TMJ
searchnav-menu
post-thumbnail

Outlook

ഹാംലെറ്റ് മെഷീന്‍: രാഷ്ട്രീയ മുദ്രിത ശരീരം 

12 Apr 2025   |   11 min Read
പി കെ സുരേന്ദ്രൻ

സാങ്കേതികവിദ്യ കലാരംഗത്ത് വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്‌. വീഡിയോ ആര്‍ട്ട്, ഡിജിറ്റൽ പെയിന്റിംഗ്, വെർച്വൽ റിയാലിറ്റി, എഐ(AI) ജനറേറ്റഡ് ആർട്ട് തുടങ്ങിയ പുതിയ മാധ്യമങ്ങൾ സാങ്കേതികവിദ്യ അവതരിപ്പിച്ചു. കലയ്ക്കും സാങ്കേതികവിദ്യയ്ക്കും ഇടയിലുള്ള അതിർവരമ്പുകൾ മങ്ങിച്ചുകൊണ്ട്, പ്രേക്ഷകരെ സൃഷ്ടികളിൽ ആമഗ്നരാക്കുന്ന സംവേദനാത്മക ഇൻസ്റ്റലേഷനുകളും വെര്‍ച്വല്‍  റിയാലിറ്റി അനുഭവങ്ങളും കലാകാരന്മാർ സൃഷ്ടിക്കുന്നു. കലാകാരന്മാർക്ക് സാങ്കേതികവിദ്യ വെറുമൊരു ഉപകരണമല്ല; കലയെ പുനർനിർമ്മിക്കുകയും കലാപരമായ ആവിഷ്കാരത്തിന്റെ സാധ്യതകൾ വികസിപ്പിക്കുകയും ചെയ്യുന്ന ഒരു സൃഷ്ടിപരമായ ശക്തിയാണ്. സാങ്കേതികവിദ്യയിലൂടെ കലാകാരന്മാർക്ക് സർഗ്ഗാത്മകതയുടെ അതിരുകൾ ഭേദിക്കാനും ലോകത്തിന്റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന പുതിയ കലാരൂപങ്ങൾ സൃഷ്ടിക്കാനും കഴിയുന്നു.

1960കളുടെ അവസാനത്തിൽ കോർപ്പറേറ്റ് പ്രക്ഷേപണത്തിന് പുറത്ത് വീഡിയോ ടേപ്പ് റെക്കോർഡറുകൾ പോലുള്ള പുതിയ ഉപഭോക്തൃ വീഡിയോ സാങ്കേതികവിദ്യ ലഭ്യമായതോടെ വിദേശത്ത്‌ വീഡിയോ ആർട്ട് ഉയർന്നുവന്നു. എന്നാല്‍ 1990കളോടെയാണ് ഇന്ത്യയിൽ വീഡിയോ ആര്‍ട്ട് പ്രചാരത്തിൽ വരുന്നത്. ഇവിടെ ഹാൻഡിക്യാമുകൾ കുറഞ്ഞ വിലയിൽ ലഭ്യമായതോടെ നിരവധി കലാകാരന്മാരും കലാകാരികളും അവരുടെ ആവിഷ്കാരത്തിന്റെ വിപുലീകരണത്തിനായി വീഡിയോ ഉപയോഗിച്ചു തുടങ്ങി. അടുത്തകാലത്തായി  ഇന്ത്യയിലെ നിരവധി ഗാലറികളും സ്വകാര്യ കളക്ടർമാരും അവരുടെ ശേഖരങ്ങളിൽ വീഡിയോ ആർട്ട് ചേർക്കാൻ തുടങ്ങിയിട്ടുണ്ട്. വീഡിയോ ഫോർമാറ്റുകൾ ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ഉയർച്ചയിലേക്ക് ഇത് നയിച്ചു, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇത് അസാധ്യമാണെന്ന് കരുതപ്പെട്ടിരുന്നു.

ഇന്ത്യയിലെ വീഡിയോ ആർട്ടിന്റെ ചരിത്രം 1991 മുതൽ ഈ മാധ്യമത്തിൽ നളിനി മലാനി നടത്തിയ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 1946ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ(ഇപ്പോൾ പാകിസ്ഥാൻ) കറാച്ചിയിൽ(സിന്ധ്) നളിനി മലാനി ജനിച്ചു. ഇന്ത്യാ വിഭജന സമയത്ത് ഈ കുടുംബം ഇന്ത്യയിൽ അഭയം തേടി. കൊൽക്കത്തയില്‍ താമസമാക്കിയ ഈ കുടുംബം നളിനിയുടെ പിതാവിന്റെ ട്രാന്‍സ്ഫറിനെ തുടര്‍ന്ന് 1954ൽ മുംബൈയിലേക്ക് താമസം മാറ്റി, അവിടെ അഭയാര്‍ഥികളായ സിന്ധികൾക്കായി നിർമ്മിച്ച ഒരു കോളനിയിൽ അവർ താമസിച്ചു.

Artist Nalini Malani's new exhibition in Mumbai explores her memories of 1960s Indiaനളിനി മലാനി | PHOTO: WIKI COMMONS
നളിനി മലാനി മുംബൈയിലെ ജെ ജെ സ്കൂള്‍ ഓഫ് ആർട്ടിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി. 1964-67 കാലത്ത് മുംബൈയിലെ ബ്രീച്ച് കാൻഡിയിൽ സ്ഥിതി ചെയ്തിരുന്ന ഭൂലാഭായ് ദേശായി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവർക്ക് ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു, അവിടെ കലാകാരന്മാർ, സംഗീതജ്ഞർ, നർത്തകർ, നാടകപ്രവർത്തകർ എന്നിവർ വ്യക്തിപരമായും കൂട്ടായും പ്രവർത്തിച്ചിരുന്നു. നാടകം പോലുള്ള അനുബന്ധ കലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കലാകാരന്മാരെ അവർ കണ്ടുമുട്ടുകയും അവരുമായി സഹകരിക്കുകയും ചെയ്തത് ഇവിടെ വച്ചാണ്. 1969ല്‍ പ്രശസ്തമായ വിഷൻ എക്സ്ചേഞ്ച് വർക്ക്ഷോപ്പിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ അവര്‍ ഫോട്ടോഗ്രാഫുകളുടെ ഒരു വലിയ പരമ്പര, പരീക്ഷണാത്മക 8mm കളർ സ്റ്റോപ്പ്-മോഷൻ അനിമേഷൻ, ബ്ലാക്ക് ആൻഡ് വൈറ്റ് 16mm ഫിലിമുകളുടെ ഒരു ഹ്രസ്വപരമ്പര എന്നിവ സൃഷ്ടിച്ചു. ഇതിൽ നിന്ന് വികസിച്ചു വന്ന സിനിമാ സംബന്ധിയായ ഒരു വീക്ഷണം അവര്‍ പില്‍ക്കാലത്ത് ഉപയോഗിച്ച വ്യത്യസ്ത മാധ്യമങ്ങളില്‍ കാണാം. 1970-72 കാലഘട്ടത്തിൽ പാരീസിൽ ഫൈൻ ആർട്സ് പഠിക്കാൻ അവർക്ക്  ഫ്രഞ്ച് സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ചു. ഇന്ത്യാ ഗവൺമെന്റിൽ നിന്ന് രണ്ട് സ്കോളർഷിപ്പുകളും, 1989ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള യാത്രയ്ക്കും ജോലിക്കുമായി ഗ്രാന്റും അവർക്ക് ലഭിച്ചു.

