TMJ
searchnav-menu
post-thumbnail

Outlook

നവകേരള ഫലിതങ്ങള്‍

15 Dec 2023   |   3 min Read
ഷെരീഫ് സാഗർ

ണ്ടൊരു മുഖ്യമന്ത്രി ഇതുപോലെ ഇറങ്ങിത്തിരിച്ചതാണ്. വില്ലേജ് ഓഫീസറുടെ പണിയെടുക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി ഊരുചുറ്റുന്നത് എന്നായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടിയോടുള്ള പ്രതിപക്ഷത്തിന്റെ ചോദ്യം. ആ നെഞ്ചിന്‍ കൂടിനിട്ട് ഒരേറും കൊടുത്തു. ഇന്ന് മന്ത്രിസഭ ഒന്നാകെ വില്ലേജ് ഓഫീസറുടെ പണിയെടുക്കാനായി ഊരുചുറ്റുകയാണ്. അതാണ് ഒന്നാമത്തെ ഫലിതം. മുഖ്യമന്ത്രിയും പരിവാരവും എഴുന്നള്ളുന്നത് കാണാനൊക്കെ ചേലാണ്. എന്നാല്‍, ജനം അത്ര ചേലിലല്ല. അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. 

ഏത് സര്‍ക്കാര്‍ ഭരിച്ചാലും കരിങ്കൊടിയും പ്രതിഷേധവുമൊക്കെ നാട്ടില്‍ സംഭവിക്കാറുള്ളതാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അത്തരം പ്രതിഷേധങ്ങള്‍ അനിവാര്യവുമാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ പ്രതിഷേധങ്ങളെ നേരിടുന്ന രീതി കോമഡിയും ചിലപ്പോഴൊക്കെ ട്രാജഡിയുമാണ്. മുഖ്യമന്ത്രി വരുന്നുണ്ടെങ്കില്‍ വെള്ളക്കുപ്പായമോ കറുത്ത കുപ്പായമോ ധരിച്ച് സാധാരണക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. വെള്ളക്കുപ്പായമാണെങ്കില്‍ കോണ്‍ഗ്രസുകാരനാണെന്ന് കരുതി അറസ്റ്റ് ചെയ്യും. കറുത്തതാണെങ്കില്‍ പ്രതിഷേധക്കാരനാണെന്ന് ധരിച്ച് പിടിച്ചുകൊണ്ടു പോകും. ചായ കുടിക്കാനോ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനോ വരുന്ന സാധാരണക്കാരെ പോലും പോലീസും പാര്‍ട്ടിക്കാരും പേടിക്കുകയാണ്. 

REPRESENTATIVE IMAGE | WIKI COMMONS
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നവരെ നിയന്ത്രിക്കാനും അടിച്ചോടിക്കാനും പോലീസിന് നേരമില്ലാത്തത് കൊണ്ട് ആ ഓവര്‍ടൈം പണിയും സി.പി.എമ്മുകാര്‍ ചെയ്യണം. എന്തൊരു ഗതികേടാണ്! ചെടിച്ചട്ടി, ഹെല്‍മെറ്റ്, കുറുവടി എന്നിവ കൊണ്ടാണ് പ്രയോഗം. കാടടച്ചുള്ള അടിയായത് കൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ വരെ അടികൊള്ളുന്ന സാഹചര്യമുണ്ടായി. കൊച്ചിയില്‍ ആള് മാറി മര്‍ദ്ദനമേറ്റത് ഡി.വൈ.എഫ്.ഐക്കാരനാണ്. ഞാനും നിങ്ങളും ഒരേ പാര്‍ട്ടിയാണെന്ന് ആ മനുഷ്യന്‍ ആര്‍ത്ത് വിളിച്ച് പറഞ്ഞിട്ടും കേട്ടില്ല. തലങ്ങും വിലങ്ങും തല്ലി. ഇനി ഈ പാര്‍ട്ടിയില്‍ നില്‍ക്കുന്നില്ലെന്ന് ആ മനുഷ്യന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള ഫലിതങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാല്‍ കേസാണ്. വെറും കേസല്ല. മുന്നൂറ്റെട്ടാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാലും നരഹത്യാ ശ്രമത്തിനാണ് കേസ്. അങ്ങനെയിപ്പൊ ജനാധിപത്യം പുലര്‍ത്തണ്ട എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം അവതാളത്തിലാണ്. റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. സബ്സിഡിയില്ലാതെ സാധനങ്ങള്‍ വില്‍ക്കേണ്ട ഗതികേടിലാണ് സപ്ലൈക്കോ. നെല്‍ കര്‍ഷകന് സബ്സിഡി കിട്ടുന്നില്ല. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചയൂണിന് പണമില്ല. കലോത്സവത്തിന് പന്തലിടാനും ഊണു വിളമ്പാനും പണമില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനുമില്ല. ഇത്രയൊക്കെ പ്രശ്നങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുമ്പോഴാണ് ഇനിയും പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ചുള്ള ഊരുചുറ്റല്‍. 

