
പിടി തരാത്ത ചെന്താമരമാര്‍ ഇനിയുമെത്ര? നാം പിന്നോട്ട് നടക്കുന്നോ?
നടുക്കുന്ന കൊലപാതകങ്ങൾക്ക് മുന്‍പില്‍ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. 2025 ജനുവരിയിലെ മാത്രം കണക്ക് പരിശോധിച്ചാല്‍ അതിക്രൂരമായ എട്ട് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. അതായത് വെറും 31 ദിവസങ്ങൾക്കുള്ളിലാണ് എട്ട് കൊലപാതങ്ങൾ സംഭവിച്ചത്. ഇതൊന്നും ഏതെങ്കിലും സംഘർഷങ്ങളുടെ ഭാഗമായുള്ളവയല്ല, മറിച്ച് വളരെ വ്യക്തിഗതമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന കൊലപാതകങ്ങളാണ് എന്നതാണ് ഏറെ ആശങ്കാജനകമായ കാര്യം. എറണാകുളം ചേന്ദമംഗലത്ത് മൂന്നും, പാലക്കാട് രണ്ടും, തൃശൂരും തിരുവനന്തപുരത്തെ കഠിനകുളത്തും ബാലരാമപുരത്തും ഓരോന്നും. അസാധാരണവും ഭീകരവുമായിട്ടുള്ള കൊലകള്‍ ആയിരുന്നു ഇവയെല്ലാം. ഇതില്‍ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് കടുത്ത അന്ധവിശ്വാസത്തിന്റെയും ദുര്‍മന്ത്രവാദത്തിന്റെയും സ്വാധീന ഫലമായാണ്. ഈ കൊലപാതകങ്ങൾ കേരളം എങ്ങോട്ട് പോകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.
പലതരം അന്ധവിശ്വാസങ്ങള്‍ കേരളത്തില്‍ ഇപ്പോഴും കൊടികുത്തി വാഴുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന സംഭവങ്ങൾ, അതിക്രൂരമായി അരങ്ങേറാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. 21ആം നൂറ്റാണ്ടിൽ, എഐ കാലത്താണ് അന്ധവിശ്വാസങ്ങൾ അരങ്ങ് വാഴുന്നത്. ഇത് ക്രമേണ വലിയ ക്രിമിനല്‍ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുന്നതായാണ് ഏതാനും വര്‍ഷങ്ങളായി നാം കാണുന്നത്. കഴിഞ്ഞ നാലര പതിറ്റാണ്ടിനിടെ കേരളത്തില്‍ നടന്ന ദുര്‍മന്ത്രവാദ കൊലപാതകങ്ങള്‍ കേരളത്തിന്റെ തല കുനിക്കുന്നതാണ്. തമിഴ്‌നാട്ടിലെ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ഇടുക്കി പനംകുട്ടിയില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സോഫിയ എന്ന വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട് ചാണകം മെഴുകിയത് 1981ലാണ്. ഇതേ വര്‍ഷം തന്നെയാണ് നിധി ലഭിക്കാനായി ഒമ്പതാം ക്ലാസുകാരനെ മുണ്ടിയെരുമയില്‍ പിതാവും സഹോദരിയും ചേര്‍ന്ന് അരുംകൊല ചെയ്തത്.
REPRESENTATIVE IMAGE | WIKI COMMONS
കരുനാഗപ്പള്ളിയില്‍ 2019ലാണ് തുഷാര എന്ന യുവതിയെ മന്ത്രവാദിയുടെ വാക്കുകേട്ട് ബാധ ഒഴിപ്പിക്കാനായി കൊലപ്പെടുത്തിയതും. 2021ല്‍ പുതുപ്പള്ളി തെരുവില്‍ ആറു വയസ്സുകാരനെ ദൈവപ്രീതിക്കായി മാതാവ് ഷാഹിദ കൊലപ്പെടുത്തി. പത്തനംതിട്ടയില്‍ രണ്ടു സ്ത്രീകളെ മുറിക്കുള്ളില്‍ ക്രൂര കൊലപാതകത്തിന് ഇരയാക്കിയതും, നവജാത ശിശുവിന് പാൽ കൊടുക്കാതെ ഒരു ദിവസം നരകയാതന അനുഭവിപ്പിച്ചതിന് പിന്നിലും അന്ധവിശ്വാസമായിരുന്നു.
