TMJ
searchnav-menu
post-thumbnail

Outlook

ആഖ്യാനങ്ങളിലെ വ്യത്യസ്തത മാത്രമല്ല പുതുകവിത

01 Apr 2023   |   14 min Read
മിസ്‌രിയ ചന്ദ്രോത്ത്

മിസ്‌രിയ ചന്ദ്രോത്ത്: വിവർത്തനത്തിൽ താൽപ്പര്യം ഉണ്ടായത് എപ്പോഴാണ്, എന്തെങ്കിലും പ്രത്യേക കാരണത്താലാണോ കവിതാവിവർത്തനത്തിലേക്ക് കടന്നുവന്നത്?

സുജീഷ്: കവിത എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും ഭാഗമായി കവിതാവിവർത്തനത്തിൽ ഏർപ്പെടുന്ന ആളാണ് ഞാൻ. ഭാഷ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയെയും പോലെ സ്‌കൂൾ കാലഘട്ടത്തിൽ ഞാനും കവിത വായിച്ചിരുന്നു. എന്നാൽ കവിത ആസ്വദിക്കുന്നതിനു തടസ്സമാകുന്ന എന്തോ ഒന്നുകൂടി പ്രൈമറി ക്ലാസ്സുകൾ മുതൽ എന്റെയുള്ളിൽ കയറിക്കൂടി. മറ്റു സാഹിത്യവിഭാഗങ്ങളിൽ നിന്നും കവിതയെ വേറിട്ടുനിർത്തുന്നത് യഥാർത്ഥത്തിൽ എന്തായിരുന്നെന്ന് അക്കാലത്ത് തിരിച്ചറിഞ്ഞിരുന്നില്ല. ഈണത്തിൽ ചൊല്ലുന്ന ഒരു സാഹിത്യരൂപം, അത്രയേ ധാരണയുണ്ടായിരുന്നുള്ളു. പരീക്ഷകളിൽ പ്രധാനമായും വൃത്തം, അലങ്കാരം, പ്രമേയങ്ങൾ ഇവയിലൂന്നിയുള്ള ചോദ്യങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. അതിലെല്ലാമുപരി കഥയിൽ കേന്ദ്രീകൃതം തന്നെയായിരുന്നു മിക്ക കവിതകളും. എന്നാൽ പിൽക്കാലത്ത് മലയാളം ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളോട് അടുത്തിടപഴകാൻ തുടങ്ങിയതോടെ മറ്റു നിബന്ധനകളൊന്നുമില്ലാതെ ആസ്വദിക്കാനാകുന്നതാണ് കവിതയെന്നും മറ്റു കലാരൂപങ്ങളിൽ നിന്നും കവിത വേറിട്ടു നിൽക്കുന്നത് അവ പകരുന്ന അനുഭൂതിയിലെ വ്യത്യസ്തത കൊണ്ടാണെന്നും തോന്നിത്തുടങ്ങി. കവിത കാര്യമായി വായിച്ചു തുടങ്ങും മുമ്പെ കവിതയെഴുതി തുടങ്ങുകയായിരുന്നു. വിഷ്ണുപ്രസാദ്, എസ്. ജോസഫ്, കുഴൂർ വിത്സൺ, ടി.പി. വിനോദ്, പി.എൻ. ഗോപീകൃഷ്ണൻ, സെറീന, ക്രിസ്പിൻ ജോസഫ് എന്നിവർ അക്കാലത്ത് എഴുതിയിരുന്ന കവിതകളായിരുന്നു എഴുതി തുടങ്ങാനുള്ള പ്രചോദനം. ക്രമേണ എഴുത്തിൽ നിന്നും വായനയിലേക്ക് എത്തിപ്പെട്ടു. മലയാളകവിത വായിക്കുന്നതിനൊപ്പം ഇതരഭാഷാകവിതകളും വായിക്കണമെന്ന ആഗ്രഹമുണ്ടായി. എന്നാൽ ഭാഷ തടസ്സമായിരുന്നു. ഇംഗ്ലീഷ് കവിതകളും ഇംഗ്ലീഷിലൂടെ ലഭ്യമാകുന്ന ഇതരഭാഷാകവിതകളും ഒരു പരിധിവരെ വായിച്ചു മനസ്സിലാക്കാൻ സാധിച്ചപ്പോഴും ആസ്വദിക്കാനാകാത്തവിധം എന്തോ തടസ്സമുള്ളതായി തോന്നി. ക്രമേണ ഞാൻ മനസ്സിലാക്കി, നോവൽ പോലുള്ള സാഹിത്യരൂപങ്ങളിൽ നിന്നും ഭിന്നമായി കവിത മറ്റൊരു ഭാഷയിൽ വായിക്കുമ്പോഴും ഞാനത് ആസ്വദിക്കാൻ നോക്കുന്നത് മലയാളത്തിൽ തന്നെയാണെന്ന്. സ്വാഭാവികമായും പരിഭാഷ എന്ന പ്രവൃത്തി ഇതരഭാഷാകവിതകളുടെ വായനയിൽ എനിക്കുള്ളിൽ നടക്കുന്നുണ്ടെന്നും അത്തരത്തിൽ മലയാളത്തിലേക്കു കൊണ്ടുവരുമ്പോൾ മാത്രമാണ് ഒരു കവിത ആസ്വദിക്കാൻ ആകാറുള്ളൂവെന്നും മനസ്സിലായി. അങ്ങനെ വായനയുടെ ഭാഗമായി പരിഭാഷയിൽ ഏർപ്പെടാൻ തുടങ്ങി. മിക്കവരും പറയുന്നതുപോലെ പരിഭാഷ ആഴത്തിലുള്ള വായനയാണ്. അങ്ങനെ പതിയെപ്പതിയെ മറ്റൊരു കാര്യംകൂടി ബോധ്യമായിത്തുടങ്ങി, അന്നുവരെ ഞാൻ എഴുതിയ കവിതകളുടെ പോരായ്മകൾ മനസ്സിലാക്കാൻ സഹായിക്കുന്ന പ്രവർത്തിയായി ഇത് മാറുന്നുണ്ട്. വായിക്കുന്ന കവിതയിലെ പണിക്കുറ്റങ്ങൾ തിരിച്ചറിയാനും കവിതാപരിഭാഷയെന്ന പ്രവൃത്തി സഹായിക്കുന്നു. ചുരുക്കത്തിൽ കവിതയുടെ ക്രാഫ്റ്റിൽ ഒരു പിടിപാടുണ്ടാകാൻ സഹായിക്കുന്ന പ്രവൃത്തിയെന്ന നിലയിലാണ് ഞാൻ കവിതാപരിഭാഷകൾ ചെയ്യുന്നത് തുടർന്നത്. കവിതയെഴുതാൻ സാധിക്കാതെ വരുന്ന സമയങ്ങളിൽ കവിതയുമായുള്ള ബന്ധം മുറിയാതെ നിലനിർത്തുന്ന പ്രവൃത്തികളിലൊന്നും ഇതുതന്നെയാണ്.

അതോടൊപ്പം പരിഭാഷകൾക്ക് വലിയൊരുകൂട്ടം വായനക്കാർ ഉണ്ടെന്ന തിരിച്ചറിവ്, പ്രത്യേകിച്ച് ആളുകൾക്ക് അത് ഗുണം ചെയ്യുന്നുണ്ട് എന്ന ബോധ്യം എന്നെ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ ആ പ്രവൃത്തിയിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു. www.paribhashakal.com എന്ന വെബ്‌സൈറ്റ് ഇങ്ങനെയാണ് ആരംഭിച്ചത്. നാലാൾ അറിയുന്ന വലിയ കവികളെയാണു തുടക്കത്തിൽ കൂടുതലായും പരിഭാഷപ്പെടുത്തിയത്. എന്നാൽ നമുക്ക് അത്ര പരിചിതമല്ലാത്ത ഭാഷകളിൽ നിന്നുള്ളതോ ഏതാണ്ട് എന്റെ സമപ്രായക്കാരായ കവികളുടേതോ ആയ കവിതകൾ കണ്ടെത്തി മലയാള കവിതാവായനക്കാരിൽ എത്തിക്കാനാണ് ഇപ്പോൾ കൂടുതൽ സമയവും ഊർജ്ജവും ചെലവഴിക്കുന്നത്. ഇതൊരു ഭാഷയിൽ ചെയ്യുന്ന വലിയ സാംസ്‌കാരിക പ്രവൃത്തിയാണെന്നു പലരും പറയാറുണ്ട്. ഒരിക്കൽ കവിതയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കുമ്പോൾ ഇ.വി. രാമകൃഷ്ണൻ പറയുകയുണ്ടായി, 'വിമർശനം ചത്ത ഭാഷയിൽ, പരിഭാഷകൾ വിമർശനത്തിന്റെ പണി ചെയ്യുമെന്ന്'. അതും പരിഭാഷകൾ ചെയ്യാൻ ഇപ്പോൾ കാരണമാണ്. ഇതോടൊപ്പം നമുക്ക് ലോകത്തിനു മുന്നിൽ വെക്കാൻ പറ്റുന്ന നമ്മുടെ ചില കവികളെയെങ്കിലും വായനക്കാർക്ക് തിരിച്ചറിയാൻ ഇതുവഴി സാധിച്ചേക്കും; നമ്മുടെ വായനസമൂഹം നല്ല അതല്ലെങ്കിൽ കവിതയെ മുന്നോട്ടു നയിക്കുന്ന കവികളെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു എന്ന തോന്നലിലാണ് ഇത് പറയുന്നത്. വ്യക്തിപരമായി, ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള കവികളുമായി ബന്ധം സ്ഥാപിക്കാൻ എനിക്ക് ഇതുവഴി സാധിക്കുന്നുണ്ട്.അനേകം ലോകകവിതകളിലൂടെ ഇതിനോടകം തന്നെ താങ്കൾ കടന്നുപോയിട്ടുണ്ടാകുമല്ലോ. മലയാള കവിത മറ്റു ഭാഷകളിലെ കവിതകളിൽ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

