.jpg)
ഹൈദരാബാദ് യൂണിവേഴ്‌സിറ്റി: ബിജെപിയുടെ വഴിയില്‍ പോകുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍
കഴിഞ്ഞ മൂന്ന് ആഴ്ചയായി ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമര മുഖത്താണ്. പരിസ്ഥിതിക്കെതിരെയും പൊതുവിദ്യാഭ്യാസത്തിനെതിരെയും തെലുങ്കാന സര്‍ക്കാര്‍ നടത്തുന്ന അക്രമണത്തെ ചെറുത്തു നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. ഹൈദരാബാദിലെ ജിഎച്ച്എംസി പരിധിയില്‍ വരുന്ന ഗച്ചിബോളിയില്‍ സ്ഥിതി ചെയ്യുന്ന ഹൈദരാബാദ് സര്‍വ്വകലാശാലയുടെ 400 ഏക്കര്‍ ഭൂമി ലേലം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് തുടര്‍ന്നാണ് സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായത്.
1974 തെലങ്കാന പ്രക്ഷോഭം ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ ആണ് ഇന്ദിരാഗാന്ധി വിഭാവന ചെയ്ത സിക്‌സ് ഫോര്‍മുല പ്രകാരം, ഭരണഘടന ഭേദഗതി വരുത്തി എച്ച് സി യു എന്നറിയപ്പെടുന്ന ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമാകുന്നത്. സരോജിനി നായിഡുവിന്റെ വസതിയായ ഗോള്‍ഡന്‍ ത്രെഷ്‌ഹോള്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച യൂണിവേഴ്‌സിറ്റിക്ക്, പിന്നീട്, 2,300 ഏക്കര്‍ വിസ്തീര്‍ണ്ണം ഉള്ള സ്ഥലം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ കൈമാറുകയായിരുന്നു. എച്ച്‌സിയുവില്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നുള്ള കുട്ടികളും, ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍പെടുന്ന കുട്ടികളും മറ്റ് സര്‍വകലാശാലകളേക്കാള്‍ കൂടുതല്‍ ഇവിടെ പഠിക്കുന്നു. കഴിഞ്ഞ 50 വര്‍ഷമായി മാതൃകാപരമായ മുന്നേറ്റങ്ങളാണ് കാഴ്ചവച്ചത്. മികച്ച ഗവേഷകരെയും ഉദ്യോഗസ്ഥരെയും മറ്റും സമൂഹത്തിനും നല്‍കിയ യൂണിവേഴ്‌സിറ്റി, ഇത്തവണത്തെ ക്യു എസ് റാങ്കിങ് പ്രകാരവും ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റി | PHOTO: WIKI COMMONS
ഈ സര്‍വകലാശാല രൂപീകരണത്തിന് പിന്നില്‍ 369 വിദ്യാര്‍ത്ഥികളുടെ രക്തസാക്ഷിത്വത്തിന്റെ ചോരച്ചൂടുണ്ട്. ഇന്ത്യയെ മൊത്തം ഇളക്കി മറിച്ച രോഹിത് വെമുല മൂവ്‌മെന്റ് പോലുള്ള പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതും സര്‍വകലാശാലയാണ്. ഇത്തരം ഒരു സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് വിറ്റഴിക്കുന്നത് ഏറ്റവും അധികം ബാധിക്കുന്നത് ദളിത്, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ആയിരിക്കും. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം രാജ്യത്തെമ്പാടും നിലനില്‍ക്കുമ്പോള്‍ ഒരു പൊതു സര്‍വകലാശാലയുടെ ഭൂമി വിറ്റ് സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കുക എന്നതാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാമൂഹികമായും വിദ്യാഭാസപരമായും ഇത് സൃഷ്ടിക്കുന്ന ദോഷഫലങ്ങള്‍ എത്രയെന്ന് വിലയിരുത്താനാകാത്തതാണ്.
