
ഹാരിസ്-ട്രമ്പ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്; മുന്നിട്ട് നിന്നത് ആര്?
ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒന്നാണ് യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ലൈവ് ഡിബേറ്റ്. പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ ലൈവായി ഒരു ഫ്‌ളോറില്‍ വന്നു നിന്ന് തങ്ങളില്‍ ആരാണ് പ്രസിഡന്റ് ആവാന്‍ യോഗ്യരെന്ന് തര്‍ക്കിക്കുന്ന പരിപാടിയാണിത്. ലോകം ഉറ്റുനോക്കിയിരുന്ന വാദപ്രതിവാദം സെപ്റ്റംബര്‍ 10നു ഇന്ത്യന്‍ സമയം രാവിലെ 6:30നു ആരംഭിച്ചു. ഒന്നേമുക്കാല്‍ മണിക്കൂറിലധികം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ആരാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് ലോകം ചര്‍ച്ച ചെയ്യുകയാണ്.
ഡൊണാള്‍ഡ് ട്രമ്പ് , കമല ഹാരിസ് | PHOTO : WIKI COMMONS
TMJയുടെ യുട്യൂബ് ചാനലില്‍ ഹാരിസ്-ട്രമ്പ് വാഗ്വാദങ്ങള്‍ക്ക് എന്ത് ഫലമാണുണ്ടാവുക എന്ന് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായി പ്രധാനമായും ഉയർന്നു വന്ന പരാമര്‍ശങ്ങള്‍ പരസ്പരം താറടിക്കുന്നതിലും, പ്രകോപിക്കുന്നതിലുമാവും സ്ഥാനാര്‍ത്ഥികള്‍ സമയം കൂടുതല്‍ ചിലവഴിക്കുക എന്നായിരുന്നു. നയങ്ങളെക്കുറിച്ചോ നയമാറ്റങ്ങളെ കുറിച്ചോ കാര്യമായി ചര്‍ച്ച ഉണ്ടാവില്ലെന്നും ചാനലിലെ Discourse എന്ന പരിപാടിയില്‍ പറഞ്ഞിരുന്നു. കമല ഹാരിസന്റെ അഭിഭാഷക പശ്ചാത്തലം ട്രമ്പിനെ അസഹ്യപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചതിന് വിപരീതമായി ഒന്നും തന്നെ ഡിബേറ്റിലുണ്ടായിട്ടില്ല.
മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന തനിക്ക് അവരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാവുമെന്നും, ജീവിതചിലവ് വര്‍ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്ക് ജീവിതം ദുസ്സഹമാവുന്നെന്നും, അതിനാല്‍ ടാക്‌സ് കുറയ്ക്കുമെന്നും കമല ഹാരിസ് പ്രഖ്യാപിച്ചു. 6000 യുഎസ് ഡോളര്‍ കുട്ടികളുടെ ടാക്‌സ് ക്രെഡിറ്റായി നല്‍കുമെന്നും കമല പ്രഖ്യാപിച്ചു. കമലയ്ക്ക് പ്രത്യേകം പ്ലാനുകളൊന്നുമില്ലെന്നും, ബൈഡന്റെ നയങ്ങള്‍ തന്നെയാണ് കമല പിന്തുടരാനുദ്ദേശിക്കുന്നതെന്നും മറുപടി പറഞ്ഞ ട്രമ്പ് ചര്‍ച്ചയിലുടനീളം ഹാരിസും ബൈഡനും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അമേരിക്ക കടന്നുപോവുന്നതെന്നും, അതിന് കാരണം ബൈഡന്റെയും ഹാരിസിന്റെയും നയങ്ങളാണെന്നും ട്രമ്പ് അവകാശപ്പെട്ടു.
കമല ഹാരിസ് | PHOTO : WIKI COMMONS
മാറ്റം ആഗ്രഹിക്കുന്ന അമേരിക്കന്‍ സമൂഹത്തിന് മുന്നില്‍ രണ്ട് പേരും മാറ്റത്തിന്റെ വക്താക്കളായാണ് സ്വയം അവതരിപ്പിച്ചത്. ബൈഡന്റെ നയങ്ങള്‍ മൂലം രാജ്യത്ത് വന്നിട്ടുള്ള ലക്ഷകണക്കിന് കുടിയേറ്റക്കാര്‍ രാജ്യം നശിപ്പിക്കുകയാണെന്നും, കമല ഇതില്‍ മാറ്റങ്ങളൊന്നും കൊണ്ടു വരില്ലെന്നും ട്രമ്പ് പറയുകയുണ്ടായി. ബൈഡന്റെ പ്ലാനുകളെ അനുകരിക്കുക മാത്രമാണ് കമല ചെയ്യുന്നതെന്ന് ട്രമ്പ് ആരോപിച്ചു. രാജ്യത്തെ കുടിയേറ്റക്കാര്‍ വളര്‍ത്തുമൃഗങ്ങളെ ഭക്ഷിക്കുന്നവരാണെന്നും അത്തരം അവരെ സംരക്ഷിക്കുന്നവരാണ് ബൈഡന്‍-ഹാരിസ് സഖ്യമെന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു. ഡിബേറ്റിന്റെ മോഡറേറ്റര്‍ ഈ വാദം തെറ്റാണെന്നും, അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നും ട്രമ്പിനെ തിരുത്തി. എങ്കില്‍ പോലും തന്റെ വാദങ്ങളില്‍ നിന്ന് പിന്നോട്ട് പോവാന്‍ ട്രമ്പ് തയ്യാറായില്ല.