പാരീസിലെ പഠന കാലത്ത് ഒഴിവു സമയങ്ങളില്‍ സോർബോണിലെ പ്രഭാഷണങ്ങളിൽ പങ്കെടുത്തുകൊണ്ട് മലാനി പഠനം വിപുലീകരിച്ചു. അവിടെ വച്ച് നോം ചോംസ്കി, ക്ലോദ് ലെവി-സ്ട്രോസ്, ചാൾസ് ബെറ്റൽഹൈം എന്നിവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയുണ്ടായി. ഷാന്‍-ലുക് ഗൊദാര്‍ദ്, ക്രിസ് മാർക്കർ എന്നിവരോടൊപ്പം സിനിമാതെക് ഫ്രാങ്കൈസിൽ സിനിമാ സ്ക്രീനിംഗിലും ചർച്ചകളിലും പങ്കെടുത്തു. സിമോൺ ദി ബുവായുടെയും ഷാൻ-പോൾ സാർത്രിന്റെയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

മലാനിയുടെ കലാജീവിതം വൈവിധ്യപൂർണ്ണമാണ്. ക്യാൻവാസ്, പേപ്പർ, ചുവരുകൾ, ഗ്ലാസ്, മൈലാർ എന്നിവയിൽ അവർ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. മോണോടൈപ്പ്, ഫോട്ടോകോപ്പി, ഡ്രോയിംഗ്, പെയിന്റിംഗ് എന്നിവ ഉപയോഗിച്ച് അവർ ആർട്ടിസ്റ്റ് ബുക്കുകളും അക്കോഡിയൻ പുസ്തകങ്ങളും നിർമ്മിച്ചിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് നവമാധ്യമങ്ങളിലേക്കുള്ള ക്രമേണയുള്ള മാറ്റം ശ്രദ്ധേയമാണ്. സംവിധായകർ, അഭിനേതാക്കൾ, സംഗീതജ്ഞർ, ഡിസൈനർമാർ എന്നിവരുമായി സഹകരിച്ച് നാടകത്തിന്റെ ഉപയോഗത്തിലൂടെ  അവർ സൃഷ്ടികളില്‍ ആമഗ്നാനുഭവത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഒരേസമയം നിരവധി ഇമേജറി സ്ട്രീമുകൾ സ്ക്രീനുകളിലേക്കും മോണിറ്ററുകളിലേക്കും ചാനൽ ചെയ്യുന്ന വലിയ വീഡിയോ ഇൻസ്റ്റാലേഷനുകൾ അവർ നിർമ്മിച്ചിട്ടുണ്ട്. അതുപോലെ സിംഗിൾ-ചാനൽ അനിമേറ്റഡ് വീഡിയോകളും. കറങ്ങുന്ന മൈലാർ സിലിണ്ടറുകൾ ഉപയോഗിച്ച് ഇൻസ്റ്റലേഷനുകളും അവർ സൃഷ്ടിച്ചിട്ടുണ്ട്. അവരുടെ സൃഷ്ടികൾ ഇന്ത്യയ്ക്കുള്ളിലെന്നപോലെ വിദേശത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഇതില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്തങ്ങളായ ബിനാലെകളും ട്രൈനാലെകളും ഉള്‍പ്പെടുന്നു. ജന്മദേശം ഉപേക്ഷിച്ച് അഭയാർത്ഥികളായി മാറിയ അനുഭവം മലാനിയുടെ കലാസൃഷ്ടികൾക്ക് പ്രചോദനമായി.

Nalini Malani: Vision in MotionREPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യയിലെ വീഡിയോ ആര്‍ട്ടിന്റെ ഉത്ഭവത്തെക്കുറിച്ച് കലാചരിത്രകാരനും ക്യൂറേറ്ററുമായ ജോഹാൻ പിജ്നാപ്പെൽ(Johan Pijnappel) ഇപ്രകാരം എഴുതുകയുണ്ടായി: “പാശ്ചാത്യ  ലോകത്തില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിലാണ് ഇന്ത്യയില്‍  വീഡിയോ ആർട്ട് ആരംഭിച്ചത്. 1993 മാർച്ച് 12ന്  ഒരു ‘കറുത്ത വെള്ളിയാഴ്ച’യാണ് ബോംബെ നഗരത്തിൽ ബോംബ്‌ സ്ഫോടനങ്ങള്‍ ഉണ്ടായത്. ഭീകരതയും നാശവും വിതച്ചുകൊണ്ട് പതിമൂന്ന് സ്ഥലങ്ങളില്‍ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായി. ധാരാളം പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു, നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേറ്റു, നഗരം സ്തംഭിച്ചു, തകര്‍ന്നു. നിരാശയുടെ ഈ കാലഘട്ടത്തിലാണ് നഗരത്തിലെ കലാകാരികളായ നളിനി മലാനിയും നവജ്യോത് അൽതാഫും ചിത്രത്തിന്‍റെ ഫ്രെയിമിൽ നിന്ന് പുറത്തു വന്ന് വീഡിയോയുടെ മാധ്യമത്തിലൂടെ പ്രതിഷ്ഠാപനങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയത്. രാഷ്ട്രീയ ഇടപെടലിനും അവബോധം വളർത്തലിനും വീഡിയോ വളരെ അനുയോജ്യമാണ് എന്ന തോന്നലായിരുന്നു അവരെ നയിച്ചിരുന്നത്. ഇന്ത്യയിലെ എൻ‌ജി‌ഒകൾ ഈ മാധ്യമത്തെ വളരെ ശക്തമായി ഉപയോഗിച്ചു. മാറ്റത്തിനുള്ള ഉത്തേജകമായി വീഡിയോ ഇന്നും കണക്കാക്കപ്പെടുന്നു”.

മലാനിയുടെ ‘ഹാംലറ്റ്മെഷീന്‍ ‘(Hamletmachine) എന്ന വീഡിയോ ഇന്‍സ്റ്റലേഷനെ കുറിച്ചാണ് ഈ ലേഖനം. ഇന്‍സ്റ്റലേഷന്റെ ഒരു പ്രധാന ഘടകം അത് അവതരിപ്പിക്കപ്പെടുന്ന ഇടവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, ഇത്തരം അവതരണങ്ങള്‍ കാണാന്‍ അവസരം ഇല്ലാത്തതിനാല്‍ ഈ സൃഷ്ടി ഓണ്‍ലൈനില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ എഴുത്ത്.

