TMJ
searchnav-menu
post-thumbnail

Outlook

ജിഎസ്ടി വെട്ടിപ്പ്; മിഥ്യയും യാഥാര്‍ത്ഥ്യവും

24 Feb 2024   |   4 min Read
ജേക്കബ് സന്തോഷ്

2017 ജൂലൈ ഒന്നിന് രാജ്യത്ത് അന്നുവരെ ഉണ്ടായിരുന്ന വാറ്റ്, എക്‌സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്‌സ് തുടങ്ങിയ നികുതികള്‍ ഏകീകരിച്ച് ''ഒരു രാജ്യം ഒരൊറ്റ നികുതി'' എന്ന ആശയം ഉള്‍ക്കൊണ്ട് നിലവില്‍ വരുകയായിരുന്നു. അന്നുവരെ ഓരോ സംസ്ഥാനത്തും ഒരേ ചരക്കിന് വിവിധങ്ങളായ നികുതി റേറ്റ് ആയിരുന്നു. ഇത് ഒറ്റ സംവിധാനത്തിന് കീഴില്‍ വരുന്നതോടെ രാജ്യത്ത് ഏകീകൃത നികുതി സംവിധാനം നിലവില്‍വന്നു എന്നാണ് പ്രഖ്യാപിച്ചിരുന്നത്, എന്നാല്‍ ഫലത്തില്‍ നമ്മുടെ രാജ്യത്ത് അങ്ങനെ ഒരു സംവിധാനം ഇന്നും ആയിട്ടില്ല എന്നതാണ് വസ്തുത.

നമുക്ക് അറിയാം പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും മദ്യവും ഇപ്പോഴും ഓരോ സംസ്ഥാനത്തും അവരവര്‍ നിശ്ചയിക്കുന്ന നികുതി റേറ്റില്‍ ആണ് വിറ്റുകൊണ്ടിരിക്കുന്നത്. 2018 ല്‍ കേരളത്തില്‍ മഹാപ്രളയം സംഭവിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിറ്റ് വരവിന്‍മേല്‍ ഒരു പ്രത്യേക സെസ് രണ്ടുവര്‍ഷത്തേക്ക് പിരിക്കാന്‍ അനുമതി ലഭിച്ചു. അങ്ങനെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വാഭാവികമായും കേരളത്തിലെ നികുതി കൂടുതല്‍ ആയി രണ്ടുവര്‍ഷത്തേക്ക് നാം നല്‍കി. ഇതെല്ലാം സൂചിപ്പിക്കുന്നത് ''ഒരു രാജ്യം ഒരൊറ്റ നികുതി'' എന്നത് വെറും ഒരു ആശയം മാത്രമായി അന്തരീക്ഷത്തില്‍ ഇന്നും നില്‍ക്കുന്നു എന്നതാണ്.

ആറ് വര്‍ഷം പിന്നിട്ട ജിഎസ്ടി എവിടെയെത്തി

തുടക്കത്തില്‍ ജിഎസ്ടി സോഫ്റ്റ്‌വെയറിലെ തകരാറുകള്‍, നികുതി ഘടനയിലെ അവ്യക്തത, റിട്ടേണ്‍ തയ്യാറാക്കുന്നതിലെ സങ്കീര്‍ണത തുടങ്ങിയ കുറേയധികം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം പൂര്‍ണമായും പരിഹരിക്കപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുതന്നെ പറയേണ്ടി വരും. ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ ധാരാളം തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും അതിന്റെ ഭാഗമായുള്ള അപ്പീലുകളുടെ കോടതി വ്യവഹാരങ്ങളും ഒരുവശത്ത് നടക്കുമ്പോള്‍ മറ്റൊരുവശത്ത് രാജ്യത്തെ നികുതി പിരിവ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടിവരുന്നതായി കാണാം. ഇത് എങ്ങനെ എന്ന് പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാണ്. സോഫ്റ്റ്‌വെയര്‍ സംവിധാനം ഏറെക്കുറെ നേരെയാക്കാന്‍ കഴിഞ്ഞതുകൊണ്ടും ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍ നല്ലൊരു പരിധിവരെ നികുതി പിരിവ് വര്‍ദ്ധനയ്ക്ക് കാരണമായി എന്നും മനസ്സിലാക്കാം. എന്നാല്‍ നിലവില്‍ ലഭിക്കുന്ന നികുതിയുടെ പല മടങ്ങ് ഇപ്പോഴും ചേരുന്നുണ്ട് എന്ന വസ്തുതയാണ് ആയിരക്കണക്കിന് കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടക്കുന്നതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.ജിഎസ്ടി തട്ടിപ്പുകളിലെ നെല്ലും പതിരും

ലക്ഷക്കണക്കിന് കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പുകള്‍ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഒരു അന്വേഷണം: കഴിഞ്ഞദിവസം എക്ണോമിക് ടൈംസ് പത്രം, ജിഎസ്ടി യിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഒരു വാര്‍ത്ത ചെയ്തിരുന്നു; അതില്‍ പറഞ്ഞത് 2023-24 സാമ്പത്തിക വര്‍ഷം, ഡിസംബര്‍ വരെ രാജ്യത്ത് ആകെ 1.51 ലക്ഷം കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി, അതില്‍ ഏകദേശം 18,541 കോടി രൂപ പിരിച്ചെടുത്തു. ആകെ കണ്ടെത്തിയ തട്ടിപ്പിന്റെ 0.12% മാത്രം ആണ് ഈടാക്കാന്‍ കഴിഞ്ഞത്. കൂടാതെ 29,273 സ്ഥാപനങ്ങള്‍ കൃത്രിമമായ ബില്ല് നല്‍കി, 44,015 കോടി രൂപയുടെ ഇന്‍പുട്ട് ടാക്‌സ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി എന്നാണ് വാര്‍ത്ത. ഇത്രയും വലിയ ഒരു തുക രാജ്യത്തെ സംവിധാനങ്ങളെ കബളിപ്പിച്ച് കുറച്ചുപേര്‍ തട്ടിയെടുത്തു. അത് ജിഎസ്ടി വകുപ്പിന്റെ ഇടപെടലിലൂടെ തകര്‍ത്തു എന്നാണ് വാര്‍ത്തയുടെ പൊരുള്‍. ഈ വാര്‍ത്തയെ ഉദ്ധരിച്ചുകൊണ്ടുതന്നെ കേരളത്തില്‍ ഇങ്ങനെ ആകെ എത്ര തുകയാണ് ഡിമാന്‍ഡ് ആയിട്ടുള്ളത് അതില്‍ എത്ര രൂപ ഇതുവരെ പിരിച്ചു എന്നറിയാന്‍ ചീഫ് കമ്മീഷണര്‍, സിജിഎസ്ടി, കൊച്ചി സോണിന്റെ ഓഫീസില്‍ കഴിഞ്ഞദിവസം ഒരു വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചി കമ്മീഷണറേറ്റിലെ രേഖകള്‍ ഉദ്ധരിച്ച് ലഭിച്ച മറുപടി താഴെ വിവരിക്കുന്നു:2017 മുതല്‍ 2023 ഡിസംബര്‍ വരെ ആകെ ഡിമാന്‍ഡ്: 226.37 കോടി രൂപയാണ്. അതില്‍ നികുതിയായി അടപ്പിക്കാന്‍ കഴിഞ്ഞത് 2.34 കോടി രൂപ മാത്രം. അതായത് ആകെ ഡിമാന്‍ഡ് ചെയ്ത തുകയുടെ 1.03 % ആണ്. എക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശരിയാണെങ്കില്‍ നികുതി ചോര്‍ച്ച കണ്ടെത്തിയ തുകയുടെ റിക്കവറി ദേശീയ ശരാശരി 0.12% ആണ്. അതേസമയം കേരളത്തിലെ ജിഎസ്ടി കമ്മീഷണറേറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് കൊച്ചി സോണിന്റെ റിക്കവറി റേറ്റ് 1.03% മാത്രമാണ്. ഈ ഒരു പാറ്റേണ്‍ ആണ് രാജ്യത്തെ മുഴുവന്‍ ഡിമാന്‍ഡുകളുടേയും അവസ്ഥ എങ്കില്‍, മുകളില്‍ എക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്ന, 2023-24 വര്‍ഷം ഡിസംബര്‍ വരെ മാത്രം കണ്ടെത്തിയ ജിഎസ്ടി തട്ടിപ്പ് തുകയായ ഒന്നരലക്ഷം കോടി രൂപയ്ക്ക് ഡിമാന്‍ഡും അതിനെതിരെ തുടര്‍ന്ന് നടക്കുന്ന അപ്പീല്‍ നടപടികളും കേസും മറ്റും കഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നികുതിയായി ഏകദേശം എത്ര രൂപ ലഭിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വിവരാവകാശ മറുപടിയായി ലഭിച്ച മറ്റ് ചില വിവരങ്ങള്‍: ബില്ലുകളില്‍ കൃത്രിമം കാണിച്ച കേസുകളില്‍ ആകെ കണ്ടുപിടിച്ചത് 12.043 കോടി രൂപയായിരുന്നു. അതില്‍ ഡിമാന്‍ഡ് ഇട്ടത് 1.34 കോടിയും അതിന്റെ അടിസ്ഥാനത്തില്‍ പിരിഞ്ഞുകിട്ടിയത് 0.016 കോടി രൂപ മാത്രം, ആകെ കണ്ടുപിടിച്ചത് എന്ന് അവകാശപ്പെടുന്ന 12.043 ന്റെ 0.13%. തെറ്റായ വിവരം നല്‍കി രജിസ്‌ട്രേഷന്‍ എടുത്ത് ഇന്‍പുട്ട് ടാക്‌സ് ക്ലെയിം ചെയ്ത കേസുകളില്‍ ആകെ കണ്ടുപിടിച്ചത് 55.94 കോടി, അതിന്റെ അടിസ്ഥാനത്തില്‍ ഡിമാന്‍ഡ് ഇട്ടത് 1.53 കോടി, പിരിച്ചെടുത്തത് 0.016 കോടി രൂപയും. ഇവിടേയും നികുതിയായി അടപ്പിക്കാന്‍ കഴിഞ്ഞത് ആകെ ഡിമാന്‍ഡിന്റെ 2.44% ആണ്.2017-18 വര്‍ഷത്തെ വാര്‍ഷിക റിട്ടേണുകള്‍ പരിശോധിച്ച് നോട്ടീസുകള്‍ അയച്ച് അസസ്‌മെന്റ് പൂര്‍ത്തിയാക്കേണ്ട അവസാന തീയതി കഴിഞ്ഞ ഡിസംബര്‍ 31 ആയിരുന്നു. സ്വാഭാവികമായും 2017-18 ലെ അസസ്‌മെന്റ് ഓര്‍ഡറുകള്‍ കൊച്ചി കമ്മീഷണറേറ്റില്‍ നിന്ന് ഈ മറുപടി തയ്യാറാക്കുമ്പോള്‍ നല്‍കി കഴിഞ്ഞിട്ടാവും. അതുപോലെ 2018-19 വര്‍ഷത്തെ വാര്‍ഷിക റിട്ടേണുകള്‍ പരിശോധിച്ച് നോട്ടീസ് നല്‍കേണ്ട അവസാന തീയതിയും കഴിഞ്ഞ ഡിസംബര്‍ 31 ആയിരുന്നു. ഇതെല്ലാം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആണ് വിവരാവകാശ മറുപടിയില്‍ രേഖപ്പെടുത്തിയ തുകകള്‍ എന്നുവേണം അനുമാനിക്കാന്‍.

