TMJ
searchnav-menu
post-thumbnail

Outlook

സഹകരണ മേഖലയില്‍ ഇടപെടലുകള്‍ അനിവാര്യം

02 Oct 2023   |   8 min Read
ജേക്കബ് സന്തോഷ്

ഹകരണ തത്വങ്ങള്‍ക്ക് മനുഷ്യ സമുദായത്തോളം പഴക്കമുണ്ട്. വ്യാപകമായ അര്‍ത്ഥത്തില്‍ ഒന്നായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുകയെന്നതാണ് സഹകരണത്തിന്റെ പൊരുള്‍. മനുഷ്യ സമുദായത്തിന്റെ പുരോഗതിക്ക് മറ്റേതു സാമൂഹ്യ ഘടകത്തേക്കാളും സംഭാവന ചെയ്തിട്ടുള്ളത് സഹകരണ തത്വത്തിന്റെ പ്രയോഗമാണ്.

1904 ല്‍ ആവിര്‍ഭവിച്ച ഇന്ത്യന്‍ സഹകരണ രംഗം 102 വര്‍ഷം പിന്നിടുമ്പോള്‍ 20 കോടിയിലേറെ അംഗങ്ങളുള്ള ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. കൈത്തറി തുണികള്‍, പാലുല്‍പ്പാദനം, പഞ്ചസാര എന്നിവയില്‍ അമ്പതു ശതമാനത്തിലേറെ ഉല്‍പ്പാദനം സഹകരണ മേഖലയിലാണുള്ളത്. സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, സംസ്ഥാന ഭൂവികസന ബാങ്ക് എന്നിവ അടങ്ങുന്ന ഇന്ത്യയിലെ അതിവിപുലമായ സഹകരണ ശൃംഖല നിലനിര്‍ത്താനും, അവയെ ശക്തിപ്പെടുത്താനും മുന്‍ഗണനയും ബോധപൂര്‍വ്വമായ പരിശ്രമങ്ങളും ഉണ്ടാകേണ്ടത് മാറിയ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം പഞ്ചവത്സര പദ്ധതികളില്‍ സഹകരണത്തിനു പ്രമുഖ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്നു 1991-92 നു ശേഷം ആസൂത്രണ വികസന പദ്ധതികളില്‍ സഹകരണത്തിനു മുഖ്യ സ്ഥാനം നല്‍കപ്പെടുന്നില്ല. ലാഭക്കൊതിയുടെയും മത്സരത്തിന്റെയും മുഖമില്ലാതിരുന്ന സഹകരണ സ്ഥാപനങ്ങള്‍ കമ്പോളത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മത്സരിച്ച് നിലകൊള്ളണമെന്നുമാണ് പുതിയ സിദ്ധാന്തം. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വരുന്ന മാറ്റങ്ങള്‍ക്ക്, പല കാരണങ്ങള്‍ കൊണ്ടും അതിവേഗം 
ഇരയായിക്കൊണ്ടിരിക്കുന്ന പ്രദേശമാണ് കേരളം. സാമ്പത്തിക ഉദാരവല്‍ക്കരണ സമീപനത്തിനനുസൃതമായ ഒരുപാട് മാറ്റങ്ങള്‍ കേരളത്തില്‍ വന്നു കൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം, പൊതുവിതരണ സമ്പ്രദായം എന്നീ മേഖലകളിലെ നിക്ഷേപങ്ങള്‍ക്ക് മുന്‍കാലങ്ങളിലെപ്പോലെ പ്രാഥമിക പരിഗണന നല്‍കാത്തത് സാമൂഹിക ജീവിതാവസ്ഥയെയും, സാധാരണ ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.

