മലയാളസിനിമയുടെ ഇന്നസെന്റ്
ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ മലയാളികൾക്കും ഏറ്റവും പരിചയമുള്ള മനുഷ്യരിൽ ഒരാളായിരുന്നു ഇന്നസെന്റ്. ശബ്ദമോ ചിരിയോ കേട്ടാൽ പോലും തിരിച്ചറിയാവുന്ന, അത്രയ്ക്കടുപ്പമുള്ളൊരാൾ. എത്രയോ കഥാപാത്രങ്ങളിലൂടെ ഓരോരുത്തരുടെയും മനസ്സിൽ സന്തോഷകരമായ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. മലയാള സിനിമയുടെ ഏറ്റവും പ്രസാദാത്മകമായ ആ മുഖമാണ് ഇപ്പോൾ ഓർമയിലേക്ക് മറഞ്ഞിരിക്കുന്നത്. 750ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയത്തിൽ നിന്ന് മാറി രാഷ്ട്രീയത്തിലെത്തി എംപി ആയി. എല്ലാവർക്കും വിമർശനങ്ങളേൽക്കേണ്ടി വരാറുള്ള രാഷ്ട്രീയ മേഖലയിലേക്ക് വന്നപ്പോഴും, എതിർരാഷ്ട്രീയമുള്ളവർക്ക് പോലും അദ്ദേഹത്തോടുള്ള സ്‌നേഹത്തിന് കുറവ് വന്നില്ലെന്നത് ഇന്നസെന്റിനുണ്ടായിരുന്ന വ്യത്യസ്തത നമ്മളെ ഓർമ്മിപ്പിക്കുന്നു.
1972ൽ പുറത്തിറങ്ങിയ നൃത്തശാലയിലൂടെയാണ് ഇന്നസെന്റ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻഡ് എന്ന നിർമ്മാണ കമ്പനി തുടങ്ങിയ അദ്ദേഹം, വിട പറയും മുൻപേ, ഓർമയ്ക്കായ്, ഇളക്കങ്ങൾ എന്നീ ചിത്രങ്ങൾ നിർമിച്ചു. പിന്നീട് മലയാള സിനിമ ലോകത്തെ പകരക്കാരില്ലാത്ത ഹാസ്യ നടനായി ഇന്നസെന്റ് സ്ഥാനം പിടിച്ചു. മാന്നാർ മത്തായി സ്പീക്കിങ്ങ്, ഗജകേസരി യോഗം, റാംജിറാവു സ്പീക്കിങ്, കിലുക്കം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
എൺപതുകളുടെ തുടക്കത്തിൽ തന്നെ മലയാള സിനിമക്ക് മാറ്റി നിർത്താൻ പറ്റാത്ത ഘടകമായി മാറി. പ്രിയദർശന്റെ കിലുക്കത്തിലെ കിട്ടുണ്ണിയെ അറിയാത്ത ഒരാൾ പോലും ഈ നാട്ടിലില്ല. അദ്ദേഹത്തിന്റെ കോമിക് ടൈമിംഗും രസകരമായ വൺ ലൈനറുകളും സിനിമയെ എക്കാലത്തെയും വലിയ ഹിറ്റാക്കി. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി കിലുക്കം മാറി.
സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച 'നാടോടിക്കാറ്റ്' (1987) എന്ന ചിത്രത്തിലും ഇന്നസെന്റ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ വേഷം ഇതിവൃത്തത്തിൽ നിർണായകമായിരുന്നു. കൂടാതെ, സ്വാഭാവികവും നർമ്മം കലർത്തിയുമുള്ള അഭിനയത്തിന് അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചു. നാടോടിക്കാറ്റ് ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറുകയും ഒരു കൾട്ട് ക്ലാസിക് ആയി മാറുകയും ചെയ്തു. അതുപോലെ റാംജിറാവു സപീക്കിംങ്, മാന്നാർ മത്തായി സ്പീക്കിങ് എന്നീ സിനിമകളിൽ അദ്ദേഹത്തിന്റെ പ്രകടനം സൂക്ഷ്മത നിറഞ്ഞതും മലയാളികളെ ഒന്നടങ്കം സ്വാധീനിച്ചതുമായിരുന്നു.
സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും തന്റെ സജീവ സാന്നിധ്യം അദ്ധേഹം നിലനിർത്തി. 1970കളിൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഇന്നസെന്റ് 1979-ൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായി ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. പിന്നീട് 2014ൽ ചാലക്കുടി ലോകസഭാമണ്ഡലത്തിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി, യുഡിഎഫ് സ്ഥാനാർത്ഥി പി സി ചാക്കോയ്ക്കെതിരെ മത്സരിച്ചു വിജയിച്ചു. 2019ൽ വീണ്ടും ചാലക്കുടി ലോകസഭാമണ്ഡലത്തിൽ എൽഡിഎഫ് മുന്നണിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനെതിരെ മത്സരിച്ചു എന്നാൽ വിജയിച്ചില്ല.
2013 ലാണ് ഇന്നസെന്റിന് ക്യാൻസർ ബാധിക്കുന്നത്. രോഗത്തെ ഇഛാശക്തിയോടെ നേരിട്ട വ്യക്തിയാണ് അദ്ദേഹം, അത് വളരെ മാതൃകാപരമായിരുന്നു. ക്യാൻസർവാഡിലെ ചിരി എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
ഇന്നസെന്റ് ഇനി ഇല്ല, പക്ഷെ ഇനിയും അദ്ദേഹത്തിന്റെ ശബ്ദവും സാന്നിധ്യവും ആ സിനിമകളിലൂടെ മലയാളികളായ എല്ലാവരും അറിയും. വലിയ കലാകാരൻമാർക്ക് മരണമില്ല, ഇന്നസെന്റ് വലിയ കലാകാരനായിരുന്നു. അദ്ദേഹം ദീർഘകാലം നമ്മുടെ മനസ്സുകളിൽ ജീവിക്കും.