
ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങളും, അതി ദാരിദ്ര്യ നിർമാർജന പ്രഖ്യാപനവും
യൂറോ കേന്ദ്രീകൃതമായ ആധുനികത ഇന്ത്യൻ വികസനത്തിനെ കോളനിവത്കരിക്കുമെന്നും അതിൽ നിന്നും വ്യത്യസ്തമായി പൗരാണികമായ ഇന്ത്യയെ തിരിച്ചു പിടിക്കേണ്ടതുണ്ട് എന്നും വാദിച്ചുകൊണ്ട് പുതിയൊരു അക്കാഡമിക് വ്യവഹാരം ഹിന്ദുത്വ വാദികൾ കാലങ്ങളായി നിലനിർത്തുകയും രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. അത് ഇന്ത്യക്കകത്ത് നിലകൊള്ളുന്ന ശ്രേണീകൃതമായ അധികാര ഘടനയെ വിമർശനത്തിൽ നിന്നും സംരക്ഷിച്ചു പുറത്തു നിർത്തുന്ന ഒന്നാണ്. ആ വാദം ഇന്ത്യ എന്ന ബഹുസ്വരമായ പല സംസ്കാരങ്ങളെ ഏകീകരിച്ചു യൂറോ വിരുദ്ധതക്കെതിരെ നിൽക്കുന്ന ഒരൊറ്റ സ്വത്വമായി സാമൂഹികമായ ഓർമകളിൽ നിലനിർത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ആധുനികാനന്തര വിമർശ ചിന്തകളെ പ്രാദേശിക അധികാര രൂപങ്ങൾ നില നിർത്തിപോരുവാൻ വരേണ്യരും താരതമ്യേന വിഭവാധികാരമുള്ളവരും കീഴാളർക്കെതിരെ ഉപയോഗിക്കുന്നതിന് ഉദാഹരണമാണ് ഇത്. സവർണ ബുദ്ധിജീവികൾ നിരന്തരമായി ചെയ്തുവരുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വൈഞ്ജാനികമായ ആക്രമണങ്ങളാണ് ഇവയെല്ലാം. അതിന്റെ സവിശേഷത അത് വരേണ്യരുടെ അനുഭവങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തി രൂപീകരിക്കപ്പെട്ടതാണ് എന്നതാണ്.
കേരളത്തിലും സമാനമായി വരേണ്യർ ഉത്തരാധുനിക ജ്ഞാനശാഖകൾ കീഴാള ജ്ഞാന വ്യവസ്ഥകൾക്ക് എതിരെ ഉപയോഗിക്കുന്നുണ്ട്. അതിൽ ഒന്നായിരുന്നു പ്രൊഫ മാധവ് ഗാഡ്ഗിൽ ചെയർമാൻ ആയ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ കമ്മിറ്റി റിപ്പോർട്ടിനെതിരെ നടന്ന യാഥാസ്ഥിതിക സമരം. ഇടതു വലതു കക്ഷികളും ക്രൈസ്തവ സഭയും, കൺസ്ട്രക്ഷൻ കമ്പനി, പാറമട, ഖനി, റിസോർട് മുതലാളിമാരും റോമൻ കാത്തലിക് സഭയും സംയുക്തമായി നടത്തിയ ഗാഡ്ഗിൽ കമ്മിറ്റി വിരുദ്ധ സമരത്തിന്റെ ഏറ്റവും വലിയ സവിശേഷത മാധവ് ഗാഡ്ഗിലിന്റെ ബ്രാഹ്‌മണ ഐഡന്റിറ്റിയിൽ കേന്ദ്രീകരിച്ചും മുൻ കാലങ്ങളിൽ ഉയർന്നുവന്ന ബ്രാഹ്മണികമായ പ്രകൃതി സംരക്ഷണ മുന്നേറ്റങ്ങളോടുണ്ടായിരുന്ന പ്രതിഷേധവും ആയി വികസിച്ചുകൊണ്ടാണ് അത് ഉയർന്നുവന്നത് എന്നാണ്. അതോടൊപ്പം പശ്ചിമ ഘട്ടത്തിലെ വൈവിധ്യങ്ങൾ കലർന്ന കുടിയേറ്റ ജനത എന്ന സംജ്ഞയെയും ഇരയായി ആ മുന്നേറ്റം ഉയർത്തിക്കാട്ടി. എന്നാൽ അത് പശ്ചിമ ഘട്ട മേഖലയിൽ വനാവകാശവും, പെസ ആക്റ്റും നടപ്പാക്കി ആദിവാസികളുടെ പാരമ്പര്യ അവകാശങ്ങൾ സംരക്ഷിക്കണം എന്ന റിപ്പോർട്ട് നിർദേശങ്ങൾക്ക് എതിരെ നടത്തപ്പെട്ട നവ യാഥാസ്ഥിതിക സമരങ്ങളിൽ ഒന്നായിരുന്നു.
മാധവ് ഗാഡ്ഗിൽ | PHOTO : WIKI COMMONS
റിപ്പോർട്ട് ബ്രാഹ്മണികമാണെന്നും പശ്ചിമ ഘട്ടത്തിൽ ഉദ്യോഗസ്ഥ ഭരണം ശക്തമാക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഉയർന്നുവന്ന ആ മുന്നേറ്റം പശ്ചിമ ഘട്ടത്തിൽ നിലനിൽക്കുന്ന ശ്രേണീകൃത അസമത്വത്തിനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെ മറച്ചുപിടിക്കാനാണ് ശ്രമിച്ചത്.