പൊതുമേഖലയും കാര്‍ഷിക രംഗവും, പരമ്പരാഗത വ്യവസായങ്ങളും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കാര്‍ഷിക വളര്‍ച്ചാനിരക്ക് കുറയുകയും, കാര്‍ഷിക മേഖല വന്‍തകര്‍ച്ചയെ നേരിടുകയുമാണ്. സബ്സിഡി നിര്‍ത്തലാക്കിയതും, പൊതുവിതരണ സമ്പ്രദായം ദുര്‍ബലമായതും ഭക്ഷ്യ സുരക്ഷയ്ക്കു ഭീഷണിയായിരിക്കുന്നു. കൃഷിയെ കാര്‍ഷിക വ്യവസായമാക്കി പുനഃസംഘടിപ്പിക്കുകയും ഉല്‍പ്പാദനോപാധികളുടെ നിര്‍മ്മാണം മുതല്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും, വിതരണവും വരെയുള്ള സമഗ്രമായ കാര്‍ഷിക-വ്യവസായ ശൃംഖല പടുത്തുയര്‍ത്തുകയും വേണം. കാര്‍ഷിക ചരക്കുകള്‍ സംസ്‌കരിച്ച് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉല്പ്പാദകരുടെയും, ഉപഭോക്താക്കളുടെയും സംയുക്ത സഹകരണ സ്ഥാപനങ്ങളും പൊതുമേഖലയില്‍ കാര്‍ഷിക ഭക്ഷ്യ വ്യവസായങ്ങളും ആരംഭിക്കുന്നത് കാര്‍ഷിക പ്രതിസന്ധിക്ക് കുറെയേറെ പരിഹാരമാകുന്നതാണ്.

REPRESENTATIONAL IMAGE: WIKI COMMONS
സഹകരണമേഖല ഇന്ത്യയില്‍ ഏറ്റവും ശക്തമായിട്ടുള്ളത് കേരളത്തിലാണ്. മുഴുവന്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ മൂന്നു ശതമാനത്തില്‍ കുറവു മാത്രമാണ് കേരളത്തിലുള്ളതെങ്കിലും, നിക്ഷേപങ്ങളുടെ കണക്കില്‍ കേരളമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വായ്പാ രംഗത്ത് സംസ്ഥാനം ഒട്ടേറെ മുന്നേറിയിട്ടുണ്ടെങ്കിലും, വായ്പേതര മേഖലകളില്‍ ഇന്നും പുറകിലാണുള്ളത്. പരമ്പരാഗത മേഖലകളിലെ സഹകരണ സംഘങ്ങള്‍ പലതും പ്രവര്‍ത്തന രഹിതവുമാണ്. കയര്‍, കൈത്തറി, ബീഡി, കശുവണ്ടി, ഓട് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ രൂക്ഷമായ കമ്പോള മാന്ദ്യത്തെ നേരിടുകയാണ്. ഈ രംഗത്തെ തൊഴിലാളികളുടെ സ്ഥിതിയും അത്യന്തം ദയനീയമാണ്.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് കൂടുതല്‍ വേഗത ബാങ്കിംങ് മേഖലയിലാണ്. വര്‍ദ്ധിച്ച കാര്യക്ഷമത, കുറഞ്ഞ പ്രവര്‍ത്തന ചിലവ്, വേഗത കൂടിയ കസ്റ്റമര്‍ സര്‍വ്വീസ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബാങ്കിംങ് പരിഷ്‌കരണ നടപടികള്‍ക്കൊപ്പം ഉയര്‍ത്തിപ്പിടിക്കുന്നത്. പലിശ നിരക്കില്‍ തുടര്‍ച്ചയായി വരുന്ന ഏറ്റക്കുറച്ചിലുകളും, മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്‍ഷ്യൂറന്‍സ്, ബിസിനസ്, ഓഹരി രംഗങ്ങളിലെ നിക്ഷേപ സാധ്യതകളും സഹകരണ ബാങ്കിംങ് ബിസിനസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. കുറഞ്ഞ നിക്ഷേപങ്ങള്‍ കൂടുതല്‍ ആര്‍ജ്ജിച്ചുകൊണ്ടും, സ്വരൂപിക്കപ്പെടുന്ന നിക്ഷേപം ലാഭകരമായി വിനിയോഗിച്ചു കൊണ്ടും മാത്രമേ ഈ പ്രവണതയെ നേരിടാന്‍ കഴിയൂ.

