ചരിത്രമെഴുത്തിന്റെ മറുകര തേടിയ ചരിത്രകാരന്‍
ഇന്ത്യയിലെ കൊളോണിയല്‍ കാലഘട്ടത്തെക്കുറിച്ചുള്ള ചരിത്രമെഴുത്തിന്റെയും, പഠനത്തിന്റെയും ഭാവനകളെ അട്ടിമറിച്ച ചരിത്രകാരനായിരുന്നു രണജിത് ഗുഹ. ഇന്ത്യാ ചരിത്രപഠനത്തില്‍ ഡിഡി കൊസാംബി കഴിഞ്ഞാല്‍ ഒരുപക്ഷേ ഗുഹയെപ്പോലെ സ്വാധീനം ചെലുത്തിയ മറ്റൊരു ചരിത്രകാരനുണ്ടാവില്ല. കൊസാംബിയുടെ ചരിത്രപഠനങ്ങളുടെ മേഖല പൗരാണിക ഇന്ത്യയായിരുന്നുവെങ്കില്‍ കൊളോണിയല്‍ ആധുനികതയുടെ ഇന്ത്യയായിരുന്നു ഗുഹയുടെ തട്ടകം. ചരിത്രം പഠനവിഷയമായി 1980 കളുടെ തുടക്കത്തില്‍ തെരഞ്ഞെടുത്ത എന്റെ തലമുറയെ സംബന്ധിച്ചിടത്തോളം അതുവരെ പരിചിതമായിരുന്ന ചരിത്രപഠനത്തില്‍ നിന്നുള്ള വിടുതലായി (ബ്രേക്ക്) അനുഭവപ്പെട്ടവയായിരുന്നു ഗുഹയുടെ രണ്ടു രചനകള്‍. ഗുഹ എഡിറ്റു ചെയ്‌ത സബാള്‍ട്ടേണ്‍ സ്റ്റഡീസും (ആദ്യരണ്ടു വാല്യങ്ങള്‍), എലിമെന്ററി ആസ്‌പെക്ടസ് ഓഫ് പെസന്റ് ഇന്‍സര്‍ജന്‍സി ഇന്‍ കൊളണിയല്‍ ഇന്ത്യ എന്നീ പുസ്‌തകങ്ങള്‍ എന്റെ തലമുറയെ സംബന്ധിച്ചിടത്തോളം കൊളോണിയല്‍ ഇന്ത്യയെക്കുറിച്ചും ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുമുള്ള ചരിത്രപഠനത്തിന്റെ നടപ്പുരീതികളെ പൂര്‍ണ്ണമായും പുനരവലോകനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു. സബാള്‍ട്ടേണ്‍ സ്റ്റഡീസിന്റെ ഒന്നാം വാല്യത്തിലെ (1982 ല്‍) കൊളോണിയല്‍ ഇന്ത്യയുടെ ചരിത്രവിജ്ഞാനത്തിലെ ചില കാര്യങ്ങള്‍ എന്ന പ്രബന്ധത്തില്‍ ഇന്ത്യയുടെ ആധുനികകാലഘട്ടത്തെക്കുറിച്ചുള്ള ചരിത്രപഠനത്തില്‍ പ്രകടമായിരുന്ന മുഖ്യപ്രവണതകളെ അദ്ദേഹം വിമര്‍ശനപരമായി അനാവരണം ചെയ്‌തു. ഇന്ത്യന്‍ ദേശീയതയുടെ ചരിത്രവിജ്ഞാനം രൂപപ്പെടുത്തുന്നതില്‍ ദീര്‍ഘകാലമായി മേധാവിത്തം പുലര്‍ത്തുന്ന വരേണ്യത, കൊളോണിയല്‍ വരേണ്യതയും ബൂര്‍ഷ്വദേശീയ വരേണ്യതയും ആണെന്ന ആശയം മുന്നോട്ടു വച്ച ഗുഹ ദേശീയതയുടെ രൂപീകരണത്തെപ്പറ്റിയുള്ള അതുവരെയുണ്ടായിരുന്ന ധാരണകളെ അടിമുടി പിടിച്ചുലച്ചു.