കേരളത്തെ നടുക്കിയ അതിക്രൂരമായ കേസായിരുന്നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ ഗ്രാമത്തില്‍ നടന്നത്. ധാരാളം പണം കൈയിലെത്താന്‍ ആഗ്രഹിച്ചാണ് പ്രതികള്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി വീടിനോട് ചേര്‍ന്ന് പുരയിടത്തില്‍ കുഴിച്ചിട്ടത്. ഒരു വശത്ത് നമ്മള്‍ ശാസ്ത്രത്തിലൂടെ പുതിയ അറിവുകള്‍ നേടുകയും, മറ്റൊരു വശത്ത് അന്ധവിശ്വാസം കാലാനുസൃതമായ മാറ്റങ്ങളോടുകൂടി വളരുകയും ചെയ്യുന്നു എന്നതാണ് ഇത്തരം കുറ്റകൃത്യങ്ങളിലൂടെ വെളിവാകുന്നത്. അടുത്തിടെ കേരളം ഏറെ ചര്‍ച്ച ചെയ്ത ഷാരോണ്‍ വധക്കേസ്, പോത്തുണ്ടിയിലെ ചെന്താമര നടത്തിയ കൊലപാതകങ്ങള്‍, ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഈ മൂന്ന് കൊലകളും അരങ്ങേറിയത് അന്ധവിശ്വാസം മൂലമാണ്.
പാറശാലയില്‍ നടന്ന കൊലപാതകം, ജ്യോതിഷപ്രകാരം ആദ്യ ഭര്‍ത്താവിന്റെ മരണം എന്ന വിശ്വാസത്തെ രക്ഷിക്കാൻ വേണ്ടിയായിരുന്നു എന്നാണ് വാർത്ത. ഈ വിശ്വാസത്തിനായി വിദ്യാസമ്പന്നയായ ഗ്രീഷ്മ നടത്തിയ ക്രൂരതയ്ക്ക് മുന്നില്‍ നഷ്ടപ്പെട്ടത് ഷാരോണ്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതമായിരുന്നു. ഷാരോണ്‍ കൊലപാതകത്തില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ നടപ്പിലാക്കിയ വിധിയും തുടര്‍ചര്‍ച്ചകളും കത്തിനില്‍ക്കുമ്പോഴാണ് അതിക്രൂരമായി രണ്ടു മനുഷ്യജീവനുകളെ വെട്ടി കൊലപ്പെടുത്തിയ ചെന്താമരയുടെ വാര്‍ത്ത വരുന്നത്.
REPRESENTATIVE IMAGE | WIKICOMMONS
നിരപരാധികളായ രണ്ടു മനുഷ്യരെ അരും കൊല ചെയ്ത ചെന്താമര, കൃത്യം നടത്തിയതിനുശേഷം 36 മണിക്കൂര്‍ പിന്നിട്ട് ചൊവ്വാഴ്ച രാത്രി പത്തിനാണ് തിരുത്തല്‍ പാടത്തെ വീടിനു സമീപത്ത് നിന്നും പൊലീസിന്റെ പിടിയിലായത്. അറസ്റ്റില്‍ ആയിട്ടും തന്റെ ശരീരഭാഷയിലൂടെ ചെന്താമര സിസ്റ്റത്തെ വെല്ലുവിളിക്കുന്നതാണ് നാം കണ്ടത്. ഇനിയും പുറത്തിറങ്ങാന്‍ അവസരം ലഭിച്ചാല്‍ തയ്യാറാക്കി വച്ച പട്ടികയില്‍ അവശേഷിക്കുന്നവരെയും കൊലപ്പെടുത്തും എന്നാണ് ചെന്താമര പറയുന്നത്. ചെയ്തുപോയ കുറ്റകൃത്യങ്ങളില്‍ ലവലേശം മനസ്സാക്ഷിക്കുത്തില്ലെന്നും, മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വരുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമുള്ള ചെന്താമരയുടെ നിസംഗ ഭാവത്തില്‍ നിന്നും വ്യക്തമാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പൊലീസിന്റെയോ നിയമത്തിന്റെയോ മുന്‍പില്‍ അല്ല, വിശപ്പിന്റെ മുന്‍പിലാണ് ആ മനുഷ്യൻ കീഴടങ്ങിയത്.
