TMJ
searchnav-menu
post-thumbnail

Outlook

എംടിയുടെ നായകന്മാര്‍

15 Jul 2023   |   5 min Read
റഫീഖ് ഇബ്രാഹിം

" റുകരയിൽ കടവുതോണി ഇഴഞ്ഞെത്തുന്നതു കാത്തിരിക്കുന്നു.
അപ്പോൾ മനസ്സിൽ പൊടുന്നനെ ഒരു ബോധമുദിക്കുന്നു; ഓർക്കാനാവുന്ന യാത്രകളുടെ തുടക്കങ്ങളിലെല്ലാം തോണി മറുകരയിലാണ്. തീവണ്ടിയാപ്പീസിൽ വന്നിറങ്ങി ഉച്ചവെയിലിൽ നടന്ന് മറുകരയിലെത്തുമ്പോഴോ? തോണി കടവത്തെ കുറ്റിക്കോലിൽ വിശ്രമിക്കുകയാവും.
-ഇവിടെ മാത്രമാണോ?
-അതെന്റെ അനുഭവം മാത്രമാണോ?
കിഴക്കോട്ടുള്ള വണ്ടി കാത്തുനില്ക്കുമ്പോൾ പോർട്ടർ പറയുന്നു; പടിഞ്ഞാട്ടുള്ള വണ്ടിയുടെ ക്രോസിംഗ് ഇവിടെവെച്ചാണ്. മണിയടിക്കുന്നത് ശ്രദ്ധാപൂർവം കേൾക്കുന്നു. ഭാഗ്യം, കിഴക്കോട്ടുള്ള വണ്ടി തന്നെയാണ് ബ്ലോക്കാവുന്നത്. ബാഗു തൂക്കി, തിരക്കിക്കയറാൻ തയ്യാറെടുത്തു നില്ക്കുമ്പോൾ വണ്ടി വന്നു നില്ക്കുന്നു. സെക്കൻഡ് ലൈനിൽ! പടിഞ്ഞാട്ടുള്ള വണ്ടി വന്ന് ആളുകളെ തുപ്പി, കയറ്റി കടന്നുപോകുന്നതുവരെ ആരോടെന്നില്ലാത്ത അമർഷത്തോടെ കാത്തുനില്ക്കേണ്ടി വരുന്നു.
-എന്റെ തോണി മറുകരയിൽ, എനിക്കു പോകേണ്ട വണ്ടി സെക്കൻഡ് ലൈനിൽ!
അടച്ചിട്ട ലെവൽക്രോസിനു മുമ്പിൽ ബസ്സിൽ വിയർത്തും ദാഹിച്ചും ഇരിക്കുമ്പോൾ, വർഷങ്ങൾ കഴിഞ്ഞുവെന്നു തോന്നുമ്പോൾ, ഗെയ്റ്റ് തുറക്കുന്നതു മറുവശത്താണ്. മറുവശത്ത് അണിയണിയണിയായി നില്ക്കുന്ന വാഹനങ്ങൾ കടന്നുപോകുന്നതുവരെ തളർന്നിരിക്കുന്നു. സ്വയം പറയുന്നു:
ഞാൻ കയറിയതുകൊണ്ടാവാം."
                -  (കാലം)

