TMJ
searchnav-menu
post-thumbnail

Outlook

ഗാസയും അതിജീവനവും

18 Oct 2023   |   9 min Read
K P Sethunath

സ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കഴിഞ്ഞ സെപ്തംബറില്‍ ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യവെ വളരെ നാടകീയമായി പശ്ചിമേഷ്യയുടെ ഒരു ഭൂപടം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ഉയര്‍ത്തിപ്പിടിച്ച ഭൂപടത്തില്‍ പാലസ്തീന്‍ എന്നൊരു സ്ഥലനാമം പേരിനു പോലും ഇല്ലായിരുന്നു. വെസ്റ്റു ബാങ്കും, ഗാസയുമടങ്ങുന്ന പാലസ്തീന്‍ അതില്‍ ഇസ്രായേലിന്റെ ഭാഗമായിരുന്നു. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഇസ്രായേല്‍-പാലസ്തീന്‍ ദ്വിരാഷ്ട്ര സംവിധാനത്തിന്റെ നഗ്‌നമായ ലംഘനമായിരുന്നു പ്രസ്തുത ഭൂപടം. ഈ ഭൂപടത്തിന്റെ പേരില്‍ എന്നാല്‍ ഒരു പ്രതിഷേധവും എവിടെയും ഉയര്‍ന്നതായി അറിവില്ല. നിയമാനുസൃതമായ അന്താരാഷ്ട്ര ക്രമത്തെ പറ്റി (റൂള്‍ ബേസ്ഡ് ഓര്‍ഡര്‍) ഇടതടവില്ലാതെ വാചകക്കസര്‍ത്തുകള്‍ നടത്തുന്ന അമേരിക്കയും സഖ്യകക്ഷികളും ഇസ്രായേലിന്റെ നടപടി അറിഞ്ഞതായി പോലും ഭാവിച്ചില്ല. ഐക്യരാഷ്ട്ര സഭയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമായിരുന്നു നെതന്യാഹുവിന്റെ നടപടിയെന്ന് ജര്‍മനിയിലെ പാലസ്തീന്‍ അംബാസിഡറായ ലെയിത്ത് അരാഫെ പരിഭവം പറഞ്ഞതൊഴിച്ചാല്‍ ഭൂപടത്തില്‍ നിന്നുമുള്ള പാലസ്തീന്റെ തിരോധാനം ആരുടെയും ഉറക്കം കെടുത്തിയതായി കേട്ടറിവുകള്‍ ഒന്നുമില്ല. ഭൂപടത്തില്‍ നിന്നു മാത്രമല്ല ജീവിതത്തില്‍ നിന്നും തുടച്ചുനീക്കപ്പെടുന്ന ഒരു ജനതയുടെ പ്രതികരണം രാഷ്ട്രീയ ശരികളുടെ ഏതു ഭാഷയിലാവും തിട്ടപ്പെടുത്താനാവുക. എന്താവും അതിന്റെ അളവുകോലുകള്‍. രാഷ്ട്രീയശരികളുടെ മടുപ്പിക്കുന്ന ആഖ്യാനങ്ങളെ മറികടക്കുന്ന ബദല്‍ ഭാവനകളും, ചിന്തകളും ഏതു ഭാഷയിലാവും ആവിഷ്‌ക്കരിക്കാനാവുകയെന്ന അന്വേഷണം ഈ ചോദ്യങ്ങളെ അടിയന്തിരമാക്കുന്നു.

തെരഞ്ഞെടുപ്പുകളിലെ ജയ-പരാജയങ്ങളെ അടിസ്ഥാനമാക്കിയുള്ള കൂട്ടലും, കിഴിക്കലും മാത്രമായി രാഷ്ട്രീയത്തെ മനസ്സിലാക്കുന്ന ഒരു രീതിശാസ്ത്രത്തിന് ഈ ചോദ്യങ്ങളെ നേരിടാനുള്ള അപര്യാപ്തത ദിവസേന വെളിപ്പെടുന്ന സാഹചര്യത്തില്‍ അവയുടെ അടിയന്തിര സ്വഭാവം കൂടുതല്‍ അടിയന്തിരമാവുന്നു. ബെനാലിറ്റി ഓഫ് ഈവിള്‍ നാട്ടുനടപ്പാവുമ്പോള്‍ ബദല്‍ ഭാവനകള്‍ ജന-പ്രകൃതി വിരുദ്ധവുമല്ലാത്ത പ്രവര്‍ത്തന പദ്ധതികളായി ഏതു രീതിയില്‍ പ്രകടിപ്പിക്കാനാവുമെന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അവഗണിക്കാനാവാത്ത രാഷ്ട്രീയ വിഷയമായി മാറുന്നതും സ്വാഭാവികം. വ്യക്തിഗതങ്ങളായ അനുഭവപരിസരങ്ങളില്‍ നിന്നും ചരിത്രത്തിന്റെ വിശാലസ്ഥലികളെക്കുറിച്ചുള്ള തിരിച്ചറിവുകളുടെ ദിശാസൂചികകളായി അനുഭവേദ്യമാവുന്ന സംഭവങ്ങളുടെയും, സ്ഥലനാമങ്ങളുടെയും വെളിച്ചത്തിലാണ് ബദല്‍ രാഷ്ട്രീയഭാവനകള്‍ പലപ്പോഴും ഉരുത്തിരിയുക. പാലസ്തീന്‍ അങ്ങനെയൊരു ദിശാസൂചികയാണ്. കൊളോണിയല്‍ അധിനിവേശങ്ങള്‍, അടിമ വ്യാപാരം, ഓഷ്വിറ്റ്സ്, ഗുലാഗ്, ജാതി മര്‍ദ്ദനം എന്നിവയെല്ലാം പോലുള്ള ഒരു ദിശാസൂചിക. ദുരന്തവും കൂടുതല്‍ ദുരന്തവുമായി മാത്രം ചരിത്രം ആവര്‍ത്തിക്കുന്നതിനെപ്പറ്റി നിരന്തരം ബോധ്യപ്പെടുത്തുന്ന ഒരു ഭൂപ്രദേശത്തിന്റെ പരിച്ഛേദമാണ് പാലസ്തീന്‍. അതിന്റെ ഏറ്റവും തീവ്രമായ അനുഭവങ്ങള്‍ ഏറ്റു വാങ്ങുന്ന ഇടമാണ് ഗാസ.

