ഓണസ്മൃതികളുടെ ഊഞ്ഞാലില്‍
ഓണം ഓര്‍മകളുടെ ഉത്സവമാണ്. അത് പൂക്കളുടെയും പാട്ടുകളുടെയും കളികളുടെയും ഉത്സവമാണ്. സ്നേഹത്തിന്റെയും സമഭാവനയുടെയും ഐശ്വര്യത്തിന്റെയും ഉത്സവമാണ്. അത് ധര്‍മവും നീതിയും വെട്ടിത്തിളങ്ങിയിരുന്ന ഏതോ ഒരു കാലത്തിന്റെ ഓര്‍മയാണ്. ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ മലയാളികളെല്ലാം ചേര്‍ന്നാഘോഷിക്കുന്ന ഒരുത്സവം ഓണംപോലെ വേറെയില്ല.
മഹാവിഷ്ണു വാമനവേഷം കൈക്കൊണ്ട് ചതിയിലൂടെ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ പഴമ്പുരാണമാണല്ലോ ഓണത്തിന്റെ ആധാരശില. പക്ഷേ, അതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിപ്പോള്‍ തര്‍ക്കമുണ്ട്. ചിലരതിനെ രാഷ്ട്രീയാധിനിവേശത്തിന്റെ തിരുശേഷിപ്പായി ഓര്‍ക്കുന്നു. അതു പക്ഷേ, കാര്യം വേറെ. സാധാരണ മലയാളികളെ സംബന്ധിച്ചിടത്തോളം സമത്വസുന്ദരവും നീതിനിഷ്ഠവുമായ ഒരു കാലത്തിന്റെ ഓര്‍മയാണ്. പ്രകൃതിയും മനുഷ്യരും ചേര്‍ന്നാഘോഷിക്കുന്ന ഒരു ജീവിതോത്സവം എന്ന നിലയ്ക്കാണ് ഓണം എന്നെ ആകര്‍ഷിക്കുന്നത്. കര്‍ക്കിടകത്തിന്റെ കാറും കറുപ്പും ഒഴിഞ്ഞ് ചിങ്ങപ്പുലരിയില്‍ ആകാശം തെളിയുന്നു. തുള്ളിക്കൊരുകുടം വീതം പെയ്ത കര്‍ക്കിടക മഴ തോര്‍ന്നു പൊന്‍വെയിലും പൂനിലാവും ഇളംകാറ്റും കൊണ്ട് പ്രകൃതി ഒരു കന്യകയെപ്പോലെ അണിഞ്ഞൊരുങ്ങുന്നു. കാടുകളും പുഴയിറമ്പുകളും കുന്നിന്‍ ചരിവുകളും തൊടികളും നിറയെ പൂത്തിരിക്കുന്നു! നോക്കുമ്പോള്‍ കിണറ്റിന്‍കരയിലെ തുമ്പപോലും പൂത്തു കുടം ചൊരിഞ്ഞു നില്ക്കുന്നു. മുറ്റം നിറയെ പൂക്കളം... ഓണത്തിന്റെ കൊടിയേറ്റം!
REPRESENTATIONAL IMAGE
ഓണത്തെ സംബന്ധിച്ച് കേരളത്തിന്റെ മനസ്സില്‍ പതിഞ്ഞുകിടക്കുന്ന ഐതീഹ്യമെന്താണ്? പണ്ടു പണ്ട് അസുരചക്രവര്‍ത്തിയായിരുന്ന മഹാബലി നാടുവാണിരുന്ന കാലത്തെ, മാനുഷരെല്ലാരും ഒന്നുപോലെ ആമോദത്തോടെ ജീവിച്ചു. അന്ന് ആര്‍ക്കെങ്കിലും ആരെക്കൊണ്ടെങ്കിലും ആപത്തുണ്ടായിരുന്നില്ല. അന്നു കള്ളവും ചതിയുമുണ്ടായിരുന്നില്ല. ധനവും ധാന്യവും നീതിയുമളക്കാന്‍ അന്നു കള്ളപ്പറയും ചെറുനാഴിയുമുണ്ടായിരുന്നില്ല. ആധിയോ വ്യാധിയോ ഉണ്ടായിരുന്നില്ല. വിധവകളുടെ വിലാപങ്ങള്‍ കേട്ടിരുന്നില്ല. എവിടെ നോക്കിയാലും നല്ല മനുഷ്യര്‍ മാത്രം! കാല്‍കഴഞ്ചിനുപോലും വ്യത്യാസം വരാതെ അന്ന് അളവുകളും തൂക്കങ്ങളും കൃത്യമായിരുന്നു. എന്നുവച്ചാല്‍ അന്നിവിടെ ജീവിതം എല്ലാ ധര്‍മനീതികള്‍ക്കും ഒത്തിരുന്നു. മഹാബലിയുടെ ഭരണംകൊണ്ട് ഭൂമി മലയാളം അന്ന് സ്വര്‍ഗതുല്യമായി തീര്‍ന്നു.