'നായകത്വം' നിർദ്ദിഷ്ട ചരിത്രസന്ദർഭത്തിന്റെ വ്യക്തികല്പനകൾ സഞ്ചയിക്കുന്ന ഭാവലോകമാണ്. സാമൂഹ്യവ്യവസ്ഥയും അവ സൃഷ്ടിക്കുന്ന അവസ്ഥയും അതത് കാലത്തിന്റെ സാംസ്കാരികമൂല്യങ്ങളും നിർമിച്ചെടുക്കുന്ന ഭാവനാമണ്ഡലത്തിനകത്താണ് ഓരോ നായകനും കല്പന ചെയ്യപ്പെടുന്നത്. ചരിത്രത്തിന് പുറത്തല്ല ആഘോഷിക്കപ്പെട്ട ഒരു നായകന്റെയും നില. 'ധീരോദാത്തനതിപ്രതാപഗുണവാൻ' ഒരു കാലത്തിന്റെ നായകഗുണവിശേഷമാവുന്നത് ഫ്യൂഡൽ സാമൂഹ്യക്രമത്തിന്റെ ആന്തരിക ബലങ്ങളുമായി ബന്ധപ്പെട്ടാണ്. 'കപടലോകത്തിൽ ആത്മാർഥമായ ഹൃദയമുണ്ടായിപ്പോയതിനാൽ' പരാജയപ്പെട്ടവൻ പ്രപഞ്ചവുമായുള്ള ലയം നഷ്ടപ്പെടുന്ന കാലത്തിന്റെ പ്രതിനിധിയാണ്. ഈ നായകവിശേഷങ്ങൾ വിജയിക്കുന്നത് നിർദിഷ്ട സാംസ്കാരികവ്യവസ്ഥയ്ക്കകത്താണ്. വിജയവും പരാജയവും കലഹവും കലാപവും രോഷവും ദൈന്യവുമെല്ലാം വിനിമയം ചെയ്യപ്പെടുന്ന വ്യവസ്ഥയ്ക്കകത്തേ അതത് സവിശേഷതകൾ വിജയിക്കുകയുള്ളൂ.



നിർദിഷ്ട സന്ദർഭത്തിൽ പ്രാബല്യം നേടുന്ന വ്യക്തിഭാവനയുമായുള്ള കണ്ണിചേരലിലാണ് ഓരോ നായകന്റെയും വിജയം. അങ്ങനെയെങ്കിൽ മലയാളത്തിൽ ഏറ്റവുമധികം വിജയിച്ചവരെന്ന് പറയാവുന്ന എം.ടി.യുടെ നായകന്മാരുടെ സവിശേഷമാനങ്ങൾ എന്തൊക്കെയാവാം? ധാരാളം ചർച്ച ചെയ്യപ്പെട്ട കൂട്ടുകുടുംബത്തിന്റെ തകർച്ച, ഫ്യൂഡൽ ബന്ധങ്ങളുടെ അസ്തമനം തുടങ്ങിയ തലങ്ങൾക്കപ്പുറം അപ്പുണ്ണിയും സേതുവും ഗോവിന്ദൻ കുട്ടിയും ഭീമനും എന്തുകൊണ്ട് വിജയിച്ചു എന്ന ചോദ്യത്തെയാണ് ഈ കുറിപ്പ് അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത്.

1958 ലാണ് 'നാലുകെട്ട്' പുറത്തുവരുന്നത്. അഞ്ച് ലക്ഷത്തോളം കോപ്പികൾ ഇക്കാലത്തിനിടെ വിറ്റുപോയത്രേ! നോവൽ എന്ന സാഹിത്യജനുസ്സിന്റെ മലയാളത്തിലെ പര്യായം പോലുമായി നാലുകെട്ട് മാറി എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. നാലുവർഷത്തിനു ശേഷം അസുരവിത്തും (1962), തുടർന്ന് കാലവും (1969), രണ്ടാമൂഴവും (1984) പുറത്തുവരികയാണുണ്ടായത്. ഇരുപത്തിയാറു വർഷത്തിനിടെ പുറത്തിറങ്ങിയ ഈ നാല് കൃതികൾ എം.ടി.യൻ സാഹിത്യലോകത്തിന്റെ പരിഛേദമായിത്തന്നെ സ്വീകരിക്കാവുന്നതാണ്. അല്പം ചില അപവാദങ്ങൾ ചൂണ്ടിക്കാട്ടാമെങ്കിലും ഏറിയും കുറഞ്ഞും എം.ടി.യുടെ മിക്ക രചനകളിലും ഈ നാല് നോവലുകൾ പ്രവർത്തിക്കുന്നുണ്ട്. എം.ടി.യൻ നായകന്മാരുടെ പൊതുത്വമായി അപ്പുണ്ണിയെയും ഗോവിന്ദൻകുട്ടിയെയും സേതുവിനെയും ഭീമനെയും ചേർത്തുവെക്കാം. ഇവർ നാലുപേരും പല അനുപാതത്തിൽ ചേരുന്നു എം.ടി.യുടെ മിക്ക നായകരിലും.

1958 മുതൽ 1984 വരെയുള്ള ഇരുപത്തിയാറ് വർഷങ്ങൾ ആധുനിക മലയാളിയെ സംബന്ധിച്ചിടത്തോളം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-സാംസ്കാരിക വിഛേദത്തിന്റെ കാൽനൂറ്റാണ്ടാണ്. നാമതുവരെ നേടിയ എല്ലാ ഗുണഫലങ്ങളെയും കർശനമായ പുനർവിചിന്തനത്തിന് വിധേയമാക്കിയ കാലം കൂടിയാണിത്. കേരളം എന്ന രാഷ്ട്രീയഭൂമികയുടെ പിറവി, ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിന്റെ സ്ഥാനാരോഹണം, വിമോചനസമരം സൃഷ്ടിച്ച രാഷ്ട്രീയനിരാശ, ഭൂപരിഷ്കരണത്തിന്റെ അലയൊലികൾ, കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ്, അടിയന്തരാവസ്ഥ തുടങ്ങി രാഷ്ട്രീയമണ്ഡലം ഇളകിമറിഞ്ഞ കാലം. ഈ സംഘർഷങ്ങളുമായി നേരിട്ടുബന്ധം പുലർത്തിക്കൊണ്ടുതന്നെ സാഹിത്യത്തിലെ വിപ്ലവാത്മകമായ ഒരു ഭാവുകത്വവിശേഷവും (പിൽക്കാലത്ത് ആധുനികതാവാദം എന്നു വിളിക്കപ്പെട്ടു) ഇക്കാലത്ത് ജ്വലിച്ചുയർന്നു. 

പൊതുവിൽ ഇന്ദുലേഖ മുതൽ അക്കാലം വരെയുള്ള നോവലുകൾ നവോത്ഥാനമാനവികതയുടെ ആശയാടിത്തറകൾക്കുള്ളിലാണ് വാർന്നുവീണത്. അതിനുപുറത്തേക്ക് നീങ്ങാൻ ശ്രമിച്ചവയാവട്ടെ ലക്ഷണമൊത്തവയായി അംഗീകരിക്കപ്പെട്ടില്ലതാനും. മാനവികതയെക്കുറിച്ചും സാമൂഹ്യവിമോചനത്തെക്കുറിച്ചുമുള്ള ശുഭവിശ്വാസങ്ങളിൽ നിലയുറപ്പിച്ച നവോത്ഥാനഭാവനകളാണ് അക്കാലത്ത് നോവലിൽ പ്രവർത്തിക്കുന്നത്. തകഴി, കേശവദേവുമാരിൽ എത്തുമ്പോഴേക്ക് നവോത്ഥാനമാനവികത അതിന്റെ ഉത്തുംഗതയിലേക്കുതന്നെ ചേക്കേറുന്നുണ്ട്. കൂടുതൽ നല്ല മനുഷ്യനാവാനുള്ള അക്കാലത്തിൻ്റെ അഭിവാഞ്ഛയുടെ മൂർത്തരൂപമായാണ് സുന്ദരികളും സുന്ദരന്മാരിലെയും വിശ്വം പ്രത്യക്ഷപ്പെടുന്നത്. 1958 ൽ തന്നെയാണ് ഈ നോവലും പിറവിയെടുത്തതെന്നത് കൗതുകകരമായ യാദൃച്ഛികതയാണു താനും.


