
ഗാസയുടെ അതിജീവനവും സുമുദ് ഫ്ലോട്ടില്ലയും
ഡ്രോൺ ആക്രമണങ്ങളും, പ്രതികൂല കാലാവസ്ഥയും, ആഗോള മുഖ്യധാരാ മാധ്യമങ്ങളുടെ നിശ്ശബ്ദതയും അതിജീവിച്ച ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (ജിഎസ്എഫ്) ഗാസയുടെ തീരത്തോട് അടുക്കുകയാണ്. ഇസ്രായേലി അധിനിവേശത്തെയും, വംശഹത്യയെയും, ഗാസയിലെ ഉപരോധത്തെയും വെല്ലുവിളിക്കുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലക്ക് ഗാസയുടെ തീരങ്ങളിൽ അടുക്കാനാവുമോയെന്ന ചോദ്യമാണ് ഇനി ബാക്കി. ഒരു പക്ഷെ അടുത്ത ഏതാനും മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അതിനുള്ള മറുപടി ലഭിക്കും.
ആഗസ്റ്റ് അവസാനത്തോടെ തുടക്കമിട്ട അഹിംസാത്മകവും, ആഗോളതലത്തിൽ ഏകോപിതവുമായ ഈ ദൗത്യം ഇപ്പോൾ 41 ബോട്ടുകളിലായി നിലകൊള്ളുന്നു. നാൽപ്പത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള 280-ലധികം പേർ അതിൽ ഭാഗഭാക്കുകളാണ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിന് എതിരായ സമരത്തിന്റെ പ്രതീകമായ നെൽസൺ മണ്ടേലയുടെ ചെറുമകനായ മാണ്ട്ല മണ്ടേല, പ്രശസ്ത അമേരിക്കൻ നടി സൂസൻ സാരണ്ടൻ, രാഷ്ട്രീയ കാരണങ്ങളാൽ സിനിമ തന്നെ ഉപേക്ഷിച്ച ഫ്രഞ്ച് നടി അഡെൽ ഹെയ്നൽ, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്, ഫ്രാൻസിലെ ലാ ഫ്രാൻസ് ഇൻസൂമൈസ് പ്രസ്ഥാനത്തിന്റെ ഭാഗമായ എമ്മ ഫോർറിയോ, മുൻ ബാഴ്‌സലോണ മേയർ അഡാ കൊളൗ തുടങ്ങിയ നിരവധി പ്രമുഖർ ഫ്ലോട്ടില്ലയുടെ കപ്പലുകളിലും, യാനങ്ങളിലും സന്നിഹിതരാണ്. ബ്രിട്ടീഷ് പത്രപ്രവർത്തകയും, ആക്ടിവിസ്റ്റുമായ യോവോൺ റിഡ്‌ലി, പോർച്ചുഗീസ് സാമ്പത്തിക വിദഗ്ദ്ധയും അവിടുത്തെ ഇടതുപക്ഷ ബ്ലോക്കിന്റെ ദേശീയ കോർഡിനേറ്ററുമായ മരിയാന മോർട്ടാഗ്വയും ഫ്ലോട്ടില്ലയുടെ ഭാഗമാണ്. പ്രമുഖർക്ക് പുറമെ നിരവധി സാധാരണക്കാരും ഭാഗമായ ഈ ദൗത്യത്തിൽ അമേരിക്കയിൽ നിന്നും 30 പേർ ഉൾപ്പെടുന്നു. "നിരായുധരായ ഈ മനുഷ്യർ തുടർച്ചയായ അഹിംസ പരിശീലനത്തിൽ ഏർപ്പെടുന്നു. ഗാസയിലെ അതിജീവിച്ച കുടുംബങ്ങൾക്ക് ഭക്ഷണം, ഔഷധ സാധനങ്ങൾ, മാനുഷിക സഹായം എന്നിവ എത്തിച്ചുകൊണ്ട് 2008 മുതൽ ഗാസ നിവാസികൾ അനുഭവിച്ചുവരുന്ന നിയമവിരുദ്ധ ഉപരോധം തകർക്കാൻ അവർ ലക്ഷ്യമിടുന്നു", എഴുത്തുകാരിയായ കാത്തി കെല്ലി ഒരു കുറിപ്പിൽ പറഞ്ഞു.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല | PHOTO: WIKI COMMONS
വർഷങ്ങളായി ഉപരോധം നേരിടുന്ന ഗാസയിലെ പ്രതിസന്ധിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും, മാനുഷിക സഹായം എത്തിക്കുന്നതിനുമുള്ള ഈ ദൗത്യം ഗാസയുടെ തീരത്തിനടുത്ത് എത്തിയ വേളയിലാണ് ഗാസയിൽ 'വെടിനിർത്തൽ' നടപ്പിലാക്കുന്നതിനുള്ള ഒരു പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുന്നതെന്ന കാര്യം യാദൃച്ഛികമാവാൻ വഴിയില്ല. ഇസ്രായേലി പ്രധാനമന്ത്രിയും, വംശഹത്യയുടെ നടത്തിപ്പുകാരനുമായ ബെഞ്ചമിൻ നെതന്യാഹുവുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് സമാധാനത്തിനായുള്ള തന്റെ ഇരുപതിന പദ്ധതി ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ സ്വതസിദ്ധമായ പൊള്ളത്തരങ്ങളും, അതിശയോക്തികളും മാറ്റി നിർത്തിയാൽ ഫലസ്തീൻ ജനതയുടെ രാഷ്ട്രീയവും, ദേശീയവുമായ സ്വയം നിർണ്ണയാവകാശത്തിനും, ഗാസയിലെ ഇപ്പോഴത്തെ ദുരന്തത്തെ അടിയന്തിരമായി പരിഹരിക്കുന്നതിനുമുള്ള ക്രിയാത്മകമായ നിർദേശങ്ങളൊന്നും ഇരുപതിന പരിപാടിയിൽ കാണാനാവില്ല. പശ്ചിമേഷ്യയിലെ രാജഭരണങ്ങളുടെ പിന്തുണയോടെ യുദ്ധകുറ്റവാളിയെന്ന ആരോപണം നേരിടുന്ന ടോണി ബ്ലെയറിനെ പോലുള്ള ആഗോള ആജ്ഞാനുവർത്തികളുടെ കാർമികത്വത്തിൽ ഗാസയെ ഒരു റിയൽ എസ്റ്റേറ്റ് വെഞ്ച്വർ ആക്കി മാറ്റുന്നതിനുള്ള രൂപരേഖയാണ് ട്രംപ് അവതരിപ്പിച്ചത്.
