TMJ
searchnav-menu
post-thumbnail

Outlook

ഇന്ത്യന്‍ ഭരണഘടനയും അസാധാരണത്വത്തിന്റെ നിഴലുകളും 

02 Feb 2024   |   5 min Read
ഉമേഷ് ഓമനക്കുട്ടന്‍

ഭാഗം ഒന്ന്

ന്ത്യ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടും ഭരണഘടന രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടും 75 വര്‍ഷങ്ങള്‍ തികയുന്നു. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിന്റെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഭരണഘടന ഈ കലയളവില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അടിയന്തരാവസ്ഥവരെയുള്ള ചില ഭരണഘടന മാറ്റങ്ങളും അത് പിന്നീടിങ്ങോട്ട് ഇന്ത്യന്‍ ഭരണഘടന ജുറിസ്പുഡന്‍സിനകത്തും നിയമവാഴ്ചയ്ക്കകത്തും ഉണ്ടായി വന്ന ചില പ്രവണതകളെ എങ്ങനെ സ്വാധീനിച്ചു എന്നും പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍.

പ്രവര്‍ത്തന ഭരണഘടന (Working Constitution)  എന്നത് നിരന്തരമായി മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒരു സംവിധാനമാണ്. മാറിവരുന്ന സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിനനുസരിച്ച് ഭരണഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യവുമാണ്. എന്നാല്‍ അതിന്റെ പ്രാഥമിക ദൗത്യങ്ങള്‍ പൗരനെ അധികാരത്തില്‍ നിന്ന് സംരക്ഷിക്കുക, അധികാര ദുര്‍വിനിയോഗം തടയുക, ഭരണകൂടത്തിന് അതിര്‍ത്തികള്‍ വരച്ചും നിയന്ത്രിച്ചും  സാധാരണ പൗരനെ സംരക്ഷിക്കുക, പൗരന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവിതത്തിന് സംരക്ഷണം ഒരുക്കുക, ഓരോ വ്യക്തിക്കും ബാഹ്യ അധികാരപ്രയോഗങ്ങള്‍ നേരിടാതെ സ്വതന്ത്രനായി ജീവിക്കാന്‍ കഴിയുക എന്നത് ഉറപ്പുവരുത്തുക എന്നിവയാണ്. എന്നാല്‍ ഈ ദൗത്യം നിറവേറ്റുന്നതില്‍ ഭരണഘടന നിരന്തരമായി പരാജയപ്പെടുന്നത് 1975 മുതല്‍ ഇങ്ങോട്ട് നമ്മള്‍ പലപ്പോഴും കണ്ടു. തങ്ങള്‍ എന്തിനാണ് ജയിലില്‍ കിടക്കുന്നതെന്ന് അറിയാതെ ജയിലില്‍ കിടന്ന് മരണത്തിന് കീഴടങ്ങിയ സ്റ്റാന്‍ സ്വാമിയും ഇപ്പോഴും ജയിലില്‍ കിടക്കുന്ന ഉമര്‍ ഖാലിദും ഇന്ത്യയുടെ വര്‍ത്തമാനകാല ഭരണഘടനാ പ്രവര്‍ത്തന രീതികളെകുറിച്ചും നിയമവാഴ്ചയെ കുറിച്ചും ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതില്‍ ഒരു പ്രവണത 'സ്റ്റേറ്റ് ഓഫ് എക്‌സെപ്ഷന്‍' അഥവാ അപവാദാവസ്ഥയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഇത് എങ്ങനെ ശക്തിപ്രാപിച്ചു എന്നതും, നിയമങ്ങളിലൂടെ നിയമത്തിനുള്ളില്‍ നിയമവാഴ്ചകള്‍ ഇല്ലാത്ത ഇരുണ്ട പ്രദേശങ്ങള്‍ ഉണ്ടാക്കി ഭരണഘടനതന്നെ പ്രവര്‍ത്തനരഹിതമാകുന്ന സ്ഥിതി ഉണ്ടാക്കി എന്നത് നമ്മള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ടുന്ന ഒരു വിഷയമാണ്. ഈ ലേഖനം അതിലേക്കുള്ള ഒരു ശ്രമമാണ്.

