REPRESENTATIONAL IMAGE: WIKI COMMONS
ഇന്ത്യയെ ഇല്ലാതാക്കുന്ന ഹിന്ദുത്വഭീകരത
ഇന്ത്യയെന്ന ആശയത്തെയും അതിനെ രൂപപ്പെടുത്തിയ സുദീര്‍ഘമായ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടേതായ ചരിത്രാനുഭവങ്ങളെയും ഭയപ്പെടുന്നവരാണ് ഇന്ന് ദേശീയാധികാരത്തിലിരിക്കുന്ന ഹിന്ദുത്വവാദികള്‍. കൊളോണിയല്‍ മൂലധനസേവയുടെയും ബ്രാഹ്‌മണാധീശത്വത്തിന്റേതായ ഭൂതകാലാരാധനയുടെയും അഴുക്കുചാലുകളില്‍ പ്രജനനം ചെയ്ത രാജ്യദ്രോഹത്തിന്റെ ചരിത്രമാണവര്‍ക്ക് സ്വന്തമായിട്ടുള്ളത്. വ്യത്യസ്ത വീക്ഷണ ധാരകളില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനത പൊരുതി നിന്നിരുന്ന നാളുകളിലവര്‍ ബ്രിട്ടീഷ് മഹാറാണിയുടെ മാഹാത്മ്യം പാടി നടന്നവരായിരുന്നു. ബ്രിട്ടീഷുകാരല്ല മുസ്ലിങ്ങളാണ് ശത്രുക്കളെന്ന് പ്രചരിപ്പിച്ച് ചന്ദ്രഗുപ്ത മൗര്യന്റെയും സമുദ്രഗുപ്ത മൗര്യന്റെയും റാണാ പ്രതാപിന്റെയുമൊക്കെ ഭരണകാലങ്ങളില്‍ സുവര്‍ണ്ണകാലവും രണോത്സുകതയും കണ്ടെത്തി ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യുകയായിരുന്നു.
ആധുനിക ദേശരാഷ്ട്രത്തിനും ജനാധിപത്യ ദേശീയതക്കും സമത്വാശയങ്ങള്‍ക്കുമെതിരായി തങ്ങളുടെ മതദേശീയതാവാദം പ്രചരിപ്പിച്ചവര്‍ കമ്യൂണിസ്റ്റുകാരെ മാത്രമല്ല ഗാന്ധിയെയും നെഹ്‌റുവിനെയും ശത്രുവായി കണ്ടു. ഖിലാഫത് നിസ്സഹകരണ സമരത്തെയും ഹിന്ദു മുസ്ലിം മൈത്രിയെയും എതിര്‍ത്തു. ഗാന്ധിയെ ഹിന്ദുക്കളുടെ ശത്രുവായി ചിത്രീകരിച്ച് വേട്ടയാടി. കാക്കിനഡ എ ഐ സി സി സമ്മേളനം അയിത്തോച്ചാടനം കര്‍മ്മ പരിപാടിയായി അംഗീകരിച്ച ഗാന്ധി സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുകയാണെന്ന് പ്രചരിപ്പിച്ച് 1923 ല്‍ പൂനെയില്‍ വെച്ച് ഗാന്ധിയെ വധിക്കാനായി ബോംബെറിഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ, പരമാധികാരവും സ്വാശ്രയത്വവും സമത്വവും വിഭാവനം ചെയ്യുന്ന ഭരണഘടനയെ അവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. സ്വാതന്ത്ര്യാനന്തരം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഇന്ത്യന്‍ കുത്തക ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗ്ഗങ്ങളുടെയും കാലാള്‍പടയായി മാറുകയായിരുന്നു ആര്‍എസ്എസും ഹിന്ദുത്വ പ്രസ്ഥാനങ്ങളും. പരസ്യമായി തന്നെ ഗോള്‍വാക്കര്‍ ലോകത്തിന്റെ ധര്‍മ്മ സാരഥ്യം അമേരിക്കയാണെന്ന് പ്രഖ്യാപിച്ചു. വിയറ്റ്‌നാമിലും പലസ്തീനിലും കൂട്ടക്കൊലകള്‍ നടത്തി തങ്ങളുടെ ലോക മേധാവിത്തം സ്ഥാപിക്കാന്‍ മനുഷ്യരാശിക്ക് നേരെ യുദ്ധങ്ങള്‍ കെട്ടഴിച്ചുവിടുന്ന പ്രസിഡണ്ട് ലിണ്ടന്‍ ജോണ്‍സണ്‍ പിന്തുണ അറിയിച്ച് ബാജ്‌പേയ് വശം ഗോള്‍വാക്കര്‍ കൊടുത്തയച്ച കത്ത് വി ഡി ചോപ്ര തന്റെ പെന്റഗണ്‍ ഷാഡോ ഓണ്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ജന്മകാലം മുതല്‍ ദേശീയതയുടെ മുഖം മൂടിയണിഞ്ഞു സാമ്രാജ്യത്വ സേവ നടത്തിയ ചരിത്രം മാത്രമാണ് ആര്‍എസ്എസിനുള്ളത്.