സജിത എന്ന സ്ത്രീയെ 2019ലാണ് ചെന്താമര കൊലപ്പെടുത്തുന്നത്. ഈ കൊലപാതകം നടത്തുന്നതിന് ആറുമാസം മുമ്പ് ചെന്താമരയുടെ ഭാര്യ പിണങ്ങി പോയി. അന്നു തുടങ്ങിയ പകയാണ് ക്രൂരമായ മൂന്ന് കൊലപാതകങ്ങളിലേക്ക് ഇയാളെ കൊണ്ടെത്തിച്ചത്. അന്ധമായ ജ്യോതിഷ വിശ്വാസം ഇയാളിലെ കൊലയാളിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 15 ദിവസം ജോലിക്ക് പോവുകയും, 15 ദിവസം വീട്ടിലിരിക്കുകയും ചെയ്യുന്ന ഇയാള്‍ കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ജ്യോതിഷികള്‍ക്ക് കൊടുക്കാനായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഇയാള്‍ ജ്യോത്സ്യനെ കാണുന്നു. തുടര്‍ന്ന് സമീപത്തെ നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബത്തിന് പ്രശ്‌നം എന്ന ജ്യോതിഷിയുടെ വാക്കില്‍ വിശ്വസിച്ച ഇയാള്‍ സജിതയെ കൊലപ്പെടുത്തുകയായിരുന്നു.
ചെന്താമരയെ കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്നതിലേക്ക് നയിച്ചത് ജ്യോതിഷത്തിലും ജ്യോതിഷിയിലുമുള്ള വിശ്വാസമായിരുന്നു. വൈരാഗ്യത്തെ അന്ധവിശ്വാസം കൊണ്ട് മൂര്‍ച്ച കൂട്ടിയതോടെയാണ് സജിതയുടെ കൊലപാതകം നടക്കുന്നത്. ചെന്താമരയുടെ കുടുംബബന്ധത്തിലെ പ്രധാന പ്രശ്‌നം ഇയാളുടെ സ്വഭാവ വൈകൃതവും സംശയരോഗവും മൂലം ഉണ്ടായതാണ്. എന്നാല്‍ ചില അദൃശ്യ ശക്തികളെ അന്ധമായി ആരാധിക്കുന്ന ഇത്തരം ആളുകള്‍, തങ്ങള്‍ കാരണം യാതൊരു പ്രശ്‌നവും ഉണ്ടാകുന്നില്ലെന്നും, തന്റെ തോല്‍വി മറ്റൊരാള്‍ കാരണമാണെന്നും വിശ്വസിക്കുന്നു. ആ വിശ്വാസം അവരെ അരുംകൊലകളിലേക്ക് നയിക്കുന്നുവെന്ന് വേണം ഈ സംഭവങ്ങളെ വിലയിരുത്തുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നാം ദിവസവും ദുരൂഹത തുടരുകയാണ്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതി ഹരികുമാറിന് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തനിക്ക് ഉള്‍വിളി ഉണ്ടായതിനെത്തുടര്‍ന്നാണ് കുട്ടിയെ കിണറ്റിലേക്കിട്ടതെന്നും ഹരികുമാര്‍ പറയുന്നു. പരസ്പരവിരുദ്ധമായ പ്രതിയുടെ മൊഴികളില്‍ വലയുകയാണ് പൊലീസ്.
ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ വാര്‍ത്തക്ക് പിന്നിലും ഒരു ജ്യോത്സ്യന്റെ സ്വാധീനം സംശയിക്കുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസന്‍, പിന്നീട് കാഥികന്‍ എസ് പി കുമാറായി മാറി. തുടര്‍ന്ന് ഇയാള്‍ ദേവീദാസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നെന്നും വിവരമുണ്ട്. 36 ലക്ഷം രൂപ കുടുംബത്തില്‍ നിന്നും തട്ടിയെടുത്തെന്ന പരാതിയിലാണ് ജ്യോതിഷി ദേവീദാസനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. അന്ധവിശ്വാസവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ല. പക്ഷെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്നാണ് സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നത്.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യുറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലൊട്ടാകെ 1,500ലധികം ആളുകള്‍ മന്ത്രവാദത്തിന്റെ പേരില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇത്തരം ദുര്‍മന്ത്രവാദ കുറ്റകൃത്യങ്ങളില്‍ ചാട്ടവാറടി, ബലാത്സംഗം, ചുട്ടുകൊല്ലല്‍ എന്നിവ ഉള്‍പ്പെടുന്നു. മുറിവേല്‍പ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നത് ഐപിസിയുടെ 319, 320 വകുപ്പുകള്‍ പ്രകാരവും; ആക്രമണം, ക്രിമിനല്‍ പ്രയോഗം എന്നിവ 352 പ്രകാരവുമാണ് കൈകാര്യം ചെയ്യുന്നത്. കൊലപാതകം, കുറ്റകരമായ നരഹത്യ എന്നിവ 302, 304ല്‍ ഉള്‍പെടുന്നു. എന്നാല്‍ ഇവയൊക്കെ നിലനില്‍ക്കുമ്പോഴും ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാകുന്നില്ല.
REPRESENTATIVE IMAGE | WIKI COMMONS
എന്‍സിആര്‍ബിയുടെ 2021 റിപ്പോര്‍ട്ട് അനുസരിച്ച് ആറ് മരണങ്ങള്‍ നരബലിയുമായി ബന്ധപ്പെട്ടിരിക്കുന്നു, 68 മരണങ്ങള്‍ മന്ത്രവാദത്തില്‍ ഏര്‍പ്പെട്ടതാണ്. ഛത്തീസ്ഗഢിലാണ് ഏറ്റവും കൂടുതല്‍ മന്ത്രവാദ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (20), തൊട്ടുപിന്നാലെ മധ്യപ്രദേശ് (18), തെലങ്കാന (15) എന്നിവയാണ്. എന്‍സിആര്‍ബി ഗവേഷണമനുസരിച്ച്, 2020ല്‍ ഇന്ത്യയില്‍ 88 പേര്‍ മന്ത്രവാദം മൂലം മരിച്ചു. 11 പേര്‍ നരബലിയുടെ ഭാഗമായി മരിച്ചതായാണ് കണക്ക്.