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ ആശയപരമായ ഉല്‍പ്പന്നമായി ഉയര്‍ന്നുവന്ന ഈ വരേണ്യത അധികാരക്കൈമാറ്റത്തിനു ശേഷമുള്ള കാലങ്ങളിലെ ചരിത്രമെഴുത്തിന്റെ നവകൊളോണിയല്‍, നവദേശീയ സംവാദങ്ങളിലും സ്വാംശീകരിക്കപ്പെട്ട പ്രക്രിയയും പ്രസ്‌തുത വീക്ഷണം ചരിത്രമെഴുത്തില്‍ നിലനിര്‍ത്തുന്ന സ്വാധീനവും ഗുഹ വിശദീകരിച്ചു. ദേശരാഷ്ട്രത്തിന്റെ രൂപീകരണവും അതിന് വഴിയൊരുക്കിയ ദേശീയതയും ഏറെക്കുറെ പൂര്‍ണ്ണമായും വരേണ്യതയുടെ സൃഷ്ടിയാണെന്ന മുന്‍വിധി ഈ ചരിത്രവിജ്ഞാനം പൊതുവായി പങ്കുവെച്ചു. കൊളോണിയല്‍, നവകൊളോണിയല്‍ ധാരകളില്‍ പെട്ടവരെ സംബന്ധിച്ചിടത്തോളം കൊളോണിയല്‍ ഭരണാധികാരികളായിരുന്നു അതിന്റെ കാരണഭൂതര്‍. കൊളോണിയല്‍ ഭരണാധികാരികളും, നയങ്ങളും, സ്ഥാപനങ്ങളും സംസ്‌ക്കാരവും അവരുടെ രചനകളിലെ മുഖ്യചേരവുകളായി. ദേശീയ-നവ ദേശീയവാദികളെ സംബന്ധിച്ചിടത്തോളം വരേണ്യ വ്യക്തിത്വങ്ങളും, സ്ഥാപനങ്ങളും, അവരുടെ ആശയങ്ങളും, പ്രവര്‍ത്തനങ്ങളുമായിരുന്നു ദേശീയതയുടെ ചേരുവകള്‍. ബ്രിട്ടനിലും, ഇന്ത്യയിലും പ്രബലരായി നിലനിന്നിരുന്ന ചരിത്രമെഴുത്തുകാര്‍ പിന്തുടര്‍ന്ന വരേണ്യതയുടെ മാതൃകകളെ അടിമുടി ചോദ്യം ചെയ്യുന്നതായിരുന്നു ഗുഹയുടെ കാര്‍മികത്വത്തില്‍ രൂപം കൊണ്ട സബാള്‍ട്ടേണ്‍ കൂട്ടായ്‌ന്മയുടെ രീതിശ്ശാസ്‌ത്രം. ഇറ്റാലിയന്‍കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാവും മാര്‍ക്‌സിസ്റ്റു സൈദ്ധാന്തികനുമായിരുന്നു അന്തോണിയോ ഗ്രാംഷിയുടെ ചിന്തകളുടെ വെളിച്ചത്തിലാണ് സബാള്‍ട്ടേണ്‍ അഥവ കീഴാളതയെന്ന സങ്കല്‍പ്പനത്തെ ഗുഹയും കൂട്ടരും മുന്നോട്ടു വച്ചത്. ഗ്രാംഷിയുടെ തന്നെ മറ്റൊരു കണ്ടെത്തലായ ഹെജിമണി അഥവ അധിനായകത്തമെന്ന സങ്കല്‍പ്പവും ഗുഹയും സഹപ്രവര്‍ത്തകരും തങ്ങളുടെ പഠനങ്ങളുടെ മാര്‍ഗ്ഗദര്‍ശകമായി ഉപയോഗപ്പെടുത്തി. സബാള്‍ട്ടേണ്‍ സ്റ്റഡീസ് എന്ന പേരുതന്നെ ഗ്രാംഷിയുടെ സ്വാധീനത്തെ വിളംബരം ചെയ്യുന്നതായിരുന്നുവെന്നു മാത്രമല്ല കൊളോണിയല്‍ ആധുനിക ഇന്ത്യയുടെ ചരിത്രമെഴുത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന സാമ്പ്രദായിക മാര്‍ക്‌സിസ്റ്റു സമീപനങ്ങളെ നിരാകരിക്കുന്നതുമായിരുന്നു. പ്രമുഖ ബ്രിട്ടീഷ് ചരിത്രപണ്ഡിതനായിരുന്ന ഇപി തോംപ്‌സണായിരുന്നു കീഴാളപഠനത്തിന്റെ മറ്റൊരു പ്രചോദനം.