ഒരു പ്രത്യേക സ്ഥലത്ത്  സൃഷ്ടിയുമായി ഇടപഴകുന്ന രീതിയിലുള്ളതും ആമഗ്നമായ അനുഭവം സൃഷ്ടിക്കുക എന്നതുമാണ്‌ ഇത്തരം സൃഷ്ടികളുടെ പ്രാഥമിക ലക്ഷ്യം. വീഡിയോ ഉള്ളടക്കം, ഭൗതിക ഇടം, വാസ്തുവിദ്യ, ചരിത്രം അല്ലെങ്കിൽ സാമൂഹിക സന്ദർഭവുമായി അഭേദ്യമായി  ബന്ധപ്പെട്ടിരിക്കുന്നു. ഇടം വെറുമൊരു പശ്ചാത്തലമല്ല, മറിച്ച് കലാസൃഷ്ടിയുടെ അർത്ഥത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇടം ഒരു ഗാലറിയാകാം, ഒരു കെട്ടിടമോ, ഒരു പൊതു ഇടമോ, ഒരു ലാന്‍ഡ്സകേപ്പോ ആവാം. സ്‌ക്രീനുകൾ, പ്രൊജക്ഷനുകൾ, ശബ്‌ദം, മറ്റ് ഘടകങ്ങൾ എന്നിവയുടെ സ്ഥലപരമായ ക്രമീകരണം ഇതില്‍ നിർണായകമാണ്. ഉദാഹരണത്തിന്, മലാനിയുടെ ‘മെമ്മറി: റെക്കോർഡ്/ഇറേസ്’(Memory: Record/Erase) എന്ന സൃഷ്ടി പ്രൊജക്റ്റ് ചെയ്തത് ഡല്‍ഹിയിലെ അപ്പീജെ ടെക്നോപ്പാര്‍ക്കിന്റെ പുറത്തുനിന്ന് അതിന്റെ സുതാര്യമായ ഗ്ലാസ് ഭിത്തിയിലേക്കാണ്. ചുമരിന്റെ ദൃഢമായ ചതുരാകൃതിയിലുള്ള ഗ്ലാസ് ഗ്രിഡ് ഒരു സ്‌ക്രീനായി ഉപയോഗിച്ചു. പുക നിറഞ്ഞ വൈകുന്നേരത്തെ സോഡിയം തെരുവ് വിളക്കിലേക്ക് ദൃശ്യങ്ങള്‍ പരന്നൊഴുകി. തിരക്കേറിയ തെരുവിൽ നിന്ന് നോക്കുമ്പോൾ കാഴ്ചക്കാരുടെ നിഴലുകൾ പ്രൊജക്ഷനുമായി ഇടകലര്‍ന്നു. ചുറ്റുമുള്ളതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള അവതരണം അതിശയിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചാനുഭവം സൃഷ്ടിക്കുന്നു. ‘ഹാംലെറ്റ്മെഷീൻ’ പ്രദര്‍ശിപ്പിച്ചത് പൂര്‍ത്തിയാകാത്ത ഒരു കെട്ടിടത്തിലായിരുന്നു. സന്ധ്യാസമയത്ത് ചാരനിറത്തിലുള്ള മൂടൽമഞ്ഞിന് മുകളിലൂടെ ഇടയ്ക്കിടെ വിമാനം പറന്നുയരുന്നത് കാണാം. ഒരു ഹെലിപോർട്ടിന്റെ നിയന്ത്രണ ഗോപുരങ്ങളിലേക്ക് കയറുന്നത് പോലെ ഒരു ഇടുങ്ങിയ ലോഹപ്പടികളിലൂടെ കയറിവേണം മുകളില്‍ എത്താന്‍.

REPRESENTATIVE IMAGE | WIKI COMMONS
കാഴ്ചക്കാരന്റെ സ്ഥലത്തിലൂടെയുള്ള ചലനം, വീഡിയോയുമായുള്ള അവരുടെ സാമീപ്യം, ചുറ്റുമുള്ള വെളിച്ചവും ശബ്ദവും, സ്ഥലത്തിന്റെ അന്തരീക്ഷം പോലും മൊത്തത്തിലുള്ള അനുഭവത്തിന് സംഭാവന നൽകുന്നു. ചെറുതും അടുപ്പമുള്ളതുമായ സജ്ജീകരണങ്ങൾ മുതൽ വലുതും മൾട്ടി-സ്ക്രീൻ പരിതസ്ഥിതികളോ ആർക്കിടെക്ചറൽ പ്രതലങ്ങളിലേക്കുള്ള പ്രൊജക്ഷനുകളോ വരെ സ്കെയിലിൽ വളരെയധികം വ്യത്യാസപ്പെടാം. സൈറ്റിന് അനുസൃതമായി ഫോർമാറ്റ് തയ്യാറാക്കുന്നു.

അതേസമയം, ഈ സൃഷ്ടികള്‍ യൂട്യൂബില്‍ കാണുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌? ഇവിടെ ഒരു സ്‌ക്രീനിലൂടെ ദൃശ്യ, ശ്രവണ ഇന്ദ്രിയങ്ങളെ പരിമിതപ്പെടുത്തുന്നു, യഥാർത്ഥ ഇൻസ്റ്റലേഷന്റെ സ്ഥലപരവും ഭൗതികവുമായ വശങ്ങൾ ഒരു ദ്വിമാന വീഡിയോ ഫോർമാറ്റിലേക്കും റിസൊലൂഷനിലേക്കും വിവർത്തനം ചെയ്‌തിരിക്കുന്നു. യഥാര്‍ത്ഥ ഇൻസ്റ്റലേഷനില്‍ നിന്ന് വ്യത്യസ്തമായി ഇതൊരു നിഷ്ക്രിയ കാഴ്ചാനുഭവമാണ്. ഇത് കലാസൃഷ്ടി അല്ല, മറിച്ച് കലാസൃഷ്ടിയുടെ പ്രതിനിധാനമോ രേഖപ്പെടുത്തലോ ആണ്. ഇൻസ്റ്റലേഷനെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ച നൽകാൻ യൂട്യൂബ് വീഡിയോയ്ക്ക് കഴിയും, പക്ഷേ സൈറ്റിൽ സന്നിഹിതനായിരിക്കുന്നതിന്റെ നേരിട്ടുള്ള, ഉൾച്ചേർത്ത അനുഭവം പകർത്താൻ അതിന് കഴിയില്ല.

ഹൈനർ മുള്ളറുടെ(Heiner Muller) നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ വീഡിയോ ഇൻസ്റ്റലേഷൻ, വളരെ വ്യത്യസ്തമായ ദൃശ്യഭാഷയും ശബ്ദവും ഉപയോഗിച്ച്, ഇന്ത്യയിലെ ഹിന്ദുമതമൗലികവാദത്തിന്റെ ഉയർച്ചയെ, പ്രത്യേകിച്ച് 1992ൽ മതഭ്രാന്തന്മാര്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെയും തുടര്‍ന്ന് അരങ്ങേറിയ  കലാപത്തെയും അഭിസംബോധന ചെയ്യുന്നു.

