TMJ
searchnav-menu
post-thumbnail

Outlook

മാലിന്യ വ്യവസ്ഥയും കൊല്ലപ്പെടുന്ന ജോയിമാരും

17 Jul 2024   |   4 min Read
വിഷ്ണു പോളി

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കം ചെയ്യുന്നതിനിടെ സ്വകാര്യ ഏജന്‍സിയുടെ കരാര്‍ തൊഴിലാളിയായ ജോയി മരണപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. ജോയിയെ പോലെ ദരിദ്രരും പിന്നോക്ക ജാതിയില്‍പ്പെട്ടവരും ഭൂരഹിതരുമായ ഒട്ടനവധിപേര്‍ മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ വിവിധതരം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തൊഴില്‍ ചെയ്യുന്നതിനിടയില്‍ മരണപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളോ കണക്കുകളോ സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഏജന്‍സികളുടെയോ കൈവശമുള്ളതായി അറിവില്ല. സമൂഹത്തിലെ ഏറ്റവും അധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അദൃശ്യരുമായ ജനവിഭാഗങ്ങള്‍ നേരിടുന്ന ഒരു പ്രശ്‌നമായതുകൊണ്ട് തന്നെ സര്‍ക്കാരിനോ മറ്റ് ഏജന്‍സികള്‍ക്കോ ഈ വിഷയത്തില്‍ പഠനം നടത്താനോ വേണ്ടവിധത്തിലുള്ള ഇടപെടലുകള്‍ നടത്താനോ താല്‍പര്യമുണ്ടായിരിക്കില്ല. 

ലോകത്ത് എല്ലായിടത്തും മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളാണ്. ഏറ്റവും 'അന്തസ്സ് കുറഞ്ഞതും അദൃശ്യവുമായ ജോലി' എന്നാണ് ഇതിനെ ലോകാരോഗ്യ സംഘടന നടത്തിയ ഒരു പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇവിടെ ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത് സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ദളിതര്‍ ഉള്‍പ്പെടെയുള്ള ജാതി വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ജാതിവ്യവസ്ഥ ദളിതര്‍ക്ക് കല്‍പ്പിച്ചുനല്‍കുന്ന താഴ്ന്ന സാമൂഹ്യസ്ഥാനം, ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്ന വിഭാഗങ്ങളില്‍ അതിന്റെ പതിന്മടങ്ങ് രീതിയില്‍ പ്രതിഫലിക്കുന്നു. സമൂഹത്തില്‍ നിന്നും ഏറ്റവും ഭീകരമായ രീതിയിലുള്ള അവഗണനയും മാറ്റിനിര്‍ത്തലും 'ശുചീകരണ തൊഴിലാളികള്‍' എന്നറിയപ്പെടുന്ന ഇവര്‍ നേരിടേണ്ടിവരുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
ഏറ്റവും കുറഞ്ഞ വേതനവും ഏറ്റവും കൂടിയ അപായ സാധ്യതകളുമുള്ള ഈ ജോലി അവരുടെ ജീവനെ തന്നെ പലപ്പോഴും അപകടത്തിലാക്കുന്നു. മതിയായ സുരക്ഷ മുന്‍കരുതലുകള്‍ ഒരിക്കലും ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കാറില്ല. അതുകൊണ്ടുതന്നെ പലതരം അസുഖങ്ങള്‍ ഇവര്‍ക്ക് പിടിപെടാനുള്ള സാധ്യതകള്‍ വളരെയധികം കൂടുതലാണ്. അപകടമരണങ്ങള്‍ക്ക് പുറമേ ഇത്തരം അസുഖങ്ങള്‍ പിടിപെട്ടും ഒരുപാട് പേര്‍ മരണപ്പെടുന്നു. മാനുവല്‍ സ്‌കാവഞ്ചിങ് അഥവാ തോട്ടിപ്പണി ഇന്ത്യയില്‍ ഔപചാരികമായി നിയമംമൂലം നിരോധിതമാണ്. എന്നാല്‍ സര്‍ക്കാരോ അതിന്റെ സംവിധാനങ്ങളോ ഈ നിയമം ഒരിക്കലും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇന്ത്യയില്‍ കാലാകാലങ്ങളായി ബ്രാഹ്മണ്യ ജാതിവ്യവസ്ഥ ഇത്തരം തൊഴിലുകള്‍ പ്രത്യേക ജാതി സമൂഹങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അവരെ ആ തൊഴിലില്‍ തളച്ചിടാന്‍ എല്ലാ തൊഴിലും മഹത്തരമാണ് എന്ന വ്യാജ നീതീകരണവും ചമച്ചിരുന്നു. ഗാന്ധി ഉള്‍പ്പെടെയുള്ള സനാതന വാദികള്‍ ഈ പ്രചരണത്തിന്റെയും നിതീകരണത്തിന്റെയും ഭാഗമായിരുന്നതായി ചരിത്രത്തില്‍ നമുക്ക് കാണാം.  