ലോകകവിത എന്ന പ്രയോഗത്തിനു സാധുതയുണ്ടെങ്കിൽ, മലയാള കവിതയും ലോകകവിതയുടെ ഭാഗം തന്നെയാണ്. വലിയ വായനയൊന്നും ഇല്ലെങ്കിലും വായിച്ചിടത്തോളം കവിതകളെ മുൻനിർത്തി പറയുകയാണെങ്കിൽ, വ്യത്യാസത്തെക്കാൾ സമാനതകളാണ് ഒരു കലാരൂപമെന്ന നിലയിൽ എല്ലാ ഭാഷകളിലെയും കവിതകളിൽ കണ്ടിട്ടുള്ളത്. സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാലാണ് വ്യത്യാസങ്ങൾ കൂടുതലായും കാണുന്നത്. അത് സ്വാഭാവികമായി ഉണ്ടാകാൻ ഇടയുള്ളതുമാണല്ലോ. മറ്റൊന്ന് ഭാഷാപരമായ പ്രത്യേകതകളാൽ ഒരു ഭാഷയിലെ കവിതയെ മറ്റൊരു ഭാഷയിലേക്ക് പരിഭാഷയിലൂടെ കൊണ്ടുചെന്നെത്തിക്കാൻ പറ്റാത്തവിധത്തിലുള്ള ഭിന്നതകളാണ്. ഒരു കവിത അത് എഴുതപ്പെട്ട ഭാഷയോട് അത്രയധികം ചേർന്നുനിൽക്കുകയും ആ ഭാഷയിൽ മാത്രമാണു അതിനു നിലനിൽക്കാനാകുകയുള്ളൂ എന്നു വരികയും ചെയ്യുമ്പോൾ പരിഭാഷ അസാധ്യമാണ്. എങ്കിലും അടിസ്ഥാനപരമായി സമാനതകളാണ് ഇന്നത്തെ കവിതയിൽ കൂടുതലും കാണാനാകുക, ലോകസാഹിത്യം എന്ന ആശയം പോലും സാധ്യമാകുന്നത് ഈ സമാനത കാരണമാകണം. പരിഭാഷ ചെയ്ത ചില കവിതകൾ വായിച്ച് മലയാളത്തിലെ ചില കവികൾ അവർ മുമ്പ് എഴുതിയ സമാനമായ കവിതകൾ പങ്കുവെച്ച സംഭവങ്ങളുണ്ട്. ഈ കവികൾ അവരുടെ ആ കവിതയെഴുതുമ്പോൾ പരസ്പരം വായിച്ചിരിക്കാൻ ഒരു സാധ്യതയുമില്ലായിരുന്നു. പകർത്തിയതാണോ എന്നുപോലും തോന്നിപ്പോകുന്ന വിധത്തിലുള്ള സമാനതകൾ അവയിൽ കാണാമായിരുന്നു. മൗലികതയെപ്പറ്റി വളരെ സങ്കുചിതമായ ധാരണകൾ വെച്ചുപുലർത്തുന്ന കവികളിൽ ചിലർക്കുതന്നെ ഇങ്ങനെ കാണേണ്ടി വന്നുവെന്നതായിരുന്നു അതിലെ രസകരമായ കാര്യം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെയുള്ള ഗ്രീക്ക് കവിതകൾ വായിക്കുമ്പോൾ അല്ലെങ്കിൽ പോളിഷ് കവിതകൾ വായിക്കുമ്പോൾ അതുമല്ലെങ്കിൽ റഷ്യൻ കവിതയിലേക്കോ ചൈനീസ് കവിതയിലേക്കോ ചെന്നു നോക്കുമ്പോൾ വായിക്കുന്നത് ഇംഗ്ലീഷിൽ ആയാൽപ്പോലും ആ ഭാഷയിലെ കവിതകൾക്ക് ഒന്നാകെ എന്തൊക്കെയോ സമാനമായ സവിശേഷതകൾ ഉള്ളതായി അനുഭവപ്പെടുമായിരുന്നു (നമുക്ക് ലഭ്യമാകുന്ന കവിതകൾ അങ്ങനെയുള്ളതായതിനാലുമാകാം). എന്നാൽ ഈ ഭാഷയിൽ നിന്നുള്ള സമകാലീനരിൽ അങ്ങനെയൊന്നു കാണാനാകുന്നില്ല. ഇതിനു അപവാദമായി തോന്നിയത് ആഫ്രിക്കൻ കവിതയാണ്. എങ്കിലും മറ്റു ദേശങ്ങളുടെ കവിതയിൽ നിന്നും വേറിട്ട് നിൽക്കുമ്പോഴും അവർക്കിടയിലെ വൈവിധ്യത്തിൽ അവർ സമാനതകളാണ് മുന്നോട്ട് വെക്കുന്നതെന്നു തോന്നുന്നു; ഏതാണ്ട് ഇന്ത്യൻ കവിതയിലും ഇങ്ങനെ കാണാനാകുന്നുണ്ട്. ഇവിടെ, കേരളത്തിലും അങ്ങനെയുള്ള സാഹചര്യങ്ങളുണ്ട്. അനേകം ഗോത്രങ്ങളിൽ നിന്നുള്ളതാകുമ്പോഴും കേരളവും ഗോത്രകവിതയെ ഒറ്റബെൽറ്റിൽ ആണ് കെട്ടുന്നത്. സൂക്ഷ്മതലത്തിലാണ് പലപ്പോഴും വ്യത്യാസങ്ങൾ നമുക്ക് കാണാനാകുക. അതുപക്ഷേ ഭാഷാടിസ്ഥാനത്തിലോ ദേശാടിസ്ഥാനത്തിലോ ഉള്ള വേറിടൽ ആകണമെന്നില്ല. ഈസ്‌തെറ്റിക്കലി നോക്കിയാൽ, ഒരേ അച്ചിൽവാർത്തെടുത്ത കവിതകൾ ഒരുഭാഗത്ത് കുമിഞ്ഞുകൂടുന്നുവെങ്കിലും വേറിട്ട സ്വരങ്ങൾ നമുക്ക് പലയിടങ്ങളിലും കേൾക്കാം. നൂറുപേർ കവിതയെഴുതുമ്പോൾ 90 പേരും ഒരേമട്ടിൽ എഴുതുകയും പത്തുപേർ വേറിട്ട ശബ്ദങ്ങളാകുകയും ചെയ്യുന്നെങ്കിൽ പതിനൊന്ന് തരം കവിതകളാണ് എഴുതപ്പെടുന്നതെന്നേ കാണേണ്ടതുള്ളൂ. എന്നാൽ പോപ്പ് കൾച്ചറിന്റെ ഇക്കാലത്ത് ആ 90 ശതമാനത്തെ മാത്രമാണ് കാണുന്നതും പ്രമോട്ട് ചെയ്യുന്നതും എന്നത് കലയ്ക്ക് ഗുണമുണ്ടാകുന്ന കാര്യമല്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം നമ്മളിപ്പോൾ ഒരു ദേശത്തെ കവിതയെന്നു പറയുന്നത് പലപ്പോഴും ആ ദേശത്തെ മൊത്തം കവിതകളെ ഉൾക്കൊണ്ടുകൊണ്ടാകില്ല. അമേരിക്കൻ കവിത എന്നാൽ അനേകം തദ്ദേശീയരായ ഗോത്രങ്ങളിൽ നിന്നുള്ള കവിതയെയും ഉൾക്കൊണ്ടുവേണം പറയാൻ.

ഇതോട് ചേർത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. പി.എൻ. ഗോപീകൃഷ്ണൻ കവിതയെഴുതുന്ന ഭാഷയായത് കൊണ്ടാണ് എനിക്കു ഷിംബോസ്‌കയെയും ഹൊലൂബിനെയും പോലുള്ള കവികളെ മലയാളത്തിലാക്കൽ എളുപ്പമാകുന്നത്, ബാലചന്ദ്രൻ ചുള്ളിക്കാട് കവിതയെഴുതുന്ന ഭാഷയായത് കൊണ്ടാണ് ഗിയോർഗ് ട്രാക്‌ളിനെ മലയാളത്തിലാക്കാനാകുന്നത്. ടി. പി. വിനോദ് കവിതയെഴുതുന്ന ഭാഷയായതുകൊണ്ടാണ് ആർബർട്ടോ ബ്ലാങ്കോയെയും റൊബർട്ടോ ഹുവാരോസിനെയും യുജിൻ ഗിയെവികിനെയും മലയാളത്തിലാക്കാൻ അനായാസം സാധിക്കുന്നത്, പ്രഭ സക്കറിയാസ് എഴുതുന്ന ഭാഷയിലേക്ക് യൂനിസ് ഡിസൂസയെ കൊണ്ടുവരാൻ പ്രയാസമില്ല. ഇവരെല്ലാം മലയാളത്തെ അവരുടേതായ രീതിയിൽ വഴക്കിയെടുത്തിട്ടുണ്ട്. അങ്ങനെ സ്വന്തം ഭാഷയെ തന്റെ ആവശ്യത്തിനു വഴക്കിയെടുക്കാൻ ഒരു കവിയ്ക്ക് സാധിക്കുന്നത് അവരെ വേറിട്ടസ്വരമാകാൻ സഹായിച്ചേക്കും. അതിലുപരി പരിഭാഷകനെന്ന നിലയിൽ എന്റെ അനുഭവം, ഇങ്ങനെയുള്ള കവികൾ മറ്റു പലതരം കവിതകളെ മറ്റു ഭാഷകളിൽ നിന്നും മലയാളത്തിലെത്തിക്കാൻ പരിഭാഷകർക്ക് സഹായമാകുന്നുമുണ്ട് എന്നാണ്. സമാനമായ സ്വരങ്ങൾ കവികളറിയാതെതന്നെ മറ്റേതെങ്കിലും ഭാഷയിലും ഉണ്ടാകാൻ സാധ്യതയേറെയാണ്. അതേപ്പറ്റി അധികം വേവലാതിപ്പെടേണ്ടതില്ലെന്നു തോന്നുന്നു. അതൊരു സ്വാഭാവികമായ കാര്യമാണ്.

