
ഇന്ത്യൻ ജനാധിപത്യവും മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളും
റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് എന്ന സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 1.4 ബില്യൺ ജനങ്ങളും 210 ദശലക്ഷം ടിവി സെറ്റുകളുള്ള വീടുകളുണ്ട്. രാജ്യത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള 900 ഓളം ടിവി ചാനലുകളുണ്ട്, അവയിൽ പകുതിയും വാർത്ത ചാനലുകളാണ്. പൊതു പ്രക്ഷേപണമായ ദൂരദർശൻ 23 ഭാഷകളിൽ പ്രവർത്തിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് കാഴ്ചക്കാരിലേക്കാണ് ഈ പ്രക്ഷേപണം എത്തുന്നത്. ഏകദേശം 20,000 ദിനപത്രങ്ങൾ ഉൾപ്പെടെ 20-ലധികം ഭാഷകളിൽ ഏകദേശം 1,40,000 പ്രസിദ്ധീകരണങ്ങൾ രാജ്യത്തുണ്ട്. അവയുടെ മൊത്തം വിതരണം ഏകദേശം 390 ദശലക്ഷത്തിലധികം കോപ്പികളോളം വരും. സോഷ്യൽ മീഡിയയിലെ ഓൺലൈൻ വാർത്തകൾ ഈ അച്ചടി മാധ്യമങ്ങളെക്കാൾ വലുതാണ്. റേഡിയോ വാർത്താ പ്രക്ഷേപണം ഇപ്പോഴും ഗവൺമെന്റുകളുടെ കുത്തകയാണ്. ഇന്ത്യയിലെ മാധ്യമ മേഖലയുടെ ഒരു വലിയ ചിത്രം വളരെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇവയാണ്.
ഇതിൽ പ്രധാനപ്പെട്ട ചാനലുകളിൽ എല്ലാം തന്നെയും ഹിന്ദു സവർണ സമുദായിക വിഭാഗങ്ങളിൽ നിന്നുള്ളവർ ബഹുഭൂരിപക്ഷം നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നവയാണ്. ദളിത് ആദിവാസി മുസ്ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇന്ത്യൻ മാധ്യമങ്ങൾക്കുളിൽ വളരെ ശുഷ്കവും ശോഷിച്ചതുമാണ്. ഈ മാധ്യമങ്ങളിൽ തന്നെ ഒരു പകുതി മുകേഷ് അംബാനി നിയന്ത്രിക്കുന്നവയും മറ്റൊരു ഭാഗം ഇപ്പോൾ അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്നതുമാണ്. ഇവയിൽ ബഹുഭൂരിപക്ഷവും സംഘപരിവാർ ഭരണകൂടത്തിന്റെ സ്തുതിപാഠകരാണ് എന്നതാണ് വസ്തുത. സംഘപരിവാറിന് അനുകൂലമായ രീതിയിൽ മുസ്ലിം വംശീയ വെറുപ്പും ദളിത് ആദിവാസി വിരുദ്ധതയും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിലും ഈ മുഖ്യധാരാ മാധ്യമങ്ങൾ തല്പരരാണ്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ വൈവിധ്യം നിലനിൽക്കുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്. മുഖ്യധാരയിൽ വളരെ ന്യൂനപക്ഷവും സാമൂഹ്യ മാധ്യമങ്ങളിലെ ശക്തിയുമാണ് ഇന്ത്യക്കകത്ത് ഭരണകൂട വിമർശനം നടത്തുന്നതിൽ പ്രതീക്ഷ ഉണർത്തുന്നത്. ഈ വലിയ ചിത്രം വച്ചുവേണം “ഇന്ത്യൻ ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും” എന്ന വിഷയം ചർച്ച ചെയ്യുവാൻ.
റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് | PHOTO: WIKI COMMONS
സമകാലീന സംഭവങ്ങൾ
അദാനി ഗ്രൂപ്പിനെക്കുറിച്ച് പ്രതിപാതിക്കുന്ന 138 വീഡിയോകളും 83 ഇൻസ്റ്റാഗ്രാം പോസ്റ്റുകളും പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മിനിസ്ട്രി സെപ്റ്റംബർ 16ന് രണ്ട് പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങൾക്കും ഒരു കൂട്ടം യൂട്യൂബ് ചാനലുകൾക്കും നോട്ടീസ് നൽകിയിരിക്കുകയാണ്. ഗൗതം അദാനിയുടെ വ്യവസായ സ്ഥാപനങ്ങൾക്കെതിരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളും സമൂഹ മാധ്യമ പോസ്റ്റുകളും നീക്കം ചെയ്യാൻ സെപ്തംബർ 6ന് ഡൽഹിയിലെ ഒരു ജില്ലാ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നത് പിന്നീട് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നടപടി. സമാനമായ പ്രസിദ്ധീകരണങ്ങൾ പുനഃപരിശോധനയില്ലാതെ തുടർന്നും നടത്തരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
പരഞ്ജോയ് ഗുഹ താക്കൂർത്ത, രവി നായർ, അബിർ ദാസ് ഗുപ്ത, അയസ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർക്കെതിരെയും ബോബ് ബ്രൌൺ ഫൌണ്ടേഷൻ, ഡ്രീംസ്കേപ്പ് നെറ്റ്വർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജോൺ ഡോ പേഴ്സൺസ് എന്നീ സ്ഥാപനങ്ങൾക്ക് എതിരേയുമാണ് കോടതി മുൻപ് ഉത്തരവിട്ടത്. മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളും ഹെയ്‌ഡൻബെർഗ് റിപ്പോർട്ടിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത് ചൂണ്ടികാണിച്ചുകൊണ്ടുള്ള അദാനി എന്റർപ്രൈസസിന്റെ പെറ്റീഷൻ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. പ്രസ്തുത മാധ്യമപ്രവർത്തകർ ദേശദ്രോഹ താല്പര്യങ്ങൾ ഉള്ളവരാണെന്നും അവരുടെ പ്രസിദ്ധീകരണങ്ങൾ കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടം കമ്പനിക്ക് ഉണ്ടായെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. ഈ കേസുമായി ബന്ധമില്ലാത്ത ചില ചാനലുകൾക്കും അടക്കം ഇപ്പോൾ മിനിസ്ട്രിയിൽ നിന്നും ഈ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ന്യൂസ് ലോൺഡ്രി ചാനലിലെ രാവിഷ് കുമാർ, അജിത് അഞ്ചും, ധ്രുവ് റാത്തീ, ആകാശ് ബാനർജി എന്ന ദേശഭക്തഃ എന്നിവർ അടക്കം ചിലർക്ക് എതിരെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ വനാവകാശ നിയമം നിലനിൽക്കുന്ന ബോഡോലാൻഡ് ടെറിട്ടോറിയൽ ബോർഡിന്റെ കീഴിലുള്ള 991.73 ഏക്കർ ഭൂമി യാതൊരു നിബന്ധനകളുമില്ലാതെ ഗൗതം അദാനിയുടെ വൈദ്യുതി നിലയത്തിനായി പതിച്ചു നൽകിയ വിഷയം വാർത്തകളിൽ എത്തിച്ചതിന്റെ പക പോക്കൽ ആണ് സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് നടന്നുകൊണ്ടിരിക്കുന്നത്. തദ്ദേശീയരുമായി യാതൊരു തരത്തിലുള്ള ചർച്ചകളും സാമൂഹിക ആഖാത പഠനങ്ങളും ഇല്ലാതെയാണ് സംസ്ഥാന സർക്കാർ ഈ നടപടികൾ മുന്നോട്ട് നീക്കിയത്. പഗ്ലിജോറാ സംരക്ഷിത വനത്തിന്റെ ഭാഗങ്ങളുൾപ്പെട്ട ഭൂമിയാണ് തർക്കത്തിൽ ഇരിക്കുന്നത്. ഈ പദ്ധതി വനാവകാശ നിയമത്തിന്റെയും വന സംരക്ഷണ നിയമത്തിന്റെയും ലംഘനമാണ് എന്ന് വാദിച്ചുകൊണ്ട് തദ്ദേശവാസികൾ അനേകം പ്രതിഷേധങ്ങൾ നടത്തി.
