TMJ
searchnav-menu
post-thumbnail

Universal kerala

വിശാല കേരളത്തിലെ ആഗോള മലയാളി - സ്വത്വവും പ്രതിനിധാനവും

18 Jun 2024   |   5 min Read
ഇ കെ ദിനേശന്‍

ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന മലയാളി വിശാല കേരളത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവിടെ മലയാളി പുറവാസത്തിന്റെ നിരവധിയായ ജീവിതാഭിമുഖ്യങ്ങളെ നിരന്തരം അഭിസംബോധന ചെയ്യുന്നുണ്ട്. തന്റേത് മാത്രമായ സാംസ്‌കാരിക പരിസരത്ത് നിന്ന് മാറിപ്പോവുകയും എത്തിപ്പെട്ടിടത്ത് അവിടുത്തെ ഭൂമിശാസ്ത്രപരമായ സവിശേഷതകളോട് ഇണങ്ങിച്ചേരാനും മലയാളിക്ക് എളുപ്പത്തില്‍ കഴിയുന്നുണ്ട്. അതുകൊണ്ടാണ് ലോകദേശങ്ങളില്‍ മലയാളിക്ക് തലമുറകളെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നത്. മറ്റൊരു അര്‍ത്ഥത്തില്‍ തൊഴില്‍ കുടിയേറ്റത്തിന്റെ സാധ്യതയെ നിലനിര്‍ത്തുന്നതും തുടര്‍ച്ചയുണ്ടാക്കുന്നതും ഈ വിഭിന്ന സാംസ്‌കാരിക സ്വത്വങ്ങളോടുള്ള ഇണങ്ങിച്ചേരലുകളാണ്.  അങ്ങനെ ജീവിക്കാനുള്ള മലയാളിയുടെ മനസ്സുമാണ് ഇന്നത്തെ വിശാല കേരളത്തെ നിര്‍മിച്ചത്. 

1960 കള്‍ക്ക് ശേഷം ഗള്‍ഫില്‍ ശക്തിപ്രാപിച്ച മലയാളിയുടെ ഒന്നാം തലമുറ ആര്‍ജിച്ചെടുത്ത സാമ്പത്തിക ബലത്തിലാണ് വിശാല കേരളത്തിന്റെ വളര്‍ച്ച. അതിന് തുടര്‍ച്ച നല്‍കി കേരളത്തിന്റെ ചിഹ്നങ്ങള്‍ ലോകത്തിലെമ്പാടും അടയാളപ്പെടുന്നതാണ് 1990-കള്‍ക്ക് ശേഷം നാം കാണുന്നത്. എന്നാല്‍ ഇതിന് മുമ്പ് യൂറോപ്യന്‍ തൊഴില്‍ കുടിയേറ്റരംഗത്ത് മലയാളിയുടെ ആധിപത്യം പ്രകടമായിരുന്നു. ഇത് 1960-കളില്‍ ശക്തിപ്പെട്ടത് ജര്‍മന്‍ പ്രവാസത്തിലാണ്. ഇതില്‍ കൂടുതലും ക്രിസ്ത്യന്‍ നേഴ്‌സുമാരായിരുന്നു. അവരുടെ തലമുറ തന്നെ പുതിയൊരു മലയാള സമൂഹമായി മാറി. ഭാഷ, സംസ്‌കാരം, ദേശം എന്നിവ പിറന്ന ദേശത്തിന്റേതായി. അവര്‍ക്ക് കേരളം മാതൃദേശമല്ല. കാഴ്ചദേശമാണ്. ഗള്‍ഫിന് പുറത്ത് പല കുടിയേറ്റ സമൂഹവും ഈ അര്‍ത്ഥത്തില്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക ദേശ സ്വത്വത്തിന് പുറത്താണ് വളര്‍ന്ന് വലുതാകുന്നത്. നിലവില്‍ മാതൃദേശത്തിന്റെ സ്വത്വനിഷേധം അവരില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെങ്കിലും രണ്ട് മൂന്ന് തലമുറയ്ക്ക് ശേഷം മാതൃദേശം അവരെ സംബന്ധിച്ച് അസ്തിത്വ നിഷേധങ്ങളുടെ ദേശമായി രൂപപ്പെടും. സത്യത്തില്‍ അവരുടെ (പുതിയ തലമുറയുടെ) അസ്തിത്വത്തെ ആരും നിഷേധിക്കുന്നില്ല.