രണജിത് ഗുഹ | Photo: Permanent Black
ചരിത്ര വിജ്ഞാനത്തിന്റെ മണ്ഡലത്തില്‍ കീഴാളതയെന്ന സങ്കല്‍പ്പനത്തിന്റെ വീക്ഷണത്തില്‍ കൊളോണിയല്‍ കാലഘട്ടത്തെയും, ദേശീയപ്രസ്ഥാനത്തെയും സമീപിക്കുന്ന ഭാവനകള്‍ പൊടുന്നനെ പൊട്ടിവിരിഞ്ഞതല്ല. ഇന്ത്യയിലും, ആഗോളതലത്തിലും സംഭവിച്ച/സംഭവിക്കുന്ന നിരവധി രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക പ്രവണതകളെ ഉള്‍ക്കൊള്ളുവാനും, മനസ്സിലാക്കുവാനും അക്കാലത്ത് വൈജ്ഞാനിക മണ്ഡലത്തില്‍ നിലനിന്നിരുന്ന ആശയങ്ങള്‍ അപര്യാപ്‌തമാണെന്ന തിരിച്ചറിവുകള്‍ പുതിയ ഭാവനകളുടെ ഉരുത്തിരിയലിനെ അനിവാര്യമാക്കുകയായിരുന്നു. അതോടെ ചരിത്രമെഴുത്തിന്റെ വാസ്‌തുഘടനയിലും അഴിച്ചുപണി അനിവാര്യമായി. രണ്ടാംലോക യുദ്ധാനന്തരം രൂപമെടുത്ത ക്ഷേമമുതലാളിത്തത്തിന്റെ മുരടിപ്പ്, കൊളോണിയല്‍ അധിനിവേശത്തില്‍ നിന്നും ഔപചാരികമായി രാഷ്ട്രീയ സ്വാതന്ത്ര്യം കൈവരിച്ച ദേശരാഷ്ട്രങ്ങളില്‍ ഉദയം ചെയ്‌ത പുതിയ ഭരണവര്‍ഗ്ഗം, സോഷ്യലിസ്‌റ്റു രാജ്യങ്ങളെന്ന പേരില്‍ അറിയപ്പെട്ടവയുടെ ജീര്‍ണ്ണത, വിദ്യാര്‍ത്ഥികളും, തൊഴിലാളികളും, കര്‍ഷകരും പ്രകടിപ്പിച്ച കലാപങ്ങളുടെ ഊര്‍ജ്ജം, സ്‌ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍, വംശീയവും, ജാതീയവുമായ മര്‍ദ്ദനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍, യുദ്ധവിരുദ്ധ പ്രസ്ഥാനം തുടങ്ങിയ നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗുഹയും, കീഴാള പഠനവും ഉയര്‍ന്നുവന്ന സാഹചര്യത്തെ മനസ്സിലാക്കാനാവുക. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ രണ്ട് സംഭവങ്ങള്‍ അതില്‍ നിര്‍ണ്ണായകമാണ്. നക്‌സല്‍ബാരി കാര്‍ഷിക കലാപവും, അടിയന്തരിരാവസ്ഥയും. 1983 ല്‍ പുറത്തുവന്ന എലിമെന്ററി ആസ്‌പെക്ടസ് ഓഫ് പെസന്റ് ഇന്‍സര്‍ജന്‍സി ഇന്‍ കൊളോണിയല്‍ ഇന്ത്യയെന്ന പുസ്‌തകത്തില്‍ നക്‌സല്‍ബാരിയിലെ കര്‍ഷക കലാപം കൊളോണിയല്‍ കാലഘട്ടത്തിലെ കലാപങ്ങളെ പറ്റി പഠിക്കുവാന്‍ പ്രേരണയായതിനെ പറ്റി ഗുഹ സൂചിപ്പിക്കുന്നു. 2010 ല്‍ മിലിന്ദ് ബാനര്‍ജിയുമായി നടത്തിയ അഭിമുഖത്തിലും ഇന്ത്യയിലെ സാമ്പ്രദായിക കമ്മ്യൂണിസ്റ്റു പാര്‍ട്ടി യാന്ത്രിക വീക്ഷണങ്ങളെ ഗുഹ വിമര്‍ശിക്കുന്നു. ഒപ്പം നക്‌സല്‍ബാരി കലാപത്തിന്റെ സൈദ്ധാന്തികനായിരുന്ന ചാരു മജുംദാര്‍ പ്രചോദനമായി എന്നും അദ്ദേഹം പറയുന്നു.
