
ഇണ്ടംതുരുത്തിയും ഇരിങ്ങാലക്കുടയും: നൂറാം വര്‍ഷത്തിലും തെളിഞ്ഞുവരുന്ന തീണ്ടൽപ്പലക
കേരള ചരിത്രത്തില്‍ മാത്രമല്ല, ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു വൈക്കം സത്യഗ്രഹം. ദേശീയതലത്തില്‍ പൗരാവകാശങ്ങള്‍ക്കുവേണ്ടി, അയിത്തോച്ചാടത്തിനായി നടന്ന ആദ്യപ്രക്ഷോഭങ്ങളില്‍ ഒന്നായി വൈക്കം സത്യാഗ്രഹത്തെ കണക്കാക്കാം. ആ സമരത്തിലെ പല സന്ദര്‍ഭങ്ങളിലും അയിത്തത്തിന്റെ ക്രൂരവും മനുഷ്യവിരുദ്ധവുമായ മുഖം ലോകം കണ്ടു. സത്യാഗ്രഹവിരുദ്ധരായ സവര്‍ണ്ണരുടെ ക്രൂരമര്‍ദനമേല്‍ക്കുകയും അവര്‍ ബലമായി പിടിച്ചുനിര്‍ത്തി കണ്ണില്‍ ചുണ്ണാമ്പ് തേച്ചതിനെതുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത ആമച്ചാടിത്തേവനെപ്പോലെയുള്ള കീഴാളരെക്കുറിച്ച് ഇന്ന് കൂടുതലായി അറിയുന്നു.
വൈക്കം സത്യാഗ്രഹത്തിന് ദേശീയപ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും സജീവ ശ്രദ്ധ ലഭിച്ചിരുന്നു. സത്യാഗ്രഹത്തെ പിന്തുണച്ച് വൈക്കത്തെത്തിയ ഗാന്ധിജി സവര്‍ണ്ണഹിന്ദുക്കളുടെ നേതൃസ്ഥാനത്തുള്ള ഇണ്ടംതുരുത്തി നമ്പ്യാതിരിയുമായി നടത്തിയ സംവാദത്തിന് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കേരളത്തിലെ പ്രത്യേകതരത്തിലുള്ള ജാതിവ്യവസ്ഥയുടെ ഇന്നും തുടരുന്ന പ്രത്യയശാസ്ത്ര ന്യായീകരണം നമുക്ക് ആ സംവാദത്തില്‍നിന്നും ലഭിക്കും.
മഹാത്മാ ഗാന്ധി | PHOTO : WIKI COMMONS
വൈക്കം സത്യാഗ്രഹത്തിനെന്നപോലെ ഗാന്ധി-ഇണ്ടംതുരുത്തി സംവാദത്തിനും ഒരു നൂറ്റാണ്ടായിരിക്കുന്നു.. അവിടെ നിന്ന് നൂറ് വര്‍ഷം പിന്നിട്ട് സാക്ഷരതയിലും സാമൂഹികനിലകളിലുമൊക്കെ മാതൃകയെന്ന് അഭിമാനിക്കുന്ന ഇന്നത്തെ കേരളത്തിലും അതിന്റെ അലയൊലികള്‍ കേള്‍ക്കാനാകും; കാണാനും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴകജോലിക്കാരനായി ഈഴവസമുദായാംഗത്തെ നിയമിച്ചതിനെതിരെ തന്ത്രി പ്രതിഷേധിച്ചതും ചടങ്ങുകളില്‍നിന്ന് വിട്ടുനിന്നതുമാണ് ഏതാനും ദിവസം മുമ്പുണ്ടായ സംഭവം. ശുദ്ധിക്രിയ നടത്തിയതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
ഇനിയും കാലങ്ങളോളം തന്ത്രിമാര്‍ക്കും ബ്രാഹ്‌മണ പ്രത്യയശാസ്ത്രത്തിനും പരസ്യമായല്ലെങ്കില്‍, രഹസ്യമായി ശുദ്ധിക്രിയകള്‍ നടത്താനുള്ള വിഭവങ്ങള്‍ ഗാന്ധി-ഇണ്ടംതുരുത്തി സംഭാഷണത്തില്‍ ലഭ്യമാണെന്നതാണ് ഇവിടെ ശ്രദ്ധേയം. 1925 മാര്‍ച്ച് 10നായിരുന്നു നമ്പ്യാതിരിയുടെ ഇല്ലത്തുവച്ച് സവര്‍ണ്ണ പ്രതിനിധികളുമായുള്ള ഗാന്ധിയുടെ സംഭാഷണം. സവര്‍ണ്ണസംഘക്കാരുടെ അഭ്യര്‍ഥനപ്രകാരമായിരുന്നു ചര്‍ച്ചയെങ്കിലും ചാതുര്‍വര്‍ണ്യമനുസരിച്ച് വൈശ്യനായ ഗാന്ധിജിയെ ഇല്ലത്തേക്കു കയറ്റിയില്ല. കേരളത്തില്‍ വൈശ്യരില്ലാത്തതിനാല്‍ ശൂദ്രരായി കണക്കാക്കിയെന്നു കരുതാം. നമ്പ്യാതിരി മനയിലിരുന്നു. ഗാന്ധിജി പുറത്തിരുന്നു.
