ചിരിയുടെ സുല്‍ത്താന് വിട
"കാലിഫോര്‍ണിയയിലേക്ക് ചരക്ക് കയറ്റാന്‍ പോണ ഉരുവാണ്. നിങ്ങക്ക് രണ്ടാക്കും വേണ്ടി വേണെങ്കില്‍ നമ്മളത് ദുബായ് കടപ്പുറം വഴി തിരിച്ചുവിടാം...
അസലാമു അലൈക്കും... വാ അലൈക്കും ഉസലാം... മതി..." ഈ ഒരു രംഗത്തിലാണ് ഗഫൂര്‍ 'നാടോടിക്കാറ്റ്' എന്ന സിനിമയില്‍ വരുന്നത്. എന്നാല്‍ ആ കഥാപാത്രം സിനിമയില്‍ ഉണ്ടാക്കുന്ന ഇമ്പാക്റ്റ് എത്രയാണെന്ന് പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. ഈ ഡയലോഗ് വായിക്കുമ്പോള്‍ തന്നെ മാമുക്കോയയുടെ മുഖം നമ്മുടെ മനസ്സിലേക്ക് കടന്നുവരും. ഈ ഒരു കാരക്ടര്‍ ഇല്ലെങ്കില്‍ ആ സിനിമ തന്നെയില്ല. ഗഫൂര്‍ കാ ദോസ്ത് ആവാന്‍ ദാസനും വിജയനുമാവില്ല. അവര്‍ ഗള്‍ഫ് എന്ന് കരുതി മദ്രാസ് നഗരത്തില്‍ എത്തിപ്പെടില്ല. അവര്‍ സിഐഡികളുമാവില്ല. ഈ സിനിമയ്ക്ക് തുടര്‍ഭാഗങ്ങളുമുണ്ടാവുമായിരുന്നില്ല.
നാടകങ്ങളിലൂടെ വന്ന മാമുക്കോയ എന്ന നടന്‍, നാനൂറില്‍പരം സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍, മലയാളത്തിലെ എക്കാലത്തെയും ചില ജനപ്രിയ സിനിമകളില്‍, വളരെ കുറച്ചു രംഗത്തില്‍ മാത്രം അഭിനയിച്ച്, എന്നാല്‍, ആ രംഗമോ കഥാപാത്രമോ ഇല്ലാതെ ആ സിനിമ തന്നെ അപൂര്‍ണ്ണമാവുന്ന രീതിയിലുള്ളതുമുണ്ട്. അത്തരത്തിലുള്ള ചില കഥാപാത്രങ്ങളെക്കുറിച്ചുള്ളതാണ് ഈ കുറിപ്പ്. അതില്‍ത്തന്നെ ആദ്യം മനസ്സിലേക്ക് നിറഞ്ഞ ചിരിയോടെ ഓടിവരുന്ന കഥാപാത്രമാണ് 'നാടോടിക്കാറ്റിലെ ഗഫൂര്‍'.
'നാടോടിക്കാറ്റ്' സിനിമയിലെ രംഗം
"ഈ കൊല്ലാനും തല്ലാനും നടക്കണോരൊക്കെ പ്രേം നസീറിന്റെ നിലക്കുണ്ടാവോ?... അങ്ങനെ എല്ലാം തെകഞ്ഞു ലക്ഷണൊത്ത ഒരാളെ കിട്ടണെങ്കില്‍ ഞാന്‍ തന്നെ വരണ്ടി വരും." ജമാല്‍/ ശങ്കുണ്ണി നായര്‍, 'ഹിസ് ഹൈനെസ്സ് അബ്ദുള്ള' എന്ന സിനിമയിലില്ലെങ്കില്‍ ആ സിനിമ എങ്ങനെയാകും മുന്നോട്ടുപോകുക. വേറെ ആളുകള്‍ അഭിനയിക്കാന്‍ ഉണ്ടാകുമായിരിക്കാം. എന്നാല്‍ മലബാര്‍ സ്ലാങ്ങിലുള്ള ജമാലായി മാമുക്കോയ അല്ലെങ്കില്‍ ആ വേഷമിടാന്‍ ഒരേയൊരാളെ അന്ന് മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ. അത് കുതിരവട്ടം പപ്പുവാണ്. ജമാല്‍ ഇല്ലെങ്കില്‍ അബ്ദുള്ള ആ കൊട്ടാരത്തില്‍ തമ്പുരാനെ കൊല്ലാന്‍ എത്തുമായിരുന്നില്ല. ഹിസ് ഹൈനെസ്സ് അബ്ദുള്ളയും ഉണ്ടാകുമായിരുന്നില്ല.
ഹംസക്കോയയെ എല്ലാവര്‍ക്കും ഓര്‍മയില്ലേ? " ബാലര്‍ഷ്ണാ... കള്ള നായിന്റെ മോനെ...
അള്ളാ ഇത്രേം ചെറിയ എനിക്ക് വരാന്‍ രണ്ട് വണ്ട്യാ...
