TMJ
searchnav-menu
post-thumbnail

Outlook

ഹിന്ദുത്വം, മതേതര-ജനാധിപത്യത്തെ അസഹിഷ്ണുതയുടെ റിപ്പബ്ലിക് ആക്കും

15 Sep 2024   |   3 min Read
കെ പി സേതുനാഥ്

കണ്ണൂരില്‍ നടന്ന സിപിഎമ്മിന്റെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം സീതാറാം യെച്ചൂരി ഒരു മാധ്യമത്തിന് നല്‍കുന്ന ആദ്യ അഭിമുഖം മലബാര്‍ ജേര്‍ണലിനായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം അതിരാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു അഭിമുഖം. ഡല്‍ഹിക്കുള്ള വിമാനം മിസ്സ് ചെയ്യുകയാണെങ്കില്‍ അതിനുള്ള ഉത്തരവാദിത്തം മലബാര്‍ ജേര്‍ണലിന് ആയിരിക്കുമെന്ന് വൃന്ദ കാരാട്ട് പകുതി തമാശയിലും പകുതി ഗൗരവത്തിലും അന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അഭിമുഖത്തിനായി യെച്ചൂരിയും, പ്രകാശ് കാരാട്ടും നേരത്തെ പറഞ്ഞതിലും കൂടുതല്‍ സമയം ചിലവഴിച്ചതിലായിരുന്നു വൃന്ദ കാരാട്ടിന്റെ പരിഭവം. യെച്ചൂരിയുമായി നടത്തിയ വീഡിയോ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളാണിത്. രണ്ടു വിഷയങ്ങളായിരുന്നു അന്ന് യെച്ചൂരിയുമായുള്ള അഭിമുഖത്തിന്റെ ഫോക്കസ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ ആപത്തും, ഇന്ത്യയിലെ ഫെഡറല്‍ സംവിധാനം നേരിടുന്ന ഭീഷണിയും ആയിരുന്നു അവ.

കെ പി സേതുനാഥ്: ഹിന്ദുത്വമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് താങ്കള്‍ ശരിയായി വിലയിരുത്തുന്നു. അതിനോടൊപ്പം ഉയര്‍ന്നുവരുന്ന പ്രധാന വൈരുധ്യമാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍. എന്താണ് താങ്കളുടെ വിലയിരുത്തല്‍.


സീതാറാം യെച്ചൂരി: മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ തികച്ചും അസഹിഷ്ണുതമായ ഒരു ഫാസിസ്റ്റു ഭരണമായി പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഹിന്ദുത്വം. ഇതാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. ഇതാണ് അവര്‍ പറയുന്ന ഹിന്ദു രാഷ്ട്രം. അതിന് വേണ്ടത് ഒരു യൂണിറ്ററി ഭരണകൂടവും കേന്ദ്രീകൃതമായ അധികാരവുമാണ്.  അതിന്റെ അര്‍ത്ഥം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ നാശമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാമത്തെ ആര്‍ട്ടിക്കിള്‍ പറയുന്നത് ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ്. അതിന്റെ അര്‍ത്ഥം സംസ്ഥാനങ്ങള്‍ ഇല്ലാതെ യൂണിയന്‍ സാധ്യമല്ല എന്നാണ്. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അകക്കാമ്പും അതാണ്. ഒരു യൂണിറ്ററി സംവിധാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു വഴി ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ തന്നെ ഇല്ലാതാക്കുകയാണ്.

വളരെ ഗൗരവമേറിയ ഒരു വിഷയമാണിത്. പ്രാദേശിക പാര്‍ട്ടികളും അല്ലാത്തവരും നേതൃത്വം നല്‍കുന്ന  ബിജെപിയേതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുന്നതിലൂടെ ഈയൊരു പ്രവണതയെ ഫലപ്രദമായി നേരിടാനാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഫെഡറലിസത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഒരിക്കല്‍ കൂടി ഉറപ്പിക്കാനുള്ള വഴി അതാണ്. പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ ശക്തി പ്രകടിപ്പിക്കണം. ഫെഡറല്‍ ഘടനയെ ഇല്ലാതാക്കില്ലെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു.

