TMJ
searchnav-menu
post-thumbnail

Outlook

സഹായഹസ്തവും, യന്ത്രത്തോക്കുകളും

05 Jul 2025   |   8 min Read
ജെഫ്രി ക്ലെയർ

ഗാസയിൽ ഭക്ഷണ വിതരണത്തിന് ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം മൂലം എത്ര പലസ്തീനികൾ പട്ടിണി കിടന്ന് മരിച്ചുവെന്ന് കൃത്യമായ കണക്കില്ല. എന്നാൽ, പട്ടിണി കിടന്ന് മരിക്കാതിരിക്കാനായി, ഭക്ഷ്യ വിതരണ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയ, പലസ്തീനികളിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നതിന് ഒരു കണക്കുണ്ട്. ഇസ്രായേലിന്റെ വെടിയേറ്റോ, മോർട്ടാർ വെടിവെപ്പിലോ ആണ് അവരിൽ പലരും കൊല്ലപെട്ടത്, 549 പേർ. പ്രതിദിനം 5 മുതൽ 10 വരെ പലസ്തീനികൾ കൊല്ലപ്പെടുന്നു. 4,000ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഈ കൊലപാതകങ്ങൾ ഒട്ടും യാദൃശ്ചികമായിരുന്നില്ല. അവയ്ക്ക് ഒരു പ്രകോപനവുമുണ്ടായില്ല. ഏതെങ്കിലും വിധത്തിലുള്ള കലാപമോ, പ്രതിഷേധമോ അടിച്ചമർത്താനുള്ള ശ്രമമായി സംഭവിച്ചതല്ല അവ. ഹമാസ് പോരാളികളെ കൊല്ലാനുള്ള ശ്രമത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുമല്ല. പലസ്തീനികളുടെ ഏതെങ്കിലും അക്രമത്തിനുള്ള പ്രതികാരമായിട്ടുമല്ല ഈ കൊലപാതകങ്ങൾ നടക്കുന്നത്. ട്രംപും, നെതന്യാഹുവും സ്ഥാപിച്ച ഭക്ഷ്യവിതരണ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ക്രിസ്ത്യൻ മതമൗലികവാദികളും, കൂലിപ്പടയാളികളും വിതരണം ചെയ്യുന്ന ഭക്ഷണപൊതികൾ വാങ്ങാൻ വന്ന പലസ്തീനികൾക്കെതിരെ വെടിവയ്ക്കാൻ ഇസ്രായേൽ സൈനികർക്ക് ഉത്തരവ് നൽകിയതിന്റെ ഫലമാണ് ഈ കൊലകൾ. നമുക്ക് അത് ആവർത്തിക്കാം: കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ ശ്രമിക്കുന്ന, പട്ടിണി കിടക്കുന്ന, നിരായുധരായ സാധാരണക്കാരെ കൊല്ലാൻ ഇസ്രായേൽ സൈനികർക്ക് ഉത്തരവ് നൽകിയിരിക്കുന്നു.

ഗാസയിൽ നിന്നുള്ള പലസ്തീൻ പത്രപ്രവർത്തകരുടെ റിപ്പോർട്ടുകൾ, വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ടവരുടെ ദൃക്‌സാക്ഷി മൊഴികൾ, പരിക്കേറ്റവരെ ചികിത്സിക്കുകയും, മരിച്ചവരുടെ മൃതദേഹങ്ങൾ പരിശോധിക്കുകയും ചെയ്ത ഡോക്ടർമാരുടെ പ്രതികരണങ്ങൾ എന്നിവയെല്ലാം ശ്രദ്ധിക്കുന്നവർക്കും ഈ കൊലപാതകങ്ങൾ ഒരു വാർത്ത പോലുമാകുന്നില്ല.