വിയറ്റ്‌നാം യുദ്ധം | PHOTO: FLICKR
തങ്ങള്‍ക്ക് ലഭ്യമായ ദേശീയാധികാരം ഉപയോഗിച്ച് വന്‍കിട കോര്‍പ്പറേറ്റ് മൂലധനത്തിനാവശ്യമായ രീതിയില്‍ ഇന്ത്യയെ മാറ്റുകയും തങ്ങളുടെ പ്രത്യയശാസ്ത്ര അജണ്ട സാക്ഷാത്കരിക്കാനുമാണവര്‍ നോക്കുന്നത്. 9 വര്‍ഷക്കാലത്തെ മോഡി ഭരണം ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ക്കുകയാണ്. കോര്‍പ്പറേറ്റ് ചൂഷണത്തിനെതിരായ ജനവികാരത്തെ വര്‍ഗീയ കലാപങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും വംശീയ ഉന്മൂലന ലക്ഷ്യത്തോടെ മണിപ്പൂരിലും ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലുമെല്ലാം നരഹത്യകള്‍ സൃഷ്ടിക്കുകയുമാണ്.
ഭരണഘടനയെതന്നെ ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രഘടനയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്‍ഐഎ, യുഎപിഎ നിയമ ഭേദഗതികള്‍ തൊട്ട് വാഹന, വന, ഖനന നിയമങ്ങള്‍ വരെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കാവശ്യമായ ഭേദഗതികളാണ്. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ മണിപ്പൂര്‍ പ്രശ്നത്തില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷങ്ങള്‍ പുറത്തുപോയ സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിചട്ടങ്ങളിലും തെളിവുനിയമത്തിലും പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്. ഭാരതീയന്യായസംഹിത ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യബില്‍ എന്നീ സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട ശബ്ദമുദ്രകളിലൂടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഭാരതവത്ക്കരണത്തിന്റെയും സംസ്‌കൃതവല്‍ക്കരണത്തിന്റെയും വഴികളിലൂടെ രാജ്യത്തെ മനുവാഴ്ചയിലേക്ക് കൊണ്ടുപോകുന്ന അത്യന്തം അപകടകരമായ നീക്കമാണിത്.
1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തെയും 1973-ലെ ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളെയും 1872-ലെ തെളിവുനിയമവും പാടെ മാറ്റിക്കൊണ്ട് കൂടുതല്‍ കടുത്ത പുതിയ നിയമങ്ങള്‍ കൊണ്ടുവരാനാണ് പോകുന്നത്. നിയമങ്ങളുടെ ഭാരതവല്‍ക്കരണത്തെക്കുറിച്ച് വാചകമടിച്ചുകൊണ്ടാണ് അമിത്ഷാ പുതിയ ഭേദഗതി ബില്ലുകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഹിന്ദുത്വവല്‍ക്കരണവും നമ്മുടെ ഭരണഘടനയുടെ നിരാകരണവുമാണ് ഇത്തരം നിയമഭേദഗതികള്‍ക്ക് പ്രേരകമായി വര്‍ത്തിക്കുന്നത്. കൊളോണിയല്‍ അടിമത്തത്തിന്റെ അവശിഷ്ടങ്ങളായി ഈ നിയമങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ് ഭാരതന്യായസംഹിത പോലുള്ള ശബ്ദമുദ്രകളിലൂടെ രാജ്യത്തെ മനുസ്മൃതിയിലേക്ക് നയിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട പദസംജ്ഞകളിലൂടെ ആധുനിക ജനാധിപത്യസമൂഹത്തെ വിഭാവനം ചെയ്യുന്ന കുറ്റത്തെയും ശിക്ഷയെയും തെളിവിനെയും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുകയാണ്.
