TMJ
searchnav-menu
post-thumbnail

Outlook

ചരിത്രം; ഒരു ആത്മബന്ധത്തിന്റെ കഥ പറയുമ്പോള്‍

20 Dec 2023   |   4 min Read
റസാഖ് ചെത്ത്ലത്ത്

ന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് മാലിദ്വീപുകള്‍ക്ക് വടക്കായി സ്ഥിതിചെയ്യുന്ന മുപ്പത്തിയാറ് ദ്വീപുകളുടെ ചെറുസമൂഹമാണ് ലക്ഷദ്വീപ്. അവയില്‍ ഏറ്റവും വടക്കുള്ള ദ്വീപ് (ചെത്ത്‌ലാത്ത്) ഏഴിമലയ്ക്ക് നേര്‍ പടിഞ്ഞാറും ഏറ്റവും തെക്കുള്ള ദ്വീപ് (മിനിക്കോയി) തിരുവനന്തപുരത്തിന് നേര്‍ പടിഞ്ഞാറുമായാണ് കിടക്കുന്നത്. ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ ഈ സ്ഥാനം രാജ്യതന്ത്രപരമായി പ്രാധാന്യമുള്ളതാണ്. മാത്രമല്ല, ചരിത്രപരമായും ഭൂമിശാസ്ത്രപരമായും കേരളത്തിന്റെ ഭാഗമായി വര്‍ത്തിക്കുന്ന ഈ കൊച്ചുപ്രദേശത്തിന് കേരളവുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. 1973 ല്‍ ലക്ഷദ്വീപ് എന്ന് നാമകരണം ചെയ്ത ഈ കേന്ദ്രഭരണ പ്രദേശത്ത് പതിനൊന്ന് ദ്വീപുകളിലാണ് ഇന്ന് പൂര്‍ണമായും ജനവാസമുള്ളത്. പറങ്കികളുടെ പടയോട്ടക്കാലത്തെ ഈ ചരിത്രമണ്ണിന്റെ ഓര്‍മ്മകള്‍ക്ക് പറയാന്‍ വിശേഷങ്ങള്‍ ഏറെയാണ്. ഇന്ത്യ കണ്ടുപിടിക്കാന്‍ പാശ്ചാത്യര്‍ നടത്തിയ സാഹസിക യാത്രകളില്‍ വിജയം വരിച്ച വാസ്‌കോഡഗാമ ആദ്യം എത്തിച്ചേര്‍ന്നത് ഈ മുപ്പത്തിയാറ് ദ്വീപുസമൂഹത്തില്‍പ്പെട്ട ചെത്ത്‌ലാത്ത് ദ്വീപിലാണെന്നും അവിടെവെച്ച് അദ്ദേഹം ഒരു പീരങ്കിവെടി ഉതിര്‍ത്ത് ആഹ്ലാദപ്രകടനം നടത്തിയെന്നും ചരിത്രത്തില്‍ പറയുന്നു.

പണ്ട് ഉത്തരകേരളത്തിലെ ഏഴിമല ആസ്ഥാനമായി രാജവാഴ്ച നടത്തിയിരുന്ന കോലത്തിരി രാജാക്കന്മാരുടെ നിര്‍ദേശപ്രകാരം കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ചില തൊഴിലാളി കുടുംബങ്ങളാണ് ആദ്യകാലത്ത് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ കുടിയേറി താമസം ആരംഭിച്ചതെന്ന് ദ്വീപുകളെകുറിച്ചുള്ള ചില ചരിത്രപഠനങ്ങളില്‍ കാണാം. ഈ ചരിത്ര രേഖകളെ ശരിവെക്കുംവിധം, ഉത്തരകേരളത്തിലെ പല ഗ്രാമങ്ങളുടെയും പേരുകളാണ് ഇന്ന് വിവിധ ദ്വീപുകളില്‍ വീട്ടുപേരുകളായി നാം കാണുന്നത്. പുറാടം, പടന്ന, പാട്ടക്കല്‍, മമ്പുറം, തൈക്കണ്ടി, മടപ്പള്ളി തുടങ്ങിയ പേരുകള്‍ ഇതിന് ഉദാഹരണങ്ങളാണ്. മാത്രമല്ല, പഴയ കാലത്ത് ദ്വീപിലെ ഓടങ്ങള്‍ ഏഴിമല ലക്ഷ്യമാക്കി പോവുകയും അവിടത്തെ തുറമുഖങ്ങളില്‍ തങ്ങളുടെ കച്ചവടച്ചരക്കായ കൊപ്രയും, കയറും, ഉണക്ക മത്സ്യങ്ങളുമെല്ലാം വില്‍ക്കുകയും പതിവായിരുന്നു. ലക്ഷദ്വീപിന്റെ ഏറ്റവും തെക്ക് സ്ഥിതി ചെയ്യുന്ന മിനിക്കോയി ദ്വീപില്‍ 'സിറക്കല്‍' എന്നൊരു പ്രദേശം ഇപ്പോഴും കാണാം. അത് ചിറക്കല്‍ എന്ന വാക്കിന്റെ തല്‍ഭവരൂപമാണെന്ന് പറയപ്പെടുന്നു. കേരളക്കരയുടെ വടക്കന്‍ പെരുമാള്‍ എന്നറിയപ്പെടുന്ന കോലത്തിരി രാജാവ്, അദ്ദേഹം കൈവശം വെച്ചുവന്ന ദ്വീപുകളിലേക്ക് ഭരണ നിര്‍വഹണത്തിനുവേണ്ടി ആളുകളെ നിയമിച്ചിരുന്നതായി ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളോല്പത്തിയില്‍ പറയുന്നതായി കാണാം. കാലങ്ങള്‍ കടന്നു പോകവേ ദ്വീപുകള്‍ പിന്നീട് അറയ്ക്കല്‍ ഭരണത്തിലേക്കു മാറി. ഈ ഭരണമാറ്റം ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതല്ലായിരുന്നു. 