മലയാള കവിതകൾ ഭാഷയിലും ആഖ്യാനരീതിയിലുമെല്ലാം വ്യത്യസ്തമായ വഴികൾ സ്വീകരിച്ചിരിക്കുന്നു എന്ന് പറയാൻ പറ്റുന്ന ഒരു ഘട്ടത്തിലാണ് നാം നിൽക്കുന്നത്. വൈദേശിക ഭാഷാകവിതകളിൽ സമകാലീകമായി ഇത്തരത്തിൽ ഉണ്ടായിട്ടുള്ള പുത്തൻ മാറ്റങ്ങൾ എന്തൊക്കെയാണ്?

സമകാലീന മലയാള കവിതയിലെ വൈവിധ്യത്തെ മിക്കവരും അടയാളപ്പെടുത്തുന്നത് കവിതയെഴുതുന്ന ആളുടെ സ്വത്വം നോക്കിയും അവരുടെ കവിതാഭാഷ പിന്തുടരുന്ന മലയാളഭാഷാ വകഭേദത്തെ മുൻനിർത്തിയുമൊക്കെയാണ്. ഇത് മലയാളകവിതാ ചരിത്രത്തിൽ പല ശബ്ദങ്ങളും നിശബ്ദമാക്കപ്പെട്ടതിന്റെ കൂടി പ്രതിഫലനമാണ്. അത് നമുക്കുള്ളിൽ തന്നെയുള്ള ഒരു തെറ്റ് നമ്മൾ ഇപ്പോൾ തിരുത്തുന്നതിന്റെ ഭാഗമായി നടക്കുന്നതാകാം. ഇത് രാഷ്ട്രീയപരമായ വിലയിരുത്തലാണ്. കലയെ വിലയിരുത്തുന്നതിൽ അത് ശരിയായ രീതിയാണോ എന്നത് തർക്കവിഷയമാണ്.ഒരാൾ അയാളുടെ ക്രിയേറ്റിവിറ്റി എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതാണ് മാനദണ്ഡമെങ്കിൽ, നിലനിൽക്കുന്ന ഒരു മലയാള ഭാഷാഭേദത്തെ കവിതയിലെടുത്തു പ്രയോഗിക്കുന്നതിനെക്കാൾ പ്രാധാന്യം നൽകേണ്ടത് സ്വന്തമായൊരു ഭാഷാശൈലി സൃഷ്ടിച്ചെടുക്കുന്നവർക്കാണ്. അങ്ങനെയുള്ള കവികൾ നമുക്ക് നന്നേ കുറവാണ്. കവികൾ മാത്രമല്ല, കഥാകൃത്തുക്കളും.

പ്രമേയം ആവശ്യപ്പെടുന്നുവെങ്കിൽ കവിതയിൽ പ്രാദേശികഭാഷയ്ക്ക് പ്രാധാന്യമുണ്ട്. അങ്ങനെയുള്ള പ്രാദേശികാനുഭവങ്ങൾ, ആ പ്രാദേശികഭാഷയ്ക്ക് മാത്രം വഴങ്ങുന്നതും ആവിഷ്‌കരിക്കാവുന്നതും ആണോ എന്നും കൂടുതൽ ആളുകളും ഈ തരത്തിൽ കവിതയായി എഴുതുന്നത് അങ്ങനെയാണോ എന്നും നോക്കേണ്ടതുണ്ട്. സാമാന്യ മലയാളത്തിൽ ഇതിനോടകം ആവിഷ്‌കരിക്കപ്പെട്ടതിനെ ഒരാൾ അയാളുടെ പ്രാദേശത്തെ മലയാളത്തിലേക്കും മറ്റൊരാൾ അയാളുടെ പ്രാദേശിക മലയാളത്തിലേക്കും ആക്കിയാൽ അത് പരിഭാഷയായി കാണാം. അതല്ലെങ്കിൽ മലയാളത്തിൽ കവിതയെഴുതുന്നവരെ മലയാള കവി എന്നു വിളിക്കുന്നപോലെ ഓരോ ഭാഷാഭേദത്തിലും എഴുതുന്നവരെ ആ ഭാഷാഭേദത്തിന്റെ കവിയെന്നു കാണാം. ശരിയാണ്, അങ്ങനെയൊരു വൈവിധ്യം മലയാളത്തിൽ ഇപ്പോഴുണ്ട്.

കഥയുടെയോ നോവലിന്റെയോ പോലെയല്ല കവിത. ആഖ്യാനരീതിയെക്കാൾ കവിതയിൽ പ്രാധാന്യമർഹിക്കുന്നത് മറ്റു ചില കാര്യങ്ങളാണ്. കവിതയുടെ മെറ്റഫെറിക്കൽ സ്വഭാവം മാറ്റിനിർത്തിയാൽ ആശ്ചര്യജനകമായ തിരിവുകൾ ആണ് പുതിയകാല കവിതകളിൽ കാവ്യാനുഭവം സാധ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ലിറിക് കവിതകളിലും ഹൈക്കു കവിതകളിലും ഈ തിരിവുകൾ സംഭവിക്കുന്നത് കൃത്യമായ ഒരിടത്തായിരിക്കും. ഇറ്റാലിയൻ ഗീതകങ്ങളിൽ ഈ തിരിവുകൾ വോൾട്ട എന്ന് അറിയപ്പെടുന്നു. ഏത് വിഷയത്തെപ്പറ്റി എഴുതിയതായാലും കവിതയ്ക്കുള്ളിൽ കാവ്യാനുഭവം സാധ്യമാക്കുന്ന വിധത്തിൽ നടക്കുന്ന ഇത്തരം പരിവർത്തനങ്ങളെ റാന്ദൽ ജറലിനെ പോലുള്ളവർ കവിതയുടെ ഘടന (form) എന്ന് വിളിക്കുന്നു. കഥയിലും നോവലിലും ആഖ്യാനതന്ത്രമെന്നു പരാമർശിക്കുന്നതിനു സമാനമായ കാര്യമാണ് ഇവിടെ കവിതയുടെ ഘടനയായി കണക്കാക്കുന്നതെന്നു തോന്നാം. കഥയിൽ അടുത്തതായി എന്ത് സംഭവിക്കുമെന്ന ഉദ്വേഗത്തിനാണ് പ്രാഥമിക പരിഗണന. കവിതയിൽ അങ്ങനെയൊരു ആകാംക്ഷ പലപ്പോഴും ഉണ്ടാകാറില്ല. അതേസമയം, അടുത്ത വരിയോ വാക്കോ ഉണ്ടാക്കുന്ന ആശ്ചര്യം പ്രധാനമാണ്. നിയതമായ ഒരു പ്ലോട്ട് കഥയിലേതുപോലെ ആവശ്യമല്ലാത്തതിനാൽ കവിതയുടെ പ്രാഥമികപരിഗണനയിൽ വരുന്ന കാര്യമല്ല ആഖ്യാനം. ഇമേജറികൾ ചേർത്തുവെച്ചും കവിത സാധ്യമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ കഥയിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന ആദ്യത്തെ കാര്യം ഉദ്വേഗമാകുമ്പോൾ രണ്ടാമത്തെ കാര്യമാണ് അശ്ചര്യം. കവിതയിൽ നേരെ തിരിച്ചും. ഒരു നല്ല കവിതയിൽ ആശ്ചര്യപ്പെടുത്തുന്ന നിമിഷങ്ങൾ തീർച്ചയായും ഉണ്ടായിരിക്കും. ഒരു വായനക്കാരനെ തൃപ്തിപ്പെടുത്തുന്നതിൽ കവിതയിലെ ഇത്തരം നിമിഷങ്ങൾക്ക് വലിയ പങ്കുണ്ട്. കവിതയുടെ ഘടനയും രൂപവും (form) ഒന്നായിക്കണ്ടുകൊണ്ടാണ് പലരും അതേപ്പറ്റി സംസാരിക്കാറുള്ളത് എന്നിരിക്കെ ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി അറിഞ്ഞാൽ മാത്രമാണ് കവിതയുടെ ക്രാഫ്റ്റിൽ എത്രത്തോളം പരീക്ഷണങ്ങൾ മലയാളത്തിൽ നടക്കുന്നുണ്ടെന്ന് സൗന്ദര്യശാസ്ത്രപരമായി വിലയിരുത്താൻ നമുക്ക് സാധിക്കുകയുള്ളൂ. ഘടനാപരമായി നോക്കിയാൽ മലയാളത്തിൽ ബഹുഭൂരിപക്ഷം കവിതകളും പിൻപറ്റുന്നത് സമാനമായ ഘടനയാണെന്നു കാണാം. പ്രമേയപരമായ കാര്യത്തിലാണ് മലയാള കവിതയിൽ വൈവിധ്യം കൂടുതലായിട്ടുള്ളത്. ഇത്തരം വ്യത്യസ്തകളെ മാത്രം മുൻനിർത്തി വിലയിരുത്തേണ്ടതല്ല സാഹിത്യത്തിലെ പുതുമ.