അപവാദാവസ്ഥ എന്നാല്‍ നിയമമില്ലാത്ത ഒരു അവസ്ഥയല്ല. പകരം നിയമപരമായി നിയമവാഴ്ചയ്ക്കുള്ളിലോ അതിനുപുറത്തോ ചില ഗ്രേ ഏരിയകള്‍ ഉണ്ടാക്കി അവിടെ നിയമവാഴ്ച സസ്‌പെന്‍ഡ് ചെയ്യുന്ന പ്രക്രിയയാണ്. ഏതു കുറ്റത്തിന് പിടിക്കപ്പെട്ടാലും ഒരാളെ നിരന്തരമായി തടവറയില്‍ വെക്കാന്‍ നിയമവാഴ്ച അനുവദിക്കില്ല. പക്ഷേ ഇന്ത്യയിലെ രാഷ്ട്രീയ തടവുകാര്‍ യുഎപിഎയും മറ്റു കരുതല്‍ നിയമങ്ങള്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ആള്‍ക്കാരും ഈ നിയമവാഴ്ച ഉറപ്പുവരുത്തുന്ന നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. ഇത് ഭരണഘടന ഉറപ്പുവരുത്തുന്ന നീതി മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നിട്ടും ഇന്ത്യയില്‍ നിയമ പ്രക്രിയയില്‍ ഇത് സാധാരണമാണ്. ഇന്ത്യന്‍ ഭരണഘടനാ കോടതികള്‍ പോലും ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇടപെടാറില്ല.



ജോര്‍ജിയോ അഗംബെന്റെ (Giorgio Agamben) പ്രധാന കൃതിയായ ഹോമോ സേസറില്‍ വിശദീകരിച്ചതുപോലെ, അപവാദാവസ്ഥ എന്നത് സാധാരണ നിയമ ക്രമത്തിന്റെ സസ്‌പെന്‍ഷനാണ്, അത് പ്രതിസന്ധിഘട്ടങ്ങളിലോ അടിയന്തര സാഹചര്യത്തിലോ സംഭവിക്കുന്നു. അസാധാരണമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍, പരമാധികാര ശക്തിക്ക് അപവാദാവസ്ഥ ഉണ്ടാക്കാനും മാറ്റ് നിയന്ത്രണങ്ങള്‍ ഇല്ലാതെ അധികാരം ഉപയോഗിക്കാനും സവിശേഷമായ അധികാരമുണ്ട്. ഈ പ്രഖ്യാപനം നിയമംതന്നെ വളച്ചൊടിക്കുകയോ അപ്രത്യക്ഷമാക്കുകയോ ചെയ്യുന്ന ഒരു പരിമിതമായ ഇടം സൃഷ്ടിക്കുന്നു, അവിടെ ദേശീയ സുരക്ഷയെയോ പൊതുക്രമത്തെയോ കുറിച്ചുള്ള ആശങ്കകളാല്‍ ന്യായീകരിക്കപ്പെടുന്ന അസാധാരണമായ നടപടികള്‍ക്ക് അനുമതി നല്‍കുന്നു. അഗംബെന്റെ സിദ്ധാന്തത്തില്‍, അപവാദാവസ്ഥയുടെ ഹൃദയഭാഗത്ത് ഹോമോ സേസര്‍ എന്ന രൂപമുണ്ട്. ഹോമോ സേസര്‍ എന്നത് ഒരു വ്യക്തിയാണ്, അയാള്‍ നിയമപരമായ എല്ലാ പരിരക്ഷകളും നഷ്ടമായി  പരമാധികാരിയുടെ അസാധാരണമായ അധികാരത്തിന് വിധേയനാകുന്നു.  ഈ രൂപം 'നഗ്‌നമായ ജീവിതത്തിന്റെ' സാരാംശം ഉള്‍ക്കൊള്ളുന്നു, അതായത് ഒരു ജീവിതം അതിന്റെ ജൈവിക കാമ്പിലേക്ക് ചുരുക്കുകയും അപവാദാവസ്ഥയുടെ യുക്തിയിലും മേഖലയിലും ജീവിക്കാന്‍ വിധിക്കപ്പടുകയും ചെയ്യുന്നു.

ഇന്ത്യന്‍ ഭരണഘടന അപവാദാവസ്ഥയുടെ സാധ്യതയെ അതിന്റെ നിര്‍മാണഘട്ടത്തില്‍തന്നെ അംഗീകരിച്ചിരുന്നു, പക്ഷേ അത് കര്‍ശനമായി നിയന്ത്രണങ്ങളോട് കൂടിയായിരുന്നു. ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച്, രാഷ്ട്രപതിക്ക് 'രാജ്യത്തെ അപകടപ്പെടുത്തുന്ന ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍' അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും താത്കാലികമായി അപവാദാവസ്ഥ സൃഷ്ടിച്ച് സാഹചര്യം നേരിടാനും അനുവദിക്കുന്നുണ്ട്. ഇങ്ങനത്തെ ഒരു സാഹചര്യത്തില്‍ പൗരന്റെ നിയമ-ഭരണഘട അവകാശങ്ങള്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യപ്പെടും. അടിയന്തരാവസ്ഥ പിന്‍വലിക്കുമ്പോള്‍ പൂര്‍വ്വാവസ്ഥ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും.