PHOTO: PRASOON KIRAN
ഐതിഹ്യമനുസരിച്ച് ഇപ്രകാരം വന്നു ചേര്‍ന്നതാണെന്ന് പറയപ്പെടുന്നു: ഒരിക്കല്‍ ചിറയ്ക്കല്‍ രാജകുടുംബത്തിലെ ഒരു യുവരാജാവ് പരിവാരസമേതം തങ്ങളുടെ കുടുംബാംഗങ്ങളെ കാണാന്‍ വേണ്ടി കെച്ചിയിലേക്ക് പുറപ്പെട്ടു. യാത്രാമധ്യേ ധര്‍മടത്ത് എത്തിയപ്പോഴേക്കും അവര്‍ ദാഹിച്ചുവലഞ്ഞു. അന്നേരം പരിസരവാസികളോട് ഇളനീര്‍ വേണമെന്ന് ആവശ്യപ്പെട്ടു. അവിടെ അപ്പോള്‍ തെങ്ങുകയറാന്‍ പറ്റിയ ആരും ഉണ്ടായിരുന്നില്ല. എങ്കിലും, രാജകുടുംബാംഗങ്ങളോട് മമത തോന്നിയ മായന്‍ എന്ന ചെറുപ്പക്കാരന്‍ തനിക്ക് കഴിയുന്നതുപോലെ തെങ്ങില്‍ അള്ളിപ്പിടിച്ചുകയറി ഇളനീരിട്ട് അവര്‍ക്കു കൊടുത്തു. മായനോട് ദയതോന്നിയ യുവരാജാവ് അവനെ അടുത്തു വിളിച്ച് പ്രതിഫലം നല്‍കി. രാജാവിന് തന്നോടുള്ള അങ്ങേയറ്റത്തെ സ്‌നേഹം കണ്ട മായന്‍ അത് സ്വീകരിച്ചില്ല. അവിടുത്തെ സ്‌നേഹം മാത്രംമതി എന്ന് പറയുകയും ചെയ്തു. അധികം താമസിയാതെ ആ യുവരാജാവ് രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. ഒരു ദിവസം യാദൃച്ഛികമായിട്ടാണെങ്കിലും താന്‍ കൊച്ചി യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട മായനെ കുറിച്ച് അദ്ദേഹം ഓര്‍മിച്ചു. ഉടനെ ഭൃത്യന്മാരെ അയച്ച് മായനെ വിളിച്ചുവരുത്തി. കൊട്ടാരത്തില്‍ ഒരു ജോലി കൊടുത്ത് അവനെ അവിടെ താമസിപ്പിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം ജാനകീദേവി എന്നു പേരായ ഒരു രാജകുമാരി പുഴയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പ്പെട്ടുപോയി. ഇതു കണ്ട മായന്‍ പുഴയിലേക്കെടുത്തുചാടി രാജകുമാരിയെ രക്ഷപ്പെടുത്തി. ഒഴുക്കില്‍ രാജകുമാരിയുടെ വസ്ത്രം നഷ്ടപ്പെട്ടുപോയിരുന്നു. അവര്‍ക്ക് വെള്ളത്തില്‍നിന്നു കരയിലേക്കു കയറിവരാന്‍ മായന്‍ തന്റെ മേല്‍മുണ്ടു നല്കി. ഈ സംഭവം കൊട്ടാരത്തില്‍ ഒരു പ്രശ്‌നമായിത്തീരുകയായിരുന്നു. ഒരു മുസ്ലിമിന്റെ കൈയില്‍ നിന്ന് ഉടുമുണ്ടു വാങ്ങി എന്ന കാരണത്താല്‍ ജാനകീദേവി ശുദ്ധിയില്ലാത്തവളായി കണക്കാക്കപ്പെട്ടു. അതിനൊരു പരിഹാരമെന്നനിലയ്ക്ക് ജാനകീദേവിക്ക് ഇഷ്ടമാണെങ്കില്‍ മായന്റെ കൂടെ മതം മാറി പോകുന്നതിന് വിരോധമില്ലെന്ന് രാജാവ് അറിയിച്ചു. അതുപ്രകാരം ജാനകീദേവി ഇസ്ലാംമതം സ്വീകരിക്കുകയും മായന്റെ ഭാര്യയായിത്തീരുകയും ചെയ്തു.

