ഹെജിമണി & അപരം
ഹെജിമണി (Hegemony) എന്ന വാക്കിനർത്ഥം അധീശത്വം എന്നാണ്. മലയാളത്തിൽ നമുക്ക് മേൽകോയ്മ എന്നു പറയാം. എന്നുവച്ചാൽ ആധിപത്യം ആകുന്നു. നമ്മളെ ആരോ ചവിട്ടിപ്പിടിക്കുന്നു. നമുക്ക് അനങ്ങാൻ ആവുന്നില്ല. അതാണ് മേൽക്കോയ്മ. ഇവിടെ അത് ഭരണകൂടത്തിന്റെ നിയന്ത്രണം ആകുന്നു. ഭരണകൂടത്തിന് പോലീസും പട്ടാളവും കോടതിയും ഒക്കെ ദണ്ഡനത്തിന്റെ (ശിക്ഷ) ഭാഗമാണ്. പ്രജകളെ വരുതിയിൽ നിർത്താനുള്ള മാർഗങ്ങളാണവ. ശരീരത്തെ പീഡിപ്പിച്ച് മനസിനെ വരുതിയിൽ ആക്കുക എന്ന പരിപാടി. ഇത് ആശയ ലോകം (പ്രത്യയ ശാസ്ത്രം) കൊണ്ടും സാധിക്കാം എന്നാണ് മഹാനായ ഇറ്റാലിയൻ ഫിലോസഫർ ഗ്രാംഷി പറയുന്നത്. ഫാഷിസ്റ്റായ മുസോളിനി അദ്ദേഹത്തെ ജയിലിലിട്ടു. അവിടെ വച്ച് എഴുതിയ ജയിൽ കുറിപ്പുകൾ പ്രധാനമാണ്. മുസോളനിയെപ്പറ്റി റോബർട്ട് ബ്രൗണിങ് ഒരു കവിത എഴുതിയിട്ടുണ്ട്. കക്ഷി ആദ്യകാലത്ത് സോഷ്യലിസ്റ്റ് ആയിരുന്നു എന്നു തോന്നുന്നു. പിന്നീടാണ് ഫാഷിസ്റ്റ് ആയത്. (ഇതാണ് വടക്കൻ കൊറിയയിലും ചൈനയിലും സംഭവിക്കുന്നത്. വേറേ മൂന്ന് കമ്യൂണിസ്റ്റ് രാജ്യങ്ങളും ലോകത്തുണ്ട്). ഗ്രാംഷിയുടെ പ്രധാനപ്പെട്ട ഒരു ആശയമാണിത്. സാംസ്‌കാരികമായ അധീശത്വം എന്ന ആശയം ആണത്.
മുതലാളിത്തം/ഭരണകൂടം അതിന്റെ അധീശത്വം പുലർത്തുന്നത് ദണ്ഡനമുറകൾ ഉപയോഗിക്കുന്നതിലുപരി പ്രത്യയ ശാസ്ത്രത്തെയാണ്. (പ്രത്യയം എന്ന വാക്കിന് വിശ്വാസം എന്നാണർത്ഥം. ശാസ്ത്രം ഇവിടെ ശാസ്ത്രം അല്ല അറിവാണ്. ഒരു ആശയലോകം എന്ന് നമുക്ക് പ്രത്യയ ശാസ്ത്രത്തെ വിളിക്കാം.) അങ്ങനെയാണ് ജനങ്ങളെ തങ്ങൾക്ക് പറ്റുന്ന മാതിരി ഭരണകൂടം വഴക്കിയെടുക്കുന്നത്. സാംസ്‌കാരിക സ്ഥാപനങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. കലാമണ്ഡലവും തുഞ്ചൻ പറമ്പും ക്ലാസിക് ക്ഷേത്രകലകളും ഒക്കെ കേരളത്തെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്നു. ആധുനികത ഉണ്ടാക്കിവച്ച സാംസ്‌കാരികാധീശത്വമുണ്ട്. കവിതയിൽ പ്രതിസംസ്‌കാരം (Counter Culture) സൃഷ്ടിച്ചത് കടമ്മനിട്ടയാണ്; ഉള്ളിൽ സവർണനായിരുന്നെങ്കിലും. (കടമ്മനിട്ട സൃഷ്ടിച്ച പ്രതിസംസ്‌കാരത്തെക്കുറിച്ച് നരേന്ദ്ര പ്രസാദ് അദ്ദേഹത്തിന്റെ കവിതയ്ക്കുള്ള അവതാരികയിൽ എഴുതിയിട്ടുണ്ട്.) അദ്ദേഹം ഒരു പ്രാകൃത സത്തയെ (കാട്ടാളനെ) അവതരിപ്പിച്ചു. Primitive Self എന്ന് നമുക്കതിനെ ഇംഗ്ലീഷിൽ വിളിക്കാം. അതൊരു ശക്തിയായി ആധുനികതയുടെ അധീശ സംകാരത്തിനെതിരേ നിലകൊണ്ടു. ചരിത്രം എന്ന കവിത എഴുതിയ വിനയചന്ദ്രനും അയ്യപ്പനും അത്തോളി രാഘവനും ജി ശശി മധുരവേലിക്കും മാങ്ങാനും കൂട്ടപ്പൻ ചേട്ടനും നാടൻ പാട്ടുകാരനായ സി ജെ കുട്ടപ്പനും ബാനർജിക്കും മറ്റും അതിൽ പങ്കുണ്ട്. ജനകീയ സാംസ്‌കാരിക വേദി പ്രതി സംസ്‌കാരം സൃഷ്ടിക്കുകയായിരുന്നു. ജോൺ അബ്രഹാം, എന്നിങ്ങനെ ആ ധാര തുടരുന്നു.
അന്റോണിയോ ഗ്രാംഷി | Photo: Wiki Commons
ശരിക്കും കലാഭവൻ മണിയാണ്, മറിയാമ്മച്ചേടത്തിയാണ് കൗണ്ടർ കൾച്ചർ സൃഷ്ടിച്ചത്, പോപ്പുലർ മട്ടിൽ. ഉത്തരാധുനിക കാലത്താണ് അതിശക്തമായ ദളിത് കവിതകളും സ്ത്രീകവിതയും ഉണ്ടാകുന്നത്. കമ്മട്ടിപ്പാടം പോലുള്ള (രാജീവ് രവിയും കമ്യൂണിസ്റ്റ് ആണ്) സിനിമകളും പ്രതിസംസ്‌കാരം സൃഷ്ടിച്ചു. ഇന്ന് ശ്രദ്ധ പിടിച്ചു പറ്റിയ ആദിവാസി കവിതയെയും പ്രതിസംസ്‌കാരത്തിന്റെ ഭാഗമായി കാണാം. സവർണതയുടെ സാംസ്‌കാരികമായ താല്പര്യങ്ങൾ മൂലമാണ് ഒരു കീഴാള ജനത ഇവിടെ വീർപ്പുമുട്ടിക്കഴിയുന്നത്. സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെല്ലാം മേലാളർ കയറിപ്പറ്റുന്നു. ഒരു വിധത്തിലാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജാതിവാദികളായ സവർണരെ ഇറക്കിയത്. കീഴാള കലാരൂപങ്ങൾ മൺമറഞ്ഞുപോകുന്നു. ഇന്ത്യയിൽ മുതലാളിത്തം ശക്തിപ്പെടുന്ന കാലമാണിത്. മുതലാളിത്തം കേരളത്തിൽ പതുക്കെ വ്യാപിച്ചു വരുന്നതേയുള്ളു. മുതലാളിത്തം മോശമാണെന്ന അഭിപ്രായം എനിക്കില്ല. സമ്പൂർണ മുതലാളിത്തം ഇവിടെ ഇല്ലാത്തതിനാലും കേരളത്തിലെ ജനാധിപത്യ സർക്കാരുകൾ, കമ്യൂണിസ്റ്റുകളായാലും കോൺഗ്രസുകാരായാലും ഒരു പരിധിവരെ സോഷ്യലിസ്റ്റുകളാണ് എന്നതിനാലും ഭരണകൂടത്തിൽ മാത്രമല്ല അതിനു വെളിയിൽ കൂടി അധീശത്വത്തെ അന്വേഷിക്കേണ്ടിരിക്കുന്നു. ആകെ സമൂഹത്തിൽത്തന്നെ സാംസ്‌കാരികാധീശത്വം കാണുന്നു. പക്ഷേ നമ്മുടെ സർക്കാരുകൾ ഫാഷിസ്റ്റ് നിലപാടുകൾ നക്‌സലൈറ്റുകളുടെ കാര്യത്തിലും മുത്തങ്ങയിലെ ആദിവാസികളുടെ കാര്യത്തിലും ചെങ്ങറയിലും മറ്റും എടുത്തിട്ടുണ്ട്. റോം ഓപ്പൺ സിറ്റി എന്ന സിനിമയും കലിഗുള എന്ന നാടകവും ഓർത്തു പോകുകയണ്. ഗ്രാംഷിയൻ ആശയങ്ങൾ ജനാധിപത്യ വ്യവസ്ഥയിലെ ഫാഷിസത്തെയും സാംസ്‌കാരികാധീശത്വത്തെയും വിശദീകരിക്കുന്നു.