വായ്പയുടെ പലിശയിലും കുറവു വരുകയാണ്. പലിശ വരുമാനം കൊണ്ടു മാത്രം ബാങ്കുകള്‍ ലാഭകരമായി നടത്തുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിതരണം ചെയ്യുന്ന വായ്പകളില്‍ കുടിശ്ശിക വര്‍ദ്ധിക്കുന്നത് സുരക്ഷിതത്വത്തിനു ഭീഷണിയാണ്. കാര്‍ഷിക മേഖലയിലെ മുരടിപ്പ് ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള തിരിച്ചടവു ശേഷിയെ ദുര്‍ബലപ്പെടുത്തുകയും നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. സഹകരണ വായ്പകള്‍ ആകര്‍ഷകമാക്കി കൊണ്ടും, വായ്പേതരമായ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചു കൊണ്ടും ഈ തിരിച്ചടികളെ ദുര്‍ബലപ്പെടുത്തേണ്ടതുണ്ട്. സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക അറിവിനെയും മേചിപ്പിക്കേണ്ടിയിരിക്കുന്നു. നാടിനു ചേര്‍ന്ന വിവര സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവ കുറഞ്ഞ ചെലവില്‍ സഹകരണമേഖലക്ക് ലഭ്യമാക്കാന്‍ ശ്രമിക്കേണ്ടതുമുണ്ട്. അതോടൊപ്പം മത്സരാധിഷ്ഠിത യാഥാര്‍ത്ഥ്യം കണക്കിലെടുത്തുകൊണ്ട് സഹകാരികള്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും, ജീവനക്കാര്‍ക്കും പ്രൊഫഷണല്‍ മാനേജ്മെന്റില്‍ ഫലപ്രദമായ പരിശീലനം നല്‍കുകയും ചെയ്യണം.

REPRESENTATIONAL IMAGE: WIKI COMMONS
സഹകരണ തത്വങ്ങള്‍ക്ക് മനുഷ്യ സമുദായത്തോളം പഴക്കമുണ്ട്. വ്യാപകമായ അര്‍ത്ഥത്തില്‍ ഒന്നായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുകയെന്നതാണ് സഹകരണത്തിന്റെ പൊരുള്‍. മനുഷ്യ സമുദായത്തിന്റെ പുരോഗതിക്ക് മറ്റേതു സാമൂഹ്യ ഘടകത്തേക്കാളും സംഭാവന ചെയ്തിട്ടുള്ളത് സഹകരണ തത്വത്തിന്റെ പ്രയോഗമാണ്. പ്രതിസന്ധികളെ അതിജീവിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് 19-ാം നൂറ്റാണ്ടില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. ഇതിന്റെ പ്രവര്‍ത്തന സീമാ നിര്‍മ്മാണം, വിതരണം, ബാങ്കിംങ്, വിപണനം, ഭവനനിര്‍മ്മാണം, ഇന്‍ഷൂറന്‍സ് തുടങ്ങിയ നാനാവിധ മേഖലകളിലേക്ക് വ്യാപിക്കപ്പെട്ടിരിക്കുന്നു. സഹകരണ മേഖലയുടെ ലക്ഷ്യവും കാഴ്ചപ്പാടും സാമ്പത്തികം മാത്രമല്ല സാമൂഹികവും കൂടിയാകുമ്പോള്‍ 21-ാം നൂറ്റാണ്ടില്‍ ആഗോളവല്‍ക്കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഭാഗമായുണ്ടാകുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നതാണ്.

'കുടുംബശ്രീ പോലെയുള്ള സ്ത്രീ ശക്തി കേന്ദ്രങ്ങള്‍ വഴി നടത്തുന്ന നിശബ്ദ ഉല്‍പ്പാദന, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലം നല്‍കികൊണ്ട് വനിതകളുടെ ശാക്തീകരണത്തിനുളള സഹകരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായിട്ടുള്ള സഹകരണ തത്ത്വങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമ്രാജ്യത്വ ആഗോള വല്‍ക്കരണ തന്ത്രങ്ങളുടെ ഭാഗമായി സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ വരുന്ന കനത്ത വെല്ലുവിളികളെ നേരിടുന്നതിനു ചെറുത്തു നില്‍പ്പിന്റെ ജനകീയ രൂപമായും സഹകരണ മേഖലയെ മാറ്റിയെടുക്കേണ്ടതുണ്ട്. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രമുഖ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ അതിജീവനത്തിന്റെ പുതിയ പാതയൊരുക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നതാണ്'