150 വര്‍ഷം പിന്നിട്ട നിയമങ്ങളെ സമ്പൂര്‍ണമായി പിന്‍വലിച്ച് ഭാരതവല്‍ക്കരണത്തിന്റെ പേരില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്ന അസാധാരണമായ ഈ നടപടി ഹിന്ദുത്വവല്‍ക്കരണത്തിന്റെ അജണ്ടയില്‍നിന്നുള്ളതാണ്. ഇത് തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നീക്കമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സര്‍വ്വവിധ ഭരണഘടനാനുസൃതമായ പാര്‍ലമെന്ററി നടപടിക്രമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ പുതിയ നിയമങ്ങളുടെ അവതരണമുണ്ടായത്. ഭരണഘടനയിലെ അനുച്ഛേദം 348 അനുസരിച്ച് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നത് ഇംഗ്ലീഷിലായിരിക്കണമെന്ന നിബന്ധന തള്ളിക്കളഞ്ഞുകൊണ്ടാണ് ഹിന്ദിയില്‍ ബില്ല് കൊണ്ടുവന്നത്. വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ വസ്തുത പുതിയ നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള ബില്ലുകള്‍ തയ്യാറാക്കിക്കൊണ്ടുവരേണ്ടത് നിയമനീതിവകുപ്പാണ്. എന്നാല്‍ ആഭ്യന്തരവകുപ്പില്‍ നിന്നാണ് പുതിയ നിയമങ്ങളുടെ രൂപകല്‍പ്പന നടന്നിട്ടുള്ളത്. ജനാധിപത്യത്തിന്റെ എല്ലാനടപടിക്രമങ്ങളെയും ലംഘിക്കുന്ന സ്വേച്ഛാധികാര പ്രവണതയാണ് പുതിയ നിയമ അവതരണത്തിലൂടെ വെളിവായിരിക്കുന്നത്.
MODI AT G20 SUBMITT | PHOTO: PTI
ഭാരതീയ ന്യായസംഹിത എന്ന പുതിയ ശിക്ഷാനിയമത്തില്‍ 356 വകുപ്പുകളാണുള്ളത്. ഇതില്‍ 175 എണ്ണം ഭേദഗതികളോടെ നിലവിലുള്ള ശിക്ഷാനിയമത്തില്‍നിന്ന് എടുത്തിട്ടുള്ളതാണ്. 22 എണ്ണം പൂര്‍ണമായി ഒഴിവാക്കുകയും 8 പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ക്രിമിനല്‍ നടപടിക്രമത്തെ ഭാരതീയ നാഗരികസുരക്ഷാസംഹിത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്. ഇതിലാവട്ടെ 533 വകുപ്പില്‍ 150 എണ്ണവും നിലവിലുള്ള ക്രിമിനല്‍ നടപടി നിയമത്തിലുള്ളതുതന്നെ. 22 എണ്ണം റദ്ദാക്കുകയും 9 പുതിയ വകുപ്പ് ചേര്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ തെളിവുനിയമത്തിന് ഭാരതീയ സാക്ഷ്യബില്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ 170 വകുപ്പുകളുണ്ട്. പഴയ തെളിവുനിയമത്തില്‍ നിന്ന് 23 വകുപ്പുകളെ ഭേദഗതികളോടെ സ്വീകരിച്ചിട്ടുണ്ട്. 5 എണ്ണം റദ്ദാക്കുകയും ഒരു വകുപ്പ് പുതുതായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ദേശദ്രോഹ നിയമം അതായത് 124 എ ഒഴിവാക്കിയെന്ന അവകാശവാദമാണ് അമിത്ഷാ നടത്തുന്നത്. എന്നാല്‍ പേര് മാറ്റി 150 വകുപ്പ് കൊണ്ടുവന്നിരിക്കുകയാണ്. വിയോജിക്കാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തെ തടയുന്ന സെക്ഷന്‍ 150 രാജ്യദ്രോഹം എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും അര്‍ത്ഥത്തിലും പ്രയോഗത്തിലും അത് തന്നെയാണ്. 