രണ്ട്
മാസ്‌കൾച്ചർ അഥവാ മാസ്മീഡിയ വഴിയാണ് ഉത്തരാധുനിക കാലത്ത് സംസ്‌കാരങ്ങൾ രൂപപ്പെടുന്നതെന്ന് ഫ്രെഡറിക് ജയിംസൺ പറയുന്നു. അത് നമ്മുടെ പ്രത്യയശാസ്ത്ര ബോധ്യങ്ങളെ രൂപപ്പെടുത്തുകയും പരോക്ഷമായി നമ്മളെ മാസ് മീഡിയ കൾച്ചറിന്റെ സ്വാധീനങ്ങൾക്ക് അടിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെയാണ് ജയിംസൺ അധീശത്വം (Hegemony) എന്നു വിളിക്കുന്നത്. ഈ അഭിപ്രായവും ഗ്രാംഷിയുടെ ഹെജിമണി എന്ന കൺസെപ്റ്റും ചേർത്തുവായിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. ആദ്യനിൽ അത് സാംസ്‌കാരിക സ്ഥാപനങ്ങൾ ആണ്. ദ്വിതീയനിൽ അത് മാസ് മീഡിയാ ലോകമാണ്. ഇത് മുതലാളിത്തവും പിൽക്കാല മുതലാളിത്തവും തമ്മിലുള്ള വ്യത്യാസമാണ്. ആധുനികതയും ഉത്തരാധുനികതയും തമ്മിലുള്ള അന്തരം ഉണ്ട് ഈ രണ്ടു ചിന്തകന്മാരും തമ്മിൽ. നമ്മുടേതാകട്ടെ പ്രിമിറ്റീവ്, ട്രൈബൽ, ഫ്യൂഡൽ, ആധുനികം, ഉത്തരാധുനികം എല്ലാം കൂടി ചേർന്ന ഒരു മിശ്ര സാഹചര്യമാണ്. ഒരു ടിവി പോലും ഇല്ലാത്ത പാവപ്പെട്ടവർ ഇവിടെയുണ്ട്. കോളനിക്കാരും കുടിലിൽ താമസിക്കുന്നവരും ഉണ്ട്. സ്മാർട്ട് ഫോൺ ഇല്ലാത്തവരുണ്ട്. ലോട്ടറി വില്പനക്കാർ ധാരാളമാണ്. അതിനാൽ ഗ്രാംഷിയേയും ജയിംസനെയും ഒന്നിച്ചു വായിക്കുകയുമാണ്. ജയിംസൺ പറയുന്ന ആഴമില്ലായ്മയും (Depthlenssess) എഫക്ടിന്റെ മങ്ങലും/വികാരരാഹിത്യവും (Waning of affect) പാരഡിയും പാസ്റ്റീഷും ഇവിടത്തെ കലയിലും സാഹിത്യത്തിലും ഭാഗികമായേ സംഭവിച്ചിട്ടുള്ളു. പാശ്ചാത്യ ചിത്രകലയുടെ (ശില്പകല ചുരുക്കത്തിലും) ചരിത്രം എഴുതിയ എനിക്ക് കൊച്ചി ബിനാലെയിൽ പോയിട്ട് പലതും മനസിലാക്കാൻ പറ്റിയില്ല. ബിനാലെയിലെ കലാവസ്തുക്കൾ ശരിക്കും ഇംഗ്ലണ്ടിലും അമേരിക്കയിലും ഉണ്ടായ ഉത്തരാധുനിക കലാപ്രവർത്തനങ്ങളുടെ തുടർച്ചയാണ്. പല രാജ്യങ്ങളിലുള്ള കലാകാരൻമാർ അമേരിക്കയിൽ എത്തുന്നുണ്ട്. അവർ പോപ് ആർട്ടും ഓപ് ആർട്ടും കൺസപ്ച്വൽ ആർട്ടും ഇൻസ്റ്റലേഷനും മറ്റും ചെയ്യുന്നു. നമുക്ക് ഫോർട്ടു കൊച്ചിയിൽ എത്തിയിട്ട് ആസ്പിൻ വാളിലേക്കോ പെപ്പർ ഹൗസിലേക്കോ പോകാൻ നല്ല വഴി പോലുമില്ല. അതാണ് നമ്മുടെ ഉത്തരാധുനികത! നമ്മുടെ കാവ്യാസ്വാദനത്തിൽ ആഴമില്ലായ്മ, അഥവാ വികാര ശോഷണം, പാസ്റ്റീഷ്, പാരഡി എന്നിവ വേണ്ട വണ്ണം ചർച്ചചെയ്യപ്പെട്ടിട്ടില്ല. അതിന്റെ ചില വശങ്ങൾ വന്നിട്ടുണ്ടെങ്കിലും. ഒരു കെ റെയിൽ വരുന്നു എന്നു കേട്ടപ്പോൾ വളരെ വീറോടെ എതിർത്തവരാണ് പാതി മലയാളികൾ. ടി വി യും പത്രങ്ങളും എത്ര പരിഹാസത്തോടെയാണ് അതെല്ലാം ചിത്രീകരിച്ചത്. അപ്പോൾ പാശ്ചാത്യ ചിന്തകളെ അതേപടി നമുക്ക് ഇവിടെ പ്രയോഗിക്കാൻ പറ്റുകയില്ല. നോക്കൂ അഫ്ഗാനിസ്ഥാനിൽ വച്ച് നമ്മൾ ഇക്കാര്യം പറയുന്നതിനെപ്പറ്റി ആലോചിക്കുക. എത്ര ഇമ്പോസിബിൾ ആയിരിക്കും? അതുപോലെ ചില കാര്യങ്ങൾ ഇവിടെയും ഉണ്ട്. എന്നാൽ ടിവി ചാനലുകൾ, തമാശപ്പരിപാടികൾ (Mockery), ബിഗ് ബോസ്, എഫ് ബി, വാട്ട്‌സ് ആപ്, യൂ ട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ സ്വാധീനം ചില്ലറയല്ല. അതാണ് നമ്മളിൽ പ്രത്യയ ശാസ്ത്രം നിർമ്മിക്കുന്നതും പരോക്ഷമായി നമ്മളെ സാംസ്‌കാരികാതീശത്വത്താൽ നിയന്ത്രിക്കുന്നതും. ഇവിടത്തെ മാസികകളിൽ രാഷ്ട്രീയ നിലപാടുകളാൽ കവിത കൊടുക്കാത്തവർ വമ്പന്റെ എഫ് ബിയിൽ കവിതയിടുന്നു. ഇതൊന്നും ആരുടേയും കുറ്റമല്ല. കുത്തകകളുടേയും കോർപ്പറേറ്റുകളുടേയും താല്പര്യങ്ങൾ വളരെ സോഫ്റ്റായി നമ്മളിലേക്ക് കിനിഞ്ഞിറങ്ങുന്നു. നമ്മൾ കീഴ്‌പ്പെടുന്നു. ഒരു വലയിൽ കേറിയില്ലെങ്കിൽ വേറൊരു വലയിൽ നാം കേറുന്നു. എങ്ങനെയാണ് വളരെ പ്രാകൃതമായ ആശയങ്ങൾ വഹിക്കുന്ന ബിജെപി ക്ക് മീഡിയാ ശ്രദ്ധ കിട്ടുന്നത്? വമ്പന്മാരുടെ ചങ്ങാത്തം ആ പാർട്ടിക്കുണ്ട്. അവരെങ്ങനെയാണ് സൈബർ ടെക്‌നോളജിയെ, ശാസ്ത്രത്തെ ഉപയോഗിക്കുന്നത്? ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെ ഇക്കാലത്തുനടന്ന മനുഷ്യൻ കാലം മാറിയാണോ സഞ്ചരിച്ചത്? വടക്കൻ കേരളം മുതൽ തെക്കൻ കേരളം വരെയുള്ള യാത്ര പോലെയല്ലത്. ഈ യാത്രകൾ രണ്ടു തരം യാത്രകൾ ആണ്. ആദിവാസികളുടെ കുറുകുറെ ബ്രോസ് ശ്രദ്ധിക്കപ്പെട്ടത് എന്തുകൊണ്ടാണ്? പുതിയ ടെക്‌നോളജിയിലൂടെ മുന്നേറാനേ അവർക്കാവുകയുള്ളു. കവിതയിൽ അവർ ആഴം കുറച്ചും വികാരം കുറച്ചും പാസ്റ്റീഷ് ഉപയോഗിച്ചും ചെയ്യണം. അവർ പോസ്റ്റു സ്ട്രക്ചറലിസവും നരവംശ ശാസ്ത്രവും കമ്പ്യൂട്ടർ ടെക്‌നോളജിയും മനസിലാക്കണം. ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ വ്യാപകമായി ചെയ്യണം. അവർ അവരല്ലാതാകണം. അവർ കൺസെപ്ച്ച്വൽ ആർട്ട് തിരിച്ചറിയണം. ആദിവാസി ഗോത്രങ്ങൾ അവരുടെ സംസ്‌കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ എന്നിവ ഫ്രാക്‌മെന്റുകളാണ്. പരസ്പരം യോജിക്കാത്തവ. അവയെ യോജിപ്പിക്കണം. ചിത്രകല, ശില്പ കല, കവിത, സംഗീത വീഡിയോ, നാടൻ പാട്ടു രൂപങ്ങൾ, സിനിമ എന്നിവ പുതിയ രീതിയിൽ പ്രയോഗിക്കണം. ബുദ്ധിപരമാണിവ. ബുദ്ധി എല്ലാവർക്കും ഉണ്ട്. ഓരോ തരത്തിലാണെന്നുമാത്രം. മനുഷ്യന്റെ ബൈനറി ഓപ്പസിറ്റാണ് യന്ത്രം. കവിത കവിതയല്ല. അത് മനസിലാക്കണം.
ഫ്രെഡറിക് ജയിംസൺ | Photo: Wiki Commons
മൂന്ന്
അപരം (Other) എന്നതിനെക്കുറിച്ച് ഹെഗൽ, എഡ്മണ്ട് ഹസെർൾ, ലകാൻ, ലെവിനാസ്, ദരിദ, ഫൂക്കോ, സീമോൺ ദി ബുവാ എന്നിവരൊക്കെ എഴുതിയിട്ടുണ്ട്. അതൊരു ഫിലോസഫിക്കൽ കാര്യമാണ്. സത്താപരമായ ആ താത്വികതയെ നമ്മളും ഉൾക്കൊളളുന്നു. എന്നാൽ എന്റെ ജിപ്‌സി പഠനങ്ങളിൽ നിന്നാണ് അതറിംഗ് ഞാൻ കൂടുതൽ മനസിലാക്കിയത്. അതറിങ്ങിന് വിധേയരാവുന്നവരുടെ കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഇന്ത്യയെ സംബന്ധിച്ച് ഹിന്ദുക്കൾ സെല്ഫ് (അഹം) നിർമ്മിക്കുമ്പോൾ സ്വാഭാവികമായി മുസ്ലീം, ക്രിസ്ത്യൻ അപരം ഉണ്ടാകും. അതിനെ അപരവൽക്കരിക്കുന്നതാണ്, അപരവൽക്കരണത്തെ തീവ്രമാക്കുന്നതും അതിനെതിരേ വെറുപ്പു സൃഷ്ടിക്കുന്നതും പീഡിപ്പിക്കുന്നതുമാണ് പ്രശ്‌നം. നാസി ജർമ്മനിയിൽ Black എന്ന രീതിയിലാണ് യഹൂദർ അപരവല്ക്കരിക്കപ്പെട്ടത്. സത്യത്തിൽ അവർ Black അല്ല. ജിപ്‌സി എന്ന റോമയും ആഹമരസ എന്ന നിലയിൽ അപരവല്ക്കരിക്കപ്പെട്ടു. അവരും Black അല്ല. സെമറ്റിക് മത സംസ്‌കാരമുള്ള മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ് ഇന്ത്യയിൽ അപരവല്ക്കരിക്കപ്പെടുന്നത്. ഏകദൈവ വിശ്വാസികളാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും. ഹിന്ദുമതമാകട്ടെ ബഹുദൈവാരാധനയുടെ അസംഘടിതമായ മതസംസ്‌കാരമാണ് ഉൾക്കൊള്ളുന്നത്. എന്നാൽ ശരിക്കും ഇന്ത്യയിൽ ആരാണ് അപരവൽക്കരിക്കപ്പെടുന്നത്? ലോകം മുഴുവനും ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടവർ യഹൂദർ എന്നാണ് നമ്മൾ പഠിച്ചു വച്ചിരിക്കുന്നത്. സവർണരിലെ ദരിദ്രരാണ് ശരിക്കും ദരിദ്രർ എന്ന് കേരളത്തിൽ വാദിക്കാറില്ലേ അതുപോലെ.