ഇസ്രായേൽ തന്നെ നിശ്ചയിച്ച ദുരിതാശ്വാസ സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം തേടുന്ന ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കാൻ മേലുദ്യോഗസ്ഥർ ഉത്തരവിട്ടതെങ്ങനെയെന്ന് ഇസ്രായേലി പത്രമായ ഹാരെറ്റ്സ് വെളിപ്പെടുത്തുന്നു. ഇസ്രായേലി സൈനികരുടെ വിവരണങ്ങളെ അടിസ്ഥാനമാക്കിയാണ് അവരുടെ റിപ്പോർട്ട്. പലസ്തീൻ ജനതക്കുള്ള ഏറ്റവും പുതിയ കൊലക്കളങ്ങളായി ഈ സ്ഥലങ്ങൾ മാറിയിരിക്കുന്നു. “ഞാൻ ഉണ്ടായിരുന്ന സ്ഥലത്ത്, എല്ലാ ദിവസവും ഒന്ന് മുതൽ അഞ്ച് വരെ ആളുകൾ കൊല്ലപ്പെട്ടിരുന്നു,” ഒരു ഐഡിഎഫ് സൈനികൻ ഹാരെറ്റ്സിനോട് പറഞ്ഞു. “ഒരു ആക്രമണ സേനയെപ്പോലെയാണ് അവർക്കെതിരെ വെടിയുതിർക്കുന്നത്: ജനക്കൂട്ടത്തെ പിരിച്ചുവിടുന്ന കണ്ണീർ വാതകം പോലുള്ളവയൊന്നും ഉപയോഗിക്കുന്നില്ല. സങ്കൽപ്പിക്കാവുന്നതെല്ലാം ഉപയോഗിച്ച് വെടിവയ്ക്കുന്നു: കനത്ത മെഷീൻ ഗൺ, ഗ്രനേഡ് മെഷീൻ ഗൺ, മോർട്ടാർ.”

Israel's war on Gaza updates: Tanks, jets 'wipe out everything' in Jabalia  | Israel-Palestine conflict News | Al JazeeraREPRESENTATIVE IMAGE | WIKI COMMONS
മാർച്ച് ആദ്യ വാരം മുതൽ ഗാസ മുഴുവൻ ക്ഷാമത്തിന്റെ വക്കിലാണ്. ഗാസയിലെ പലസ്തീനികളെ വൻതോതിൽ പട്ടിണിക്കിടുന്ന നയം ഇസ്രായേൽ നടപ്പിലാക്കുന്നതിനെതിരായി ആഗോളതലത്തിൽ ഇസ്രായേലിനെതിരെ സമ്മർദ്ദം ഉയർന്നപ്പോൾ, നെതന്യാഹു സർക്കാർ, ട്രംപിന്റെ പിന്തുണയോടെ പുതുതായി രൂപമെടുത്ത ഗാസ ഹ്യുമനിറ്റേറിയൻ ഫൌണ്ടേഷൻ(ജിഎച്എഫ്) എന്ന കമ്പനിയെ കൂട്ടാളിയാക്കി. ജോണി മൂർ ജൂനിയർ എന്ന വ്യക്തിയാണ് ഇത് നടത്തുന്നത്. ട്രംപുമായി അടുത്ത ബന്ധമുള്ള ഇവാഞ്ചലിക്കൽ ക്രിസ്ത്യാനിയാണ് മൂർ. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിയെ മൂർ ഇങ്ങനെ പ്രശംസിച്ചു, "എല്ലാവർക്കും പ്രതീക്ഷയും ഭാവിയും നൽകിക്കൊണ്ട് ഗാസയുടെ ഭാവിയുടെ പൂർണ്ണ ഉത്തരവാദിത്തം യുഎസ്എ ഏറ്റെടുക്കും".

ബീറ്റ്ഹനൂണിൽ നിന്നുള്ള അഞ്ച് കുട്ടികളുടെ പിതാവും, ഗർഭിണിയായ ഭാര്യയുമുള്ള അതർ റിയാദ്, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ കേന്ദ്രങ്ങളിൽ തന്റെ കുടുംബത്തിന് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചതിന്റെ തിക്താനുഭവം അൽ ജസീറയോട് വിവരിച്ചു:

"ഇസ്രായേൽ സൈന്യം ഞങ്ങളെ നിർബന്ധിച്ച് മാറ്റിപ്പാർപ്പിച്ചു. ഞങ്ങൾ ഗാസ നഗരത്തിലെ തെരുവിലാണ് എത്തിയത്. എനിക്ക് കുടുംബമുണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികളുണ്ട്. എന്റെ ഭാര്യ ഗർഭിണിയാണ്. എന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ല.  ഏതാനും ആഴ്ചകൾക്ക് മുമ്പ് എനിക്കെന്റെ ചില സാധനങ്ങൾ വിൽക്കേണ്ടി വന്നു. ഗാലൻ കണക്കിന് വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന ഒരു സ്‌ട്രോളർ എനിക്കുണ്ടായിരുന്നു. ഗോതമ്പ് പൊടി വാങ്ങാൻ ഒരു സൈക്കിളും മറ്റ് സാധനങ്ങളും വിൽക്കേണ്ടി വന്നു. ഞങ്ങൾക്ക് ഭക്ഷണമില്ല, വെള്ളവുമില്ല. ഞങ്ങളുടെ കൈവശം ഒന്നുമില്ല. ഞാൻ അമേരിക്കൻ സഹായ വിതരണ കേന്ദ്രങ്ങളിലേക്കും, സഹായ ട്രക്കുകളിലേക്കും ഭക്ഷണം വാങ്ങാൻ ഏഴോ, എട്ടോ തവണ പോയി. നെറ്റ്സാരിം ഇടനാഴിയിലെ വിതരണ കേന്ദ്രങ്ങളിൽ അതിരാവിലെ ഏകദേശം 20,000 ആളുകൾ ഒത്തുകൂടുന്നു, പക്ഷേ 2,000 പേർക്ക് മാത്രമേ ഭക്ഷണ പാഴ്സലുകൾ ലഭിക്കുക. എന്തുകൊണ്ട്? തിരക്ക് കാരണം. കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ആളുകളുടെ എണ്ണം കാരണം. സഹായം തേടുന്നവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ നൽകുന്ന ഭക്ഷണ പാഴ്സലുകൾ ഒട്ടും പര്യാപ്തമല്ല. അമേരിക്കൻ സൈറ്റ് ഒരു അവസാന സ്ഥലമാണ്. നെറ്റ്സാരിമിൽ അമേരിക്കൻ സഹായം ഉണ്ടെന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ അവിടെ പോയി. മാവ്, അരി, പയർ എന്നിവയ്ക്കായി 15 കിലോമീറ്റർ നടന്നു. ഒന്നും കിട്ടിയില്ല. മൂന്നോ നാലോ തവണ ഞാൻ നെറ്റ്സാരിം സഹായ കേന്ദ്രത്തിൽ പോയി. എല്ലാം വെറുതെയായി. ഞങ്ങളുടെ കൺമുന്നിൽ മരണം കാണാൻ മാത്രമാണ് ഞങ്ങൾ അവിടെ പോകുന്നത്. ഭക്ഷണമോ, വെള്ളമോ ഇല്ലായിരുന്നു. മരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ മുന്നിൽ മണലിൽ ആളുകൾ മരിച്ചുകിടക്കുകയായിരുന്നു. എന്ത് പറയണമെന്ന് എനിക്കറിയില്ല. ഈ സാഹചര്യം വളരെ കഠിനമാണ്. ട്രക്കുകളിൽ സഹായം ഉണ്ടെന്ന് അവർ ഞങ്ങളോട് പറഞ്ഞു. പിന്നെ, ഞങ്ങൾ ട്രക്കുകളുടെ അടുത്തേക്ക് പോയി. ട്രക്കുകൾ വളരെ വേഗത്തിൽ നീങ്ങി, ആളുകളുടെ ദേഹത്തുകൂടി പാഞ്ഞു! ഇന്നെനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. 90 കിലോ ഭാരമുണ്ടായിരുന്നു. ഇപ്പോൾ എന്റെ ഭാരം 58 കിലോ മാത്രമാണ്. ഗാസയിൽ കാര്യങ്ങൾ വളരെ കഠിനമാണ്, ശരിക്കും കഠിനമാണ്. ലോകത്തിലെ ഏറ്റവും ഹീനമായ പീഡനത്തിന് ഞങ്ങൾ വിധേയരാകുന്നു".