1999ൽ ജപ്പാനിലെ ഫുകുവോക്കയിൽ ഒരു റെസിഡൻസി സമയത്ത് ജാപ്പനീസ് ബുട്ടോ നർത്തകനായ ഹരദ നൊബുവോയുമായി(Harada Nobuo) സഹകരിച്ചാണ് മലാനി ഈ കലാസൃഷ്ടി നിർമ്മിച്ചത്. ഈ വീഡിയോ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കുമ്പോള്‍ മൂന്ന് വലിയ സ്‌ക്രീനുകളില്‍ ഒരു ഉപ്പ്പാടം മിന്നിമറിയുന്നു. അതിൽ ഒരു ശരീരം പതുക്കെ കൂടിച്ചേരുന്നു. ശരീരം ജാപ്പനീസ് ബുട്ടോ നർത്തകനായ ഹരാദ നൊബുവോയുടേതാണ്, അവരുടെ വിചിത്രമായ ചലനങ്ങൾ മൂന്ന് സ്‌ക്രീനുകളിലായി വിഭജിച്ചിരിക്കുന്നു. നാലാമത്തേത് താഴെ തറയിൽ സ്ഥാപിച്ചിരിക്കുന്ന കടൽ ഉപ്പ് കൊണ്ടുള്ള ഒരു ചതുരാകൃതിയിലുള്ള കിടക്കയിലേക്ക് പ്രദർശിപ്പിച്ചിരിക്കുന്നു.(ഇത് ഒരു താൽക്കാലിക വീഡിയോ സ്ക്രീൻ പോലെ പ്രവര്‍ത്തിക്കുന്നു). ഉപ്പിനുചുറ്റും, തറ മുഴുവൻ മൂടിക്കൊണ്ട്, ഒരു വെള്ളക്കെട്ട്.(ചില അവതരണങ്ങളില്‍ മലാനി മൈലാറിന്റെ പരന്ന പ്രതിഫലന പ്രതലങ്ങൾ ഉപയോഗിച്ചിരുന്നു. ഇത് ദൃശ്യപാളികളെ മെച്ചപ്പെടുത്തുകയും പ്രൊജക്റ്റ് ചെയ്ത ദൃശ്യങ്ങളുടെ കൂടുതൽ പ്രതിഫലനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു).

REPRESENTATIVE IMAGE | WIKI COMMONS
ഈ സൃഷ്ടിയില്‍ ഉപ്പ് ഒരു രൂപകമാണ്, അതിന് പല അര്‍ത്ഥ തലങ്ങളും കൈവരുന്നു. ഇന്ത്യയിലെ ചെറുത്തുനിൽപ്പിന്റെയും സാമൂഹിക നീതിയുടെയും ശക്തമായ പ്രതീകമായ മഹാത്മാ ഗാന്ധിയുടെ 1930ലെ ചരിത്രപരമായ പ്രതിഷേധത്തെ ഇത് നേരിട്ട് സൂചിപ്പിക്കുന്നു. ചില പുരാതനസംസ്കാരങ്ങളിൽ ഉപ്പ് പങ്കിടുന്നത് സൗഹൃദത്തിന്റെയോ ഗൗരവമേറിയ ഒരു കരാറിന്റെയോ ബന്ധത്തെ സൂചിപ്പിക്കുന്നു. ‘ഉപ്പിന്റെ ഉടമ്പടി’ എന്നത് തകർക്കാനാവാത്ത വാഗ്ദാനത്തെ പ്രതിനിധീകരിക്കുന്നു. ഉപ്പിന്റെ ഗുണങ്ങൾ അതിനെ പരിശുദ്ധിയുമായും ശുദ്ധീകരണവുമായും ബന്ധിപ്പിക്കുന്നതിലേക്ക് നയിച്ചു. യേശു ശിഷ്യരോട്  “നീ ഭൂമിയുടെ ഉപ്പാകുന്നു” എന്ന് പറയുന്നുണ്ടല്ലോ. ഇസ്രായേലിലെ സോദോം പർവതത്തിൽ ചാവുകടലിനടുത്ത് ‘ലോത്തിന്റെ ഭാര്യ’ എന്നറിയപ്പെടുന്ന ഒരു ഉപ്പുസ്തംഭം ഉണ്ട്. ഇന്ത്യയിലെ ‘നമക് ഹറാം’ എന്ന ചൊല്ല്  വഞ്ചനയെയോ നന്ദികേടിനെയോ സൂചിപ്പിക്കുന്നു, ദയ തിരിച്ചു കൊടുക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. മഹാശ്വേതാ ദേവിയുടെ ‘ഉപ്പ്’ എന്ന കഥയില്‍ ഉപ്പ് ചൂഷണം, അനീതി, അടിസ്ഥാന അവകാശങ്ങളുടെ നിഷേധം, അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പോരാട്ടം എന്നിവയുടെ രൂപകമായി പ്രവര്‍ത്തിക്കുന്നു. തമിഴ്‌നാട്ടിലെ സാമൂഹിക ശ്രേണിയുടെ ഒരു സൂചകം കൂടിയാണ് ഉപ്പ് എന്നാണ് നരവംശശാസ്ത്രജ്ഞനും, എഴുത്തുകാരനും, നാടോടി ശാസ്ത്രജ്ഞനും, പുരാവസ്തു ഗവേഷകനുമായ തോ. പരമശിവന്റെ അഭിപ്രായം. പാകം ചെയ്ത അരിയിൽ ഉപ്പ് ചേർത്ത ശേഷം കഴിക്കുന്നത് അവിടെ പതിവാണ്. ജാതി അടിച്ചമർത്തൽ ഏറ്റവും രൂക്ഷമായിരുന്ന കാലത്ത്, അടിച്ചമർത്തപ്പെട്ട ജാതിക്കാർ അടുപ്പിൽ പാകം ചെയ്യുമ്പോൾ പോലും അരിയിൽ ഉപ്പ് കലർത്തുന്ന ശീലം പുലർത്തിയിരുന്നു. ഇലയിൽ ഭക്ഷണത്തോടൊപ്പം ഉപ്പും വിളമ്പുന്നത് വരേണ്യവർഗത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു.

ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയില്‍ ഹരദ നോബുവോയുടെ നൃത്തം ചെയ്യുന്ന ശരീരത്തില്‍ ബാബറി പള്ളി തകർത്തതിന്റെ ദൃശ്യങ്ങൾ ലെയര്‍ ചെയ്തിരിക്കുന്നു. അതായത് നാശവും കലാപവും നോബുവോയുടെ പുരുഷശരീരത്തിൽ നേരിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈനർ മുള്ളറുടെ നാടകത്തിലെ ഓഡിയോ പരാമർശങ്ങൾ സംയോജിപ്പിച്ച്, നോബുവോയുടെ പ്രകടനശരീരത്തിന്റെ ശാരീരികതയിലൂടെ ഇന്ത്യയിലെ ഹിന്ദു മൗലികവാദത്തിന്റെ ഉയർച്ചയെ മലാനി പര്യവേക്ഷണം ചെയ്യുന്നു. ബൂട്ടോ നൃത്തത്തിന്റെ തീവ്രമായ ശാരീരിക ചലനങ്ങളിലൂടെ ഭയാനകവും സംഘര്‍ഷഭരിതവുമായ ലോകാവസ്ഥ അവതരിപ്പിക്കുന്നു. നൃത്തത്തിന്റെ വിഘടിച്ച ചിത്രങ്ങൾ, ഉടലിന്റെ, കൈകളുടെ, കാലുകളുടെ ചലനങ്ങൾ ദുർബലതയുടെയോ, അനുഷ്ഠാനത്തിന്റെയോ അല്ലെങ്കിൽ കഷ്ടപ്പാടിന്റെയോ ഒരു തോന്നൽ ഉണർത്തും.

