
ഇന്ത്യൻ രാഷ്ട്രീയവും ഇന്തോ-പാക് ബന്ധങ്ങളും
ഇന്തോ-പാക് ബന്ധങ്ങളും ഇന്ത്യൻ രാഷ്ട്രീയവും ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന്റെ കീഴിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്താൻ ഇന്ത്യയോടൊപ്പമാണ് സ്വതന്ത്രമായത്. പാകിസ്താൻ സ്വതന്ത്രമായ രീതിക്കും, ഈ രാഷ്ട്രങ്ങളിലെയും രാഷ്ട്രീയ ഘടനയിൽ വന്ന മാറ്റങ്ങളും ഇന്തോ-പാക് ബന്ധങ്ങളെയും സ്വാധീനിച്ചതായി കാണാം. ഇന്ത്യയും പാകിസ്താനും വേർപെടുത്തുന്നത് എങ്ങനെയെന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പം നിലവിലുണ്ടായിരുന്നു. റാൺ ഓഫ് കച്ച് പ്രവിശ്യയുടെ നിയന്ത്രണം ഉണ്ടായിരുന്ന ജാംനഗർ നവാബും ഹൈദരബാദിലെ നൈസാമും പാകിസ്താനിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു. സമ്പന്നമായ കനാൽ കോളനികൾ അടങ്ങുന്ന പടിഞ്ഞാറൻ പഞ്ചാബ് പ്രദേശം പാകിസ്താനിലേക്ക് പോകുന്നതിലും എതിർപ്പുണ്ടായിരുന്നു. പഞ്ചാബിൽ സിക്ക് രാഷ്ട്ര വാദികളും സജീവമായിരുന്നു.
1905ലെ ബംഗാൾ വിഭജന ശ്രമത്തിന്റെ തുടർച്ചയായ വേർതിരിവുകൾ ബംഗാളിലും ഉണ്ടായി. കശ്മീരിൽ വളർന്നുവന്നത് വിഭജനത്തിന്റെ പ്രശ്നമായിരുന്നില്ല. കശ്മീരിൽ വളർന്നുവന്നത് അവിടെയുള്ള ഡോഗ്ര രാജഭരണത്തിനെതിരായ സ്വാതന്ത്ര്യ സമരമാണ്.(ഇതിന്റെ മുദ്രാവാക്യമാണ് ആസാദി). ശെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് ഇതിന് നേതൃത്വം നൽകി. നാഷണൽ കോൺഫറൻസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിന്തുണയും നേടി. സ്വാതന്ത്ര്യത്തിന് ശേഷം പാകിസ്താൻ കശ്മീരിന് മേൽ അവകാശവാദം ഉന്നയിക്കുന്നു. വടക്കുപടിഞ്ഞാറുഭാഗത്തുള്ള ഗിൽഗിത് പ്രദേശം കയ്യടക്കുകയും ചെയ്യുന്നു. ആദ്യത്തെ ഇന്തോ പാകിസ്താൻ സംഘർഷമായിരുന്നു ഇത്. സംഘർഷത്തിൽ ഐക്യരാഷ്ട്രസഭ ഇടപെട്ട് കശ്മീർ ജനത ഒരു ഹിത പരിശോധനയിലുടെ ഏത് രാഷ്ട്രത്തിൽ ചേരണമെന്ന് തീരുമാനിക്കാമെന്ന് നിർദ്ദേശിച്ചുവെങ്കിലു ഇന്ത്യാ ഗവൺമെന്റ് അത് അംഗീകരിച്ചില്ല. പിന്നീട് 1955ൽ ഭരണഘടനയിൽ പ്രത്യേക പദവി നൽകി ജമ്മു കാശ്മിർ സംസ്ഥാനമാക്കി ഇന്ത്യയിൽപ്പെടുത്തുകയാണ് ചെയ്തത്.
