TMJ
searchnav-menu
post-thumbnail

Outlook

മുറിവുണക്കാനുള്ള വിദ്യയല്ല, രോഗം മാറാനുള്ള മരുന്നാണ് മലബാറിനാവശ്യം

31 May 2023   |   6 min Read
മുബഷിർ മഞ്ഞപ്പറ്റ

വിദ്യാഭ്യാസ മേഖലയിൽ രാജ്യം സ്വാതന്ത്രമായതിനു ശേഷം മുതൽ കേരളം മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെക്കുന്നുണ്ട്. വിദ്യാഭ്യാസത്തിൽ ജനകീയവൽക്കരണം സാധ്യമായതും വികസനങ്ങൾ ദ്രുതഗതിയിലായതുമെല്ലാം വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ കാരണമാണെന്ന് നമുക്ക് പറയാനാകും. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മാതൃക കാഴ്ചവെക്കുമ്പോഴും ഹയർ സെക്കൻഡറി വിദ്യാഭ്യാസരംഗം, പ്രധാനമായും മലബാർ ജില്ലകളിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ അവസ്ഥ വളരെ ശോചനീയമാണന്ന് പറയാതെ വയ്യ. ഉയർന്ന സാക്ഷരത, സമ്പൂർണ വിദ്യാലയ പ്രവേശനം തുടങ്ങി കേരളം നമ്പർ വണ്ണായ നിരവധി അഭിമാന നേട്ടങ്ങളുണ്ടെങ്കിലും മലബാർ മേഖലയിലെ ഹയർ സെക്കൻഡറിയുടെ ദയനീയവസ്ഥ എടുത്തുപറയേണ്ടതാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് നൽകുന്ന പരിഗണന ഹയർ സെക്കൻഡറി മേഖലയിലില്ല എന്നതും ഓരോ വർഷം കഴിയുംതോറും പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ പ്രാദേശിക അസന്തുലിതാവസ്ഥ അതിരൂക്ഷമായി വരുന്ന സാഹചര്യവുമാണ് വർഷങ്ങളായി കേരളത്തിലെ മലബാർ മേഖല അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

അവഗണനയുടെ കഥ, മലബാറിന്റെ ചരിത്രം

പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങൾ മലബാറിന്റെ കാർഷിക വ്യവസായ സമൃദ്ധിയെയും സംസ്‌കൃതിയെയുമെല്ലാം അവതാളത്തിലാക്കിയിരുന്നു. ബ്രിട്ടീഷിന്ത്യയിൽ മലബാർ മദ്രാസിനു കീഴിലായിരുന്നെങ്കിലും ശേഷം ബ്രിട്ടീഷുകാർ നേരിട്ടു ഭരിക്കുന്ന സ്ഥിതിയിലായി. തിരുവിതാംകൂറിലും കൊച്ചിയിലും ആദ്യസമയത്തു തന്നെ നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും വിദ്യാലയങ്ങളും ആരംഭിച്ചിരുന്നെങ്കിലും തീർത്തും വിപരീതമായിരുന്നു മലബാറിലെ അന്തരീക്ഷം. മലബാറിനു സേവനം നൽകാതിരിക്കുകയും സ്‌കൂളുകളും കോളേജുകളും ഗവൺമെന്റ് സ്ഥാപനങ്ങളും നാമമാത്രമാവുകയും ചെയ്തതിനു പിന്നിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ മലബാറുകാർ സധൈര്യം സമരങ്ങൾ നടത്തിയെന്നതായിരുന്നു പ്രധാന കാരണം. അതിനാൽ മലബാറുകാരെ ശത്രുതുല്യരായിട്ടാണ് ബ്രിട്ടീഷുകാർ കണ്ടിരുന്നത്. വികസന പദ്ധതികളും മറ്റു സംരംഭങ്ങളുമെല്ലാം വീതം വെച്ചപ്പോൾ ജനസംഖ്യാടിസ്ഥാനത്തിൽ മലബാറിന് അർഹിച്ചതുപോലും ലഭിക്കാതെ കേരളം പിറവിയെടുത്തതിനു ശേഷവും മലബാറിനോടുള്ള ഈ അവഗണന തുടർന്നു എന്നതാണ് യാഥാർത്ഥ്യം. അധികാര കേന്ദ്രങ്ങളോ, ഉന്നത ഉദ്യോഗസ്ഥ സംവിധാനമോ മലബാറിനു നൽകാതെ വികസനം നടപ്പിലാക്കുന്ന ഓഫീസും, ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും, ജുഡീഷ്യറിയുടെ ആസ്ഥാനമായ ഹൈക്കോടതിയുമെല്ലാം തിരുവിതാംകൂറും കൊച്ചിയും ഭാഗിച്ചെടുത്തു. 