എന്താണ് സംഭവിക്കുന്നത്:

ഇവിടെ സംഭവിക്കുന്നത് അസസിങ്ങ് ഓഫീസര്‍ അല്ലെങ്കില്‍ ഓഡിറ്റ് വിഭാഗം അദ്ദേഹത്തിന്റെ മനോധര്‍മ്മം അനുസരിച്ച് മുന്നില്‍ കാണുന്ന രേഖകള്‍ നിയമപരമായി ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതേയും മറ്റും ഒരു തുക കണ്ടെത്തിയതായി കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നു. തുടര്‍ന്ന് ഡീലര്‍ അല്ലെങ്കില്‍ അസസ്സി നല്‍കുന്ന മറുപടി മുഖവിലയ്ക്ക് എടുക്കാതെ ഒരു ഉത്തരവും ഇറക്കുന്നു. തുടര്‍ന്ന് അസസ്സി അപ്പീലും കേസും ആയി ഓഫീസുകളും കോടതികളും കയറി ഇറങ്ങാന്‍ നിര്‍ബന്ധിതമാകുന്നു.

നിലവില്‍ അസസിങ്ങ് ഓഫീസര്‍മാര്‍ നല്‍കുന്ന നോട്ടീസുകള്‍, അതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന മറുപടിയുടെ വെളിച്ചത്തില്‍ ഇറക്കുന്ന ഉത്തരവുകള്‍ പലതും ആദ്യ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന നിയമത്തിലെ അവ്യക്തത മൂലവും അതുപോലെ സമര്‍പ്പിക്കപ്പെട്ട റിട്ടേണില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയായി പരിശോധിക്കാന്‍ സോഫ്‌റ്റ്വെയറിലെ പ്രശ്‌നങ്ങള്‍ മൂലം കഴിയാത്തതും ആണ്. അതുകൊണ്ടുതന്നെ നല്ലൊരു ശതമാനം ഡിമാന്‍ഡും അപ്പീലിലൊ അല്ലെങ്കില്‍ ട്രൈബ്യൂണലിലൊ വരുമ്പോള്‍ തള്ളിപ്പോകാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ഒന്നാം അപ്പീല്‍ നടപടികളില്‍ തര്‍ക്കം ഉണ്ടെങ്കില്‍ അസസ്സിക്ക് സമീപിക്കാവുന്ന അഥോറിറ്റി ജിഎസ്ടി ട്രൈബ്യൂണല്‍ ആണ്, ജിഎസ്ടി നിലവില്‍ വന്ന് ഏഴുവര്‍ഷം ആകുമ്പോഴും രാജ്യത്ത് ജിഎസ്ടി ട്രൈബ്യൂണല്‍ നിലവില്‍ വന്നിട്ടില്ല എന്ന വസ്തുത മുന്നിലുള്ളപ്പോള്‍ ആണ് ഇത്തരം പ്രശ്‌നങ്ങളുടെ സങ്കീര്‍ണത എത്രത്തോളം ദൂരവ്യാപകമായ അപകടം ആണ് രാജ്യത്തെ വ്യവസായ വാണിജ്യ വ്യാപാര മേഖലയില്‍ വരുംകാലങ്ങളില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് ഊഹിക്കാം. 

മുകളില്‍ വിവരിച്ച വിഷയങ്ങള്‍ ശരിയായി കൈകാര്യം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനം നിലവില്‍ വന്നാല്‍ ഉറപ്പായും രാജ്യത്തെ നികുതി വരുമാനം കുതിച്ചുയരും. അതിന്റെ ഫലമായി നികുതി സ്ലാബുകള്‍ ഏകീകരിക്കാനും നിരക്ക് കുറയ്ക്കാനും കഴിയും. അതോടൊപ്പം ഇപ്പോഴും ജിഎസ്ടി ക്ക് പുറത്തുനില്‍ക്കുന്ന പെട്രോള്‍ ഡീസല്‍ തുടങ്ങിയവയും മദ്യവും എല്ലാം ജിഎസ്ടി യില്‍ കൊണ്ടുവരാനും കഴിയും. ഇന്നത്തെ അവസ്ഥ വെച്ച് നോക്കിയാല്‍, പക്ഷേ എത്രകാലം ഇതിന് വേണ്ടിവരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല!.#outlook
Leave a comment