ഇതിന് പുറമെയാണ്, ഈ 400 ഏക്കര്‍ ഭൂമിയുടെ തരംമാറ്റം കൊണ്ട് ഹൈദരാബാദിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് കാര്യമായ കോട്ടമാണ് സംഭവിക്കുക എന്നതിന്. 734 ഇനം സസ്യങ്ങളും, 10 സസ്തനി ഇനങ്ങളും, 15 ഉരഗ ഇനങ്ങളും, 220 പക്ഷി ഇനങ്ങളും ഉള്‍പ്പെടുന്ന ഒരു ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ട് ആണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ്. ഇതില്‍ സംരക്ഷിത വന്യജീവികളും ഉള്‍പ്പെടുന്നു. ഇതിനു പുറമേ ഹൈദരാബാദിന്റെ പാരിസ്ഥിതിക പൈതൃകത്തിന്റെ ഭാഗമായ പാറക്കൂട്ടങ്ങളും, മൂന്നു തടാകങ്ങളും ഈ ക്യാമ്പസിന്റെ ഭാഗമാണ്. ഹൈദരാബാദിന്റെ ഗ്രീന്‍ ലിങ്ക്‌സ് എന്നാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഈ നഗരവനത്തിനെ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതി മലിനീകരണം, ആഗോളതാപനം എന്നീ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെ ഹൈദരാബാദില്‍ അവശേഷിക്കുന്ന നഗരവനങ്ങളില്‍ ഒന്നിനെ തകര്‍ക്കാന്‍ ഒരുങ്ങുന്നതിനെതിരെ വരുംകാല സമൂഹത്തിന് കൂടി വേണ്ടിയാണ് വിദ്യാര്‍ത്ഥികളുടെ പോരാട്ടം.
REPRESENTATIVE IMAGE | WIKI COMMONS
ലേലം ചെയ്യുവാന്‍ തീരുമാനിച്ച 400 ഏക്കര്‍ ഉള്‍പ്പെടുന്ന യൂണിവേഴ്‌സിറ്റി ഈസ്റ്റ് ക്യാമ്പസിലേക്ക് സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തിലുള്ള കാല്‍നട യാത്രയോടെ മാര്‍ച്ച് 13ന് ആരംഭിച്ച സമരം, പിന്നീട് സ്റ്റുഡന്‍സ് യൂണിയന്‍, അധ്യാപക യൂണിയന്‍, അനധ്യാപക-തൊഴിലാളി യൂണിയന്‍ എന്നിവര്‍ ഒത്തൊരുമിച്ച് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് മുന്നോട്ടു പോവുകയായിരുന്നു. എന്നാല്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധം കൂട്ടാക്കാതെ പ്രോജക്റ്റുമായി മുന്നോട്ടു പോകുവാനും സമരം അടിച്ചമര്‍ത്താനും ആണ് രേവന്ത റെഡ്ഢി നയിക്കുന്ന തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി നിയമസഭയില്‍ വിദ്യാര്‍ത്ഥികളെ അവഹേളിച്ചുകൊണ്ട് പറഞ്ഞത്, 'ക്യാമ്പസില്‍ മാനുകളും കടുവകളും അല്ല, ഈ സംസ്ഥാനത്തിന്റെ വികസനത്തിനെതിരായ കൗശലക്കാരായ കുറുക്കന്മാരാണ് ഉള്ളത്' എന്നാണ്. ഈ പ്രസ്താവനക്കെതിരെ സര്‍ക്കാരിന്റെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചു. തുടര്‍ന്ന് മൂന്നുദിവസത്തെ കോടതി അവധിയെ മുന്‍കണ്ട് മാര്‍ച്ച് 30ാം തീയതി മുപ്പതില്‍ അധികം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വനനശീകരണം ആരംഭിച്ചു. ഇത് ചോദ്യം ചെയ്യാന്‍ എത്തിയ യൂണിയന്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ നിഹാദ് സുലൈമാന്‍, എസ്എഫ്‌ഐ പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പിടിച്ചു കൊണ്ടുപോയി. പിന്നീട് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ വലിയ പൊലീസ് സന്നാഹം മര്‍ദ്ദനം അഴിച്ചുവിടുകയും വിദ്യാര്‍ത്ഥികളെ അങ്ങേയറ്റം ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു. ഇതില്‍ 50ല്‍ പരം വിദ്യാര്‍ത്ഥികളെ തടങ്കലിലാക്കുകയും അവര്‍ക്കെതിരെ കേസുകള്‍ ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ഇതില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 10 ദിവസമായി റിമാന്‍ഡില്‍ ആണ്. ഇതുകൂടാതെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന സുമിത്ത് ജാ എന്ന ജേണലിസ്റ്റിനെയും തടങ്കലിലാക്കി. ഇതിനുശേഷം സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ എന്‍എസ്‌യുഐ, എബിവിപി ഒഴികെ എല്ലാ സംഘടനകളും അണിചേര്‍ന്ന് കുത്തിയിരുപ്പ് സമരം ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും, വനനശീകരണം നിര്‍ത്തലാക്കുക, അഡ്മിനിസ്‌ട്രേഷന്‍- വി.സി., രജിസ്ട്രാര്‍ - എന്നിവര്‍ ഉത്തമമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടും അധ്യാപക യൂണിയനും ജെഎസിയും നടത്തിയ മാര്‍ച്ചിനെതിരെയും പൊലീസ് അടിച്ചമര്‍ത്തല്‍ സമീപനം സ്വീകരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വന്ന പരിസ്ഥിതി പ്രവര്‍ത്തകരെയും, സാമൂഹിക പ്രവര്‍ത്തകരെയും തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു.