‘ഹാംലെറ്റ്മെഷീനി’ലെ പ്രൊജക്ഷനുകൾ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മാർഗം മാത്രമല്ല, കലാസൃഷ്ടിയുടെ സങ്കീർണ്ണത, അർത്ഥം, സ്വാധീനം എന്നിവയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന ഒരു നിർണായക കലാതന്ത്രമാണ് ദൃശ്യങ്ങളുടെ ലെയറിംഗ്. വ്യത്യസ്ത ദൃശ്യഘടകങ്ങളെ പല രീതിയില്‍ ഓവർലാപ്പ് ചെയ്യുകയും സംയോജിപ്പിക്കുകയും ചെയ്യുന്നത്തിലൂടെ കാഴ്ചക്കാരില്‍ സമ്പന്നവും ബഹുമുഖവുമായ അനുഭവം സൃഷ്ടിക്കുന്നു, മലാനി. ഇത് ഇന്‍സ്റ്റലേഷന്റെ  അന്തരീക്ഷത്തിനും, പ്രതീകാത്മക ഭാഷയ്ക്കും, ചരിത്രം, രാഷ്ട്രീയം, മനുഷ്യമനസ്സ് എന്നിവയുമായുള്ള അതിന്റെ വിമർശനാത്മക ഇടപെടലിനും സംഭാവന നൽകുന്നു.

മൂന്ന് ചുമർ പ്രൊജക്ഷനുകൾ പലപ്പോഴും വ്യത്യസ്തവും എന്നാൽ പ്രമേയപരമായി ബന്ധപ്പെട്ടതുമായ ദൃശ്യങ്ങള്‍ പ്രദർശിപ്പിക്കുന്നു. ഇവ സ്ഥലത്തിന് ചുറ്റും നീങ്ങുമ്പോൾ കാഴ്ചക്കാരുടെ ധാരണയിൽ ഓവർലാപ്പ് ചെയ്യുകയും അപ്രതീക്ഷിതമായ സംയോജനങ്ങളും ബന്ധങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. താഴെയുള്ള ഉപ്പുപാളിയിലേക്കുള്ള പ്രൊജക്ഷൻ മറ്റൊരു പാളി കൂടി ചേർക്കുന്നു. ഈ പ്രതലത്തിലേക്ക് പ്രൊജക്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ ഉപ്പിന്റെ ഭൗതികതയുമായും ചുറ്റുമുള്ള ജലത്തിൽ നിന്നോ മൈലാറിൽ നിന്നോ ഉള്ള പ്രതിഫലനങ്ങളുമായും സംവദിക്കുകയും ഒരു സവിശേഷ ദൃശ്യമിശ്രിതം സൃഷ്ടിക്കുകയും ചെയ്യുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ഓരോ വീഡിയോ പ്രൊജക്ഷനിലും മലാനി പലപ്പോഴും സൂപ്പർ ഇമ്പോസിഷൻ ഉപയോഗിക്കുന്നു, അവിടെ വ്യത്യസ്ത ദൃശ്യങ്ങൾ, വാക്കുകള്‍, അമൂർത്തഘടകങ്ങൾ എന്നിവ ഒന്നിന് മുകളില്‍ മറ്റൊന്നായി സ്ഥാപിച്ചിരിക്കുന്നു. ഇത് സാന്ദ്രതയും സങ്കീർണ്ണതയും സൃഷ്ടിക്കുന്നു, ഓവർലാപ്പ് ചെയ്യുന്ന ദൃശ്യങ്ങൾ മലാനി പര്യവേക്ഷണം ചെയ്യുന്ന കുഴപ്പം പിടിച്ചതും വിഘടിച്ചതുമായ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. വ്യത്യസ്ത വിഷയങ്ങൾ, ചരിത്രം, അനുഭവങ്ങൾ എന്നിവയുടെ പരസ്പരബന്ധിതത്വത്തെ ഇതിലൂടെ നിർദ്ദേശിക്കാൻ കഴിയും. വിഷയത്തിന്റെ അസ്വസ്ഥമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഒരു ദൃശ്യബോധം പാളികൾക്ക് സൃഷ്ടിക്കാൻ കഴിയും.

മലാനി തന്റെ കൃതികളിൽ പര്യവേക്ഷണം ചെയ്യുന്ന ചരിത്രം, രാഷ്ട്രീയം, സ്വത്വം എന്നിവയുടെ സങ്കീർണ്ണവും പലപ്പോഴും പരസ്പരവിരുദ്ധവുമായ യാഥാർത്ഥ്യങ്ങളെ ദൃശ്യങ്ങളുടെ പാളികള്‍ പ്രതിഫലിപ്പിക്കുന്നു. ഓവർലാപ്പ് ചെയ്യുന്നതും വിഘടിച്ചതുമായ ദൃശ്യങ്ങൾ ഓർമ്മകളും ഉപബോധമനസ്സും എങ്ങനെ പ്രത്യക്ഷപ്പെടുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ ഉണർത്തും. പാളികളായും രേഖീയമല്ലാത്ത രീതിയിലും ദൃശ്യങ്ങൾ അവതരിപ്പിക്കുന്നതിലൂടെ, മലാനി പരമ്പരാഗതവും രേഖീയവുമായ ആഖ്യാനങ്ങളെ വെല്ലുവിളിക്കുകയും വിഷയവുമായി കൂടുതൽ സൂക്ഷ്മവും വിമർശനാത്മകവുമായ ഇടപെടൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചലിക്കുന്ന ദൃശ്യങ്ങങ്ങൾ, ടെക്സ്ചറുകൾ, പ്രതിഫലനങ്ങൾ എന്നിവയുടെ പാളികളിലൂടെ നിശ്ചല ദൃശ്യകലയ്ക്ക് അപ്പുറത്തേക്ക് പോകുന്ന സമ്പന്നവും ആമഗ്നസ്വഭാവമുള്ളതുമായ സംവേദനാത്മക അനുഭവം സൃഷ്ടിക്കുന്നു.

വീഡിയോ പ്രൊജക്ഷനുകൾ ലൂപ്പ് ചെയ്യപ്പെട്ടതിനാല്‍ അവ തുടർച്ചയായി പ്ലേ ചെയ്യുകയും ആവർത്തിക്കുകയും ചെയ്യുന്നു. ഇത് ഒരു കാലസംബന്ധിയായ പാളി സൃഷ്ടിക്കുന്നു, അവിടെ ചില ചിത്രങ്ങളും സീക്വൻസുകളും വീണ്ടും പ്രത്യക്ഷപ്പെടുകയും മറ്റ് തുടർച്ചയായ ദൃശ്യങ്ങളുമായി സംവദിക്കുകയും ചെയ്യുന്നു, തീമുകളെ ശക്തിപ്പെടുത്തുകയും ചാക്രികമായ അല്ലെങ്കിൽ വിഘടിച്ച സമയബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.