സീതാറാം യെച്ചൂരി | PHOTO : WIKI COMMONS
സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരം സുപ്രധാനമായ വിഷയമാണ്. കേന്ദ്ര സര്‍ക്കാരാണ് മിക്കവാറും എല്ലാ നികുതികളും പിരിക്കുന്നത്. പക്ഷെ സംസ്ഥാനങ്ങള്‍ക്ക് ന്യായമായ വിഹിതം ലഭിക്കുന്നില്ലല്ലോ?

വളരെ ഗുരുതരമായ വിഷയമാണത്. സാമ്പത്തിക ഫെഡറലിസം ഏതാണ്ട് ഇല്ലാതായിരിക്കുന്നു. ജിഎസ്ടി നിയമം കൊണ്ടുവരുമ്പോള്‍ തന്നെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപ്പോള്‍ ഞാന്‍ പാര്‍ലമെന്റ് അം?ഗമാണ്.  ഫെഡറലിസത്തിന്റെ പൂര്‍ണ്ണമായ നിഷേധവും ശോഷണവുമായിരിക്കും ഈ നിയമമെന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ മുന്നില്‍ ഭിക്ഷപാത്രവുമായി നില്‍ക്കുന്നവരായി സംസ്ഥാനങ്ങളെ മാറ്റിത്തീര്‍ക്കുന്ന ഏര്‍പ്പാടാണ് നടക്കുന്നത്. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.  ജിഎസ്ടി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതു പോലെ നല്‍കിയിട്ടില്ല. ഈ വര്‍ഷത്തോടെ അതും അവസാനിക്കും. വിഭവ സമാഹരണത്തിനുള്ള അവകാശം പുനസ്ഥാപിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് പോരാടേണ്ടി വരും.

ജിഎസ് ടി പിന്‍വലിക്കണമെന്ന ആവശ്യം ഈ സാഹചര്യത്തില്‍ ഉന്നയിക്കുമോ ?

ഒരു പുനരവലോകനം വേണമെന്ന് തീര്‍ച്ചയായും ആവശ്യപ്പെടും. ജിഎസ് ടി കൗണ്‍സിലിന്റെ ഘടനയും മറ്റും പരിഗണിക്കുമ്പോള്‍ പിന്‍വലിക്കുകയെന്ന ആവശ്യം ഇപ്പോഴത്തെ നിലയില്‍ നടക്കുമെന്ന് തോന്നുന്നില്ല.

ഇക്കാര്യത്തില്‍ സമഗ്രമായ പുനരവലോകനം വേണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളുടെ ഐക്യത്തിനും ഉത്തേജനം നല്‍കുന്നതായിരിക്കില്ലേ ?

തീര്‍ച്ചയായും. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ വിഭവസമാഹരണത്തിനുള്ള അവകാശമുണ്ട്. ഇതാണ് ഞങ്ങള്‍ ഉയര്‍ത്തുന്ന വിഷയം. ഭരണഘടന അത് അനുവദിക്കുന്നു. ജിഎസ് ടി അതിനെ മറി കടക്കുന്നു. ആദ്യം VAT ആയിരിന്നു. ഇപ്പോള്‍ GST ആയി. അതിനെ ചെറുക്കണം.

കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ കാര്യത്തില്‍ ഇത് നിര്‍ണ്ണായകമാണ്.

ശരിയാണ്. കേരളം ഇപ്പോള്‍ തന്നെ വളരെ ഞെരുക്കത്തിലാണ്. സ്വന്തം നിലയില്‍ വിഭവസമാഹരണം നടത്തുന്നതിന് പരിമിതികള്‍ ഉള്ള സംസ്ഥാനമാണ് കേരളം. കേന്ദ്രവും, സംസ്ഥാനങ്ങളും തമ്മിലുള്ള വിഭവങ്ങളുടെ പങ്കു വയ്ക്കല്‍ മുതല്‍ സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ണ്ണയിക്കുന്നതടക്കമുള്ള  അടിസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് നാം അഭിമുഖീകരിക്കുന്നത്.  സംസ്ഥാനങ്ങള്‍ക്കുള്ള വിഭവ സമാഹരണത്തെ നിര്‍ണയിച്ചിരുന്ന ദേശീയ വികസന കൗണ്‍സിലും, ആസൂത്രണ കമ്മീഷനും മോഡി ഭരണം ഇല്ലാതാക്കി.  മുഖ്യമന്ത്രിമാര്‍ ഭിക്ഷാ പാത്രവുമായി കേന്ദ്രത്തിനു മുന്നിലെത്തുകയെന്നതൊഴിച്ചാല്‍ ഇപ്പോള്‍ മറ്റൊരു സംവിധാനമില്ല. ഇത് അനുവദിക്കാനാവില്ല.