ഇണ്ടംതുരുത്തി നമ്പ്യാതിരിക്കുപുറമെ തെക്കുംകൂര്‍ രാജ, വടക്കുംകൂര്‍ രാജ, വഴുതനക്കാട്ടുരാജ, എം,കെ,രാമന്‍പിള്ള, പിസി.കൃഷ്ണപിള്ള, വക്കീല്‍ വെങ്കിട്ടരാമയ്യര്‍, വക്കീല്‍ ഗണപതി അയ്യര്‍, കൊച്ചുമഠം ഗോവിന്ദപ്പിള്ള എന്നിവരായിരുന്നു സവര്‍ണ പ്രതിനിധികള്‍. ഗാന്ധിജിയുടെ സഹായികളായി സി. രാജഗോപാലാചാരി, മഹാദേവദേശായി, രാംദാസ് ഗാന്ധി, ടി. ആര്‍.കൃഷ്ണസ്വാമി അയ്യര്‍ എന്നിവരും. പുറമെ ദിവാന്‍ പേഷ്‌കര്‍ എം. വി. സുബ്രഹ്‌മണ്യ അയ്യരും തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ മറ്റ് പ്രതിനിധികളുമുണ്ടായിരുന്നു. അവര്‍ എഴുതിയെടുത്ത് ഗവണ്‍മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇന്ന് ലഭ്യമായത്.
ഇണ്ടംതുരുത്തി മന | PHOTO : WIKI COMMONS
കൊള്ളക്കാരും ചണ്ഡാളരും
വൈക്കം ഇണ്ടംതുരുത്തി മനയിലെ സംവാദത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം:
ഒരു പ്രത്യേകജാതിയില്‍ പിറന്നുപോയതുകൊണ്ടുമാത്രം ക്ഷേത്രനിരത്തിലൂടെ അവര്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് തെറ്റാണെന്ന് ഗാന്ധിജി പറയുന്നതിനെ തുടര്‍ന്നുള്ള സംഭാഷണം.
ഇണ്ടംതുരുത്തി: ഹിന്ദുമത ശാസ്ത്രഗ്രന്ഥങ്ങളുടെ പാവനത്വത്തില്‍ ഗാന്ധി വിശ്വസിക്കുന്നുണ്ടോ?
ഗാന്ധി: ഉണ്ട്
ഇണ്ടംതുരുത്തി: താങ്കള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടോ
ഗാന്ധി: ഉണ്ട്.
നമ്പ്യാതിരി: ഞങ്ങളുടെ വിശ്വാസമനുസരിച്ച്. ഞങ്ങളുടെ ആചാരമനുസരിച്ച്, മുന്‍ജന്മങ്ങളിലെ പാപകര്‍മ്മങ്ങളുടെ ഫലമായി അവര്‍ അയിത്തജാതിയില്‍ പിറക്കുന്നു. ആചാരവിധികളനുസരിച്ച് അവരോട് ഇങ്ങനെ പെരുമാറാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്; ഇക്കാര്യം പരിഗണിച്ചാല്‍ ഇവര്‍ കൊള്ളക്കാരേക്കാളും ഹീനരാണ്.
ഗാന്ധി: കവര്‍ച്ചക്കാരോടും മദ്യപാനികളോടുമെന്നതിനേക്കാള്‍ മോശമായി ഇവരോടു നിങ്ങള്‍ പെരുമാറുന്നതിന്റെ കാരണം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നമ്പ്യാതിരി: കള്ളനെയും മദ്യപാനിയെയും അവരുടെ ദുശ്ചെയ്തികളില്‍നിന്ന് പിന്മാറ്റാന്‍, പക്ഷെ നിയമപരിചരണം കൊണ്ടു കഴിഞ്ഞേക്കാം. ഇവരെ സംബന്ധിച്ചാണെങ്കില്‍ അങ്ങനെ യാതൊരു മാര്‍ഗവുമില്ല.