മലാനി പലപ്പോഴും വിഘടിച്ചതും അപൂർണ്ണവുമായ ഇമേജറി ഉപയോഗിക്കുന്നു. ഒരു ദൃശ്യവും പൂര്‍ണ്ണമായി, മുഴുവനായി നമുക്ക് അനുഭവപ്പെടുന്നില്ല. ഇത്  വിവരങ്ങളുടെ പാളികളായുള്ള അടുക്കല്‍ പോലെ അനുഭവപ്പെടുന്നു. ഇത് കാഴ്ചക്കാരെ അർത്ഥം സംയോജിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. വ്യത്യസ്ത പ്രൊജക്ഷനുകളിലുടനീളമുള്ള ശകലാവസ്ഥ ധാരണയില്‍ എത്താനുള്ള നമ്മുടെ കഴിവിനെ വീണ്ടും സങ്കീര്‍ണ്ണമാക്കുന്നു. 
ലെയറിങ് ഇഫക്റ്റും ചലനാത്മകമാണ്, ഇത് കാഴ്ചക്കാരുടെ ഇൻസ്റ്റലേഷൻ സ്ഥലത്തിനുള്ളിലെ സ്ഥാനത്തെയും ചലനത്തെയും ആശ്രയിച്ചിരിക്കുന്നു. കാഴ്ചക്കാര്‍ നീങ്ങുമ്പോൾ അവരുടെ കാഴ്ചപ്പാട് മാറുന്നു, കൂടാതെ വ്യത്യസ്ത പാളികളായ പ്രൊജക്ഷനുകളും പ്രതിഫലനങ്ങളും സൃഷ്ടിക്കപ്പെടുന്നു, ഇത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ദൃശ്യാനുഭവം സൃഷ്ടിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ഇത്തരം ലെയറിംഗിലൂടെയും ജാപ്പനീസ് ബുട്ടോ നൃത്തം, ഇന്ത്യന്‍ ഡോക്യുമെന്ററി ദൃശ്യങ്ങൾ, ഹെയ്‌നർ മുള്ളറുടെ നാടകത്തിലെ ഹാംലെറ്റിന്റെയും ഒഫീലിയയുടെയും സംഭാഷണങ്ങളുടെ ഓഡിയോയിലൂടെയും മലാനി മൂന്ന് വ്യത്യസ്ത സംസ്കാരങ്ങളെ ഒരു മിക്സഡ്-മീഡിയ വീഡിയോ ഇൻസ്റ്റലേഷന്‍ നെയ്തെടുക്കുന്നു. ഈ നാടകത്തില്‍ മുള്ളര്‍ ഷേക്സ്പിയറിന്റെ ‘ഹാംലെറ്റി’നെ ഒരു ഡിസ്റ്റോപ്പിയൻ ലോകത്ത് പുനർസങ്കൽപ്പിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു. വിഘടിച്ച ഘടനയും പ്രതീകാത്മകതയും വഴി, പരമ്പരാഗത നാടക സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുകയും അധികാരം, വിപ്ലവം, മുതലാളിത്തം, പുരുഷാധിപത്യഘടന എന്നീ പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു. പുരുഷാധിപത്യഘടനകൾ അടിച്ചമർത്തലിലേക്കും നാശത്തിലേക്കും നയിക്കുന്ന രീതികളെക്കുറിച്ചുള്ള ഒരു വ്യാഖ്യാനമായി നാടകത്തിലെ അക്രമത്തെ വ്യാഖ്യാനിക്കാവുന്നതാണ്. കിഴക്കൻ ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെ ബുദ്ധിജീവികളുടെ പങ്കിനെ നാടകം വെല്ലുവിളിക്കുന്നുവെന്ന് ചില വിമർശകർ വാദിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ജപ്പാനില്‍ സാമൂഹികവും സാംസ്കാരികവുമായി പ്രക്ഷുബ്ധമായ കാലഘട്ടത്തിലാണ് ബുട്ടോ നൃത്തം ഉടലെടുത്തത്. ഇരുണ്ടതും നിഷിദ്ധവുമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനാല്‍ ബുട്ടോയെ ‘ഇരുട്ടിന്റെ നൃത്തം’ എന്ന് വിളിച്ചിരുന്നു. മരണം, ജീർണ്ണത, മനുഷ്യശരീരത്തിന്റെ ദുർബലത എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഈ നൃത്ത രൂപം സൗന്ദര്യത്തെയും ലൈംഗികതയെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്നു.(ശരീരത്തിന്മേലുള്ള തീവ്രമായ നിയന്ത്രണം ഉപയോഗിച്ച് മുഴുവൻ കഥകളും വികാരങ്ങളും ഉണർത്തുന്ന കഥകളിയെയും ബുട്ടോ നൃത്തത്തെയും തമ്മില്‍ ബന്ധിപ്പിക്കാം).

മലാനി തന്റെ ഇൻസ്റ്റലേഷനില്‍ മൂന്ന് പ്രത്യേക സാംസ്കാരിക വിമർശനങ്ങൾ ഉപയോഗിക്കുന്നു: സാമൂഹിക മാനദണ്ഡങ്ങൾക്കെതിരായ ബുട്ടോയുടെ വിമർശനം, മുള്ളറുടെ കിഴക്കൻ ജർമ്മനിയുടെ സമൂഹവിമർശനം, ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ ഹിന്ദു ആയോജിത അക്രമത്തെക്കുറിച്ചുള്ള മലാനിയുടെ സ്വന്തം വിമർശനം. ഇതിലൂടെ താന്‍ അവതരിപ്പിക്കുന്ന വിഷയത്തിന്റെ  പ്രാദേശികം വിദേശീയം എന്ന വേര്‍തിരിവിന് അപ്പുറം കടന്നുപോകുന്ന സാര്‍വദേശീയമായ സ്വഭാവം അവതരിപ്പിക്കുന്നു.