അഗംബെന്റെ സിദ്ധാന്തം അനുസരിച്ച്, അപവാദാവസ്ഥ എന്നത് നിലവിലുള്ള നിയമക്രമത്തിന്റെ ഒരു താല്‍ക്കാലിക നിര്‍ത്തലാണ്. ഈ സമയത്ത്, പരമാധികാരശക്തിക്ക് നിയമത്തിന്റെയും 
മനുഷ്യാവകാശങ്ങളുടെയും പരിധികളില്‍ നിന്ന് മുക്തി നേടാന്‍ കഴിയും. അപവാദാവസ്ഥയുടെ ഫലമായി, ആളുകള്‍ അവരുടെ നിയമപരമായ എല്ലാ പരിരക്ഷകളും നഷ്ടപ്പെടുത്തുകയും പരമാധികാരിയുടെ അസാധാരണമായ അധികാരത്തിന് വിധേയരാകുകയും ചെയ്യുന്നു. കാള്‍ ഷ്മിട്ത് അഭിപ്രായപ്പെടുന്നതുപോലെ, അപവാദാവസ്ഥയുടെ സാഹചര്യത്തില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ അപകടകാരികളായി ചിത്രീകരിക്കാനും പുറംതള്ളാനും കഴിയും. അപവാദാവസ്ഥ ഭരണഘടനാപരമാകുമ്പോള്‍ അത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് വിവിധമാനങ്ങള്‍ കൈവരുന്നു. നിയമങ്ങള്‍ റദ്ദാകുമ്പോള്‍, മൗലികാവകാശങ്ങളിലേക്കും, റൂള്‍ ഓഫ് ലോയിലേക്കും പൗരസ്വാതന്ത്ര്യത്തിലേക്കുമുള്ള കൈകടത്തല്‍ അധികാരം കയ്യാളുന്നവര്‍ക്ക് തോന്നിയ പോലെ തോന്നുമ്പോഴെല്ലാം ചെയ്യാനാകും. മാത്രവുമല്ല ആപവാദാവസ്ഥയ്ക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്ന നിയമ സംവിധാനങ്ങള്‍ അധികാര ചൂഷണത്തിനെ സാധൂകരിക്കാന്‍ കാരണമാകുന്നു. ഒരുപക്ഷെ ഏറ്റവും ഭീകരമായ പ്രത്യാഘാതവും അപവാദാവസ്ഥയുടെ സാധൂകരണം ആയിരിക്കും. നിരന്തരമായി അപവാദാവസ്ഥ ഉപയോഗിക്കപ്പെടുമ്പോള്‍ അതൊരു 'ന്യൂ നോര്‍മല്‍' ആകുന്നു. ജൂഡിത്ത് ബട്‌ലര്‍ അപായ സൂചന നല്‍കുന്നത് പോലെ ''ആപവാദാവസ്ഥ ഭരണമാകുന്നു. സാധാരണ ഭരണസംവിധാനങ്ങളുടെ നിത്യേനയുള്ള മുഖമായി മാറുന്നു''