REPRESENTATIVE IMAGE | WIKI COMMONS
1950ൽ ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ളിക്കായി. മതനിരപേക്ഷത ഔപചാരികമായി പിന്നീടാണ് ഉൾപെടുത്തിയത് എങ്കിലും, ഭരണഘടനക്ക് വ്യക്തമായ മതനിരപേക്ഷ സ്വഭാവം ഉണ്ടായിരുന്നു. പാകിസ്താൻ ഒരു ഇസ്ലാമിക റിപ്പബ്ലിക്കായാണ് മാറിയത്. മുസ്ലിം ലീഗ് കൂടാതെ ജമാഅത്ത് ഇസ്ലാമിയുടെ സ്ഥാപകനായ അബു അലാ മൗദൂദിയുടെ ഇടപെടലും ഇസ്ലാമിക സ്വഭാവം നൽകുന്നതിലെത്തിച്ചു. 1952ൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പു നടന്നു. പാകിസ്താനിൽ ആദ്യം മുസ്ലിം ലീഗിന്റെ ഭരണാധികാരികൾ ഉണ്ടായെങ്കിലും ക്രമേണ സൈനികാധിപത്യത്തിലേക്കു നീങ്ങുകയാണ് ചെയ്തത്. ഇസ്കന്ദർ മിർസ അയൂബ് ഖാൻ യാഹ്യാവാൻ എന്നിവരുടെ കാലത്ത് തെരഞ്ഞടുപ്പുകൾ നടന്നില്ല. സുൽഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ സമ്മർദ്ദത്തിൽ 1970ലാണ് പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ കിഴക്കെ പാകിസ്താനിൽ നിന്നുള്ള അവാമി ലീഗ് ഒന്നാം സ്ഥാനത്തും പീപ്പിൾസ് പാർട്ടി രണ്ടാം സ്ഥാനത്തുമെത്തി. എന്നാൽ ഭരണം വിട്ടു നൽകാൻ യാഹ്യാഖാന്റെ സൈനിക ഭരണകൂടം വിസമ്മതിച്ചതോടെ കിഴക്കെ പാകിസ്താൻ അവാമി ലീഗിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരത്തിലേക്ക് നീങ്ങി. 1971ൽ കിഴക്കേ പാകിസ്താൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു ബംഗ്ലാദേശ് ആയി. പാകിസ്താനിൽ ജനാധിപത്യകക്ഷിയായ പീപ്പിൾസ് പാർട്ടിയും അധികാരത്തിൽ വന്നു. എന്നാൽ പാകിസ്താനിലെ ജനാധിപത്യ പ്രക്രിയ അപ്പോഴും ദുർബലമായിരുന്നു.
1977ൽ ജനറൽ സിയാ ഉൽഹഖിന്റെ നേതൃത്വത്തിൽ സൈന്യം അധികാരം പിടിച്ചെടുത്തു. തികഞ്ഞ അമേരിക്കൻ പക്ഷപാതിയായിരുന്ന സിയ ഇതിനിടയിൽ പശ്ചിമേഷ്യയിൽ ശക്തി പ്രാപിച്ച പാൻ ഇസ്ലാമിസത്തെയും പ്രോത്സാഹിപ്പിച്ചു. കാശ്മീരിലെ തീവ്രവാദ പ്രവർത്തനത്തിന് ജീവൻ വെച്ചതും സിയയുടെ കാലത്താണ്. 1988ൽ സിയ അന്തരിച്ചതോടെ പാകിസ്താനിൽ വീണ്ടും ജനാധിപത്യ ഭരണകൂടത്തിനുള്ള നീക്കങ്ങൾ നടന്നു. പീപ്പിൾസ് പാർട്ടിയുടെ ബേനസീർ ഭൂട്ടോ അധികാരത്തിൽ വന്നു എങ്കിലും സൈന്യം വീണ്ടും തിരിച്ചുവരുകയും ജനറൽ പർവേസ് മുഷറഫിന്റെ നേതൃത്വത്തിൽ അധികാരം സ്ഥാപിക്കുകയും ചെയ്തു. മുഷറഫ് പുറത്താക്കപ്പെട്ടതിന് ശേഷം പാകിസ്താൻ മുസ്ലിം ലീഗ് - പിപിപി സഖ്യവും ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്രീർ ഇൻ സാഫും ഭരണത്തിൽ വന്നു. ഇപ്പോൾ ഷഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ മുസ്ലീംലീഗ്(നവാസ്) ആണ് ഭരണത്തിൽ.