124 എ വകുപ്പില്‍ വിദ്വേഷവും അവമതിപ്പും ഉണ്ടാക്കുന്നരീതിയിലുള്ള പ്രകടനങ്ങളെയും പ്രസംഗങ്ങളെയും രാജ്യദ്രോഹമായിട്ടാണ് വ്യവസ്ഥ ചെയ്തത്. പുതിയ നിയമത്തില്‍ വാക്കുകള്‍ക്ക് മാറ്റം വന്നു. വിദ്വേഷത്തിനും അവമതിപ്പിനും പകരം വിഭാഗീയത ആയുധമുപയോഗിച്ചുള്ള കലാപം നിലവിലുള്ള വ്യവസ്ഥയെ മാറ്റാനുള്ള ഏതൊരു പ്രയോഗവും ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും അത്തരം വികാരങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നാക്കി വിപുലപ്പെടുത്തിയെന്നുമാത്രം. കൂടാതെ എഴുതിയതും പറഞ്ഞതും ഏതെങ്കിലും രീതിയിലുള്ള പ്രതിനിധാനവും എന്നതിന്റെ കൂടെ ഇലക്ട്രോണിക് മാര്‍ഗങ്ങള്‍, സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ശ്രദ്ധിക്കേണ്ടത് വികാരങ്ങളെ പ്രോത്സാഹിപ്പിക്കല്‍, നിലവിലെ വ്യവസ്ഥയെ അട്ടിമറിക്കല്‍ തുടങ്ങിയ വളരെ അവ്യക്തമായ പ്രയോഗങ്ങള്‍ ഏതൊരു പ്രതിഷേധത്തെയും സമരത്തെയുംപോലും സെക്ഷന്‍ 150 ഉപയോഗിക്കാവുന്ന കുറ്റമായി പരിഗണിക്കും.
തീവ്രഹിന്ദുത്വ അജണ്ടയില്‍ നിന്നുള്ള നീക്കങ്ങളാണിത്. തങ്ങളുടെ ഹിന്ദുരാഷ്ട്ര അജണ്ടക്കാവശ്യമായ രീതിയില്‍ ഭരണഘടനയെതന്നെ പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് സംഘപരിവാര്‍ കഴിഞ്ഞ കുറേക്കാലമായി ത്വരിതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 1998-ലെ വാജ്പേയ്സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാനും തങ്ങളുടെ മതരാഷ്ട്ര അജണ്ട നടപ്പാക്കാനുമായി ഒരു ഭരണഘടനാ കമ്മീഷനെതന്നെ നിയമിക്കുകയുണ്ടായി. ഭരണഘടന പൊളിച്ചെഴുതാനുള്ള വാജ്പേയ് സര്‍ക്കാരിന്റെ നീക്കങ്ങളെ ശാസിച്ചുകൊണ്ട് അന്നത്തെ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ഇന്ത്യയുടെ സമകാലീന ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.
കെ.ആര്‍.നാരായണന്‍ | PHOTO: TWITTER
2000-ലെ റിപ്പബ്ലിക് ദിനത്തിന്റെ സുവര്‍ണജൂബിലി സന്ദേശത്തിലാണ് കെ.ആര്‍.നാരായണന്‍ ഭരണഘടന പൊളിച്ചെഴുതാനുള്ള സംഘപരിവാര്‍ നീക്കത്തെ ശാസിച്ചത്. ഭരണഘടനയോടൊപ്പം നിലവില്‍വന്ന പരിമിതമായ ജനാധിപത്യ അവകാശങ്ങളെയും ദുര്‍ബലജനവിഭാഗങ്ങള്‍ക്കനുകൂലമായ സാമൂഹ്യനീതിതത്വങ്ങളെയും എടുത്തുകളയാനുള്ള ഏതു നീക്കവും അപകടകരമാണെന്ന് അദ്ദേഹം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനുള്ള സംഘപരിവാര്‍ അജണ്ടയെ താക്കീത് ചെയ്തുകൊണ്ട് കെ.ആര്‍.നാരായണന്‍ പറഞ്ഞത്; ഭരണസ്ഥിരതയല്ല ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്നാണ്. രാജ്യത്തിന്റെ വൈവിധ്യവും സാമൂഹ്യവികസനരംഗത്തെ പ്രശ്നങ്ങളും അഭിസംബോധനചെയ്യാനാവശ്യമായ സമീപനമാണിന്ന് ആവശ്യം. അല്ലാതെ രാജ്യത്തിന്റെ ബഹുസ്വരതയെയും ഭരണഘടനയുടെ ഫെഡറലിസത്തെയും തൃണവല്‍ഗണിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനമല്ല. അത് ഏകാധിപത്യത്തിലേക്ക് വഴിവെക്കുമെന്നും രാജ്യത്തെ ശിഥിലീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.