കയ്യേറ്റക്കാരും ആദിവാസി ഭൂമി തട്ടിപ്പുകാരും ആയ പുതിയൊരു മധ്യവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതായിരുന്നു ആ മുന്നേറ്റം. തോട്ടം മേഖലയിൽ ആദിവാസി ദളിത് വിഭാഗങ്ങൾ നടത്തിയ ഭൂ സമരത്തെയും മുന്നേറ്റത്തെയും ആക്രമിക്കാൻ ഇടതുവലതു സംഘടനകൾ അവരെക്കാൾ താരതമ്യേന മെച്ചപ്പെട്ട വിഭവാധികാരമുള്ള തോട്ടം തൊഴിലാളി എന്ന വിഭാഗത്തെ ഉയർത്തി എടുത്തതിന് സമാനമാണ് ഇത്.
എങ്ങനെയാണോ യൂറോ കേന്ദ്രീകൃതമായ അധീശത്വത്തെ ചൂണ്ടി ബ്രാഹ്മണികമായ അധികാര ഘടനകളെയും വിഭവ വിതരണത്തെയും വിമർശനത്തിൽ നിന്നും അപ്രത്യക്ഷമാക്കി നിർത്തുന്നത് സമാനമായി പശ്ചിമ ഘട്ടത്തിൽ കുടിയേറ്റക്കാർ ആദിവാസി ഭൂമി തട്ടിയെടുത്തെന്നും അവരുടെ വിഭവങ്ങളും അധികാരവും കവർന്നു അവരെ അടിച്ചമർത്തുന്നു എന്നുമുള്ള വിമർശനം പല പാർട്ടികളും സഭയും മാധ്യമങ്ങളും സർക്കാരുകളും ചേർന്ന് സാമൂഹിക ഓർമകളിൽ നിന്ന് അപ്രത്യക്ഷമാക്കി. ശ്രേണീകൃത അസമത്വ വ്യവസ്ഥയിൽ അഥവാ ബ്രാഹ്‌മണ വ്യവസ്ഥയിൽ ദളിത് ആദിവാസി വിഭാഗങ്ങളെക്കാൾ താരതമ്യേന വിഭവാധികാരങ്ങളുള്ള സാമുദായിക വിഭാഗങ്ങൾക്ക് എതിരാണെന്ന് വരുത്തി റിപ്പോർട്ടിനെതിരെ നുണകൾ പ്രചരിപ്പിക്കപ്പെടുകയാണ് അക്കാലത്തു സംഭവിച്ചത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ആധുനികാനന്തര വിമർശ ചിന്തകളെ ചൂണ്ടി ബ്രാഹ്മണികമായ അധികാര ഘടനയെ രക്ഷിച്ചു നിർത്തിയതിന് സമാനമായി ബഹുസ്വരമായ കുടിയേറ്റ ജനതക്ക് എതിരെ മാധവ് ഗാഡ്ഗിലിന്റെ ബ്രാഹ്മണ സ്വത്വം ഉയർത്തികാണിച്ചു ഒരു ബ്രാഹ്മണ വ്യവസ്ഥയെ തന്നെ രക്ഷിച്ചു നിർത്തിയ സമകാലീന സംഭവമായിരുന്നു അത്. ദളിത് ആദിവാസി വിഭാഗത്തെ വിഭവാധികാരത്തിൽ നിന്നും പുറത്തു നിർത്തിയ കുടിയേറ്റം എന്ന് പേരിട്ട ഭൂമി കയ്യേറ്റങ്ങളേയും ആദിവാസി അടിച്ചമർത്തലിനെയും അപ്രത്യക്ഷമാക്കലാണ് സത്യത്തിൽ ആ സമരത്തിലൂടെ നടന്നത്. ശക്തമായ യാഥാസ്ഥിതിക സമരത്തിൽ കമ്മിറ്റി റിപ്പോർട്ട് സർക്കാർ തിരസ്കരിച്ചു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സർക്കാർ തിരസ്കരിച്ചുവോ?