ഗാസയിലെ ക്ഷാമം ഒഴിവാക്കാൻ ഗൗരവമായ ഒന്നല്ല ഈ ദുരിത സഹായ വിതരണ കേന്ദ്രങ്ങൾ. ഇസ്രായേൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പട്ടിണിയിലും, ക്ഷാമത്തിലും നിന്നും ശ്രദ്ധ തിരിക്കാനുള്ള, അർദ്ധമനസ്സോടെയുള്ള ഒന്നാണത്. അതിലുപരി, ഇസ്രായേലി തോക്കുകളുടെയും ടാങ്കുകളുടെയും പരിധിക്കുള്ളിൽ ആയിരക്കണക്കിന് നിരാശരായ പലസ്തീനികളെ ഒന്നിച്ചുചേർക്കുന്ന ഒരു കാന്തികവലയമായി അവ പ്രവർത്തിക്കുന്നു. സുരക്ഷിതമായ മാനുഷിക മേഖലകളായി ഇസ്രായേൽ തന്നെ അടയാളപ്പെടുത്തിയ ഇടങ്ങളിൽ സ്ഥാപിച്ച പലസ്തീൻ ടെൻട്  ക്യാമ്പുകൾക്കുള്ളിൽ ഉറങ്ങിക്കിടന്ന നിരവധി കുടുംബങ്ങളെ വ്യോമാക്രമണങ്ങളിൽ ചുട്ടെരിക്കപ്പെട്ട പോലെ, മാനുഷിക സഹായ കേന്ദ്രങ്ങൾ, ഒരു ഇസ്രായേലി സൈനികന്റെ വാക്കുകളിൽ പറഞ്ഞാൽ, "കൊലക്കളങ്ങൾ" ആയി മാറിയിരിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
മെയ് 25ന് ആദ്യത്തെ GHF സഹായ കേന്ദ്രം തുറന്നു. മൂന്ന് പലസ്തീനികളെ കൊല്ലുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത അക്രമങ്ങൾ ഉടൻ തന്നെ നേരിടേണ്ടി വന്നു. ഭക്ഷണത്തിന്റെ വാഗ്ദാനത്തിൽ സംശയിക്കാത്ത പലസ്തീൻ സിവിലിയന്മാരെ കുടുക്കിലിട്ട് കൊല്ലാനുള്ള ഒന്നായി വർത്തിച്ച ദൈനംദിന രീതിയാണിത്.

ജൂൺ 1ന്, റഫ സഹായ കേന്ദ്രത്തിന് സമീപം 32 പലസ്തീനികൾ കൊല്ലപ്പെടുകയും 250ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രംപിന്റെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫിന്റെ പേരിൽ, "വിറ്റ്കോഫ് കൂട്ടക്കൊല" എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്.

ജൂൺ 3ന്, റഫ വിതരണ കേന്ദ്രത്തിലേക്കുള്ള റോഡിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 27 പലസ്തീനികൾ കൊല്ലപ്പെടുകയും 184 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 8ന്, റഫ സഹായ കേന്ദ്രത്തിൽ ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തപ്പോൾ 13 പലസ്തീനികൾ കൊല്ലപ്പെടുകയും 173 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 9ന്, മറ്റൊരു ജിഎച്ച്എഫ് സ്ഥലത്ത് 14 പലസ്തീനികൾ കൊല്ലപ്പെടുകയും 207 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 10ന്, ദെയ്ർ അൽ-ബലാഹിനടുത്തുള്ള ഒരു സഹായ കേന്ദ്രത്തിൽ 36 പലസ്തീനികൾ കൊല്ലപ്പെടുകയും 207 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 11ന്, രാത്രിയിൽ ഒരു ജിഎച്ച്എഫ് വിതരണ കേന്ദ്രത്തിന് സമീപം ക്യാമ്പ് ചെയ്തിരുന്ന 25 പലസ്തീനികളും പകൽ സമയത്ത് ഭക്ഷണപ്പൊതികൾ സ്വീകരിക്കാൻ വരിവരിയായി നിന്ന 14 പേരും കൊല്ലപ്പെട്ടു.

ജൂൺ 12ന്, ഒരു സഹായ കേന്ദ്രത്തിന് സമീപമുള്ള ജനക്കൂട്ടത്തിന് നേരെ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ 26 പലസ്തീനികൾ കൊല്ലപ്പെട്ടു.