യഥാര്‍ഥത്തില്‍ ഇതോടെ സംഭാഷണം തീര്‍ന്നതായി കരുതാം. സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ഗാന്ധിജിയെ അതേ പ്രമാണങ്ങള്‍ ഉദ്ധരിച്ച് നമ്പ്യാതിരിയും സവര്‍ണ സംഘവും മുട്ടുകുത്തിക്കുന്നതായാണ് സംവാദം മുഴുവന്‍ വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. കോടതി റോഡുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്താലോ എന്ന ഗാന്ധിയുടെ ചോദ്യത്തിന് പിന്നെ ഞങ്ങള്‍ ആ അമ്പലത്തില്‍ ആരാധന നടത്തില്ലെന്നും നമ്പ്യാതിരി ഭീഷണി മുഴക്കുന്നുണ്ട്. ഇത്തരം ഭീഷണികളെ ആചാരലംഘനക്കാര്‍ക്കെതിരെ മറ്റൊരുതരത്തില്‍ ഉപയോഗിച്ചുകൊണ്ട്, തങ്ങള്‍ക്കൊപ്പം ആളെക്കൂട്ടാമെന്ന് ഈ പ്രത്യയശാസ്ത്രക്കാര്‍ തെളിയിച്ചത്, ശബരിമല പ്രക്ഷോഭകാലത്ത് കേരളം കണ്ടു; കൊല്ലണം അപ്പാ, അയ്യപ്പ വിളിച്ചുകൊണ്ടായിരുന്നു എന്നു മാത്രം.
REPRESENTATIVE IMAGE | WIKI COMMONS
ഗാന്ധി ഇടയ്ക്ക് യുക്തിയെക്കുറിച്ചും ഒത്തുതീര്‍പ്പിനെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ ശ്രമിക്കുന്നെങ്കിലും പരമ്പരയായി ഞങ്ങളനുഭവിച്ചുവന്ന അവകാശം എടുത്തുകളയണമെന്നാണ് സത്യാഗ്രഹാനുകൂലികള്‍ പറയുന്നതെന്നും അനുരഞജനമെന്ന വാക്കിനുതന്നെ അവിടെ പ്രസക്തിയില്ലെന്നും വാദിച്ച് നമ്പ്യാതിരി തള്ളിക്കളയുന്നു. (പാരമ്പര്യാവകാശത്തെക്കുറിച്ചാണ് ഇരിങ്ങാലക്കുട തന്ത്രിയും പറയുന്നത്. അയിത്താചരണമല്ല, പാരമ്പര്യ കഴകക്കാരായ വാര്യര്‍മാരുടെ ജോലിസംരക്ഷണത്തിനായാണ് ഈഴവ സമുദായാംഗത്തിനെതിരെയുള്ള തങ്ങളുടെ നിലപാടെന്നായിരുന്നു ഇരിങ്ങാലക്കുട തന്ത്രിയുടെ വാദം. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ മലയാള ബ്രാഹ്‌മണരല്ലാത്തവരെ മേല്‍ശാന്തി നിയമനത്തിന് പരിഗണിക്കാത്തതിന് കാരണമായി പറയുന്ന ന്യായീകരണവും ഇതുതന്നെ). അല്ലെങ്കില്‍തന്നെ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഗാന്ധിജിക്ക് കഴിഞ്ഞ ജന്മത്തില്‍ പാപകര്‍മ്മങ്ങള്‍ ചെയ്തതിനാലാണ് അവര്‍ അയിത്തജാതിക്കാരായതെന്നും ഈ ജാതിയില്‍ ജനിച്ചതുകൊണ്ട് അവര്‍ ശിക്ഷിക്കപ്പെടണമെന്നത് ദൈവകല്പനയാണെന്നു മുള്ള നമ്പ്യാതിരിയുടെ വാദങ്ങളോട് ദുര്‍ബലമായ എതിര്‍പ്പുകളെ ഉന്നയിക്കാനാകുന്നുള്ളൂ. ശങ്കരാചാര്യരെയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും അയിത്തം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രമാണങ്ങളടങ്ങിയ അദ്ദേഹത്തിന്റെ മൂലഗ്രന്ഥം കാണിക്കാമെന്നും നമ്പ്യാതിരി പറയുന്നു. ശാങ്കരസ്മൃതിയാണ് അദ്ദേഹം ഉദ്ദേശിച്ചത്. കേരളത്തിലെ വിചിത്രമായ ജാതിസമ്പ്രദായത്തെയും അനാചാരങ്ങളെയും താങ്ങിനിര്‍ത്തുന്ന ശാങ്കരസ്മൃതിയെ കേരള തന്ത്രിമാരോ യോഗക്ഷേമസഭയോ ഇതുവരെ തള്ളിപ്പറഞ്ഞതായി അറിവില്ല.
