
വാണിജ്യ-വ്യാപാര മേഖലക്ക് ഉത്തേജനമായി ജി എസ് ടി കൗണ്‍സില്‍ തീരുമാനങ്ങള്‍
പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ശനിയാഴ്ച ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലെ ചില തീരുമാനങ്ങള്‍ വാണിജ്യ-വ്യാപാര മേഖലക്ക് ഉത്തേജനവും ആശ്വാസവും നല്‍കുന്നതാണ്. 2017-18, 2018-19, 2019-20 വര്‍ഷങ്ങളിലെ നികുതി റേറ്റ് നിശ്ചയിച്ച് നല്‍കിയതില്‍ വന്ന പിഴവുകള്‍, റിട്ടേണ്‍ സമര്‍പ്പണത്തില്‍ കോളം മാറി തുകകള്‍ രേഖപ്പെടുത്തിയ കേസുകള്‍, ഇന്‍പുട്ട് ടാക്‌സ് സമയ പരിധിക്കുള്ളില്‍ അവകാശപ്പെടാന്‍ വിട്ടുപോയത് തുടങ്ങിയ വിഷയങ്ങളില്‍ നിരവധി കേസുകള്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതികളുടെയും അപ്പീല്‍ അതോറിറ്റികളുടെയും പരിഗണനയിലാണ്. നികുതിയും, പലിശയും, പിഴ പലിശയുമെല്ലാം ഉള്‍പ്പെടുന്ന ഈ വിഷയത്തില്‍ വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണ് ജി എസ് ടി കൗണ്‍സിലിന്റെ 53-ാം യോഗത്തില്‍ ഉണ്ടായിരിക്കുന്നത്.NIRMALA SITHARAMAN | IMAGE WIKI COMMONS
കൗണ്‍സില്‍ യോഗത്തിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഹ്രസ്വമായി ചുവടെ കുറിക്കുന്നു:-
1. സാമ്പത്തിക വര്‍ഷം 2017-18, 18-19, 19-20 എന്നിവയ്ക്കായി സെക്ഷന്‍ 73 പ്രകാരം പുറപ്പെടുവിച്ച ഡിമാന്‍ഡ് നോട്ടീസുകളില്‍ പലിശയും പിഴയും ഇളവ് നല്‍കും. 2025 മാര്‍ച്ചിനുള്ളില്‍ നികുതി പൂര്‍ണമായും അടയ്ക്കുന്നവര്‍ക്ക് ഇളവുകള്‍ ലഭ്യമാകും.
2. 2017-18, 18-19, 19-20, 20-21 സാമ്പത്തിക വര്‍ഷങ്ങളിലെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അടുത്ത വര്‍ഷത്തെ സെപ്റ്റംബര്‍ മാസം ഫയല്‍ ചെയ്യപ്പെടുന്ന പ്രതിമാസ റിട്ടെണുകള്‍ ആയ ജി എസ് ടി ആര്‍ 3 ബി യിലെങ്കിലും എടുത്തിരിക്കണം, അല്ലെങ്കില്‍ പ്രസ്തുത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നഷ്ടമാകും. ഉദാഹരണം: 2019-20 സാമ്പത്തിക വര്‍ഷത്തെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് 2020-21 സെപ്റ്റംബര്‍ മാസത്തിലെ ജി എസ് ടി ആര്‍ 3 ബി യില്‍ എടുത്തിരിക്കണം. അത് സമയ പരിധിക്കുള്ളില്‍ ഫയല്‍ ചെയ്തിരിക്കുകയും വേണം. ഈ വ്യവസ്ഥയില്‍ മുകളില്‍ സൂചിപ്പിച്ച വര്‍ഷങ്ങളില്‍ ഇളവ് വരുത്തി. ITC u/s16(4) നവംബര്‍ 30 വരെ ഫയല്‍ ചെയ്യാനുള്ള സമയ പരിധി അനുവദിച്ചു.
3. നികുതി വകുപ്പ് മുഖേന അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള പണത്തിന്റെ പരിധിയില്‍ മാറ്റം വരുത്തി. ട്രിബ്യൂണലിന് 20 ലക്ഷം; ഹൈക്കോടതിയില്‍ 1 കോടിയും സുപ്രീം കോടതിയില്‍ 2 കോടിയും വരെയുള്ള കേസുകള്‍.
4. അപ്പീല്‍ അതോറിറ്റിക്ക് മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള മുന്‍കൂര്‍ നിക്ഷേപത്തിന്റെ പരമാവധി തുക cgst, sgst എന്നിവയ്ക്കായി 25 കോടിയില്‍ നിന്ന് 20 കോടിയായി കുറച്ചു.
5. ട്രൈബ്യൂണലില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഓരോ നിക്ഷേപവും 20% ആയും cgst, sgst എന്നിവയ്ക്ക് 20 കോടി വീതവും കുറച്ചു.
6. ട്രൈബ്യൂണലില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നല്‍കുന്നതിനുള്ള നിയമഭേദഗതി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന തീയതി മുതല്‍ ആരംഭിക്കും.
7. കഴിഞ്ഞ വര്‍ഷത്തെ GSTR 4 ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഈ ജൂണ്‍ 30 വരെ നീട്ടി.REPRESENTATIONAL IMAGE | WIKI COMMONS
8. ജി എസ് ടി ആര്‍ 3 ബി ഫയല്‍ ചെയ്യുന്ന സമയത്ത് ക്യാഷ് ലെഡ്ജറില്‍ ലഭ്യമായ തുകയ്ക്ക് പലിശ ഈടാക്കില്ല.
9. GSTR 1-ല്‍ തിരുത്തല്‍ അനുവദിക്കുന്നതിന് പുതിയ ഫോം GSTR 1A ഉള്‍പ്പെടുത്തല്‍. 3 ബി ഫയല്‍ ചെയ്യുന്നതിന് മുമ്പ് അത് ഫയല്‍ ചെയ്യാന്‍ അനുവദിക്കും.
10. ജി എസ് ടി രജിസ്‌ട്രേഷന്, ഘട്ടം ഘട്ടമായി പാന്‍ ഇന്ത്യയുടെ അടിസ്ഥാനത്തില്‍ ബയോ മെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാര്‍ പ്രാമാണീകരണം.
11. വിവിധ വിഷയങ്ങളില്‍ നികുതി റേറ്റില്‍ വ്യക്തത വരുത്താനും തീരുമാനിച്ചു. പാലിന്റെ ക്യാനുകള്‍ മുതല്‍ പ്ലാറ്റ് ഫോം ടിക്കറ്റ് ഉള്‍പ്പടെയുള്ള റെയില്‍വേയുടെ സേവനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ഹോസ്റ്റല്‍ താമസമുള്‍പ്പെടെയുള്ള സേവനം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
ജി എസ് ടി നടപ്പിലായത് മുതല്‍ പല തലങ്ങളിലായി വാണിജ്യ-വ്യാപാരി സമൂഹം നേരിടുന്ന കേസുകളും മറ്റുള്ള വ്യവഹാരങ്ങളും ഒരു പരിധി വരെ ഒഴിവാക്കുന്നതിന് സഹായിക്കുന്നതാണ് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍. ഈ തീരുമാനങ്ങള്‍ എത്രയും വേഗം സര്‍ക്കാര്‍ ഉത്തരവുകളായി പുറത്ത് വരും എന്ന പ്രതീക്ഷയിലാണ് വ്യാപാരി-വ്യവസായി സമൂഹം.