REPRESENTAIONAL IMAGE | WIKI COMMONS 
എന്നാല്‍ പൗരത്വത്തെ കുറിച്ചുള്ള അന്വേഷണവും അവ ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തം ദേശം അവര്‍ക്ക് നഷ്ടപ്പെട്ടതായി ബോധ്യപ്പെടുന്നു. ഈ നഷ്ടം സാങ്കേതികപരമായ നഷ്ടമല്ല. മറിച്ച്, ഏതൊരു മനുഷ്യന്റെയും സ്ഥായിയായ നിലനില്‍പ്പിന് ആവശ്യമായ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ ജൈവനഷ്ടമായി അവരില്‍ പ്രകടമാകും. ഈ സമയത്താണ് പിറന്ന നാടിന്റെ മൗലികമായ സ്വത്വത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് വിശാല കേരളത്തിലെ ആഗോള മലയാളി തൊഴിലിടത്തിലെ ജീവിതത്തിന് പുറത്ത് അയാള്‍ എന്താണ് എന്ന അന്വേഷണം പ്രസക്തമാകുന്നത്. അതില്‍ ഒന്ന് അയാളുടെ സ്വത്വവും മറ്റൊന്ന് ജന്മദേശത്തുള്ള അയാളുടെ പ്രാതിനിധ്യവുമാണ്.

ഒരുഭാഗത്ത് വിശാല കേരളത്തിലെ മലയാളിയുടെ പ്രാതിനിധ്യങ്ങള്‍ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ സുസ്ഥിരത പ്രധാനപ്പെട്ടതാണ്.  മറുഭാഗത്ത് അതിന് കാരണക്കാരായ മലയാളികള്‍ അനുഭവിക്കുന്ന ദേശനഷ്ട പ്രതിസന്ധികളെ സ്വന്തം നാട് തിരിച്ചറിയുന്നില്ല. ഇത്തരം വിഷയം ഇന്ന് പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇന്ന് ഏതൊരു മനുഷ്യനും ലോകത്ത് എവിടെ ജീവിക്കുന്നു എന്നത് അപ്രസക്തമായ ചോദ്യമാണ്. എന്നാല്‍ നില്‍ക്കുന്ന ഇടം വ്യക്തിയെ സംബന്ധിച്ച് വേരുകള്‍ ഇല്ലാത്ത ഇടമാണ് എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും പ്രവാസികളെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. അതിന് കാരണം, പുറപ്പെട്ട ദേശവും എത്തിപ്പെട്ട ഇടവും പ്രവാസികളെ സംബന്ധിച്ച് തന്റെതായ സ്വത്വാവിഷ്‌കാരങ്ങളെ എത്രമാത്രം സ്വതന്ത്രമായി ആവിഷ്‌കരിക്കാന്‍ അനുവദിക്കുന്നു എന്നുള്ളതാണ്. എത്തിപ്പെട്ട ഗള്‍ഫ് ഇടത്തില്‍ ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രതിനിധി എന്ന അര്‍ത്ഥത്തില്‍ അയാളുടെ രാഷ്ട്രീയ സാമൂഹിക ബോധത്തെ ഏതെങ്കിലും അര്‍ത്ഥത്തില്‍ അവതരിപ്പിക്കാന്‍ അവകാശമില്ല. അത്തരമൊരു ജനാധിപത്യ സംവാദത്തിന് അവിടെ ഇടമില്ല. കാരണം, തൊഴില്‍ കുടിയേറ്റത്തിന്റെ അറബ്‌ദേശ പരിമിതി എന്നത് എത്തിപ്പെട്ട ദേശത്തിന്റെ നിയമ വ്യവസ്ഥിതിക്കുള്ളില്‍ തൊഴില്‍ ചെയ്യുക എന്നുള്ളതാണ്.  അതിനപ്പുറമുള്ള ഏതൊരു പ്രതികരണവും അംഗീകൃതമായ നിയമാവലിക്ക് പുറത്ത് പ്രകടിപ്പിക്കാനോ ചര്‍ച്ചയായി രൂപപ്പെടുത്താനോ കഴിയില്ല. 40 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന ഗള്‍ഫ് മലയാളികളെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. യൂറോപ്യന്‍ പ്രവാസികള്‍ക്ക് ഈ പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്ന സാമൂഹിക സമ്പര്‍ക്കങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഗള്‍ഫിനെ സംബന്ധിച്ച് പ്രവാസികള്‍ തുടര്‍ന്നുവരുന്ന ജീവിതാവസ്ഥകള്‍ പലതിനോടും സമരസപ്പെട്ടും ഒപ്പം നിന്നും മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ. ഇവിടെ നിന്നാണ് പുറംവാസികളായ പ്രത്യേകിച്ചും ഗള്‍ഫ് പ്രവാസികളുടെ സ്വത്വ പ്രതിസന്ധികളുടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്.