മുഹമ്മദ് സിയാ ഉൽഹഖ് | PHOTO | WIKI COMMONS
പാകിസ്താന്റെ ഈ ലഘു രാഷ്ട്രീയ ചരിത്രം നൽകിയത് ഇന്തോ-പാക് ബന്ധങ്ങൾ വിശദീകരിക്കാൻ അതു സഹായകരമാകും എന്നതുകൊണ്ടാണ്. ഇത് വൃക്തമാക്കുന്ന ചില വസ്തുതകളുണ്ട്. ഒന്ന്, പാകിസ്താന്റെ ജനാധിപത്യ ഘടന വളരെ ദുർബലമാണ്. സ്വാതന്ത്ര്യം നേടി കാൽ നൂറ്റാണ്ടിന് ശേഷമാണ് പാകിസ്താൻ തെരഞ്ഞെടുപ്പുജനാധിപത്യത്തിലേക്ക് പൂർണമായി പ്രവേശിക്കുന്നത്. അതിനുശേഷവും സൈന്യത്തിന് നിർണായകമായ പങ്കുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ പോലും ഈ പങ്കിനെ പരോക്ഷമായി അംഗീകരിച്ച് ജനറൽമാരെ രാഷ്ട്രത്തലവരായി നിയമിക്കുന്നുണ്ട്. ഈ ദൗർബല്യം രണ്ട് പ്രവണതകളിലേക്ക് നയിക്കുന്നു. ഒന്നാമത്തെത് ലോകത്തിലെ ഏഴാമത്തെ സൈനിക ശക്തിയാണ് പാകിസ്താൻ(നാലാമത്തെത് ഇന്ത്യയാണ്). അതായത് ഒരു രാഷ്ട്രത്തിന്റെ ആദ്യന്തരവരുമാനത്തിലെ നല്ലൊരു ഭാഗവും സൈന്യത്തിന് വേണ്ടി ചെലവാക്കുന്നു. രണ്ടാമത്, സാമ്പത്തിക വളർച്ചയിലെ ദൗർബല്യം വിദേശസഹായം തേടാൻ പ്രേരിപ്പിക്കുന്നു. പല സൈനിക ഭരണകൂടങ്ങളും ഇംറാൻ ഖാനെപ്പോലുള്ള വലതുപക്ഷക്കാരും സാമ്രാജ്യത്വത്തിന്റെ പിൻതുണ തേടാൻ ഒരു മടിയും കാണിക്കാത്തവരാണ്. ഇതിനോടൊപ്പം തന്നെ പ്രധാനമാണ് സായുധ സംഘങ്ങളുടെ വളർച്ച.
സൈന്യവും സാമ്രാജ്യത്വ ആയുധവ്യാപാരികളും ചേർന്നാണ് ഇത്തരം സംഘങ്ങളെ നിലനിർത്തുന്നത്. ഇത്തരം സംഘങ്ങളാണ് ഒസാമ ബിൻ ലാദനെ പാകിസ്താനിൽ സംരക്ഷിച്ചത്. മുമ്പ് മത ദേശീയതയുടെ സ്വഭാവമുണ്ടായിരുന്ന സായുധസംഘങ്ങൾ ഇപ്പോൾ സങ്കുചിത പ്രാദേശികതയിലേക്കും കടന്നിരിക്കുന്നു. ബലൂചികളുടെയും പഖ്തുണികളുടെയും പ്രാദേശിക സംഘങ്ങൾ ഉദാഹരണമാണ്. ജനാധിപത്യ സർക്കാരുകളുടെ മാത്രമല്ല, സൈന്യത്തിന്റെയും സായുധ സംഘങ്ങളുടെയും സ്വാധീനം ഏറെക്കുറെ സമാന്തരമായി പാകിസ്താനിൽ നിലനിൽക്കുന്നുണ്ട്. പാകിസ്താനിലെ മത രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിൽ സൈന്യത്തിന്റെയും സായുധസംഘങ്ങളുടെയും സ്വാധീനം കാണേണ്ടതാണ്. അതേസമയം പാകിസ്താനിലെ സാധാരണക്കാർ മതവാദികളോ യുദ്ധകുതുകികളോ അല്ലെന്ന വസ്തുതയും തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം നിലപാടുകളോടുള്ള ഇന്ത്യയുടെ പ്രതികരണവും ശ്രദ്ധേയമാണ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