വസ്തുതകൾ ഇങ്ങനെ ആയിരിക്കെ
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ കമ്മിറ്റി റിപ്പോർട്ട് സർക്കാർ കയ്യൊഴിഞ്ഞോ എന്ന ചോദ്യം പ്രധാനമാണ്. ഇല്ലെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ നേതൃത്വത്തിൽ ശക്തരായ ബുദ്ധിജീവികൾ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അതെങ്ങനെയാണ് എന്ന് വിശദീകരിക്കുവാൻ റിപ്പോർട്ടിന്റെ ഏറ്റവും മർമപ്രധാനമായ നിർദേശങ്ങളിലേക്ക് പോകേണ്ടി വരും. പശ്ചിമഘട്ട മേഖലയിലെ വികസനം ശക്തമായി നടത്തുവാനുള്ള നടപടികളാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട് ഏറ്റവും പ്രാഥമികമായി കേരളത്തിൽ നിർദേശിച്ചത്. അത് പല രീതിയിലാണ്. അത് മൂന്ന് പ്രവർത്തനങ്ങളിലൂടെ നടത്താനാണ് കമ്മിറ്റി നിർദേശിച്ചത്. 01. പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റിക്ക് കീഴിലെ പ്രവർത്തനങ്ങൾ (വിവര ശേഖരണം, തരം തിരിക്കൽ, പ്ലാനിംഗ്), 02. ജില്ലാ ആസൂത്രണ സമിതികളും (DPC) മെട്രോപൊളിറ്റൻ ആസൂത്രണ സമിതികളും (MPC) , 03.വനവാകാശവും പെസയും.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റിക്ക് കീഴിലെ പ്രവർത്തനങ്ങൾ
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3 ആം വകുപ്പ് പ്രകാരമുള്ള എല്ലാ അധികാരങ്ങളോടും കൂടി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം നിയമിച്ച നിയമ സാധ്യതയുള്ള സ്ഥാപനമാണ് പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റി. ഇത് 6 സംസ്ഥാനങ്ങളിലും 44 ജില്ലകളിലും 142 താലൂക്കുകളിലുമായി വ്യാപിച്ചു കിടക്കുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരുകളും കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയവും സംയുക്തമായി നിയമിക്കുന്ന 6 സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റികളിലൂടെ വേണം പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റിക്ക് അതിന്റെ ചുമതലകൾ നിർവഹിക്കുവാൻ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സ്ഥാപനം സംസ്ഥാന ജൈവ വൈവിധ്യ ബോർഡുകളും മലിനീകരണ നിയന്ത്രണ ബോർഡുകളും സംസ്ഥാന ആസൂത്രണ ബോർഡുകളുമായും അടുത്ത ബന്ധം പുലർത്തുകയും ആസൂത്രണ കമ്മീഷൻ പഞ്ചവത്സര പദ്ധതികളിലൂടെ ലഭ്യമാക്കുന്ന ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് പശ്ചിമഘട്ട വികസന പരിപാടികൾ നടപ്പാക്കണം എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലാ വികസന പദ്ധതികളും സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റികളുടെ സഹായത്തോടെ സംസ്ഥാന സർക്കാർ തയ്യാറാക്കുകയും പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം വികസിപ്പിച്ചെടുത്ത സുസ്ഥിര വികസനാധിഷ്ഠിത സ്കീമുകൾക്ക് പിൻബലം നൽകുവാനായി ഉപയോഗിക്കുകയും വേണം.
ഈ കമ്മിറ്റിയുടെ നിർദേശത്തിൽ ഏറ്റവും പ്രധാനം പശ്ചിമഘട്ടത്തിന്റെ എല്ലാ ജില്ലകളിലും ജില്ലാ പരിസ്ഥിതി സമിതികൾ രൂപീകരിക്കണം എന്നാണ്. അവ ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ മാനേജ്‍മെന്റ് കമ്മിറ്റികളും ജില്ലാ പ്ലാനിങ് കമ്മിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കണം എന്നും അവർ നിർദേശിക്കുന്നു. ഇവയിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശക്തമായ നിർദേശങ്ങളുമുണ്ട്. അതിന് വേണ്ടി പരിസ്ഥിതി സംരക്ഷണത്തിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്ന പര്യവാഹിനി സ്കീം പുനരുജ്ജീവിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. അല്ലെങ്കിൽ സമാനമായി പരിസ്ഥിതി പ്രവർത്തനത്തിന് സന്നദ്ധരായ തദ്ദേശ വാസികളുടെ സമിതികൾ രൂപീകരിച്ചു ജില്ലയിലെ പരിസ്ഥിതി അവസ്ഥയുടെ പ്രാഥമിക അവലോകനം നടത്തുകയാണ് വേണ്ടത്. ഈ വോളന്റീയർമാർക്ക് സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും പരിസ്ഥിതി പുനഃസ്ഥാപനത്തിലും താഴെ തട്ടിൽ ഉള്ള ജനങ്ങളെ പര്യാപ്തരാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കാനാകും എന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. അത് മാത്രമല്ല ആന്ധ്രയിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ എല്ലാ പരിസ്ഥിതി പ്രശ്നങ്ങൾക്കും ബാധകമായ സോഷ്യൽ ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തണം എന്നും കമ്മിറ്റി നിർദേശിക്കുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റി എന്ന സ്ഥാപനത്തിന്റെ കീഴിൽ വിശാലാടിസ്ഥാനത്തിൽ പങ്കാളിത്ത പ്രക്രിയയിലൂടെ നടത്തുന്ന വിവര ശേഖരണവും മേഖല അടിസ്ഥാനത്തിലുള്ള പ്രാദേശിക പങ്കാളിത്തത്തോടെയുള്ള വികസന സമിതികളുമാണ് ഉള്ളത്. ഈ റിപ്പോർട്ടിന്റെ ഏറ്റവും പ്രധാനഘടകം ഈ പശ്ചിമഘട്ട മേഖലകളിലെ വിഭവസമൃദ്ധിയെ സംരക്ഷിച്ചുകൊണ്ട് ഈ മേഖലകളിൽ നടത്താനുദ്ദേശിക്കുന്ന സുസ്ഥിര പങ്കാളിത്ത വികസനപ്രക്രിയയാണ്.
ജില്ലാ ആസൂത്രണ സമിതികളും (DPC) മെട്രോപൊളിറ്റൻ ആസൂത്രണ സമിതികളും (MPC)
മേഖല പ്രവർത്തനങ്ങൾക്കുള്ള മാർഗ രേഖകൾ വിശദീകരിക്കുന്ന ഭാഗത്ത് റിപ്പോർട്ട് ജില്ലാ ആസൂത്രണ സമിതികളും (DPC) മെട്രോപൊളിറ്റൻ ആസൂത്രണ സമിതികളും (MPC) രൂപീകരിക്കേണ്ടതിനെക്കുറിച്ചു റിപ്പോർട്ട് വിശദീകരിക്കുന്നു. ഇവയിലൂടെ പരിസ്ഥിതി ലോല സംവേദനത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമ ഘട്ട മേഖലകളെ മൂന്നായി തിരിച്ചു പങ്കാളിത്ത പ്രക്രിയയിലൂടെ ഒരു വലിയ ഡാറ്റ ഉണ്ടാക്കുവാനും ഈ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഈ മൂന്ന് മേഖലകളിലും ഗ്രാമസഭകൾ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ വികസന പ്രവർത്തനങ്ങൾ നടത്തുവാനും റിപ്പോർട്ട് വാദിക്കുന്നു.