സത്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് എന്ത് സ്വത്വാവിഷ്‌കാര പ്രതിസന്ധികള്‍ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. അത്തരം ചോദ്യങ്ങള്‍ക്ക് പിന്നിലെ കാരണം, ഉയര്‍ന്ന  സാമ്പത്തികശേഷി, സമ്പന്നനഗരത്തിലെ ജീവിതം, മറ്റ് പല സാംസ്‌കാരിക ഭാഷ മനുഷ്യരുമായുള്ള നിരന്തരസമ്പര്‍ക്കം, അതുണ്ടാക്കുന്ന നൂതനമായ ജീവിതാഭിമുഖ്യങ്ങള്‍. ഇതൊക്കെ പ്രവാസിയെ ആനന്ദിപ്പിക്കേണ്ടതാണ്. ഗള്‍ഫ് മലയാളിയെ സംബന്ധിച്ച് അവരെ സന്തോഷിപ്പിക്കുന്ന ചില ഘടകങ്ങളാണിത്. എന്നാല്‍ ദീര്‍ഘകാലം പ്രവാസിയായ ഒരു മനുഷ്യനെ സംബന്ധിച്ച് അയാള്‍ക്ക് മാത്രം അറിയാവുന്നതും അനുഭവപ്പെടുന്നതുമായ നഷ്ടബോധം മറ്റൊരാളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല.  ഇത് ഗള്‍ഫ് പ്രവാസികളായ ഭൂരിപക്ഷം സാധാരണ മനുഷ്യരെയും ബാധിക്കുന്ന ജീവിതനഷ്ടമാണ്. ഈ അവസരത്തില്‍ നൊബേല്‍ സമ്മാന ജേതാവും ഇന്ത്യന്‍ വംശജനുമായ എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദിയുടെ പ്രശസ്തമായ ഒരു നിരീക്ഷണം ഓര്‍മിക്കാവുന്നതാണ്. അദ്ദേഹം പ്രവാസികളെ വിവര്‍ത്തനം ചെയ്യപ്പെട്ട മനുഷ്യര്‍ എന്നാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നുണ്ട്, പ്രവാസി ബഹുത്വത്തിന്റെയും ഭാഗികതയുടെയും സമ്മിശ്രമാണ്. പലതുകളുടെ സമ്മിശ്രവും ഒന്നിന്റേയും 
പൂര്‍ണ്ണത ഇല്ലായ്മയും പ്രവാസികളുടെ പ്രത്യേകതയായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അതായത് ബഹുത്വം എന്നത് ഒരാളില്‍ നിന്ന് തന്നെ അയാള്‍ അറിയാതെ വികസിക്കുന്ന ജീവിതാവിഷ്‌കാരങ്ങളാണ്. അനേകം മനുഷ്യരുമായുള്ള നിരന്തര സമ്പര്‍ക്കം മനുഷ്യരില്‍ ഉണ്ടാക്കുന്നത് തനത് സ്വത്വങ്ങളുടെ മൗലികതയെ ചോര്‍ത്തുക എന്നുള്ളതാണ്. ഇത് പ്രവാസികളെ സംബന്ധിച്ച് കൃത്യമായ കാര്യമാണ്. മറുഭാഗത്ത് അതിന്റെ നേട്ടം വ്യത്യസ്ത സാംസ്‌കാരിക മനുഷ്യരുടെ ജീവിതാവസ്ഥകളെ നേരിടുമ്പോള്‍ ഉണ്ടാകുന്ന അതിജീവനത്തിന്റെ ശാക്തീകരണമാണ്. ഇതാണ് ഒരുപക്ഷേ പത്തും മുപ്പതും വര്‍ഷം ഒരാളെ പ്രവാസിയാക്കുന്നത്. അയാളെ സംബന്ധിച്ച് വന്ന ലക്ഷ്യം, സാമ്പത്തിക ഭദ്രത, കുടുംബത്തിന്റെ  വളര്‍ച്ച, മറ്റ് ബാധ്യതകള്‍ ഒക്കെ നിറവേറ്റിയിട്ടും അയാള്‍ പ്രവാസം തുടരുന്നത് എന്തിനാണ് എന്ന ചോദ്യം പ്രസക്തമാണ്. എന്തുകൊണ്ടാണ് 
പുറംവാസം നാടിനോടുള്ള ആഭിമുഖ്യങ്ങളെ കുറച്ച് കൊണ്ടുവരുന്നത്. അതില്‍ ഒരു കാരണം, മലയാളിയുടെ മനസ്സ് ബഹുത്വങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവിടെ തന്റെ സ്വത്വത്തിന് ഏല്‍ക്കുന്ന പരുക്കുകള്‍ മറക്കപ്പെടുന്നു. 