Representational Image: PTI

1998 ൽ പ്രീഡിഗ്രി സംവിധാനം കോളേജുകളിൽ നിന്നും വേർപെടുത്തി സ്‌കൂളുകളുടെ ഭാഗമാക്കുമ്പോഴും വിവേചനം തുടർന്നു എന്നു വേണം കരുതാൻ. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിനാനുപാതികമായി ബാച്ചുകളും സീറ്റും അനുവദിക്കുന്നതിനു പകരം തെക്ക്- വടക്ക് എന്ന രീതിയിൽ വലിയ വിവേചനമുണ്ടായി. തെക്കൻ ഭാഗത്തുള്ള ജില്ലകളെ അപേക്ഷിച്ച് മലബാർ ജില്ലകളിൽ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകൾ നന്നേ കുറവായിരുന്നു. ഈ വസ്തുത തീർത്തും അവഗണിക്കപ്പെട്ടു. പത്തുവർഷത്തിലധികമായി ഈ പ്രശ്നം മലബാറിലെ ജില്ലകളിൽ ആവർത്തിക്കപ്പെടുന്നു. എന്നാൽ ഓരോ വർഷവും ഉയർന്ന വിജയം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ മലപ്പുറത്ത് വർധനവുമുണ്ടാകുന്നുണ്ട്. ഇവരുടെ ഉപരിപഠനമെന്ന അവകാശം ഈ വിവേചനം കാരണം തിരസ്‌കരിക്കപ്പെടുകയാണ്. ഹയർ സെക്കൻഡറിയെന്ന മോഹം ഉപേക്ഷിച്ച് താൽപര്യമില്ലാത്ത പല കോഴ്സുകൾക്കും ചേരുന്ന വിദ്യാർത്ഥികൾ മലപ്പുറത്ത് ഒരുപാടുണ്ട്. പലരുടേയും ആശ്രയം ഓപൺ സ്‌കൂളുകളാണ്. എന്നാൽ മറ്റുചിലർ പാതിവഴിയിൽ പഠനം തന്നെ ഉപേക്ഷിച്ചുപോകാൻ നിർബന്ധിതരാകുന്നു. ജനസംഖ്യാനുപാതത്തിൽ വികസനങ്ങളിലുണ്ടായ വിവേചനം തിരിച്ചറിയാൻ വേണ്ടി ഇതുവരെയുള്ള സർക്കാറുകൾ നടപ്പാക്കിയ ജനസേവന വികസന പദ്ധതികളെ കുറിച്ച് പഠിച്ചാൽ മതിയാകും. വിദ്യാഭ്യാസ- തൊഴിൽ- വ്യവസായ മേഖലകളിൽ, മറ്റു പൊതുമേഖലാ സംവിധാനങ്ങളിൽ ഈ വിവേചനം ഏതൊരാൾക്കും തിരിച്ചറിയാം. അതിന് ഒരു ഉദാഹരണം മാത്രമാണ് ഹയർ സെക്കൻഡറി മേഖലയിലെ വിവേചനം.

ജയിച്ചവരാണിവർ, 'മലബറിനെ' തോല്പിക്കരുതെ.

4,19,128 കുട്ടികളാണ് കേരളത്തിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 99.7% വിജയത്തോടെ 4,17,864 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് യോഗ്യത നേടുകയും 1264 പേർക്ക് യോഗ്യത ലഭിക്കാതിരിക്കുകയും ചെയ്തു. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് തുടങ്ങിയ ഇടങ്ങളിലെല്ലാം കൂടി 38,2791 സീറ്റ് മാത്രമാണ് നിലവിൽ കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ ബാക്കിയുള്ള 35073 കുട്ടികൾ എവിടെ പഠിക്കുമെന്നത് ചോദ്യചിഹ്നമാണ്. തുടർപഠനത്തിന് അവസരമില്ലാത്ത ഈ അവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം കാണാൻ കഴിയണം.