ദി വയർ സ്ഥാപകൻ സിദ്ധാർഥ് വരദരാജനും കൺസൾട്ടിങ് എഡിറ്റർ കരൺ ഥാപ്പറിനും എതിരെ അസം പൊലീസ് എടുത്ത കേസുകളിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ സെപ്തംബർ 15നു കേസ് ഹിയറിങ് അടുത്ത ഒക്ടോബർ 11ലേക്ക് നീട്ടി വെച്ചിരിക്കുകയാണ്. ഇപ്പോൾ അദാനി ഗ്രൂപ്പിന് എതിരായ വാർത്തകൾ നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ കോടതി നീക്കി.
കരൺ ഥാപ്പർ | PHOTO: WIKI COMMONS
വിഷയത്തിൽ ദേശീയ അന്താരാഷ്ട്ര സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അദാനി കേസിന് സമാനമായി ദേശീയ താല്പര്യത്തിനും പരമാധികാരത്തിനും വിരുദ്ധമായ വാർത്തകളെ പ്രസിദ്ധീകരിച്ചു എന്നുള്ളതായിരുന്നു ഇവർക്കെതിരെയും കുറ്റം ആരോപിക്കപ്പെട്ടത്. ഇരുവരും ശക്തരായ കേന്ദ്ര സർക്കാർ വിമർശകരും സംഘപരിവാറിന്റെ നോട്ടപ്പുള്ളികളുമാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിനിടയിൽ തൊണ്ടയിടറി അസ്വസ്ഥനായി മറുപടി പറയാനാകാതെ ഇറങ്ങിപ്പോയ നരേന്ദ്രമോദി ഇന്ത്യൻ മാധ്യമ പ്രവർത്തനത്തിന്റെ മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു.
ഇന്ത്യക്കകത്ത് മാധ്യമ പ്രവർത്തകർ നേരിടുന്ന ഭരണകൂട വേട്ടയുടെ പുതിയ ഉദാഹരണങ്ങളാണ് ഇത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിലവാര സൂചിക കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഘട്ടം ഘട്ടമായി വളരെ താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് അനുസരിച്ചു ഇന്ത്യയുടെ നിലവാര സൂചിക 100ൽ 32.96 ആണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള അതിഭീകരമായ അടിച്ചമർത്തലിന്റെയും, മനുഷ്യാവകാശ ലംഘനങ്ങളുടെയും പ്രത്യക്ഷ ലക്ഷണമാണ് ഇത്. റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സ് എന്ന പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഈ ഇൻഡക്സ് പുറത്തിറക്കുന്നത്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
അടിച്ചമർത്തലിന്റെ ചരിത്രം
റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സ് സൂചിപ്പിക്കുന്നതനുസരിച്ച് ഇന്ത്യക്കകത്ത് നരേന്ദ്ര മോദിയുടെ കീഴിൽ എൻഡിഎ സർക്കാർ കേന്ദ്ര ഭരണത്തിൽ വന്നതുമുതലാണ് പ്രത്യക്ഷത്തിൽ ഇന്ത്യക്കകത്ത് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്. അത്തരം പ്രമാദമായ അനേകം സംഭവങ്ങൾ ചൂണ്ടിക്കാട്ടാനാകും. ഒന്ന് സിദ്ധിഖ് കാപ്പൻ എന്ന മാധ്യമപ്രവർത്തകനെയും സഹപ്രവർത്തകരെയും ജയിലിൽ അടച്ച സംഭവം, രണ്ടാമത്തേത് ഭീമാ കോരേഗാവ് സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരെയും ബുദ്ധിജീവികളെയും ജയിലിൽ അടച്ച സംഭവം. ഇത് രണ്ടും ഭരണകൂടം നേരിട്ട് നടത്തിയ അക്രമങ്ങൾ ആണ്. എന്നാൽ ഇന്ത്യക്കകത്ത് ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകൾ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ നടത്തുന്ന തുടർകൊലപാതകങ്ങൾ ആണ് മറ്റൊന്ന്. അതല്ലാതെ മാധ്യമപ്രവർത്തകരെയും സാമൂഹ്യ പ്രവർത്തകരെയും ഭൂ/കൺസ്ട്രക്ഷൻ കോൺട്രാക്ടർ/മൈനിങ് മാഫിയയുമായും ചേർന്ന് കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന അനേകം സംഭവങ്ങളും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു.