ഈ പശ്ചിമഘട്ട മേഖലകളിലെല്ലാം തന്നെ 1992ലെ 73,74 ഭരണഘടന ഭേദഗതി നിയമങ്ങൾ അനുസരിച്ച് ജില്ലാ ആസൂത്രണ സമിതികളും (DPC) മെട്രോപൊളിറ്റൻ ആസൂത്രണ സമിതികളും (MPC) എന്ന ആശയത്തിന് രൂപം നൽകണമെന്ന് പറയുന്നു. ഇത് ലക്ഷ്യമാക്കുന്നത് താഴെ തലം മുതൽ മുകളിലേക്കുള്ള പങ്കാളിത്ത വികസനമാണ്. ഇവയുടെ ബന്ധപ്പെട്ട പരിധി ബന്ധപ്പെട്ട ജില്ലയാണ്. ഭരണഘടനാ ഭേദഗതിപ്രകാരം മെട്രോപൊളിറ്റൻ ആസൂത്രണ സമിതികളിൽ (MPC)കുറഞ്ഞത് മൂന്നിൽ രണ്ടും ജില്ലാ ആസൂത്രണ സമിതികളിൽ (DPC) നാലിൽ മൂന്നും അംഗങ്ങൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം, അതിൽ തന്നെ മൂന്നിലൊന്നു സ്ത്രീകളായിരിക്കണം. പരിമിതമായ ഭൂമി വിവിധ വകുപ്പുകളുടെ പദ്ധതിക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ പരിഹരിക്കാനുള്ള സംവിധാനമായി ഇവ അവരുടെ അധികാര പരിധിക്കുള്ളിലുള്ള പദ്ധതികൾ നിർദിഷ്ട ഫോർമാറ്റിൽ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കണം.
REPRSENTATIVE IMAGE | PHOTO : WIKI COMMONS
വനാവകാശവും പെസയും
ആദിവാസികളുടെ വന വിഭവത്തിന്മേലുള്ള പാരമ്പര്യ അവകാശങ്ങൾ സംരക്ഷിക്കുന്ന 2006 ലെ വന അവകാശ നിയമവും, 1992 ലെ പഞ്ചായത്തീ രാജ് ആക്ട് വന മേഖലയിലേക്ക് കൂടി പ്രാവർത്തികമാക്കി ഊരുകൂട്ടങ്ങൾക്ക് പ്രത്യേക പഞ്ചായത്ത് അധികാരങ്ങൾ നൽകുവാൻ കഴിയുന്ന 1996 ലെ പെസ ആക്റ്റും ( provisional extention of panchayati raj scheduled areas 1996) നടപ്പാക്കുക എന്നിവയായിരുന്നു മറ്റു പ്രധാന നിർദേശങ്ങൾ. വനാവകാശ പ്രകാരം തദ്ദേശീയ ആദിവാസി വിഭാഗങ്ങൾക്ക് നാലേക്കർ വരെ ഭൂ ഉടമസ്ഥതയും, പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ പ്രദേശത്തെ നിയന്ത്രിക്കാനും, വനം സംരക്ഷിക്കാനും വനവിഭവങ്ങൾ ശേഖരിക്കാനും, വിഭവാധികാരം നിയന്ത്രിക്കാനും ഗ്രാമ സഭകളുടെ അധികാരത്തിന് അവകാശം ഉണ്ടായിരുന്നു. ഇത്തരം അധികാരങ്ങൾ ആദിവാസികൾക്ക് ലഭിക്കുന്നത് പശ്ചിമഘട്ട വികസനത്തിലെ മർമ പ്രധാനമായ ഘടകമാണെന്ന് റിപ്പോർട്ട് നിരീക്ഷിച്ചു.
ഈ മൂന്ന് വ്യവസ്ഥകളുടെ സവിശേഷതകൾ
ഈ മൂന്ന് പ്രവർത്തനങ്ങളുടെയും സവിശേഷതകൾ അത് പശ്ചിമഘട്ടത്തിലെ വികസനത്തിലും നയരൂപീകരണത്തിലും, വിഭവ ചൂഷണത്തിലും, വിവര ശേഖരണത്തിലും ശക്തമായ പങ്കാളിത്ത നിയന്ത്രണവും ഓഡിറ്റും സാധ്യമാക്കുന്നു എന്നുള്ളതാണ്. അതിൽ തന്നെ പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലകളുടെ രൂപീകരണത്തിനും അതിർത്തി സംബന്ധിച്ച് വിവര ശേഖരണത്തിനും അന്തിമ തീരുമാനം എടുക്കുന്നതിനും, മേഖല തല പ്രവർത്തനത്തിനുള്ള മാർഗ രേഖ തയ്യാറാക്കുന്നതിനും സുതാര്യവും പങ്കാളിത്തപരവുമായ പ്രവർത്തനങ്ങളാണ് നിർദേശിച്ചിരിക്കുന്നത് എന്നതാണ്.