1948 മുതൽ 1965 വരെ ഇന്തോ-പാക് അതിർത്തി പൊതുവിൽ സംഘർഷരഹിതമായിരുന്നു. ജമ്മു കശ്മീരിലെ നാവാഴി വിരുദ്ധ സമരത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യൻ സർക്കാർ സ്വീകരിച്ച നയവും, അതിനുവേണ്ടി പ്രത്യേക പദവിയടക്കം കശ്മീരിനു നൽകിയ ആനുകൂല്യങ്ങളുമായിരുന്നു മുഖ്യകാരണം. അതിനോടൊപ്പം ആദ്യം ശെയ്ഖ് അബ്ദുള്ളയുടെയും പിന്നീട് ജി എം സാദിഖ് ബക്ഷി ഗുലാം മുഹമ്മദ് എന്നിവരുടെയും നേതൃത്വത്തിൽ നടന്ന ഭൂപരിഷ്കാരങ്ങളും വ്യവസായ സംരംഭങ്ങളും കാശ്മീർ ജനതയെ അതിവേഗത്തിൽ വളർത്തി കൊണ്ടുവന്നു. 1965ലെ യുദ്ധം ചില അതിർത്തി തർക്കങ്ങൾ കാരണമായിരുന്നു. അത് ജനങ്ങൾ തമ്മിലുള്ള ശത്രുതയിലേക്ക് നയിച്ചില്ല. 1971ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തിന് ഇന്ത്യ സൈനിക പിന്തുണ നൽകിയത് വീണ്ടും സംഘർഷാവസ്ഥ ക്ഷണിച്ചു വരുത്തി. പാകിസ്താൻ ആഭ്യന്തര യുദ്ധമായി കണക്കാക്കിയ സംഘർഷത്തിലാണ് ഇന്ത്യ ഇടപെട്ടത്. വലിയ സംഘർഷമായി മാറാൻ സാധ്യതയുണ്ടായ സ്ഥിതിവിശേഷത്തിന് തടയിട്ടത് ഇരുഭാഗത്തും നിലനിന്ന ജനാധിപത്യ ഭരണകൂടങ്ങളാണ്. 1972ൽ ഒപ്പിട്ട ഷിംലാ കരാറിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മുഖാമുഖമായി പരിഹരിക്കുമെന്നും, അതിന് ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിരിക്കുകയില്ലെന്നും ഉറപ്പ് നൽകി. അതിർത്തി സംരക്ഷണത്തിന് ഇരു രാജ്യങ്ങളും അംഗീകരിക്കുന്ന ഒരു ലൈൻ ഓഫ് കൺട്രോൾ ഉണ്ടായിരിക്കുമെന്നും ഉറപ്പുനൽകി. ഇത്തരം സംഘർഷങ്ങളിൽ സാമ്രാജ്യത്വ ഇടപെടൽ ഒഴിവാക്കാൻ അതു സഹായിച്ചു.
ഈ സ്ഥിതിവിശേഷം ആകെ മാറി മറിഞ്ഞത് എൺപതുകൾ മുതൽക്കാണ്. ജനറൽ സിയായുടെ കാലത്ത് ഇസ്ലാമിക സായുധസംഘങ്ങൾക്ക് ശക്തി ലഭിച്ചത് അതിന് ഒരു കാരണമാണ്. അതിനോടൊപ്പം കശ്മീർ ജനതയുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തി. അവരുടെ പിന്തുണ ആർജിക്കുന്നതിൽ ഇന്ത്യൻ സർക്കാർ കാണിച്ച അലംഭാവം മറ്റൊരു കാരണമാണ്. ഇത് കാശ്മീരിലെ പ്രക്ഷോഭകാരികളെ തൊട്ടപ്പുറത്ത് മുസഫറാബാദിലും പഞ്ചാബിലും ഇസ്ലാമാബാദിലും ഉണ്ടായിരുന്ന ഇസ്ലാമിക തീവ്രവാദികളുമായി ബന്ധപ്പെടുന്നതിലേക്ക് എത്തിക്കുകയും ചെയ്തു. ഈ ബന്ധങ്ങൾ ശക്തമായതോടെയാണ് കശ്മീരിന്റെ വടക്കുപടിഞ്ഞാറുള്ള സിയാചിൻ വഴിക്കുള്ള കടന്നുകയറ്റവും ശക്തമായത്. 1994 മുതൽ ഇത് സ്ഥിരമായി നടക്കുന്നുണ്ട്. 1999ലെ കാർഗിൽ യുദ്ധം ഇതിന്റെ ഭാഗമായിരുന്നു. ഇതോടെ സംഘർഷത്തിന്റെ രീതികളിലും മാറ്റങ്ങൾ വരുന്നുണ്ട്. പാകിസ്താനിൽ ഇത്തരത്തിലുള്ള സംഘർഷങ്ങൾ പൂർണമായും സൈന്യത്തിന്റെയും സായുധ സംഘങ്ങളുടെയും നിയന്ത്രണത്തിലാക്കുന്നു. മറുവശത്ത് കശ്മീർ പോലുള്ള സംഘർഷമേഖലകളിൽ ജനാധിപത്യം ശക്തിപ്പെടുന്നതിന് പകരം അധികമധികമായ സൈനികവൽക്കരണമാണ് നടന്നത്.
