
ഹേമ കമ്മിറ്റി പഠനവും, സംസ്‌ക്കാര വ്യവസായത്തിന്റെ കാണാപ്പുറങ്ങളും
മലയാള സിനിമ മേഖലയെക്കുറിച്ചുള്ള ഹേമ കമ്മിറ്റിയുടെ പഠനം കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലടക്കം വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കും. ലൈംഗികാതിക്രമം, അവസര-നിഷേധം, വേതന-നിഷേധം, അടിമസമാനമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ വ്യാപകമായി നിലനില്‍ക്കുന്ന ഒരിടമാണ് മലയാള സിനിമ മേഖലയെന്നാണ് പഠനത്തിന്റെ പ്രധാന ഉള്ളടക്കം. നാലര വര്‍ഷത്തോളം വെളിച്ചം കാണാതിരുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെ പല ഗണങ്ങളിലായി ഉള്‍പ്പെടുത്താമെങ്കിലും ലൈംഗികാതിക്രമങ്ങളാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ വിഷയം. സിനിമയിലെ പ്രമുഖരായ വ്യക്തികളും ലൈംഗികാതിക്രമങ്ങളില്‍ സജീവമാണെന്ന പഠനത്തിലെ പരാമര്‍ശങ്ങള്‍ ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ വൈറലായി. വൈറലായി മാറിയ ഈ വിഷയത്തെയും പഠനത്തില്‍ പരാമര്‍ശിക്കപ്പെട്ട മറ്റുള്ള വിഷയങ്ങളെയും രണ്ട് തരത്തില്‍ സമീപിക്കാമെന്ന് തോന്നുന്നു. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥ കുറ്റകരമെന്ന് നിജപ്പെടുത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു മേഖലയായി സിനിമയെ തിരിച്ചറിയുകയാണ് ഒന്നാമത്തെ സമീപനം. നിയമവാഴ്ചയുടെ അഭാവം നിലനില്‍ക്കുന്നയിടമാണ് സിനിമ മേഖലയെന്ന് ചുരുക്കം. അതിന്റെയര്‍ത്ഥം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട/ഏര്‍പ്പെടുന്ന വ്യക്തികളെ തിരിച്ചറിയുകയും അവരെ നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്യുകയെന്നതാണ്. നിലവിലുള്ള നിയമസംവിധാനത്തിന്റെ നിലനില്‍പ്പിനുള്ള ഉപാധികളിലൊന്നായി അത്തരമൊരു നടപടി അനിവാര്യമായി മാറുന്നു. പഠനം കണ്ടെത്തിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കാത്ത പക്ഷം നിയമവ്യവസ്ഥയിലുള്ള വിശ്വാസം പൊതുസമൂഹത്തില്‍ നഷ്ടമാകും. ഏതൊരു അധികാരവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അത് അചിന്തനീയമാണ്. അതിനാല്‍ കുറ്റാരോപിതരെ നിയമത്തിന്റെ മുന്നിലെത്തിക്കുകയെന്ന ആഖ്യാനത്തില്‍ കേന്ദ്രീകരിയ്ക്കുന്ന സമീപനത്തില്‍ ഊന്നുന്നതാണ് ഇപ്പോള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമായ വിവരങ്ങളുടെ പൊതുസ്വഭാവം. അവ ഏതാണ്ട് പൂര്‍ണ്ണമായും മാധ്യമകേന്ദ്രിതവുമാണ്. കള്‍ച്ചര്‍ ഇന്‍ഡസ്ട്രി അഥവ സംസ്‌ക്കാര വ്യവസായമെന്ന പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹേമ കമ്മിറ്റിയുടെ പഠനത്തെ പരിശോധിക്കുന്നതാണ് മറ്റൊരു സമീപനം. ഒരു പക്ഷെ കമ്മിറ്റിയുടെ പഠനത്തില്‍ കണ്ടെത്തിയെന്ന് പറയുന്ന വിഷയങ്ങളെ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കുവാന്‍ അത്തരമൊരു സമീപനമാവും കൂടുതല്‍ അഭികാമ്യം. മേല്‍പ്പറഞ്ഞ രണ്ട് സമീപനങ്ങളും പരസ്പരവിരുദ്ധമായവ അല്ലെന്ന് മാത്രമല്ല പരസ്പരബന്ധിതവുമാണ്.HEMA COMMITTEE REPORT | PHOTO : WIKI COMMONS
പൊതുമണ്ഡലത്തില്‍ ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നാമത് പറഞ്ഞ സമീപനമാണ് മുന്നിട്ടു നില്‍ക്കുന്നത്. അത്തരമൊരു സമീപനത്തിന്റെ ഭാഗമായി പ്രധാനമായും ഉയര്‍ന്നു വന്ന വിഷയങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസം ഭരണസംവിധാനത്തിന്റെ ബോധപൂര്‍വ്വമായ അനാസ്ഥയുടെ ഭാഗമാണെന്ന വിമര്‍ശനങ്ങള്‍, റിപ്പോര്‍ട്ട് പറുത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വമേധയ കേസ്സെടുക്കണമെന്നും, അങ്ങനെ കേസ്സെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമുള്ള വീക്ഷണങ്ങള്‍, സാംസ്‌ക്കാരിക മന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ഔദ്യോഗിക പ്രതികരണങ്ങള്‍, വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ അഭിപ്രായം, നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പ്രതികരണം, സിനിമയുമായി ബന്ധപ്പെട്ട ചില സ്ത്രീകള്‍ അവര്‍ അനുഭവിച്ച ലൈംഗികാതിക്രമങ്ങളെപ്പറ്റി നടത്തുന്ന തുറന്നു പറച്ചിലുകള്‍, സിനിമയുടെ മേഖലയില്‍ നിയമവാഴ്ച്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന വീക്ഷണം, മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെ അത്ര മോശമല്ല സിനിമ മേഖലയിലെ സ്ഥിതിയെന്ന വീക്ഷണം, പ്രത്യേക അന്വേഷണ സംഘത്തിന്റെ രൂപീകരണം -- നിലവിലുള്ള നിയമവ്യവസ്ഥ കുറ്റകരമായി നിജപ്പെടുത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഒരിടമായി സിനിമ മേഖലയെ കണക്കാക്കുന്ന സമീപനവുമായി ബന്ധപ്പെട്ട സംവാദങ്ങളെ മേല്‍പ്പറഞ്ഞ നിലയില്‍ സംഗ്രഹിക്കാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മുതല്‍ പുറത്തുവരുന്നതുവരെയും, അതിനുശേഷവും വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ച അനവധാനത അമ്പരപ്പിക്കുന്നതാണെന്ന് പറയാതിരിക്കാനാവില്ലെന്ന കാര്യത്തില്‍ ഒരു പക്ഷെ എല്ലാവരും യോജിക്കുന്നു. മേല്‍പ്പറഞ്ഞ വിഷയങ്ങളെപ്പറ്റി വിവിധ തരത്തിലുള്ള വീക്ഷണങ്ങള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമായതിനാല്‍ അവയെപ്പറ്റി കൂടുതല്‍ വിശദീകരിക്കുന്നില്ല.