പങ്കാളിത്തപരമായി താഴെ തട്ടിൽ നിന്നും ജനങ്ങളുടെ അറിവുകളും അനുഭവങ്ങളും ഗ്രാമസഭാ തലത്തിൽ വിവര ശേഖരണത്തിൽ സ്വാധീനിക്കുകയും അത് മുകൾ തട്ടിലേക്ക് നയ രൂപീകരണത്തിൽ സ്വാധീനിക്കുകയും മേഖല തല പ്ലാനുകൾ ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും.REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇത് പ്രാഥമികമായി ബാധിക്കാൻ പോകുന്നത് പരിസ്ഥിതി ലോല മേഖലകളിലെ പാറമട കൺസ്ട്രക്ഷൻ റിസോർട്ട് മാഫിയകളെ ആയിരിക്കും. അത്തരം ഇടങ്ങളിൽ പ്രാദേശികരായ ജനങ്ങൾക്കും തൃതല പഞ്ചായത്ത് സ്ഥാപനങ്ങൾക്കും കൂടുതൽ അധികാരം ഉണ്ടാകുന്നത് വികസന പ്രവർത്തനങ്ങളെ നിർണയിക്കാൻ ജനങ്ങൾക്ക് അവസരം നൽകും.
ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങൾ സർക്കാർ ഉപയോഗിച്ച രീതി
ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങൾ ഉപയോഗിച്ചിരുന്നു എന്നാണ് പരിശോധയിൽ നിന്നും മനസ്സിലാകുന്നത്. അത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് സാമൂഹിക ശാസ്ത്രത്തിന്റെ രീതി ശാസ്ത്രങ്ങൾക്ക് വിരുദ്ധമായി ഡാറ്റാ മനുഫാക്ച്ചറിങ്ങിനു വേണ്ടി ഉപയോഗിക്കുകയും ചെയ്തു.
ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങളിൽ ഏറ്റവും പ്രധാനമായ ഘടകം പ്രാദേശികമായ പങ്കാളിത്ത ചർച്ചയിലൂടെ വിവര ശേഖരണം നടത്തണം എന്ന രീതി ശാസ്ത്രമാണ്. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി സംവേദനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് മേഖലകളായി തരം തിരിച്ചു അധികാര വികേന്ദ്രീകരണ സ്വഭാവത്തിൽ നയ രൂപീകരണ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ നിർദേശങ്ങൾ നൽകുകയായിരുന്നു കമ്മിറ്റി ചെയ്തത്. ഈ പ്രവർത്തനത്തിന്റെ രീതിശാസ്ത്രങ്ങളാണ് കിലയിലെ ചില ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് സർക്കാർ പ്രൊപ്പഗണ്ടക്കായി ഉപയോഗിച്ചത്. അത് അതി ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് വേണ്ട വിവര ശേഖരണ പ്രവർത്തനത്തിലായിരുന്നു സംഭവിച്ചത്.
കമ്മിറ്റി നിർദേശിച്ച ഏറ്റവും പ്രധാന പരിപാടി ആയിരുന്നു താഴെ തട്ടിൽ നിന്നും പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലകളുടെ വിവര ശേഖരണവും അന്തിമ തീരുമാനവും പ്രാദേശിക ചർച്ചകളിലൂടെ കണ്ടെത്തുക എന്നത്. ഇതിനായി താഴെ തട്ടിൽ ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, വോളന്റീയർമാരുടെയും പൗരപ്രമുഖരുടേയും ജനങ്ങളുടെയും സംയുക്തമായ യോഗങ്ങൾ ചർച്ചകൾ എന്നിവ നടത്തണമെന്നും അവർ നിർദേശിച്ചു. ഇതിന് കാരണമായത് പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട ജനതയുടെ നിത്യജീവിതത്തിലെ ആത്മ നിഷ്ഠമായ അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ പ്രാദേശികമായ മേഖല പ്ലാനുകൾ രുപീകരിക്കുമ്പോൾ വളരെ നിർണായകമായ വിവരങ്ങളായിരിക്കും എന്നുള്ളതുകൊണ്ടാണ്. അതിന് കാരണമായത് പശ്ചിമഘട്ട മേഖലയിൽ നടന്ന കീഴാളരുടെ വിഭവാധികാരത്തിന് വേണ്ടിയുള്ള സാമൂഹിക മുന്നേറ്റങ്ങളും അവ ഉത്പാദിപ്പിച്ച അറിവുകളും കമ്മിറ്റി പഠനത്തിന് വിധേയമാക്കിയതുകൊണ്ടാണ്. ഈ മുന്നേറ്റങ്ങൾ ഉത്പാദിപ്പിച്ച അറിവുകളുടെ സവിശേഷത അത് പശ്ചിമ ഘട്ടത്തിനകത്തെ അവരുടെ നിത്യ ജീവിതത്തിൽ ആത്മനിഷ്‌ഠവുമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും കേന്ദ്രീകരിച്ചു രൂപപ്പെട്ടതാണ് എന്നതാണ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ചില ഉദാഹരണങ്ങൾ
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ Lote MIDC എന്ന രാസപദാർത്ഥ കമ്പനി അടുത്തുള്ള കോട്ടാവാലാ ഗ്രാമത്തിലേക്ക് മാലിന്യം ഒഴുക്കി വിടുന്ന സംഭവവും അതിനെ ജനങ്ങൾ പ്രതിരോധിച്ച രീതിയും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ഉദ്യോഗസ്ഥ ലോബിയുടെ വഞ്ചനയും, ജനകീയ സമരത്തിലെ പ്രക്ഷോഭകനെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വണ്ടി കയറ്റി കൊന്നതും വിവരിക്കുന്നുണ്ട്. ഖേദ് ഗ്രാമത്തിൽ കുടിവെള്ളം എടുക്കുന്ന ഡാമിലാണ് അവസാനം കമ്പനികൾ മാലിന്യം കലക്കിയത്. അതിനെക്കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു. മാലിന്യം വന്നടിഞ്ഞു ദാബോൽ കടലിടുക്കിലെ മത്സ്യസമ്പത്തു വരെ ഇല്ലാതായി എന്ന് അനുഭവങ്ങൾ ഉണ്ട്. പശ്ചിമഘട്ട മേഖലയിലെ പ്രശ്നങ്ങൾ അതി സങ്കീർണമായി ഇങ്ങേ അറ്റത്തുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികളെ വരെ ബാധിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്നതാണ് സൂചിപ്പിക്കുന്നത്.