ഇസ്രായേലും, നെതന്യാഹുവും ആഗോളതലത്തിൽ ഏതാണ്ട് പൂർണ്ണമായും ഒറ്റപ്പെടുന്ന സാഹചര്യം ഇപ്പോൾ സംജാതമായിട്ടുണ്ട്. ഇസ്രായേലിനെ ബഹിഷ്ക്കരിക്കുന്നതിനുള്ള ആഗോള പരിശ്രമങ്ങളുടെ മറ്റൊരു രൂപമാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല. "സുമുദ്" എന്ന അറബി വാക്കിന്റെ അർത്ഥം "സ്ഥിരത" അല്ലെങ്കിൽ "പ്രതിരോധശേഷി" എന്നാണ്. ഫലസ്തീനിനെ പിന്തുണയ്ക്കുന്ന ജിഎസ്എഫ് പങ്കാളികളുടെ ദൃഢനിശ്ചയത്തെ അത് പ്രതിഫലിപ്പിക്കുന്നതായി ഫ്ലോട്ടില്ലയുടെ സംഘാടകർ അവകാശപ്പെടുന്നു. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ദൗത്യത്തെ പറ്റി ആഗോള മുഖ്യധാരാ മാധ്യമങ്ങൾ നിശബ്ധത പുലർത്തുന്നുവെങ്കിലും ബദൽ മാധ്യമ ശൃംഖലകളിൽ അതിന്റെ പുരോഗതിയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഇടതടവില്ലാതെ ലഭിക്കുന്നു. ഫലസ്തീൻ വംശഹത്യയിൽ പാശ്ചാത്യ ലോകത്തിനുള്ള കൂട്ടുത്തരവാദിത്തവും, ഇരട്ടത്താപ്പും ഏറ്റവുമധികം വെളിപ്പെടുന്ന ഒരിടമാണ് ആഗോള മുഖ്യധാരാ മാധ്യമങ്ങൾ. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ദൗത്യത്തെ കുറിച്ചുള്ള ശുഷ്ക്കമായ വാർത്തകൾ അതിന്റെ ഏറ്റവും പുതിയ തെളിവാണ്. ഫ്ലോട്ടില്ലയുടെ ദൗത്യത്തെ കുറിച്ചുള്ള വാർത്തകൾക്ക് പകരം ട്രംപിന്റെ ഇരുപതിന പരിപാടിയെക്കുറിച്ചുള്ള വിവരങ്ങളാവും അടുത്ത ദിവസങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുക.
നെതന്യാഹുവും ട്രംപും | PHOTO: WIKI COMMONS
ഫ്രീഡം ഫ്ലോട്ടില്ല കൂട്ടായ്മ, ഗ്ലോബൽ മൂവ്‌മെന്റ് ടു ഗാസ എന്നിവയുൾപ്പെടെയുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മയാണ് ഇപ്പോഴത്തെ ഫ്ലോട്ടില്ല ദൗത്യം സംഘടിപ്പിക്കുന്നത്. ഗ്രെറ്റ തുൻബെർഗ് പങ്കെടുത്ത സമാനമായ മറ്റൊരു ദൗത്യം ഏതാനും മാസങ്ങൾക്ക് മുൻപ് ഇസ്രായേൽ ബലമായി തിരിച്ചയച്ചിരുന്നു. അഹിംസയിലും, മനുഷ്യാന്തസ്സിനുമുള്ള പ്രതിബദ്ധതയാൽ ഐക്യപ്പെടുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ, ഡോക്ടർമാർ, കലാകാരന്മാർ എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന കൂട്ടരാണ് ഇപ്പോഴത്തെ ഫ്ലോട്ടില്ലയിലെ പങ്കാളികൾ.