സ്വാതന്ത്ര്യ സമരത്തെയും, ദേശീയ പ്രസ്ഥാനത്തെയും കുറിച്ചുള്ള പതിവ് ധാരണകളെ ചോദ്യം ചെയ്യുവാന്‍ ഗൗരവമായി നമ്മെ പ്രേരിപ്പിക്കുന്ന കൃതിയാണ് എലിമെന്ററി ആസ്‌പെക്ടസ്. പ്ലാസി യുദ്ധത്തിന് ശേഷം ബംഗാളിലും, പിന്നീട് ഇന്ത്യയുടെ മറ്റുള്ള ഭാഗങ്ങളിലും അധികാരമുറപ്പിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൊളോണിയല്‍ ആധിപത്യത്തിനെതിരായ ആദ്യകാല കലാപങ്ങളുടെ കേന്ദ്രബിന്ദു ഇപ്പോള്‍ ആദിവാസികളെന്നു പൊതുവെ വിശേഷിപ്പിക്കുന്ന കര്‍ഷക സമൂഹങ്ങളായിരുന്നു. ഈ കലാപങ്ങളുടെ രാഷ്ട്രീയം എന്തായിരുന്നു. ദേശീയതയുടെ ചരിത്രത്തില്‍ ഈ കലാപങ്ങളെ എങ്ങനെയാണ് സ്ഥാനപ്പെടുത്തുക, കൊളോണിയല്‍ മേധാവിത്തം ഔപചാരികമായി അവസാനിച്ചുവെങ്കിലും ഈ കലാപങ്ങളുടെ യഥാര്‍ത്ഥ സത്തയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഇപ്പോഴും ശൈശവ ദിശയില്‍ തുടരുന്നതിന്റെ കാരണങ്ങള്‍ എന്താണ് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉണര്‍ത്തുന്നതാണ് എലിമെന്ററി ആസ്‌പെക്ടസിന്റെ ഉള്ളടക്കം.
18-ാം നൂറ്റണ്ടിന്റെ രണ്ടാം പകുതി മുതല്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള ഏതാണ്ട് 150 വര്‍ഷം നീണ്ടുനിന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തില്‍ ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ല. വരേണ്യ ചരിത്രമെഴുത്തിന്റെ വിവിധ സ്‌കൂളുകളുടെ ആഖ്യാനങ്ങളില്‍ ഒരു ടിപ്പണി അല്ലെങ്കില്‍ ഫുട്‌നോട്ടുകള്‍ മാത്രമായി ഈ കലാപങ്ങളെ അവതരിപ്പിക്കുന്ന രീതിയെ എലിമെന്ററി ആസ്‌പെക്ടില്‍ കാര്യകാരണ സഹിതം ഗുഹ വിമര്‍ശിക്കുന്നു. 1783 മുതല്‍ 1900 വരെയുള്ള 117 വര്‍ഷത്തെ ചരിത്രത്തില്‍ മാത്രം നൂറ്റിപ്പത്തോളം കലാപങ്ങളുടെ (മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനിന്നവ) പരിശോധന തന്റെ പുസ്‌തകത്തില്‍ ഗുഹ നിര്‍വഹിക്കുന്നു. ഈ കലാപങ്ങളെ രാഷ്ട്രീയപൂര്‍വ (പ്രീപൊളിറ്റിക്കല്‍) ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ മാത്രമായി ചാപ്പകുത്തി അവസാനിപ്പിക്കുന്ന ചരിത്രമെഴുത്തിനെ സമൂലം ചോദ്യം ചെയ്യുന്നു. വ്യത്യസ്‌ത ദേശങ്ങളില്‍ ഇടതവില്ലാതെ സംഭവിച്ച കലാപങ്ങളെ കര്‍തൃത്വമില്ലാത്ത ചരിത്രമായി (ഹിസ്റ്ററി വിത്തൗട്ട് സബ്‌ജക്ടസ്) എന്ന നിലയില്‍ തരംതാഴ്‌ത്തുന്നത് വരേണ്യതയുടെ അധിനായകത്തിന്റെ തെളിവായി വിലയിരുത്തുന്നു. ഈ കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിനായി കൊളോണിയല്‍ ഭരണാധികാരികളുടെ സൈനികശക്തിക്ക് വേണ്ടുന്ന ഭക്ഷണവും പടക്കോപ്പുകളുടെ വിതരണവും (ലോജിസ്‌റ്റികസ്) പ്രദാനം ചെയ്‌തവരുടെ പ്രിമിറ്റീവ് അക്കുമുലേഷന്റെ ചരിത്രവും 19-ാം നുറ്റാണ്ടിന്റെ അവസാന ദശകങ്ങളോടെ ഇന്ത്യയിലെ ചില പ്രധാന നഗരകേന്ദങ്ങളില്‍ പ്രത്യക്ഷപ്പെട്ട വരേണ്യ ദേശീയതയുടെ ആവിഷ്‌ക്കാരങ്ങളും തമ്മിലുള്ള പാരസ്‌പര്യം ഇനിയും വേണ്ടത്ര പഠനവിഷയമായിട്ടില്ല.
Photo: Permanent Black
സാധാരണ ചരിത്ര പണ്ഡിതന്മാരുടെ ജീവിതത്തില്‍ നിന്നും വ്യത്യസ്‌തമാണ് ഗുഹയുടെ ജീവിതം. ഇപ്പോഴത്തെ ബംഗ്ലാദേശിലെ ബെക്കര്‍ഗഞ്ച് ജില്ലയിലെ ഒരു ഗ്രാമത്തില്‍ 1923 മെയ് 23 ന് ജനിച്ച ഗുഹക്ക് 10 വയസ്സ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കുടുബം കൊല്‍ക്കത്തയില്‍ താമസ്സമാക്കി. പ്രസിഡന്‍സി കോളേജിലും കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നുമായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗുഹ അതിനകം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. 1945 ല്‍ ലണ്ടനില്‍ സ്ഥാപിതമായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തില്‍ കമ്മ്യൂണിസ്‌റ്റു പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി ഗുഹയെ നിയോഗിച്ചു. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിരിവെടുത്താണ് ഗുഹയുടെ യാത്ര ചെലവിനുള്ള തുക സമാഹരിച്ചത്. അടുത്ത എഴു വര്‍ഷം യൂറോപ്പലങ്ങോളമിങ്ങോളം സിപിഐ യുടെ മുഴുസമയ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ ഗുഹ 1953 ല്‍ കൊല്‍ക്കത്തയില്‍ മടങ്ങിയെത്തി. ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കുകയായിരുന്നു ലക്ഷ്യം. അതോടൊപ്പം സോവിയറ്റു കമ്മ്യൂണിസത്തെക്കുറിച്ചുള്ള സംശയങ്ങളും അദ്ദേഹത്തില്‍ ശക്തമായിരുന്നു. സോവിയറ്റു യൂണിയന്‍ 1956 ല്‍ ഹംഗറിയില്‍ നടത്തിയ സൈനിക ഇടപെടലോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഔപചാരികമായി അവസാനിപ്പിച്ചു. കൊല്‍ക്കത്തയില്‍ കോളേജ് അദ്ധ്യാപകനായി ജോലി കിട്ടിയെങ്കിലും കമ്മ്യൂണിസ്‌റ്റു ബന്ധത്തിന്റെ പേരില്‍ താമസിയാതെ പിരിച്ചുവിടപ്പെട്ടു. പിന്നീട് പുതുതായി തുടങ്ങിയ ജാദവ്‌പുര്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ലഭിച്ച അദ്ദേഹം 1959 ല്‍ മാഞ്ചസ്‌റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിച്ചു. ദ റൂള്‍ ഓഫ് പ്രോപ്പര്‍ട്ടി ഫോര്‍ ബംഗാള്‍ എന്ന തന്റെ ആദ്യ പുസ്‌തകം അതിന്റെ ഫലമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി ബംഗാളില്‍ ഏര്‍പ്പെടുത്തിയ പെര്‍മനന്റ് സെറ്റില്‍മെന്റിനെ കുറിച്ച് 1963 ല്‍ പുറുത്തുവന്ന ഈ പഠനം ഇപ്പോഴും ഒരു ക്ലാസ്സിക്കായി കണക്കാക്കപ്പെടുന്നു. ഈ പുസ്‌തകമൊഴിച്ചാല്‍ 1960 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ഗുഹ നീണ്ട മൗനത്തിലായിരുന്നു. പുതുതായി ഒന്നും തന്നെ ഈ കാലഘട്ടത്തില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചില്ല. പ്രൊഫഷണല്‍ ചരിത്രകാരന്മാരുടെ കൂട്ടത്തില്‍ നിന്നും സ്വയം പ്രഖ്യാപിത പ്രവാസത്തിലായിരുന്നു അദ്ദേഹം.
1982-83 കാലഘട്ടത്തോടെ പ്രവാസം അവസാനിപ്പിച്ച ഗുഹ സബാള്‍ട്ടേണ്‍ സീരീസും, എലിമെന്ററി ആസ്‌പെക്ടസുമടക്കമുള്ള നിരവധി രചനകകളുമായി അടുത്ത രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ ചരിത്ര പഠനത്തിന്റെ അലകും പിടിയും മാറ്റിമറിച്ച വ്യക്തിത്വമായി ലോകമാകെ പ്രശസ്‌തനായി. പ്രശസ്‌തിയുടെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ ഇനിയുള്ള കാലം തന്റെ എഴുത്തുകള്‍ പ്രധാനമായും ബംഗാളി ഭാഷയില്‍ മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു. മിലിന്ദ് ബാനര്‍ജിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ അതിനുളള കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. 100 വയസ്സ് തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിട പറഞ്ഞ ഗുഹ ചരിത്രത്തിന്റെ മറുകര തേടിയ ചരിത്രകാരനായിരുന്നു. 1960 കളില്‍ ലോകത്തെ ഗ്രസിച്ച ദശാസന്ധിയെ എങ്ങനെ മനസ്സിലാക്കണമെന്ന ചിന്തകളാണ് ചരിത്രമെഴുത്തിന്റേയും പഠനത്തിന്റെയും മേഖലയില്‍ പുതിയ ഭാവനകളുടെ കെട്ടഴിച്ചുവിട്ട സബാള്‍ട്ടേണ്‍ ബോധവുമായി രംഗത്തു വരാനുള്ള ഗുഹയുടെ പ്രേരണ. പോളിക്രൈസിസ് എന്നു വിശേഷിപ്പിക്കുന്ന മറ്റൊരു ദശാസന്ധിയില്‍ ലോകം എത്തപ്പെട്ട കാലത്താണ് ഗുഹ വിട്ടു പിരിയുന്നത്. ചരിത്ര വിജ്ഞാനത്തിന്റെ മണ്ഡലത്തില്‍ ഗുഹയുടെ ഉള്‍ക്കാഴ്‌ച്ചകള്‍ ഇന്നത്തെ അവസ്ഥയെ മനസ്സിലാക്കുവാനും അതിജീവിക്കുവാനും നമ്മെ സഹായിക്കുമെന്നു പ്രതീക്ഷിക്കാം.
സോമക് മുക്കര്‍ജി 2022 മെയ് 23 ന് scroll.in എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തോടും, മിലിന്ദ് ബാനര്‍ജി 2010 ല്‍ ഗുഹയുമായി നടത്തിയ അഭിമുഖത്തോടും കടപ്പാട്.