സീതാറാം യെച്ചൂരി | PHOTO : WIKI COMMONS
ഹിന്ദുത്വ വിഷയത്തിലേക്ക് തിരിച്ചു വരാം. കഴിഞ്ഞ ദിവസം JNIU-വില്‍ ഉണ്ടായ സംഭവത്തിനും അതിന് മുമ്പ് കര്‍ണാടകയിലെ ഹിജാബ് വിഷയം. ഇതിലെല്ലാം ഒരു പാറ്റേണ്‍ കാണാനാവില്ലേ.

ശരിയാണ്. ഫാസിസ്റ്റുകളുടെ ബ്രൗണ്‍, ബ്ലാക്ക് കുപ്പായക്കാരുടെ ചരിത്രം ഏവര്‍ക്കും അറിവുള്ളതാണ്. JNU വില്‍ ഇതിനു മുമ്പും അവര്‍ ആക്രമണം അഴിച്ചു വിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പുറത്തു നിന്നും വന്ന സംഘം ആക്രമിച്ചിരുന്നു. ജനങ്ങളെ ബാധിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ ഒന്നും അവര്‍ക്ക് വിഷയമല്ല. തൊഴിലില്ലായ്മയെക്കുറിച്ച് അവര്‍ ഒരിക്കലും സംസാരിക്കില്ല. ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ അണ്‍എംപ്ലോയ്മെന്റ് ആണ് നാം കാണുന്നത്. അവയില്‍ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമാണ് വര്‍ഗീയ ധ്രുവീകരണം. പ്രധാനമന്ത്രി മുതല്‍ എല്ലാവരും അതാണ് ചെയ്യുന്നത്.

ഹിന്ദുത്വ ശക്തികള്‍ ഇക്കാര്യത്തില്‍ സംഘടിതമായി മുന്നോട്ടു പോവുകയാണ്. പക്ഷെ അവരെ എതിര്‍ക്കുന്നു എന്നവകാശപ്പെടുന്നവരില്‍  വേണ്ടത്ര ഐക്യവും സംഘടന മികവും കാണാനില്ല.

മാധ്യമങ്ങളാണ് ഒരു പരിധി വരെ അതിനുള്ള ഉത്തരവാദികള്‍. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പങ്കാളികളാണ്. ഞാന്‍ അങ്ങനെ പറയുന്നതില്‍ ക്ഷമിക്കണം. നിങ്ങളും ഒരു മാധ്യമമാണ് എന്ന കാര്യം ഞാന്‍ മറക്കുന്നില്ല. മാധ്യമങ്ങള്‍ ഒന്നുകില്‍ സമ്മര്‍ദത്തിലോ, അല്ലെങ്കില്‍ ഭീഷണിയിലോ. ഇതു രണ്ടുമല്ലാത്തവരെ നേരിട്ടു വിലക്കെടുക്കലിലോ ആണ്. കോര്‍പ്പറേറ്റ് തലത്തിലെ ഈ മാധ്യമങ്ങളാണ് അജണ്ട നിശ്ചയിക്കുന്നത്. പക്ഷെ അടിത്തട്ടില്‍ അതല്ല സ്ഥിതി. കര്‍ഷക സമരത്തില്‍ നാം അതു കണ്ടതാണ്. ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. മാധ്യമങ്ങള്‍ അത് കണ്ടില്ലെന്ന് നടിക്കുന്നത് കൊണ്ട് അവ ഇല്ലാതാവില്ല.


#outlook
Leave a comment