ആഭിചാരക്രിയ, രോഗശാന്തി ശുശ്രൂഷകള്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിലിന്ന് ആഴത്തിൽ വേരൂന്നിയിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തടുക്കുന്നതിനു നിയമനിര്‍മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം നിയമപരിഷ്‌കരണ കമ്മീഷന്റെ പരിഗണനയിലാണ്. എന്നാല്‍ കഴിഞ്ഞ കാലയളവില്‍ അന്ധവിശ്വാസ നിരോധന ബില്ല് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പരാജയമാണ് മാറിമാറി വന്ന ഓരോ സര്‍ക്കാരുമെന്നതാണ് വസ്തുത.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 2014ൽ , അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവരുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും എഡിജിപിയായിരുന്ന എ ഹേമചന്ദ്രന്‍, ബില്ലിന്റെ കരട് തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് അവിടെ അവസാനിച്ചു. തുടര്‍ന്ന് 2018ല്‍ എംഎല്‍എയായിരുന്ന പി ടി തോമസ്, ആള്‍ദൈവങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിക്കുന്ന അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവന്നു. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മീഷന്‍ ‘ദി കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യുമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്റ് ബ്ലാക് മാജിക് ബില്‍ - 2019' എന്ന കരട് ബില്‍ കൊണ്ടുവന്നു. 2021ല്‍ നിയമസഭയില്‍ കെ ഡി പ്രസേനന്‍ 'കേരള അന്ധവിശ്വാസ-അനാചാര നിര്‍മാര്‍ജന ബില്‍ - 2021' അവതരിപ്പിച്ചു. പക്ഷേ ഇതുവരെയും അങ്ങനെ ഒരു നിയമം അംഗീകരിക്കാന്‍ കേരള നിയമസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ ബില്ലുകളെല്ലാം തന്നെ മതസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നും, പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായരൂപീകരണം നടത്താന്‍ സര്‍ക്കാരിന് കഴിയാതെ വന്നതിനെ തുടര്‍ന്നും ചവറ്റുകൊട്ടയിലായി. ഒരുതരത്തില്‍ പറഞ്ഞാല്‍ ആരെയൊക്കെയോ പ്രീതിപ്പെടുത്തുന്നതിനായി ദുരൂഹമായ നിസ്സംഗതയാണ് മാറിമാറി വന്ന എല്ലാ സര്‍ക്കാരുകളും ഇക്കാര്യത്തിൽ സ്വീകരിച്ചത്.
കേരള നിയമസഭ | PHOTO : WIKI COMMONS
1954ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ക്ഷനബിള്‍ അഡ്വവര്‍ടൈസ്മെന്റ് ആക്റ്റ് - 1954) നിയമം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉല്‍പ്പന്നങ്ങളും കുറ്റകരമാണെന്ന് വ്യക്തമാക്കുന്നതാണ്. എന്നാല്‍ നിലവിലെ വസ്തുത പരിശോധിച്ചാല്‍ മുന്‍ നിര പത്രമാധ്യമങ്ങളിലുള്‍പ്പെടെ മാന്ത്രിക ഏലസ്സുകളുടെയും, രോഗശാന്തി ചികിത്സകളുടെയും, അല്ലാത്ത ചികിത്സകളുടെയും മരുന്നുകളുടെയും ഭാഗ്യനക്ഷത്രക്കല്ലുകളുടെയും മറ്റും പരസ്യങ്ങള്‍ നിര്‍ബാധം തുടരുന്നത് കാണാന്‍ കഴിയും.
ആണ്‍കുഞ്ഞ് ജനിക്കുന്നതിന് വേണ്ടി കുടുംബത്തിലെ പെണ്‍കുട്ടിയെ ബലി നല്‍കിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വാര്‍ത്തയെ നിശിതമായി വിമര്‍ശിക്കുന്ന കേരളത്തില്‍, അന്ധവിശ്വാസങ്ങളുടെ പേരില്‍ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും നടക്കുന്നുവെന്നതാണ് വൈരുദ്ധ്യം. അതിന് മാധ്യമങ്ങളുടെ അന്ധവിശ്വാസ പ്രചാരണത്തിനുള്ള പങ്കും കുറവല്ല. അന്ധവിശ്വാസത്തിന്റെ ചരടില്‍ തളക്കപ്പെട്ട ചെന്താമരകള്‍ ഇനിയും ഏറെ നമുക്കു ചുറ്റുമുണ്ട്. പിടിക്കപ്പെടുമെന്ന് ഉറപ്പായിട്ടും ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് കടന്നുചെല്ലാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കും?