ശേഷം നീതിമാനായ രാജാവ് ചിറയ്ക്കല്‍ കുടുംബത്തില്‍ അന്നുള്ള അവകാശികളുടെ കണക്കനുസരിച്ച് ചിറയ്ക്കല്‍ കൊട്ടാരം വക എല്ലാ സ്വത്തുക്കളും എട്ട് ഓഹരിയായി ഭാഗിച്ചു. നറുക്കിട്ടെടുത്തതില്‍ ജാനകീദേവിയുടെ ഭാഗത്തേക്കു ലഭിച്ചത് ലക്ഷദ്വീപുകളടക്കമുള്ള കണ്ണൂര്‍ മുതലായ പ്രദേശങ്ങളായിരുന്നു. അവര്‍ കണ്ണൂര്‍ തലസ്ഥാനമാക്കിക്കൊണ്ട് പുതിയൊരു ഭരണം തുടങ്ങി. ഇസ്ലാംമതം സ്വീകരിച്ചതിനുശേഷം ജാനകീദേവി ഫാത്തിമാ ബീവി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എട്ടിലൊരു അവകാശിയായതുകൊണ്ട് അവരെ അരയ്ക്കാലോഹരിക്കാരിബീവി' എന്ന് വിളിക്കാനിടയായി. അതു കാലാന്തരത്തില്‍ പരിണമിച്ചുണ്ടായ രൂപമാണത്രേ അറയ്ക്കല്‍ ബീവി എന്നത്. ഒരു സ്ത്രീയില്‍നിന്ന് ആവിര്‍ഭവിച്ച രാജവംശമായതുകൊണ്ടാണ് തലയ്ക്ക് മൂത്ത സ്ത്രീ തലപ്പത്തുവരാന്‍ ഇടയായതെന്നും പറയപ്പെടുന്നുണ്ട്.