സംസ്‌ക്കാര വ്യവസായം
അതിനു പകരം ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ കള്‍ച്ചര്‍ ഇന്‍ഡസ്ട്രി അഥവ സാംസ്‌ക്കാരിക വ്യവസായമെന്ന പരികല്‍പ്പനയുടെ വെളിച്ചത്തില്‍ ഈ വിഷയത്തെ സമീപിക്കുന്നത് കുറച്ചുകൂടി വ്യക്തതയോടെ ഇപ്പോഴത്തെ അവസ്ഥയെ മനസ്സിലാക്കുവാന്‍ സഹായിക്കുമെന്ന ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. മനുഷ്യരുടെ സ്വാഭാവിക ജൈവചോദനകളായ വിശ്രമവും, വിനോദവും വില്‍പ്പനമൂല്യമുള്ള ഉല്‍പ്പന്നമാക്കി (Highly Commodified Product) മാറ്റുന്നതിനെയാണ് സാംസ്‌ക്കാരിക വ്യവസായമെന്ന് വിശേഷിപ്പിക്കുന്നത്. അതിലൂടെ കള്‍ച്ചര്‍ ഇന്‍ഡസ്ട്രി അതിന്റെ അധിനായകത്വം രൂപപ്പെടുത്തുന്നതിനെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ കേരളത്തില്‍ പുതുതല്ല. 1980-കളില്‍ അതുസംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തില്‍ വ്യാപകമായിരുന്നു. തിയഡോര്‍ അഡോണയുടെ കള്‍ച്ചര്‍ ഇന്‍ഡസ്ട്രിയെന്ന പുസ്തകം അക്കാലത്തെ പല സംവാദങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. രവീന്ദ്രന്‍ എഡിറ്റ് ചെയ്ത കലാവിമര്‍ശം: മാര്‍ക്സിസ്റ്റ് മാനദണ്ഡം എന്ന പുസ്തകം സാംസ്‌ക്കാരിക വ്യവസായത്തെക്കുറിച്ചുള്ള അക്കാലത്തെ സംവാദങ്ങളുടെ സ്വഭാവത്തെ മനസ്സിലാക്കുവാന്‍ സഹായകരമാണ്. ഭരണകൂടമെന്ന പ്രത്യയശാസ്ത്ര സമുച്ചയത്തിന്റെ സുപ്രധാന അടിത്തറകളിലൊന്നായി സാംസ്‌ക്കാരിക വ്യവസായം മാറിയതിനെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ രൂപപ്പെടുന്നതില്‍ മേല്‍പ്പറഞ്ഞ സംവാദങ്ങള്‍ വലിയ പങ്കു വഹിച്ചിരുന്നു. എന്നു മാത്രമല്ല ആഗോളതലത്തില്‍ പടര്‍ന്നു പന്തലിക്കുന്ന സാംസ്‌ക്കാരിക വ്യവസായത്തിന്റെ ഭാഗമായ ബഹുജന-വിനോദ ഉല്‍പ്പന്നങ്ങള്‍ (Mass Entertainment) രാഷ്ട്രീയകക്ഷികളും, ഭരണകൂടങ്ങളും അവയുടെ അധിനായകത്വം രൂപപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഉപാധികളാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ രൂപീകരിയ്ക്കുന്നതിനും വഴിതെളിച്ചു. സര്‍ഗ്ഗാത്മക മേഖലയിലെ ജനപ്രിയങ്ങളായ ആവിഷ്‌ക്കാരങ്ങളെ കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കുവാനും ജനപ്രിയമായ ആവിഷ്‌ക്കാരങ്ങളെല്ലാം മോശമാണെന്ന ഏകപക്ഷീയതകളെ മറികടക്കുവാനും ജനപ്രിയതയുടെ കാരണങ്ങള്‍ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുന്ന രീതി വികസിക്കാനും സഹായിക്കുന്ന അന്തരീക്ഷം പൊതുവെ നിലവില്‍ വന്നു. സംസ്‌ക്കാരത്തെക്കുറിച്ചുള്ള പല മുന്‍ധാരണകളുടെയും അവയില്‍ അന്തസ്ഥിതമായ അധിനായകത്വ മൂല്യങ്ങളുടെയും പുനപരിശോധന സാംസ്‌ക്കാരിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രധാന പ്രേരണകളിലൊന്നായി.THEODOR ADORNO | PHOTO : WIKI COMMONS