REPRESENTATIVE IMAGE | WIKI COMMONS
ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലുകളെ നേരിട്ട് കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടക്കാല ആശ്വാസമായാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നത്. എന്നാല്‍ ഇന്നും ക്യാമ്പസ് സൈനികവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കുട്ടികള്‍ സ്വസ്ഥമായ ജീവിക്കാന്‍ പറ്റാതെ നിലയില്‍ ഭീതിയുടെ അന്തരീക്ഷത്തിലാണ് കഴിയുന്നത്.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും, സമരസ്വാതന്ത്ര്യത്തിന്റെയും ഈ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന യുപിയില്‍ അല്ല. ബുള്‍ഡോസര്‍ കൊണ്ട് വെറും മൂന്നുദിവസം കൊണ്ട് 100 ഏക്കര്‍ വനം നികത്തിയത് ദില്ലിയിലോ ഛത്തീസ്ഗഡില്‍ അല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന തെലുങ്കാനയിലാണ്. ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഫാസിസ്റ്റ് നടപടികള്‍ക്കെതിരെയും, എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിനെതിരെയും, അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ജയിലുകളില്‍ അടക്കുന്നതിനെതിരെയും പലവട്ടം നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടെ ഇന്ന് നിശബ്ദമാണ്. മുംബൈയിലും ഛത്തീസ്ഗഡിലും മോഡി സര്‍ക്കാരിന്റെ ക്രോണിക്യാപിറ്റലിസത്തിന് എതിരെ ഘോരഘോരം പ്രസംഗിച്ച രാഹുല്‍ ഗാന്ധി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ തുറന്ന കത്തിനോട് പ്രതികരിച്ചിട്ടു പോലുമില്ല. ഇതിനുപുറമെ കേന്ദ്രസര്‍ക്കാരിന്റെ അതേ പാത പിന്തുടര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ബിആര്‍എസ്‌ഐടി സെല്ലിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും, പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത ആക്ടിവിസ്റ്റുകള്‍ക്കും സെലിബ്രിറ്റീസിനും എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
മാര്‍ച്ച് 30 മുതല്‍ ഇന്നേവരെ 11 എഫ്‌ഐആറുകള്‍ ആണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിഷയത്തിന് പുറത്ത് സമരം ചെയ്തവര്‍ക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 56 വിദ്യാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിട്ടുള്ളത് ഇന്നും റിമാന്‍ഡില്‍ കഴിയുന്ന നവീന്‍ യറം ചെയ്ത കുറ്റം, തടങ്കലിലാക്കിയ വിദ്യാര്‍ത്ഥികളെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ്. തെലുങ്കാനയിലെ പിന്നോക്ക ജില്ലകളില്‍ ഒന്നായ കരിം നഗറില്‍ നിന്ന് വരുന്ന ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍. അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങള്‍ കഴിഞ്ഞ 9 ദിവസമായി തങ്ങളുടെ അച്ഛന്റെ വരവിനായി കാത്തിരിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
സമരങ്ങള്‍ എച്ച്‌സിയു വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയല്ല. 2016ല്‍ രോഹിത് വെമുല മൂവ്‌മെന്റിനു ശേഷം വിദ്യാര്‍ത്ഥി പോരാട്ടത്തിന്റെ ചിഹ്നമായി എച്ച്‌സിയു മാറിയിരുന്നു. 2019-20 വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സിഎഎ - എന്‍ആര്‍സി നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴും അവിടുത്തെ വിദ്യാര്‍ത്ഥികള്‍ കേസുകളെയും പൊലീസിനെയും ഒന്നും വകവക്കാതെ പോരാടിയിരുന്നു. അന്നൊക്കെ ഈ പോരാട്ടങ്ങളെ മാതൃകപരമായി വാഴ്ത്തിയ കോണ്‍ഗ്രസ് ഇന്ന് തങ്ങളുടെ സര്‍ക്കാര്‍ നടത്തുന്ന കോര്‍പ്പറേറ്റ് കൊള്ളക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ എച്ച്‌സിയു ക്യാമ്പസ് തന്നെ ഇല്ലാതാക്കാന്‍ നോക്കുകയാണ്.
സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് വന്നതിന് ശേഷം യൂണിവേഴ്‌സിറ്റിയുടെ 400 ഏക്കര്‍ ഭൂമിയില്‍ ഐടി ഹബ് പണിയുന്നതിന് പകരം പ്രതിരോധത്തിന്റെ പ്രതീകമായ ആ ക്യാമ്പസിനെ തന്നെ അതിന്റെ സ്ഥാനത്ത് നിന്ന് പിഴുതെടുത്ത്, ആ 2,300 ഏക്കര്‍ ഭൂമിയില്‍ ഇക്കോളജിക്കല്‍ പാര്‍ക്ക് തുടങ്ങാനുള്ള പുതിയ പദ്ധതിയും ആയിട്ടാണ് തെലങ്കാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്നത്.
എന്നും രാജ്യത്ത് നടക്കുന്ന ഏത് അനീതിക്കെതിരെയും ശബ്ദമുയര്‍ത്തുന്ന ഹൈദരാബാദ് യൂണിവേഴ്‌സിറ്റിക്കെതിരെ നടക്കുന്ന ഈ അനീതിക്കെതിരെ ഇന്ന് രാജ്യം ശബ്ദമുയര്‍ത്തേണ്ടതുണ്ട്. അവിടുത്തെ വിദ്യാര്‍ഥികള്‍ ഇന്നും തളരാതെ ചെറുത്തു നില്‍ക്കുകയാണ്. ഇത് എച്ച്‌സിയുവിന് വേണ്ടി മാത്രമുള്ള പോരാട്ടം അല്ല പൊതു വിദ്യാഭ്യാസത്തിനെ വിറ്റുതുലക്കുന്നതിനെതിരെയുള്ള പോരാട്ടം ആണെന്ന് പൂര്‍ണ ബോധ്യത്തോടെ, സര്‍വ്വകലാശാലയുടെ കണ്ണായ ഭൂമി തട്ടിപ്പറിക്കാന്‍ കഴുകന്‍ കൂട്ടമായി നില്‍ക്കുന്ന ഭൂമാഫിയകള്‍ക്കെതിരായ പോരാട്ടം ആണെന്ന് ബോധ്യത്തോടെ. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി- അധ്യാപക സംഘടനകളും മറ്റും ഇതിനെ ചര്‍ച്ചാവിഷയം ആക്കേണ്ടതുണ്ട്.
മീഡിയകളിലെ വെറും സ്‌ക്രോളിംഗ് ന്യൂസ് ആയി മാത്രം തീര്‍ന്നു പോകേണ്ട ഒന്നല്ല ഇത്. ഈ നവലിബറല്‍ക്കാലത്ത് രാജ്യത്ത് സ്‌കൂളുകള്‍ അടച്ചു പൂട്ടപ്പെടുമ്പോള്‍, വിദ്യാഭ്യാസത്തിനു വേണ്ട ഫണ്ട് കൊടുക്കാതെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ സ്വന്തമായി വരുമാനം ഉണ്ടാക്കാന്‍ പറയുമ്പോള്‍, ഈ പോരാട്ടം നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ്. ഈ സമരം ഒരു
സൂചനയാണ്.
(ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ട്രാന്‍സ്ലേഷന്‍ സ്റ്റഡീസിലെ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ലേഖിക).


