌ ഇന്റര്‍നെറ്റ്‌ ഫ്രീഡം ഫൗണ്ടേഷന്റെ ഇന്ത്യയിലെ പ്രമുഖനും വക്കീലുമായ അപാര്‍ ഗുപ്‌ത അഭിപ്രായപ്പെട്ടതായി ദ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ പത്രം റിപ്പോര്‍ട്ടു ചെയ്‌തു. സ്വകാര്യമേഖലയിലെ ടെക്‌ ഭീമന്മാര്‍ പക്കലുള്ളതും ശേഖരിക്കുന്നതുമായ വ്യക്തിഗത ഡാറ്റയുടെ സുരക്ഷിതത്വം, ഉടമസ്ഥത തുടങ്ങിയവയെ പറ്റി നിരവധി സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതുവരെ ബില്ലിന്റെ ഉള്ളടക്കം ലഭ്യമല്ലാത്തതിനാല്‍ അത്തരം വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തതക്കായി കാത്തിരിക്കേണ്ടി വരും.


അപാര്‍ ഗുപ്‌ത | PHOTO: WIKI COMMONS

നിരീക്ഷണവും സ്വകാര്യതയും

സ്വകാര്യതയും ഡാറ്റ സുരക്ഷയും പോലെ ഗൗരവമായ പരിഗണന അര്‍ഹിക്കുന്ന വിഷയമാണ്‌ നിരീക്ഷണം (സര്‍വലൈന്‍സ്‌). പോലീസും മറ്റുള്ള സുരക്ഷ ഏജന്‍സികളും നടത്തുന്ന നിരീക്ഷണം മുതല്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വ്യാപകമായ നിരീക്ഷണ ക്യാമറകളുടെ നിതാന്ത സാന്നിദ്ധ്യം വരെയുള്ള കാര്യങ്ങളില്‍ സുതാര്യത വരുത്തേണ്ടത്‌ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നു. നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെട്ട നിഗൂഢതകളും രഹസ്യാത്മകതയും സ്വകാര്യത മൗലികാവകാശമാണെന്ന നിലപാടിന്‌ ഘടകവിരുദ്ധമാണ്‌. പെഗാസസ്‌ പോലുള്ള നിരീക്ഷണ (ചാര) സംവിധാനങ്ങള്‍ വ്യാപകമായി വിന്യസിക്കപ്പെട്ടതായും, ഭീമ-കൊറേഗാവ്‌ കേസ്സിലെ കുറ്റാരോപിതരുടെ കമ്പ്യൂട്ടറുകളിലും, മൊബൈല്‍ ഫോണുകളിലും നുഴഞ്ഞുകയറി അവരറിയാതെ രേഖകള്‍ നിക്ഷേപിച്ചതായുമുള്ള ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വലൈന്‍സിന്‌ വിധേയവരാക്കപ്പെടുന്നവര്‍ക്ക്‌ ഭരണഘടനാപരമായി ലഭിക്കേണ്ട നിയമ പരിരക്ഷകളെ പറ്റി വേണ്ടത്ര അവബോധം ഇനിയും ഉണ്ടായിട്ടില്ല. ഡിജിറ്റല്‍ യുഗത്തില്‍ സര്‍വലൈന്‍സ്‌ നിത്യജീവിതത്തിന്റെ ഭാഗമായ സാഹചര്യത്തില്‍ അതിന്‌ വേണ്ടുന്ന ബോധവല്‍ക്കരണം അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാവുന്ന സാഹചര്യത്തില്‍ സര്‍വ്വവ്യാപിയായ നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും ഗൗരവമായ പരിഗണന അര്‍ഹിക്കുന്നു. 


 

#outlook
Leave a comment