കേരളത്തിൽ നിന്നുമുള്ള മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ രണ്ട് വർഷമാണ് ഉത്തർപ്രദേശ് പൊലീസ് തടവിൽ അടച്ചത്. 2020ൽ ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ സവർണ ഹിന്ദുക്കൾ ബാലാത്സംഗം ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു സിദ്ധീഖ് കാപ്പൻ. ക്രമസമാധാന നില തകർക്കാനും കലാപമുണ്ടാക്കാനും ഗൂഡാലോചന നടത്തി എന്നായിരുന്നു ആരോപണം. അദ്ദേഹത്തോടൊപ്പം വാർത്ത റിപ്പോർട്ട് ചെയ്യാൻ സഹായിച്ച മറ്റു മൂന്നു പേരെയും സമാനമായ കുറ്റം ആരോപിച്ചു അറസ്റ്റ് ചെയ്തു. ക്രൂരമായ പീഡനങ്ങളാണ് രണ്ട് വർഷം നീണ്ട തടവിൽ അദ്ദേഹം നേരിടേണ്ടി വന്നത്. ആവശ്യമരുന്നുകൾ അടക്കം നിഷേധിച്ചുകൊണ്ടാണ് പൊലീസ് അക്രമം നടത്തിയത്.
സിദ്ധിഖ് കാപ്പൻ | PHOTO: WIKI COMMONS
മാധ്യമപ്രവർത്തകർ, എഴുത്തുകാർ ബുദ്ധിജീവികൾ, വൈജ്ഞാനികർ എന്നിവർക്ക് നേരെ സംഘപരിവാർ നടത്തുന്ന അതിഭീകര അടിച്ചമർത്തലിനു അനേകം ഉദാഹരണം സമാനമായി ഉയർത്തിക്കാട്ടാനാകും. അതിലൊന്നാണ് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കേസ്. 1818ലെ ഭീമാ കൊറേഗാവ് സംഭവത്തിൽ സ്ഥലത്തെ ഹിന്ദു സവർണ രാജാവിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം ദളിത് സമുദായത്തിൽ പെട്ട പട്ടാളക്കാർ പോരാടുകയും വിജയം നേടുകയും ചെയ്തിരുന്നു. ഈ സമ്പത്തിന്റെ ഇരുന്നൂറാം വാർഷിക ആഘോഷം നടന്ന സ്ഥലത്ത് സവർണ വിഭാഗങ്ങൾ പ്രശ്നം ഉണ്ടാക്കുകയും പിന്നീട് അതൊരു കലാപം ആയി മാറുകയും ചെയ്തു. സംഭവത്തിൽ ആദ്യം മിലിന്ദ് ഏക്ബോധ്, സംബാജ്‌ഹി ഭീഡേ എന്നീ ഹൈന്ദവ സംഘടനകളിൽ പെട്ടവർക്കെതിരെയായിരുന്നു കേസ്. കലാപത്തിന് കേസ് എടുത്തെങ്കിലും പിന്നീട് പൂനെ പൊലീസ് കേസിൽ മാവോയിസ്റ്റ് ഇടപെടൽ ഉണ്ടെന്ന് ആരോപിക്കുകയും എൽഗർ പരിഷദ് എന്ന സന്നദ്ധ സംഘടനയെ വിഷയത്തിൽ ബന്ധപ്പെടുത്തി പ്രസ്‌തുത പരിപാടിയിൽ പങ്കെടുത്ത പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മനുഷ്യാവകാശ പ്രവർത്തകരായ സുരേന്ദ്ര ഗാഡ്‌ലിംഗ്, റോണാ വിൽസൺ, വിദ്രോഹി പ്രസിദ്ധീകരണം സ്ഥാപകനും അംബേദ്കറൈറ്റുമായ സിദ്ധിർ ധവാലെ, നാഗ്പുർ യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ഷോമ സെൻ, വനാവകാശ പ്രവർത്തകൻ മഹേഷ് റൗട്ട്, തെലുങ്ക് കവി വരവര റാവു, തൊഴിലവകാശ പ്രവർത്തക സുധ ഭരദ്വാജ്, ഗവേഷകനും ആക്ടിവിസ്റ്റുമായ വെർനോൻ ഗോൺസാൽവേസ്, അഭിഭാഷകൻ അരുൺ ഫെരേര, മാധ്യമ പ്രവർത്തകൻ ഗൗതം നവ്ലക, ഗവേഷകനും ഐഐടി ഖരഖ്പൂർ പ്രൊഫസറും ആയ ആനന്ദ് റ്റെൽറ്റുമ്പേ, മുൻ ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫെസർ ഹണി ബാബു, കബീർ കലാമഞ്ച് പ്രവർത്തകരായ സാഗർ ഖോർഖേ, രമേശ് ഗെയ്‌ച്ചോർ, ജ്യോതി ജഗ്താപ്, ജെസ്യുട് പുരോഹിതനായ ഫാദർ സ്റ്റാൻ സ്വാമി, ഇവരിൽ കബീർ കലാമഞ്ച് പ്രവർത്തകരും, ഹാനി ബാബു, എന്നിവർ അഞ്ചു വർഷമായും, മഹേഷ് റൗട്ട് സുരേന്ദ്ര ഗാഡ്ഗിൽ എന്നിവർ ഏഴു വർഷമായും ഇപ്പോഴും ജയിലിൽ തന്നെയാണ്. 85 വയസായിരുന്ന ഫാദർ സ്റ്റാൻ സ്വാമി 2021ൽ കസ്റ്റഡിയിൽ വെച്ച് മരിച്ചു. അവശ്യ മരുന്നുകളും ആഹാരം കഴിക്കാൻ സ്ട്രോയും കപ്പുകളും പോലും ജയിൽ അധികൃതർ അദ്ദേഹത്തിന് നിഷേധിച്ചിരുന്നു. മെലിഞ്ഞുണങ്ങി ജീവച്ഛവമായി കൈയിൽ വിലങ്ങുമായി കിടക്കുന്ന സ്റ്റാൻ സ്വാമിയുടെ ചിത്രം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഏഴു മുതൽ മൂന്ന് വർഷം വരെയാണ് ബാക്കിയുള്ള പ്രവർത്തകർക്ക് ജാമ്യം കിട്ടാൻ എടുത്ത സമയം. ഡിസംബർ 2022ന് ഗണേഷ് മോർ എന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൽഗർ പരിഷദ് നടത്തിയ പരിപാടിക്ക് ജനുവരി ഒന്നിന് നടന്ന കലാപവുമായി ബന്ധമില്ല എന്നും അന്വേഷണ കമ്മീഷനു മുന്നിൽ മൊഴി കൊടുത്തു. വിഷയത്തിൽ പൊലീസ് ഡിജിറ്റൽ തെളിവുകൾ കൃത്രിമമായി ചമയ്ക്കാൻ ശ്രമിച്ചു എന്നും കാരവാൻ മാഗസിൻ റിപ്പോർട്ട് ചെയ്തു. 2025 ജനുവരിയിൽ ബോംബെ ഹൈക്കോടതി ഒമ്പത് മാസത്തിനകത്ത് കേസ് തീർപ്പാക്കണം എന്ന് സ്പെഷ്യൽ കോടതിയോട് ഉത്തരവിട്ടു.