ഇണ്ടംതുരുത്തി നമ്പൂതിരിയാണ് ഈ സംവാദത്തിലെ മുഖ്യകഥാപാത്രമെങ്കിലും 'ബ്രാഹ്‌മണോ മമ ദൈവതം' എന്ന ശ്ളോകത്തിലെന്നപോലെ ചിന്തിക്കുന്ന മറ്റു ചില കീഴ് സമുദായ കഥാപാത്രങ്ങളെയും ഈ സംവാദത്തില്‍ കാണാം. (ഏതോ മനയ്ക്കലെ കാര്യസ്ഥന്റെ വായ്നാറ്റമുള്ള ശ്ലോകം എന്നു വി.ടി.ഭട്ടതിരിപ്പാട് ആത്മകഥയില്‍ പരിഹസിക്കുന്ന ശ്ലോകം. ഇന്നും ഈ ശ്ലോകചിന്തയ്ക്ക് കേരളത്തില്‍ പലയിടത്തും ആരാധകരെ കണ്ടുമുട്ടാനാകും എന്നിടത്തോളം ശോകമാണ് കേരളത്തിലെ സ്ഥിതി.) എം.കെ.രാമന്‍പിള്ളയാണ് ഇതിൽ പ്രധാനി. തുടക്കം മുതല്‍ ഗാന്ധിജിയോടു തര്‍ക്കിക്കുന്ന രാമന്‍പിള്ള ഒരുഘട്ടത്തില്‍ ഇണ്ടംതുരുത്തിയെ കടത്തിവെട്ടുന്ന ധാരാളം വാദങ്ങള്‍ ഗാന്ധിക്കുമുന്നില്‍ ഉന്നയിക്കുന്നുണ്ട്.
എം.കെ.രാമന്‍പിള്ള: അയിത്തക്കാരെന്ന ഒരു വര്‍ഗത്തെക്കുറിച്ച് ഹിന്ദു ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടില്ലേ എന്നു ഞാന്‍ മഹാത്മജിയോടു ചോദിച്ചുകൊള്ളട്ടയോ?
ഗാന്ധി: ചണ്ഡാലന്‍ എന്നൊരു വര്‍ഗത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
എം.കെ.രാമന്‍പിള്ള: ഒന്നുകൂടി ചോദിച്ചുകൊള്ളട്ടെ; മഹാത്മജി പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടോ?
എം.കെ.ഗാന്ധി: ഉണ്ട്.
എം.കെ.രാമന്‍പിള്ള: അങ്ങനെയാണെങ്കില്‍ പഞ്ചമന്മാരെന്ന് അല്ലെങ്കില്‍ ഈഴവരെന്ന് ഞങ്ങള്‍ പറയുന്നവര്‍ അവരുടെ കഴിഞ്ഞ ജന്മത്തെ കര്‍മ്മഫലമായി ചണ്ഡാലവര്‍ഗത്തില്‍ ജനിച്ചവരാണ്.
വൈക്കത്ത് സഞ്ചാരസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരെ കൊളളക്കാരേക്കാള്‍ ഹീനരായി ഇണ്ടംതുരുത്തി കണക്കാക്കുമ്പോള്‍ രാമന്‍പിള്ളയാദ്യം പേരെടുത്തു പറഞ്ഞുതന്നെ ഈഴവരെ ചണ്ഡാലരെന്ന് വിളിക്കുന്നു.