പിന്നീട് നടന്ന ഏറ്റവും വലിയ വാദപ്രതിവാദങ്ങള്‍ രാജ്യത്തെ ഭ്രൂണഹത്യ നിയമങ്ങളെ സംബന്ധിച്ചായിരുന്നു. പല സ്റ്റേറ്റുകളിലും ഭ്രൂണഹത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള അമേരിക്കയില്‍ അതിന് കാരണക്കാരന്‍ ഡൊണാള്‍ഡ് ട്രമ്പാണെന്ന് കമല ഹാരിസ് തുറന്നടിച്ചു. റോ vs വേഡ് കേസ്സില്‍ നല്‍കിയിട്ടുള്ള സംരക്ഷണങ്ങളെ എടുത്തുകളഞ്ഞ വിധി പ്രസ്താവിച്ച ജഡ്ജിയെ നിയമിച്ചത് ട്രമ്പാണെന്ന് കമല ഓര്‍മപ്പെടുത്തി. സ്ത്രീകളുടെ ശരീരത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ രാജ്യമെമ്പാടും ട്രമ്പ് കൊണ്ടുവരുമെന്ന് കമല പറഞ്ഞപ്പോള്‍ ഭ്രൂണഹത്യ നിരോധനം നിയമം താന്‍ കൊണ്ടുവരില്ലെന്ന് ട്രമ്പ് മറുപടി നല്‍കി. റിപ്പബ്ലിക്കന്‍സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ അഭിപ്രായം മറിച്ചാണെന്നും, ഭ്രൂണഹത്യനിരോധന നിയമം കൊണ്ട് വരുമെന്ന് ജെ ഡി വാന്‍സ് പറഞ്ഞിട്ടുണ്ടെന്നും കമല മറുപടി നല്‍കി. അദ്ദേഹത്തിന് പല കാര്യങ്ങളിലും താനുമായി അഭിപ്രായ വ്യത്യാസമുണ്ടാവാമെന്ന് ട്രമ്പതിന് ന്യായീകരണം നല്‍കി
.
ഡൊണാള്‍ഡ് ട്രമ്പ് | PHOTO : WIKI COMMONS
കമല ഹാരിസിനെ കടന്നാക്രമിക്കാന്‍ ട്രമ്പ് പ്രയോഗിച്ച മറ്റൊരു ആയുധം നിലപാടുകളിലെ പിന്നോട്ടുപോക്കുകളായിരുന്നു. അതിനുദാഹരണമായി ട്രമ്പ് എടുത്തുപറഞ്ഞത് 2020ല്‍ ഫ്രാക്കിങ്ങിനെതിരെ(fracking) കമല ഹാരിസ് സ്വീകരിച്ച നിലപാടാണ്. ഫ്രാക്കിങ് ബാന്‍ ചെയ്യുമെന്ന് അന്ന് നിലപാടെടുത്ത കമല അധികം വൈകാതെ തന്നെ അതില്‍ നിന്നും പിന്മാറിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കൊണ്ട് താന്‍ ഫ്രാക്കിങ്ങിന് സഹായകമായ നിലപാടുകളാണ് കൈക്കൊണ്ടതെന്ന് ഹാരിസ് വ്യക്തമാക്കി. ജനങ്ങളുടെ തോക്കുകള്‍ പിടിച്ചടക്കുമെന്നും, പെന്‍സില്‍വാനിയയില്‍ ഫ്രാക്കിങ്‌ന് ഹാരിസിന്റെ നേതൃത്വത്തില്‍ നിരോധനമേര്‍പ്പെടുത്തുമെന്നും ട്രമ്പ് പ്രതികരിച്ചു.