സ്റ്റാൻ സ്വാമി | PHOTO: WIKI COMMONS
ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയും അല്ലാതെയും ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ തുടർകൊലപാതകങ്ങളുടെ വിവരങ്ങൾ ഇതിലും ഭീതിജനകവുമാണ്. 2013ലാണ് സ്വതന്ത്ര ചിന്തകനും സിപിഐ പ്രവർത്തകനുമായ നരേന്ദ്ര ധാബോൽക്കറെ 68ആം വയസിൽ പുനെയിലെ ഓംകാരേശ്വർ പാലത്തിനടുത്തുവച്ചു രാവിലെ 7 മണിയോടടുത്ത് വെടിവെച്ച് കൊല്ലുന്നത്. മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലം സമിതി എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയിരുന്നു അദ്ദേഹം. നാലു തവണയാണ് അദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. പിന്നീട് 2015 ഫെബ്രുവരി 16നാണ് കൊൽഹാപൂരിലെ സ്വന്തം വീടിന് പുറത്തുവച്ചു ഭാര്യ ഉമാ പന്സാരെയോടൊപ്പം നടക്കാൻ ഇറങ്ങിയ ഗോവിന്ദ് പന്സാരെക്ക് നേരെ പല തവണ തീവ്രവാദികൾ നിറയൊഴിക്കുന്നത്. ആക്രമണത്തിൽ ഉമാ പന്സാരെക്കും ഗുരുതരമായി പരുക്കേറ്റു. ഫെബ്രുവരി 20നു 82 വയസിൽ അദ്ദേഹം കൊല്ലപ്പെട്ടു. ഹംപിയിലെ കന്നഡ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാന്സലറും കന്നഡ എഴുത്തുകാരനും ഗവേഷകനുമായ മല്ലേഷപ്പ മഡിവാളപ്പ കൽബുർഗിയെ അതെ വർഷം ആഗസ്റ്റിൽ കർണാടകയിലെ ധാർവാഡയിലെ സ്വന്തം വീട്ടിലേക്ക് വന്നാണ് കൊലപാതകികൾ വെടി വെച്ചു കൊന്നത്. കൊല്ലപ്പെടുമ്പോൾ 77 വയസായിരുന്നു. 2017ലാണ് മുതിർന്ന മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നത്. വീടിനടുത്തു ഒളിച്ചിരുന്ന അക്രമികൾ കാർ പാർക്ക് ചെയ്തു കതക് തുറക്കാൻ വന്ന ഗൗരി ലങ്കേഷിന് നേരെ മൂന്ന് തവണയാണ് നിറയൊഴിച്ചത്.
ഈ കൊലപാതകങ്ങളിലെല്ലാം സമാനമായ ആയുധങ്ങളും ആളുകളും സംഘടനകളും ഇടപെട്ടിരുന്നു എന്ന് സ്പെഷ്യൽ കോടതി നിരീക്ഷിച്ചിരുന്നു. സമാന രീതിയിലുള്ള ആയുധങ്ങളുടെ സാന്നിധ്യം, കൊലപാതകികൾക്ക് സഹായങ്ങൾ ചെയ്ത ആളുകളുമായുള്ള ബന്ധം, ഗൂഢാലോചനയിൽ പങ്കാളികൾ ആയവരുടെ ബന്ധങ്ങൾ എന്നിവയെല്ലാം സനാതൻ സൻസ്ത, ഹിന്ദു ജാഗൃതി സമിതി എന്നീ ഹൈന്ദവ തീവ്രവാദ സംഘടനയിലേക്കാണ് വിരൽചൂണ്ടിയത്. വിരേന്ദ്രസിങ് ശരത് ചന്ദ്രചൂട റവാടെ എന്ന ഡോക്ടർ ആണ് പന്സാരെയുടെ കേസിൽ പ്രധാന പ്രതി. ഇയാൾ ഈ സംഘടയുടെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു.