അതല്ല, ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് (റഷ്യയിലൊഴികേ) ജിപ്‌സികൾ / റോമ ആണ്. റോമയുടെ പീഡിത ജീവിതം ആരും ശ്രദ്ധിക്കാതെ പോയി. അവർക്ക് പറയാൻ ആളില്ലാതെ പോയി. ജിപ്‌സികൾ എങ്ങനെയാണോ പഠിക്കപ്പെടാതെ പോയത് എന്ന പോലെയാണ് ഇന്ത്യയിൽ അപരങ്ങളായി ദളിതരും ആദിവാസികളും എല്ലാക്കാലത്തും പീഡിപ്പിക്കപ്പെടുന്നത്, അവഗണിക്കപ്പെടുന്നത്. ഇത് വർത്തമാനത്തിന്റെ വളച്ചൊടിക്കൽ കൂടിയാണ്. ഇതുകൊണ്ടാണ് ദളിത് ചിന്തകർ മുസ്ലീം എന്ന അപരത്തെ ദളിത് അവസ്ഥയേക്കാൾ മുഖ്യമായെടുക്കുന്നത്. ഈ അപരത്വം ആദിവാസി മധുവിന്റെ കാര്യത്തിലും വിശ്വനാഥന്റെ കാര്യത്തിലും നമ്മൾ കണ്ടതാണ്. ഇതുകൊണ്ടാണ് ആദിവാസികളും ദളിതരും അവഗണിക്കപ്പെടുന്നത്. ഹിന്ദുത്വവാദികളും അപരങ്ങളായി കാണുന്നത് മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും തന്നെയാണ്. കാരണം അതിൽ ഒരു തന്ത്രമുണ്ട്. ഹിന്ദു മതത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന, ഹിന്ദു സവർണ്ണത അപരവല്ക്കരിക്കുന്ന ദളിതർ, ആദിവാസികൾ, നാടോടികൾ എന്നിവരെ അവർക്ക് സമർത്ഥമായി മറയ്ക്കാൻ കഴിയുന്നത് ഇത്തരം സെമറ്റിക് വിരുദ്ധമായ ഒരു സെൽഫിനെ നിർമ്മിക്കുന്നതു കൊണ്ടാണ്. അവരെ കൂടെ കൂട്ടാതെ കൂട്ടുന്ന രീതിയാണിത്. ഒരു പടി കൂടി കടന്നുകൊണ്ട് അപര മതങ്ങളുമായി, സമീകരണത്തിന്റെ സാധ്യതകൾ കൂടി അവർ ഇപ്പോൾ ആരായുന്നുണ്ട്. ഇതിൽ അവർ വിജയിച്ചേക്കാം. അത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഗുണകരമായേക്കാം. അപ്പോഴും എന്നും ഗണിക്കപ്പെടാതെ പോകുന്ന അപരങ്ങൾ ദളിതരും ആദിവാസികളും നാടോടികളും ആയിരിക്കും. ദറിദയും ഫൂക്കോയും ചൂണ്ടിക്കാട്ടിയിട്ടും ഇത് കമ്മ്യൂണിസ്റ്റുകാർക്കും മനസ്സിലാകുന്നില്ല. കോൺഗ്രസുകാർക്കു പിന്നെ ഇതൊന്നും വിഷയമല്ല. ഇരുകൂട്ടരിലും ബ്രാഹ്‌മണ്യത്തിന്റെ തന്ത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് ആത്മവിശകലനത്തിലൂടെ മനസിലാക്കേണ്ടി വരുന്ന കാലമാണ്. തൊഴിലാളിവർഗം എന്നതിനെ ദളിത് എന്നോ ആദിവാസി എന്നോ നാടോടിയെന്നോ വിവർത്തനം ചെയ്യേണ്ടതുണ്ട്. സവിശേഷമായി കാണേണ്ടതുണ്ട്. അതിന് ഹിന്ദുത്വവാദികൾ മറച്ചുവച്ച് അപരവല്ക്കരിക്കുകയും അസിമിലേറ്റുചെയ്യുകയും ചെയ്യുന്ന ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും മാത്രം നോക്കിയിരിക്കാതെ ഹന്ദു മതത്തെ അപനിർമ്മിക്കേണ്ടതുണ്ട്. എന്നാൽ ഇത് സംഭവിക്കാൻ സാധ്യതയില്ല എന്ന് കോൺഗ്രസ്, ബിജെപി, കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്നീ പാർട്ടികളുടെ പൊതു സ്വഭാവത്തിൽ നിന്ന് മനസിലാക്കാവുന്നതാണ്. ഇവർ തമ്മിൽ ചില്ലറ വ്യത്യാസങ്ങളേയുള്ളു, അവ പ്രധാനമാണെങ്കിലും. ഈ രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ചെയ്യാവുന്നത് ഹിന്ദുമതത്തിന്റെ കീഴാളത്തട്ടിനെ അടർത്തിയെടുക്കുകയാണ്. അതിന് പുതിയ രീതിയിൽ ഗാന്ധിസത്തെയും അംബേദ്കറിസത്തേയും പിൽക്കാല മാർക്‌സിസത്തേയും ഒരുമിപ്പിക്കേണ്ടതുണ്ട്.
മിഷേൽ ഫൂക്കോ | Photo: Wiki Commons
നാല്
ഇന്നത്തെ കവിതയിലെ ശ്രദ്ധേയമായ എഴുത്തുകളെല്ലാം അപരങ്ങളുടെ എഴുത്തുകളാണ്. കവിതയിലെന്നപോലെ തന്നെ കഥയിലും നോവലിലും ഒന്നും ഇപ്പറഞ്ഞതിന് അത്ര കൃത്യത കാണണമെന്നില്ല. കവിതയിൽ സ്ത്രീ, ദളിത്, ഗോത്രം, ട്രാൻസ് ജെന്റർ എന്നെല്ലാം അപരങ്ങൾ വ്യക്തമാണ്. ഫിക്ഷനിൽ കാര്യങ്ങൾ കൂടുതൽ അവ്യാകൃതമാണ്. എന്നാൽ കവിതയിലും അത്ര കൃത്യതയൊന്നുമില്ല. പ്രത്യേകിച്ച് സവർണരുടെ കവിതകളിൽ. നോവലിലും കഥയിലും അപരങ്ങളുടെ എഴുത്തുണ്ട്. കവിതയിലെന്നപോലെ വഴികൾ തിരിച്ചിട്ടില്ല എന്നേയുള്ളു. ഇന്ന് എല്ലാ എഴുത്തും പൂർണ്ണമായും കൾച്ചറൽ ഇൻഡസ്ട്രിയുടെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ ചില സ്വയം നിർണയനങ്ങൾ അങ്ങുമിങ്ങുമൊക്കെ ഉണ്ടുതാനും. അവയൊക്കെ അധികാരത്തിന്റെ ഭാഗത്തുനിന്നുള്ള അപരവൽക്കരണത്തിന് (Othering) വിധേയമാകുന്നുണ്ട്. അപരങ്ങൾ സെൽഫാകാൻ ശ്രമിക്കുന്നത് നാം കാണുന്നു. അതിനാലാണ് സബ്ജക്ടിവിറ്റി എഴുത്തിൽ പ്രധാനമാകുന്നത്. അപരങ്ങൾ അസിമിലേഷനിലൂടെ മുഖ്യധാരയിലേക്ക് വരികയും വേണം. റഷ്യയിൽ ഒരുപാട് കുലീനർ ജിപ്‌സി പെണ്ണുങ്ങളെ വിവാഹം ചെയ്തിട്ടുണ്ട്. ടോൾസ്റ്റോയിയുടെ മകനും അനുജനും അതിൽ പെടുന്നു. ഇതാണ് ഒരു അസിമിലേഷൻ. ഇവിടെ അപരങ്ങൾ മുഖ്യധാരയിലെത്തേണ്ട കാര്യമാണ് ഞാൻ പറയുന്നത്. അതിനാവുന്നില്ല എന്നതാണ് കേരളത്തിലെ പ്രശ്‌നം. ബ്രാഹ്‌മണർ മുതൽ ഈഴവർ വരെയാണ് പൊതുവേ മലയാള സാഹിത്യത്തിൽ, കവിതയിൽ മുൻനിരയിലെത്തുന്നത്. പ്രശസ്തിയും അധികാരവും അവർക്കാണ്. സ്ത്രീകൾക്ക് അതിലും പിന്നോക്കാവസ്ഥയുണ്ട്. പുരുഷന്റെ അപരമായി, വസ്തുവായി (Object) സ്ത്രീയെ സീമോൺ ദി ബുവ്വേ കാണുന്നുണ്ട്. എന്നാൽ അപരങ്ങളുടെ സൃഷ്ടിപരതയെ സ്വതന്ത്രമായി വിടാതെ നിയന്ത്രിക്കുന്ന അധികാര വ്യവസ്ഥകൾ ഉണ്ട്. അധികാരങ്ങൾ മേൽപറഞ്ഞ അപരങ്ങൾ സെൽഫുകൾ ആകാൻ സമ്മതിക്കുകയില്ല. അധികാരം കൾചറൽ ഇൻഡസ്ട്രിയുമായി, മീഡിയ കൾച്ചറുമായി പിണഞ്ഞു കിടക്കുന്നു. ഒരേസമയം അധികാര രാഷ്ടീയം ഇത്തരം എഴുത്തുകളെയെല്ലാം അക്കാദമികളിലും കലാ മേളകളിലും ഉൾപ്പെടുത്തുന്നുണ്ട്. (Inclusion) ഭരണരാഷ്ട്രീയാധികാരം അത് ചെയ്യുന്നതിൽ ഉൾപ്പെടുത്തലും പുറന്തള്ളലും ഉണ്ട്. ഇപ്പോൾ കേരളത്തിലെ സാഹിത്യത്തിൽ സംഭവിക്കുന്നത് ഇതാണ്. ഇടതുപക്ഷ ഭരണകൂടവും പു.ക.സയും അക്കാദമിയും മറ്റും ചെയ്യുന്നത് ഇതാണ്. അഹൈന്ദവ കവിതയെ തിരിച്ചങ്ങോട്ടു തന്നെ കൊണ്ടുപോകുകയാണ് ഇടതുപക്ഷം ഇപ്പോൾ.