എം.ടി | PHOTO:  WIKI COMMONS
നവോത്ഥാന നായകന്മാരിൽ നിന്നു ഭിന്നമായി വിശ്വത്തിൽ സൂക്ഷ്മമായ ഇടർച്ചയുടെ സ്വരം കൂടി കണ്ടെത്താം. 'ഹൃദയവും തേജസ്സും ശക്തിയുമുള്ള ഒരാണാ'യാണ് ശാന്ത വിശ്വത്തെ മനസ്സിലാക്കുന്നതെങ്കിലും ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ട സന്ദർഭത്തിൽ അയാൾ ഇടറുന്നത് കാണാം. ഭൂമിയുടെ അറ്റം കാണാനുള്ള കാല്പനികലക്ഷ്യവും ജയിൽ ജീവിതത്തിൽ നിന്നുള്ള യാഥാർത്ഥ്യബോധവും ചേർന്നുള്ള സംഘർഷമാണ് വിശ്വത്തിലുള്ളത്. നവോത്ഥാനഭദ്രവ്യക്തിത്വത്തിന്റെ ചിതറിത്തുടങ്ങൽ വിശ്വത്തിൽ കാണാം. ഇതിന്റെ ഇങ്ങേയറ്റത്താണ് അന്തേവാസിനിയുടെ കാവിക്കച്ച ചുറ്റി കൂമൻകാവിൽ മറ്റൊരു നായകൻ വന്നു ബസ്സിറങ്ങുന്നത്. ഇരുപതാം നൂറ്റാണ്ടിലെ നായകപരിണാമത്തിലെ രണ്ടു ബിന്ദുക്കളാണ് വിശ്വവും രവിയും എന്നു പറയാം. വിശ്വത്തിൽ നിന്നാരംഭിച്ച യാത്രയാണ് രവിയിൽ പൂർണതയെ തൊട്ടത്. സാങ്കേതികമായ അർത്ഥത്തിൽ റൊമാന്റിക് റിയലിസത്തിൽ നിന്ന് മോഡേണിസത്തിലേക്കുള്ള മാറ്റം.

ഈ വിഛേദം നടേ സൂചിപ്പിച്ചതുപോലെ സൗന്ദര്യമണ്ഡലത്തിലെ ഒറ്റപ്പെട്ട ഒന്നല്ല. മറിച്ച് സാമൂഹ്യരാഷ്ട്രീയപ്രക്രിയയുടെ ഭാഗം തന്നെയാണ്. നെഹ്രുവിയൻ രാഷ്ട്രപദ്ധതിയോടുള്ള നൈരാശ്യത്തിന്റെ സാഹിതീയ ആവിഷ്കാരമാണവ. പി പവിത്രൻ ഈ മാറ്റത്തെ 'നെഹ്രുവിയൻ ഈഗോയുടെ ശൈഥില്യം' എന്നാണ് വിശേഷിപ്പിക്കുന്നത്. കർതൃവിഘടനത്തിന്റെ ആരംഭമാണ് വിശ്വത്തിലെ (വിശാലാർഥത്തിൽ സുന്ദരികളിലേതു തന്നെ) ഇടർച്ചകൾ. സദാചാരം, നന്മ തുടങ്ങിയ മൂല്യങ്ങളെ സനാതനമായി കാണാതെ ശരി/തെറ്റുകളിൽ പക്ഷം പിടിക്കാതെയാണ് താനിതെഴുതിയതെന്ന് ഉറൂബ് പറയുന്നുണ്ട്. ഇതിഹാസസമാനമായ - പ്രത്യക്ഷത്തിൽ തന്നെ മഹാഭാരതത്തിൻ്റെ ധർമ്മസന്ദിഗ്ധതകളോട് - ആഖ്യാനഘടന സുന്ദരികൾക്ക് കൈവരാൻ കാരണം ഇതു കൂടിയായിരിക്കാം. അന്തിമമായ ലക്ഷ്യവും അതിലേക്കുള്ള ക്രമാനുഗതവളർച്ചയും ഈ നോവലിനില്ലാതെ പോയതിൻ്റെ കാരണം മറ്റൊന്നാവാൻ വഴിയില്ല.