ഒരു ഹിന്ദുവെന്ന നിലയ്ക്കല്ലാതെ മനുഷ്യന്‍ എന്ന നിലയ്ക്ക് സംസാരിക്കുന്നതെപ്പറ്റി ഗാന്ധി പറയുമ്പോള്‍ ഒരു ഹിന്ദുവെന്ന നിലയ്ക്കാണ് ഞാന്‍ സംസാരിക്കുന്നതെന്ന് രാമന്‍പിള്ള അസന്നിഗ്ധമായി പറയുന്നു. മറ്റൊരിടത്ത് രാമന്‍പിള്ള അയിത്താചരണം അവര്‍ണജാതികളുടെ സമ്മതത്തോടെയാണെന്ന് പറയുന്നുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
എം.കെ.രാമന്‍പിള്ള: അയിത്തജാതിക്കാരില്‍നിന്ന് നാം ഒഴിഞ്ഞുമാറുകയോ നാം അവരെ ഓടിച്ച് അകറ്റുകയോ ചെയ്തു. അത് അവരുടെ സമ്മതത്തോടെയായിരുന്നു. അവര്‍ ഒഴിച്ചുനിര്‍ത്തപ്പെടേണ്ട വര്‍ഗമാണെന്ന് അവര്‍തന്നെ സമ്മതിക്കുന്നു. ഞങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ അവര്‍ ആചാരങ്ങള്‍ ദീക്ഷിക്കുന്നു. ഏതായാലും ഒരു പ്രത്യേകവിഭാഗം മാത്രം നിയന്ത്രിക്കുന്ന അമ്പലത്തിന്റെ അധികാരം അതേവിഭാഗത്തിനു തന്നെയായിരിക്കണം.
യഥാര്‍ഥത്തില്‍ ഇവിടെയാണ് കേരളത്തെയും ഇവിടുത്തെ പലപ്പോഴും അദൃശമായി പ്രവര്‍ത്തിക്കുന്ന ജാതിവ്യവസ്ഥയുടെയും ഇന്നും നിര്‍ണായകമായ അടയാളവാക്യം എന്നു കരുതാം. ഒഴിച്ചുമാറ്റേണ്ട വര്‍ഗമെന്ന് സ്വയം സമ്മതിക്കുന്ന അവര്‍ണജാതികള്‍, ഓടിച്ചകറ്റിയാലും ദൈവഹിതമെന്നു വിചാരിക്കുന്നവര്‍, ഒഴിഞ്ഞുനില്‍ക്കാന്‍ ആചാരങ്ങള്‍ ദീക്ഷിക്കുന്നവര്‍, അമ്പലങ്ങളുടെ അധികാരം പ്രത്യേകവിഭാഗത്തിനുതന്നെയെന്ന് അംഗീകരിക്കുന്നവര്‍.
അതുകൊണ്ടാണല്ലോ അബ്രാഹ്‌മണ ശാന്തിക്കാരെ നിയമിക്കാനുള്ള നീക്കങ്ങള്‍ പലതവണ പൊളിഞ്ഞുപോയത്, ശബരിമലയില്‍ അബ്രാഹ്‌മണശാന്തിക്കാരെ നിയമിക്കണമെന്ന ആവശ്യങ്ങളെ കേട്ടഭാവം നടിക്കാത്തത്. (1969ല്‍ പ്രാക്കുളം ഭാസിയുടെ കാലത്ത് നിയമിതരായ പട്ടികവിഭാഗക്കാരുള്‍പ്പെടെയുള്ള ശാന്തിക്കാരും പിന്നീട് വന്ന ഈഴവശാന്തിക്കാരെയും പ്രമുഖക്ഷേത്രങ്ങളില്‍ അടുപ്പിക്കാന്‍ സവര്‍ണജാതിക്കാര്‍ സമ്മതിച്ചില്ല. അവര്‍ണര്‍ക്ക് അതില്‍ പ്രതിഷേധവുമുണ്ടായില്ല.), ദേവസ്വം മന്ത്രിയായിരുന്നപ്പോൾ നടന്ന ചടങ്ങിൽ പങ്കെടുത്ത കെ. രാധാകൃഷ്ണനെ തൊടാന്‍ മടിച്ച മേല്‍ശാന്തിയുണ്ടായിട്ടും അധികകാലമായില്ലല്ലോ.