ഇതിന്റെ മറുവശമാണ് ആവിഷ്‌കാരത്തിന്റെ സാധ്യതകളുടെ ഒരു ചോദ്യം പോലും ഉല്പാദിപ്പിക്കാത്ത മൺമറഞ്ഞ, മൃൺമയമായ സംഘപരിവാർ ബ്ലാക്ക് ഏജിന്റെ (ഇരുണ്ട യുഗം- Black age)പുനർ നിർമ്മിതി. (റോമാ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം നവോത്ഥാനം വരെയുള്ള യൂറോപ്യൻ കാലഘട്ടമാണ് Black age) അധികാരത്തിന്റെ Inclusion താല്പര്യത്തിന് പുറത്തു നില്ക്കുന്നവ അനാഥമാകുന്നു എന്നതാണ് പ്രശ്‌നം. ഒരു കാലത്ത് പ്രതിസംസ്‌കാരത്തിന്റെ ഭാഗത്തു നിന്നവരെല്ലാം ഹെജിമണിയുടെ ഭാഗമായി. ഇതുമൂലം കൂടുതൽ അപരങ്ങളെ കൂടുതൽ അപരവത്കരിച്ച് തള്ളുകയാണ് ഈ സാഹിത്യാധീശത്വം. മലയാള കവിതയുടെ / സാഹിത്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. ഇതിനെ നേരിടാനാണ് കവികളുടെ ഒരു ഓട്ടോണമസ് ബോഡി രൂപപ്പെടുത്താൻ എമേർജങ് പോയട്രി പ്രവർത്തിച്ചത്. അത് കവിതയെഴുത്തിനെ ഒരു ചിന്താലോകം കൂടിയായി കാണുന്നു. കവിത എഴുതുക മാത്രമല്ല എഴുതാതിരിക്കുകകൂടി ചെയ്യുന്നു. കവിതയുടെ ഫിലോസഫി വിഷയമാകുന്നു. കവിതയുടെ രാഷ്ട്രിയം വിഷയമാകുന്നു. അത് സ്വതന്ത്രമായ അപരങ്ങളുടെ ഒരു മുഖ്യധാരയെ സൃഷ്ടിക്കുന്നു. അപരങ്ങൾ തമ്മിലുള്ള സംവാദങ്ങളെ, സാഹോദര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അത് ഒരു പുതിയ കാവ്യലോകത്തെ വിഭാവനം ചെയ്യുന്നു. കവിത ലളിതമാകണം. രൂപം ഷാർപ്പാകണം. വിവർത്തനത്തിന് പുതിയ ഒരു സാധ്യത നല്കണം എന്നെല്ലാം സംസാരിക്കുന്നു.
അഞ്ച്
ഡോ. ബി ആർ അംബേദ്കർ ഇന്ത്യയുടെ ഭരണഘടനാ ശില്പിയാണ്. അടിത്തട്ടുമനുഷ്യരുടെ ഇടയിൽ നിന്നാണ് അദ്ദേഹം സമുന്നതമായ സ്ഥാനങ്ങളിലെത്തിയത്. ഇന്ത്യൻ ഭരണഘടന ഒരു ഇതിഹാസം ആകുന്നു. അത് ജനാധിപത്യത്തിന്റെ, താരതമ്യേന ലോകത്തിൽ ഏറ്റവും സ്വാതന്ത്ര്യമുള്ള രാജ്യത്തിന്റെ ആധാരശിലയാണ്. ഈ രാജ്യത്തിന്റെ ഇതിഹാസങ്ങൾ എഴുതിയത് വാല്മീകിയും വ്യാസനുമാണ്. അവർ ആദിവാസിയും മുക്കുവനും ആയിരുന്നു, അംബേദ്കറെപ്പോലെ. അംബേദ്കറുടെ വിദ്യാഭ്യാസ ചരിത്രം, ജീവിതവഴി, ധമ്മം (പാലി വാക്ക്) നമ്മെ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്, സർവ്വാതിശായിയാണ് (എല്ലാറ്റിനേയും മറികടക്കുന്നത്)
ഞാനൊരു അംബേദ്കറിസ്റ്റല്ല. ഞാൻ പ്രത്യേകിച്ച് ഒന്നുമല്ല. പല പൂവുകളിൽ നിന്ന് തേൻ കുടിച്ചു നടക്കുന്ന വണ്ടാണ് ഞാൻ. എന്നാൽ കേരളത്തിലെ പ്രമുഖ അംബേദ്കറിസ്റ്റുകളുടെ കൂടെ നടന്നിട്ടുള്ളതിനാൽ കുറെ കാര്യങ്ങൾ അറിയാം എന്ന് കരുതിയാൽ മതി. അംബേദ്കർ മുന്നോട്ടുവച്ച ആശയങ്ങൾ ആകാശം പോലെ ഇന്ത്യയ്ക്കുമുകളിൽ കുടവിരിച്ച് എന്നുമുണ്ടാകും. അത് ഇന്ത്യയിലെ അപരമനുഷ്യർക്കും മനുഷ്യ സ്‌നേഹികൾക്കും സംരക്ഷണം നല്കുന്നു. അംബേദ്കറെ ഓർത്ത് അവർ ജീവിക്കുന്നു. ഒരിക്കൽ ഈ നാട് അവർ ഭരിക്കും എന്ന് സ്വപ്നം കാണുന്നു. അംബേദ്കർ വിദൂരമായ ഒരു ലക്ഷ്യമാണ്. കമ്യൂണിസം പോലെ ഒരു ഉട്ടോപ്യൻ സങ്കല്പമല്ല. 2050 ൽ ഇന്ത്യ അംബേദ്കറിലെത്തുമെന്ന് ഞാൻ വിചാരിക്കുന്നു. ഇതൊരു പ്രവചനമാണോ? നിങ്ങൾ ചോദിച്ചേക്കാം. ആദിവാസി മധുവിന് നീതി കിട്ടും എന്നു ഞാൻ പറഞ്ഞപ്പോൾ ഒരു ജേർണലിസ്റ്റ് പെൺകുട്ടി അതിൽ അവിശ്വാസം പ്രകാശിപ്പിച്ചു. പക്ഷേ മധുവിന് നീതി കിട്ടി. ചില കാര്യങ്ങൾ ആർക്കും പ്രവചിക്കാൻ കഴിയും. പ്രവാചകർ ആകണമെന്നില്ല. എന്റേത് ബുദ്ധിപരമായ ഊഹം മാത്രമാണ്.