അനേകം ഐഡന്റികളുള്ളവരാണ് ആധുനിക മനുഷ്യർ എന്നാണ് കാണാനാകുന്നത്, കവികളും. കലകൊണ്ട് അവർ തങ്ങളുടെ ജീവിതത്തെ ആവിഷ്‌കരിക്കുമ്പോൾ സ്വാഭാവികമായി സംഭവിക്കാൻ ഇടയുള്ളത് എല്ലാ സ്വത്വങ്ങളുടെയും വെളിപ്പെടുത്തലാണ്. അല്ലാതെ ഒരാൾ ഒരൊറ്റ ഐഡന്റിറ്റി മാത്രമുള്ള ആളെന്നു വരുന്നതിൽ ഒരു തന്ത്രമുണ്ട്. ലേബലിങ്ങും ഭിന്നിപ്പിച്ചു നിർത്തലും രാഷ്ട്രീയപരമായും വാണിജ്യപരമായും തല്പരകക്ഷികൾക്ക് ഗുണം ചെയ്യുന്നു എന്നതിനാൽ പ്രത്യേക രീതിയിൽ തങ്ങൾ ലേബൽ ചെയ്യപ്പെടാൻ സമീപകാലത്തു എഴുത്തുകാർ വല്ലാതെ താല്പര്യം കാണിക്കുന്നു എന്നേയുള്ളൂ. അവർക്ക് അതിന്റെ ഗുണം വിപണിയിലും സ്ഥാനമാനങ്ങളിലും ലഭിക്കുന്നുണ്ട്. എന്നാൽ എഴുത്തിലൊക്കെ സെൻസിബിലിറ്റിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ എല്ലാവർക്കുമാകുന്നുണ്ടോ എന്ന് ചോദിച്ചാൽ, വളരെ ഉപരിപ്ലവമായി ഈ ലേബലിംഗിന് വിധേയമാക്കി തങ്ങളെ ബ്രാൻഡ് ചെയ്യാൻ മാത്രമാണ് പലരുടെയും ശ്രദ്ധ. മാർക്കറ്റിനും ആളുകളെ സാഹിത്യേതര കാര്യങ്ങൾ പറഞ്ഞ് അംഗീകരിപ്പിക്കാനും എളുപ്പമാണ് എന്നതിനാൽ അതിൽ ആളുകൾ കൂടും. കവിതയെപ്പറ്റി സംസാരിക്കുന്നവർക്കും ഇത് എളുപ്പമാണ്, സാധാരണ ഒരു നല്ല കവിത നൽകുന്ന അനുഭൂതി പങ്കുവെക്കുക ശ്രമകരമായ കാര്യമായിരിക്കും എന്നതാണ് വസ്തുത.

എല്ലാ ഭാഷകളിൽ നിന്നുമുള്ള കവിതകളെ കണക്കിലെടുക്കുകയാണെങ്കിൽ, സ്വത്വപരവും സാംസ്‌കാരികവുമായ കലർപ്പിൽ നിന്നുള്ള കവിതയാണ് ഇന്ന് കൂടുതലും കാണാനാകുന്നത്. ഇതാകട്ടെ അവരെ സവിശേഷ സ്വരമാക്കി മാറ്റുകയും ചെയ്യുന്നു. ചൈനീസ് കവിയായ ബേ ദാവോയുടെ കാര്യമെടുക്കാം, ലോർക്കയിലേതു പോലുള്ള ഭാവാത്മകത; റ്റൊമാസ് ട്രാൻസ്‌ട്രോമർ, സെസാർ വയാഹോ, ഗിയോർഗ് ട്രാക്ൽ എന്നിവരിലേതുപോലുള്ള സർറിയലിസം, റിൽക്കെയുടേത് പോലുള്ള വൈകാരികത എന്നിവ ബേ ദാവോയിൽ നമുക്ക് വായിച്ചെടുക്കാം. എന്നാൽ അദ്ദേഹം ഒരിക്കലും ഈ കവികളെ പോലെ അല്ല. ചൈനീസ് കവിതാപാരമ്പര്യത്തിനൊപ്പം പാശ്ചാത്യ ആധുനികതയുടെയും സിംബോളിസത്തിന്റെയും സർറിയലിസത്തിന്റെയും സ്വാധീനത്താൽ അദ്ദേഹത്തിൽ ഉണ്ടായിവന്നത് വേറിട്ട കവിതയാണ്. ഓഷ്യാൻ വ്യോംഗിനെയും വാർസൻ ഷയറിനെയും പോലെയുള്ള ഏറ്റവും പുതിയ തലമുറക്കവികളിലും ഇത് കാണാം. കലർപ്പിലൂടെ രൂപപ്പെടുന്ന ഒരു പുതിയ കവിത നമുക്ക് ഇതരഭാഷാകവികളിൽ കാണാനാകുന്നുണ്ട്.

അനേകം ലെയറുകളുള്ള കവിതകളുടെ കടുത്ത ആരാധകനാണ് ഞാൻ. അങ്ങനെയുള്ള കവിതകൾ എഴുതി വിജയിക്കുന്നിടത്താണ് ഒരു കവിയെന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ തൃപ്തിപ്പെടാറുള്ളത്. അത്തരം കവിതകൾക്ക് എക്കാലത്തും ഓരോ വായനയിലും പുതിയതെന്തെങ്കിലും വായനക്കാർക്ക് നൽകാനുണ്ടാകും. ആ പുതുമയിലാണ് എനിക്ക് താല്പര്യം. ചില കവികളുടെ കാര്യത്തിൽ കവിതയ്ക്ക് ഒട്ടും വഴങ്ങില്ലെന്നു കരുതുന്ന കാര്യങ്ങളെ - അത് വസ്തുവാകാം, വാക്കാകാം, വിഷയമാകാം- കവിതയിലേക്ക് ഉൾച്ചേർക്കുമ്പോഴാണ് ഈ പറയുന്നതരം പ്ലെഷറും നവാനുഭൂതിയും ലഭിക്കുക. മറ്റു ചിലർക്ക് ലോകത്തെ/ചുറ്റുപാറ്റുകളെ ഇതുവരെ മറ്റാരും നോക്കാത്ത രീതിയിൽ നോക്കിക്കാണുന്നിടത്താകും പുതുമ. മറ്റൊരു ഭാഷയിലെ കവിത വായിക്കുന്നതിനെ പറ്റി ഒലാവ് എച്ച്. ഹോഗ് പറയുന്നത്, ഒരന്യഭാഷ സ്വന്തം ഭാഷ പോലെ ഒരിക്കലും നമുക്കു വ്യക്തമായിരിക്കില്ല, അത്ര ഉപയോഗിച്ചു പഴകിയതുമാവില്ല. ഇങ്ങനെ സകലതും, ഏറ്റവും സാധാരണമായ കാര്യം പോലും നമുക്കു പുതുമയായി തോന്നുമെന്നാണ്. ഈ പറയുന്നതിന്റെ അടിസ്ഥാനത്തിലാണെങ്കിൽ കവിതയിലെ ക്ലീഷെകളെ മറികടക്കാനുള്ള മാർഗങ്ങളിൽ ഒന്ന് ഓരോ കവിയും തനതായ ഭാഷാശൈലി കണ്ടെത്തുകയാകണം. ഒരു കവിയ്ക്ക് തന്നെ അനേകം ശൈലിയും സാധ്യമാണ്.

മലയാള കവിതാസാഹിത്യത്തിൽ ഈ അടുത്തകാലത്തായി ഉയർന്നുവന്ന പ്രസ്ഥാനമാണ് എമേർജിങ് പോയട്രി. ഒരു കവി എന്ന നിലയിൽ EP നിരീക്ഷിച്ചിട്ടുണ്ടോ? എന്താണ് വിലയിരുത്തൽ?

എമർജിംഗ് പോയട്രി മുന്നോട്ട് വെക്കുന്ന പോയറ്റിക്‌സിനെയും പൊളിറ്റിക്‌സിനെയും പറ്റി എനിക്കു കൃത്യമായ ധാരണയില്ല എന്നതാണു സത്യം. അവർ അവരുടെ മാനിഫെസ്റ്റോയായി അവതരിപ്പിച്ച കാര്യങ്ങളും അവർ പ്രമോട്ട് ചെയ്യുന്ന കവിതകളും തമ്മിൽ ചേർച്ചയില്ലായ്മയുണ്ട്. ഇതെനിക്ക് കൺഫ്യൂഷൻ ഉണ്ടാക്കുന്നു. കവിതാപ്രസ്ഥാനങ്ങൾ കവിതവെച്ചാണ് എസ്റ്റാബ്ലിഷ് ചെയ്യപ്പെടേണ്ടത്. കവിതയില്ലാതെ വെറും വാദങ്ങൾ മാത്രമാണെങ്കിൽ എന്തുകാര്യം? എസ്. ജോസഫ് എമർജിംഗ് പോയട്രിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി അദ്ദേഹം മുന്നോടുവെക്കുന്ന ആശയത്തെ സമർത്ഥിക്കാൻ അനുയോജ്യമായ കവിതകൾ കണ്ടുകിട്ടുന്നില്ല എന്നതാകണം. ഒരു കവിയെന്ന നിലയിൽ, അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളിൽ പലതിനോടും എനിക്ക് യോജിപ്പുണ്ട്. കവിതയുടെ പേരിലുള്ള ഏത് മൂവ്‌മെന്റിനു വേണ്ടിയും കൂടെ നിൽക്കാൻ താല്പര്യവുമുണ്ട്. എന്നാൽ ജോസഫ് കണ്ടെടുക്കുന്ന കവിതകൾ ഒന്നുകിൽ മോശം കവിതകളോ അതല്ലെങ്കിൽ ആ ആശയങ്ങളോട് ചേർന്നുനിൽക്കാത്ത കവിതകളോ ആണ്. ആശയത്തിന്റെ പേരിലായിരിക്കില്ല മിക്കവരും ജോസഫിന്റെ കൂടെ നിൽക്കുന്നത്, ഇത് അദ്ദേഹം തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാവിയിൽ ദോഷം ചെയ്യും. ഒരു പ്രസ്ഥാനമായി പ്രഖ്യാപിച്ചില്ല എങ്കിലും മലയാളത്തിലെ ചില മുതിർന്ന കവികൾ പല കവികളെയും കൂടെ നിർത്തി ചില മൂവ്‌മെന്റുകൾ നടത്താൻ ശ്രമിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ തങ്ങളുടെ വിമർശകരെയും തങ്ങളോട് യോജിക്കാത്ത കവികളെയും പല രീതിയിൽ ആക്രമിക്കുന്നതിലേക്കാണ് അവരെ അത് കൊണ്ടുചെന്നെത്തിച്ചത്. ഈ അവസ്ഥ മലയാളത്തിലെ നല്ല കവികളിൽ ഒരാളായ ജോസഫിന് സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.