വിദേശ നയങ്ങളെക്കുറിച്ചുണ്ടായ വാഗ്വാദങ്ങളില്‍ റഷ്യന്‍ യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്കയുടെ നയങ്ങള്‍ പരാജയമായിരുന്നെന്നും താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഓഫീസിലെത്തുന്ന ആദ്യ ദിനത്തിനുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ട്രമ്പ് വ്യക്തമാക്കി. ഇസ്രായേലിന് വേണ്ടി തങ്ങളില്‍ ആരാണ് ഏറ്റവും നന്നായി നിലകൊള്ളുന്നത് എന്നൊരു വിചിത്രമത്സരവും ഹാരിസ്-ട്രമ്പ് ഡിബേറ്റില്‍ കാണാന്‍ കഴിഞ്ഞു. ഇസ്രായേലിനെ വെറുക്കുന്നതാണ് കമലയുടെ നയമെന്ന് പറഞ്ഞ ട്രമ്പിന്, താന്‍ എല്ലാക്കാലത്തും ഇസ്രായേലിന്റെ പ്രതിരോധാവകാശത്തിന് വേണ്ടി നിലനിന്നിട്ടുള്ള ആളാണെന്ന് മറുപടി നല്‍കി. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കണമെന്നും, അതിനായി ഒരു വെടിനിര്‍ത്തല്‍ കരാറും ബന്ദികളെ തുറന്നുവിടുകയുമാണ് വേണ്ടതെന്നും കമല ഹാരിസ് പറഞ്ഞു. ഏകാധിപതികളോട് എന്നും കൂറ് പുലര്‍ത്തുന്ന ട്രമ്പ് തിരിച്ചു വരണമെന്നാണ് കിം ജോംഗ് ഉന്നിനെ പോലുള്ളവര്‍ ആഗ്രഹിക്കുന്നതെന്ന് കമല ഹാരിസ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ട്രമ്പിന്റെ ബന്ധത്തെക്കുറിച്ചും കമല പരാമര്‍ശമുന്നയിച്ചു.
പ്രധാനമായും ബൈഡനെ കടന്നാക്രമിച്ച ട്രമ്പിനെ, ബൈഡനെതിരെയല്ല തനിക്കെതിരെയാണ് മത്സരമെന്ന് കമല ഹാരിസ് ഓര്‍മിപ്പിച്ചു. താന്‍ ബൈഡനല്ലെന്നും, തീര്‍ച്ചയായും ട്രമ്പല്ലെന്നും, തനിക്ക് അമേരിക്കയ്ക്കായി തന്റേതായ നയങ്ങളും കാഴ്ചപ്പാടുകളും പദ്ധതികളുണ്ടെന്നും കമല പ്രതികരിച്ചു. ട്രമ്പിന്റെ റാലികളില്‍ പോലും ആളുകള്‍ പങ്കെടുക്കുന്നില്ലെന്നും, ബോറടി കാരണവും ക്ഷീണിച്ചും ആളുകള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോവുന്ന കാഴ്ച കാണാനാവുമെന്നു കമല ഹാരിസ് പറഞ്ഞത് ട്രമ്പിനെ ചൊടിപ്പിച്ചു. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച റാലികളില്‍ ഒന്ന് തന്റേതാണെന്ന് ട്രമ്പ് അവകാശപ്പെട്ടു.
ജോ ബൈഡൻ | PHOTO : WIKI COMMONS
ഡിബേറ്റിനു ശേഷം TMJയുടെ യുട്യൂബ് ചാനലില്‍ സെപ്റ്റംബര്‍ 12നു പ്രസിദ്ധീകരിച്ചിട്ടുള്ള Discourse വീഡിയോയില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്ന് ചര്‍ച്ച ചെയ്യുന്നുണ്ട്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും കമല ഹാരിസിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചിട്ടുണ്ടെന്ന സൂചനകളാണ് നല്‍കുന്നത്. കണക്കുകള്‍ പറയുന്നതും വ്യത്യസ്തമല്ല. സിഎന്‍എന്നിന്റെ ഡിബേറ്റ് വാച്ചേഴ്‌സ് പോള്‍ പ്രകാരം 63 ശതമാനം പേര് കമല ഹാരിസ് ട്രമ്പിനേക്കാള്‍ നല്ല പ്രകടനം കാഴ്ച വച്ചെന്ന് അഭിപ്രായപ്പെടുന്നു. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന രജിസ്റ്റേഡ് വോട്ടര്‍മാരില്‍ 97 ശതമാനം ആളുകള്‍ തങ്ങളുടെ സ്ഥാനാര്‍ഥി നല്ല പ്രകടനം കാഴ്ചവെച്ചെന്ന് വിശ്വസിക്കുമ്പോള്‍ ട്രമ്പിനത് വെറും 67 ശതമാനം മാത്രം.