ഏകദേശം 23 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദേശങ്ങളിലൊന്നാണ് ഗാസ. നീളം 41 കിലോമീറ്ററും 6-12 കിലോമീറ്റര്‍ വരെ വീതിയും ചേര്‍ന്ന 141 ചതുരശ്രമൈല്‍ മൊത്തം വലുപ്പമുള്ള ഗാസ 51 കിലോമീറ്റര്‍ അതിര്‍ത്തി ഇസ്രായേലുമായും 11 കിമീ അതിര്‍ത്തി ഈജിപ്തുമായും പങ്കിടുന്നതായി വിക്കിപീഡിയ രേഖപ്പെടുത്തുന്നു. ഗാസ മുനമ്പിന്റെ വടക്കുഭാഗങ്ങളില്‍ നിവസിക്കുന്ന 10 ലക്ഷത്തിലധികം ജനങ്ങളോട് അവിടം വിട്ടൊഴിഞ്ഞു പോകാന്‍ ഇസ്രായേല്‍ വെള്ളിയാഴ്ച്ച അന്ത്യശാസനം നല്‍കി. ഒന്നര ദശകത്തിലധികമായി കരയും, കടലും, ആകാശവും കൊട്ടിയടക്കപ്പെട്ട ഗാസ ഒക്ടോബര്‍ 7 മുതല്‍ നേരിടുന്ന നിരന്തരമായ വ്യോമാക്രമണത്തിനു പുറമെയാണ് ഒഴിഞ്ഞു പോവാനുള്ള അന്ത്യശാസനം. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണമായ സൈനിക ഉപരോധം 2007 മുതല്‍ ഗാസയെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. അങ്ങനെയുള്ള ഒരു പ്രദേശത്തു നിന്നും ഒഴിഞ്ഞു പോണമെന്ന അന്ത്യശാസനത്തിലെ 24 മണിക്കൂര്‍ ശനിയാഴ്ച്ച അവസാനിച്ചുവെങ്കിലും ഗാസ ഭീതിയുടെ മുള്‍മുനയിലാണ്. ഗാസ മാത്രമല്ല. മാനവികമായ കരുണയും, കരുതലും, ആര്‍ദ്രതയും, സ്നേഹവും മനസ്സില്‍ സൂക്ഷിക്കുന്ന ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും അതേ ഭീതി പങ്കിടുന്നു. ഗാസക്കു നേരെ ഏതു നിമിഷവും കരയുദ്ധം അഴിച്ചുവിടാന്‍ വേണ്ട സൈനിക തയ്യാറെടുപ്പുകള്‍ ഇസ്രായേല്‍ ഇതിനകം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഗാസയുടെ അതിജീവനം ലോകമാകെ ഉറ്റുനോക്കുന്ന വിഷയമായി മാറുന്നു.

PHOTO: PTI
ഗാസയും അതിജീവനവും

മനുഷ്യരുടെ നാഗരികതയുടെ ചരിത്രത്തിലെ സ്ഥലനാമങ്ങളിലൊന്നാണ് മധ്യധരണാഴിയുടെ കിഴക്കന്‍ തീരത്തെ ഗാസ. 5000 വര്‍ഷങ്ങളായി മനുഷ്യവാസമുള്ള പ്രദേശം. ആഫ്രിക്കയും, ഏഷ്യയും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളുടെയും യാത്രകളുടെയും വഴിത്താരയിലെ പ്രകൃതിദത്തമായ ഇടത്താവളം. ദാവീദ് രാജാവും, അലക്സാണ്ടര്‍ ചക്രവര്‍ത്തിയും അവിടം സന്ദര്‍ശിച്ചതിന്റെ പെരുമ ചരിത്രപുസ്തകങ്ങളില്‍ ഇപ്പോഴും സുലഭം. ഇടതടവില്ലാത്ത വാണിജ്യത്തിന്റെ കൊടുക്കല്‍ വാങ്ങലുകളും, യാത്രകളും, മത്സരങ്ങളും, പടയോട്ടങ്ങളും ബാക്കിയാക്കിയ ശേഷിപ്പുകളില്‍ നിന്നായി നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ മനുഷ്യവാസത്തിന്റെ ആവാസവ്യവസ്ഥ ഗാസയിലും അതിന്റേതായ സവിശേഷതകളോടെ രൂപപ്പെട്ടു. യഹൂദരും, ക്രിസ്ത്യാനിയും, മുസ്ലീമും അതിന്റെ ഭാഗമായി. പതിനാറാം നൂറ്റണ്ടിന്റെ ആദ്യദശകത്തോടെ ഗാസയടക്കം ഇപ്പോള്‍ അറേബ്യന്‍ നാടുകളെന്നു നാം തിരിച്ചറിയുന്ന പ്രദേശമാകെ തുര്‍ക്കി ആസ്ഥാനമായ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. പിന്നീടുള്ള നാലു നൂറ്റാണ്ടുകളിലെ ഗാസയുടെയും, അറബി നാടുകളുടെയും ചരിത്രം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ വൃദ്ധിക്ഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ നീളുന്ന ആ ചരിത്രവുമായി ബന്ധപ്പെട്ട ചില ദശാസന്ധികളിലാണ് ഗാസയിലെ മനുഷ്യരെ ഇപ്പോള്‍ വലയം ചെയ്യുന്ന ഭീതിയുടെ വ്യാകരണം നമുക്ക് കണ്ടെത്താനാവുക. കൊളോണിയലിസം, സാമ്രാജ്യത്വം, വംശീയത തുടങ്ങിയ ചിരപരിചിതമായ അധിനിവേശ അതിക്രമങ്ങള്‍ക്കൊപ്പം സെറ്റ്ലര്‍ കൊളോണിയലിസമെന്ന ഹീനത കൂടി വെളിവാകുമ്പോഴാണ് ഇപ്പോള്‍ ഗാസ നേരിടുന്ന ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ഉള്‍ക്കൊള്ളാനാവുക.