ജൂൺ 14ന്, സഹായ വിതരണ കേന്ദ്രങ്ങളിൽ നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ സഹായം തേടിയ 29 പലസ്തീനികൾ കൊല്ലപ്പെടുകയും 380 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 16ന്, റഫ സഹായ കേന്ദ്രത്തിന് പുറത്ത് 23 പലസ്തീനികൾ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 17ന്, ഖാൻ യൂനിസ് സഹായ കേന്ദ്രത്തിൽ ഇസ്രായേലി ഡ്രോണുകളും ടാങ്കുകളും സൈന്യവും നടത്തിയ വെടിവയ്പ്പിൽ 59 പലസ്തീനികൾ കൊല്ലപ്പെടുകയും 221 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 18ന്, ദെയ്ർ അൽ-ബലാഹ് സഹായ കേന്ദ്രത്തിൽ ഭക്ഷണ ട്രക്കുകൾ എത്തുന്നതിനായി കാത്തിരിപ്പുവേളയിൽ ഇസ്രായേലി വെടിവയ്പിലും മോർട്ടാറിലും 12 പലസ്തീനികൾ കൊല്ലപ്പെടുകയും 72 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 19ന്, നെറ്റ്സാരിം ഇടനാഴിയിലെ സഹായ കേന്ദ്രത്തിൽ 12 പലസ്തീനികൾ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 20ന്, മധ്യ ഗാസയിലെ സഹായ കേന്ദ്രത്തിൽ ഇസ്രായേലി ഡ്രോൺ, ടാങ്ക് വെടിവയ്പ്പിൽ 23 പലസ്തീനികൾ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 21ന്, ഒരു ജിഎച്ച്എഫ് സഹായ കേന്ദ്രത്തിൽ ഇസ്രായേലി വെടിവയ്പ്പിൽ 8 പലസ്തീനികൾ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 22ന്, മധ്യ ഗാസയിലെ ഒരു സഹായ കേന്ദ്രത്തിൽ ഇസ്രായേലി സൈന്യം നടത്തിയ വെടിവയ്പ്പിൽ 6 പലസ്തീനികൾ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 24ന്, തെക്കൻ റാഫയിലെ ജിഎച്ച്എഫ് സൈറ്റിൽ ഇസ്രായേലി ഡ്രോണുകൾ, വെടിവയ്പ്പ് എന്നിവയാൽ കുറഞ്ഞത് 40 പലസ്തീനികൾ കൊല്ലപ്പെട്ടു.

ജൂൺ 25ന്, നെറ്റ്സാരിം ചെക്ക്‌പോയിന്റിന് സമീപമുള്ള സഹായ സ്ഥലത്ത് ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 25 പലസ്തീനികൾ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജൂൺ 27ന്, ദെയ്ർ അൽ-ബലാഹിന് പുറത്തുള്ള ഒരു ജിഎച്ച്എഫ് സൈറ്റിൽ നിന്ന് മാവ് എടുക്കാൻ ഒത്തുകൂടിയ 18 പലസ്തീനികൾ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

REPRESENTATIVE IMAGE | WIKI COMMONS
സഹായ കേന്ദ്രങ്ങൾക്ക് മുന്നിൽ പലസ്തീനികൾ അണിനിരന്നിരിക്കുന്ന സമയത്താണ് കൂട്ടക്കൊലകളിൽ ഭൂരിഭാഗവും നടന്നത്. ഒരു ഇസ്രായേലി സൈനികൻ പറഞ്ഞതുപോലെ, "സൈന്യത്തിന് ഒരു അപകടവുമില്ല. ശത്രുക്കളില്ല, ആയുധങ്ങളില്ല."

“ആരെങ്കിലും ഏതാനും നൂറ് മീറ്റർ അകലെ നിന്ന് വരിയിൽ കയറാൻ ശ്രമിച്ചാൽ [ഞങ്ങൾ വെടിവയ്ക്കും], ചിലപ്പോൾ ഞങ്ങൾ അടുത്ത് നിന്ന് അവരെ ആക്രമിക്കും”, സൈനികൻ പറഞ്ഞു. “കേന്ദ്രം തുറന്നുകഴിഞ്ഞാൽ, വെടിവയ്പ്പ് നിലയ്ക്കും, അവർക്ക് സമീപിക്കാൻ കഴിയുമെന്ന് അവർക്കറിയാം. ഞങ്ങളുടെ ആശയവിനിമയ രീതി വെടിവയ്പ്പാണ്. തിരിച്ചുള്ള വെടിവയ്പ്പിന്റെ ഒരു ഉദാഹരണം പോലും എനിക്കറിയില്ല.”