ഗൗരി ലങ്കേഷ് | PHOTO: WIKI COMMONS
മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന മറ്റൊരു വിഭാഗമാണ് ഇന്ത്യക്കകത്തെ മൈനിങ്/ഭൂ/കൺസ്ട്രക്ഷൻ വ്യവസായ മാഫിയകൾ. 2014ന് ശേഷം ഇന്ത്യക്കകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ 28ൽ 13 പേരും പ്രകൃതി വിഭവങ്ങളുടെ ചൂഷണവുമായി ബന്ധപ്പെട്ട വാർത്തകൾ ചെയ്തവർ ആണെന്ന് റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് വ്യക്തമാക്കുന്നു. ഈ വർഷം പൂനെയിൽ അക്രമിക്കപ്പെട്ട സ്നേഹ ബർവെ, ഛത്തിസ്ഘട്ടിലെ ബിജാപൂരിൽ സെപ്റ്റിക് ടാങ്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മുകേഷ് ചന്ദ്രാകർ എന്നിവരുടെ ഉദാഹരണങ്ങൾ അവർ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പിടിച്ചടക്കൽ/നിയമങ്ങൾ
2024ലെ കണക്കനുസരിച്ച്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) അതിന്റെ മാധ്യമ വിഭാഗമായ നെറ്റ്വർക്ക് 18ഉം വഴി ഒന്നിലധികം ഇന്ത്യൻ ഭാഷകളിലെ വാർത്തകൾ, വിനോദം, സംഗീതം, കുട്ടികളുടെ ഉള്ളടക്കം എന്നിവയിലുടനീളം 70ലധികം ടിവി ചാനലുകൾ മുകേഷ് അംബാനി സ്വന്തമാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ലോൺ തിരിച്ചടവിലെ നിയമക്കുരുക്കുകൾ ഉപയോഗിച്ച് അദാനിയുടെ വ്യവസായ വിഭാഗം രാജ്യത്തെ ഭരണകൂടത്തിന്റെ പ്രധാന വിമർശകരായ എൻഡിടിവിയുടെ മുഖ്യ ഷെയറുകളും വാങ്ങി നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതോടെ ഗൗതം അദാനി, അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനിയായ എഎംജി മീഡിയ നെറ്റ്വർക്ക്സ് ലിമിറ്റഡ് 5 ടിവി ചാനലുകളും കുറച്ച് ഡിജിറ്റൽ പ്രോപ്പർട്ടികളും പ്രവർത്തിപ്പിക്കുന്ന എൻഡി ടിവിയുടെ ഭൂരിഭാഗം നിയന്ത്രണവും സ്വന്തമാക്കി. അതോടെ മാധ്യമ സ്വാത്വന്ത്ര്യത്തിൽ ഹൈന്ദവ കുത്തക താൽപര്യത്തിൽ സാമ്പത്തിക പിടിച്ചടക്കലിന് പുതിയ ഉദാഹരണങ്ങൾ കൂടിയായി.