ഇടതുപക്ഷ, പുരോഗമനം എന്നൊക്കെ അഭിമാനിക്കുന്ന കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ചത് ശബരിമല കോടതിവിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നായിരുന്നു. ശബരിമല സംഭവത്തോടെ കേരളത്തില്‍ ഹിന്ദു വിശ്വാസികളുടെ ഏകോപനം ഉണ്ടായി എന്നതിനേക്കാള്‍ കേരളത്തില്‍ ജാതിഹിന്ദുക്കളുടെ ഏകോപനമുണ്ടായി എന്നതാണ് വസ്തുത. ഇടക്കാലത്ത് പലകാരണങ്ങളാല്‍ സ്വാധീനം നഷ്ടപ്പെട്ടിരുന്ന ജാതിസംഘടനകള്‍ രണ്ടായിരത്തിന്റെ തുടക്കം മുതല്‍ കേരളത്തില്‍ പലവിധത്തില്‍ വേരുറപ്പിക്കാന്‍ തുടങ്ങുകയും 2014 ന് ശേഷം അത് ഭീഷണരൂപം ആര്‍ജിക്കാന്‍ തുടങ്ങുകയും ചെയ്തു. ശബരിമല സംഭവം അത് കൂടുതല്‍ ദൃശ്യമാക്കി. ഹിന്ദുവിശ്വാസികളിലോ രാഷ്ട്രീയമായി ഹിന്ദുത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരിലോ മാത്രമല്ല, ഇടതുപക്ഷത്തോട് ചേര്‍ന്ന് നടക്കുന്നവരില്‍പ്പോലും ജാതി പലനിലകളില്‍ പ്രകടമാണെന്നത് മറ്റൊരു കാര്യം. രാമന്‍പിള്ളയെപോലെ ഹിന്ദുവെന്ന നിലയ്ക്ക് മാത്രം സംസാരിക്കുന്ന ഹിന്ദുത്വക്കാര്‍ ഏറിയിരിക്കുന്ന കാലം.
ശബരിമല | PHOTO : WIKI COMMONS
ഇണ്ടംതുരുത്തി നമ്പ്യാതിരിയും അദ്ദേഹത്തിന് വേണ്ടി വാദിച്ച രാമന്‍പിള്ളയും ഗാന്ധിയോട് പറഞ്ഞതില്‍ നിന്നും സവര്‍ണകേരളം ഒട്ടും മുന്നോട്ടുപോയിട്ടില്ല എന്ന് ഹിന്ദു ഐക്യം സ്വപ്‌നം കാണുന്ന അവര്‍ണര്‍ ഇനിയെങ്കിലും തിരിച്ചറിയുമോ? ഈഴവസമുദായാംഗം കഴകജോലിയില്‍ വരുന്നതിനെ തന്ത്രിയും സവര്‍ണ്ണരും എതിര്‍ക്കുന്നത് ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയുടെ തുടര്‍ച്ചയായല്ല, ഹിന്ദു ഐക്യം തകര്‍ക്കുന്നതിനുള്ള ശ്രമമായാണ് എസ്എന്‍ഡിപി യോഗം നേതാവ് കാണുന്നത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു ഐക്യത്തെക്കുറിച്ച് വാചാലരാവുന്നവര്‍, അയിത്തകേരളത്തിന്റെ ക്രൂരഭൂതകാലത്തെക്കുറിച്ചും ഇങ്ങനെ പലതരത്തില്‍ ദൃശ്യമാകുന്ന അതിന്റെ ആവര്‍ത്തനങ്ങളെക്കുറിച്ചും ഓര്‍മ്മിക്കുന്നത് നല്ലതാണ്.
വൈക്കം സത്യാഗ്രഹികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ല എന്ന് എഴുതി സ്ഥാപിച്ച ക്ഷേത്രത്തിലെ തീണ്ടല്‍പ്പലക എടുത്തുകളയുന്നതായിരുന്നു. സമരാനന്തരം തീണ്ടല്‍പ്പലക മാറ്റി. എന്നാല്‍ ജാതികേരളീയരുടെ മനസ്സിലെ തീണ്ടല്‍പ്പലകകള്‍ എന്നു ദൂരെക്കളയും? 1925ലെ ഇണ്ടംതുരുത്തിയില്‍നിന്ന് 2025ലെ ഇരിങ്ങാലക്കുടയിലെത്തുമ്പോഴും മാറാത്ത യാഥാര്‍ത്ഥ്യമാണ് കേരളത്തിലെ സവര്‍ണവിഭാഗങ്ങളുടെ ജാതിചിന്ത എന്ന് അടിവരയിടുന്നതാണ് കൂടല്‍മാണിക്യ ക്ഷേത്രസംഭവം.
( വൈക്കം സത്യഗ്രഹ വിവരങ്ങള്‍ക്ക് അവലംബം: സുകുമാരന്‍ മൂലക്കാട്ട് എഡിറ്ററായ വൈക്കം സത്യഗ്രഹസ്മാരക ഗ്രന്ഥം, 1977)