വിദ്യാഭ്യാസ മേഖലയിൽ ഇന്നും മലബാർ നേരിടുന്ന അവഗണന മനസ്സിലാക്കാൻ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ മലബാർ ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റുകൾ പരിശോധിച്ചാൽ മാത്രം മതി. പ്രീഡിഗ്രി ഒഴിവാക്കി 2001 ൽ ഹയർ സെക്കൻഡറി സംവിധാനം കൊണ്ടുവരുമ്പോൾ തന്നെ അന്ന് പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സീറ്റ് നൽകുന്നതിനുപകരം മറ്റു ചില മാനദണ്ഡങ്ങളാണ് സ്വീകരിച്ചത്. ആദ്യകാലത്ത് വിജയശതമാനം കുറവായതിനാൽ വലിയ പ്രതിസന്ധിയുണ്ടായിരുന്നില്ലെങ്കിലും 2005 ന് ശേഷം മലബാറിലെ എസ്.എസ്.എൽ.സി വിജയം 80 ശതമാനത്തിനുമുകളിലായതോടെ ഓരോ വർഷവും അൻപതിനായിരത്തിലേറെ വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കേണ്ടി വരുന്നു. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറ് ജില്ലകളിൽ 2,25,702 കുട്ടികൾ തുടർപഠനത്തിന് യോഗ്യത നേടിയിട്ടുണ്ടങ്കിലും 1,69,650 സീറ്റ് മാത്രമേ തുടർപഠനത്തിനുള്ളൂ. 56052 കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ല എന്നു മാത്രമല്ല സി.ബി.എസ്.ഇ പരീക്ഷാ ഫലം ഇതിനോട് ചേർത്തു വായിച്ചാൽ വിദ്യാർത്ഥികളുടെ എണ്ണം ഇനിയും ഒരുപാട് വർദ്ധിക്കും. എന്നാൽ മലബാർ ജില്ലകളിൽ ഈ പ്രതിസന്ധി നേരിടുമ്പോഴും തെക്കൻ മധ്യ ജില്ലകളിലെ പല സ്‌കൂളുകളിലെയും പ്ലസ് വൺ ബാച്ചുകളിൽ ഒറ്റ കുട്ടികൾ പോലും ഇല്ലാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. അവിടെ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിലധികം 21766 സീറ്റുകൾ പഠിക്കാൻ കുട്ടികളില്ലാത്ത ഒഴിഞ്ഞുകിടക്കുന്നു.


Representational Image: PTI

പത്തനംതിട്ട (6277), കോട്ടയം (5497), ആലപ്പുഴ (3630), കൊല്ലം (2181), (ഇടുക്കി (1855), തിരുവനന്തപുരം (990), എറണാകുളം (895), തൃശൂർ (441) തുടങ്ങിയ ജില്ലകളിൽ സീറ്റുകൾ അധികമാണ് (ബ്രാക്കറ്റിൽ അധികമുള്ള സീറ്റുകളുടെ എണ്ണം). എന്നാൽ മലപ്പുറം (29577), പാലക്കാട് (9271), കോഴിക്കോട് (7223), കണ്ണൂർ (4714), കാസർകോട് (3481), വയനാട് (1786), ജില്ലകളിലെ സീറ്റുകളുടെ കുറവ് ആശങ്കാജനകമാണ് (ബ്രാക്കറ്റിൽ കുറവുള്ള സീറ്റുകളുടെ എണ്ണം). ഗവൺമെന്റ് മേഖലയിലെ മറ്റുപരിപഠന കോഴ്സുകൾ തെരഞ്ഞെടുത്താലും മലബാറിലെ നാൽപതിനായിരത്തോളം കുട്ടികൾ പുറത്തുതന്നെയായിരിക്കും.

