
ചരിത്രം സിപിഎമ്മിനൊപ്പം, അട്ടിമറി കോണ്‍ഗ്രസിനൊപ്പവും
ഉപതിരഞ്ഞെടുപ്പിന്റെ ആളും ആരവുമൊരുങ്ങുമ്പോള്‍ പാലക്കാട് മണ്ഡലത്തിലെപോലെ ഉള്‍പ്പോരുകളോ പുത്തന്‍കൂട്ടുകാരോ ഇല്ലാതെയാണ് ചേലക്കര തയ്യാറെടുക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ ഉരുള്‍പൊട്ടലുകളോ സ്ഥാനാര്‍ത്ഥിയാകാനുള്ള വടംവലികളോ ഒന്നുമില്ലാതെ ശാന്തമായി കടന്നുപോകുന്ന ഉപതിരഞ്ഞെടുപ്പിനാണ് ചേലക്കര സാക്ഷ്യം വഹിക്കുന്നത്. തിരിഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എല്‍ഡിഎഫിനും യുഡിഎഫിനും ഉള്ള സ്ഥാനാര്‍ത്ഥികള്‍ ഏറെക്കുറെ ഉറപ്പായിരുന്നു. ബിജെപിയുടെ കാര്യത്തില്‍ മാത്രമായിരുന്നു ആലോചന നീണ്ടത്. അത് പാലക്കാടത്തെപ്പോലെ തര്‍ക്കത്തിലായിരുന്നില്ല എന്ന് മാത്രം. ഏകദേശം മൂന്ന് ദശകത്തോളമായി ചേലക്കരയില്‍ പാറിയത് ചെങ്കൊടി മാത്രമായിരുന്നു. 1996ലാണ് ചേലക്കര വലത്ത് നിന്ന് ഇടത്തേക്ക് ചുവട് മാറിയത്. അന്ന് കെ.രാധാകൃഷ്ണന്‍ പിടിച്ചെടുത്ത മണ്ഡലം പിന്നെ ഇന്നുവരെ സിപിഎമ്മിനൊപ്പം ചരിഞ്ഞുനിന്നതാണ് ചരിത്രം.
സിപിഎമ്മിന് പാട്ടും പാടി ജയിക്കാമെന്നു കരുതുന്ന മണ്ഡലമാണ് ചേലക്കര.എന്നാല്‍,ആലത്തൂരില്‍ ഒരിക്കല്‍ സി.പി.എമ്മിനെ പാട്ടുപാടി തോല്‍പ്പിച്ച ആ പാട്ടുകാരി ചേലക്കരയില്‍ എത്തിയിരിക്കുന്നു എന്നതാണ് ഇത്തവണത്തെ മണ്ഡല വിശേഷം.1996ല്‍ കെ.രാധാകൃഷ്ണന്‍ തുടങ്ങിവച്ച ചുറ്റിക അരിവാള്‍ വിജയം 2021ല്‍ അദ്ദേഹത്തില്‍ത്തന്നെ എത്തിനില്‍ക്കുകയാണ്. അത് 2026 വരെ തുടര്‍ന്ന് വിജയത്തിന്റെ 30 വര്‍ഷങ്ങള്‍ തികക്കാമായിരുന്നു. എന്നാല്‍, രാധാകൃഷ്ണനെ ഡല്‍ഹിക്ക് വിട്ടതോടെയാണ് അത് 28ല്‍ എത്തി,ഒരു ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് മണ്ഡലം എത്തിയത്. കെ.രാധാകൃഷ്ണന്‍ തുടങ്ങിവക്കുകയും പിന്നീട് ഇടക്ക് ആളൊന്നുമാറിയിട്ടും ജയം മാറാത്തതിനാല്‍, ചേലക്കര വിജയത്തെ രാധാകൃഷ്ണ വിജയം എന്നു മാത്രം പറയാനാവില്ല. അതുതന്നെയാണ് സിപിഎമ്മിന്റെ വിശ്വാസക്കരുത്തും.കെ.രാധാകൃഷ്ണന്‍ | PHOTO: FACEBOOK
1996 ന് മുമ്പ് ചേലക്കരയെ ഒരു സിപിഎം മണ്ഡലമെന്ന് പറയാന്‍ ആവുമായിരുന്നില്ല. കെ.കെ ബാലകൃഷ്ണന്‍, ഡോ.എം.എ കുട്ടപ്പന്‍, എം.പി താമി എന്നീ കോണ്‍ഗ്രസുകാര്‍ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. ബാലകൃഷ്ണനും കുട്ടപ്പനും മന്ത്രിമാരായും പ്രവൃത്തിച്ചിട്ടുണ്ട്. ബാലകൃഷ്ണന്‍ നാലുതവണയാണ് വിജയം കണ്ടത്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും അദ്ദേഹത്തിന്റേതായിരുന്നു. 1965ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം 106 വോട്ടിനാണ് സി.പി.എമ്മിലെ സി.കെ.ചക്രപാണിയെ തോല്‍പ്പിച്ചത്.ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കെ.രാധാകൃഷ്ണന്റേതു തന്നെ. 2021ല്‍ അദ്ദേഹത്തിനു കിട്ടിയത് 39,400 വോട്ടിന്റെ ഭൂരിപക്ഷമാണ്. രാധാകൃഷ്ണന്‍ മന്ത്രിയും സ്പീക്കറുമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എംപിയും.