വാജ്പേയിക്ക് നടപ്പിലാക്കാന്‍ കഴിയാതെപോയ ഭരണഘടനയുടെ പൊളിച്ചെഴുത്തിനാണ് മോഡിയും അമിത്ഷായും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഏകരാജ്യ സിദ്ധാന്തവും ഏകനിയമ സിദ്ധാന്തവുമൊക്കെ തട്ടിവിട്ട് അവര്‍ സ്വേച്ഛാധികാരത്തിലേക്ക് രാജ്യത്തെ നയിക്കാനും ഭരണഘടനയെ പൊളിച്ചെഴുതാനുമുള്ള കുത്സിതശ്രമങ്ങളിലാണ്. രണ്ടാം മോഡിസര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങളുടെ ഗതിവേഗം കൂടിയിരിക്കുകയാണ്. വിദ്വേഷരാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന ഹിന്ദുത്വവാദികള്‍ ഇന്ത്യന്‍ ഭരണഘടനയെതന്നെ കുഴിച്ചുമൂടാനുള്ള അത്യന്തം പ്രതിഷേധജനകമായ ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും പൗരത്വനിയമം, മുത്തലാഖ്, എന്‍.ഐ.എ-യു.എ.പി.എ നിയമഭേദഗതികള്‍ ചെയ്തതും ഇന്ത്യന്‍ ഭരണഘടനയെതന്നെ ലക്ഷ്യംവെച്ചുള്ള ആര്‍.എസ്.എസിന്റെ രാഷ്ട്രീയഅജണ്ടയുടെ ഭാഗമാണെന്ന കാര്യം ജനാധിപത്യവാദികള്‍ തിരിച്ചറിയാതെ പോകരുത്.
പരമാധികാരം, ഫെഡറലിസം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളെയാണ് ഭരണഘടന അതിന്റെ അടിസ്ഥാനവും ആദര്‍ശലക്ഷ്യങ്ങളുമായി വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ കൊളോണിയല്‍ അധീശത്വത്തിനെതിരെ ഒരു നൂറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളെയും ഒരു ആധുനിക രാഷ്ട്രത്തിന് അനുയോജ്യമായ ആശയങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഭരണഘടനാ നിര്‍മ്മാണസഭ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ചരിത്രത്തിന്റെ എല്ലാവിധത്തിലുള്ള സങ്കുചിതമായ ദുര്‍വ്യാഖ്യാനങ്ങളെയും നിരാകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ പാരമ്പര്യത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ ദേശീയനേതൃത്വം ഭരണഘടനയുടെ സമത്വാധിഷ്ഠിത സാമൂഹ്യദര്‍ശനം രൂപപ്പെടുത്തിയത്.
അമിത്ഷാ | PHOTO: WIKI COMMONS
ഭിന്നമതങ്ങളും ഭാഷകളും ജാതിവംശവിഭാഗങ്ങളും ബഹുസംസ്‌കാരങ്ങളും സഹവര്‍ത്തിച്ച് നിലകൊള്ളുന്ന ദേശീയതാസങ്കല്‍പമാണ് ഭരണഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. അതായത് നനാത്വത്തില്‍ ഏകത്വമെന്ന ജനാധിപത്യപരമായ ദേശീയതാസങ്കല്‍പമാണ് ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ളത്. ഭരണഘടനാശില്‍പികള്‍ ലോകചരിത്രഗതികളെയാകെ പഠിക്കുകയും വിവിധ രാജ്യങ്ങളിലെ ലിഖിതവും എഴുതപ്പെടാത്തതുമായ ഭരണഘടനകളെ പരിശോധിക്കുകയും ജനാധിപത്യത്തിന്റെ ഭിന്നരൂപങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളിലൂന്നുകയും സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന. ജാതിമതലിംഗ ഭേദങ്ങളില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന പ്രമാണമാണ് ഭരണഘടനയുടെ മൗലികദര്‍ശനം. എല്ലാവര്‍ക്കും സംഘടിക്കാനും ഇഷ്ടമുള്ള ആശയങ്ങളില്‍ വിശ്വസിക്കാനും ആശയപ്രകാശനം നടത്താനുമുള്ള മൗലികാവകാശങ്ങള്‍ ഓരോ വ്യക്തിക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു.