SALMAN RUSHDIE | IMAGE WIKI COMMONS
വിശാല കേരളത്തിലെ മലയാളി ഓരോ ദേശത്തിന്റെയും സവിശേഷ സാമൂഹ്യാവസ്ഥയുടെ അടിസ്ഥാനത്തിലാണ് തന്റെ ജീവിതത്തെ ഫ്രെയിം ചെയ്യുന്നത്. ഗള്‍ഫിലെ ജീവിതാവസ്ഥയല്ല യൂറോപ്പിലെ തൊഴില്‍ കുടിയേറ്റക്കാരായ പ്രവാസികളുടേത്. പ്രത്യേകിച്ചും മൂന്നാംലോക മനുഷ്യരുടെ അമിത പ്രാതിനിധ്യം യൂറോപ്പിന്റെ ഇടങ്ങളില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ ഗള്‍ഫില്‍ അങ്ങനെയല്ല.  അവിടെ മൂന്നാംലോക ജീവിതാവസ്ഥയുടെ നിരവധി പകര്‍പ്പുകള്‍ കാണാം. ഈ പകര്‍പ്പില്‍ നിന്നാണ് ഒരാള്‍ക്ക് എനിക്കിഷ്ടമില്ലാത്ത പലതിനോടും സമരസപ്പെടേണ്ടി വരുന്നത്. ഇങ്ങനെ സമരസപ്പെട്ട് പോകുന്ന ഒരുവനെ സംബന്ധിച്ച് അയാളുടെ ഉള്ളിലെ തനത് സ്വത്വാവിഷ്‌കാരങ്ങള്‍ തകര്‍ക്കപ്പെടുന്നുണ്ട്. ഇത് രണ്ടാം തലമുറ പ്രവാസത്തില്‍ എത്തുമ്പോള്‍ കാര്യമായി ബാധിക്കുന്നത് കുട്ടികളിലാണ്. കുടുംബത്തോടെയുള്ള പ്രവാസ ജീവിതത്തില്‍ മലയാളിയുടെ മക്കള്‍ക്ക് മലയാളത്തിന്റെ സ്വച്ഛന്ദമായ ആത്മാവിഷ്‌കാരങ്ങളെ പകര്‍ത്താന്‍ ഇടമില്ല. ഏതൊരു മനുഷ്യന്റെയും അസ്ഥിത്വത്തെ രൂപപ്പെടുത്തുന്നത് അയാള്‍ ജീവിക്കുന്നിടത്തെ സാമൂഹ്യാവസ്ഥയായിരിക്കും. അതില്‍ത്തന്നെ ഭാഷയും സംസ്‌കാരവും അവരുടെ സ്വത്വ രൂപീകരണത്തില്‍ നിര്‍ണായക ഘടകങ്ങളാണ്. ഒന്നാം തലമുറയുടെ അവസാനത്തിലും രണ്ടാ തലമുറയുടെ ആരംഭത്തിലും ശക്തിപ്രാപിച്ച ഗള്‍ഫ് കുടുംബ പ്രവാസത്തില്‍ ഈ സ്വത്വനഷ്ടം സംഭവിച്ചത് കുട്ടികളിലാണ്.  