1948-ല്‍ ഗാസയുടെ ജനസംഖ്യ 80,000-മായിരുന്നു. പാലസ്തീനിന്റെ മറ്റു ഭാഗങ്ങളിലെ സയണിസ്റ്റു വംശഹത്യയില്‍ നിന്നും രക്ഷതേടിയ ഒന്നര ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ആഴ്്ചകള്‍ക്കുള്ളില്‍ അവിടെ എത്തിച്ചേര്‍ന്നതോടെ ജനസംഖ്യ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. താങ്ങാനാവുന്നതിനേക്കാള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ത്ഥി ഭൂമിയായി അതോടെ ഗാസ മാറി. പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ അടിസ്ഥാന കാര്യങ്ങള്‍ നിറവേറ്റുന്നതിനായി 1948-ല്‍ ഐക്യരാഷ്ട്ര സഭ യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിയെ (UNRWA) നിയമിച്ചിരുന്നു. ജോര്‍ദാന്‍, സിറിയ, ലെബനണ്‍, വെസ്റ്റ് ബാങ്ക്, ഗാസയടക്കമുള്ള പ്രദേശങ്ങളിലെ പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ നോക്കുകയായിരുന്നു ഏജന്‍സിയുടെ ചുമതല. 1948 മുതല്‍ 67 വരെയുള്ള രണ്ടു ദശകക്കാലം ഗാസ നിവാസികള്‍ക്ക് തൊഴിലിനും പഠനത്തിനുമുള്ള സൗകര്യം ഈജിപ്തില്‍ ലഭിച്ചിരുന്നു. 1967-ലെ യുദ്ധത്തെ തുടര്‍ന്ന് ഗാസ ഇസ്രായേലിന്റെ അധീനതയിലായി. 1967-ലെ ഇസ്രായേല്‍ സെന്‍സസ് പ്രകാരം ഗാസയിലെ 394,000 വരുന്ന ജനസംഖ്യയില്‍ 60 ശതമാനവും അഭയാര്‍ത്ഥികളായിരുന്നു. സൈനിക സാന്നിധ്യത്തിനൊപ്പം വെസ്റ്റ് ബാങ്കിനെയും ഗാസയേയും സാമ്പത്തികമായി ഇസ്രായേലിനൊപ്പം കൂട്ടിച്ചേര്‍ക്കുന്ന ഓപണ്‍ ബ്രിഡ്ജസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു നയം ഇസ്രായേല്‍ അനുവര്‍ത്തിച്ചതും, ഇസ്രായേലിനുള്ളില്‍ നിലനിന്ന താരതമ്യേന ഉയര്‍ന്ന വേതനനിരക്കിന്റെയും ഫലമായി 1980-കളോടെ ഗാസയിലെ തൊഴിലാളികളുടെ 45 ശതമാനവും ഇസ്രയേലില്‍ ജോലി തേടിയിരുന്നു.

ഇസ്രായേലിലെ തൊഴില്‍ ലഭ്യത വരുമാനം ഉയരാന്‍ ഇടവരുത്തിയെങ്കിലും ഗാസയുടെ മൊത്തം വികസനം ഇല്ലായ്മ ചെയ്യുന്നതിനും അത്തരമൊരു പ്രക്രിയ പങ്കു വഹിച്ചതായി സാമൂഹ്യ ശാസ്ത്രജ്ഞയായ സാറ റോയി വിലയിരുത്തുന്നു. ഡി-ഡെവലപ്മെന്റ് എന്നാണ് അതിനെ അവര്‍ വിശേഷിപ്പിക്കുന്നത്. പാലസ്തീന്‍ തൊഴിലാളികള്‍ ഇസ്രായേലിനുള്ളില്‍ തൊഴില്‍ തേടിയതോടെ പാലസ്തീനകത്തെ ബിസിനസുകള്‍ കഷ്ടത്തിലായി. 1970-85 കാലയളവില്‍ ഗാസയിലെയും വെസ്റ്റു ബാങ്കിലെയും ആഭ്യന്തരോല്‍പ്പാദനം വര്‍ധിച്ചുവെങ്കിലും പാലസ്തീന്‍ സമ്പദ്വ്യവസ്ഥയിലെ മൊത്തം തൊഴില്‍ വളര്‍ച്ച മുരടിപ്പിലായിരുന്നതായി റോയി ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിനകത്തു നിന്നുള്ള തൊഴിലാളികള്‍ക്ക് ലഭ്യമായിരുന്ന തൊഴില്‍ സുരക്ഷയും അവകാശങ്ങളും ഗാസയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഇസ്രായേലിനുള്ളില്‍ ലഭ്യമായിരുന്നില്ലെന്നു മാത്രമല്ല വേതനവും കുറവായിരുന്നു. ജോലിയില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും പുറത്താക്കുവാന്‍ പറ്റുന്നവരായാണ് ഗാസയില്‍ നിന്നുള്ള തൊഴിലാളികളെ ഇസ്രായേലി തൊഴിലുടമകള്‍ കണക്കാക്കിയിരുന്നത്. 1980-കളില്‍ ഇസ്രായേലി സമ്പദ്ഘടനയെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധിയുടെ തിക്തഫലം രൂക്ഷമായി ബാധിച്ച ഒരു വിഭാഗം ഗാസയില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. 1987-ലെ ആദ്യത്തെ ഇന്‍തിഫാദയുടെ (ഉയര്‍ത്തെഴുന്നേല്‍പ്പ്) ഒരു കാരണം തൊഴില്‍ മേഖലയിലെ ഈ പ്രതിസന്ധിയായിരുന്നു. ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലേക്കു പോവുകയായിരുന്ന തൊഴിലാളികളുടെ വാഹനത്തില്‍ ഇസ്രായേലി സൈനിക വാഹനമിടിച്ച് 4 തൊഴിലാളികള്‍ 1987 ഡിസംബറില്‍ മരണമടഞ്ഞതും രൂക്ഷമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പാലസ്തീന്‍ തൊഴിലാളികള്‍ ബഹിഷ്‌ക്കരണം ശക്തമാക്കിയതോടെ ഇസ്രായേല്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. റുമാനിയ, തായ്ലാന്റ് ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ലേബര്‍ ഓഫീസുകള്‍ ഇസ്രായേല്‍ തുറന്നു. പാലസ്തീനികളല്ലാത്ത തൊഴിലാളികളുടെ എണ്ണം 1993-ലെ 20,000-ത്തില്‍ നിന്നും 1996-ല്‍ ഒരു ലക്ഷമായി ഉയര്‍ന്നു. അതോടെ തൊഴിലാളികളുടെ ലഭ്യതയുടെ കാര്യത്തില്‍ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഗാസ ഉപേക്ഷിക്കാവുന്ന ഒന്നായി മാറി.