കെ.രാധാകൃഷ്ണന്‍ മത്സരിക്കാതിരുന്ന 2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച യു.ആര്‍. പ്രദീപിനെയാണ് വീണ്ടും ഇത്തവണ സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. അന്ന് 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം കോണ്‍ഗ്രസ്സിലെ കെ.എ തുളസിയെ പരാജയപ്പെടുത്തിയത്. രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചപ്പോള്‍ത്തന്നെ പ്രദീപായിരിക്കും പകരക്കാരന്‍ എന്ന് ഉറപ്പിച്ചിരുന്നു. പാര്‍ട്ടിയിലാര്‍ക്കും മറ്റൊരു അഭിപ്രായവുമുണ്ടായിരുന്നില്ല. കെ.രാധാകൃഷ്ണന്റെ പിന്‍ഗാമിയായി എത്തിയ അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും പിന്‍ഗാമിയായി മാറിയിരുന്നു. അതിനാല്‍ പ്രദീപിന്റെ പൊതുസ്വീകാര്യതയിലാണ് സിപിഎം പ്രതീക്ഷ വെക്കുന്നത്. കഴിഞ്ഞ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോഴും വീഴാതെ നിന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ചേലക്കര. ആലത്തൂര്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ 5173 വോട്ടിന്റെ ഭൂരിപക്ഷവും ഉണ്ടായിരുന്നു സിപിഎമ്മിന്.
സിപിഎം ശക്തികേന്ദ്രമായ ആലത്തൂരില്‍ അഞ്ചുവര്‍ഷം മുമ്പ് ലോക്‌സഭയിലേക്ക് അട്ടിമറി വിജയം നേടിയതിന്റെ കരുത്താണ് കോണ്‍ഗ്രസിലെ രമ്യാ ഹരിദാസിന് കൈമുതല്‍. 2019ലെ തിരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് എംപിയായിരുന്ന പി.കെ.ബിജുവിനെ 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ തോല്‍പ്പിച്ചത്. അന്ന് ചേലക്കരയിലും അവര്‍ 23,695 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.കോഴിക്കോട്ടു നിന്നെത്തിയ പുതുമുഖമായിരുന്ന രമ്യ അന്ന് പാട്ടുപാടിക്കൊണ്ടു കൂടിയാണ് ജനങ്ങളെ കൈയിലെടുത്തത്. അന്നുണ്ടായിരുന്ന യുഡിഎഫ് കാറ്റിനെ കൊടുങ്കാറ്റാക്കി മാറ്റാന്‍ പി.കെ. ബിജുവിനോടുള്ള അതൃപ്തിയും സിപിഎം നേതാവ് എ.വിജയരാഘവന്റെ പരാമര്‍ശങ്ങളും ഇടയാക്കിയിരുന്നു. ചേലക്കരയില്‍ അന്ന് രമ്യ നേടിയ കാല്‍ലക്ഷത്തോളം ഭൂരിപക്ഷം അസാധ്യമായി ഒന്നുമില്ല എന്നതിന്റെ സൂചനയുമായിരുന്നു. എന്നാല്‍, ആറുമാസം മുമ്പ് നടന്ന ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ തോറ്റതിന് കിട്ടിയ സാന്ത്വന സ്ഥാനാര്‍ഥിത്വവുമായിട്ടാണ് രമ്യ ഇത്തവണ എത്തിയിരിക്കുന്നത്.രമ്യാ ഹരിദാസ് | PHOTO: FACEBOOK
ആലത്തൂരിലെ രമ്യയുടെ തോല്‍വിക്കു പിന്നില്‍ കോണ്‍ഗ്രസിലെ എതിര്‍പ്പ് ഒരു കാരണമായിരുന്നു. ആ പിണക്കങ്ങള്‍ മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് കണ്ടറിയേണ്ടതാണ്. എങ്കില്‍ മാത്രമേ, യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടില്‍ പ്രതീക്ഷ വെക്കാനാവൂ. പക്ഷേ, അതിനേക്കാള്‍ പ്രധാനപ്പെട്ട വസ്തുത രമ്യഹരിദാസ് 2019ല്‍ ആലത്തൂരില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചപ്പോള്‍ ചേലക്കര മണ്ഡലത്തില്‍ കിട്ടിയ ഭൂരിപക്ഷം 23,695 വോട്ടായിരുന്നു. ഇക്കഴിഞ്ഞ ലോകസഭാ മണ്ഡലത്തില്‍ ആ ഭൂരിപക്ഷം പോയി എന്ന് മാത്രമല്ല, കെ. രാധാകൃഷ്ണന് 5,173 വോട്ടിന്റെഭൂരിപക്ഷമാണ് ലഭിച്ചത്. ഏതാണ്ട് 28,868 വോട്ടാണ് രമ്യയ്ക്ക് കുറഞ്ഞത്. അതായത്, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ ചേലക്കര മണ്ഡലം തുടര്‍ന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ലോകസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനൊപ്പം നിന്നുവെന്നതാണ്. ഈ കണക്കാണ് എല്‍ഡിഎഫിന് സാന്ത്വനമേകുന്ന പ്രധാന ഘടകം. ഭരണവിരുദ്ധ വികാരം അങ്ങനെ ചേലക്കരയില്‍ ആളിക്കത്തില്ലെന്ന വിശ്വാസം അവര്‍ക്ക് ആശ്വസമാകുന്നു. എന്നാല്‍, രമ്യ 2019 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍.കെ സുധീര്‍ പിവി അന്‍വറിന്റെ സ്ഥാനാര്‍ഥിയായി എത്തിയിട്ടുമുണ്ട്. പ്രാദേശിക നേതാവായ കെ.ബാലകൃഷ്ണനാണ് ബിജെപി സ്ഥനാര്‍ഥി. ബി ജെ പി, ആദ്യം ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ച ഡോ. ടി എന്‍ സരസുവിനെ നിര്‍ത്തുന്ന കാര്യം പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അത് പ്രാദേശിക നേതാവിലേക്ക് എത്തുകയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24,045 വോട്ടാണ് ബി.ജെ.പി നേടിയത്.