ഇന്നവര്‍ പത്തും ഇരുപത്തിയഞ്ചും വര്‍ഷം പിന്നിട്ട മനുഷ്യരാകുമ്പോള്‍ അവരെ സംബന്ധിച്ച് ഭാഷയും സംസ്‌കാരവും ജീവിക്കുന്ന ഇടത്തെ സാമൂഹ്യാവസ്ഥയ്ക്ക് അനുസരിച്ച് അവരിലേക്ക് അന്തര്‍ലീനമായി കഴിഞ്ഞിട്ടുണ്ട്. വിശാല മലയാളി വലിയ ഭൂഖണ്ഡങ്ങളുടെ ഭാഗമാകുമ്പോഴും താന്‍ ഏത് ദേശ സ്വത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന ചോദ്യം പ്രശസ്തമാകുന്നുണ്ട്. കേരളം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ അതിനപ്പുറത്തേക്ക് ഞങ്ങളുടെ മാതാപിതാക്കളുടെ സ്വത്വത്തെ രൂപപ്പെടുത്തിയ മണ്ണാണ് എന്ന യാഥാര്‍ത്ഥ്യത്തെ പുതുതലമുറയ്ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. സത്യത്തില്‍ അതിന് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍ ഒരു കാലത്തും പൗരത്വം ലഭിക്കാതെ   പ്രവാസ മണ്ണില്‍ ജീവിക്കുന്ന പുതുതലമുറയ്ക്ക് ഇതിന്റെ ഗൗരവം ബോധ്യപ്പെടുന്നില്ല. അവര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി പ്രതിസന്ധിയിലാണ് എന്ന് പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തത് അവര്‍ ജനിച്ചതും വളര്‍ന്നതും തനത് ദേശങ്ങളില്‍ അല്ല എന്ന യാഥാര്‍ത്ഥ്യത്തെ അവര്‍ അംഗീകരിക്കുന്നതുകൊണ്ടാണ്. എന്നാല്‍ ഭാവിയില്‍ മാതൃദേശത്തെ പ്രാതിനിധ്യങ്ങള്‍ പല പ്രതിസന്ധികളിലേക്കും അവരെ എത്തിക്കും. 