ഡോ. ബി ആർ അംബേദ്കർ | Photo: Wiki Commons
മാർക്‌സിനെക്കാളും ഗാന്ധി, നെഹ്രു എന്നിവരേക്കാളും കൂടുതൽ സ്വാധീനം ഇന്ത്യയിൽ അംബേദ്കർക്ക് ഇന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്തകൾ ചാരത്തിൽ കനലുകൾ എന്ന മട്ടിൽ കീഴാളരുടെ അടുപ്പുകളിൽ ഉണ്ട്. മൈക്കിൾ ജാക്‌സന്റെ ത്രില്ലറിൽ എന്ന വണ്ണം അടിമകളും അപരരുമായി മരിച്ച മനുഷ്യർ കുഴിമാടങ്ങളിൽ നിന്ന് എഴുന്നേറ്റുവരും. അംബേദ്കറിൽ നിന്ന് ബുദ്ധമതം വീണ്ടും ഉണ്ടാകുന്നു. ഉത്തർപ്രദേശിൽ ഒരു സർക്കാർ ഉണ്ടാകുന്നു. ഇന്ത്യൻ പ്രസിഡന്റുമാർ ഉണ്ടാകുന്നു. ദളിത് സാഹിത്യവും സിനിമ തുടങ്ങിയ കലയും ഉണ്ടാകുന്നു. ഒരു ചിന്താമണ്ഡലവും സമര മുഖങ്ങളും ഉണ്ടാകുന്നു. അംബേദ്കർ ഫൂക്കോ പറയുന്ന പ്രകാരം ഒരു വ്യവഹാരമായി മാറുന്നു. അംബേദ്കറിന്റെ സ്വാധീനം എൻ എൻ റിംസണിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. എത്രയോ സിനിമകളിൽ നാം അത് കാണുന്നു. അംബേദ്കറോടൊപ്പം ബുദ്ധനും പുനർജനിക്കുന്നു എന്ന് കാഞ്ചാ ഐലയ്യയുടെ God as Political Philosopher: Buddha's Challenge എന്ന പുസ്തകം സൂചിപ്പിക്കുന്നു.
അംബേദ്കർ അഭിമുഖീകരിച്ച പ്രശ്‌നങ്ങൾ തന്നെയാണ് അധീശത്വവും അപരത്വവും. അപരം ഒരു മാർക്‌സിയൻ ആലോചനയല്ല. അത് ഫിലോസഫിക്കൽ ആശയമാണ്. അത് ഒരു സോഷ്യോ പൊളിറ്റിക്കൽ ആശയമാണ്. അടിമകൾ, കർഷകത്തൊഴിലാളികൾ, ഫാക്ടറി ജോലിക്കാർ എന്നിവരെയൊക്കെയാണ് തൊഴിലാളിവർഗം എന്ന് വ്യവഹരിക്കുന്നത്. അതിൽ പക്ഷേ സ്ഥിരവാസമുള്ള ജിപ്‌സികളും നാടോടി ജിപ്‌സികളും കുർദുകളും, ബദുക്കളും ഗോത്രങ്ങളും ഒന്നും പെട്ടിരുന്നില്ല. ജിപ്‌സി, യഹൂദക്കൂട്ടക്കൊലയെ കമ്യൂണിസ്റ്റുകാർ അവസാനിപ്പിച്ചു എന്നതും അവരെ രാഷ്ട്രീയ വ്യാവഹാരികലോകത്തിന്റെ ഭാഗമാക്കി എന്നതും സത്യമാണ്. പക്ഷേ അതിന് തുടർച്ചകൾ കിട്ടിയില്ല എന്നാണ് തോന്നുന്നത്. എന്നാൽ അംബേദ്കർ ന്യൂനപക്ഷങ്ങളെയും നാടോടികളെയും ദളിതുകളെയും ആദിവാസി ഗോത്രങ്ങളെയും മനസിലാക്കിയിരുന്നു. അതെല്ലാം അറിഞ്ഞിരുന്നു. ഇന്ത്യയെ സൂക്ഷ്മമായി വായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംസ്‌കൃതം പഠിച്ചെങ്കിലും അതിനെ ദേവഭാഷയായി കണ്ടില്ല. ഉപനിഷത്തുക്കളെ സംശയിച്ചു. ആശയങ്ങൾ അല്ല യാഥാർത്ഥ്യങ്ങളാണ് അംബേദ്കർ മനസിലാക്കിയത്. ചെറുപ്പം മുതൽ അത് അനുഭവിച്ചു കൊണ്ടിരുന്നു. എന്നാൽ അനുഭവം മാത്രമല്ല ദക്കാർത്തെ പറയുമ്പോലെ ചിന്തിച്ചു. ഇതൊരു പക്ഷേ സാധ്യമായത് ഫിലോസഫി എന്ന നിലയിൽ ആശയതലത്തിലല്ല തികച്ചും ഭൗതിക തലത്തിൽ കാര്യങ്ങളെ കണ്ടതുകൊണ്ടാവണം. ഫിലോസഫിയുടെ ഒരു സ്വഭാവം അത് നടപ്പിലാക്കാൻ ആളുകൾ വേണം എന്നതാണ്. അത് മാർക്‌സും പറയുന്നുണ്ട്. വ്യാഖ്യാനിച്ചു കൊണ്ടിരുന്നാൽ പോരെന്ന്, ലോകത്തെ മാറ്റിത്തീർക്കണമെന്ന്. എന്നാൽ ഫിലോസഫിയേയും ഉൾപ്പെടുത്തുന്ന ഒരു ജ്ഞാനമേഖലയായിരുന്നു അംബേദ്കറിന്റെ ജ്ഞാന- പ്രയോഗമണ്ഡലം. അപരം എന്ന സജ്ഞ മാർക്‌സിയൻ അല്ല; ഹെജിമണി ആണുതാനും. ഞാൻ ഇന്റർ ഡിസിപ്ലിനറിയായിട്ടാണ് പരിമിതമായിട്ടെങ്കിലും ഇങ്ങനെ എഴുതുന്നത്. ഗാന്ധിയും ലളിതമായ ഫിലോസഫിയാണ് പറഞ്ഞുവച്ചത്. ആശയതലങ്ങളിലായിരുന്നു ഗാന്ധിയുടെ മനസ്. അവിടെയാണ് അദ്ദേഹത്തോട് അംബേഡ്കർ ഇടയുന്നത് എന്ന് തോന്നുന്നു.
കാൾ മാർക്സ് | Photo: Wiki Commons
ആറ്
ഞാൻ കേരളത്തെക്കുറിച്ച് എഴുതുന്നത് കേരളം ഒരു ജ്ഞാനവിഷയം എന്ന നിലയിൽ പഠിച്ചിട്ടല്ല. കേരളം എന്റെ അനുഭവം മാത്രമാണ്. എന്നാൽ ഞാൻ ജിപ്‌സി പഠനത്തിലൂടെയും മറ്റും ലോകത്തെ പല കാര്യങ്ങളും കുറേ പഠിച്ചിട്ടുണ്ട്. അത് എന്റെ ജ്ഞാന വിഷയം അഥവാ ചിന്താവിഷയം ആകുന്നു. എന്റെ ദീർഘ നാളത്തെ പഠനത്തിലെമ്പാടും Othering ഒരു പ്രശ്‌നമായി കടന്നു വന്നിട്ടുണ്ട്. അതുപോലെ Assimilation ഉം. ഇവിടത്തെ സംവരണവും ഇന്ത്യൻ ഫാഷിസത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയവും പള്ളി തകർക്കലും മുസ്ലീം, ക്രിസ്ത്യൻ, ദളിത് ആദിവാസി പീഡനവും ലോകത്തിലെവിടെയും നിലനിന്നിട്ടുള്ളതാണ്. തങ്ങൾക്ക് ജിപ്‌സികളുടെ കൂടെ ജീവിക്കാൻ വയ്യ എന്ന് വൈറ്റ് മെൻ ഇപ്പോഴും പറയുന്നുണ്ട്. യഹൂദരും, ജിപ്‌സികളും ക്രിസ്തുവിനെ കൊല്ലാൻ കൂട്ടുനിന്നു എന്നതിന്റെ പേരിൽ അവർക്കെതിരേ യൂറോപ്പിൽ വെറുപ്പ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ലക്ഷം വീട് കോളനികൾ പോലുള്ള സ്ഥലങ്ങൾ യൂറോപ്പിലുമുണ്ട് ഇപ്പോഴും. നവ ഫാസിസ്റ്റുകളായ സ്‌കിൻ ഹെഡുകൾ എത്ര മനുഷ്യരെ കൊന്നു? അതേ പോലുള്ള മതഭ്രാന്തന്മാർ ഇന്ത്യയിലുണ്ട്. ഇവിടെ ദക്കാർത്തെ പറഞ്ഞ ചിന്തയാണ് ഞാൻ സൂചിപ്പിച്ചിട്ടുളള എന്റെ ജ്ഞാന വിഷയം.