കർണാടകയിലെ സിന്ധു ദർഗ ജില്ലയിലെ 25 ഗ്രാമങ്ങൾ പരിസ്ഥിതി ലോലപ്രദേശങ്ങളാക്കണമെന്നു പ്രമേയം പാസാക്കിയവരാണ്. ഈ പ്രമേയത്തിന് ഉറച്ച ജനപിന്തുണയുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഖനനഭീഷണിയിൽ നിന്നും രക്ഷപെടണമെന്ന ആഗ്രഹം ജനങ്ങൾക്കുണ്ടെങ്കിലും പരിസ്ഥിതി ലോലപ്രദേശമാക്കിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടിച്ചമർത്തൽ നേരിടേണ്ടി വരുമോ എന്നുള്ള ഭയവും അവർക്കുണ്ടായിരുന്നു. ഏറ്റവും ദാരുണമായി റിപ്പോർട്ടിൽ വിവരിക്കപെട്ടതായിത്തോന്നിയതു ബി ടി ആർ മലയിലെ സോളിഗ ആദിവാസികളെക്കുറിച്ചും അവരെ പീഡിപ്പിക്കുന്ന വനംവകുപ്പിന്റെ അടിച്ചമർത്തലുമാണ്. വന്യമൃഗ സങ്കേതമാക്കി മാറ്റിയപ്പോൾ ആ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ഉടമകളായിരുന്ന അവരെ നായാട്ടു നടത്താനോ കൃഷി ചെയ്യാനോ അധികൃതർ അനുവദിച്ചില്ല. സുസ്ഥിരമാണെന്നു ബോധ്യപ്പെട്ട വനവിഭവങ്ങൾ ശേഖരിച്ചു സംസ്കരിക്കുന്ന അവരുടെ ജീവിത രീതി പോലും വനംവകുപ്പ് നിരോധിച്ചു. അവരുടെ വരുമാനവും ജീവിതക്രമവുമാണ് ഉദ്യോഗസ്ഥർ തെറ്റിച്ചത് എന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
അതി ദാരിദ്ര്യ പദ്ധതി പ്രവർത്തനത്തിന്റെ സമാനതകൾ
മുകളിൽ സാമൂഹിക മുന്നേറ്റങ്ങളെപ്പറ്റിയുള്ള വിവരങ്ങളിലൂടെയാണ് ജനങ്ങളുടെ നിത്യജീവിതത്തിലെ ആത്മ നിഷ്ഠമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും പശ്ചിമഘട്ട വികസനത്തിലെ നയങ്ങളെ സ്വാധീനിക്കുന്ന അറിവുകളായി ഉപയോഗിക്കാൻ കഴിയും എന്ന രീതി ശാസ്ത്രം ഗാഡ്ഗിൽ കമ്മിറ്റി വികസിപ്പിച്ചുകൊണ്ടുവന്നത്. ഈ രീതി ശാസ്ത്രം അതി ദാരിദ്ര്യ നിർമാർജന പ്രവർത്തനത്തിനായി വൈജ്ഞാനിക രീതി ശാസ്ത്രങ്ങൾ വളച്ചൊടിച്ചുകൊണ്ട് സർക്കാർ സ്ഥാപനങ്ങൾ തന്നെ അവരുടെ പ്രൊപ്പഗാണ്ടക്കായി ഉപയോഗിക്കുകയായിരുന്നു. റിപ്പോർട്ടിലെ വനാവകാശ നിയമവും, പെസയും നടപ്പാക്കണം എന്ന നിർദേശങ്ങൾ യാഥാസ്ഥിതിക മുന്നേറ്റത്തെത്തുടർന്ന് കയ്യൊഴിഞ്ഞു എങ്കിലും ചില കണ്ടെത്തലുകളും നിർദേശങ്ങളും സർക്കാർ നയങ്ങളിൽ പ്രകമ്പനങ്ങൾ സൃഷിടിച്ചിട്ടുണ്ട്.