ഇന്നോര്‍ക്കുമ്പോള്‍ ആ പഴയ ഓണപ്പാട്ടില്‍ വര്‍ണിക്കുന്ന മാവേലിക്കാലം ഏതോ കവിയുടെ സ്വപ്നമാണെന്നു തോന്നിപ്പോകും. യഥാര്‍ത്ഥത്തില്‍ അത്ര ധര്‍മിഷ്ഠനും പ്രജാക്ഷേമ തല്പരനുമായ ഒരു രാജാവ് ഉണ്ടായിരുന്നോ? അല്ലെങ്കില്‍ അങ്ങനെ ഒരു കാലമുണ്ടായിരുന്നോ? പ്രജകളെ തന്റെ മക്കളെപ്പോലെ സ്നേഹിച്ച ധര്‍മിഷ്ഠനായ മഹാബലി ചക്രവര്‍ത്തിയെ എന്തിനാണ് മഹാവിഷ്ണു വേഷം മാറി വന്ന് മൂന്നടി ഭൂമി യാചിച്ച് ചതിച്ച് പാതാളത്തിലേ്ക്ക് ചവിട്ടിത്താഴ്ത്തിയത്? എന്തായിരുന്നു മഹാബലിയുടെ പേരിലുള്ള കുറ്റം? രാജാവ് ധര്‍മിഷ്ഠനും നീതിമാനുമായിരിക്കുന്നത് ഒരു കുറ്റമാണോ? പ്രശ്നം മറ്റൊന്നായിരുന്നു. മഹാബലി അസുരനായിരുന്നു, കീഴ്ജാതി. ചാതുര്‍വര്‍ണ്യത്തിന്റെയും ബ്രാഹ്‌മണ്യത്തിന്റെയും നീതി ശാസ്ത്രം ധര്‍മ നീതികളെ നിയന്ത്രിക്കുന്നിടത്ത് അസുരനെന്തിനാണ് നല്ലവനായിരിക്കുന്നത്? അവനെന്തിനാണ് ധര്‍മിഷ്ഠനും നീതിമാനുമാകുന്നത്?