മുതലാളിത്തം, സാങ്കേതിക വിദ്യ, ലോക കമ്പോളം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന സങ്കീര്‍ണ്ണമായ പ്രക്രിയ എന്ന നിലയിലാണ് സംസ്‌ക്കാര വ്യവസായത്തിന്റെ പ്രവര്‍ത്തനപദ്ധതി. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിനോദവും, വിശ്രമവും വിപണനത്തിനുള്ള കമ്മോഡിറ്റിയാക്കുന്നതിലൂടെ മനുഷ്യരുടെ സര്‍ഗ്ഗാത്മകചോദനകളെയാകെ സംസ്‌ക്കാര വ്യവസായം അതിന്റെ വരുതിയിലാക്കുന്നു. സിനിമയെന്ന മാധ്യമത്തിന്റെ ആവിര്‍ഭാവം ഈ പ്രക്രിയയില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നു. സിനിമയുടെ വരവോടെ വിശ്രമ-വിനോദ വ്യവസായം പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചു. മുതലാളിത്തം, സാങ്കേതിക വിദ്യ, ലോകകമ്പോളം എന്നിവയെ ഗാഢമായി ബന്ധിപ്പിക്കുന്ന ഒരു സാംസ്‌ക്കാരികോല്‍പ്പന്നത്തിന്റെ നിര്‍മ്മാണത്തിനുള്ള ഭൗതിക സാഹചര്യം അതോടെ തെളിഞ്ഞു. നമ്മുടെ ദുരിതത്തെ നമുക്ക് തന്നെ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാക്കി മാറ്റുന്ന പ്രക്രിയയുടെ പ്രധാന ഉപാധിയായി സിനിമ. ടെലിവിഷന്‍ മുതല്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വരെയുള്ളവയുടെ വളര്‍ച്ച ഈ പ്രക്രിയയെ നിമിഷവേഗത്തില്‍ നിരന്തരം പുനസൃഷ്ടിക്കുന്ന ഒന്നാക്കി മാറ്റി. കാലദേശങ്ങള്‍ക്കതീതമായി.
പൊളിറ്റിക്സ് ആഫ്റ്റര്‍ ടെലിവിഷന്‍; ഹിന്ദു നാഷണലിസം ആന്റ് റീഷേപ്പിംഗ് പബ്ലിക് ഇന്‍ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവായ അരവിന്ദ് രാജഗോപാല്‍ ഒരു പ്രബന്ധത്തില്‍ ഇക്കാര്യം വിശദീകരി്യ്ക്കുന്നു. വഴിയോരങ്ങളിലും, ഉന്തുവണ്ടികളിലും പച്ചക്കറിയും, പഴവര്‍ഗ്ഗങ്ങളും മുതല്‍ ചായ വരെ വിറ്റിരുന്ന കച്ചവടക്കാരെ മുംബൈ നഗരത്തില്‍ നിന്നും നിര്‍ദ്ദയം കുടിയൊഴിപ്പിക്കുന്ന (1990 കളുടെ അവസാനം) കാലഘട്ടത്തില്‍ ടെലിവിഷനില്‍ വ്യാപകമായി ദൃശ്യമായിരുന്ന ഒരു പരസ്യത്തെ മുന്‍നിര്‍ത്തി നമ്മുടെ ദുരിതം നാം തന്നെ ആസ്വദിക്കുന്ന പ്രക്രിയയെ അദ്ദേഹം വിശദീകരിക്കുന്നു. ലിപ്ടണ്‍ കടക്ക് ചായ എന്ന തേയിലയുടെ പരസ്യമായിരുന്നു അദ്ദേഹം വിശകലന വിധേയമാക്കിയത്. പരസ്യത്തിന്റെ ആഖ്യാനം ഇങ്ങനെയായിരുന്നു. വഴിവാണിഭക്കാരുടെ വാസസ്ഥലങ്ങളും, കച്ചവട കേന്ദ്രങ്ങളും ഒഴിപ്പിക്കുന്നതിനായി എത്തിയിട്ടുള്ള സംഘം ബുള്‍ഡോസറുമായി തങ്ങളുടെ ദൗത്യത്തില്‍ ഏര്‍പ്പെടുന്നു. അവരുടെ മുഖഭാവങ്ങളും, ശരീരഭാഷയും നമ്മുടെ സിനിമകളില്‍ കാണുന്ന സ്ഥിരം വില്ലന്‍ കഥാപാത്രങ്ങളുടേതായിരുന്നു. അവരുടെ നേതാവെന്ന് തോന്നിപ്പിക്കുന്ന വ്യക്തി കാറിലിരുന്ന് കാര്യങ്ങള്‍ വീക്ഷിക്കുന്നു. ബുള്‍ഡോസര്‍ വഴിയരികിലെ ചായ വില്‍പ്പനക്കാരന്റെ ചായ്പിനെ ലക്ഷ്യമാക്കി ഹിംസാത്മകമായി നീങ്ങുമ്പോള്‍ അതിന്റെ മുന്നില്‍ ഒരു യുവതി പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു. കൈയില്‍ ആവി പറക്കുന്ന ചായ ഗ്ലാസ്സുമായി അവതരിക്കുന്ന അവരുടെ വേഷവിധാനം ഒരു ആക്ടിവിസ്റ്റിനെ ഓര്‍മ്മിപ്പിക്കുന്നു. കോട്ടണ്‍ സാരി, തോളില്‍ സഞ്ചി. ബുള്‍ഡോസറുകാരന്റെ ഒരു ഭീഷണിയിലും ഭയമേതുമില്ലാതെ നില്‍ക്കുന്ന യുവതിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വില്ലന്മാര്‍ തോറ്റു പിന്‍വാങ്ങുന്നു. അതോടെ കടുപ്പത്തിലുള്ള ലിപ്ടണ്‍ ചായയുടെ വിപ്ലവകരമായ ശേഷിയെക്കുറിച്ചുള്ള ജിംഗിളും, വിവരണങ്ങളും സ്‌ക്രീനില്‍ നിറയുന്നു. ഉന്തുവണ്ടികളിലും, വഴിയോരങ്ങളിലും കച്ചവടം നടത്തി ഉപജീവനം നയിച്ചിരുന്ന ആയിരക്കണക്കിനാളുകളെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്നും കൂട്ടത്തോടെ കുടിയൊഴിപ്പിച്ചതിനെതിരെ സംഘടിതമായ ഒരു ചെറുത്തുനില്‍പ്പും യഥാര്‍ത്ഥത്തില്‍ നടന്നിരുന്നില്ല. പക്ഷെ ഈ പരസ്യം ടെലിവിഷനില്‍ ദേശവ്യാപകമായി നിറഞ്ഞു. രാഷ്ട്രീയത്തെ സൗന്ദര്യാത്മകതയാക്കി, ആസ്വദിക്കാന്‍ പാകത്തിലുള്ള ഒന്നാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള വാള്‍ട്ടര്‍ ബഞ്ചമിന്റെ സൈദ്ധാന്തികമായ ഉള്‍ക്കാഴ്ച്ചകളെ അടിസ്ഥാനപ്പെടുത്തിയാണ് രാജഗോപാല്‍ ഈ പരസ്യത്തിന്റെ പ്രതിലോമ സ്വഭാവം വിശദീകരിയ്ക്കുന്നത്. രാഷ്ട്രീയത്തെ സൗന്ദര്യാത്മകമാക്കി മാറ്റുന്നതിലൂടെ ജനപ്രിയ കല ജനങ്ങളെ പ്രതിലോമ രാഷ്ട്രീയത്തിലെ പങ്കാളികളാക്കി മാറ്റുന്നു. സാംസ്‌ക്കാരിക വ്യവസായം ലക്ഷ്യമാക്കുന്ന അധിനായകത്വമെന്ന ദൗത്യം ജനപ്രിയ ആവിഷ്‌ക്കാരങ്ങളിലൂടെ നിരന്തരം സ്ഥാപിച്ചെടുക്കുകയും പുനരാവിഷ്‌ക്കരിക്കുകയും ചെയ്യുന്നു. ജനപ്രിയ കല മോശം കലയായി മാറുന്നതിന്റെ പൊരുള്‍ അതാണ്.ARAVIND RAJAGOPAL | PHOTO : WIKI COMMONS
