TMJ
searchnav-menu
post-thumbnail

Outlook

ഹൈദരാബാദ് സർവകലാശാല കോൺഗ്രസ് സർക്കാരിന്റെ കച്ചവടക്കൂറും രാഹുൽഗാന്ധിയുടെ മൗനവും

18 Apr 2025   |   4 min Read
ശബരി ഗിരിജ രാജൻ

രാഷ്ട്രീയ ബോധവും സാമൂഹിക ഉത്തരവാദിത്വവുമുള്ള വിദ്യാർത്ഥികൾ സർഗ്ഗാത്മക സമരങ്ങൾ കൊണ്ട് അനീതിക്കെതിരെ നിരവധി പോരാട്ടങ്ങൾ നടത്തിയ ചരിത്രമുള്ള ക്യാമ്പസാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാല. ആ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തും  2025 മാർച്ചിൽ വിദ്യാർത്ഥികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയത് ക്യാമ്പസിന്റെ ഭാഗമായ ഭൂമിയെ, ഒരു രാജ്യത്തെ അപൂർവ്വ ജൈവസമ്പത്തിനെ സംരക്ഷിക്കുവാൻ വേണ്ടിയാണ്. കോൺഗ്രസ് നയിക്കുന്ന തെലങ്കാന സർക്കാർ, മാർച്ച്‌ മാസം തുടക്കത്തിൽ, ഹൈദരാബാദ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിയുടെ ഭാഗമായിരിക്കുന്ന കാഞ്ചാ ഗച്ചിബൗളി വനമേഖലയിലെ 400 ഏക്കർ ഭൂമി ലേലത്തിൽ വിറ്റഴിക്കാൻ തീരുമാനമാണ് സമരത്തിന് കാരണമായി മാറിയത്.

1974ലാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാല സ്ഥാപിതമായത്. അന്നത്തെ ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി സെക്രട്ടറിയായ ബി രാമചന്ദ്ര റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം, 21 ഫെബ്രുവരി 1975 ലാണ് 2,324.05 ഏക്കർ ഭൂമി സർവകലാശാലക്കായി അന്ന് സംസ്ഥാന സർക്കാർ വിട്ടുനൽകുന്നത്. ഈ ഭൂമി വിദ്യാഭാസ - അനുബന്ധ പ്രവർത്തനങ്ങൾക്കായി വിട്ട് നൽകുന്നു എന്നും, ഭൂമി മറ്റു പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് സംസ്ഥാന സർക്കാരിന്റെയും സർവകലാശാലയുടെയും പരസ്പര ധാരണ പ്രകാരം മാത്രമേ സാധ്യമാവുകയുള്ളൂ എന്നുമായിരുന്നു ഉടമ്പടി.