കേരളത്തിലെ അപരമനുഷ്യർ ആരാണ്? എന്റെ അറിവിൽ ദളിതർ, ആദിവാസികൾ, അപരക്രിസ്ത്യാനികൾ (Other Xians) OEC വിഭാഗക്കാർ, നാടോടികൾ എന്നിവരാണ്. ബാക്കിയുള്ളവർ പൊതുവേ ഒറ്റക്കെട്ടും മുഖ്യധാരയുമാണ്. അവർ Assimilated ആണ്. അവരുടേതാണ് മൃഗീയഭാഗം സമ്പത്തും ഭൂമിയും അധികാരവും സ്ഥാപനങ്ങളും എല്ലാം. ഇവിടെ ഞാൻ അപരം എന്ന വിഷയത്തെ ലെവിനാസിന്റെ തത്വചിന്ത അനുസരിച്ച് മനസിലായപോലെ വിശദീകരിക്കാം. അപരത്തെ വസ്തു (object) വായി കണ്ടു പോന്നിരുന്നതിനെ ലെവിനാസ് തള്ളുന്നു. അപരത്തിലൂടെയാണ് നാം ആയിരിക്കുന്നതിനെ ന്യായീകരിക്കാൻ നമുക്ക് അവകാശം ലഭിക്കുന്നത്. ഈ അവകാശത്തിന്റെ സാധുതയാണ് ആദ്യ തത്ത്വചിന്തയായി (Ethics as First Philosophy) ലെവിനാസ് കാണുന്നത്. (ഈ പറഞ്ഞത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. മുഴുവൻ വായിക്കുമ്പോൾ മനസിലാകും) അപരത്തെ നെഗറ്റീവായല്ല, Object ആയല്ല, ഒരു സെൽഫായിട്ടാണ് അദ്ദേഹം കാണുന്നത്. ഹുസേർൾ, ഹെഗൽ എന്നിവരുടെ ആത്മചിന്തയ്ക്ക് പുറത്തേക്കാണ് ലെവിനാസ് പോകുന്നത്. എനിക്ക് എന്റെ സെൽഫ് രൂപപ്പെടുത്താൻ അപരം വേണം. ഈ അപരം സെൽഫിന്റെ ഓപ്പസിറ്റ് ആണ്. അത് പക്ഷേ ഒരു വസ്തുവല്ല. അതും ഒരു സബ്ജക്ട് ആണ് സെൽഫാണ് എന്നാണ് ലെവിനാസ് പറയുന്നത്. മറ്റുള്ളവരോട് നമുക്ക് ഒരു ഉത്തരവാദിത്വം ഉണ്ട് എന്ന് ഈ നൈതിക ചിന്ത പറയുന്നു.
നമുക്ക് മറ്റുള്ളവരോടുള്ള ഉത്തരവാദിത്വവും അനന്തമായ കടപ്പാടും പ്രധാനമാണ്. അതുകൊണ്ടാണ് 'നമുക്ക് എല്ലാവർക്കും ഓരോരുത്തരോടും ഉത്തരവാദിത്വമുണ്ട്. പക്ഷേ എനിക്ക് ആ ഉത്തരവാദിത്വം മറ്റുള്ളവരേക്കാൾ കൂടുതലാണ് 'എന്ന് കാരമസോവ് സഹോദരന്മാരിലെ അല്യോഷ പറയുന്നത്. കേരളം അങ്ങനെ മേൽപറഞ്ഞ അപരമനുഷ്യരോട് കാണിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. അപരങ്ങളെ വച്ച് ആത്മം ഉള്ളവരായിത്തിരാനേ നമുക്ക് ആവുകയുള്ളു. ഇന്ത്യൻ ചിന്തയിൽ ആത്മം സ്വയം രൂപപ്പെടുന്ന മട്ടിലാണ് ചർച്ചചെയ്യപ്പെടുന്നത്. ദൈവവും മനുഷ്യനും എന്ന ദ്വന്ദ്വത്തിലാണ് അത് ഉറപ്പിച്ചിരിക്കുന്നത്. അങ്ങനെ രണ്ടായ ദൈവവും മനുഷ്യനും രണ്ടല്ല ഒന്നാണെന്ന് പറയുകയാണ്. അതു കൊണ്ടെന്ത് കാര്യം? കാരണം ദൈവം ഒരു സങ്കല്പം ആണല്ലോ. ആതുകൊണ്ടാണ് ബ്രാഹ്‌മണന് ക്ഷത്രിയാദികൾ അപരവും ക്ഷത്രിയന് വൈശ്യാദികൾ അപരവും ഒക്കെ ആയി മാറിയത്. ദൈവം ഇല്ല. അഥവാ ദൈവം പ്രകൃതിയാണെന്ന് വന്നല്ലോ. ദൈവം എന്നത് പ്രകൃതിയാണെന്ന് സ്പിനോസ പറയുന്നു. അതായത് പ്രകൃതിയേ ഉള്ളുവെന്ന്. സത്യത്തിൽ അതേയുള്ളു. ദൈവത്തെ അടിസ്ഥാനമാക്കിയുള്ള സെൽഫ് എന്ന ചിന്തയുണ്ടാക്കുന്ന അപകടങ്ങൾ ആണ് അന്യ സ്‌നേഹമില്ലായ്മയെ ഉറപ്പിക്കുന്നത്. നമുക്ക് ദൈവ സ്‌നേഹം ആവശ്യമായി വരുന്നത് പരസ്പര സ്‌നേഹം ഇല്ലാത്തതു കൊണ്ടാണ്. അതുകൊണ്ടാണ് ക്രിസ്ത്യൻ അപര മനുഷ്യരെ (Other Xians) സവർണ ക്രിസ്ത്യാനികൾ വെറുക്കുന്നത്. അതിനുള്ള ശിക്ഷ അവർക്ക് കൊടുക്കാൻ ദൈവമില്ലതാനും. പക്ഷേ ഈ മനുഷ്യാവകാശ ധ്വംസനത്തിനുള്ള ശിക്ഷ ചരിത്രം വിധിച്ചേക്കാം. കേരളത്തിലെ ബ്രാഹ്‌മണർക്ക് കിട്ടിയപോലെ.