ഇത്തരം ചിന്തകളെ ഒഴിവാക്കുന്നതിനായി സാമൂഹിക/ശാസ്ത്രീയ അവബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ചെറിയ ക്ലാസുകളില്‍ നിന്നു തന്നെ തുടങ്ങേണ്ടതാണ്. എന്നാൽ, കെട്ടുകഥകളെ ശാസ്ത്രമായി വ്യാഖ്യാനിച്ച്, ശാസ്ത്രത്തെ പാഠപുസ്തകത്തില്‍ നിന്ന് പുറത്താക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം പുതിയ സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങള്‍ കൂടുതല്‍ ശക്തിപ്പെടാനെ ഇടയാക്കുകയുള്ളു.
കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ നിയമവും നിയമപാലകരും പാടെ പരാജയപ്പെട്ടത് ചെന്താമരയുടെ കൊലപാതക കൃത്യങ്ങളില്‍ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാം. ചെന്താമര നടത്തിയ ഈ രണ്ടു കൊലപാതകങ്ങളിലും നമ്മുടെ സിസ്റ്റവും ഒരു പരിധി വരെ കാരണമായിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച എടുത്തു പറയേണ്ടതാണ്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ താമസിച്ചത് അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് പൊലീസിന്റെ ഭാഗത്തെ വീഴ്ചയാണ്. ഇക്കാരണത്താൽ നഷ്ടമായത് രണ്ടു ജീവനാണ്.
ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും ആയി ബന്ധപ്പെട്ട ക്രൈം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ അത്തരം കേസുകളെ സമീപിക്കുന്ന രീതിയെ വിമർശനാത്മകമായി വിലയിരുത്തേണ്ടതാണ്. ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ രണ്ട് പെണ്‍കുട്ടികളെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ച് നിരന്തരം "ബൈറ്റ് " സംപ്രേഷണം ചെയ്യുന്നതിലൂടെ അതി വൈകാരികതയെ മാര്‍ക്കറ്റ് ചെയ്യുക എന്ന വിപണന തന്ത്രത്തിലേക്ക് മാധ്യമങ്ങള്‍ മാറുന്നു. ഇത്തരം പ്രവണത പല കേസുകളിലും ആവര്‍ത്തിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ആറാലും മൂട് ഗോപന്റെ മരണത്തെ ഒരു സമാധിയാക്കി കൊട്ടിഘോഷിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. തികച്ചും അന്ധവിശ്വാസത്തിന്റെ പുറകെ പോയി വ്യൂസും റേറ്റിംങ്ങും കൂട്ടാന്‍ പരിശ്രമിച്ച മാധ്യമങ്ങളെയാണ് സമാധി കേസില്‍ നാം കണ്ടത്.
REPRESENTATIVE IMAGE | WIKI COMMONS