അക്കാദമിക്ക് ആവശ്യങ്ങൾക്കോ, പൊതു മേഖല സ്ഥാപനങ്ങൾക്കോ വേണ്ടി മാത്രമാണ് പല തവണ സർവ്വകലാശാല ഭൂമി വിട്ടു നൽകിയിട്ടുണ്ട്. 1998ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (IIIT) യുടെയും, 2001ൽ ഗാച്ചിബൗളി സ്റ്റേഡിയത്തിന്റെയും സ്ഥാപനത്തിനായി സർവകലാശാല ഭൂമി നൽകിയിരുന്നു. പിന്നീട് 2004 ൽ തെലുങ്കുദേശം പാർട്ടി(TDP) തലവനായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ആന്ധ്രപ്രദേശ് സർക്കാർ, സർവകലാശാലയുടെ ഭാഗമായ 400 ഏക്കർ ഭൂമി ഐ എം ജി  ഭാരത എന്ന സ്പോർട്സ് അക്കാദമി കമ്പനിക്ക് അനുവദിച്ചു നൽകുന്നു. കമ്പനി ചെയർമാനായ ആഹോബില റാവോയുമായിരുന്നു കരാർ ഒപ്പുവെച്ചത്. ഇത് സർവകലാശാലയുടെ പൂർണ്ണ അനുവാദമില്ലാതെയുള്ള സർക്കാരിന്റെ വളരെ ഗൂഢമായ നീക്കമായിരുന്നു. എന്നാൽ 2006ൽ വൈ എസ് രാജശേഖര റെഡ്‌ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത് ചൂണ്ടി കാണിച്ച് ഭൂമി അനുവദിച്ചത് റദ്ദു ചെയ്തു. കമ്പനി തുടർന്നു നടത്തിയ നിയമ പോരാട്ടങ്ങൾക്ക് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ഇതു പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം തെലങ്കാന സർക്കാരിനാണ്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ലേലനടപടികൾ ആരംഭിച്ചത്. സർവകലാശാല അധികൃതരോട് ചർച്ച നടത്തുകയോ സർവ്വേ നടപടികൾ പൂർത്തീകരിക്കുകയോ ചെയ്യാതെയായിരുന്നു നടപടി. റവന്യു രേഖകൾ പ്രകാരം, സെറിലിങ്ങമ്പള്ളി മണ്ഡലത്തിലെ കാഞ്ചാ ഗാച്ചിബൗളി ഗ്രാമത്തിൽ സർവ്വേ നമ്പർ 25 എന്ന ഈ ഭൂമി സർക്കാർ ഭൂമിയാണ്. 1975 മുതൽ സർവ്വകലാശാല കൈവശം വച്ച് പോകുന്ന ഈ ഭൂമി പക്ഷെ സർവ്വകലാശാലക്ക് ഔദ്യോഗികമായ രേഖകൾ പ്രകാരം സർക്കാർ കൈമാറിയിട്ടില്ല.

UNIVERSITY OF HYDERABAD - [UOH], HYDERABAD - CampusStellarഹൈദരാബാദ് കേന്ദ്ര സർവകലാശാല | PHOTO: WIKI COMMONS
സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാന്സലറായ ഗുർബക്ഷ് സിങ്ങാണ് സർവകലാശാലയുടെ ഭൂമിയെ വളഞ്ഞുള്ള ചുറ്റുമതിൽ പണി കഴിപ്പിച്ചത്. 2,324 ഏക്കർ പരന്നു കിടക്കുന്ന ഭൂമിയിൽ നാല് വലിയ താടാകങ്ങൾ(105 ഏക്കർ), പാറകെട്ടുകൾ(400 ഏക്കർ), ജൈവവൈവിധ്യങ്ങൾ(255 ഏക്കർ), വൈദ്യുതി വികരണ ഭീമ നിലയങ്ങൾ(200 ഏക്കർ), റോഡുകൾ(65 ഏക്കർ) എന്നിവ നിലകൊള്ളുന്നു. ആയതിനാൽ കെട്ടിട നിർമ്മാണ യോഗ്യമായ ഭൂമി 1,300 ഏക്കറിന് താഴെയാണ്.

നഗരത്തിന്റെ ശ്വാസകോശമായി പ്രവർത്തിക്കുന്ന ഈ വന ഭൂമിയിൽ അനേകായിരം മരങ്ങളും ജീവജാലങ്ങളും കുടികൊള്ളുന്നു. ആയിര കണക്കിന് വർഷങ്ങൾ പഴക്കമുള്ള ശിലാ രൂപങ്ങൾ ഈ ഭൂമിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. 734 ൽ പരം ഇനങ്ങളിലുള്ള സസ്യങ്ങളും, 237 ൽ പരം ഇനങ്ങളിലുള്ള പക്ഷികളും, വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഇന്ത്യൻ സ്റ്റാർ ആമകൾ, മാനും, മയിലും, കാട്ടു പന്നികളും, എണ്ണമില്ലാത്ത അത്രയും ഉരഗങ്ങളും ഇവിടെ വിരഹിക്കുന്നു. വൈവിധ്യമായ ഇത്തരം ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രത്തിന്റെ സന്തുലിതാവസ്ഥ തകർക്കുന്ന കാഴ്ചയാണ് സർവകലാശാലയിൽ അരങ്ങേറിയത്.