മലപ്പുറം സ്റ്റോറി: കാൽലക്ഷത്തിലധികം വിദ്യാർത്ഥികൾ പുറത്ത്

4856 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സംസ്ഥാനത്തെ ഒന്നാം എ പ്ലസ് ജില്ലയായ മലപ്പുറത്തിന്റെ അവസ്ഥയാണ് ഏറ്റവും ദയനീയം. 99.82 ശതമാനം വിജയം നേടുകയും 77,827 വിദ്യാർത്ഥികൾ തുടർപഠനത്തിന് യോഗ്യത നേടുകയും ചെയ്ത ജില്ലയിൽ 29577 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ല എന്നത് വലിയ ശോചനീയാവസ്ഥയാണ്. സി.ബി.എസ്.ഇ അടക്കമുള്ള മറ്റു സിലബസുകളിലുള്ളവർ വേറെയുമുണ്ട്. സി.ബി.എസ്.ഇ വിദ്യാർത്ഥികളെ പരിഗണിക്കാതെ തന്നെ 29577 സീറ്റ് കുറവുണ്ടാകുമ്പോൾ 10194 പേർ പത്താം ക്ലാസ് പാസായ പത്തനംതിട്ട ജില്ലയിൽ 16471 സീറ്റുകൾ അധികമുള്ളത് നാം കാണാതെ പോകരുത്. സർക്കാർ, വി.എച്.എസ്.ഇ, ഐ.ടി.ഐ, പോളി മേഖലയിൽ 48250 സീറ്റുകളാണ് നിലവിൽ ജില്ലയിലുള്ളത്. 10% സീറ്റുകൾ വർധിപ്പിച്ചാൽ 4825, 20% സീറ്റുകൾ വർധിപ്പിച്ചാൽ 9650, 30% സീറ്റുകൾ വർധിപ്പിച്ചാൽ 14475 സീറ്റുകൾ മാത്രമേ ഉണ്ടാവൂ. എന്നാലും പതിനയ്യായിരത്തിലധികം വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരമില്ല. 50 പേർ പഠിക്കേണ്ട ക്ലാസ്സിൽ 30% മാർജിനൽ ഇൻക്രീസിലൂടെ 65 പേർ തിങ്ങിഞെരുങ്ങിയിരിക്കേണ്ട സ്ഥിതിവിശേഷമാണ്. ജില്ലയിലെ ചില സ്‌കൂളുകളിൽ ഒരു ക്ലാസിൽ എഴുപതിലേറെയാണ് വിദ്യാർത്ഥികൾ. ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നവർക്ക് ലാബ്‌സൗകര്യമുൾപ്പെടെ പലതും ഇത്രയും ആൾത്തിരക്കിൽ ലഭിക്കാതെ വരുകയും ചെയ്യുന്നു. ആവശ്യത്തിന് അധ്യാപകരില്ലന്നതും ഭൗതികസൗകര്യങ്ങളില്ലാത്തതാണ് കെട്ടിടങ്ങളെന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. കണക്കുകളിലെ ഈ വിവേചനം മലബാർ മേഖലയിലെ നല്ലൊരു വിഭാഗം വിദ്യാർത്ഥികൾക്ക് അൺ എയ്ഡഡ് സ്‌കൂളുകളിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടി വരും എന്നാണ്.