നിർണായകസന്ദർഭങ്ങളിൽ അന്ധാളിച്ചു നിൽക്കുന്ന ആദ്യനായകനൊന്നുമല്ല വിശ്വം. മാധവൻ മുതൽ മജീദ് വരെയുള്ള നായകരിൽ മനുഷ്യസഹജമായ ഈ സന്ദിഗധത കാണാം (ജീവിതവുമായി ഏറ്റവുമടുത്തുനിൽക്കുന്ന കലയായ നോവലിൽ അതുണ്ടാവാതെ വഴിയില്ലല്ലോ). എന്നാൽ പൂർവഗാമികളിൽ നിന്ന് വിശ്വത്തിനുള്ള മാറ്റം അയാളനുഭവിക്കുന്ന ഇരുലോകങ്ങൾക്കിടയിലെ ഊയലാട്ടമാണ്. തീവ്രമായ സത്യാന്വേഷണവ്യഗ്രതയോടെ ജീവിതമാരംഭിച്ച് ആദർശപരമായ കടുംപിടുത്തത്തിന്റെ ഫലമായി ജയിലിലെത്തി വാശിയുടെ തരിമ്പുപോലുമവശേഷിക്കാതെ പുറത്തുവരികയാണ് വിശ്വം (ഡി. ബഞ്ചമിൻ). നവോത്ഥാനസങ്കല്പനങ്ങളും ഗാന്ധിയൻ ജീവിതപദ്ധതികളും സാധ്യമാക്കിയ ഒരു പരിത്യാഗിയിലേക്കാണ് വിശ്വം എത്തിച്ചേരുന്നത്.

അതിന്റെ അന്ത്യഘട്ടത്തിൽ രവിയാകട്ടെ, ബൂർഷ്വാ ആധുനികതയുടെ സങ്കല്പനങ്ങളോട് നേർക്കുനേർ എതിരിടുകയാണ്. ഖസാക്ക് രവി തേടിനടന്ന താവളമാണ്; തന്റെ ചിതറിയ ജീവിതത്തിന്റെ ആവിഷ്കാരസ്ഥലി. അയാളെ സംബന്ധിച്ചിടത്തോളം ആദർശനിഷ്ഠത എന്നത് എടുക്കാച്ചരക്കാണ്. മദ്യവും മതവും ലൈംഗികതയും ക്രമം തെറ്റി കുതിച്ചൊഴുകുന്ന ഖസാക്കിലെത്തിയ രവിയോടെ ഈഗോ ശിഥിലീകരിക്കപ്പെട്ട നായകനിൽ നോവൽ ഭാവന എത്തിച്ചേർന്നു.

ആധുനിക മലയാളി സ്വത്വത്തിന്റെ വിഘടനമാരംഭിച്ച് പൂർണതയിലെത്തിയ ഇരുപത്തിയാറ് വർഷത്തിനിടെയാണ് അപ്പുണ്ണിയും സേതുവും മറ്റും പ്രത്യക്ഷപ്പെട്ടത്. ഏകാന്തതയിലേക്ക് ഉൾവലിഞ്ഞ, ആത്മപുച്ഛം നിറയുന്ന, ഈർഷ്യയും അമർഷവും ലോകത്തോടാകമാനം തോന്നുന്ന, തൊട്ടുമുൻപിൽ പരാജയമുണ്ടെന്നറിയുമ്പോഴും നിശ്ചേതനരായിരിക്കുന്ന സവിശേഷ വ്യക്തിത്വമാണവരുടേത്. പ്രബുദ്ധതകളോടുള്ള വിമർശനത്തിന്റെയും അഴുകലിന്റെയും സ്വരമാണ് അവരിലെ അന്തർമുഖത്വത്തിനുള്ളത്. വിശ്വത്തെപ്പോലെ പേരിനെങ്കിലും അവരാരും വിജയിച്ചില്ല.