ഏതൊരു മാനദണ്ഡവും അനുസരിച്ച് റേഷൻ തുച്ഛമാണ്. പക്ഷേ, ഗാസയിലെ വർദ്ധിച്ചുവരുന്ന പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ അത് വളരെ നിർണായകമാണ്. അവിടെ 2.3 ദശലക്ഷം പലസ്തീനികൾ പട്ടിണിയിലാണ്. അവരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പ്രവർത്തനത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ, 8.3 ദശലക്ഷം ഭക്ഷണം വിതരണം ചെയ്തതായി ജിഎച്ച്എഫ് റിപ്പോർട്ട് ചെയ്തു, ഗാസയിലെ ഓരോ പലസ്തീനിക്കും ഏകദേശം രണ്ടര ദിവസത്തിൽ ഒരു ഭക്ഷണം.

ഇപ്പോഴും, ഗാസയിലെ ഓരോ പലസ്തീനിക്കും ആഴ്ചയിൽ ഒരു നേരത്തെ ഭക്ഷണം നൽകാൻ ആവശ്യമായ സഹായം മാത്രമാണ് സഹായ കേന്ദ്രങ്ങൾ വിതരണം ചെയ്യുന്നത്. മിക്കവർക്കും, ഒരുപക്ഷേ ഭൂരിപക്ഷത്തിനും അത് പോലും ലഭിക്കുന്നില്ല. നാല് സഹായ കേന്ദ്രങ്ങൾ മാത്രമേയുള്ളൂ. ഓരോന്നും ഒരു ദിവസം ഒരു മണിക്കൂർ മാത്രമേ തുറന്നിരിക്കുന്നുള്ളൂ. പലസ്തീനികളെ പോറ്റുകയല്ല, മറിച്ച് അങ്ങനെ ചെയ്യുന്നതായി നടിക്കുക എന്നതാണ് ലക്ഷ്യം. എന്നിട്ടും, ഒരു ചെറിയ പെട്ടി ഭക്ഷണം ലഭിക്കാൻ ആളുകൾ തങ്ങളുടെ ജീവൻ പണയപ്പെടുത്താൻ തയ്യാറാണ്.

യുദ്ധത്തിന്റെ ആദ്യ ദിവസങ്ങൾ മുതൽ, ഇസ്രായേലി പദ്ധതി പലസ്തീനികളെ ഗാസയിൽ നിന്ന് പുറത്താക്കുക എന്നതാണ്. ഗാസയിലെ വംശീയ ഉന്മൂലനത്തിനുള്ള തന്ത്രം എല്ലാ മുന്നണികളിലും പരമാവധി ക്രൂരതയാണ്.  ഇത് പലസ്തീനികളുടെ സാധ്യത ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ ഗാസ വിടുക എന്നിവ മാത്രമാണ്.

Israel: UN chief's call to probe deaths near Gaza aid site 'disgrace'REPRESENTATIVE IMAGE | WIKI COMMONS
“ഒരു യുദ്ധമേഖലയിലെ ഒരു സാധാരണ ജനതയ്‌ക്കെതിരെ പ്രവർത്തിക്കാൻ ഒരു യുദ്ധ ബ്രിഗേഡിന് ഉപകരണങ്ങളില്ല,” മറ്റൊരു ഐഡിഎഫ് സൈനികൻ ഹാരെറ്റ്‌സിനോട് പറഞ്ഞു. "വിശക്കുന്നവരെ ഓടിക്കാൻ മോർട്ടാറുകൾ പ്രയോഗിക്കുന്നത് പ്രൊഫഷണലോ മനുഷ്യത്വപരമോ അല്ല. ഹമാസ് അംഗങ്ങൾക്കിടയിൽ ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ സഹായം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്... നമ്മൾ ഇങ്ങനെ വെടിവയ്ക്കുമ്പോഴെല്ലാം ആളപായവും മരണവും സംഭവിക്കുന്നു, ഒരു ഷെൽ എന്തിനാണ് ആവശ്യമെന്ന് നിങ്ങൾ ചോദിക്കുമ്പോൾ, ഒരിക്കലും വിവേകപരമായ ഉത്തരങ്ങൾ ഉണ്ടാകില്ല."