PHOTO: PTI
തൊഴില്‍ വിപണിയുടെ കാര്യത്തില്‍ ഗാസയും ഇസ്രായേലും തമ്മിലുണ്ടായിരുന്ന കൊടുക്കല്‍ വാങ്ങലുകള്‍ ഈ നിലയില്‍ പുനസംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാലസ്തീന്‍ വിമോചന സംഘടനയും (പിഎല്‍ഒ) ഇസ്രായേലും തമ്മിലുള്ള രഹസ്യ ചര്‍ച്ചകള്‍ 1993-ല്‍ ഓസ്ലോ കരാറായി പരിണമിക്കുന്നത്. കരാറിന്റെ ഭാഗമായി ഗാസയിലും, വെസ്റ്റു ബാങ്കിലും യാസര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പിഎല്‍ഒ-യുടെ ഭരണം -- പാലസ്തീന്‍ അഥോറിട്ടി -- സ്ഥാപിതമായെങ്കിലും യഥാര്‍ത്ഥ അധികാരം അപ്പോഴും ഇസ്രായേലിന്റെ പക്കലായിരുന്നു. സൈനികാധിപത്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ഒന്നുമുണ്ടായില്ലെന്നു മാത്രമല്ല സ്വയംഭരണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുള്ള ഒരവസരവും പിഎല്‍ഒ-യുടെ പാലസ്തീന്‍ അഥോറിട്ടി (പിഎ) ഭരണത്തിന് ലഭിച്ചിരുന്നില്ല. ചുരുക്കത്തില്‍ ഇസ്രയേലി ഭരണകൂടത്തിന്റെ പൊലീസ് ഭരണം നടത്താനുള്ള ഉപകരണം മാത്രമായി പാലസ്തീന്‍ അഥോറിട്ടി. അതിനു പുറമെയായിരുന്നു അഥോറിട്ടിയുമായി ബന്ധപ്പെട്ടവരുടെ അഴിമതി. പിഎല്‍ഒ-യുടെ ജനപിന്തുണയും വിശ്വാസ്യതയും കുത്തനെ ഇടിഞ്ഞതിന്റെ ഈ പശ്ചാത്തലത്തിലാണ് ഹമാസ് രാഷ്ട്രീയ ശക്തിയായി മാറുന്നത്. ചാവേര്‍ ആക്രമണങ്ങളും, റോക്കറ്റ് ആക്രമണങ്ങളും വഴി ഇസ്രായേലിന് എതിരായ പോരാട്ടത്തിന്റെ മുഖ്യകക്ഷിയായി അവര്‍ ക്രമേണ അവരോധിക്കപ്പെട്ടു. 2004-ല്‍ അറഫാത്തിന്റെ മരണത്തോടെ ഗാസയിലെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറിയ ഹമാസ് 2006-ലെ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും അധികാരമേല്‍ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്നുണ്ടായ പിഎല്‍ഒ-ഹമാസ് സംഘര്‍ഷത്തില്‍ ഗാസയില്‍ നിന്നും ഏതാണ്ട് നിഷ്‌ക്കാസിതമായ പിഎല്‍ഒ വെസ്റ്റു ബാങ്കില്‍ മാത്രമായി ഒതുങ്ങി. സമ്പൂര്‍ണ്ണ സൈനിക ഉപരോധം 2007-ല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയതോടെ ഗാസ അതിജീവനത്തിന്റെ പുതിയൊരു വഴിത്തിരിവിലെത്തി.