ഗാഡ്ഗിൽ കമ്മിറ്റി നിർദേശിച്ച പശ്ചിമ ഘട്ട ഡാറ്റാ ബേസിനെ മാതൃകയാക്കിയാണ് അതിദാരിദ്ര്യരെ കണ്ടെത്തുന്ന പ്രവർത്തനം വികസിപ്പിച്ചിരിക്കുന്നത്. പശ്ചിമ ഘട്ടത്തിലെ ജീവശാസ്ത്ര ഘടകങ്ങൾ, ഭൂമിശാസ്ത്രവും കാലാവസ്ഥാപരവുമായ ഘടകങ്ങൾ, ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ എന്നീ ഘടകങ്ങളാണ് പശ്ചിമഘട്ട ഡാറ്റാ ബേസിൽ ലഭ്യമാകുക. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളെ അതിന്റെ പരിസ്ഥിതി സംവേദനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് തട്ടുകളായി തിരിച്ചു ഡാറ്റാ ബേസ് തയാറാക്കുന്ന പദ്ധതി റിപ്പോർട്ട് വിശദീകരിച്ചിരുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
“നിലവിലുള്ള സംരക്ഷിത മേഖല ശ്യംഖലയെ അടിസ്ഥാനപ്പെടുത്തിയും സെൻകമ്മിറ്റി ശുപാർശ ചെയ്ത അടിസ്ഥാന സ്ഥിതി വിവരങ്ങളും ചിട്ടയായ മാപ്പിങ്ങും റെക്കോർഡിങ്ങും അടിസ്ഥാനപ്പെടുത്തിയും രാജ്യത്തിന് മൊത്തമായി അടിസ്ഥാന സ്ഥിതി വിവരങ്ങളുടെ ചിട്ടയായ മാപ്പിങ്ങും റെക്കോർഡിങ്ങും നടത്തണമെന്നും സർക്കാർ ഏജൻസികൾക്ക് പുറമെ, ഇതര സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ, എന്നവരെയെല്ലാം പങ്കെടുപ്പിച്ചുവിപുലമായ അവലോകന പരിപാടിയും നെറ്റ്വർക്കും രൂപകല്പന ചെയ്തു നടപ്പാക്കണമെന്നും 2000 ൽ തന്നെ സെൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു” - റിപ്പോർട്ട് വിശദീകരിച്ചു.
ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിലെ, മൂന്ന് തട്ടുകളായി തിരിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിർത്തികൾ നിർണയിക്കുന്നതിനും പശ്ചിമഘട്ട അതോറിറ്റിയുടെ കീഴിൽ തുടർച്ചയായ പങ്കാളിത്ത ചർച്ചകൾ നടത്തണമെന്ന് റിപ്പോർട്ട് നിർദേശിച്ചിരുന്നു. അതിന് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വോളന്റീയർമാർ, സന്നദ്ധ സേവകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പ്രദേശവാസികൾ, ഗ്രാമസഭകൾ എന്നിങ്ങനെ അനേകം സ്ഥാപനങ്ങളും, ഘടകങ്ങളും താഴെ തട്ടിൽ സംയുക്തമായി ചേർന്ന് നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ ഓരോ ഘട്ടവും മുന്നോട്ട് പോകേണ്ടതായി കമ്മിറ്റി നിർദേശിക്കുന്നത്. അതോറിറ്റിക്ക് കീഴിൽ മേഖലാതല പദ്ധതികളും പ്രശ്നപരിഹാരങ്ങളും രൂപീകരിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഈ നിർദേശങ്ങളെയാണ് പല രീതിയിൽ ദാരിദ്ര്യ നിർമാർജന പദ്ധതിയിലേക്ക് സ്വരുചേർത്തത്. പശ്ചിമ ഘട്ടത്തിലെ വികസന നയങ്ങൾ രൂപീകരിക്കുമ്പോൾ അവിടെയുള്ള ജനങ്ങളുടെ നിത്യജീവിതത്തിലെ ആത്മ നിഷ്ഠമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും അറിവ് ഉല്പാദിപ്പിക്കുന്നതിന് അനിവാര്യമാണ്. അതുകൊണ്ട് അത്തരം വിവരങ്ങൾ ശേഖരിക്കാൻ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ പോലെയുള്ള സാമൂഹിക ശാസ്ത്ര ഉപകരണം (tool) ഉപയോഗിക്കാവുന്നതാണ്. എന്നാൽ ദാരിദ്ര്യം പോലൊരു സാമൂഹിക പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കാൻ ലോക ബാങ്കും, ഐക്യ രാഷ്ട്ര സഭയും നിഷ്കർഷിക്കുന്ന ബഹുമുഖ ദാരിദ്ര്യ സൂചികയിൽ കേന്ദ്രീകരിച്ചു നടത്തുന്ന സാമൂഹിക സർവേകളെയാണ് ആശ്രയിക്കേണ്ടത്. എന്നാൽ ഈ രീതിക്ക് വിരുദ്ധമായി ഒരു ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്താൻ രീതി ശാസ്ത്രം രൂപീകരിച്ചതുകൊണ്ടാണ് ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങളുടെ വികലമായ അനുകരണമായിരുന്നു അതി ദാരിദ്ര്യ നിർമാർജന പ്രവർത്തനത്തിന്റെ നട്ടെല്ല് എന്ന് വാദിക്കുവാൻ കാരണം.