എം.ടി.യുടെ നായകന്മാരുടെ പരാജയത്തിന്റെ ഹേതുക്കളിൽ പലതും അവരവർക്കുള്ളിൽ തന്നെയാണ്. പഴയ റൊമാന്റിക് നായകരുടെ ആദർശാത്മക പരാജയമോ ഇതിഹാസനായകരുടെ ദുരന്തമോ അല്ല ഇവരുടെ തോൽവികൾ. മനുഷ്യരിലെ ഗുപ്തകാമനകളെയെല്ലാം എം.ടി.സവിസ്തരം പരാമർശിച്ചുപോകുന്നത് ശ്രദ്ധിക്കുക. ദമിതലൈംഗികത ഈ നായകരെ അന്തർമുഖരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അപ്പുണ്ണിയുടെ രക്തത്തെ ഭ്രാന്ത് പിടിപ്പിക്കുന്ന അമ്മിണി, ഗോവിന്ദൻകുട്ടിയുടെ കൗമാരകാമനയായ രാജമ്മു, സേതുവിന്റെ ലൈംഗികാഭിനിവേശത്തിന് ഇരയാകേണ്ടി വന്ന സുമിത്ര എന്നിങ്ങനെ ലൈംഗികതയുടെ പാപ/പുണ്യബോധങ്ങൾക്കകത്ത് പീഡിപ്പിക്കപ്പെടുന്നുണ്ട് അവർ മിക്കവരും. ഈ സ്വയം പീഡയാണ് പരാജയത്തിന്റെ മുഖ്യകാരണമാവുന്നതും.

പാരമ്പര്യത്തോടും പിതൃബിംബങ്ങളോടുമുള്ള ഇടയലുകളും പ്രത്യക്ഷത്തിൽ തന്നെ ഇവരിൽ കണ്ടെത്താം. അപ്പുണ്ണി പകിട കളിക്കാരൻ കോന്തുണ്ണി നായരെന്ന പിതൃത്വത്തിൽ സമാശ്വാസം കൊള്ളുന്നുണ്ടെങ്കിലും പാരമ്പര്യത്തെ അപ്പാടെ പിഴുതെറിയാൻ ആഗ്രഹിക്കുന്നയാളുമാണ്. നാലുകെട്ട് പൊളിച്ച് കാറ്റും വെളിച്ചവും കടക്കുന്ന കൊച്ചുവീട് പണിയാനുള്ള അയാളുടെ ആഗ്രഹത്തിന്റെ വേര് പാരമ്പര്യത്തോടുള്ള കലിയാണ്. ഗോവിന്ദൻകുട്ടി മതം മാറുന്നതും സേതു ഗ്രാമം വിടുന്നതും ചേർത്തുവായിക്കാവുന്നതാണ്. ഭീമനാവട്ടെ, തന്റെ പിതൃത്വത്തിൽ സംശയാകുലനാണ് താനും. പാരമ്പര്യ നിഷേധത്തിന്റെ ശക്തമായൊരൂർജ്ജം ഇവരിലെല്ലാം പ്രവർത്തിക്കുന്നു.

സാമൂഹ്യമായ അന്തർമുഖത്വവും അപമാനവും ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നവരാണിവർ. ആൾക്കൂട്ടത്തിൽ തനിയെയാണ് മേൽനായകരുടെയെല്ലാം നില. മിക്കവരും രണ്ടാമൂഴങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടവർ. കൊച്ചാപ്പന്റെ പിറന്നാൾ സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് മുതൽ സ്കൂളിൽ കഞ്ഞി കൊണ്ടുപോകുന്നത് വരെ ഗോവിന്ദൻകുട്ടിക്ക് അപമാനങ്ങളാണ് സമ്മാനിക്കുന്നത്. ഭീമനാകട്ടെ ജീവിതകാലം മുഴുവൻ അപമാനം ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു. വിജയിച്ചവരുടെ ഘോഷങ്ങൾക്കിടയിലെ അന്തർമുഖപരാജയങ്ങളാണവർ. ഈ പകയാണ് അവരിൽ മുനിഞ്ഞുകത്തുന്നതും. സ്വാർഥതയും മോഹഭംഗവും അവരുടെ ആകാമായതിൽ അത്ഭുതപ്പെടാനില്ല.