സഹകരണ മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ഇറക്കിയ കുറിപ്പിലെ പ്രസക്തമായ ഭാഗങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. മാറിയ സാമൂഹിക സാമ്പത്തിക സാഹചര്യത്തിന് അനുസരിച്ച് സഹകരണ മേഖല മാറിയിട്ടില്ല എന്ന് ഇതില്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂലായ് 18 ന് കേരള നിയമസഭയില്‍ വന്ന ചോദ്യത്തിന് ഉത്തരമായി സഹകരണ വകുപ്പ് മന്ത്രി നല്‍കിയ മറുപടിയില്‍ സംസ്ഥാനത്ത് ആകെ 369 സഹകരണ സംഘങ്ങളില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ക്രമക്കേടുകള്‍ നടന്നു എന്ന് പരിശോധനയില്‍ കണ്ടത്തി എന്നും ക്രമക്കേടുകള്‍ നടത്തിയവര്‍ക്ക് എതിരെ സിവില്‍ ആയും ക്രിമിനല്‍ ആയും അതാത് കുറ്റകൃത്യങ്ങള്‍ക്ക് അനുസരണമായി നടപടികള്‍ സ്വീകരിച്ച് വരുന്നതായും അറിയിച്ചു. 

REPRESENTATIONAL IMAGE: WIKI COMMONS
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേരള കോഓപ്പറേറ്റീവ് സൊസൈറ്റി നിയമം ഭേദഗതി ചെയ്ത് കൊണ്ട് 2022 ഡിസംബറില്‍ നിയമം പാസാക്കി. ഇത് പ്രകാരം സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഏകീകരണത്തിലൂടേയും ഓഡിറ്റ് എനേബിള്‍ഡ് സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് കൂടുതല്‍ ശക്തമാക്കാന്‍ വേണ്ട നടപടികള്‍ വിഭാവന ചെയ്യുന്നു. അതുപോലെ ജൂനിയര്‍ ക്ലറിക്കല്‍ പോസ്റ്റ് മുതല്‍ മുകളിലോട്ടുള്ള നിയമനങ്ങള്‍ കോഓപ്പറേറ്റിവ് എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവന്ന് പരീക്ഷ നടത്തി അര്‍ഹരായ ഉദ്ധ്യോഗാര്‍ത്ഥികളെ കണ്ടെത്തി നിയമിക്കാന്‍ ആവശ്യമായ നടപടി, തുടര്‍ച്ചയായി രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ക്ക് ബോര്‍ഡ് മെമ്പര്‍ ആകാന്‍ കഴിയില്ല, തകര്‍ച്ചയില്‍ ആയതും അതിന്റെ ഫലമായി മുന്നോട്ട് ഉള്ള പ്രവര്‍ത്തനം തടസപ്പെട്ടതുമായ സംഘങ്ങളെ പുനരുദ്ധാരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് റിവൈവല്‍/ റീസ്ട്രക്ചര്‍ പദ്ധതി ആവിഷ്‌കരിക്കുന്നതുള്‍പ്പെടെ ഒട്ടേറെ മാറ്റങ്ങള്‍ ഈ നിയമഭേദഗതിയിലൂടെ നിര്‍ദേശിക്കുന്നു.

ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് സംസ്ഥാനത്തെ നിലവിലെ സഹകരണ മേഖലയില്‍ വലിയ രീതിയിലുള്ള കുഴപ്പങ്ങള്‍ ഉണ്ട് എന്നും സര്‍ക്കാര്‍ ഇത് മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടലുകള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചു എന്നുമാണ്.

നിയമ ഭേദഗതിയിലൂടെ മാത്രം പ്രശ്‌നപരിഹാരം സാധ്യമാണോ:

മുകളില്‍ സൂചിപ്പിച്ച നിയമനിര്‍മ്മാണത്തിലൂടെ കേരളത്തിലെ സഹകരണമേഖലയില്‍ സമഗ്രമായ അഴിച്ചുപണിക്ക് അടിത്തറ ആകും എന്ന് കണക്കാക്കാം. പക്ഷേ ഇത് പ്രായോഗിക തലത്തിലേക്ക് എളുപ്പം എത്തിക്കാന്‍ കഴിയുമോ എന്നതാണ് വിഷയം.

നിലവിലെ സാമൂഹിക പശ്ചാത്തലം :

നമുക്ക് അറിയാം രാജ്യത്തെ ബാങ്കിങ് മേഖലയെ ബാധിക്കുന്ന നിയമങ്ങള്‍, അതോടൊപ്പം വരുമാന നികുതി, ചരക്ക് സേവന നികുതി, ടി ഡി എസ് (പലിശ ഉള്‍പ്പെടെയുള്ള സ്രോതസ്സില്‍ നിന്ന് നികുതി പിരിവ്) എന്നിവയില്‍ സമഗ്രമായ മാറ്റങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നടന്നുകഴിഞ്ഞു. അതു പ്രകാരമുള്ള സാങ്കേതികമായ വളര്‍ച്ച മറ്റ് മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിന് അനുയോജ്യമായ മാറ്റങ്ങള്‍ കേരളത്തിലെ സഹകരണമേഖലയില്‍ ഇന്നും പ്രാപ്യമായോ എന്ന് പരിശോധിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും. 