പാശ്ചാത്യ മാതൃകകളുടെ അനുകരണങ്ങൾ EP പ്രോത്സാഹിപ്പിക്കുന്നില്ല, ഒരു വിവർത്തകൻ എന്ന നിലയിൽ താങ്കൾ അതിനെ എങ്ങനെയാണു കാണുന്നത്?

ഒന്നാമത്തെ കാര്യം, പാശ്ചാത്യകവിത എന്ന പേരിൽ ഒരേ സ്വഭാവസവിശേഷതകൾ പേറുന്ന ഒരുതരം കവിതയുണ്ടോ എന്നെനിക്ക് സംശയമുണ്ട്. ഇക്കാലത്ത് പ്രത്യേകിച്ചും. നേരത്തെ സൂചിപ്പിച്ചതുപോലെ, പാശ്ചാത്യരാജ്യങ്ങളിൽ, ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും കുടിയേറിയ കൂറേപേർ അവിടുത്തെ പ്രധാന കവികളാണ്. അവരെയെല്ലാം ഉൾക്കൊള്ളുന്നതുവഴിയാണ് ആ ഭാഷകളിൽ കവിത വളർന്നു കൊണ്ടിരിക്കുന്നത്. ആ വൈവിധ്യം മൂലം നേരത്തെ പറഞ്ഞ തരം ഏകതാനത (അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ) നഷ്ടമാകുകയും ചെയ്യുന്നു. നമ്മൾ പൊതുവെ പറയാറുണ്ടല്ലോ, ഒരു ഭാഷയും സംസ്‌കാരവും വളരുന്നത് മറ്റു സംസ്‌കാരങ്ങളോടും ഭാഷകളോടും ഇടപഴകുന്നതു വഴിയും അവയിൽ നിന്നും സ്വീകരിക്കാനാകുന്നത് സ്വീകരിക്കുന്നതു വഴിയുമാണെന്ന്. ഇത് കവിതയ്ക്കും ബാധകമാണ്. മൗലികവാദം അത് ഏത് തരത്തിലുള്ളതായാലും ഇനിയുള്ള കാലം നിലനിൽക്കാൻ പാടാണ്. അമേരിക്കൻ കവിതയെ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ അടിമുടി പുത്തനാക്കിയത് ചൈനീസ് കവിതയുടെ സ്വാധീനം കൂടിയായിരുന്നു എന്നോർക്കണം.ഇതിനോട് ചേർത്ത് മറ്റൊരു കാര്യം കൂടി, കവിത എന്ന എഴുത്തുരൂപം അടിസ്ഥാനപരമായി പരിഭാഷയുടെ സ്വഭാവം ഉൾക്കൊള്ളുന്നുവെന്ന ന്യായത്തിലൂന്നിക്കൊണ്ട് ആ പ്രവൃത്തിയിൽ ഏർപ്പെടുന്ന ആളാണ് ഞാൻ. ഫ്രഞ്ച് കവി പോൾ വലേരിയുടെ നിരീക്ഷണത്തിൽ 'ഭാഷയ്ക്കുള്ളിലെ മറ്റൊരു ഭാഷയാണ് കവിത'. ഇങ്ങനെ വിശ്വസിക്കാമെങ്കിൽ, മറ്റൊരു ഭാഷയിലെ കവിതയിൽ നിന്നും എനിക്ക് എന്റെ ഭാഷയിലേക്ക് കൊണ്ടുവരാനാകുന്നത് ആ ഭാഷയിലെ കവിതയിലെ 'കവിത' മാത്രമാണെന്നു കണ്ടെത്താം. ഇത് എല്ലായിപ്പോഴും ശരിയാകണം എന്നില്ലെങ്കിലും, അങ്ങനെയൊരു വിശ്വാസത്തിലൂന്നി ഞാൻ നടത്തുന്ന ശ്രമങ്ങളാണ് എന്റെ കവിതാപരിഭാഷകൾ. എന്നെ സംബന്ധിച്ച് കവിതയ്ക്ക് വ്യവഹാരഭാഷയ്ക്ക് അതീതമായ ഒരു ഭാഷാജീവിതം സാധ്യമാണ്.

പെർഫോമൻസ് പോയട്രി, പോട്രൈറ്റ് ദൃശ്യകവിതകൾ എന്നിവ മലയാള കവിതയുടെ മാറിയ മുഖമാണല്ലോ, കവിതയുടെ ഈ മാറ്റത്തെ /മുന്നേറ്റത്തെ എങ്ങനെയാണു വിലയിരുത്തുന്നത്?

കവിത വ്യവഹാരഭാഷയിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ല എന്നത് നമ്മൾ ഇതിനോടകം മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. തർകോവ്‌സ്‌കിയുടെ സിനിമകൾ, അമോസ് ഓസിന്റെ 'അതേ കടൽ' എന്ന നോവൽ, പല ശിൽപ്പ-ചിത്രകലകൾ അങ്ങനെ പലതും കൈമാറുന്ന അനുഭവം കാവ്യാനുഭവം തന്നെയാണ്. കാവ്യാത്മകമായ മാനസികാവസ്ഥ സൃഷ്ടിക്കുന്ന എന്തിനെയും നമുക്ക് കവിതയായി കാണാം. അങ്ങനെ ഒരു കാര്യം സാധിക്കുന്നുണ്ടോ എന്നുമാത്രമാണ് നോക്കേണ്ടതായിട്ടുള്ളൂ. മലയാളത്തിൽ ടി.പി വിനോദ് കുറച്ചു വർഷങ്ങൾക്ക് മുന്നെ കോൺക്രീറ്റ് പോയട്രിയ്ക്കായി ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. അതിനു മുന്നെയും അത്തരം നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഡിജിറ്റൽ കാലത്ത് ദൃശ്യകവിതയ്ക്കും ഹൈപ്പർലിങ്ക് കവിതയ്ക്കുമുള്ള സാധ്യതയും സൗകര്യവും കൂടുതലാണ്. വിഷ്ണുപ്രസാദ്, അരുൺ പ്രസാദ്, ജിഷ്ണു കെ.എസ് തുടങ്ങിയവർ അത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എം. ആർ. വിഷ്ണുപ്രസാദിനെ പോലെ ചിലർ മലയാളത്തിൽ performance poetryയുടെ പുതിയ സാധ്യതകൾ തേടുന്നുണ്ട് എന്നാണു മനസ്സിലാക്കുന്നത്. ഇതൊക്കെ നിലനിൽക്കുന്ന കവിതയുടെ തുടർച്ച തന്നെയാണ്. വളരെ പണ്ടുമുതലേയുള്ള കാര്യങ്ങളുടെ തുടർച്ച. ലോകത്ത് എല്ലായിടത്തും നടക്കുന്നതുപോലെ അതിലെ ചില ശ്രമങ്ങൾ കാലോചിതമായി മലയാളത്തിലും തുടരുന്നു. കവിതകൾക്ക് കൂടുതൽ ആസ്വാദകരെ ലഭ്യമാക്കാൻ ഇത് ഇടയാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതൊരു തുടർച്ചയാണെന്നു പറയാൻ കാരണം, ഈ മേഖലകളിൽ നടക്കേണ്ടത് വിജയകരമായ ശ്രമങ്ങൾ ആകണം എന്നതിനാൽ കൂടിയാണ്. തുടക്കം അല്ല എന്ന യാഥാർത്ഥ്യബോധത്തോടെയാണു ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ പ്രവർത്തിക്കേണ്ടത്. പരീക്ഷണപരതയെ നമുക്ക് രണ്ട് രീതിയിൽ കാണാം, നിലവിൽ ഇല്ലാത്ത ഒന്നിനെ സൃഷ്ടിക്കുമ്പോൾ അതിലെ പരീക്ഷണശ്രമങ്ങളിലും നവീനതയിലും ആകാം നമ്മുടെ ശ്രദ്ധ. അതിനെ പെർഫെക്ഷനിലേക്ക് കൊണ്ടുചെന്നെത്തിക്കുക പിന്നാലെ വരുന്നവരാകും. അവിടെ പൂർണ്ണത പ്രധാനമല്ല. എന്നാൽ നിലവിൽ ഉള്ളതിൽ നിന്നുള്ള തുടർച്ചയിൽ വിജയിച്ച മാതൃകകളാണ് നമ്മൾ മുന്നോട്ട് വെക്കേണ്ടത്. അതാണ് ഒരു കവിതാസ്വാദകൻ എന്ന നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നതും. കവിതയുടെ ഈ മേഖലകളിൽ വിജയിച്ച മാതൃകകൾ മലയാളത്തിൽ അധികമില്ല. ശ്രമങ്ങൾ വേണ്ടുവോളമുണ്ടുതാനും.