ജോര്‍ജിയോ അഗംബെന്‍ | PHOTO: FACEBOOK
1975 വരെയുള്ള ഇന്ത്യന്‍ ഭരണഘടനയുടെ പ്രവര്‍ത്തനരീതി വിലയിരുത്തിയാല്‍ ഭരണഘടനയും അധികാരവും തമ്മിലുള്ള വടംവലികള്‍ക്കിടയില്‍ ചില അപവാദാവസ്ഥകള്‍ ഭരണഘടനയ്ക്കുള്ളിലും അതിലൂടെ നിയമവ്യവസ്ഥയ്ക്കുള്ളിലും ഉണ്ടായി വരുന്നത് നമുക്ക് കാണാന്‍ കഴിയും. ഒന്നാമത്തേതും, ഇരുപത്തിനാലാമത്തേതും നാല്പത്തി രണ്ടാമത്തേതുമായ ഭരണഘടന ഭേദഗതികള്‍ ജനാധിപത്യ ആശയങ്ങളും, അപവാദാവസ്ഥയും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം വ്യക്തമാക്കുന്നു. 1977 നു ശേഷം നിയമവാഴ്ചയുടെ അവസ്ഥ വിലയിരുത്തിയാല്‍ ഒരു സാധാരണ പൗരനെ അവന്റെ ഭരണഘടന നിയമ അവകാശങ്ങള്‍ എടുത്തുമാറ്റി പരമാധികാരിയുടെ ഇച്ഛകള്‍ക്ക് വിധേയമാക്കാന്‍ പോകുന്ന ഒരു സാഹചര്യം സ്ഥിരമായി നിലവില്‍ വന്നിരിക്കുന്നു എന്ന് കാണാന്‍ കഴിയും.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ശൈശവാവസ്ഥയില്‍, 1951 ല്‍ നടന്ന ആദ്യ ഭരണഘടനാ ഭേദഗതി ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക പരിസരത്തെ വളരെ പ്രധാന്യമര്‍ഹിക്കുന്ന നിമിഷമായിരുന്നു. പൗരാവകാശങ്ങളും രാജ്യ താല്പര്യവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനത്തില്‍ രാജ്യതാല്പര്യത്തിന്റെ പേരില്‍ ആദ്യമായി ഭരണാധികാരിക്ക് അപവാദാവസ്ഥയുടെ ഉപയോഗത്തിന് വഴിതുറന്നു. ഭരണഘടനാ നിര്‍മാതാക്കള്‍ ഭരണഘടനാ മൂല്യങ്ങളെ മുറുക്കിപ്പിടിച്ച് പൗരസ്വാതന്ത്ര്യതിലധിഷ്ഠിതമായി ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍വേണ്ടി ഭരണക്രമങ്ങള്‍ രൂപപ്പെടുത്തിയത്. ശില്പിയായ ഡോ. ബി.ആര്‍.അംബേദ്കര്‍ പാര്‍ലമെന്റില്‍ വാദിച്ചപോലെ ''വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ജനാധിപത്യം ആ ദിവസം തന്നെ ജനാധിപത്യമല്ലാതെ ആയിത്തീരും '(Parliamentary Debates, Volume II, Part II, p. 1222 ). എന്നാല്‍ ഇതിനിന്നുള്ള വ്യതിചലിക്കല്‍ ആയിരുന്നു ഒന്നാം ഭേദഗതി.

ആദ്യ ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 19(2) ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരത്തിന്റെയും ഭൂതലം മാറ്റിമറിച്ച ഒരു സുപ്രധാന നിമിഷമായിരുന്നു.  ഈ മൗലികാവകാശം വിനിയോഗിക്കുന്നതിന് 'ന്യായമായ നിയന്ത്രണങ്ങള്‍' ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19(2) ഉള്‍പ്പെടുത്തിക്കൊണ്ട് ആദ്യ ഭേദഗതി ഭരണഘടനയുടെ പിന്നീടുള്ള യാത്രക്ക് വഴിവെട്ടുകയായിരുന്നു. ആദ്യ ഭേദഗതി 'ന്യായമായ നിയന്ത്രണങ്ങള്‍' എന്ന ആശയം അവതരിപ്പിക്കുക മാത്രമല്ല, ഭരണകൂടത്തിന് അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികള്‍ ഏര്‍പ്പെടുത്താനുള്ള അടിസ്ഥാനം ഗണ്യമായി വിപുലീകരിക്കുകയും ചെയ്തു. ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളുമായി ബന്ധപ്പെട്ട ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട് ഭരണകൂടത്തിന് പൗരസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനോ നിയന്ത്രിക്കാനോ ഉള്ള ഭരണഘടനാ അടിത്തറ പാകുകയാണ് ഈ ഭേദഗതിയിലൂടെ ചെയ്തത്. ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികള്‍ എന്നത് UAPA അടക്കമുള്ള എല്ലാ കരിനിയമങ്ങളുടെയും അടിസ്ഥാനമായി.