ഇതിന് കാരണം നിലവില്‍ ഈ മേഘലയില്‍ ജോലി ചെയ്യുന്നവര്‍ അധികവും ഭരണസമിതികളിലെ അംഗങ്ങളുടെ, ഒരു പരിധിവരെ പറഞ്ഞാല്‍ 'ആശ്രിത നിയമനം' നേടി എത്തിയവര്‍ ആണ് എന്ന് കാണാം. ഇവര്‍ക്ക് മാറ്റങ്ങളെ എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്ന സാഹചര്യം ഉണ്ട് എന്നത് വസ്തുതയാണ്. പുതിയ മാറ്റങ്ങളുടെ ഭാഗമായി വരുന്ന തൊഴില്‍ പരിതസ്ഥിതിയില്‍ ഇവര്‍ക്ക് ആവശ്യമായ ഓറിയന്റേഷന്‍ കോഴ്‌സുകള്‍ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ അസസ്‌മെന്റ് നടത്തി തസ്തിക പുനക്രമീകരണം നടത്താന്‍ വേണ്ട നടപടികള്‍ ആവശ്യമാണ്. 

REPRESENTATIONAL IMAGE: WIKI COMMONS
നിലവില്‍ സഹകരണ സംഘങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍, അവിടത്തെ അംഗങ്ങളുടെ ഇടയില്‍ ഭൂരിപക്ഷം ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരിച്ചു, ആള്‍ബലം കൂടിയ പാര്‍ട്ടി നിര്‍ത്തുന്ന പാനലിലെ ആളുകള്‍ ആരായാലും ജയിച്ച് ഡയറക്ടര്‍ ബോര്‍ഡില്‍ വരികയാണ് പതിവ്. അങ്ങനെ വരുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച മാറ്റങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പരിജ്ഞാനം ഇല്ലാത്തവരുടെ ഒരു കൂട്ടം ആയി ഭരണസമിതി മാറുകയും നിലവില്‍ കാണുന്ന അഴിമതിയും കെടുകാര്യസ്ഥതയും തുടര്‍ക്കഥയാകുകയും ചെയ്തുകൊണ്ടിരിക്കും. ഇതിന് വേണ്ടത് നിയമത്തില്‍ പുതുതായി കൊണ്ടുവന്ന മാറ്റത്തിന്റെ ഭാഗമായ, ഒരാള്‍ക്ക് രണ്ട് ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി ബോര്‍ഡില്‍ വരാന്‍ പാടില്ല എന്നത് പോലെ, മിനിമം എ ക്ലാസ്സ് സംഘങ്ങളില്‍ എങ്കിലും ഡയറക്ടര്‍ ബോര്‍ഡില്‍ ഒരാളെങ്കിലും നിയമ പരിജ്ഞാനം ഉള്ള വ്യക്തി ആവണം എന്ന വ്യവസ്ഥ കൊണ്ട് വരണം.

അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് സംവിധാനത്തിന്റെ ഭാഗമായിത്തന്നെ മുകളില്‍ സൂചിപ്പിച്ച നിയമങ്ങള്‍ ബാങ്ക് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഇന്റേര്‍ണല്‍ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് അവര്‍ നടത്തുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ബോര്‍ഡിന് നിശ്ചിത ഇടവേളകളില്‍ സമര്‍പ്പിക്കാന്‍ സംവിധാനം വേണം.