കലാസൃഷ്ടികളിൽ പ്രത്യേകിച്ച് കവിതയിൽ ഇന്നും തുടർന്ന് പോരുന്ന ഫ്യൂഡൽ ഗ്ലോറിഫിക്കേഷൻ താങ്കൾ ശ്രദ്ധിച്ചു കാണുമല്ലോ, അത്തരത്തിൽ കവികൾ /കവിതകൾ തിരുത്തിതുടങ്ങേണ്ട സമയം അതിക്രമിച്ചില്ലേ? എന്താണ് അഭിപ്രായം?

കലാസൃഷ്ടികളിലെ ഫ്യൂഡൽ ഗ്ലോറിഫിക്കേഷൻ ഒരു മോശം കാര്യമായി ഞാൻ കരുതുന്നു. അത് പൊളിറ്റിക്കലി കറക്ട് അല്ലെന്നത് കൊണ്ട് മാത്രമല്ല. അത് മുന്നോട്ടുവെക്കുന്ന സെൻസിബിലിറ്റി അറുപഴഞ്ചൻ ആണെന്നതുകൊണ്ട് കൂടിയാണ്. കവിതയിൽ ഫ്യൂഡൽ ഗ്ലോറിഫിക്കേഷൻ ഒരു പ്രമേയപരമായ വിഷയം മാത്രമല്ല. കവികൾ ഉപയോഗിക്കുന്ന ഡിക്ഷനിൽപ്പോലും അത് പ്രകടമാകും.

അടയാളപ്പെടാതെ പോയ പല കവികളുമുണ്ടാകും ലോകത്ത്. താങ്കളുടെ വായനയിൽ അങ്ങനെ വേണ്ടവിധം അടയാളപ്പെട്ടിട്ടില്ല എന്ന് തോന്നിയ ഏതെങ്കിലും കവികളുണ്ടോ,എന്തുകൊണ്ട്?

കവിതയുടെ ഒരു പ്രത്യേകത എല്ലാ കാലത്തും പുത്തനായി നിൽക്കാൻ കൂടി അവയ്ക്ക് ശേഷിയുണ്ടായേക്കും എന്നതാണ്. അങ്ങനെയുള്ള ഒരു കവിതയെങ്കിലും എഴുതിയ ആളെ സംബന്ധിച്ചിടത്തോളം കാലം അയാളെ അടയാളപ്പെടുത്തും. അതിനാൽ ആരെങ്കിലും വേണ്ടവിധം അടയാളപ്പെട്ടില്ല എന്ന തോന്നൽ ഉണ്ടാകാറില്ല. അതേസമയം നല്ല കവികളെ തഴഞ്ഞ്, സാഹിത്യേതരമായ കാരണങ്ങളാൽ ചില മീഡിയോക്കർ കവികൾ ചില പ്രത്യേക കാലത്ത്/സാഹചര്യത്തിൽ ആഘോഷിക്കപ്പെടുമ്പോൾ, നിരാശ തോന്നാറുണ്ട്. കാലം അവരെ പിന്നീട് ചവറ്റുകുട്ടയിലിടുമെന്നാണ് ചരിത്രം കാണിച്ചുതരുന്നത്. എന്നാൽ കാലം കണ്ടെത്തിക്കോളുമെന്നും പറഞ്ഞ് നമ്മുടെ കണ്ണിൽപ്പെടുന്ന നല്ല കവിതകളെപ്പറ്റി മറ്റൊരാളൊട് സംസാരിക്കാതെ ഇരിക്കുന്നതും അവ കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതും നന്നല്ല. ഏതെങ്കിലും ഒരു കവിയെ കാലം വീണ്ടെടുത്തിട്ടുണ്ടെങ്കിൽ അവ ആ കാലത്ത് ലഭ്യമാകുന്ന വിധത്തിൽ എവിടെയോ ഒളിച്ചിരിക്കുകയായിരുന്നതുകൊണ്ട് കൂടിയായിരിക്കും എന്നോർക്കണം. മറഞ്ഞിരിക്കാനുള്ള ആ ഇടമെങ്കിലും അവയ്ക്ക് നൽകേണ്ടതുണ്ട്. പ്രധാനപ്പെട്ട അവാർഡുകൾ പോലും യാതൊരു നിലവാരവുമില്ലാത്ത കൃതികൾക്ക് അവയുടെ പോപ്പുലാരിറ്റി മാത്രം കണക്കിലെടുത്തു നൽകുമ്പോൾ ചെറുതല്ലാത്ത നിരാശയുണ്ട്. ദേഷ്യവും.

മലയാളി പരിഭാഷയിലൂടെ വളരെ ചുരുക്കം കവികളെയാണ് അടുത്തറിഞ്ഞിട്ടുള്ളത്. സച്ചിദാനന്ദൻ പാബ്ലോ നെരൂദയെ ഏറെക്കുറേ നല്ല രീതിയിൽ മലയാളിയ്ക്ക് പരിചയപ്പെടുത്തി. വിസ്ലാവ സിംബോർസ്‌കയെയും മിരോസ്ലാവ് ഹൊളുബിനെയും പോലുള്ള കവികളെ ഞാൻ പരിഭാഷപ്പെടുത്തിയപ്പോൾ ചിലർ ചോദിക്കുകയുണ്ടായി ഇവരൊക്കെ നമുക്ക് പരിചിതരായവർ അല്ലേ എന്തിനാണ് വീണ്ടും മലയാളത്തിലാക്കുന്നതെന്ന്. യഥാർത്ഥത്തിൽ ഈ കവികളെ മലയാളി അറിഞ്ഞിരിക്കുന്നത് പലപ്പോഴും തെറ്റായ പരിഭാഷയിലൂടെ ആണെന്നത് കണ്ടാണ് ഞാൻ അവരെ വീണ്ടും പരിഭാഷ ചെയ്യുന്നത്. പരിഭാഷയിൽ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട്, എന്നാൽ വളരെ അടിസ്ഥാനകാര്യങ്ങളിൽ വരെ തെറ്റുവരുത്തുന്നു. അത് മനസ്സിലാക്കുന്നവർ അക്കാര്യം തുറന്നുപറയാൻ മടിക്കുകയും ചെയ്യുന്നു.

മറ്റൊരുകാര്യം, മലയാളികൾക്ക് പല പ്രധാനപ്പെട്ട ഇതരഭാഷാ കവികളെയും അറിയില്ല എന്നതാണ്. കവിതയിലുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ മലയാളി വായനാസമൂഹം തയ്യാറാകാൻ മടിക്കുന്നത് പലതരം കവിതകളുമായി അടുത്തിടപഴകാത്തത് കൊണ്ടുമാകാം. അങ്ങനെയുള്ള ചില കവികളെ മലയാളിയ്ക്ക് പരിചയപ്പെടുത്താൻ കൂടിയാണ് ഞാൻ 'പരിഭാഷകൾ.കോം' എന്ന വെബ്‌സൈറ്റ് വഴി ശ്രമിക്കുന്നത്. നിർഭാഗ്യവശാൽ ഇങ്ങനെയുള്ള പ്രവൃത്തികളോട് എതിർപ്പുള്ളവരുമുണ്ടെന്ന് തോന്നുന്നു. പരിഭാഷകൾ ഡോട്ട് കോം വെബ്‌സൈറ്റ് ലിങ്കുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നത് ഫേസ്ബുക്ക് ഇപ്പോൾ വിലക്കിയിരിക്കുകയാണ്. ചില ആളുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണു നടപടിയെന്നാണു അവർ പറഞ്ഞിരിക്കുന്നത്
പരിഭാഷയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളും മുന്നേറ്റങ്ങളും എന്തൊക്കെയാണ്?

അതേപ്പറ്റി എനിക്ക് ആധികാരികമായ ധാരണയില്ല. ഒരേ പുസ്തകത്തിന്റെ അനേകം പരിഭാഷകൾ ഇപ്പോൾ ഇംഗ്ലീഷിൽ ലഭ്യമാകുന്നുണ്ട് എന്ന നല്ല സാഹചര്യമുണ്ട്. റ്റൊമാസ് ട്രാൻസ്ട്‌റോമറിനെ പോലെയുള്ള ചില കവികളെ നാലോ അഞ്ചോ പരിഭാഷകരിലൂടെ വായിക്കാനായി. പലരുടെയും പരിഭാഷയിലെ അപ്രോച്ച് തികച്ചും വേറിട്ടതായിരുന്നു. അതിൽ ശരിയായ രീതി ഏതാണെന്നത് തികച്ചും കുഴയ്ക്കുന്ന ആലോചനയായിരുന്നു. എങ്കിലും ഒറിജിനലിനോട് നീതി പുലർത്തുക എന്നത് പരിഭാഷയിൽ കാണിക്കേണ്ട സാമാന്യ മര്യാദയാണ്. ഇത് പറയാൻ കാരണം മലയാളത്തിൽ അനേകം തെറ്റായ പരിഭാഷകൾ നടക്കുന്നുണ്ട്. റൊബിൻ റോബെർട്ട്‌സൺ 'ഡിലീറ്റഡ് വേൾഡ്' ചെയ്തപ്പോൾ ആ പരിഭാഷകളെ 'വേർഷൻസ്' എന്നാണ് അദ്ദേഹം വിളിച്ചത്. മലയാളത്തിൽ നൂറുകണക്കിനു പരിഭാഷകൾ ചെയ്‌തെന്ന് വീമ്പ് പറയുന്ന ചിലരുടെ പരിഭാഷകൾ നോക്കിയപ്പോൾ അത് വേർഷൻസ് പോലുമല്ല എന്നാണു എനിക്ക് മനസ്സിലായത്. ആഫ്റ്റർ പോയംസ് എന്നു വേണമെങ്കിൽ നമുക്ക് അവയെ വിളിക്കാം.

നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തി ചാറ്റ്ജിപിടി പോലുള്ളവ എഴുതിയ കവിതകൾ പലതും കണ്ടുകാണുമെന്ന് കരുതുന്നു. കവിതയിൽ നിലനിൽക്കുന്ന ശൈലികൾ, ഘടനകൾ, പ്രമേയങ്ങൾ എല്ലാം ഫീഡ് ചെയ്തു കൊടുത്താൽ അവയ്ക്ക് സമാനമായ കവിതകൾ സൃഷ്ടിക്കാൻ എളുപ്പമാകുന്നുണ്ട്. നിലവിലുള്ള അച്ചുകളിൽത്തന്നെ എഴുത്തുകൾ എഴുതിയുണ്ടാക്കുന്നവർക്ക് ഇത് വെല്ലുവിളിയാണ്. അവരെ വളരെ എളുപ്പത്തിൽ നിഷ്പ്രഭരാക്കാൻ നിർമ്മിതബുദ്ധിയ്ക്കാകും. മാറ്റൊലിക്കവികളെ സൃഷ്ടിക്കാനും ഒരു പ്രത്യേക താളത്തിലും വൃത്തത്തിലും കവിതയെഴുതിയുണ്ടാക്കാനും നിർമ്മിതബുദ്ധിയ്ക്ക് ആവശ്യമായ ഇൻപുട്ടുകൾ കൊടുക്കേണ്ട ആവശ്യമേയുള്ളൂ. പരിഭാഷയുടെ കാര്യത്തിൽ ഇത്തരം സാങ്കേതികവിദ്യകൾ ആ പണി വേഗത്തിൽ ചെയ്യാൻ ഇടയുണ്ട്. സാഹിത്യേതരവും സാങ്കേതികവുമായ എഴുത്തുകൾ എളുപ്പത്തിൽ ഇങ്ങനെ വിവിധ ടൂളുകൾ ഉപയോഗിച്ച് ചെയ്യാനാകും. ഒരു പരിധിവരെ നോവലുകളും കഥകളും പരിഭാഷപ്പെടുത്താനായേക്കും. എന്നാൽ കവിതയുടെ പരിഭാഷയുടെ കാര്യത്തിൽ ടെക്‌നോളജിയ്ക്ക് അൽപ്പം കഷ്ടപ്പെടേണ്ടി വന്നേക്കും. ഡിക്ഷ്ണറിയെക്കാൾ അവിടെ ആവശ്യം മറ്റു പലതുമാണെന്ന കാരണം കൊണ്ടാണിത്. മനുഷ്യന്റെ ഇടപെടൽ സർഗ്ഗാത്മകമായ എഴുത്തിന്റെ പരിഭാഷയ്ക്ക് ആവശ്യമാണ്. ഇതിന് നിയതമായ ഒരു രീതിയല്ല ഉള്ളതെന്നതിനാലാണ് അത്തരം ഇൻപുട്ടുകൾ മെഷീനുകൾക്ക്/സാങ്കേതികവിദ്യകൾക്ക് നൽകൽ പ്രയാസമാകുന്നത്, അവിടെയും മനുഷ്യന്റെ ഇടപെടൽ താരതമ്യേന കൂടുതലായി ആവശ്യം വരും. എന്നാൽ അവ അസാധ്യമാണെന്നും പറയാനാകില്ല.

കോളേജുകളിലും സർവ്വകലാശാലകളിലുമെല്ലാം ഇന്നും ചുള്ളിക്കാടിന്റെയും സുഗതകുമാരിയുടെയും വിവർത്തനങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ കൃതികൾക്ക് അവയുടേതായ പ്രാധാന്യവുമുണ്ട്, എന്നാൽ ഇത്തരം തുടർച്ചകൾ പുതുക്കപ്പെടേണ്ടതാണെന്ന് തോന്നിയിട്ടുണ്ടോ?

കവിതയിൽ പുതുമയെയും മാറ്റങ്ങളെയും അംഗീകരിക്കാൻ ആളുകൾക്ക്, പ്രത്യേകിച്ച് അക്കാദമിക് മേഖലയിലുള്ളവർക്ക്, വലിയ പ്രയാസമുണ്ട്. ഇതിനു പല കാരണങ്ങൾ ഉണ്ടായേക്കാമെങ്കിലും ഒരു എഴുത്തിനെ കവിതയാക്കി മാറ്റുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാത്തതു മൂലമുള്ള പ്രയാസം അക്കാദമിക് മേഖലയും ആളുകൾ പൊതുവിൽത്തന്നെയും നേരിടുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മിക്കവരും ഇപ്പോഴും കവിതയെ തിരിച്ചറിയുന്നത് അതിന്റെ ശബ്ദതാളം, ബാഹ്യരൂപം എന്നൊക്കെയുള്ള തികച്ചും ഉപരിപ്ലവമായ കാര്യങ്ങളെ മുൻനിർത്തിയാണ്. നമ്മുടെ പുതുതലമുറ നിരൂപകർ പോലും കവിതയെ സമീപിക്കുന്നത് ഒരു നോവലിനെയോ കഥയെയോ വിലയിരുത്താൻ ഉപയോഗിക്കുന്ന ടൂളുകൾ വെച്ചാണെന്നു ഓർക്കണം. 'ആശാൻ കവിതയിലെ സ്ത്രീകൾ' എന്ന് പറയുന്നത് അങ്ങനെയൊരു സമീപനമാണ്. അത് തെറ്റാണെന്നല്ല, പോയറ്റിക്‌സ് സംസാരിക്കുന്നിടത്ത് അപ്രധാനമായ കാര്യമാണ് അതെന്നേയുള്ളൂ. പോയറ്റിക്‌സ് ആരും സംസാരിക്കാറില്ല എന്നതാണ് പ്രശ്‌നം. കഥപറച്ചിലിന്റെയും സംഗീതത്തിന്റെയും ഘടകങ്ങളെ ഉപയോഗപ്പെടുത്തുന്ന കവിതകൾക്കാണു മലയാളത്തിൽ കൂടുതൽ പ്രചാരം ലഭിക്കാറുള്ളത്. കവിത ആസ്വദിക്കാൻ ശേഷിയുള്ള വായനാസമൂഹം ആവശ്യത്തിനില്ല എന്നതിന്റെ തെളിവാണിത്. ഒരുകാലത്ത് ശബ്ദസൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ കവിത ആഘോഷിക്കപ്പെട്ടെങ്കിൽ ഇന്നത് കൂടുതലും കഥപറച്ചിലിന്റെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഏതൊരു കലയെ സമീപിക്കുമ്പോഴും നമുക്ക് ഈ പരിമിതിയുണ്ടെന്നു തോന്നുന്നു. ആ കല ആവശ്യപ്പെടുന്ന ശേഷി ആർജ്ജിക്കാൻ നമ്മൾ ശ്രമിക്കാറില്ല. മറിച്ച് നമുക്കുള്ളതുവെച്ചു അതിനെ ആസ്വദിക്കാനേ നോക്കാറുള്ളൂ. സിനിമ കാണുമ്പോൾ നല്ല കഥയാണോ എന്ന് നോക്കും. സംഗീതം കേൾക്കുമ്പോൾ വരികളും അവയുടെ അർത്ഥവും വെച്ച് നിലവാരം അളക്കും. വൃത്തമുക്ത കവിതയാണ് വായിക്കുന്നതെങ്കിൽ കഥയെന്താണെന്നു നോക്കും. കവിത കേൾക്കുകയാണെങ്കിൽ കേൾക്കാൻ ഇമ്പമുണ്ടോ എന്ന് നോക്കും. താളത്തിൽ എഴുതിയത് ഇക്കാലത്തെ കവിയാണെങ്കിൽ നല്ലതെന്ന് മുൻകാലത്ത് വിലയിരുത്തപ്പെട്ട ഏതെങ്കിലും കവിതയെ ഓർമ്മിപ്പിച്ചാൽ ബഹുകേമമെന്നും അസ്സൽ കവിതയെന്നും വിലയിരുത്തും. പ്രശ്‌നം മേൽപ്പറഞ്ഞ രീതിയിൽ ആസ്വദിക്കുന്നതിലല്ല, ഈ വിലയിരുത്തലിലും അത് മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കുന്നതിലുമാണ്. ഇതിനൊക്കെ മാറ്റം കൊണ്ടുവരാൻ ആകുന്ന അല്ലെങ്കിൽ അതിനു ഉത്തരവാദിത്വപ്പെട്ട അക്കാദമിക് രംഗത്തുള്ളവരുടെ അവസ്ഥയും ഇതുതന്നെ.

സമകാലിക മലയാളത്തിൽ ദളിത് കവിത, സ്ത്രീകവിത, ക്വീയർ കവിത, ഗോത്രഭാഷകവിത എന്നിങ്ങനെ വ്യത്യസ്തമായ ധാരകൾ കാണാൻ സാധിക്കും. ഇത്തരത്തിലുള്ള പലമകളോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന എഴുത്തുകാരുമുണ്ട്, താങ്കൾ എങ്ങനെയാണ് ഈ പലമകളെ നോക്കിക്കാണുന്നത്?