മലബാറിന്റെ പ്രതീക്ഷ, കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ബാച്ച് പുനഃക്രമീകരണം സംബന്ധിച്ച പഠനത്തിനായി സർക്കാർ നിയോഗിച്ച പ്രൊഫസർ വി കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ട് 2023 മെയ് 18നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറിയത്. ഹയർ സെക്കൻഡറി വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.സുരേഷ് കുമാർ, എസ്.ഐ.ഇ.ടി ഡയറക്ടർ ഡോ. അബുരാജ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരായ അനിൽകുമാർ, അശോക് കുമാർ എന്നിവരായിരുന്നു വിദഗ്ധ സമിതിയിലെ മറ്റ് അംഗങ്ങൾ. മലബാർ മേഖലയിൽ വർഷങ്ങളായി തുടരുന്ന മുറവിളിക്കൊടുവിലാണ് സീറ്റ് പ്രശ്‌നത്തിന് പരിഹാരമായി ബാച്ചുമാറ്റൽ നിർദേശം സർക്കാരിന്റെ പരിഗണനയിലെത്തുന്നത്. ഇടതു-വലതു സർക്കാരുകളുടെ കാലത്ത് അനുവദിക്കപ്പെട്ട അൺ എയ്ഡഡ് ബാച്ചുകൾ വഴി വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ ചൂഷണത്തിന് ഇരകളാവുന്നതായി കാർത്തികേയൻ നായർ സമിതി ചൂണ്ടിക്കാണിക്കുന്നു. വിവിധ എയ്ഡഡ് സ്‌കൂളുകളിലായി 90 അൺ എയ്ഡഡ് ബാച്ചുകൾ അനുവദിച്ചതിനാൽ ഈ സ്‌കൂളുകൾക്കു സമീപമുള്ള പല സർക്കാർ സ്‌കൂളുകളിലും വിദ്യാർത്ഥികൾ ഇല്ലാതെ പോവന്നുയെന്നും അൺ എയ്ഡഡ് ബാച്ചിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് മതിയായ ശമ്പളമില്ലന്നും ഈ ബാച്ചുകളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ എയ്ഡഡ് അധ്യാപകരെ ഉപയോഗിക്കുന്ന സ്ഥിതിവിശേഷമുണ്ടന്നും ഇങ്ങനെ പലതരത്തിൽ അധാർമികമായി പ്രവർത്തിക്കുന്ന 90 ബാച്ചുകളും അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

മലബാർ ജില്ലകളായ പാലക്കാടും വയനാടും അതിനുപുറമേ ഇടുക്കി ജില്ലയുമടങ്ങുന്ന ആദിവാസി മേഖലകളിലെ സ്‌കൂളുകളിൽ 40 ശതമാനം പ്ലസ് ടൂ സീറ്റുകൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു നിർദേശം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മൂന്നുവർഷം തുടർച്ചയായി മതിയായ വിദ്യാർത്ഥികളില്ലാത്ത 50 പ്ലസ് ടു ബാച്ചുകളുണ്ടന്നും ഈ ബാച്ചുകൾ മറ്റു ജില്ലകളിലെ ആവശ്യക്കാർക്കായി പുനഃക്രമീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് തുടങ്ങിയ മലബാർ ജില്ലകളിൽ ഇരുനൂറോളം ബാച്ചുകൾ അധികമായി വേണ്ടിവരുമെന്നും സർക്കാർ ഹൈസ്‌കൂളുകളെ ഹയർ സെക്കൻഡറികളാക്കി ഉയർത്തിയും വിദ്യാർത്ഥി പ്രവേശനം ഉറപ്പാക്കാമെന്നും നിർദേശമുണ്ട്. മലബാർ ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റുക്ഷാമം പരിഹരിക്കാൻ 150 അധികബാച്ച് വേണമെന്ന പ്രൊഫ. വി. കാർത്തികേയൻ നായർ സമിതി ശുപാർശയിൽ പ്രതീക്ഷയർപ്പിക്കുമ്പോഴും ബാച്ചുമാറ്റം എങ്ങനെ നടപ്പാക്കുമെന്നതിൽ സംശയമുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾ കുറഞ്ഞ ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റാനാണ് ശുപാർശ. ജില്ലകൾക്കുള്ളിലെ സീറ്റുകൾ പുനഃക്രമീകരിക്കാമെന്നും നിർദേശമുണ്ട്. സീറ്റുകളുടെ എണ്ണം ഏറ്റവും കുറവുള്ള മലപ്പുറം ജില്ലയിലെ 30 സ്‌കൂളുകളിൽ ഇങ്ങനെ ഉയർത്തണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. ഒരു ക്ലാസിൽ 50 വിദ്യാർത്ഥികൾ മതിയെന്ന വ്യവസ്ഥ കർശനമായി പാലിക്കണമെന്നും ഇപ്പോൾ കൂടുതൽ ബാച്ച് ആവശ്യമുള്ള മലപ്പുറം പോലുള്ള ജില്ലകളിൽ പത്തു ശതമാനം സീറ്റു കൂട്ടാമെന്നും ഒരു ക്ലാസിൽ 55 പേരിൽ കൂടരുതെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നുണ്ട്.