അറക്കൽ ബീവി ആയിഷ സുൽത്താന | PHOTO: WIKI COMMONS
എല്ലാ കാലത്തും ദ്വീപുക്കാരുടെ മുഖ്യതൊഴില്‍ മത്സ്യബന്ധനവും തെങ്ങു കൃഷിയുമായിരുന്നു. തേങ്ങ വെട്ടി വെയിലത്തുവെച്ചുണക്കി ഏറ്റവും മുന്തിയ കൊപ്ര ഉല്‍പ്പാദിപ്പിച്ചിരുന്നു. അതുപോലെ തേങ്ങയില്‍ നിന്നു വേര്‍പെടുത്തിയെടുക്കുന്ന തോടി സസൂക്ഷ്മം കടല്‍വെള്ളത്തില്‍ ചീയിച്ചെടുത്ത് പലതരത്തിലുളള കയറുകളും അവര്‍ നിര്‍മിച്ചിരുന്നു. അത്തരം കൊപ്രയും, കയറും, പിടിച്ചെടുത്തുണക്കിയ മത്സ്യങ്ങളും വന്‍കരയില്‍ കൊണ്ടുപോയി കൂടുതല്‍ വിലകിട്ടുന്ന തുറമുഖങ്ങളില്‍ ഇവിടുത്തുക്കാര്‍ വിറ്റുവരികയായിരുന്നു. എന്നാല്‍ ഏറെക്കാലം ദ്വീപുകള്‍ ഭരിച്ചുകൊണ്ടിരുന്ന കണ്ണൂരിലെ അറയ്ക്കല്‍ കുടുംബം ഒരു ഘട്ടത്തില്‍ ദ്വീപ് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം കുത്തക ഏര്‍പ്പെടുത്തി. അതോടെ ദ്വീപുകാരുടെ ഓടങ്ങള്‍ക്ക് കണ്ണൂരിലേക്കല്ലാതെ പോകാനോ ഉത്പ്പന്നങ്ങള്‍ അറയ്ക്കല്‍ ബീവിക്കല്ലാതെ വില്‍ക്കാനോ കഴിയുകയില്ലെന്നു വന്നു. ഇത് കാലാകാലങ്ങളായി ദ്വീപുകാര്‍ അനുഭവിച്ചുവന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലായിരുന്നു. ഇതിനെതിരെ അക്കാലത്ത് ദ്വീപില്‍ വലിയ പ്രതിഷേധങ്ങളുമുണ്ടായി എന്ന് പറയപ്പെടുന്നു. ഇതിനെ തുടര്‍ന്ന് പ്രമാണിയായ ഒരു സാഹിബിന്റെ സഹായത്തോടുകൂടി ദ്വീപുകാര്‍ ശ്രീരംഗപട്ടണത്തു ചെന്ന് ടിപ്പുസുല്‍ത്താനെ കണ്ടു. ദ്വീപിലെ വിവരങ്ങള്‍ അവര്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ഭരണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം അറയ്ക്കല്‍ ബീവിയുമായി ടിപ്പു സംഭാഷണം നടത്തി. അമിനി, കടമത്ത്, കില്‍ത്താന്‍, ചെത്ത്‌ലാത്ത് എന്നീ ദ്വീപുകള്‍ ടിപ്പുവിനു ബീബി വിട്ടുകൊടുക്കുകയും അതിനുപകരം ചിറയ്ക്കല്‍ താലൂക്കിലെ കുറെ സ്ഥലങ്ങള്‍ ബീവിക്ക് ടിപ്പു നല്‍കുകയും ചെയ്തു. മാത്രമല്ല, മംഗലാപുരത്തെ ഒരു കടല്‍ത്തീരം ദ്വീപുകാര്‍ക്കായി അദ്ദേഹം മാറ്റിവെക്കുകയും അവിടം ദ്വീപുകാര്‍ക്കുള്ള വാണിജ്യകേന്ദ്രമായി പിന്നീട് വികസിപ്പിക്കുകയും ചെയ്തു.