മാനുഷിക സഹായം ഒരു ആയുധമായി ഉപയോഗിക്കുന്നതിന് ബൈഡനും ട്രംപും പിന്തുണ നൽകിയിട്ടുണ്ട്: ബൈഡൻ തന്റെ പരിഹാസ്യമായ 'മാനുഷിക തുറമുഖ നിർദേശമായിരുന്നുവെങ്കിൽ, ട്രംപിന്റേത് ഭക്ഷണ സഹായ വിതരണ കേന്ദ്രങ്ങൾ ആണെന്ന് മാത്രം. ഗൾഫ് യുദ്ധകാലത്തെ മീൽ റെഡി ടു  ഈറ്റ്(എംആർഇ) എന്നിവയോട് സാമ്യമുള്ള, മുൻകൂട്ടി പായ്ക്ക് ചെയ്ത റേഷൻ സാധനങ്ങളുടെ പെട്ടി ലഭിക്കാൻ പലസ്തീനികൾ ലേലത്തിൽ കന്നുകാലികളെപ്പോലെ വേലി കെട്ടിയ പാതകളിൽ വരിവരിയായി നിൽക്കേണ്ടിവരുന്നു. വെടിയേറ്റില്ലെങ്കിൽ മാത്രമാണിത്. ഐക്യരാഷ്ട്ര സഭയിലെ ടോം ഫ്ലെച്ചറുടെ വാക്കുകളിൽ, സഹായ കേന്ദ്രങ്ങൾ "കൂടുതൽ അക്രമത്തിനും കുടിയിറക്കത്തിനുമുള്ള ഒരു അത്തിപ്പഴം" ആയി പ്രവർത്തിക്കുന്നു.

ജി എച്ച് എഫ് പ്രവർത്തനത്തിന് 550 മില്യൺ ഡോളർ ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിട്ടും, ഇതുവരെ അമേരിക്ക 30 മില്യൺ ഡോളർ മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂ. ബാക്കി പണം എവിടെ നിന്ന് വരുന്നു? ജിഎച്ച്എഫും, സേഫ് റീച്ച് സൊല്യൂഷനും(മുൻ സിഐഎ ഓഫീസർ ഫിലിപ്പ് റെയ്‌ലി നടത്തുന്ന സ്വകാര്യ സുരക്ഷാ കമ്പനി) ഇസ്രായേൽ ഗവൺമെന്റിന്റെ ധനസഹായവും നിയന്ത്രണവും മറച്ചുവെയ്ക്കാൻ നിർമ്മിച്ച ഷെൽ കമ്പനികളാണെന്ന് ഇസ്രായേലി പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പറഞ്ഞു. യുണിസെഫിൻ്റെ ജെയിംസ് എൽഡറിന്റെ വാക്കുകളിൽ, "ഇവർ മനുഷ്യസ്‌നേഹികളല്ല, അവർ തോക്കുകളുള്ള ആളുകളാണ്."

ഇസ്രായേലികൾ പ്രതിരോധമില്ലാത്ത പലസ്തീനികളെ മാത്രമല്ല കൊന്നൊടുക്കുന്നത്. അവരുടെ തന്നെ സമ്മതപ്രകാരം, ജിഎച്ച്എഫ് നിയമിച്ച അമേരിക്കൻ സുരക്ഷാ കരാറുകാർ ഭക്ഷണം തേടുന്ന ആളുകൾക്കെതിരെ അതേ കൊലപാതക ആക്രമണങ്ങളിൽ ഏർപ്പെടുന്നു, കായികരംഗത്തെന്നപോലെ വെടിവയ്ക്കുന്നു, "അവർക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള തുറന്ന ലൈസൻസ്" നൽകുന്ന നിയമങ്ങൾക്ക് കീഴിൽ. ഈ ആഴ്ച രണ്ട് കരാറുകാർ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടർമാരായ ജൂലിയ ഫ്രാങ്കലിനോടും, സാം മെഡ്നിക്കിനോടും പറഞ്ഞു. അമേരിക്കൻ കൂലിപ്പടയാളികൾ പതിവായി പലസ്തീനികളുടെ നിരകളിലേക്ക് സ്റ്റൺ ഗ്രനേഡുകളും പെപ്പർ സ്‌പ്രേ ബോംബുകളും എറിയുന്നു. അവരിൽ ചിലർ അവരുടെ കുട്ടികളെ പിടിച്ചിരിക്കുന്നു, കൂടാതെ "എല്ലാ ദിശകളിലേക്കും, വായുവിലേക്കും, നിലത്തേക്കും, ചിലപ്പോൾ പലസ്തീനികൾക്കെതിരെയും" വെടിയുതിർക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
കനത്ത ആയുധധാരികളായ സഹകരാറുകാരിൽ ഭൂരിഭാഗത്തിനും ഇത്തരം പ്രവർത്തനങ്ങളിൽ വലിയ പരിചയമില്ലെന്നും എല്ലാ പലസ്തീനികളെയും സംശയത്തോടെയാണ് കാണുന്നതെന്നും കരാറുകാരിൽ ഒരാൾ പറഞ്ഞു. സഹായ കേന്ദ്രത്തിൽ ഭക്ഷണ പാഴ്സലുകൾ തീർന്നതിനുശേഷം പലസ്തീനികളുടെ ജനക്കൂട്ടത്തെ എങ്ങനെ പിരിച്ചുവിടാം എന്നതിനെക്കുറിച്ചുള്ള സംഭാഷണം കരാറുകാരിൽ ഒരാൾ ചിത്രീകരിച്ച വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലികളോട് അവരുടെ ടാങ്കുകളിലൊന്ന് "ശക്തിപ്രകടനം" നടത്താൻ ആവശ്യപ്പെട്ടതായി ഒരു കരാറുകാരൻ പറയുന്നു. പിന്നെ ഏകദേശം 15 വെടിയൊച്ചകൾ വേഗത്തിൽ മുഴങ്ങുന്ന ശബ്ദം കേൾക്കുന്നു.