ഒരു ഭാഷയെ കാലോചിതമായി മറ്റു പല ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുന്നതിൽ കവികൾക്ക് ചിലതൊക്കെ ചെയ്യാനാകും. ദളിത് കവിത, സ്ത്രീകവിത, ക്വീയർ കവിത, ഗോത്രഭാഷാകവിത എന്നിവ കേരളകവിതയുടെ ഭാഗമായി നിന്നുകൊണ്ട് അത്തരം ചില പ്രവൃത്തിയിൽ ഏർപ്പെടുന്നുണ്ട്/ ഏർപ്പെടാൻ ഇടയുണ്ട് എന്നാണ് ഞാൻ കരുതുന്നത്. പുരുഷന്റെ പ്രത്യേകിച്ചും സവർണ്ണ പുരുഷന്റെ വീക്ഷണകോണിലൂടെ അവന്റെ ഭാഷയിലൂടെ പ്രചാരത്തിലായ മലയാള സാഹിത്യത്തിൽ പുതിയ തലമുറ നടത്തുന്ന പൊളിച്ചെഴുത്ത് കേവലം രാഷ്ട്രീയപരമായ കാര്യത്താൽ മാത്രമല്ല പ്രാധാന്യമർഹിക്കുന്നത്, അവ മുന്നോട്ട് വെക്കാൻ സാധ്യതയുള്ള പോയറ്റിക്‌സ് മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം നൽകാൻ ഇടയുണ്ട്. എന്നാൽ ഇത്തരം ശ്രമങ്ങളെ അടയാളപ്പെടുത്തുന്നതിൽ അല്ലെങ്കിൽ വിലയിരുത്തുന്നതിൽ പലപ്പോഴും നമ്മുടെ വായനാസമൂഹവും സ്ഥാപനങ്ങളും പരാജയപ്പെടുന്നു. എന്നുമാത്രമല്ല, ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ഇത്തരം മൂവ്‌മെന്റുകളുടെ മൊത്താവകാശം നേടിയെടുക്കുന്നതോ അതിനു അവരെ സഹായിക്കുന്ന വിധത്തിൽ സ്ഥാപനങ്ങളും വ്യക്തികളും പ്രവർത്തിക്കുന്നതും കാണാം. മലയാളത്തിൽ ഇന്ന് കവിതയെഴുതുന്നതിൽ ബഹുഭൂരിപക്ഷവും സ്ത്രീകൾ ആയാൽ പോലും എന്തെങ്കിലും പരിപാടികളോ മറ്റോ വരുമ്പോൾ സ്ത്രീകവിതയെ പ്രതിനിധീകരിക്കുന്നത് സ്ഥിരം ചില ആളുകൾ മാത്രമാണെന്നു വരുന്നത് എന്തുകൊണ്ടാകും? ഇത് ഇപ്പോഴത്തെ എല്ലാ മൂവ്‌മെന്റുകളിലും കാണുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ്. ഓരോ പ്രസ്ഥാനവും തങ്ങളിൽപ്പെട്ട എല്ലാവർക്കും ഇടം തങ്ങൾക്കുള്ളിൽപ്പോലും നൽകാൻ ശ്രമിക്കുന്നില്ല എന്നത്. അതല്ലെങ്കിൽ എല്ലാവർക്കും വളരാനും മെച്ചപ്പെടാനുമുള്ള സാഹചര്യമില്ല അവർക്കുള്ളിൽപ്പോലും എന്നത്.
ഇത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമായി എഴുതപ്പെടുന്ന കവിതകളിൽ ഞാൻ കാണുന്ന ഒരു പോരായ്മ കവിത ഇന്നോളം സഞ്ചരിച്ചെത്തിയ മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും ഊർജ്ജം ഉപയോഗപ്പെടുത്തി തങ്ങളുടെ അനുഭവപരിസരങ്ങളെ, ഭാഷയെ കവിതയിലെടുത്ത് മലയാള കവിതയെ മുന്നോട്ട് നയിക്കുന്നതിനു പകരം മിക്കവരും തങ്ങൾ ലോകത്ത് ആദ്യമായി കവിത എഴുതുകയാണെന്ന മട്ടിൽ ആണ് കവിതയെ സമീപിക്കുന്നത് എന്നതാണ്. വളരെ ബാലിശമായ കവിതകളെയാണ് രാഷ്ട്രീയ ബാധ്യതയുടെ പേരിൽ പലപ്പോഴും നമുക്ക് അംഗീകരിക്കേണ്ടി വരുന്നത്. ക്വീയർ കവിത, ഗോത്രഭാഷകവിത എന്നൊക്കെ പറഞ്ഞ് സിലബസ്സുകളിൽ ഉൾപ്പെട്ടിരിക്കുന്ന കവിതകൾ ഏറെയും ഇത്തരത്തിലുള്ളവയാണ്. ഈ വിഭാഗങ്ങളിൽ നിന്നും നല്ല കവികളോ കവിതകളോ ഇല്ലാഞ്ഞിട്ടല്ല ഇതെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം.

വിവർത്തനത്തിനായി ഒരു കവിതയെ അഭിമുഖീകരിക്കുമ്പോൾ, ആ കവിതയുടെ അർത്ഥം, താളം,ശൈലി എന്നിവ ചോർന്നുപോകാതെ വിവർത്തനം ചെയ്യാൻ ശ്രമിക്കാറുണ്ടോ, അത് എത്രമാത്രം
സാധ്യമാണ്?

ഒരു ഭാഷയിലെ കവിത മറ്റൊരു ഭാഷയിലേക്കു പരിഭാഷപ്പെടുത്തേണ്ടി വരുമ്പോൾ ആ കവിത എഴുതപ്പെട്ട ഭാഷയുമായി നിലനിർത്താൻ ഇടയുള്ള പൊക്കിൾക്കൊടി ബന്ധം വിച്ഛേദിക്കേണ്ടി വന്നേക്കും. സ്വീഡിഷ് ഭാഷ തന്നിലൂടെ എഴുതുന്നതാണ് തന്റെ കവിതയെന്ന് റ്റൊമാസ് ട്രാൻസ്‌ട്രോമർ പറയുന്നതിനെയും പരിഭാഷയിൽ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്ന് റോബർട്ട് ഫ്രോസ്റ്റ് പറയുന്നതിനെയും ഇതോടു ചേർത്തുവായിക്കാം. എന്നാൽ, ഇതിനു നേരെ വിപരീതമായ വിശ്വാസം വെച്ചുകൊണ്ട് മാത്രമാണ് വായനക്കാർ എന്ന നിലയിലോ പരിഭാഷകർ എന്ന രീതിയിലോ നമുക്ക് ഇതരഭാഷാകവിതയെ സമീപിക്കാൻ പറ്റുകയുള്ളൂ. ഭാഷകൾ എത്രത്തോളം വേർപെട്ടു നിൽക്കുന്നോ അത്രത്തോളം അവയുടെ താളം തമ്മിലുള്ള വ്യത്യാസവും കാണും. എന്നാൽ ഉച്ചാരണത്തിലൂടെ കവിതയ്ക്കുണ്ടാകുന്ന താളഭംഗി കവിതയുടെ പുറംമോടി മാത്രമാണ്. അർത്ഥവും ഘടനയും ശൈലിയുമാണ് പരിഭാഷയിൽ അതീവ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങൾ. അതേസമയം അർത്ഥം രണ്ട് ഭാഷയിലും അറിവുള്ള ഒരാൾക്ക് ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്ക് കൊണ്ടുവരാനാകും. എന്നാൽ കവിതയുടെ കാര്യത്തിൽ അർത്ഥത്തെക്കാൾ കവിതയുണ്ടാക്കുന്ന അനുഭവമാണ് പരിഭാഷയിൽ പങ്കുവെക്കേണ്ടിവരിക. കവിതയെന്നത് അർത്ഥത്തെക്കാൾ കാവ്യാനുഭവം സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. കാരണം മറ്റു സാഹിത്യകലകൾകൊണ്ടും സാധിക്കാനാകാത്ത അനുഭവങ്ങളെ ആവിഷ്‌കരിക്കാൻ കെൽപ്പുണ്ട് കവിതയ്ക്ക്, അതാകട്ടെ സാധ്യമാക്കുന്നത് ഒരാളെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കിപ്പിക്കുന്നതിലല്ല മറിച്ച് സമാനമായ അനുഭവം സൃഷ്ടിക്കുന്നതിലാണ്. ആശയം മാറാതെ ഒരു ഭാഷയിലെ കാവ്യാനുഭവം മറ്റൊരു ഭാഷയിലേക്ക് കാവ്യാനുഭവമായി കൈമാറാൻ സാധിച്ചിട്ടുണ്ടോ എന്നതാണ് കവിതാപരിഭാഷയെ വിലയിരുത്തുന്നതിൽ എന്റെ പ്രധാന മാനദണ്ഡം. ഓരോ കവിയുടെയും പോയറ്റിക്‌സ് വേറിട്ടതാകാം. ചിലർ തനതായൊരു ശൈലി രൂപപ്പെടുത്തിയവരുമാകും. അതിനെ പരിഭാഷയിൽ മാനിക്കേണ്ടതുണ്ട്. മേരി ഒലിവറിന്റെ ഗദ്യകവിത (prose poetry) വേണമെങ്കിൽ നമുക്ക് മലയാളത്തിൽ താളത്തിലുള്ള ഡിക്ഷനിലേക്കു മാറ്റാം. എന്നാൽ ഒരിക്കലും ബോദ്‌ലേറിന്റെയോ റെംബോയുടേയോ റസ്സൽ എഡ്‌സന്റെയോ ഗദ്യകവിതയിൽ അത്തരം അതിക്രമം കാണിക്കരുത്. റെംബോയുടെ താളത്തിലുള്ള ഫ്രഞ്ച് കവിതകൾ പോലും വൃത്തമുക്തകവിതയായി മലയാളത്തിൽ കൊണ്ടുവരുന്നതാകും ആ കവി മുന്നോട്ടുവെച്ച 'ആധുനികമായ' സെൻസിബിലിറ്റിയോട് കാണിക്കാവുന്ന നീതി. റൊബർട്ട് ഫ്രൊസ്റ്റിനെയും വില്യം വേർഡ്‌സ്വർത്തിനെയുമൊക്കെ പലരും കടുകട്ടിയായ സംസ്‌കൃത മലയാളത്തിലേക്ക് മൊഴിമാറ്റിയത് ശരിയല്ല. അങ്ങനെ ചില കാര്യങ്ങൾ കൂടി കവിതാപരിഭാഷയിൽ പ്രധാനമാണ്.


#poetry
Leave a comment