ഡോ. ബി.ആര്‍.അംബേദ്കര്‍ | PHOTO: WIKI COMMONS
ഭരണഘടന ഭേദഗതിയോടനുബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ആര്‍ട്ടിക്കിള്‍ 9(1)(a) അത് ആവിഷ്‌കരിക്കുന്ന മൗലികാവകാശങ്ങളെ കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചു. ഇത് എങ്ങനെയാണ് വ്യക്തി സ്വാതന്ത്ര്യത്തെയും സാമൂഹ്യ നന്മയെയും വിവേകത്തോടെയുള്ള തുല്യതയിലേക്ക് കൊണ്ടുവരാന്‍ കഴിയുക എന്ന പരമപ്രധാനമായ ചോദ്യത്തിന് കാരണമായി. സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ പ്രയോക്താക്കളായ H.N. Kunzru ഏത് നിയന്ത്രണവും  'bureaucratic control' നു കാരണമാകും എന്ന് വാദിച്ചു .(Parliamentary Debates, Volume II, Part II, p. 1318). എന്നാല്‍ അല്ലാടി കൃഷ്ണസ്വാമി അയ്യങ്കാരുടെ അഭിപ്രായത്തില്‍ സാമൂഹ്യക്രമത്തിന്റെയും ദേശീയ സുരക്ഷയ്ക്കും വേണ്ടി 'reasonable restrictions'  നന്നായിരിക്കുമെന്ന് വാദിച്ചു (Parliamentary Debates, Volume II, Part II, p. 1165).

ആര്‍ട്ടിക്കിള്‍ 19(2) ല്‍ reasonable restriction എന്ന് ചേര്‍ത്തത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായി. ഈ പ്രയോഗത്തിന്റെ അര്‍ഥം ഇഴകീറിമുറിച്ച് നിയമ നിര്‍മ്മാതാക്കള്‍ പഠിക്കാന്‍ ശ്രമിച്ചു. ചില പ്രത്യേക ഉത്കണ്ഠകള്‍ പരിഗണിക്കുന്നതായിരിക്കണമോ അതോ വിശാലമായ സാമൂഹിക താല്പര്യങ്ങളെ ഉള്‍പ്പെടുത്തുന്നതായിരിക്കണമോ എന്ന ചോദ്യം ''reasonable restrictions'' എന്ന പ്രയോഗം ഉന്നയിച്ചു. പ്രൊഫസര്‍ ഗ്രാന്‍വില്ലേ ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടതുപോലെ 'ഈ പ്രയോഗം ഉത്കണ്ഠതകള്‍ക്ക് കാരണമാവുകയും, സ്വതന്ത്ര സമൂഹമെന്ന ആശയത്തിന്റെ പൂര്‍ണത ഇല്ലാതാക്കുകയും ചെയ്യുന്നു' (Austin, The Constitution of India 122) എന്നത് പിന്നീട് ഒരു യാഥാര്‍ഥ്യമായി മാറുന്നത് നാം കണ്ടു.


മാനനഷ്ടം, ദേശീയ സുരക്ഷ, സാമൂഹ്യ ക്രമം, സദാചാരം എന്നിവ ഈ ഭരണഘടനാ ഭേദഗതി മൂലം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമാനുസൃത സാഹചര്യങ്ങളായി. സാമൂഹ്യ സുരക്ഷിതത്വത്തെ കരുതിയുള്ള ഈ ഭരണഘടനാ ഭേദഗതി വിയോജിപ്പുകളേയും വിമര്‍ശനങ്ങളേയും ഇല്ലാതാക്കുന്നതിന് കാരണമാകുമെന്ന ഉത്കണ്ഠ ബലപ്പെട്ടു. നിയമ പണ്ഡിതനായ നാനി പല്‍ക്കിവാല  അഭിപ്രായപ്പെട്ടത് പോലെ ''ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള അവകാശം അത് സ്വാതന്ത്ര്യത്തിന്റെ ആത്മാവാണ് ' (Palkhivala, Fundamental Rights, p. 152). അത് എടുത്തുമാറ്റുന്നതിലേക്കാണ് ഇത് പിന്നീട് നയിച്ചത്. ഭരണകൂടവും രാജ്യവും ഭരണകര്‍ത്തവും എല്ലാം ഒരു പോയിന്റിലേക്ക് കേന്ദ്രീകരിക്കുന്നതിലേക്കുള്ള യാത്ര ഇവിടെ തുടങ്ങി. പിന്നീടങ്ങോട്ട് ജനാധിപത്യ ഇന്ത്യ കണ്ട അടിയന്തിരാവസ്ഥയ്ക്കും, വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനും കാരണമായ ഭരണഘടനാ ഭേദഗതികളിലേക്ക് വഴിവെച്ചത് ആദ്യ ഭരണഘടന ഭേദഗതി ആയിരുന്നു.  'reasonable restrictions'  എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ അപവാദാവസ്ഥ രൂപപെടുന്നതിന്റെ തുടക്കമായിരുന്നു.


തുടരും.

#outlook
Leave a comment