ബുട്ടോ നര്‍ത്തകന്റെ ചലനങ്ങള്‍  വിചിത്ര രീതിയിലാണ്. അതുകൊണ്ട് ശരീരം ഒരു വിചിത്രവും അന്യവുമായ ജീവിയായി കാണപ്പെടുന്നു. ഈ സജ്ജീകരണത്തിൽ ബുട്ടോയെ മലാനി ഉപയോഗിക്കുന്നത്, അക്രമത്തിലൂടെ രാഷ്ട്രത്തെ പ്രതിരോധിക്കുന്ന പുരുഷ യോദ്ധാക്കളെ അടിസ്ഥാനമാക്കിയുള്ള ഒരു ദേശീയത എന്ന ആശയം അവതരിപ്പിക്കാനാണ്. ബുട്ടോ നൃത്തത്തിന്റെ പീഡിപ്പിക്കപ്പെട്ട ശാരീരികാവസ്ഥയിൽ ആഘാതവും അക്രമവും ഉൾച്ചേർന്നിരിക്കുന്നു. അതേസമയം, ശരീരത്തിന്റെ ഈ അപരിചിതത്വത്തില്‍ അത്യന്താപേക്ഷിതമായ കാര്യം ഒരൊറ്റ ശരീരത്തിനുള്ളിൽ പുരുഷത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും അഭാവം ആണ്.  പുരുഷാധിപത്യപരമായ അക്രമം പുരുഷന്മാരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, മറിച്ച് അത് ലിംഗഭേദമന്യേ എല്ലാവരേയും ബാധിക്കുന്നുവെന്നും ഇതിലൂടെ സ്ഥാപിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ശിവസേന നേതാവ് ബാൽ താക്കറെയുടെ ഒരു സ്റ്റോപ്പ്-മോഷൻ ആനിമേഷൻ ബുട്ടോ നർത്തകന്റെ നഗ്നമായ ശരീരത്തിലേക്ക് നേരിട്ട് പ്രദർശിപ്പിക്കുകയും, നര്‍ത്തകന്റെ  രൂപരേഖയ്ക്ക് അനുയോജ്യമായ രീതിയിൽ താക്കറെയുടെ മുഖത്തിന്റെ ആകൃതി മാറ്റുകയും ചെയ്യുന്നു. നോബുവോയുടെ ശരീരം, വായ പെട്ടെന്ന് തുറക്കുകയും അടയ്ക്കുക്കയും ചെയ്യുന്ന താക്കറെയുടെ മുഖത്തിന് കൂടുതൽ ഭീകരമായ ഒരു ശാരീരികാവസ്ഥ നൽകുന്നു. ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്ന് മുസ്ലീം സമുദായങ്ങൾക്കെതിരെ ഏറ്റവും അക്രമാസക്തമായ കലാപത്തിന് പ്രേരിപ്പിച്ച ബോംബെയിലെ ശിവസേന ഗ്രൂപ്പിന്റെ നേതാവായിരുന്നു താക്കറെ. താക്കറെയെപ്പോലുള്ള രാഷ്ട്രീയക്കാരുടെ ശക്തി അവരുടെ അനുയായികളുടെ പുരുഷശരീരത്തിലാണെന്ന് ഈ പാളികൾ സൂചിപ്പിക്കുകയായിരിക്കാം, അവർ അദ്ദേഹത്തിന്റെ വാക്കുകളെ അക്രമത്തിലേക്കും നാശത്തിലേക്കും വിവർത്തനം ചെയ്യുന്നു.

ഒരു സന്ദര്‍ഭത്തില്‍, മുകൾ ഭാഗത്ത് പാശ്ചാത്യ ബിസിനസ്സ് സ്യൂട്ടും താഴത്തെ പകുതിയിൽ പരമ്പരാഗത ഇന്ത്യൻ ധോത്തിയും ധരിച്ച ഒരു മനുഷ്യന്റെ ചിത്രം മൂന്ന് സ്ക്രീനുകളില്‍ തെളിയുന്നു. ഈ മനുഷ്യൻ പിന്നീട് ഒരു കൊക്കകോള കുപ്പിയും ലോഗോയുമായി രൂപാന്തരപ്പെടുന്നു, മുള്ളറുടെ നാടകത്തിലെ ഹാംലെറ്റിന്റെ മോണോലോഗ് വായിക്കുന്ന മലാനിയുടെ ശബ്ദം നാം കേൾക്കുന്നു – ഞാന്‍ എന്റെ ജയിലിന് തീയിട്ടു... എന്റെ വസ്ത്രങ്ങൾ തീയിലേക്ക് എറിഞ്ഞു... ചോരയിൽ കുളിച്ച് ഞാൻ തെരുവിലേക്ക് നടന്നു. (മുള്ളറുടെ നാടകത്തിലെ ഈ മോണോലോഗ്, തീവ്രമായ അക്രമത്തിന്റെയും രാഷ്ട്രീയ പ്രക്ഷോഭത്തിന്റെയും ഒരു രംഗം വിവരിക്കുന്നു. ഇത് ഒരു ഡിസ്റ്റോപ്പിക് ഭാവിയെയാണ് അവതരിപ്പിക്കുന്നതെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങളും കിഴക്കൻ ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് ഭരണവുമായും അടുത്തുനില്‍ക്കുന്നു. ഈ നാടകത്തിന്റെ പ്രധാനവശം ഹാംലെറ്റിന്റെയും ഒഫീലിയയുടെയും മോണോലോഗുകളാണ്). വശങ്ങളിലുള്ള രണ്ട് സ്‌ക്രീനുകളിൽ കൊക്കകോള ലോഗോ കറങ്ങുമ്പോൾ, മധ്യഭാഗത്തുള്ള സ്‌ക്രീനിൽ ബാബറി പള്ളി തകര്‍ക്കുന്ന ചിത്രങ്ങളാൽ സമ്പന്നമായ നർത്തകന്റെ ശരീരം കാണാം. ഇവിടെ കൊക്കകോളയെ രണ്ടു രീതിയില്‍ വിമര്‍ശനാത്മകമായി ഉപയോഗിക്കുന്നു. മുള്ളറുടെ നാടകത്തില്‍ കൊക്കകോള ലോഗോ മുതലാളിത്തത്തിന്റെ വ്യക്തമായ വിമർശനമാണ്. ഇന്ത്യയുടെ കാര്യത്തില്‍ അത് മുതലാളിത്തത്തിന്റെയും മത-ദേശീയതയുടെയും ദ്വിമുഖനയങ്ങളുടെ വിമർശനമാണ്. 1990കളുടെ തുടക്കത്തിൽ ഇന്ത്യ അതിന്റെ സമ്പദ്‌വ്യവസ്ഥ ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്ക് തുറന്നുകൊടുത്തു.

വിവിധ കലാരൂപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും - പെയിന്റിംഗ്, അനിമേഷന്‍, വീഡിയോ, ഇൻസ്റ്റലേഷൻ, പ്രകടനം, നാടകം - അവയെ പരസ്പരം ബന്ധിപ്പിച്ചും, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വഭാവമാണ് മലാനിയുടെ കൃതികളുടെ സവിശേഷത. സാഹിത്യം, മിത്തുകൾ, ചരിത്ര വിവരണങ്ങൾ എന്നിവയിൽ നിന്നാണ് മലാനി പലപ്പോഴും പ്രചോദനം ഉൾക്കൊള്ളുന്നത്. സമകാലിക സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി അവർ ഈ ഉറവിടങ്ങളെ പുനർവ്യാഖ്യാനിക്കുന്നു. അവരുടെ കൃതികൾ പലപ്പോഴും  വ്യത്യസ്ത മാധ്യമങ്ങളെ സംയോജിപ്പിച്ച് സങ്കീർണ്ണവും പാളികളുള്ളതുമായ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നു. ഇതിലൂടെ ഈ കലാസൃഷ്ടികൾ പരമ്പരാഗത കലാസൃഷ്ടികളുടെ അതിരുകൾക്കപ്പുറത്തേക്ക് പോകുന്നു. വീഡിയോ പ്രൊജക്ഷനുകൾ, ചലിക്കുന്ന ചിത്രങ്ങൾ, നിഴല്‍ പാവകളി എന്നിവ സംയോജിപ്പിക്കുന്ന ‘വീഡിയോ/ഷാഡോ പ്ലേകൾ’ പോലുള്ള നൂതന സാങ്കേതിക വിദ്യകൾ അവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
കലയുടെ പരസ്പരബന്ധിതത്വം ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിലെ ഒരു അടിസ്ഥാന തത്വമാണ്. വ്യത്യസ്ത കലാരൂപങ്ങളെ ഒറ്റപ്പെടുത്തി കാണുന്നതിനുപകരം, ഇന്ത്യൻ ചിന്ത അവയുടെ ആന്തരിക ബന്ധത്തിനും പരസ്പര സ്വാധീനത്തിനും പ്രാധാന്യം നൽകുന്നു. നൃത്തം, നാടകം തുടങ്ങിയ ഇന്ത്യൻ പ്രകടന കലകള്‍ പരസ്പരബന്ധിതത്വത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഒരു നൃത്ത പ്രകടനം പലപ്പോഴും സംഗീതം(ഗാനം, വാദ്യോപകരണം), കവിത (ഗാനരചന), താളക്രമങ്ങൾ, വസ്ത്രങ്ങൾ, കഥപറച്ചിൽ എന്നിവ സമന്വയിപ്പിക്കുന്നു. ഓരോ ഘടകങ്ങളും മൊത്തത്തിലുള്ള സൗന്ദര്യാത്മക അനുഭവത്തിനും രസത്തിന്റെ ആവിർഭാവത്തിനും സംഭാവന നൽകുന്നു. അതുപോലെ, കഥകളി അല്ലെങ്കിൽ കൂടിയാട്ടം പോലുള്ള പരമ്പരാഗത ഇന്ത്യൻ പ്രകടനരൂപങ്ങൾ അഭിനയം, നൃത്തം, സംഗീതം, വിപുലമായ മേക്കപ്പ്, വസ്ത്രങ്ങൾ എന്നിവ സംയോജിപ്പിച്ച് സമഗ്രമായ ഒരു കലാപരമായ അവതരണം സൃഷ്ടിക്കുന്നു.