ഗുപ്തലൈംഗികത, പരാജയത്തോടുള്ള അഭിനിവേശം, അന്തർമുഖത്വം, അന്യവത്കരണം എന്നിങ്ങനെ ആധുനികതാപ്രസ്ഥാനത്തിന്റെ ലക്ഷണങ്ങളെല്ലാം എം.ടി.യുടെ നായകന്മാരിൽ നിന്നും അഴിച്ചെടുക്കാം. അവ പക്ഷേ, കേവലമല്ല എന്നിടത്താണ് എം.ടി.യുടെ നായകന്മാർ പ്രസ്ഥാനത്തിന്റെ കള്ളികളിലൊതുങ്ങാത്തത്. മറ്റൊരു ഭാഷയിൽ കാല്പനികതയുടെയും ആധുനികതയുടെയും പരിണാമവഴികളിൽ ഈ ഇരുഭാവുകത്വത്തെയും സ്വാംശീകരിച്ചുകൊണ്ടാണ് എം.ടി.യുടെ നായകന്മാരുടെ നില. 

രവിയുടെ എല്ലാ അരാജകസ്വഭാവവും ഏറിയും കുറഞ്ഞും എം.ടി.യുടെ നായകന്മാരിലുമുണ്ട്. പക്ഷേ, രവിയെക്കാളേറെ അവർ സ്വീകരിക്കപ്പെട്ടത് പരിക്ഷീണമായ കാല്പനികതയുടെ അംശങ്ങൾ കൂടി അവരിലുണ്ട് എന്നതിനാലാവാം. ഇങ്ങനെ, വിശ്വത്തിനും രവിക്കുമിടയിൽ, നവോത്ഥാനഭാവനയുടെ ശുഭാപ്തിവിശ്വാസത്തിനും ആധുനികതയുടെ അശുഭാപ്തിക്കുമിടയിൽ അവർ പ്രതിഷ്ഠിക്കപ്പെട്ടു. അനന്യസാധാരണഭാഷയാലും കടഞ്ഞെടുക്കലിന്റെ പകരം വെക്കാനില്ലാത്ത മാതൃകയാലും അവർക്ക് കഥാപശ്ചാത്തലവും നിർമിക്കപ്പെട്ടു. അവരാരും അവാങ്-ഗാദ് നായകരായിരുന്നില്ല. ഒരു ഭാവുകത്വവിഛേദവും പ്രത്യക്ഷത്തിലവർ കൊണ്ടുവന്നില്ല. പക്ഷേ, ഒരു അന്തരാളഘട്ടത്തിന്റെ പരിഭ്രാന്തിയെ അവർ ആഴത്തിൽ ഏറ്റെടുത്തു. സന്ദിഗ്ധതയക്കും അസന്ദിഗ്ധതയ്ക്കുമിടയിൽ, ഇച്ഛയ്ക്കും നിശ്ചേതനത്വത്തിനുമിടയിൽ, ശുഭാപ്തിവിശ്വാസത്തിനും ദുരന്തബോധത്തിനുമിടയിൽ ഉള്ള ഊയലാട്ടമാണ് നമ്മുടെ നിത്യജീവിതമെന്നതിനാൽ അവരോരുത്തരുമായി മലയാളിക്ക് താദാത്മ്യപ്പെടാനായി. അവരുടെ വിജയകാരണവും മറ്റൊന്നല്ല തന്നെ.


#outlook
Leave a comment