ജനപ്രിയ കലയുടെ പ്രലോഭനീയമായ ഈ കെണികളെ മറികടക്കുമ്പോഴാണ് നല്ല കലയുണ്ടാവുക. ഉള്ളടക്കത്തിലും, രൂപത്തിലും, അവതരണത്തിലുമെല്ലാം നവീനമായ പ്രമേയങ്ങളും ആവിഷ്‌ക്കാരങ്ങളും അപ്പോഴാണ് സാധ്യമാവുക. ആവിഷ്‌ക്കാരത്തിന്റെ മേഖലയിലെ ഈ പുതിയ നാമ്പുകളെ സാംസ്‌ക്കാരിക വ്യവസായം ക്രമേണ സ്വാംശീകരിയ്ക്കുകയും അവയുടെ വിധ്വംസക സ്വഭാവത്തെ ചോറ്റിക്കളയുകയും ചെയ്യുന്നു. ഒരിക്കല്‍ വിധ്വംസകമായിരുന്ന ആവിഷ്‌ക്കാരങ്ങള്‍ പിന്നീട് യാഥാസ്ഥിതികമായ തല്‍സ്ഥിതി സംരക്ഷണത്തിനുള്ള ഉപാധികളായി മാറുന്നതിന്റെ ഉദാഹരണങ്ങള്‍ സംസ്‌ക്കാര വ്യവസായത്തിന്റെ ചരിത്രത്തില്‍ കാണാനാവും. ഹേമ കമ്മിറ്റിയുടെ പഠനത്തിലെ കണ്ടെത്തലുകളും മേല്‍ വിവരിച്ച തരത്തിലുള്ള സംസ്‌ക്കാര വ്യവസായത്തിന്റെ അധിനായകത്വവും തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യം സ്വാഭാവികമാണ്. സംസ്‌ക്കാര വ്യവസായവുമായി ബന്ധപ്പെട്ട് 1980-കളില്‍ കേരളത്തില്‍ രൂപപ്പെട്ട ജാഗ്രതയും കരുതലും 1990-കളുടെ അവസാനത്തോടെ ഏതാണ്ട് അപ്രത്യക്ഷമായതുമായി ബന്ധപ്പെടുത്തി അക്കാര്യം പരിശോധിക്കണം. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. നവലിബറലിസം, ആഗോളവല്‍ക്കരണം, സോവിയറ്റ് ബ്ലോക്കിന്റെ തകര്‍ച്ച, വിവരവിനിമയ സാങ്കേതിക വിദ്യകളിലെ മുന്നേറ്റം തുടങ്ങിയ പല ഘടകങ്ങളും അതിനുള്ള കാരണങ്ങളാണ്. ഒരു കാര്യം വ്യക്തമായി പറയാനാവും. 80-കളില്‍ സംസ്‌ക്കാര വ്യവസായത്തിന്റെ വിമര്‍ശകരായിരുന്നവര്‍ പലരും 2000 കഴിയുമ്പോള്‍ കേരളത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ നടത്തിപ്പുകാരും, ഗുണഭോക്തക്കളുമായി മാറി. സിനിമയുടെ മേഖലയില്‍ അത് അനുഭവപ്പെട്ടതിനെ പറ്റി മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്. സിനിമയുടെ ചരിത്രത്തില്‍ വ്യത്യസ്തങ്ങളായ രണ്ടു ധാരകള്‍ ലോകമാകെ കാണാനാവും. സിനിമയെ പ്രധാനമായും ഒരു വാണിജ്യ മാധ്യമം മാത്രമായി കരുതുന്നതാണ് ഒരു ധാര. വാണിജ്യോല്‍പ്പന്നമെന്നതിനുപരി കലാപരമായ ആവിഷ്‌ക്കാരത്തിനുള്ള മാധ്യമമായി കരുതുന്നതാണ് രണ്ടാമത്തെ ധാര. ഏതാണ്ട് സമാന്തര പാതകളിലൂടെയായിരുന്നു അവയുടെ സഞ്ചാരം. മലയാള സിനിമയിലും ഈ ധാരകള്‍ 1970-കളോടെ പ്രത്യക്ഷമായി. എന്നാല്‍ പുതിയ നൂറ്റാണ്ടിന്റെ വരവോടെ വാണിജ്യ സിനിമയും ആര്‍ട്ട് ഹൗസ് സിനിമകളുമെന്ന വകഭേദം കേരളത്തില്‍ ഏറെക്കുറെ അപ്രത്യക്ഷമായി. എല്ലാവരും മുഖ്യധാര വാണിജ്യ സിനിമയുടെയും സംസ്‌ക്കാര വ്യവസായത്തിന്റെയും ഭാഗമായി. കേരളം പോലെ കുറഞ്ഞ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടക്കുന്ന ഒരു പ്രദേശത്തെ സംബന്ധിച്ചിടത്തോളം സിനിമ താരതമ്യേന വലിയ മൂലധന സാന്നിദ്ധ്യമുള്ള ഒരു മേഖലയായി. സ്വാഭാവികമായും കേരളത്തിലെ സംസ്‌ക്കാര വ്യവസായത്തിന്റെ നെടുംതൂണുകളിലൊന്നായി സിനിമയും അതുമായി ബന്ധപ്പെട്ട മറ്റുള്ള കൂട്ടം ചേരലുകളും വളര്‍ന്നു.