റെനെ ദെക്കാർത്തെ | Photo: Wiki Commons
സത്യത്തിൽ ഈ ജാതിഹൈറാർക്കി തകരണം. മനുഷ്യർ പരസ്പരം സ്‌നേഹിക്കണം. പരസ്പരം ഉത്തരവാദിത്വത്തോടെ ജീവിക്കണം. എങ്കിലേ വംശീയ സമൂഹമായ ഈ ന്യൂനപക്ഷങ്ങളെ നമുക്ക് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവുകയുള്ളു. (അത് Assimilation ന്റെ യുക്തിയാണ്) അപ്പോഴേ നമുക്ക് ആത്മം അഥവാ Self ഉണ്ടാവുകയുള്ളു. ദളിത് ആദിവാസി, ആദർ ക്രിസ്റ്റ്യൻ, ഒ.ഇ.സി നാടോടികൾ എന്നിങ്ങനെയുള്ള അപരങ്ങളെ എന്താണ് കേരളത്തിലെ ലെഫ്റ്റ് പാർട്ടികൾ കണക്കിലെടുക്കാത്തത്. അപരങ്ങളെ ലോകത്ത് ഇല്ലാതാക്കിയതിൽ ക്രിസ്റ്റ്യാനിറ്റിക്കും മാർക്‌സിസത്തിനും വലിയ പങ്കുണ്ട് എന്ന് എന്നോട് ബിനു എം പള്ളിപ്പാട് എന്ന കവി പറഞ്ഞിട്ടുണ്ട്. അതിൽ എത്രമാത്രം ശരിയുണ്ടെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാൽ അപരം എന്ന ചോദ്യത്തെ (Question of the other) അഭിമുഖീകരിക്കേണ്ടതുണ്ട്. അപരം എന്ന ചിന്തയെ മുസ്ലീം, ക്രിസ്ത്യൻ എന്ന മുകൾത്തട്ടിൽ നിന്നല്ല പരിശോധിക്കേണ്ടത്. മറിച്ച് ഇന്ത്യയിലെ അലഞ്ഞുതിരിയുന്ന നാടോടി മനുഷ്യർ, ആദിവാസികൾ, ദളിതർ, അദർ ക്രിസ്ത്യൻസ്, ഒ.ഇ.സി എന്ന നിലയിൽ താഴെത്തട്ടിൽ നിന്നാണ് പരിശോധിക്കേണ്ടത്. ഇന്ത്യയിൽ ഏറ്റവും അടിത്തട്ടിലുള്ളത് നാടോടികളാണ് എന്ന് നമ്മൾ എന്നാണ് മനസിലാക്കുക?
ഏഴ്
അപരം എന്ന ചോദ്യത്തെ സബ്ജക്ട്, സെൽഫ് ആയി അവതരിപ്പിച്ചത് പോസ്റ്റ് മോഡേർൺ ചിന്തകരാണ്. ലെവിനാസ്, ദറിദ, ഫൂക്കോ എന്നിവർ. (അതിന്റെ വിപുലമായ പ്രയോഗങ്ങൾ ജിപ്‌സി പഠനങ്ങളിലുണ്ട്.) മുഖ്യധാരയിലേക്ക് അപരമനുഷ്യർ പ്രവേശിക്കുന്നു എന്നതാണ് ഉത്തരാധുനികതയുടെ പ്രത്യേകത. ചിന്തിക്കുന്ന ഒരു ഉത്തരാധുനിക മനുഷ്യസമൂഹം പുതിയ രീതിയിൽ അപരങ്ങളെ ഇന്ന് കാണുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ, ടെക്‌നോളജിയുടെ വളർച്ച, നവമാധ്യമങ്ങൾ, വികസനങ്ങൾ, നഗരവൽക്കണം ഒക്കെ അതിനൊരു കാരണമാണ്. (അതുകൊണ്ടാണ് പരിസ്ഥിതി സ്‌നേഹിയായിട്ടും ഞാൻ കെ റെയിലിനെ പിന്തുണച്ചത്. അല്ലാതെ അത് കമ്യൂണിസ്റ്റുകാരുടെ താല്പര്യമായതു കൊണ്ടല്ല.) അപരങ്ങളുടെ സെൽഫിനെ, സബ്ജക്ടിവിറ്റിയെ ഈ പുതിയ മാനവത അംഗീകരിക്കുന്നു. അത് സ്വയം പുതിയ ഒരു പുതുമയുള്ള ആത്മവത്ത കൈവരിക്കാൻ അവരെയും സഹായിക്കുന്നുണ്ട് എന്ന് തീർച്ചയാണ്. അപരങ്ങളുമായി സമീകരിക്കാൻ (Assimilation) ഇഷ്ടപ്പെടുന്ന പുതിയ ഒരു ഉത്തരാധുനിക സമൂഹമാണത്. അവിടെ വസ്തുക്കളല്ല സ്ത്രീയും ദളിതും ആദിവാസിയും ഒന്നും. അവർ ഏവർക്കും തുല്യരായ സെൽഫുകളാണ്. എങ്കിലും നാടോടി മനുഷ്യരിലേക്കോ ആദൃശ്യ ആദിവാസി സമൂഹങ്ങളിലേക്കോ കോളനികളിലേക്കോ അവർ എത്തിയിട്ടില്ല. എങ്കിലും മാറ്റമാണിത്. ഇതിന് കാരണമായ ഉത്തരാധുനിക ചിന്തകൾ നിരവധിയാണ്. അതിനെപ്പറ്റി നമ്മൾ പിന്നീട് സംസാരിക്കുന്നതാണ്.
ഉത്തരാധുനികത ക്ലാസിക് സൗന്ദര്യ സങ്കല്പത്തെ തകർത്തു. വൈരൂപ്യത്തിന് സൗന്ദര്യമുണ്ടെന്ന്, അഥവാ വൈരൂപ്യമാണ് സൗന്ദര്യത്തെ നിർണയിക്കുന്നതെന്ന് അത് സ്ഥാപിച്ചു. അതുകൊണ്ട് മേൽജാതി കീഴ്ജാതി പ്രണയവും വിവാഹവും സ്വാഭാവികമായി മാറിയത്. കറുത്തവരെ കാണുന്ന രീതിയിൽ മാറ്റമുണ്ടായി. പുതിയ സ്ത്രീ വീട്, സമൂഹം, ജാതി, മതം എന്നിവയെ വെല്ലുവിളിക്കുന്നു. പുരുഷനോടൊപ്പം തുല്യത അവൾക്കുണ്ട്. എന്നാൽ അതിനെതിരേ കൊലപാതകങ്ങൾ ഉണ്ടാകുന്നു. അതുമൂലം ആത്മഹത്യകൾ ഉണ്ടാകുന്നു. അന്തർഭാഷാ പ്രണയങ്ങൾ ഉണ്ടാകുന്നു. ഇതൊന്നും വിലക്കാൻ ആർക്കും അധികാരം ഇല്ല. പക്ഷേ പ്രാകൃത ശക്തികൾ ജാതിയുടെ പേരിൽ സ്വന്തം മകളെവരെ കൊല്ലുന്നു. മകളെയും ഭർത്താവിനേയും കൊല്ലുന്നു. ധാരാളം സ്ത്രീകൾ മിസ്സാകുന്നു. കുടുംബം വിട്ട് പ്രൗഢകൾ കാമുകന്റെ കൂടെ ഒളിച്ചോടുന്നു. നീഷേ പറഞ്ഞപോലെ മനുഷ്യർ ഇന്ന് അപകടകരമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നു. അത് ജീവിതത്തിലും കലയിലും പ്രതിഫലിക്കുന്നു.
ഇപ്പോൾ ദളിത്, ആദിവാസി, ക്രിസ്ത്യൻ അപരം, ഒ.ഇ.സി എന്നീ വിഭാഗങ്ങൾ ഇന്റലക്ച്വൽ ശക്തിയായി വളർന്നു വന്നിട്ടുണ്ട്. അവരെ ഇഷ്ടപ്പെടുന്ന സവർണ വിഭാഗങ്ങൾ ഉണ്ടാകുന്നു. അവരെ പ്രണയിക്കുന്നവർ ഉണ്ടാകുന്നു. ഇതൊന്നും യാഥാസ്ഥിതികശക്തികൾക്ക് സഹിക്കാൻ ആകുന്നില്ല. അതിനെ പിന്തുണയ്ക്കുന്നതാണ് സംഘപരിവാർ ശക്തികൾ. ഇന്ത്യയെ അതിവേഗമുള്ള വന്ദേ ഭാരത് ട്രെയിനുകളിൽ അവർ പ്രാകൃതലോകങ്ങളിലേക്ക് കൊണ്ടുപോകുന്നു. അപരലോകങ്ങളുടെ ഉയിർത്തെഴുന്നേല്പ് രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നില്ല. സ്ത്രീകൾക്കും ഇതര അപരർക്കും തുല്യപരിഗണന നല്കാൻ അവർ താല്പര്യപ്പെടുന്നില്ല.