REPRESENTATIVE IMAGE | FACEBOOK
നവകേരള സദസ്സിന് വേണ്ടി നടത്തുന്ന പിരിവിന് ലക്കും ലഗാനുമില്ല. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് പിരിവ് നടത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. പിരിവ് നല്‍കാത്ത കുറ്റത്തിന് തൃശൂര്‍ കുറ്റൂരിലെ കോഴിക്കട പഞ്ചായത്തിനെ കൊണ്ട് പൂട്ടിച്ചു. പല കാരണങ്ങള്‍ പറഞ്ഞ് നേരത്തെ തന്നെ സി.പി.എം ഭരിക്കുന്ന കോലഴി പഞ്ചായത്ത് 25,000 രൂപ പിഴയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കട പൂട്ടണമെന്ന് നോട്ടീസ് വന്നത്. നവകേരള സദസ്സിന് പതിനായിരം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടത് നല്‍കാത്തതാണ് കാരണമെന്ന് കടയുടമ കരഞ്ഞുകൊണ്ട് പറഞ്ഞത് കേരളത്തിലാണ്. 

ഇരിങ്ങാലക്കുടയില്‍ ഇടത് മന്ത്രിസഭയെ സ്വീകരിക്കാന്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ താമരമാല വഴിപാട് നടത്തി ശീട്ടാക്കി. നവകേരള സദസ്സിന് മഴ പെയ്യാതിരിക്കാനാണത്രേ വഴിപാട് നടത്തിയത്. ഈ പണി ചെയ്തത് ഏതെങ്കിലും സാധാരണക്കാരനല്ല. സ്ഥലം തഹസില്‍ദാറാണ്. പുരോഗമന സര്‍ക്കാറിന്റെ നവകേരള സദസ്സ് നടക്കുന്നതിന്റെ നൂറ് മീറ്റര്‍ അപ്പുറത്ത് ഇറച്ചി മാര്‍ക്കറ്റ് പാടില്ലെന്ന നിര്‍ദേശം നല്‍കിയത് കായംകുളം നഗരസഭയാണ്. കോട്ടയത്ത് മാര്‍പ്പാപ്പ പങ്കെടുത്ത പരിപാടി പോപ്പ് മൈതാനം എന്നറിയപ്പെട്ട പോലെ പിണറായി വിജയന്റെ പാദസ്പര്‍ശമേറ്റ മൈതാനം ഇനി നവകേരള മൈതാനം എന്നറിയപ്പെടട്ടെ എന്ന് പ്രസംഗിക്കുന്നത് മന്ത്രി വാസവനാണ്. ഇങ്ങനെ, തമാശകളുടെ നീണ്ട പട്ടികയുണ്ട്. 