കാർഗിൽ യുദ്ധം | PHOTO WIKI COMMONS
കാർഗിൽ യുദ്ധത്തിന് ശേഷം കശ്മീരിൽ ലഫ്റ്റനന്റ് ഗവർണർമാരായി നിയമിക്കപ്പെട്ടവർ ആ പ്രദേശത്തിന്റെ സൈനികവൽക്കരണത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഏറ്റവുമവസാനം കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയും, സംസ്ഥാനത്തെ മുന്നായി വിഭജിക്കുകയും ചെയ്തതോടെ ഈ സൈനികവൽക്കരണം എളുപ്പമായി. കശ്മീരിലെ ലൈൻ ഓഫ് കൺട്രോൾ പ്രദേശങ്ങളിൽ നടക്കുന്ന ഏറ്റുമുട്ടലുകളെ ഇരുഭാഗത്തും നടക്കുന്ന സൈനികവൽക്കരണം സഹായിക്കുന്നു. അതായത് സിംലാ കരാറിന്റെ കാലത്തുണ്ടായിരുന്ന അന്തരീക്ഷം കശ്മീരിനെ സംബന്ധിച്ചിടത്തോളം ഇന്നു നിലവിലില്ലെന്ന് പറയാം. ഈ മാറ്റത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. യുദ്ധങ്ങൾ കേവലം അതിർത്തി തർക്കങ്ങളും പ്രദേശങ്ങൾ കയ്യടക്കാനുള്ള ശ്രമങ്ങളും അല്ലാതായിരിക്കുന്നു. വാണിജ്യവും മതവും ആശയവിനിമയത്തിനു മേലുള്ള നിയന്ത്രണവുമെല്ലാം യുദ്ധങ്ങളെ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം നാശനഷ്ടങ്ങൾ ഇല്ലാതെ തന്നെ മറ്റുള്ളവരെ നശിപ്പിക്കാമെന്ന് ഉറപ്പുവരുത്താനും യുദ്ധങ്ങൾക്ക് കഴിയുന്നു.
പഹൽഗാം ഭീകരർ നടത്തിയ ആസുത്രിതമായ നരവേട്ടയായിരുന്നു. അതിന് ഇന്ത്യൻ സൈന്യം മറുപടി നൽകിയത് പാകിസ്താനിലെ ഒൻപത് ഭീകര സങ്കേതങ്ങളെ നശിപ്പിച്ചുകൊണ്ടാണ്. ഭീകര സായുധ സംഘങ്ങളെ പൊതുവിൽ ജനാധിപത്യവാദികൾ അംഗീകരിക്കുന്നില്ല. ഇന്ത്യൻ സർക്കാരിന്റെ സൈനിക തന്ത്രത്തിന് പിന്തുണ ലഭിച്ചതും അതുകൊണ്ടാണ്. എന്നാൽ പാകിസ്താനിൽ മാത്രമല്ല, പൊതുവിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യ ഒരു വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രമാണ്. പാകിസ്താന്റെ തിരിച്ചടിക്കുള്ള ശ്രമങ്ങളിലും ഈ ധാരണ പ്രവർത്തിച്ചതായി കാണാം. ഇതുകൊണ്ടുതന്നെയാകും ഷഹ്ബാസ് ഷെരീഫ് ഭരണകുടം ഭീകരാക്രമണങ്ങളെ അപലപിക്കാതിരുന്നത്. അപ്പോൾ യുദ്ധം സൃഷ്ടിച്ചത് അതിർത്തി തർക്കമല്ല, മതപരമായ തർക്കമാണ്. ഇന്തോ-പാക് ബന്ധങ്ങൾ പുന:സ്ഥാപിക്കാനുള്ള മാർഗം സിംലാ കരാറിന്റെ സാഹചര്യങ്ങൾ തിരിച്ചു കൊണ്ടുവരികയാണ് എന്ന് ചിലർ വാദിക്കുന്നുണ്ട്. ഇത് ഇന്ദിരാ ഗാന്ധിയുടെ കഴിവാണെന്നും വാദിക്കുന്നവരുണ്ട്. അത് ഇന്ദിരാ ഗാന്ധിയുടെ മാത്രമല്ല, സുൾഫിക്കർ അലി ഭൂട്ടോയുടെ കൂടി കഴിവാണ്. വൻശക്തികളുടെ ഇടപെടലുകളെ സംബന്ധിച്ച രാഷ്ട്രങ്ങളുടെ കരുതലിന്റെ സൂചനയുമാണത്.