തുരങ്കങ്ങളും അതിജീവനവും:

സാമ്പത്തികമായി ഗാസയെ വരിഞ്ഞു മുറുക്കുന്നതായിരുന്നു സൈനിക ഉപരോധം. ഗാസയും വെസ്റ്റു ബാങ്കും തമ്മിലുള്ള കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ താരതമ്യം അത് വെളിപ്പെടുത്തുന്നു. 1990-കള്‍ക്കു ശേഷം നാമമാത്ര നിലയില്‍ വളര്‍ന്ന ഗാസയുടെ എക്കോണമി 2006-ലെ ഹമാസ് വിജയത്തിനു ശേഷം പൂര്‍ണ്ണ മുരടിപ്പിലെത്തി. ഹമാസായിരുന്നില്ല അതിനുള്ള ഉത്തരവാദി. ഉപരോധമായിരുന്നു. ജനസംഖ്യയിലെ വര്‍ധന കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ ഗാസയുടെ ആഭ്യന്തരോല്‍പ്പാദനം 1990-കളിലെ ജിഡിപി-യുടെ പകുതിയും വെസ്റ്റു ബാങ്കിലെ ഇപ്പോഴത്തെ ജിഡിപി-യുടെ മൂന്നിലൊന്നും മാത്രമാണ്. ഗാസയിലെ ദാരിദ്ര്യത്തിന്റെ നിരക്ക് 50 ശതമാനമായിരിക്കുമ്പോള്‍ വെസ്റ്റു ബാങ്കില്‍ 14 ശതമാനം മാത്രമാണ്. ഇപ്പോഴത്തെ യുദ്ധത്തിന് മുമ്പ് ഗാസയിലെ തൊഴിലില്ലായ്മ 40-50 ശതമാനമായിരുന്നു. ഇത്രയും കടുത്ത ഒരു പ്രതിസന്ധിയെ അതിജീവിക്കുന്നതിനായി ഗാസ നിവാസികള്‍ കണ്ടെത്തുന്ന വൈവിധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങള്‍ മതഭീകരതയുടെ ഉപജ്ഞാതാക്കളായ ഹമാസും, നിസ്സഹായരായ പാലസ്തീനികളുമെന്ന ലളിതയുക്തികളെ തള്ളിക്കളയുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇസ്രായേല്‍ ഉപരോധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ തുരങ്കങ്ങളായിരുന്നു ഗാസയുടെ അതിജീവന രഹസ്യം. ഗാസയിലെ തുരങ്കങ്ങള്‍ സൈനികാവശ്യത്തിന് വേണ്ടിയെന്ന ആഖ്യാനങ്ങളാണ് ഇപ്പോള്‍ പൊതുവില്‍ കാണാനാവുക. എന്നാല്‍ പ്രാഥമികമായി അതൊരു സാമ്പത്തിക സംവിധാനമായിരുന്നു. ജേണല്‍ ഓഫ് പാലസ്തീന്‍ സ്റ്റഡീസില്‍ നിക്കോളാസ് പെല്‍ഹാം 2012-ല്‍ പ്രസിദ്ധീകരിച്ച പഠനം അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു.

ഗാസയുടെ നിയന്ത്രണം 2007-ല്‍ ഹമാസ് ഏറ്റെടുത്തതോടെയാണ് തുരങ്ക സമ്പദ്ഘടന വഴിത്തിരിവായി മാറിയത്. ഗാസക്കുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ലഭ്യത 2007 നവംബറില്‍ ഇസ്രായേല്‍ പകുതിയാക്കുകയും ഇന്ധന ഇറക്കുമതി കഠിനമായി നിയന്ത്രിക്കുകയും ചെയ്തു. ഇന്ധന വിതരണം 2008 ജനുവരിയോടെ പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയും മറ്റുള്ള സാധനസാമഗ്രികളുടെ വിതരണം 7 ഉല്‍പ്പന്നങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. കാറുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച ഗാസ നിവാസികള്‍ കഴുതപ്പുറത്തായി സഞ്ചാരം. ഇസ്രായേലിന്റെ കടല്‍ ഉപരോധവും ഇസ്രായേലും ഈജിപ്തും സംയുക്തമായി നടപ്പിലാക്കിയ കര ഉപരോധവും ഗാസയെ വീര്‍പ്പുമുട്ടിച്ചതോടെ ഹമാസിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന തോന്നല്‍ ശക്തമായി. ഈ വരിഞ്ഞു മുറുക്കലില്‍ നിന്നും രക്ഷപ്പെടുന്നതിന് ഉപരോധത്തിലെ ദുര്‍ബല കണ്ണിയായ ഈജിപ്തിനെ ലക്ഷ്യമാക്കാന്‍ ഹമാസ് തീരുമാനിച്ചു. ഗാസ-ഈജിപ്ത് അതിര്‍ത്തിയായ റാഫയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തുകൊണ്ട് സിനായിലേക്ക് ഒരു മാര്‍ഗ്ഗം ഹമാസ് തുറന്നു. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായി ഗാസക്കാര്‍ അവിടേക്ക് ഒഴുകി. പതിനൊന്നു ദിവസം മാത്രമായിരുന്നു അതിന്റെ ആയുസ്സ്. അപ്പോഴേക്കും ഈജിപ്ത് കൂടുതല്‍ സൈനികരെ മേഖലയില്‍ വിന്യസിക്കുകയും തകര്‍ത്ത ഭിത്തി ശക്തിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നുള്ള ഉപരോധത്തിന്റെ കാഠിന്യം അസഹനീയമായതോടെ ഗാസയിലെ മാനുഫാക്ചറിംഗ് മേഖലയിലെ തൊഴില്‍ 2008-പകുതിയോടെ 35,000-ത്തില്‍ നിന്നും 860 ആയി കുറഞ്ഞു. കരയും, കടലും, ആകാശവും കൊട്ടിയടക്കപ്പെട്ടതോടെ ഗാസക്കാര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ഭൂമി തുരക്കുകയായിരുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള തുരങ്ക നിര്‍മ്മാണമായിരുന്നു അവരുടെ മുന്നിലുള്ള വഴി. ഒരു തുരങ്കത്തിനുള്ള ചിലവ് 80,000 മുതല്‍ 200,000 ഡോളര്‍ വരെയായിരുന്നു. പള്ളികളും, ചാരിറ്റബിള്‍ ശൃംഖലകളും വഴി വളരെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന തരത്തില്‍ പണ സമാഹരണം നടത്തി തുടങ്ങിയ തുരങ്ക നിര്‍മ്മാണ പദ്ധതികള്‍ അധികം താമസിയാതെ പൊളിഞ്ഞു. സാമ്പത്തിക തട്ടിപ്പുകളുടെ ഒരു രൂപമായ പിരമിഡ് പദ്ധതികളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അവയില്‍ പലതും.