വിശാല കേരളം യാഥാര്‍ത്ഥ്യമായി നിലനില്‍ക്കെ അതില്‍ ആഗോള മലയാളി ചെലുത്തുന്ന വിവിധ സ്വാധീനങ്ങളെ സാമ്പത്തികമായി മാത്രം വിലയിരുത്തുന്ന രീതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത് ഗള്‍ഫ് പ്രവാസികളെ വിലയിരുത്തുന്നതിന്റെ പരമ്പരാഗത മാതൃകയാണ്. എന്നാല്‍ മലയാളിയെ സംബന്ധിച്ച് ഗള്‍ഫ് പ്രവാസം പഴഞ്ചനും ആഗോള യാത്രകള്‍ പുതുമയുമാകുമ്പോള്‍ മാറേണ്ടത് കേരളത്തിന്റെ  സമീപനമാണ്. 

ആഗോളമലയാളി ഓരോ ദേശത്ത് ജീവിക്കുമ്പോഴും അവിടുത്തെ സാമൂഹിക സാംസ്‌കാരിക ഭാഷാപരമായ സ്വാധീനങ്ങള്‍ മലയാളിയില്‍ കടന്ന് കൂടുന്നു. അത് കേരളത്തിന്റെ സാംസ്‌കാരിക പരിസരത്ത് എങ്ങനെയാണ് പ്രതിഫലിക്കുന്നത് എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. അത്തരം നിരീക്ഷണങ്ങള്‍ക്ക് മാത്രമാണ് പുതുതലമുറ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ജീവിക്കുമ്പോള്‍ അവരില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നത്. പൗരത്വം ആവശ്യമില്ല എന്ന രീതിയില്‍ ദീര്‍ഘകാലം പ്രവാസിയായ ഒരാള്‍ അവസാനകാലത്ത് നാട്ടിലേക്കാണ് തിരിച്ചെത്തുന്നത്. ഈ സമയത്താണ് അയാള്‍ക്ക് മുമ്പില്‍ നാട് അപരിചിതത്വത്തിന്റെ കോട്ടയായി ഉയര്‍ന്നുനില്‍ക്കുന്നത്. പിന്നീട് അയാള്‍ തിരയുന്നത് സ്വന്തം നാടിനെയാണ്. ആ അന്വേഷണത്തിലാണ് തനിക്ക് എന്നോ തന്റേതായ സ്വത്വം നഷ്ടമായെന്ന തിരിച്ചറിവുണ്ടാകുന്നത്. സ്വത്വം നഷ്ടമായ വ്യക്തി എവിടെയായാലും അയാളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ പ്രാതിനിധ്യം തികച്ചും അപ്രസക്തമാണ്. ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ വിശാല കേരളത്തിലെ ആഗോള മലയാളി ഏതൊക്കെ അര്‍ത്ഥത്തിലാണ് സ്വന്തം ദേശത്തെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക ഇടങ്ങളില്‍ വരുംകാലത്ത്  അടയാളപ്പെടുത്തപ്പെടുക എന്ന് ബോധ്യമാകൂ.


REPRESENTAIONAL IMAGE | WIKI COMMONS 
പ്രവാസത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ മൂലധന കേന്ദ്രീകൃതമാകാതെ രാഷ്ട്രീയമായി കൂടി കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വന്തം ദേശത്ത് രണ്ടാം പൗരനായി ജീവിക്കേണ്ടിവരുന്ന സവിശേഷ സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. അതിനപ്പുറമാണ് രണ്ട് കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ജനാധിപത്യത്തില്‍ ഇടമില്ലാത്ത അവസ്ഥ. ഇതൊക്കെ പൗരന്‍ എന്ന അര്‍ത്ഥത്തില്‍ സ്വന്തം രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയോട് പ്രതികരിക്കാനുള്ള അവകാശങ്ങളുടെ നിഷേധമാണ്. ഇതിനൊപ്പമാണ് വ്യക്തി എന്ന അര്‍ത്ഥത്തില്‍ അയാളുടെ അസ്തിത്വവും  ചോദ്യം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ലോകമലയാളി വിശാല കേരളത്തെ നിര്‍മ്മിക്കുമ്പോഴും അയാള്‍ എവിടെയാണ് തന്റേതായ ഇടത്തെ കണ്ടെത്തുക എന്ന ചോദ്യം എന്നും പ്രസക്തമാണ്.  ഒന്നാം തലമുറ പ്രവാസം നാട് അണിയുന്ന കാലമാണിത്. കേരളത്തിലേക്ക് തിരിച്ചുവരുന്ന ഗള്‍ഫ് പ്രവാസിക്ക് നാട് പലപ്പോഴും അപരിചിതത്വത്തിന്റെ ഭാരമാകുന്നു. അയാള്‍ ഒറ്റപ്പെടുന്നത് സ്വന്തം വീട് പോലും അറിയുന്നില്ല. ഈ യാഥാര്‍ത്ഥ്യത്തിന് മുമ്പിലാണ് വിശാലകേരളത്തിലെ പ്രവാസി അയാളുടെ സ്വത്വവും പ്രാതിനിധ്യവും എങ്ങനെ തിരിച്ചുപിടിക്കാം എന്ന് ചിന്തിക്കുന്നത്.


#Universal kerala
Leave a comment