മുതലാളിത്ത ചരക്ക് ഉല്‍പാദന വ്യവസ്ഥയുടെ വികാസത്തിന്റെ ഭാഗമായി നഗരവല്‍ക്കരണവും ഉപഭോഗ സംസ്‌കാരവും ഇന്ത്യയില്‍ വളര്‍ന്നുവന്നു. നഗരങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന സമ്പന്നരും മധ്യവര്‍ഗ്ഗവും തങ്ങളുടെ ഉപഭോകൃത ജീവിതത്തിന്റെ ഉപോല്‍പ്പന്നമായി സൃഷ്ടിക്കുന്ന ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ എല്ലാകാലത്തും ഉപയോഗിച്ചിട്ടുള്ളത് നേരത്തെ സൂചിപ്പിച്ച സാമൂഹ്യമായും ജാതീയമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെയാണ്. ഇന്ത്യയില്‍ മുതലാളിത്തം സാങ്കേതികമായി വികസിക്കുമ്പോള്‍ തന്നെ ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ യന്ത്രങ്ങളോ സാങ്കേതികവിദ്യകളോ അവര്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്തില്ല. അതൊരിക്കലും അവര്‍ക്ക് ലാഭം പ്രദാനം ചെയ്യുന്ന ഒന്നായിരുന്നില്ല. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ഇവിടുത്തെ ഏറ്റവും ദരിദ്രരായ മനുഷ്യരെക്കൊണ്ട് ആ പണികള്‍ ചെയ്യിപ്പിക്കുന്നതാണ് മുതലാളിത്ത നഗരവല്‍ക്കരണത്തിന് ഏറ്റവും ലാഭകരം. നഗരവല്‍ക്കരണത്തിന്റെയും വ്യാവസായവല്‍ക്കരണത്തിന്റെയും ഭാഗമായി അരികുവല്‍ക്കരിക്കപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങളെ തന്നെ അവര്‍ ഇതിനായി ഉപയോഗിച്ചു. നഗരത്തിലെ സമ്പന്നരുടെ കാഴ്ചയും ഗന്ധവും സ്പര്‍ശനവും വൃത്തിയുള്ളതും സുഖകരവുമായി തീര്‍ക്കുന്നതിന് ദരിദ്രരും ദുര്‍ബലരുമായ ഒരുപാട് മനുഷ്യരെ അവര്‍ രക്തസാക്ഷികളാക്കി. അവര്‍ അഴുക്കുചാലുകള്‍ക്കും, മാലിന്യ കൂമ്പാരങ്ങള്‍ക്കും അടുത്ത് കുടിലുകെട്ടി ദരിദ്രരായി ജീവിക്കുന്നു. സര്‍ക്കാരിന്റെ കണക്കുകളിലോ പരിഗണനയിലോ അവര്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ഈ മനുഷ്യര്‍ക്കും കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ചും ചൂഷണം ചെയ്തും കൂടുതല്‍ ചരക്കുകള്‍ ഉല്‍പ്പാദിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ സമ്പന്നരായി തീരുകയും ഇതിന് ഭരണകൂടത്തിന്റെ പൂര്‍ണ്ണ പിന്തുണ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. സാമൂഹ്യ ശ്രേണിയില്‍ മധ്യവര്‍ഗ്ഗത്തിനും അതിന് മുകളിലുള്ളവര്‍ക്കും മാത്രം ഇതിന്റെയെല്ലാം ഗുണഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ഔപചാരികമായി മാനുവല്‍ സ്‌കാവഞ്ചിംങ്് നിരോധിച്ചെങ്കിലും, ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനോ സാമൂഹ്യമായ ഉന്നമനത്തിനോ വേണ്ട യാതൊരുവിധ ഇടപെടലുകളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മറിച്ച് ഭരണകൂടം ഈ മനുഷ്യരുടെ ജീവിതത്തിന്റെ കാഴ്ച ലോകത്തിന് മുന്നില്‍ മതിലുകെട്ടി മറക്കുന്നതിന്റെ തിരക്കിലായിരുന്നു.  
മാനുവല്‍ സ്‌കാവഞ്ചിംങ് മാത്രമല്ല ഈ തൊഴിലില്‍ ഉള്‍പ്പെടുന്നത്. 2018 ല്‍ ഡാല്‍ബര്‍ഗ് അസോസിയേറ്റ്‌സ് നടത്തിയ ഒരു പഠനം അനുസരിച്ച് ഇന്ത്യയിലെ വിവിധ നഗര പ്രദേശങ്ങളില്‍ [various urban locations] 
ഏകദേശം 50 ലക്ഷം ശുചീകരണ തൊഴിലാളികള്‍ [sanitation workers] ഉണ്ട്. അഴുക്കുചാല്‍ വൃത്തിയാക്കല്‍, മലകൂടങ്ങള്‍ വൃത്തിയാക്കല്‍, മലം നിര്‍മാര്‍ജനം [faecal sludge handling], റെയില്‍വേ സ്റ്റേഷനുകളുടെ വൃത്തിയാക്കല്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകളിലെ ജോലികള്‍, പൊതു ശൗചാലയങ്ങളുടെ പരിപാലനം, സ്‌കൂള്‍ ടോയ്‌ലറ്റ് വൃത്തിയാക്കല്‍, തൂത്തുവാരല്‍, ഡ്രെയിനേജുകളുടെ വൃത്തിയാക്കല്‍, വീടുകളിലെ ശുചീകരണം തുടങ്ങി ശുചീകരണ മൂല്യ ശൃംഖലയെ  [sanitation value chain] ഒമ്പത് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 

ജോയിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഭരണകൂടത്തിലെ ഏത് നടത്തിപ്പ് വിഭാഗങ്ങള്‍ക്കാണ് എന്നതിനെ ചൊല്ലിയാണ് തര്‍ക്കം. റെയില്‍വേ ആണോ അതോ തദ്ദേശസ്വയംഭരണ സ്ഥാപനമാണോ ഉത്തരവാദി എന്നതിലുപരി, ഇവരെല്ലാവരും തന്നെ ശുചീകരണ തൊഴിലാളികളുടെ വിഷയത്തിലും മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വച്ചുപുലര്‍ത്തുന്ന സമീപനം ഒന്നുതന്നെയാണ് എന്ന് മനസ്സിലാക്കാം.  തങ്ങളുടെ അധികാരപരിധിയിലുള്ള തോടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയ റെയില്‍വേ വകുപ്പ് ആ ഏജന്‍സി രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായാണോ ശുചീകരണ പ്രവര്‍ത്തനം നടപ്പിലാക്കിയത് എന്ന് ഓഡിറ്റ് ചെയ്യുന്നതില്‍ മനപൂര്‍വ്വമായ വീഴ്ചവരുത്തി. ഏജന്‍സിക്ക് കീഴില്‍ ദിവസക്കൂലിക്കാണ് ജോയി ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ പണിയെടുത്തിരുന്നത്. അവരുടെ സുരക്ഷയ്ക്ക് ആവശ്യമായ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഈ ഏജന്‍സി അവര്‍ക്ക് നല്‍കിയിരുന്നില്ല. സര്‍ക്കാരോ റെയില്‍വേയോ ഇതൊന്നും ശ്രദ്ധിക്കില്ല എന്ന കൃത്യമായ ധാരണ കരാറുകാരന് ഉണ്ടായിരുന്നിരിക്കാം. ജോയിയെ കാണാതാവുകയും മരണപ്പെടുകയും ചെയ്യുന്നതോടുകൂടിയാണ് ഇതിന് മാധ്യമശ്രദ്ധയും ജനശ്രദ്ധയും കിട്ടുന്നത്. ഒരു ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തി, മരണപ്പെട്ട ആളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി എന്നതല്ലാതെ മറ്റൊരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. നഗരങ്ങളിലെ മാലിന്യ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം എന്താണ്, ശുചീകരണ തൊഴിലാളികള്‍ നേരിടുന്ന സാമൂഹ്യവും, സാമ്പത്തികവും, ആരോഗ്യപരവും, തൊഴില്‍പരവുമായ പ്രശ്‌നങ്ങളെന്താണ് എന്നെല്ലാം പരിശോധിച്ച് ഈ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി നയപരമായ ഒരു സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്തിടത്തോളം കാലം സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഉപരിപ്ലവമായ ഒന്നുമാത്രമാണ്. 

REPRESENTATIVE IMAGE | WIKI COMMONS
മുതലാളിത്ത വികസന മാതൃകയുടെ പാര്‍ശ്വഫലമായി മലിനീകരണ പ്രശ്‌നത്തെ നോക്കികാണേണ്ടതുണ്ട്. ശ്രേണീവല്‍ക്കൃത ജാതിവ്യവസ്ഥയുടെ ഇരകളായ പിന്നോക്കക്കാരുമാണ് മാലിന്യം നീക്കം ചെയ്യുന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. ഇത്തരമൊരു സമീപനത്തില്‍ നിന്നല്ലാതെ ഈ വിഷയത്തെ കൈകാര്യം ചെയ്താല്‍, ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുക തന്നെ ചെയ്യും. ദുരന്തങ്ങളില്‍ കലാശിച്ചില്ലെങ്കിലും അനുനിമിഷം ശുചീകരണ തൊഴിലാളികള്‍ തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന സാമൂഹ്യമായ വിവേചനവും, സാമ്പത്തികമായ ദുരവസ്ഥയും, ആരോഗ്യപരമായ പ്രത്യാഘാതങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കും.


#outlook
Leave a comment