ഈ സന്ദര്‍ഭത്തിൽ, വിഷ്ണുധർമ്മോത്തരപുരാണത്തില്‍ പ്രതിപാദിക്കുന്ന വജ്ര രാജാവിന്റെ കഥ പ്രസക്തമാണ്. ഇതില്‍ വജ്ര എന്ന രാജാവും മാർക്കണ്ഡേയ മുനിയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഇപ്രകാരം: രാജാവ് പ്രതിമാനിര്‍മ്മാണം പഠിക്കാന്‍ മുനിയുടെ അടുത്തെത്തുന്നു. ശിൽപം യഥാർത്ഥത്തിൽ മനസ്സിലാക്കാൻ ആദ്യം ചിത്രകല മനസ്സിലാക്കണമെന്ന് മാർക്കണ്ഡേയൻ രാജാവിനോട് നിർദ്ദേശിക്കുന്നു. കൂടാതെ, ചിത്രകല മനസ്സിലാക്കാൻ നൃത്തത്തെക്കുറിച്ചുള്ള അറിവ് ആവശ്യമാണ്, നൃത്തം മനസ്സിലാക്കാൻ ഉപകരണ-വാദ്യ സംഗീതത്തെക്കുറിച്ചുള്ള അറിവ്  അത്യാവശ്യമാണ്. അതായത്, ഏതൊരു കലയിലും ഈ രീതിയില്‍ മറ്റ് കലകളുടെ മേളനം സംഭവിക്കുന്നുണ്ട്, ഇവയ്ക്ക് കലകളുടെ പൊതുവായ ഒരു മൂലധനം ഉണ്ട്. ഒരു കലാരൂപത്തിലെ വൈദഗ്ദ്ധ്യം മറ്റുള്ളവയെക്കുറിച്ചുള്ള ധാരണയുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നുവെന്ന് കഥ ഊന്നിപ്പറയുന്നു.

In Search of Vanished Blood - AGSAREPRESENTATIVE IMAGE | WIKI COMMONS
ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതും തുടര്‍ന്നുള്ള ആക്രമണങ്ങളെ കുറിച്ചും പല മാധ്യമങ്ങളിലായി ധാരാളം സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലാനിയുടെ പ്രതിഷ്ഠാപനത്തെ വ്യത്യസ്തമാക്കുന്നത് വിഷയത്തോടുള്ള സമീപനവും ആവിഷ്കാരത്തിലെ നവീനതയുമാണ്. ഇവിടെ ഷാന്‍-ലുക് ഗൊദാര്‍ദിന്റെ ‘Thinking form’ എന്ന  ആശയം പ്രസക്തമാണ്. ഗൊദാര്‍ദിന്, സിനിമ എന്നത് മുൻകാല ആശയങ്ങളെയോ ആഖ്യാനങ്ങളെയോ ചിത്രീകരിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമല്ല. പകരം, സിനിമയുടെ രൂപം - സിനിമയുടെ സൗന്ദര്യാത്മക ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ - മൊണ്ടാഷിന്റെ പങ്ക്, വിരുദ്ധ ദൃശ്യ-ശബ്‌ദ സംയോജനങ്ങൾ, സ്‌ക്രീനിലെ ടെക്സ്റ്റിന്റെ പ്രാധാന്യം - പുതിയ കാഴ്ചയുടെയും ചിന്തയുടെയും വഴികളിലേക്ക് പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഒരു ദൃശ്യത്തിന്  അതിന്റെ ഘടന, സന്ദർഭം, മറ്റ് ദൃശ്യങ്ങളുമായും ശബ്ദങ്ങളുമായും ഉള്ള ബന്ധം എന്നിവയിലൂടെ, എന്തെങ്കിലും പ്രതിനിധീകരിക്കുന്നതിനുപകരം, ഒരു ആശയം ഉൾക്കൊള്ളാനും ആശയവിനിമയം നടത്താനും കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഏറ്റവും ഫലപ്രദമായ രാഷ്ട്രീയ കല ഉള്ളടക്കത്തില്‍ എന്ന പോലെ രൂപത്തിലും നിലവിലുള്ളതിനെ അട്ടിമറിക്കുന്നതായിരിക്കണം. രൂപത്തിന്റെ അട്ടിമറി രാഷ്ട്രീയ ഉള്ളടക്കത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു, ഇത് വിഷയത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയും ആഴത്തിലുള്ള ചിന്തയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് "The problem is not to make political films, but to make films politically" എന്ന് വളരെക്കാലം മുമ്പേ ഗൊദാര്‍ദ് പറഞ്ഞത്. ഴാന്‍ കോക്ത് ഇത് വേറൊരു രീതിയില്‍ പറഞ്ഞിട്ടുണ്ട്:  “The duty of the artist is to disturb. His duty is to arouse the sleeper, to shake the complacent pillars of the world".

2012ൽ കൊച്ചി-മുസിരിസ് ബിനാലെയുടെ ആദ്യ ലക്കത്തിൽ മലാനിയുടെ ‘ഇൻ സേർച്ച് ഓഫ് വാനിഷ്ഡ് ബ്ലഡ്’( In Search of Vanished Blood) എന്ന ഇൻസ്റ്റലേഷന്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആസ്പിൻ വാൾ ട്രേഡ് കോംപ്ലക്‌സിന്റെ കോൺഫറൻസ് റൂമിലാണ് മലാനി ഈ ഇൻസ്റ്റലേഷൻ പ്രൊജക്റ്റ് ചെയ്തത്.




#outlook
Leave a comment