സമത്വാശയങ്ങളെയും മതനിരപേക്ഷമൂല്യങ്ങളെയും ജനാധിപത്യത്തെയും എന്നും എതിര്‍ത്തുപോന്ന മതരാഷ്ട്രവാദികള്‍ ഒരുകാലത്തും ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല. ആര്‍.എസ്.എസുകാര്‍ എന്നും ഇന്ത്യന്‍ ഭരണഘടനയെ ഹിന്ദുവിരുദ്ധ ഭരണഘടനയായിട്ടാണ് കണ്ടത്. തങ്ങളുടെ മതരാഷ്ട്രഅജണ്ടയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന ഭരണഘടനയെ പൊളിച്ചെഴുതുകയെന്നത് എക്കാലത്തെയും അവരുടെ അജണ്ടയായിരുന്നു. ബാബ്റിമസ്ജിദ് തകര്‍ത്തതിനുശേഷം ചേര്‍ന്ന വിശ്വഹിന്ദുപരിഷത്തിന്റെ സന്ത്സമിതി (സന്യാസിസഭ) ഇന്ത്യന്‍ ഭരണഘടന മാറ്റിയെഴുതാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സ്വാമിമുക്താനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ ഒരു നാലംഗസമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി സംഘപരിവാറിന്റെ ഭരണഘടനാ വിമര്‍ശനത്തിന്റെ ഒരു കരട്രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു.
അതിലവര്‍ നടത്തുന്ന ഭരണഘടനാവിമര്‍ശനം കൗതുകകരമാണ്; ''ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സാഹോദര്യവും സമുദായ സൗഹാര്‍ദ്ദവും തകര്‍ക്കുന്നതിന് ഉത്തരവാദിയാര്? വിശപ്പും ദാരിദ്ര്യവും അഴിമതിയും മതനിഷേധവും വര്‍ദ്ധമാനമാകുന്നതിന് ഉത്തരവാദിയാര്? ഇന്നത്തെ ഇന്ത്യന്‍ ഭരണഘടന.'' എത്ര ബാലിശവും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ ഭരണഘടനാവിമര്‍ശനമാണ് ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇന്നത്തെ ഭരണഘടനയ്ക്ക് പോരായ്മകള്‍ ഉണ്ടാകാം. അത് നമ്മുടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി പരിഹരിക്കാവുന്നതാണ്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ചൂഷകവര്‍ഗബന്ധങ്ങളെ പൊളിച്ചെഴുതാനൊന്നും ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ ഭരണഘടനയെന്നകാര്യത്തില്‍ പുരോഗമനജനാധിപത്യവാദികള്‍ക്ക് ഒട്ടും സംശയമില്ല.
PHOTO: WIKI COMMONS
ഭരണഘടനയുടെ സാമൂഹ്യനീതിയുടെയും മതേതരത്വത്തിന്റെയും തുല്യതയുടെയും മൂല്യങ്ങളെതന്നെയാണ് ഹിന്ദുത്വവാദികള്‍ അങ്ങേയറ്റത്തെ നിഷേധബോധത്തോടെ എതിര്‍ത്തുകൊണ്ടിരിക്കുന്നത്. മധ്യകാലിക ബ്രാഹ്‌മണമൂല്യങ്ങളെ പുനരാനയിക്കാനാണവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ത്തമാന മനുഷ്യപ്രശ്നങ്ങള്‍ക്കെല്ലാം ഭൂതകാലത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട് പരിഹാരമുണ്ടാക്കാമെന്ന് വ്യാമോഹിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് ആര്‍.എസ്.എസിന്റേത്. മുക്താനന്ദയുടെ ഭരണഘടനാ മാറ്റത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ഭരണഘടനയുടെ ജനവിരുദ്ധതയായി കാണുന്നത് സ്ത്രീകള്‍ക്കും പിന്നോക്ക ദളിത് ന്യൂനപക്ഷസമൂഹങ്ങള്‍ക്കും ദരിദ്രര്‍ക്കും അനുകൂലമായുള്ള വ്യവസ്ഥകളെയാണ്. ഈ വ്യവസ്ഥകളെല്ലാം ഹിന്ദുവിരുദ്ധമാണെന്നാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഭരണഘടനയുടെ സാമൂഹ്യനീതിതത്വങ്ങളെയും സംവരണാവകാശങ്ങളെയും എടുത്തുകളയണമെന്ന് നിര്‍ദ്ദയമായി വാദിക്കുകയാണ് ഹിന്ദുത്വവാദികള്‍. ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസിലോ മറ്റെവിടെയുമോ യാതൊരുവിധ സംവരണവും നല്‍കാന്‍ പാടില്ലെന്നാണ് സ്വാമി മുക്താനന്ദസരസ്വതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംവരണം വിഭജനവിഘടനവികാരങ്ങളെ പോഷിപ്പിക്കുമെന്നാണല്ലോ ആചാര്യനായ ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതിവെച്ചിട്ടുള്ളത്.