ഗാസ മുനമ്പിലെ തുരങ്കം | PHOTO: WIKI COMMONS
ഹമാസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ തുടങ്ങിയ തുരങ്ക നിര്‍മ്മാണം വലിയൊരു പ്രസ്ഥാനമായി. തുരങ്ക നിര്‍മ്മാണത്തിന് മുതല്‍മുടക്കുന്നത് ചെറുത്തുനില്‍പ്പിന്റെ ഭാഗമാണെന്നും അതിന്റെ പണിക്കിടയില്‍ മരണം സംഭവിച്ചാല്‍ അത് രക്തസാക്ഷിത്വമാണെന്നും മതപ്രഭാഷകര്‍ പ്രചരിപ്പിച്ചു. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ക്വാസിം ബ്രിഗേഡിലെയും, ഫത്തയിലെയും മറ്റുള്ള പാലസ്തീന്‍ ഗ്രൂപ്പുകളിലെയും പോരാളികള്‍ ഈജിപ്തിന്റെ അതിര്‍ത്തിയില്‍ നിലയുറപ്പിച്ച് തുരങ്ക നിര്‍മ്മാണത്തിനു വേണ്ട സുരക്ഷയൊരുക്കി. ഹമാസിലെ അംഗങ്ങളും, സ്വകാര്യ നിക്ഷേപകരും അതിര്‍ത്തിയിലെ കുടുംബങ്ങളും ചേരുന്നതായിരുന്നു നിര്‍മ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍. തുരങ്ക നിര്‍മ്മാണത്തിനും നടത്തിപ്പിനുമുള്ള കരാറുകള്‍ നിയമജ്ഞര്‍ തയ്യാറാക്കി. തുരങ്ക നിര്‍മ്മാണത്തിലെ പങ്കാളികളുടെ എണ്ണം മുതല്‍ (പൊതുവെ 4 മുതല്‍ 14 വരെയായിരിന്നു എണ്ണം) ഒരോരുത്തരുടെയും ഓഹരികളുടെ മൂല്യം, ലാഭം പങ്കിടുന്നതിന്റെ തോതുകള്‍ എന്നിവയെല്ലാം കരാറിന്റെ ഭാഗമായിരുന്നു. ഗാസ സമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു സാധാരണഗതിയിലുള്ള തുരങ്കനിര്‍മ്മാണ കൂട്ടുകെട്ടുകള്‍. റാഫ അതിര്‍ത്തിയിലെ ചുമട്ടുകാരന്‍, പഴയ പാലസ്തീന്‍ ഭരണസംവിധാനത്തിലെ (പിഎ) ഉദ്യോഗസ്ഥന്‍, കര്‍ഷകത്തൊഴിലാളികള്‍, യൂണിവേഴ്സിറ്റി ബിരുദധാരികള്‍, എന്‍ജിഒ-സംഘടനകളിലെ ഉദ്യോഗസ്ഥര്‍, തുരങ്കപ്പണിക്കാര്‍ എന്നിവരായിരുന്നു സാധാരണഗതിയില്‍ കൂട്ടുകെട്ടിലെ അംഗങ്ങള്‍. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്ന തുരങ്കത്തിനു വേണ്ടിവരുന്ന നിക്ഷേപം പൊതുവെ ഒരു മാസത്തിനുള്ളില്‍ തിരികെ ലഭിക്കുന്ന സ്ഥിതിവിശേഷമായിരുന്നു. ഗാസ-ഈജിപ്ത് അതിര്‍ത്തികളിലെ തുരങ്കങ്ങളുടെ നടത്തിപ്പിന്റെ ചുമതല അതാതു പാര്‍ട്ട്ണര്‍ഷിപ്പുകള്‍ സംയുക്തമായി നടത്തുന്നതിനാല്‍ അവയുടെ ഉടമകളായ ഗാസക്കാരും ഈജിപ്തുകാരും വരുമാനം തുല്യമായി പങ്കിടുന്ന സ്ഥിതിയായിരുന്നു. തുരങ്കം വഴിയുള്ള വാണിജ്യം 2005-ല്‍ ഒരു വര്‍ഷം 30 ദശലക്ഷം ഡോളറായിരുന്നുവെങ്കില്‍ 2008-ല്‍ അത് മാസത്തില്‍ 36 ദശലക്ഷം ഡോളറായി ഉയര്‍ന്നു. പ്രശസ്ത സാമ്പത്തിക ചരിത്രകാരനായ ആദം ടൂസിന്റെ ലേഖനത്തിലാണ് പെല്‍ഹാമിന്റെ പഠനത്തിന്റെ മേല്‍ വിവരിച്ച സംക്ഷിപ്ത വിവരണം അടങ്ങിയിട്ടുള്ളത്.