സിംല കരാർ | PHOTO : WIKI COMMONS
ഇവിടെ അതിന് പകരം ഇന്ത്യയുടെ അജിത് ഡോവൽ അമേരിക്കൻ സെക്രട്ടറി മാർക്കോ റൂബിയോയുമായി നിരന്തരമായി ഫോണിൽ സംസാരിക്കുന്നു. അമേരിക്ക പാകിസ്ഥാനുമായി ബന്ധപ്പെടുന്നു, വെടിനിർത്തൽ ട്രംപ് തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആദ്യം അറിയിക്കുന്നു. സ്ഥിതിഗതികൾ മാറിയിരിക്കുന്നു എന്നതിന് ഇതിനെക്കാൾ നല്ല തെളിവില്ല. ആര് എന്ത് ദ്വിപക്ഷ ഉടമ്പടി ഉണ്ടാക്കിയാലും മേൽനോട്ടം വഹിക്കാനായി വല്യേട്ടൻ അപ്പുറത്തുണ്ടാകും. സായുധ സംഘങ്ങളെ അവർ തന്നെ പോറ്റി വളർത്തുകയും ഭീകരതക്കെതിരായ യുദ്ധത്തിന്റെ നേതൃത്വം അവർ തന്നെ ഏറ്റെടുക്കുകയും ചെയ്യും. ഇതിനൊത്ത് തുള്ളാൻ വാണിജ്യവും മതവും മടി കാണിക്കുകയുമില്ല. ഇന്ത്യക്കാരും പാകിസ്താൻകാരും മതവാദികൾ അല്ല. ഇന്നത്തെ ലോകത്തിൽ ജീവിക്കാൻ ശ്രമിക്കുന്ന സാധാരണ മനുഷ്യർ മാത്രമാണ്. ഇതിൽ അപൂർവം ചിലർക്കു മാത്രമാണ് അന്യോന്യം യുദ്ധം ചെയ്ത് വെട്ടിപ്പിടിക്കാനും ആധിപത്യമുറപ്പിക്കാനും ഉള്ള മാനസികാവസ്ഥ ഉണ്ടാകുന്നത്. അവർ കൂടി അഭിപ്രായം പറയുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന ജനാധിപത്യ പ്രക്രിയയിലാണ് മതരാഷ്ട്രിയത്തിന്റെയും വാണിജ്യരാഷ്ട്രീയത്തിന്റെയും യുദ്ധസന്നാഹങ്ങളെ ചെറുത്തുനിൽക്കുവാൻ കഴിയുക. ഇസ്ലാമിക മത തീവ്രവാദവും ഹിന്ദുത്വ മതരാഷ്രവാദവും കൂടിയാണ് 1947ൽ ലക്ഷങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായത്. ഇവർ തന്നെയാണ് പുതിയ കാലഘട്ടത്തിൽ പത്തിവിടർത്തി ആടുന്നതും. ഇവർക്കെതിരായ ജനാധിപത്യ രാഷ്ട്രിയം വളരുമ്പോൾ ആണ് ഇന്തോ-പാക് ബന്ധങ്ങൾ ഇനിയും ശക്തിപ്പെട്ട് പുതിയ തലങ്ങളിൽ എത്തുക.