2025 ആഗസ്റ്റ് അവസാനത്തോടെ ഒട്രാന്റോ, ജെനോവ, ബാഴ്‌സലോണ എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട പ്രതിനിധി സംഘങ്ങളും, വാഹനവ്യൂഹങ്ങളും സെപ്റ്റംബർ ആദ്യം കാറ്റാനിയ, സിറോസ്, ടുണീസ് എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട ഫ്ലോട്ടില്ലയായി മാറി. ശക്തമായ കാറ്റും, കൊടുങ്കാറ്റും കാരണം ചില താൽക്കാലിക തടസ്സങ്ങൾ നേരിട്ടു. സെപ്റ്റംബർ 3ന്, ഇറ്റാലിയൻ വാഹനവ്യൂഹം സിസിലിയിലെത്തി. ടുണീഷ്യൻ കപ്പലുകൾ ടുണീസിലേക്കും അടുക്കാൻ തുടങ്ങി. നാല് ദിവസത്തിന് ശേഷം, സ്പാനിഷ് വാഹനവ്യൂഹത്തിന്റെ ഒരു ഭാഗം വടക്കൻ ടുണീഷ്യയിൽ എത്തി. അവിടെ സെപ്റ്റംബർ 9ന് പുലർച്ചെ, ഒരു പ്രധാന കപ്പലിൽ തീപിടുത്തമുണ്ടായി. അത് ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നു. അടുത്ത രാത്രിയിൽ മറ്റൊരു കപ്പലിലും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. സെപ്റ്റംബർ 19ന്, സിലിസിയിൽ നിന്നും സ്പാനിഷ്, ടുണീഷ്യൻ വാഹനവ്യൂഹങ്ങൾ ഗ്രീസിലേക്ക് പോയി. സെപ്റ്റംബർ 22ന്, ഗ്രീക്ക് വാഹനവ്യൂഹം മിലോസിൽ നിന്ന് ക്രീറ്റിലേക്ക് പോയി, അടുത്ത ദിവസം എത്തി. സെപ്റ്റംബർ 24ന് രാത്രിയിൽ പതിനൊന്ന് കപ്പലുകളെ ഡ്രോണുകൾ ആക്രമിച്ചു.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഈ സംരംഭത്തിന് ഒരു ഡസനിലധികം വിദേശകാര്യ മന്ത്രിമാർ, ഇറ്റാലിയയിലെ രാഷ്ട്രീയക്കാർ, രാഷ്ട്രീയ പാർട്ടികൾ, സ്പെയിനിലെയും, പോർച്ചുഗലിലെയും എംപിമാർ, കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് എന്നിവർ പിന്തുണ നൽകുന്നു. എന്നാൽ, ഇതിൽ പങ്കെടുക്കുന്നവരെ തീവ്രവാദികളായി കരുതി ജയിലിലടയ്ക്കണമെന്ന് ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറയുന്നു. ഫ്ലോട്ടില്ലയെ തടയുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതിജ്ഞയെടുത്തു. ഫ്ലോട്ടില്ലയ്‌ക്കെതിരായ ആക്രമണങ്ങൾക്ക് മറുപടിയായി ഇറ്റാലിയൻ-സ്പാനിഷ് നാവികസേനകളുടെ സഹായം അതാതു രാജ്യങ്ങൾ നൽകി. അതേ സമയം ഫ്ലോട്ടില്ലയെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസ്താവിച്ചിട്ടുണ്ട്. സെപ്റ്റംബർ 30ന് രാത്രി ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ ഫ്ലോട്ടില്ല ഒക്ടോബർ 2ന് ഗാസയുടെ തീരങ്ങളിൽ എത്തുമെന്നാണ് കണക്കാക്കുന്നത്.
ഫ്ലോട്ടില്ലക്ക് വത്തിക്കാൻ പരസ്യമായ പിന്തുണയും സഹായവും നൽകണമെന്ന് ആവശ്യപ്പെട്ട കാത്തി കെല്ലി ഇങ്ങനെ എഴുതുന്നു. "വിലാപവും, പ്രാർത്ഥനയും കലർന്ന അവരുടെ സന്ദേശം കൂടുതൽ ശക്തമാക്കാൻ നമുക്ക് ആഗ്രഹിക്കാം. പ്രായശ്ചിത്തം, നഷ്ടപരിഹാരം, ഉടനടി വെടിനിർത്തൽ, എല്ലാ ബന്ദികളുടെയും മോചനം, ഗാസ സുമുദ് ഫ്ലോട്ടില്ലയ്ക്ക് ഗാസ തീരത്ത് സുരക്ഷിതമായ സ്വാഗതം എന്നിവയ്ക്കായി മുറവിളി കൂട്ടാൻ വത്തിക്കാൻ ക്രിസ്ത്യൻ, മുസ്ലീം, ജൂത, മറ്റ് വിശ്വാസാധിഷ്ഠിത ശബ്ദങ്ങളുമായി ചേരുമെന്ന് നമുക്ക് പ്രാർത്ഥിക്കാം".


.jpg)