ഐക്യരാഷ്ട്ര വാണിജ്യ വികസന കോണ്‍ഫറന്‍സ് അഥവാ UNCTAD-ന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് തുരങ്ക സാമ്പത്തിക ക്രയവിക്രയത്തിന്റെ ഉച്ചസ്ഥായിയില്‍ ഗാസയില്‍ നിന്നും 12 കിമീ മാത്രം ദൂരത്തിലുള്ള ഈജിപ്തിന്റെ അതിര്‍ത്തി വരെ 1532 തുരങ്കങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. തുരങ്കങ്ങള്‍ വഴിയുള്ള വ്യാപാര-വാണിജ്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുവാന്‍ ഉപകരിക്കുന്ന ഒരു വിവരം ഇതാണ്. 2008 ഡിസംബറിലും 2009 ജനുവരിയിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗാസയിലെ 6000 വീടുകള്‍ നശിപ്പിക്കപ്പെട്ടു. ഔദ്യോഗികമായ വഴികളിലൂടെ കെട്ടിടനിര്‍മ്മാണ സാമഗ്രഹികള്‍ എത്തിച്ചിരുന്നുവെങ്കില്‍ അവ പുനര്‍നിര്‍മ്മിക്കുന്നതിന് 80 വര്‍ഷം വേണ്ടി വരുമായിരുന്നു. എന്നാല്‍ തുരങ്ക വ്യാപാരം വഴി സാധനസാമഗ്രികള്‍ എത്തിച്ചതിലൂടെ അവയുടെ പുനര്‍നിര്‍മ്മാണം 5-വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയായി. ഗാസയിലെ വൈദ്യുതി നിര്‍മ്മാണ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനുള്ള ഡീസല്‍ അതുപോലെ തുരങ്കപാതകളിലൂടെയാണ് എത്തിച്ചിരുന്നത്. ദിവസം ഒരു ദശലക്ഷത്തിലധികം ലിറ്റര്‍ ഡീസല്‍ അതുവഴി എത്തിച്ചിരുന്നു. തുരങ്ക വാണിജ്യത്തിലൂടെ ഒരു വര്‍ഷം 725 ദശലക്ഷം ഡോളറിന്റെ വരുമാനം ഹമാസ് സമാഹരിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. തുരങ്കങ്ങള്‍ വഴിയുള്ള വ്യാപാര-വാണിജ്യ വരുമാനത്തിന്റെ 25 മുതല്‍ 40 ശതമാനം വരെ ഹമാസ് വസൂലാക്കിയിരുന്നതായി മറ്റൊരു പഠനം സൂചിപ്പിക്കുന്നു.

തുരങ്കങ്ങള്‍ വഴിയുള്ള സാമ്പത്തിക വ്യവഹാരങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയത് 2011-13 കാലയളവിലായിരുന്നു. ഈജിപ്തില്‍ ഹോസ്നി മുബാറക്കിന്റെ ഭരണത്തെ പുറത്താക്കിയ ഉയര്‍ത്തെഴുന്നേല്‍പ്പും അതിന്റെ പിന്നാലെ മുസ്ലീം ബ്രദര്‍ഹുഡ് അധികാരത്തിലെത്തിയതുമായിരുന്നു തുരങ്ക സമ്പദ്ഘടനയുടെ സുവര്‍ണ്ണകാലം. എന്നാല്‍ 2013 ജൂലൈയില്‍ ബ്രദര്‍ഹുഡിനെ പുറത്താക്കി പട്ടാളം ഈജിപ്തില്‍ അധികാരം പിടിച്ചതോടെ തുരങ്ക സമ്പദ്ഘടനയുടെ അസ്തമയമായി. തുരങ്ക വ്യാപാര-വാണിജ്യം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ പട്ടാള ഭരണം സ്വീകരിച്ചു. തൊട്ടടുത്ത വര്‍ഷം അതായത് 2014 ജൂലൈയില്‍ ഗാസക്കു നേരെ 50 ദിവസം നീണ്ട യുദ്ധത്തിന് തുടക്കമിട്ടു. ബോംബുകളും, പീരങ്കി ഷെല്ലുകളും ഗാസയെ തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ ഇസ്രായേലും ഈജിപ്തും നടത്തിയ സംയുക്തമായ സൈനിക നീക്കത്തില്‍ തുരങ്ക സമ്പദ്ഘടന ഏതാണ്ട് നിശ്ചലമായി. അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായുള്ള UNRWA-യുടെ 2015-ലെ കണക്കനുസരിച്ച് ഗാസയിലെ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം പേര്‍ക്ക് ഭക്ഷണത്തിനുള്ള ആശ്രയം UNRWA ആയിരുന്നു.