സാമൂഹികമാധ്യമങ്ങളില്‍ വായനക്കാരനെ പിടിച്ചു നിര്‍ത്താന്‍ ഇത്തരം ദുര്‍മന്ത്രവാദ-അന്ധവിശ്വാസ വാര്‍ത്തകളെ മുന്‍നിരമാധ്യമങ്ങള്‍ പോലും സമീപിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 'ചിക്കനും ചോറും ചോദിച്ച് ചെന്താമര, ലോക്കപ്പിൽ ആസ്വദിച്ചു തീറ്റ' - ഒരു മുന്‍നിര പത്രത്തിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന തലക്കെട്ട്. കുറ്റവാളിയെ തീറ്റിപ്പോറ്റുന്ന സമീപനമാണ് നമ്മുടെ നിയമവ്യവസ്ഥയ്ക്കുള്ളതെന്ന തെറ്റിദ്ധാരണാജനകമായ വാദത്തിലെ വൈകാരികതയെ ചൂഷണം ചെയ്യാനാണ് ഇത്തരം തലക്കെട്ടുകളിലൂടെ ശ്രമിക്കുന്നത്. ചിക്കനും ചോറും ആവശ്യപ്പെട്ട ചെന്താമരയ്ക്ക് അത് പോലീസ് നിഷേധിച്ചെന്ന വാര്‍ത്തയാണ് വസ്തുത. ജനശ്രദ്ധ പിടിച്ചു പറ്റാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കുന്ന നിലയിലേക്ക് മാധ്യമങ്ങള്‍ മാറുന്നത് ഈ കേസിലും നാം കണ്ടു. കുറ്റകൃത്യങ്ങളെ, കാഴ്ചക്കാരെയും വായനക്കാരെയും കൂട്ടുന്നതിനുവേണ്ടി മാത്രം ആഘോഷിക്കുന്ന മാധ്യമങ്ങളെയും, കുറ്റവാളികള്‍ക്കെതിരെയുള്ള ഇരകളുടെ പരാതികളില്‍ നിസംഗത പുലര്‍ത്തുന്ന സംവിധാനങ്ങളും, കേരളത്തിലെ അക്രമവാസനയ്ക്ക് എത്രത്തോളം വഴിയൊരുക്കുന്നുണ്ട് എന്ന് ഗൗരവപൂർവ്വം പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതക കേസുകള്‍ 2016 മുതല്‍ എടുത്തുനോക്കിയാല്‍ 305, 2017ല്‍305 ,2018ല്‍ 292, 2019ല്‍ 323, 2020ല്‍ 306, 2021ല്‍ 337, 2022ല്‍ 334, 2023ല്‍ 352, 2024ല്‍ 335 എന്നിങ്ങനെയാണ്. അതായത് ഈ കാലയളവിൽ കൊലപാതകകേസുകളിൽ കുത്തനെ ഉയർച്ചയോ താഴ്ചയോ സംഭവിക്കുന്നില്ല. എന്നാൽ, കേരളം പോലൊരു പ്രദേശത്തെ സംബന്ധിച്ച് ആശ്വാസ്യമായ രീതിയിലല്ല കാര്യങ്ങളുടെ പോക്ക് എന്നതുറപ്പാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു കാലത്ത് യുക്തിബോധത്തിനും ശാസ്ത്രബോധത്തിനും ലഭിച്ച സ്വാധീനം പാടെ നഷ്ടമാകുന്ന കാലത്തെയാണ് പുതിയ നൂറ്റാണ്ട് തുടക്കം മുതൽ അടയാളപ്പെടുത്തുന്നത് എന്ന് പറയേണ്ടിവരും. ഒരു കാലത്ത് കേരളത്തിൽ രൂപപ്പെട്ട പുരോഗമന പ്രസ്ഥാനങ്ങളൊക്കെ തന്നെ ഇന്ന് സമൂഹത്തിൽ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന നിലയിലേക്ക് ആയി കഴിഞ്ഞു. അവർക്ക് പകരം വന്ന യുക്തിവാദ പ്രസ്ഥാനങ്ങൾ സാമൂഹികബോധം തരിമ്പുപോലുമില്ലാത്ത, വർഗീയവാദ കാഴ്ചപ്പാടുകളുടെയും യുക്തിരഹിതവാദങ്ങളുടെയും മെഗാഫോണുകളും യുക്തിവാദദൈവങ്ങളുമായി ആഘോഷിക്കപ്പെടുന്നു. വിശ്വാസിയുടെ ആൾദൈവം പോലെ തന്നെ ചോദ്യം ചെയ്യപ്പെടാനാകാത്ത വ്യക്തിത്വമായി യുക്തിവാദിയുടെ ആൾദൈവവും മാറുന്ന കാഴ്ച ഒരുപക്ഷേ, കേരളത്തിന് മാത്രം സ്വന്തമായതായിരിക്കും. ചുരുക്കി പറഞ്ഞാൽ കേരളം നേരിടുന്ന പ്രതിസന്ധിയെ പരിഹരിക്കാൻ സാമൂഹികാവബോധവും, യുക്തിസഹമായി ചിന്തിക്കുന്നതുമായ പ്രസ്ഥാനങ്ങളോ വ്യക്തികളോ മാധ്യമങ്ങളോ മുഖ്യധാരയിലൊന്നും ഇല്ലെന്നതാണ് ഇന്നത്തെ പ്രതിസന്ധി.