സിനിമയും ലൈംഗികതയും
തുടക്കം മുതല്‍ ലൈംഗികതയെ രൂപപ്പെടുത്തുന്നതില്‍ സിനിമ വലിയ പങ്കു വഹിച്ചിരുന്നു. പ്രത്യേകിച്ചും വാണിജ്യ സിനിമ. സിനിമ താരങ്ങള്‍-- സ്ത്രീകളും, പുരുഷന്മാരും -- ലൈംഗികതയുടെ പ്രതീകങ്ങള്‍ കൂടിയായിരുന്നു. ലോകത്തിലെല്ലായിടത്തുമെന്ന പോലെ മലയാളത്തിലും അത് തന്നെയായിരുന്നു സ്ഥിതി. ലൈംഗിക കാമനകളെയും അഭിരുചികളെയും നിരന്തരം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രസമാനമായ ഒരിടമാണ് വാണിജ്യ സിനിമയും അതുപോലുള്ള ദൃശ്യമാധ്യമങ്ങളുടെ മേഖലയും. താരപദവിക്കൊപ്പം കൈവരുന്ന സാമ്പത്തിക നേട്ടം, പ്രശസ്തി, സ്വാധീനം എന്നിവക്കൊപ്പം പ്രധാനമാണ് സെക്സ് സിംബലെന്ന പ്രതിച്ഛായയും. വാണിജ്യ സിനിമയുടെ മാത്രമല്ല സംസ്‌ക്കാര വ്യവസായത്തിന്റെ മേഖലകളിലെല്ലാം ആണധികാര കേന്ദ്രിതമായ ലൈംഗികതയുടെ ശ്രേണീബദ്ധമായ ക്രമത്തെ കാണാനാവും. മുതലാളിത്തക്രമം സൂപ്പര്‍ വളര്‍ച്ചയിലെത്തിയ നാടുകളില്‍ ഈ ക്രമത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങളും നിലനില്‍ക്കുന്നു. അമേരിക്കയിലെ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് നേരിടുന്ന 34 ക്രിമിനല്‍ കുറ്റങ്ങളുടെ കേസ്സിന്റെ ഉത്ഭവം ഒരു പോണ്‍ താരം നല്‍കിയ പരാതിയില്‍ നിന്നായിരുന്നു. എന്നിട്ടും അവിടെയും മീ ടൂ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നു. ലക്ഷണം കെട്ട മുതലാളിത്തവും, നാടുവാഴിത്തവും ഒരു പോലെ വാഴുന്ന കേരളം പോലുള്ള ദേശങ്ങളില്‍ ഹേമ കമ്മിറ്റിയുടെ പഠനത്തില്‍ പറഞ്ഞതിന്റെ അപ്പുറം നടക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. സംസ്‌ക്കാര വ്യവസായവുമായി ബന്ധപ്പെടുത്തി പഠന റിപ്പോര്‍ട്ടിനെ സമീപിക്കേണ്ടതിന്റെ ആവശ്യകത അവിടെയാണ്.DONALD TRUMP | PHOTO : WIKI COMMONS
നേരത്തെ സൂചിപ്പിച്ചതു പോലെ വാണിജ്യ സിനിമക്ക് സമാന്തരമായി ലോകമാകെ ആര്‍ട്ട് ഹൗസ് സിനിമകള്‍ ഉണ്ടാവുകയും നിലനില്‍ക്കുകയും ചെയ്യുന്നു. അവയുമായി ബന്ധപ്പെട്ട് ഒരിക്കലും ലൈംഗികാപവാദങ്ങള്‍ ഉണ്ടായതായി അറിവില്ല. പഴയ സോവിയറ്റ് യൂണിയനിലും, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ശക്തമായ സിനിമ വ്യവസായം നിലനിന്നിരുന്നു. രാഷ്ട്രീയമായ കാര്യങ്ങളുടെ പേരിലല്ലാതെ ലൈംഗികമായ അപവാദങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട് അവിടുങ്ങളില്‍ ഉണ്ടായതായി കേട്ടിട്ടില്ല. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളിലുണ്ടായ നവസിനിമ പ്രസ്ഥാനങ്ങളൊന്നും ഇത്തരം ആരോപണങ്ങള്‍ നേരിട്ടിരുന്നില്ല. ഇന്ത്യയിലെ നവസിനിമ പ്രസ്ഥാനങ്ങളും അതിനുള്ള ഉദാഹരണങ്ങളാണ്. വാണിജ്യ സിനിമകളുടെ ലോകമാണ് ലൈംഗികാതിക്രമങ്ങളുടെ ഭ്രമണപഥമെന്ന് പൊതുവെ പറയാം. ഹോളിവുഡിലായാലും, കേരളത്തിലായാലും അതാണ് സ്ഥിതി. ഹേമ കമ്മിറ്റി പഠനവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ ഇക്കാര്യം വിട്ടുപോവുന്നു.
കേരളത്തിലെ മുഖ്യധാര സിനിമയുടെ ആഖ്യാനങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും ആവര്‍ത്തിക്കുന്ന പ്രമേയങ്ങളായ പുരുഷ മേധാവിത്തം, സ്ത്രീ വിരുദ്ധത, സാമ്പത്തികവും, ജാതിപരവുമായ വിവേചനങ്ങള്‍, മതന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ശത്രു നിര്‍മ്മിതികള്‍ തുടങ്ങിയവയെല്ലാം സംസ്‌ക്കാര വ്യവസായം ഊട്ടിയുറപ്പിക്കുന്ന അധിനായകത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയൊരര്‍ത്ഥത്തില്‍ വീക്ഷിക്കുമ്പോള്‍ ഹിംസാത്മകമായ ഒരിടമാണ് മുഖ്യധാര സിനിമ. അതിന്റെ ഭാഗമാവുമ്പോള്‍ ലഭ്യമാവുന്ന സമ്പത്തും, പ്രശസ്തിയും, പദവിയും, പൊങ്ങച്ചങ്ങളും ചെറിയൊരു ന്യൂനപക്ഷത്തില്‍ മാത്രം ഒതുങ്ങുന്നു. അതുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷവും നിത്യവൃത്തിക്കുള്ള വരുമാനം മാത്രം ലഭിക്കുന്നവരാണ്. അതു പോലും ലഭിക്കാതെ അടിമസമാനമായ സാഹചര്യങ്ങളില്‍, മിനിമം വേതനം പോലും ലഭിക്കാതെ ജോലിയെടുക്കുന്നവര്‍ വേറെയും. അടിസ്ഥാനതലത്തില്‍ നിലനില്‍ക്കുന്ന ഈ സാമ്പത്തിക ചൂഷണം താരങ്ങളുടെ പ്രതിഫലം കോടികളിലാവുന്നതിന്റെ ഒരു പ്രധാന പ്രേരണയാവുന്നു. നിലവിലുള്ള നിയമവ്യവസ്ഥ നിജപ്പെടുത്തിയ കുറ്റകൃത്യങ്ങളായി കമ്മിറ്റി പരാമര്‍ശിക്കുന്ന പെരുമാറ്റങ്ങളില്‍ ഉള്‍പ്പെട്ടവരെ നിയമത്തിന്റെ മുമ്പിലെത്തിക്കുകയെന്നത് സുപ്രധാനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് കേരളത്തിലെ സംസ്‌ക്കാര വ്യവസായത്തിന്റെ നാള്‍വഴികളെക്കുറിച്ചുള്ള സൂക്ഷ്മവും നിശിതവുമായ വിലയിരുത്തലുകളും.