വിശ്വഹിന്ദുപരിഷത്തിന്റെ സന്ത്സമിതി മുന്നോട്ടുവെച്ച ഭരണഘടനാ വിമര്‍ശനരേഖ ഇന്ത്യന്‍പതാകയെയും ദേശീയഗാനത്തെയും തള്ളിക്കളയുകയാണ്. സംഘപരിവാറിന്റെ അപരമതവിദ്വേഷവും അസഹിഷ്ണുതയുമാണ് സ്വാമി മുക്താനന്ദ സരസ്വതിയുടെ രേഖയിലുടനീളമുള്ളത്. രേഖ പറയുന്നത്; ''ദേശീയപതാകയായി വിശേഷിപ്പിക്കുന്ന പതാകയില്‍ ഒരു അശോകചക്രമുണ്ട് അത് സാമ്രാജ്യത്വഗന്ധം നല്‍കാനേ ഉപകരിക്കുന്നുള്ളൂ.'' അശോകചക്രവര്‍ത്തിയുടെയും ബുദ്ധദര്‍ശനത്തിന്റെയും പ്രതീകമായ അശോകചക്രം സ്നേഹവും സമത്വവും സാഹോദര്യവും മറ്റുമായ ബുദ്ധമൂല്യങ്ങളെയാണ് പ്രതീകവല്‍ക്കരിച്ചിരിക്കുന്നത്. ബുദ്ധന്റെ പ്രജ്ഞയുടെയും കരുണയുടെയും ദര്‍ശനങ്ങളെ അസഹിഷ്ണുതയോടെ തള്ളിക്കളയുകയും പുച്ഛിക്കുകയുമാണ് സ്വാമി മുക്താനന്ദ സരസ്വതി.
1993 ജനുവരി 29-ന്റെ ഫ്രണ്ട്ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു അഭിമുഖത്തില്‍ സ്വാമി മുക്താനന്ദസരസ്വതി മതകാര്യങ്ങളില്‍ ഒരു ഇടപെടലും ഉണ്ടാകാന്‍ പാടില്ലെന്ന് വാദിച്ചുകൊണ്ടുതന്നെ എല്ലാവര്‍ക്കും ബാധകമായ ഏകീകൃത സിവില്‍കോഡ് കൊണ്ടുവരണമെന്നാണ്. മനുസ്മൃതി നിയമമാക്കണമെന്നും പ്രയോഗത്തില്‍ കൊണ്ടുവരണമെന്നുമാണ് ഒരു മറയുമില്ലാതെ മുക്താനന്ദ പറയുന്നത്. മനുസ്മൃതി അടിസ്ഥാന പ്രമാണമായി അംഗീകരിക്കുന്ന ഹിന്ദുരാഷ്ട്രത്തെ ലക്ഷ്യംവെച്ചാണ് ആര്‍.എസ്.എസ് ദ്രുതഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേകപദവി റദ്ദ് ചെയ്തതും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യംവെച്ച് പൗരത്വനിയമവും വിവാഹമോചന നിയമവും ഭേദഗതി ചെയ്തതും സംവരണം എടുത്തുകളയാനുള്ള നീക്കമാരംഭിച്ചിരിക്കുന്നതും ഹിന്ദുരാഷ്ട്ര അജണ്ടയുടെ ഭാഗമായിട്ടാണ്. ഇപ്പോഴവര്‍ കേന്ദ്രഭരണാധികാരത്തിന്റെ സൗകര്യമുപയോഗിച്ച് തങ്ങളുടെ ഹിന്ദുരാഷ്ട്ര അജണ്ട നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയെതന്നെ ഇല്ലാതാക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങളിലാണ്.