നവകേരള സദസ്സ് | PHOTO: FACEBOOK
സ്‌കൂളുകള്‍ക്ക് അവധി കൊടുത്തും കുട്ടികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചും സദസ്സ് കൊഴുപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും കോടതി ഇടപെട്ടതോടെ അതും പാളി. നവകേരള സദസ്സിന് അലമ്പന്മാരെ കൊണ്ടുവരാതെ അച്ചടക്കമുള്ള കുട്ടികളെ പറഞ്ഞയക്കണമെന്നായിരുന്നു സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശം. മാവേലിക്കരയില്‍ മന്ത്രിമാരുടെ ബസ്സിന് വഴിയൊരുക്കാനായി ഒരു സ്‌കൂളിന്റെ 100 മീറ്റര്‍ മതില് തന്നെ പൊളിച്ചു. അന്തിപ്പാതിര നേരത്ത് ആരും കാണാതെയായിരുന്നു ഈ മതില് പൊളി. മന്ത്രിമാരുടെ സുരക്ഷക്ക് വേണ്ടി കുട്ടികളുടെ സുരക്ഷ പൊളിച്ചു. മതില് പൊളിച്ചത് എന്തിനെന്ന് കോടതി ചോദിച്ചപ്പോള്‍ സംഭവിച്ചുപോയി, മാപ്പാക്കണം എന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. 

പരാതി പരിഹാരത്തിനാണ് തുടങ്ങിയത്. എന്നാല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ പരാതി പ്രളയമാണ്. സുഹൃത്ത് വി.ആര്‍ രാഗേഷിന്റെ കാര്‍ട്ടൂണില്‍ പറഞ്ഞത് പോലെ കൊതുകിനെ വിട്ട് കുത്തി കൊല്ലാന്‍ ശ്രമിച്ചു എന്ന മട്ടിലാണ് പ്രതിഷേധക്കാര്‍ക്കെതിരായ പരാതികള്‍. എറണാകുളത്ത് മറ്റൊരു തമാശയുണ്ടായി. നവകേരള സദസ്സിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന് ആലുവ ഈസ്റ്റ് പോലീസിന്റെ ഉത്തരവ്. വേറെ എവിടെയെങ്കിലും പോയി പാകം ചെയ്ത ഭക്ഷണം കടയിലെത്തിച്ച് വിറ്റാല്‍ മതിയെന്നായിരുന്നു ഉത്തരവ്. സംഭവം വിവാദമായപ്പോള്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഉപയോഗിക്കരുതെന്ന് തിരുത്തി. 

ജനാധിപത്യത്തിന് ചില രീതികളുണ്ട്. ഭരിക്കാന്‍ ഒരു ക്യാബിനറ്റുള്ളപ്പോഴാണ് ആ ഭരണത്തെ വിമര്‍ശിക്കാനും തിരുത്താനും ക്യാബിനറ്റ് റാങ്കോടെ പ്രതിപക്ഷ നേതാവിനെ ഇരുത്തുന്നത്. മന്ത്രിമാര്‍ക്ക് തുല്യമായ ശമ്പളവും അലവന്‍സുകളും കൊടുക്കുന്നത്. സെക്രട്ടേറിയേറ്റില്‍നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസിലെത്താം. ജനാധിപത്യത്തിന്റെ സൗന്ദര്യമാണിത്. ഒരു സുപ്രഭാതത്തില്‍ അതെല്ലാം ഇല്ലാതാക്കി ഭരിച്ചുകളയാം എന്ന് ആര് വിചാരിച്ചാലും നടക്കില്ല. പിണറായി വിജയന്‍ ഭരിക്കും. വി.ഡി സതീശന്‍ വിമര്‍ശിക്കും. ഭരിക്കാനുള്ള അവകാശം പോലെ വിമര്‍ശിക്കാനുള്ള അവകാശവും ജനാധിപത്യത്തിന്റെ ഭാഗമാണ്. ആ തിരിച്ചറിവ് ഇല്ലാതെ പോകുമ്പോഴാണ് പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ നേരിടേണ്ടി വരുന്നത്.


#outlook
Leave a comment