മാർച്ച് 29 മുതൽ 31 വരെ പൊതു അവധി ആയെന്നിരിക്കെ, സർക്കാർ വളരെ തന്ത്രപൂർവ്വം ജെസിബികൾ  ക്യാമ്പ്സിൽ കൊണ്ടുവന്നു. വളരെ സൗകര്യപൂർവ്വം സർവകലാശാലയുടെ പ്രധാന കവാടം ഒഴിവാക്കി, ക്യാമ്പസ്സിനോട് ചേർന്നുള്ള ഗാച്ചിബൗളി സ്പോർട്സ് സ്റ്റേഡിയം വഴിയാണ് ഇവ നുഴഞ്ഞു കയറിയത്. വിദ്യാർത്ഥി യൂണിയൻന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഇതിനു എതിരെ പ്രതിഷേധിച്ചു. അവർ തെലുങ്കാന സർക്കാരിന്റെ കോലം കത്തിച്ചു. ജെസിബികളുടെ നീക്കം തടഞ്ഞ വിദ്യാർത്ഥികളെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പൊലീസുകാർ കയ്യേറ്റം ചെയ്യ്തു. തുടർന്ന് എതിർത്ത 50ഓളം വിദ്യാർത്ഥികൾ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ജെസിബികളുടെ എണ്ണം 100 ആയി ഉയർന്നു. കൂടൂതൽ പൊലീസ് എത്തി. വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായി. മാർച്ച് 30 ന് വിദ്യാർത്ഥികളുടെയും അധ്യാപക അനധ്യാപക സംഘടനകൾ ചേർന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി(JAC) രൂപികരിച്ചു. Teachers’ Association, Workers’ Union, Non-Teaching Employees Association, AIOBCSA, AISA, ASA, BSF, DSU,FRATENITY, JAKSA, MSF, PDSU, SFI, TSF എന്ന സംഘടനകൾ അതിന്റെ ഭാഗമായിരുന്നു. ഇതോടൊപ്പം പരിസ്ഥിതി പ്രവർത്തകർ, മനുഷ്യവകാശ പ്രവർത്തകർ, സ്ത്രീ സുരക്ഷാ സംരംക്ഷണ സംഘടനകൾ, പ്രതിപക്ഷ പാർട്ടികൾ, സിനിമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് തുടങ്ങി എണ്ണമറ്റാത്ത പൊതു പ്രതിഷേധം രാജ്യം പൊട്ടിപുറപ്പെട്ടു. Save HCU എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും ഈ വിഷയം ചർച്ചചെയ്യപ്പെട്ടു.

UoH students stage day-long protest against the proposed auction at Kancha  Gachibowli - The HinduREPRESENTATIVE IMAGE | WIKI COMMONS
പ്രതിഷേധങ്ങളുടെ ആദ്യ ദിനങ്ങളിൽ സർവ്വകലാശാല അധികൃതർ പ്രതികരിച്ചിരുന്നില്ല. മാർച്ച് 31ന് രജിസ്ട്രാർ പ്രസ്സ് നോട്ട് പ്രസിദ്ധികരിച്ചു. കേസിനു ആസ്പതമായ സർവ്വകലാശാലയുടെ 400 ഏക്കർ ഭൂമി, അതിർത്തി രേഖപ്പെടുത്തുന്നതിനായി റവന്യു അധികാരികൾ ജൂലൈ 2024ൽ സർവ്വേ നടത്തിയിട്ടില്ലയെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമ്മിനെന്സ് ആയി അംഗീകരിക്കപ്പെട്ടസർവകലാശാലയുടെ  ഭൂമി കയ്യേറുന്നതിൽ  നിന്നും സർക്കാർ പിൻവാങ്ങണം എന്നും അതിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രിൽ ഒന്നിന് സിവിൽ സൊസൈറ്റി ഗ്രൂപ്പ് ഒരു പബ്ലിക് ഇന്റെരെസ്റ്റ് ലിറ്റിഗേഷൻ (PIL) ഫയൽ ചെയ്യ്തു. തുടർന്ന് ഏപ്രിൽ രണ്ടിന് തെലങ്കാന ഹൈക്കോടതി മരം മുറിക്കുന്നത് സ്റ്റേ ചെയ്യ്തു കൊണ്ട് ഉത്തരവിറക്കി. ഇതേ ദിവസം സമരമുഖത്തുള്ള വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ക്യാമ്പസ്സിലെ അദ്ധ്യാപക സംഘടന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഏപ്രിൽ രണ്ടിന് വിദ്യാർത്ഥി യൂണിയന്റെ പ്രതിനിധികൾ കേന്ദ്ര വിദ്യാഭാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സന്ദർശിച്ച് വിശദമായ നിവേദനം സമർപ്പിച്ചു.