എന്റെ ഓണങ്ങളില്‍വെച്ച് ഏറ്റവും നല്ലതും അവിസ്മരണീയവുമായിട്ടുള്ളത് പ്രവാസി ഓണമാണ്. 'ഒരു സങ്കീര്‍ത്തനം പോലെ' യ്ക്കുള്ള 1994 ലെ അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ് വാങ്ങാന്‍ ഞാന്‍ അബുദാബിയില്‍ ചെന്നിരിക്കുന്നു. അത് ഒരോണക്കാലമാണ്. അവാര്‍ഡ് സ്വീകരണമൊക്കെ കഴിഞ്ഞ് ഞാന്‍ അബുദാബി സുഹൃത്തുക്കളെ കണ്ടും അവരുടെ സ്നേഹവിരുന്നില്‍ പങ്കുചേര്‍ന്നും അങ്ങനെ നടക്കുന്നു. കണിയാപുരം സൈനുദ്ദീനും തൃശൂര്‍ക്കാരന്‍ ബാലനുമാണ് എന്നെ കൊണ്ടുനടക്കുന്നത്. നല്ലൊരു സഹൃദയനും സഹൃദയനെന്ന നിലയില്‍ തലേക്കല്ലനുമായ സുബ്രമണ്യത്തിന്റെ വീട്ടില്‍ സന്ധ്യയ്ക്കുള്ള വിരുന്നില്‍ ഞങ്ങള്‍ ചെന്നിരിക്കുന്നു. ഗംഭീരമായ ഒരു വിരുന്നാണ് സ്വാമിയും മിനിയും കൂടി ഞങ്ങള്‍ക്കൊരുക്കിയിരുന്നത്. വിരുന്നിനുശേഷം തമാശയൊക്കെ പറഞ്ഞിരിക്കുമ്പോള്‍ സ്വാമി സ്വതേയുള്ള നര്‍മത്തോടെ എന്നോട് ചോദിച്ചു:
'അപ്പഴേ പെരുമ്പടവം സാറേ, എനിക്കൊരു കാര്യം പറയാനുണ്ട് നിങ്ങളോട്. അബുദാബിയില്‍ വന്നിട്ട് നിങ്ങളിങ്ങനെ പ്രമാണിമാരുടെ വീട്ടില്‍ വിരുന്നുണ്ട് നടന്നാല്‍ പോരാ. ഇവിടെ പാവങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അന്വേഷിക്കണം.' ഞാനെവിടെ പോയി അന്വേഷിക്കാന്‍? അബുദാബിയില്‍ പാവങ്ങളുണ്ടോ? എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്നറിയാന്‍ എന്നും രാവിലെ മൈതാനത്തിന്റെ വക്കില്‍ തൊഴില്‍ ഏജന്റുമാരെ കാത്തിരിക്കുന്ന പാവങ്ങളെ കണ്ടപ്പോള്‍ എന്റെ ഹൃദയം നടുങ്ങി.
REPRESENTATIONAL IMAGE
നഗരത്തില്‍ നിന്ന് ദൂരെ മലഞ്ചെരുവില്‍, കിടക്കാന്‍ മൂന്നു തട്ടുകള്‍ വീതമുള്ള നെടുങ്കന്‍ തകരഷെഡുകളില്‍ ജീവിതത്തിന്റെ കയ്പ്പ് കടിച്ചുചവച്ച് ജീവിക്കുന്ന തൊഴിലാളികളെ ഞാന്‍ കണ്ടു. പല ജാതിക്കാരെ, പല മതക്കാരെ, പല ദേശക്കാരെ... അവരൊക്കെയും അത്തരം വേര്‍തിരിവുകളില്ലാതെ സഹോദരങ്ങളെപ്പോലെ അവിടെ ജീവിക്കുന്നു. ദുഃഖങ്ങള്‍ പങ്കുവച്ച്... സ്വപ്നങ്ങള്‍ പങ്കുവച്ച്...
അബുദാബിയുടെ സമ്പല്‍സമൃദ്ധിയില്‍ നിന്ന് അവര്‍ വളരെ ദൂരെയാണ്. തങ്ങള്‍ ഗള്‍ഫുകാരാണെന്ന് പറയാന്‍ അവര്‍ മടിക്കുന്നു. പാവങ്ങള്‍ എവിടെയും പാവങ്ങളാണ്. ചെറിയ ശമ്പളത്തിന് അടിമകളെപ്പോലെ പണിയെടുക്കുന്നവര്‍. ഒന്നരാടം പണി കിട്ടുന്നവര്‍. പണിയില്ലാത്തവര്‍. നാളെ എന്നൊരു സ്വപ്നം അവര്‍ക്കുണ്ടോ? തിരിച്ചുപോകുന്നതിനെക്കുറിച്ച് അവര്‍ ഓര്‍ക്കുന്നില്ല. നാട്ടില്‍ ആരാണ് തങ്ങളെ കാത്തിരിക്കുന്നത്? നാട്ടില്‍ എന്താണ് പ്രതീക്ഷിക്കാനുള്ളത്?