ഡാറ്റ തയ്യാറാക്കൽ, അതിന് വേണ്ടി ഉദ്യോഗസ്ഥരുടെയും, ജന പ്രതിനിധികളുടെയും, സന്നദ്ധ സേവകരുടെയും, ജനങ്ങളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, സർവകലാശാലകളുടെയും, ക്ലബ്ബുകളുടെയും എല്ലാം പങ്കാളിത്തത്തിൽ താഴെ തട്ടിൽ നിന്നും വിവര ശേഖരണം നടത്തുക, അതിന് ശേഷം മേഖല തല പദ്ധതികൾ തയ്യാറാക്കുക, അതിന് ശേഷം ഈ പദ്ധതികൾ മേഖലാ തല പ്രവർത്തനങ്ങളിലൂടെ താഴെ തട്ടിൽ നടപ്പാക്കുക എന്നിവയെല്ലാം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളിൽ നിന്നും പകർത്തിയവയാണ്. ഗാന്ധിയൻ തത്വ ശാസ്ത്രത്തിൽ കേന്ദ്രീകരിച്ചു വർഷങ്ങൾക്ക് മുൻപ് വികസിപ്പിച്ച പഞ്ചായത്തി രാജ് പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ചതും സമാനമായ പ്രവർത്തനങ്ങൾ തന്നെ ആയിരുന്നു. ഈ നിർദേശങ്ങൾ മാതൃകയാകുന്നതുകൊണ്ട് പങ്കാളിത്ത വികസന പ്രവർത്തനങ്ങൾക്ക് മെച്ചവും ഉണ്ടാകും എന്നത് യാഥാർഥ്യമാണ്. എന്നാൽ ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങൾ പകർത്തി എടുത്തപ്പോൾ അതി ദരിദ്രരെ കണ്ടെത്താൻ സർവ്വേകൾക്ക് പകരം ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ വിവര ശേഖരണത്തിന് വേണ്ടി ആശ്രയിക്കാം എന്ന സാമൂഹിക ശാസ്ത്ര രീതി ശാസ്ത്രം ആ പ്രവർത്തനങ്ങളെ മുഴുവൻ ഒരു പ്രോപഗണ്ട ശ്രമങ്ങളാക്കി മാറ്റി.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇതിലൂടെ സംഭവിച്ചത് ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങളെ അധികാര ഘടനകളെ ചോദ്യം ചെയ്യാൻ കഴിയാത്ത രീതിയിൽ നേർപ്പിക്കുകയും അതിനെ പുരോഗമന രീതിയിലും സമൂഹത്തിന് മുന്നിൽ യാതൊരു സാമൂഹിക മാറ്റവും സൃഷ്ടിക്കാൻ കഴിയാത്ത രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു എന്നതാണ് സംഭവിച്ചത്. അതിന്റെ ഏറ്റവും ഭീകരമായ വശം നിലവിൽ താഴെ തട്ടിൽ എന്തെല്ലാം മേഖലതല പ്രവർത്തനങ്ങൾ ചെയ്തു എന്ന രീതിയിൽ പോലും ഒരു റിപ്പോർട്ട് ലഭ്യമാക്കാൻ സർക്കാർ തയ്യാറായില്ല എന്നതാണ്. അതി ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരുടെ പൊതു ഡാറ്റായോ താഴെ തട്ടിൽ നടത്തിയ മേഖല പ്രവർത്തനങ്ങളുടെ റിപ്പോർട്ടോ നിലവിൽ ലഭ്യമല്ല. അങ്ങനെ ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങളെ ഈ പ്രവർത്തനങ്ങളിൽ മാനിപ്പുലേറ്റ് ചെയ്തു എന്നും ഈ രീതിയിൽ പരിശോധിക്കുമ്പോൾ മനസ്സിലാകും.
ദാരിദ്ര്യം പോലെയുള്ള സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ വിഭവ പുനർവിതരണം പോലെ സംസ്ഥാനമൊട്ടുക്കു നടത്തേണ്ട കേന്ദ്രീകൃതമായ പദ്ധതികളാണ് എന്ന് പുതിയ സാമൂഹിക പഠനങ്ങൾ തെളിയിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
പങ്കാളിത്ത വികസന പ്രവർത്തനം എന്ന പേരിൽ വൈവിധ്യങ്ങളായ പ്രശ്നങ്ങൾ നേരിടാൻ വൈവിധ്യം നിറഞ്ഞ രീതിശാസ്ത്രങ്ങൾ വേണമെന്ന ആധുനികാനന്തര വാദങ്ങളെയും അതുമായി ബന്ധപ്പെട്ട ജ്ഞാന വ്യവസ്ഥകളെയും നയങ്ങളിൽ വികലമായി അവതരിപ്പിച്ചുകൊണ്ട് ഭൂവിതരണം പോലെയുള്ള നിർണായകമായ നയനിർമ്മാണ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുരങ്കം വെക്കുകയും ആദിവാസികളുടെ വിഭവ സ്വയം ഭരണ അവകാശങ്ങൾ എന്ന ആവശ്യങ്ങൾ നിരാകരിക്കുകയും കൂടിയാണ് സർക്കാർ ചെയ്തത്.
അങ്ങനെ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സർക്കാർ സ്ഥാപനങ്ങൾ പ്രോപഗണ്ട നിർമിതിക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്തു. കേരളത്തിലും ഉത്തരാധുനിക ജ്ഞാന ശാഖകളെ വരേണ്യർ കീഴാളരെ മർദ്ദിക്കുവാൻ ഉപയോഗിച്ച് തുടങ്ങി എന്നാണ് ഈ തെളിവുകളിൽ നിന്നും മനസിലാകുന്നത്. അതിന്റെ സവിശേഷത പാർട്ടി സംവിധാനത്തിൽ നിലനിൽക്കുന്ന സവർണരായവരുടെ അനുഭവങ്ങളെ കേന്ദ്രത്തിൽ നിർത്തിയാണ് ഈ അറിവുൽപാദന ആക്രമണങ്ങൾ നടക്കുന്നത് എന്നതാണ്.