PHOTO: WIKI COMMONS
സൈനിക നടപടികള്‍ മാത്രമായിരുന്നില്ല ഗാസയുടെ ദുരിതം. തുരങ്ക സമ്പദ്ഘടന 2014-ല്‍ ഇല്ലാതാക്കിയതിന്റെ ദുരന്തത്തില്‍ നിന്നും ഒരു വിധം കരകയറുവാന്‍ 2017-ല്‍ തുടങ്ങിയെങ്കിലും ഹമാസിന്റെ ചിലവുചുരുക്കല്‍ പദ്ധതി മൂലം സാമ്പത്തികമായ തിരിച്ചുവരവിന് അധികം മുന്നോട്ടു പോവാനായില്ല. സര്‍ക്കാര്‍ ചിലവ് 2017-ല്‍ നിന്നും 2019-ലെത്തുമ്പോള്‍ 20 ശതമാനം ഇടിഞ്ഞ് 788 ദശലക്ഷം ഡോളറായി. 2017-ല്‍ 985 ദശലക്ഷം ഡോളറായിരുന്നു സര്‍ക്കാര്‍ ഒരു വര്‍ഷം ചിലവഴിച്ചിരുന്ന തുക. ആളോഹരി ജിഡിപി 18 ശതമാനം ഇടിവ് രേഖപ്പെടുത്തിപ്പോള്‍ മൊത്തം നിക്ഷേപം 2016-ലെ 623 ദശലക്ഷം ഡോളറില്‍ നിന്നും 2019-ല്‍ 440 ദശലക്ഷം ഡോളറായി കുറഞ്ഞു. വൈദ്യുതി പ്രതിസന്ധിയും, ഹമാസ് ഏര്‍പ്പെടുത്തിയ നികുതി വര്‍ദ്ധനയും കൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. 2018 മുതല്‍ UNRWA.-ക്കുള്ള ധനസഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തലാക്കിയതും ദരിദ്ര കുടുബങ്ങള്‍ക്കുള്ള സഹായം ലോക ഭക്ഷ്യ പ്രോഗ്രം 2017 മുതല്‍ വെട്ടിക്കുറച്ചതും ഗാസ നിവാസികളുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കി. ഗാസയുടെ ഇന്നത്തെ അവസ്ഥ ഇതാണ്. 'വലിച്ചെറിയാന്‍ പാകത്തിലുള്ള ഒറ്റപ്പെട്ട എന്‍ക്ലേവ്' എന്ന സാറ റോയിയുടെ 2016-ലെ വിലയിരുത്തല്‍ അറം പറ്റുന്ന വാക്കുകളായി മാറുമോ? ഇസ്രായേലി സൈനികയന്ത്രത്തിന്റെ നാനാവിധത്തിലുള്ള പ്രഹരങ്ങള്‍ 1967-മുതല്‍ അനുഭവിക്കുന്ന ഗാസയിലെ ജനങ്ങളെ അതിജീവനത്തിന്റെ പാഠങ്ങള്‍ ആരും പഠിപ്പിക്കേണ്ടതില്ലെങ്കിലും ഇസ്രായേല്‍ കരയുദ്ധം അഴിച്ചുവിടുകയാണെങ്കില്‍ അത് വരുത്തിവച്ചേക്കാവുന്ന മനുഷ്യദുരന്തം ഊഹിക്കാവുന്നതിനും അപ്പുറമാണെന്നതാണ് ലോകശ്രദ്ധ ഗാസയില്‍ കേന്ദ്രീകരിക്കുന്നതിന്റെ പ്രധാന കാരണം.

ഗാസയിലെ അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളും, സ്ത്രീകളുമാണ്. വംശഹത്യയാണ് ഗാസയില്‍ നടക്കുന്നതെന്ന് ലോക മനസാക്ഷി തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗാസയില്‍ വ്യോമ താവളങ്ങളില്ല, പട്ടാള ആസ്ഥാനങ്ങളില്ല, നാവിക താവളങ്ങളില്ല, ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ബറ്റാലിയനുകളില്ല, പീരങ്കികളില്ല, പോര്‍ വിമാനങ്ങളും, ആക്രമണ ഹെലിക്കോപ്റ്ററുകളുമില്ല, മുങ്ങിക്കപ്പലുകളില്ല, കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ ആസ്ഥാനവുമില്ല. 23 ലക്ഷം ജനങ്ങള്‍ മാത്രമാണ് അവിടെയുള്ളത്. അതില്‍ ഭൂരിഭാഗവും സ്ത്രീകളും, കുഞ്ഞുങ്ങളുമാണ്. കഴിഞ്ഞ 10 ദിവസങ്ങളായി ഇടതടവില്ലാതെ നടക്കുന്ന വ്യോമാക്രമണത്തിന്റെ ഇരകള്‍ ജനങ്ങള്‍ മാത്രമാണ്. പാലസ്തീനികള്‍ ലോകത്തോടു പറയുന്നതും അതാണ്. പാലസ്തീനില്‍ നിന്നുള്ള തൊഴിലാളി സംഘടനകള്‍ ലോകത്തിലെ മറ്റുള്ള തൊഴിലാളി സംഘടനകളോട് കഴിഞ്ഞ ദിവസം മുന്നോട്ടു വച്ച അഭ്യര്‍ത്ഥനയിലെ ആവശ്യങ്ങള്‍ ഇവയായിരുന്നു.

1: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാവാതിരിക്കുക.
2: ഇസ്രായേലിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന ഗതാഗതത്തില്‍ പങ്കെടുക്കാതിരിക്കുക.
3: ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രമേയങ്ങള്‍ അതാതു യൂണിയനുകള്‍ പാസ്സാക്കുക.
4: ഇസ്രായേലിന്റെ നിയമവിരുദ്ധമായ ഉപരോധത്തിന് സഹായിക്കുന്ന കമ്പനികളെ തുറന്നു കാട്ടുക.
5: ഇസ്രായേലുമായുള്ള എല്ലാ സൈനിക വാണിജ്യ ഇടപാടുകളും നിര്‍ത്തി വെക്കുവാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുക. 

മനുഷ്യരിലെ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ അധികാരപ്രമത്തതയുടെയും ആര്‍ത്തിയുടെയും സൃഷ്ടികളാണ് യുദ്ധങ്ങളും, വംശഹത്യകളുമെന്ന വസ്തുതയെ ഉറപ്പിക്കുന്നതാണ് ഗാസയുടെ അനുഭവം.

പ്രശസ്ത സാമ്പത്തിക ചരിത്രകാരനായ Adam Tooze യുടെ ഒക്ടോബര്‍ 14-ലെ ന്യൂസ് ലെറ്റര്‍, അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെഫ്രി ക്ലെയറിന്റെ റോമിംഗ് ചാര്‍ജസ് എന്ന കോളം, Sai Englert ന്റെ Impending Genocide എന്ന ലേഖനം എന്നിവയോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.



#outlook
Leave a comment