പഠനങ്ങൾ
ജേർണൽ ഓഫ് ഡെമോക്രസി എന്ന വാരികയിൽ മായാ ട്യൂഡർ എം എഴുതിയ “ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത്യമായോ?” എന്ന ലേഖനത്തിൽ രാജ്യം ഒരു ഹൈബ്രിഡ് സ്വഭാവത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. ഉദ്യോഗസ്ഥ അധികാരപ്രയോഗവും പൗര സ്വാതന്ത്ര്യത്തിന്റെ മേലുള്ള ശക്തമായ അധികാര ദുർവിനിയോഗവും നിയന്ത്രണവും വഴിയാണ് ഇത് സാധ്യമായതെന്ന് ട്യൂഡർ സൂചിപ്പിക്കുന്നു. ഇന്ത്യ ജനാധിപത്യത്തിൽ നിന്ന് ഒരു ഹൈബ്രിഡ് ഭരണകൂടത്തിലേക്ക് മാറിയിട്ടുണ്ടോ? എന്നതായിരുന്നു അവർ ലേഖനത്തിൽ അന്വേഷിച്ച പ്രധാന ചോദ്യം. മായ ട്യൂഡർ ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്റിലെ പൊളിറ്റിക്സ് ആൻഡ് പബ്ലിക് പോളിസി പ്രൊഫസറും ഓക്സ്ഫോർഡ് സർവകലാശാലയിലെ സെന്റ് ഹിൽഡാസ് കോളേജിലെ ഫെലോയുമാണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ടാബരേസ് ആഹ്മെദ് നിയാസി എന്ന സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫെസർ ഇന്ത്യയിലെ ഇന്റർനെറ്റ് ഷട്ട് ഡൗണിനെക്കുറിച്ചും മാധ്യമപ്രവർത്തനത്തെക്കുറിച്ചും പഠനം നടത്തിയിരുന്നു. അതനുസരിച്ചു ഇന്ത്യക്കകത്ത് ഭരണകൂടം ഇന്റർനെറ്റ് ഷട്ട് ഡൗൺ മാധ്യമപ്രവർത്തനത്തെ നിയന്ത്രിക്കാൻ ഔദ്യോഗികമായി ഉപയോഗിച്ചിട്ടുണ്ട്. ജനാധിപത്യം ഈ അർത്ഥത്തിൽ മാധ്യമ സ്വാതന്ത്ര്യത്തെ സ്വാഭാവികമായി സംരക്ഷിക്കുന്ന ഒന്നല്ല.
ഇത്തരത്തിൽ ഇന്ത്യൻ മാധ്യമ മേഖല നേരിടുന്ന വെല്ലുവിളികൾ അനവധിയാണ്. പ്രാഥമികമായി അതിനുള്ളിൽ സവർണ ഹൈന്ദവ പ്രാതിനിധ്യം, രണ്ടാമത് ഹൈന്ദവ കുത്തക കമ്പനികൾ സാമ്പത്തികമായി മുഖ്യ പങ്കും കരസ്ഥമാക്കികൊണ്ട് അവയെ നിയന്ത്രിക്കുന്നു. അതിനേക്കാൾ എല്ലാം ഭീകരമായി ഭരണകൂടം നേരിട്ട് അതിന്റെ വ്യവസ്ഥയെ ഉപയോഗിച്ചുകൊണ്ട് ആക്രമിക്കുന്നു. നാലാമത് ഈ ഭരണകൂടത്തിന്റെ പിന്തുണയോടെയും മൗനാനുവാദത്തോടെയും ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകളും മൈനിങ് കമ്പനികളും, ഭൂമാഫിയയും കൺസ്ട്രക്ഷൻ മാഫിയയും നിരന്തരം ആക്രമിക്കുന്നു. ഇതിനെയെല്ലാം നേരിടണമെങ്കിൽ സമഗ്രമായ മാറ്റങ്ങൾ ഇന്ത്യൻ സാമൂഹിക ഘടനയിലും അധികാര സംവിധാനത്തിലും വേണ്ടതായി വരും. അതിന് മർദിതരുടെയും വൈവിധ്യങ്ങളായ പ്രതിപക്ഷത്തിന്റെയും ഐക്യമുന്നണി രൂപപ്പെടേണ്ടി വരുകയും വേണം. പ്രാഥമികമായി ഇന്ത്യയിൽ നിലനിൽക്കുന്ന സംഘപരിവാർ ഭരണത്തിനും അതിന് മുതലാളിത്ത ശക്തികളുമായുള്ള അന്തർധാരയ്ക്കും ഏതെങ്കിലും രീതിയിൽ പിന്നോട്ടടി ഉണ്ടാകുമ്പോൾ മാത്രമേ അല്പമെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷ ഉണ്ടാകുകയുള്ളൂ.