ഏപ്രിൽ മൂന്നിന് തെലങ്കാന ഹൈക്കോടതി ജഡ്‌ജി, ജുഡീഷ്യൽ രജിസ്ട്രാറിനോട് സ്ഥലം സന്ദർശിച്ച് അന്ന് വൈകുന്നേരം 3.30ന് മുൻപായി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അതുവരെ മരങ്ങൾ മുറിക്കുന്നത് നിർത്തിവെക്കുവാൻ സംസഥാനത്തിന്റെ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. ജുഡീഷ്യൽ രജിസ്ട്രാറിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി  അതേ ദിവസം ഈ വിഷയം പരിഗണിച്ച സുപ്രീം കോടതി ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ വന ഭൂമിയിലെ എല്ലാ ഇടപെടലും തടഞ്ഞിരിക്കുന്നു എന്ന് വ്യക്തമാക്കി. അപ്പോഴേക്കും നൂറുകണക്കിന് മരങ്ങൾ മുറിച്ചു മാറ്റി കഴിഞ്ഞിരുന്നു.

University of Hyderabad students launch indefinite protest, class boycott  over land dispute, university of hyderabad, indefinite protest, boycott,  machinery, campus, telangana governmentREPRESENTATIVE IMAGE | WIKI COMMONS
അതോടു കൂടി ഏപ്രിൽ മൂന്നിന് വിദ്യാർത്ഥികൾ തുടങ്ങി വച്ച നിരാഹാര സമരം അവർ അവസാനിപ്പിച്ചു എങ്കിലും, ഭൂമി സർവ്വകാലശാലയുടെ പേരിൽ രജിസ്റ്റർ ചെയ്യും വരെ അവരുടെ പോരാട്ടം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇത് കേവലം പരിസ്ഥിതി പ്രശ്‍നം മാത്രമായി കാണേണ്ടതില്ല, മറിച്ചു സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ആശ്രയമായ, ഉന്നത വിദ്യാഭാസത്തിന് ഇടമാകുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ അടിത്തറ തോണ്ടുന്നതായി കൂടി ഈ വിഷയത്തെ മനസ്സിലാക്കേണ്ടതുണ്ട്.

സമരം ചെയ്യ്ത വിദ്യാർത്ഥികളെ കുറുക്കന്മാരോടാണ് മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി ഉപമിച്ചത്. കാഞ്ച ഗച്ചിബൗളി വനമല്ല എന്നും അവിടെ സിംഹവും കടുവയുമല്ല ഉള്ളതെന്നും സർക്കാരിന്റെ വളർച്ചക്ക് തടയിടുന്ന കുറുക്കന്മാരാണ് ഉള്ളതെന്നുമാണ് കോൺഗ്രസ് മുഖ്യമന്ത്രി പറഞ്ഞത്. അനീതിക്ക് എതിരെ ശബ്‍ദമുയർത്തുന്ന, അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന വിദ്യാർത്ഥികളുടെ സംഘടിത ശക്തിയെന്തെന്നു സൂപ്രീം കോടതി വിധി അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം. വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പീടിക തുറക്കാനിറങ്ങിയ അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ പുതിയ തെലങ്കാന സർക്കാരിന്റെ കാര്യത്തിൽ പിഴച്ചു എന്ന് വേണം പറയാൻ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ സർവകലാശാലയ്ക്കു അനുവദിച്ച ഭൂമി കോൺഗ്രസ് സർക്കാർ തന്നെ വൻ സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചു കൊണ്ട് കച്ചവടം ചെയ്യാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ മൗനത്തിൽ വിദ്യാർത്ഥികളുൾപ്പെട്ട അക്കാദമിക അനക്കാദമിക സമൂഹം അസ്വസ്ഥരും നിരാശരുമാണ്.




 

 

 

#outlook
Leave a comment