ചെറിയ ചെറിയ തൊഴിലുകള്‍ ചെയ്ത് അരിഷ്ടിച്ചു ജീവിക്കുന്ന കുറേപേര്‍ ഒന്നിച്ചുജീവിക്കുന്ന ഒരു ചെറിയ വീട്ടില്‍ ഓണത്തിന്റെ അന്നു ഞാന്‍ അവരെ കാണാന്‍ ചെന്നു. ചെറിയ വീട്. ഒരു മലയാളി വീടിന്റെ ചന്തമുണ്ടായിരുന്നു അതിന്. മുറ്റത്ത് പൂവിട്ടു നില്‍ക്കുന്ന മുരിങ്ങ. വാടി നില്‍ക്കുന്ന വാഴ. ചെറിയ ഇലകള്‍ പൊടിച്ചുവരുന്ന കൃഷ്ണതുളസി. അവിടുത്തെ അന്തേവാസികളില്‍ പല ജാതിക്കാരുണ്ട്. പല മതക്കാരുണ്ട്. രണ്ടു പാക്കിസ്ഥാനികളും ഒരു ശ്രീലങ്കക്കാരനും മൂന്നു ഇന്തോനേഷ്യക്കാരുമുണ്ടായിരുന്നു അവിടെ. അവരെല്ലാവരും കൂടി ഓണസദ്യ ഒരുക്കുകയായിരുന്നു ഞാന്‍ ചെല്ലുമ്പോള്‍. പാക്കിസ്ഥാനികളും ശ്രീലങ്കക്കാരനും ഇന്തോനേഷ്യക്കാരും മലയാളികളേക്കാള്‍ ഉത്സാഹത്തിലാണ്. അവരുടെ ഒപ്പമിരുന്ന് ഞാന്‍ അവരുടെ ഓണമുണ്ടു. സാമ്പാര്‍, അവിയല്‍, തോരന്‍, ചെറുകറി, ഉപ്പിലിട്ടത്, രസം, മോര്, പപ്പടം, ഉപ്പേരി, ശര്‍ക്കരവരട്ടി, പായസം. പാക്കിസ്ഥാനികള്‍ക്കും ഇന്തോനേഷ്യക്കാര്‍ക്കും ഇടയിലായിരുന്നു എനിക്ക് ഇല വെച്ചത്. അവരോട് ഒന്നിച്ചിരുന്ന് ഞാനന്ന് ഓണമുണ്ടു. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ദേശത്തിനും ഭാഷയ്ക്കുമതീതമായി സാര്‍വലൗകീകമായ ഒരു സാഹോദര്യത്തിന്റെ നിറവാണ് അന്നു ഞാന്‍ അനുഭവിച്ചത്. മാനുഷ്യരെല്ലാരും ആമോദത്തോടെ വസിക്കുന്ന ഒരു ലോകം... അത് ഐതീഹ്യമോ ചരിത്രമോ അതോ ഏതോ കവിയുടെ സ്വപ്നമോ?
ഊണൊക്കെ കഴിഞ്ഞ് യാത്ര പറയാന്‍ നേരത്ത് അറുപതു വയസ്സുള്ള പൊന്നാനിക്കാരന്‍ അബ്ദുള്ള എന്നെ ആശ്ലേഷിച്ചു. പിന്നെ നോക്കുമ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. സ്നേഹംകൊണ്ട്... സന്തോഷംകൊണ്ട്...!
അതൊക്കെ കഴിഞ്ഞ്, മടക്കയാത്രയില്‍ കണിയാപുരം സൈനുദ്ദീന്‍ എന്നോട് ചോദിച്ചു... 'അല്ലേ പെരുമ്പടവം, യഥാര്‍ത്ഥത്തില്‍ ഓണം എന്താണ്? അതീ മഹാബലിയുടെയും വാമനന്റെയും കഥയാണോ?' ഞാന്‍ പറഞ്ഞു: 'അതിതൊന്നുമല്ല ഓണം എന്നെ ഓര്‍മിപ്പിക്കുന്നത് മറ്റൊന്നാണ്. ചവിട്ടിതാഴ്ത്തപ്പെട്ടവര്‍ അവരുടെ പാതാളങ്ങളില്‍ നിന്ന് തിരിച്ചു വരും.'