അതല്ലേ ഞാനും ചോയ്ക്കുന്ന് ഇതെന്താ ഓട്ടര്‍ഷ ബസ്റ്റാന്‍ഡാ..." ഹംസക്കോയയ്ക്ക് മുപ്പത്തയ്യായിരം രൂപ കൊടുക്കാനില്ലെങ്കില്‍ ബാലകൃഷ്ണന്‍ ഒരിക്കലും മറ്റൊരു നാട്ടില്‍ ജോലി തേടി എത്തുകയോ, മാന്നാര്‍ മത്തായിയുടെയും ഗോപാലകൃഷ്ണന്റെയും അടുത്ത് ചേരുകയോ, ഉറുമീസ് തമ്പാന്റെ മകളെ കടത്തിക്കൊണ്ടുപ്പോയതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുകയോ ഒന്നും ചെയ്യുമായിരുന്നില്ല. ബാലകൃഷ്ണന്‍ എന്ന കഥാപാത്രം തന്നെ ഉണ്ടാവുമായിരുന്നില്ല. എന്നാല്‍ എവെര്‍ഗ്രീന്‍ കോമഡി ഹിറ്റായ 'റാംജിറാവു സ്പീക്കിങ്' ഹംസക്കോയയിലൂടെ ബാലകൃഷ്ണനെ നമുക്കായി സമ്മാനിച്ചു.
'റാംജിറാവു സ്പീക്കിങ്' സിനിമയിലെ രംഗം
"ലെതറ് കമ്പനിയാവുമ്പോ സ്‌പോര്‍ട്‌സ് കോട്ട കാണും. കുഞ്ഞിക്കാദറ് നല്ല ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. അവനാവഴിക്കായിരിക്കും അകത്തുകടന്നത്...
അന്റെ അച്ഛന്‍ പറഞ്ഞത് തെറ്റൊന്നല്ല. ഇന്റെ പണിക്ക് അത്യാവശ്യം സ്‌പോര്‍ട്‌സൊക്കെ വേണം. പക്ഷേ ഒരൊറ്റ വ്യത്യാസം... എപ്പോളോടണം എത്ര മീറ്റര്‍ ഓടണം എന്നാദ്യം പറയാന്‍ പറ്റൂല്ല..." മഴവില്‍ക്കാവടി എന്ന സിനിമയില്‍ കുഞ്ഞിക്കാദര്‍ എന്ന കാരക്ടര്‍ എത്രമാത്രം ഇമ്പാക്ട് ഉണ്ടാക്കുന്നുണ്ടെന്നു ആ സിനിമ കണ്ടവര്‍ക്കെല്ലാം അറിയാം. ആ കാരക്ടര്‍ മാമുക്കോയക്കല്ലാതെ മാറ്റാര്‍ക്കാണ് ചെയ്യാനാവുക.
നൂറ് വഴി അപ്പുക്കുട്ടന് പൈസ കടംകൊടുത്ത്, തന്റെ മകളുടെ നിക്കാഹിനു പൈസയ്ക്കായി അലയേണ്ടിവന്ന, 'ചന്ദ്രലേഖയിലെ' ബീരാനിക്കയെ എങ്ങനെ മറക്കാനാണ്. ബീരാനിക്കയോട് കടമില്ലെങ്കില്‍ അപ്പുക്കുട്ടനോ, നൂറിനോ ആ സിനിമയില്‍ തുടര്‍ന്നുണ്ടാവുന്ന വേഷങ്ങളൊന്നും കെട്ടേണ്ടി വരുമായിരുന്നില്ല. ഇതുപോലെ പല സിനിമയിലും മാമുക്കോയയുടെ കാരക്ടര്‍ ഇല്ലെങ്കില്‍ ആ സിനിമ എങ്ങനെയാകുമെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. 'ഗജകേസരിയോഗം', 'കാവടിയാട്ടം', 'തലയണമന്ത്രം', 'മനസ്സിനക്കരെ'...അങ്ങനെയങ്ങനെ...
'ചന്ദ്രലേഖ' സിനിമയിലെ രംഗം
വൈക്കം മുഹമ്മദ് ബഷീര്‍, എം എസ് ബാബുരാജ്, തിക്കോടിയന്‍, എംടി, എസ് കെ പൊറ്റക്കാട്, ഉറൂബ്, വി കെ എന്‍, ജോണ്‍ എബ്രഹാം, കെടി മുഹമ്മദ് എന്നിങ്ങനെ നീളുന്ന സൗഹൃദമാണ് മാമുക്കോയ സ്വന്തം ജീവിതത്തില്‍ എന്തിനെക്കാളുമേറെ വിലമതിച്ചിരുന്നത്. ആ ഒരു കാര്യത്തില്‍, ഇത്രയും വൈവിധ്യമാര്‍ന്ന ഒരു സൗഹൃദവലയം സൂക്ഷിച്ചിരുന്നതിനാല്‍ തന്നെ, കല്ലായിപ്പുഴയുടെ തീരത്ത് ജനിച്ചുവളര്‍ന്ന മാമുക്കോയയോട് തെല്ലെന്നില്ലാത്ത അസൂയയും തോന്നിയിരുന്നു.
ജീവിതത്തിലും നിലപാടുകള്‍കൊണ്ടും അദ്ദേഹം എന്നും വ്യത്യസ്തനായിരുന്നു. കലാകാരന്മാര്‍ക്ക് മരണമില്ലല്ലോ, അത്രയേറെ കഥാപാത്രങ്ങളെയല്ലേ മാമുക്ക അനശ്വരമാക്കിയത്. വെള്ളിത്തിരയില്‍ ചിരിയുടെ പെരുന്നാള്‍ തീര്‍ത്ത കലാകാരന് വിട.