“ഹൂ! ഹൂ!” ഒരു കോൺട്രാക്ടർ വിളിച്ചു പറയുന്നു.

മറ്റൊരാൾ അവനെ അഭിനന്ദിക്കുന്നു: “നീ ഒന്ന് അടിച്ചു എന്ന് ഞാൻ കരുതുന്നു.”

“അതെ, നരകം!”

“ഇത് പതിവായി മാറിയിരിക്കുന്നു,” ഒരു പട്ടാളക്കാരൻ പറഞ്ഞു. “അത് തെറ്റാണെന്ന് നിങ്ങൾക്കറിയാം. അത് തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നു, ഇവിടുത്തെ കമാൻഡർമാർ നിയമം കൈയിലെടുക്കുന്നു. പക്ഷേ ഗാസ ഒരു സമാന്തര പ്രപഞ്ചമാണ് - നിങ്ങൾ വേഗത്തിൽ നീങ്ങുന്നു. സത്യം, മിക്ക ആളുകളും അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും നിൽക്കില്ല.”

ഭക്ഷണ സഹായ വിതരണ കേന്ദ്രത്തിലെ കൂട്ടക്കൊലകൾ ഭരണകൂട ഭീകരതയുടെ പ്രവൃത്തികളാണ്. സഹായഹസ്തങ്ങൾ പോലും ഏത് നിമിഷവും നിങ്ങളെ തളർത്തിയേക്കാവുന്ന യന്ത്രങ്ങൾ കൈവശം വച്ചിട്ടുണ്ടെന്ന ഭയം ജനിപ്പിക്കുന്നതിലൂടെ, ലോകം ഒടുവിൽ ഇസ്രായേലിനെതിരെ തിരിയുകയും ഗാസയിൽ നിന്ന് അവരെ പുറത്താക്കുകയും ചെയ്യുന്നതുവരെ പലസ്തീനികൾക്ക് പിടിച്ചുനിൽക്കാൻ കഴിയുമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുത്താൻ ഇസ്രായേൽ ശ്രമിക്കുന്നു. ഒരു ദിവസം 10 അല്ലെങ്കിൽ 12 മൃതദേഹങ്ങൾ എന്ന തോതിൽ കുന്നുകൂടുമ്പോഴും, ഈ കശാപ്പ് പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഗാസ പലസ്തീനികളുടെ നാടാണ്. അവർ ഇവിടെ തന്നെ തുടരും.

കൗണ്ടർപഞ്ച്‌ എന്ന വിഖ്യാത ഓൺലൈൻ ജേർണലിന്റെ എഡിറ്ററും എഴുത്തുകാരനുമായ ജെഫ്രി ക്ലെയർ എഴുതുന്ന ഗാസ ഡയറിയുടെ ജൂൺ 28ലെ പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.




#outlook
Leave a comment