Representational Image: PTI

ശാശ്വതമായ പരിഹാരമാണ് മലബാറിനാവശ്യം

മൂന്നര പതിറ്റാണ്ട് കാലം മലബാറിൽ നിന്നുള്ള ജനപ്രതിനിധികളാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത്. എന്നിട്ടും, ഹയർ സെക്കൻഡറിയിലെ സീറ്റുകളുടെ കുറവെന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നം പരിഹരിക്കാനായിട്ടില്ലന്നു മാത്രമല്ല 2003 മുതൽ സീറ്റില്ലായ്മയുടെ ചർച്ചകളുയർന്നിട്ടും രണ്ടുപതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും ആവശ്യമായ പരിഹാരമോ ബദൽ സംവിധാനമോ കണ്ടത്താനായിട്ടില്ല. വിദ്യാർത്ഥി സംഘടനകളെല്ലാം ഇരുമുന്നണികളെയും മലബാറിലെ ഈ ദുരവസ്ഥ നിരന്തരമായി ഓർമപ്പെടുത്തിയിട്ടുണ്ടങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാൻ അരലക്ഷം സീറ്റുകൾ വേണ്ടിടത്ത് ഇരുപതോ, മുപ്പതോ ശതമാനം സീറ്റുകൾ വർധിപ്പിക്കുന്നു എന്നുമാത്രം. 30 ശതമാനം മാർജിനൽ ഇൻക്രീസിലൂടെ 50 കുട്ടികളിരിക്കുന്ന ക്ലാസുകളിൽ 65 കുട്ടികളിരിക്കേണ്ട സ്ഥിതിവിശേഷമാണ്. എന്നാൽ പല സ്‌കൂളുകളും പരിമിതമായ സൗകര്യങ്ങളുള്ളവയാണ്. മാത്രവുമല്ല, ലാബ് സൗകര്യമടക്കമുള്ള കാര്യങ്ങളിൽ കുട്ടികളുടെ എണ്ണക്കൂടുതൽ വലിയ പ്രശ്നമാണുണ്ടാക്കുക. ഈ 30 ശതമാനത്തിൽ കാൽ ലക്ഷത്തിലധികം സീറ്റുകൾ വേണ്ട മലപ്പുറം ജില്ലയിൽ പോലും ലഭിക്കുന്നത്, പതിനാലായിരത്തോളം സീറ്റ് മാത്രമാണ്. ആ അധ്യായന വർഷം കഴിയുമ്പോൾ അനുവദിച്ച താൽക്കാലിക സീറ്റുകൾ സ്വമേധയാ റദ്ദാവുകയും ചെയ്യും. അതുകൊണ്ട് മുറിവുണക്കാനുള്ള ചെപ്പടിവിദ്യകളല്ല, രോഗം മാറാനുള്ള മരുന്നാണ് മലബാറിനാവശ്യം.

സർക്കാർ നിയോഗിച്ച പ്രൊഫ. വി കാർത്തികേയൻ നായരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കുക എന്നതാണ് പ്രധാന പരിഹാരങ്ങളിൽ ഒന്ന്. മറ്റു ജില്ലകളിൽ വിദ്യാർത്ഥികളില്ലാതെ ശൂന്യമായുള്ള സീറ്റുകളും ബാച്ചുകളും സ്ഥിരമായി മലബാറിലേക്ക് കൊണ്ടുവരാനുള്ള അവസരമൊരുക്കാനും സർക്കാർ ജാഗ്രത കാണിക്കണം. വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, വിദ്യാർത്ഥി കൂട്ടായ്മകൾ എന്നിവരുമായി ചർച്ച നടത്തി ശാശ്വതമായ പരിഹാരം കാണണം. യുദ്ധകാലാടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ വരും വർഷങ്ങളിലും ഈ അവഗണനയുടെ തോത് ഇനിയും വർദ്ധിക്കും. പ്രാഥമിക വിദ്യാലയങ്ങളെ സ്മാർട്ടാക്കി സ്വകാര്യമേഖലയോട് മത്സരിക്കുന്നതിനൊപ്പം, ആനുപാതികമായ അവസരങ്ങളും വിവേചനരഹിതമായി എല്ലാ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസമടക്കമുള്ള മുഴുവൻ കാര്യങ്ങളിലും ലഭിക്കുന്നുണ്ടന്ന് ഉറപ്പുവരുത്താനും സർക്കാർ തയ്യാറാവണം.


#outlook
Leave a comment