പണ്ട് നിലനിന്നിരുന്ന സംവിധാനത്തില്‍ നിന്നും വ്യത്യസ്തമായി പുതിയ ജുഡീഷ്യല്‍ അധികാരം ഏര്‍പ്പെടുത്തി 1780 ല്‍ ടിപ്പു ദ്വീപില്‍ ഭരണം ആരംഭിച്ചു. മുമ്പ് അനാവശ്യമായി പിടിച്ചെടുത്ത ഭൂമി ജനങ്ങള്‍ക്കു തിരിച്ചുനല്കി. ഒരു നിശ്ചിത കാലാവധിക്കുള്ളില്‍ തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കാമെന്ന വ്യവസ്ഥയില്‍ ഗവണ്‍മെന്റ് ഭൂമികള്‍ ജനങ്ങള്‍ക്കു വിതരണം ചെയ്തു. ഇതിനെ 'ദര്‍ഘാസ് ' ഭൂമികളെന്നു വിളിച്ചുവരുന്നു. പന്ത്രണ്ടു വര്‍ഷത്തോളം ടിപ്പുവിന്റെ ഭരണം ഇവിടെ നിലനിന്നു. 1792-ല്‍ ശ്രീരംഗപട്ടണത്തുവെച്ചു നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ പരാജയപ്പെടുത്തിയപ്പോള്‍ ടിപ്പുവിന്റെ മറ്റു പ്രദേശങ്ങള്‍ക്കൊപ്പം അമിനി മുതലായ വടക്കന്‍ ദ്വീപുകളും അവര്‍ക്ക് ലഭിച്ചു. ടിപ്പു ഭരണം നടത്തിയ വടക്കന്‍ ദ്വീപുകള്‍ ഒഴിച്ച് ബാക്കി വരുന്ന തെക്കന്‍ ദ്വീപുകള്‍ (കവരത്തി, അഗത്തി, ആന്ത്രോത്ത്, കല്‍പേനി) അപ്പോഴും അറയ്ക്കല്‍ ബീവിയുടെ മേല്‍നോട്ടത്തിലായിരുന്നു. 1847 ല്‍ ഈ പറഞ്ഞ തെക്കന്‍ ദ്വീപുകളായ ആന്ത്രോത്ത്, കല്‍പേനി എന്നീ ദ്വീപുകളില്‍ അതിശക്തമായ കൊടുങ്കാറ്റ് അടിച്ചു. തിരമാലകള്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ദ്വീപിലേക്ക് ഇരമ്പിക്കയറി. നിമിഷനേരംകൊണ്ട് രണ്ടു ദ്വീപുകളും വെള്ളത്തിനടിയിലായി. തെങ്ങുകളെല്ലാം കടപുഴകി വീണു. വീടുകളുടെയും പള്ളികളുടെയും മേല്‍ക്കൂരകള്‍ പറന്നു കടലില്‍ പതിച്ചു. തോട്ടം മുഴുവന്‍ ഉപ്പുവെള്ളം കയറി നശിച്ചു. ജനങ്ങളില്‍ ഭൂരിഭാഗവും കടലിലൊലിച്ചുപോയി. ഏറെ ആളുകള്‍ കൊടുങ്കാറ്റിനു ശേഷമുള്ള സാംക്രമിക രോഗങ്ങളിലും പട്ടിണിയിലുംപെട്ട് മരിച്ചു. ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ അറയ്ക്കല്‍ ബീവിക്കു സാധിച്ചില്ല. നാട്ടുകാര്‍ ബ്രിട്ടീഷുകാരോട് സഹായത്തിന് അഭ്യര്‍ത്ഥിച്ചു. അക്കാലത്ത് മലബാറിലെ അസിസ്റ്റന്റ് കലക്ടറായിരുന്ന ഡബ്ല്യൂ. റോബിന്‍സണ്‍ കപ്പലുമായി ദ്വീപിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അദ്ദേഹം ജനങ്ങളെ വിവിധ ദ്വീപുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങിയ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ലക്ഷക്കണക്കിനു രൂപ ഈ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവന്നു. ആ സംഖ്യ ഉടന്‍ കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷുകാര്‍ അറയ്ക്കല്‍ ബീവിക്ക് കത്തുനല്‍കി. സാമ്പത്തിക പരാധീനതകള്‍ അനുഭവിച്ചുകൊണ്ടിരുന്ന രാജകുടുംബത്തിന് ആ സംഖ്യ നല്‍കാന്‍ കഴിഞ്ഞില്ല. പിന്നെയും കാലതാമസം വരുത്തിയപ്പോള്‍ ബ്രിട്ടീഷുകാര്‍ ദ്വീപുകള്‍ ജപ്തി ചെയ്‌തെടുത്തു. ഇങ്ങനെ ലക്ഷക്കണക്കിനു രൂപയ്ക്കു പകരമായി പിടിച്ചെടുത്ത ദ്വീപുകളാണ് ഈ തെക്കന്‍ ദ്വീപുകള്‍ (ലക്ഷദ്വീപ് ഗസറ്റിയര്‍).

ബ്രിട്ടീഷുകാര്‍ വടക്കന്‍ ദ്വീപുകളെ (ടിപ്പുവിന്റെ കൈവശമിരുന്ന ദ്വീപുകള്‍) തെക്കന്‍ കര്‍ണാടക ജില്ലയുടെ ഭാഗമായും തെക്കന്‍ ദ്വീപുകളെ (അറയ്ക്കല്‍ ബീവിയുടെ കൈവശമിരുന്ന ദ്വീപുകള്‍) മലബാര്‍ ജില്ലയുടെ ഭാഗമായുമാണ് ഭരണം നിര്‍വഹിച്ചുവന്നത്. 1956-ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ദ്വീപുകളെ പണ്ടെന്നപോലെ കേരളത്തിന്റെ ഭാഗമാക്കേണ്ടതായിരുന്നു. എന്നാല്‍ ദ്വീപുകളുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയും അതോടൊപ്പം രാജ്യരക്ഷാപരമായ പ്രാധാന്യവും പരിഗണിച്ച് അവയെ കേന്ദ്രഭരണപ്രദേശമായി നിറുത്തുകയാണ് ചെയ്തത്. അങ്ങനെ ഭരണപരമായി ദ്വീപുകള്‍ വേര്‍പെട്ടുപോയെങ്കിലും ദ്വീപുകള്‍ക്ക് കേരളവുമായുള്ള ബന്ധത്തിന് ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല ആധുനികസൗകര്യങ്ങള്‍ കൂടിവന്നപ്പോള്‍ രണ്ടു പ്രദേശങ്ങള്‍ക്കുമിടയ്ക്കുള്ള ബന്ധം കൂടുതല്‍ സുദൃഢമാവുകയാണു ചെയ്തത്.


#outlook
Leave a comment