സഹകാരികളുടെ ഭാഗത്ത് നിന്നും വേണ്ടത്:

മുന്‍കാലങ്ങളില്‍ സാധാരണക്കാരുടെ ഒരു കാഴ്ചപ്പാട്, കഴിയുന്നതും വരുമാനം കുറച്ച് കണക്കില്‍ കാണിക്കുക, അതിലൂടെ തന്റെ വരുമാന നികുതി ലാഭിക്കാം എന്നായിരുന്നു. എന്നാല്‍ പുതിയ വരുമാന നികുതി റിട്ടേണ്‍ സംവിധാനം, ബാങ്കിങ് കെ വൈ സി, പാന്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ട്രാക്കിങ് സംവിധാനം തുടങ്ങി, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നടപ്പായ മാറ്റങ്ങള്‍, നമ്മുടെ ഓരോ ട്രാന്‍സാക്ഷനും നിരീക്ഷിക്കാന്‍ പര്യാപ്തമാണ്. അതുകൊണ്ട് ഇനിയും ഇതെല്ലാം ഉള്‍ക്കൊള്ളാതെ ആര്‍ക്കും നിലനില്‍ക്കാന്‍ കഴിയില്ല. ഈ ഒരു കാഴ്ചപ്പാട് സഹകരണ മേഖലയിലും ബാധകമാണ് എന്ന് തിരിച്ചറിയുക.

സാധാരണക്കാരായ കര്‍ഷകര്‍, ചെറുകിട ഇടത്തരം വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, അതുപോലെ റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന സൂപ്പര്‍ ആനുവേഷന്‍ ബെനഫിറ്റ് അങ്ങനെ നിരവധി ആളുകള്‍ മറ്റ് നാഷണലൈസ്ഡ് ബാങ്കുളിലേക്കാള്‍ പലിശ കൂടുതല്‍ ലഭിക്കുന്നതിനാലും നടപടികള്‍ താരതമ്യേന എളുപ്പവും ആയതിനാലും എല്ലാം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചു പോരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഇവിടങ്ങളിലെ പലിശ വരുമാനനികുതി വകുപ്പിന്റെ റഡാറില്‍ വരാറും ഇല്ലായിരുന്നു. ഇതും ഒരു സൗകര്യമായി എടുത്ത് ധാരാളം ആളുകള്‍ കണക്കില്‍ പെടുന്നതും പെടാത്തതും ആയ തുകകള്‍ നിക്ഷേപിച്ചു പോന്നിരുന്നു. ആധായ നികുതി സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ക്രയവിക്രയം ചെയ്യപ്പെടുന്ന പണത്തിന് മേല്‍ വന്നുകഴിഞ്ഞു. ഈ ഒരു മാറ്റം ഇടപാടുകാര്‍ക്ക് ശരിയായി ബോധവല്‍ക്കരണം നടത്താന്‍ കഴിയാതെ പോയി എന്ന് കാണാന്‍ കഴിയും.

REPRESENTATIONAL IMAGE: WIKI COMMONS
വരുമാന നികുതി റിട്ടേണ്‍ സംവിധാനത്തില്‍ ഓരോ വ്യക്തിയുടെയും പാന്‍ ആധാരം ആക്കി ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ് ഓട്ടോമാറ്റിക് ആയി തയ്യാറാക്കി ഓരോരുത്തരുടേയും പേരില്‍ ലഭ്യമാണ്. ഇത് ഇന്‍കം ടാക്‌സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ അവരവര്‍ക്ക് കാണാന്‍ കഴിയും. ഇതില്‍ അയാളുടെ സകല സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ട് ഏതെങ്കിലും സ്രോതസ്സില്‍ നിന്ന് വരുമാനം മറച്ച് വെച്ച് റിട്ടേണ്‍ തയ്യാറാക്കിയാല്‍ പുലിവാല് പിടിക്കും. നിലവില്‍ പല പ്രൈമറി സഹകരണ ബാങ്കുകളും നല്‍കുന്ന പലിശയ്ക്ക് ടി ഡി എസ് പിടിക്കുന്നത് കാണാറില്ല. എന്നാല്‍ ജില്ലാ സഹകരണ ബാങ്കുകള്‍ പീപ്പിള്‍സ് അര്‍ബന്‍ ബാങ്കുകള്‍ തുടങ്ങിയവിടങ്ങളില്‍ ടിഡിഎസ് പിടിച്ചിട്ടാണ് പലിശ നല്‍കുന്നത്. ഇത് നിക്ഷേപകര്‍ക്ക് സംശയങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടനല്‍കും. ഫലത്തില്‍ ഇതെല്ലാം ഈ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കും. ഇതിനെല്ലാം പരിഹാരമായി സഹകാരികള്‍ക്ക് ആവശ്യമായ അറിവ് പകര്‍ന്നു നല്‍കാന്‍ സംവിധാനം കൊണ്ട് വരണം.

ഇവിടെ ശ്രദ്ധേയമായ വസ്തുത പതിറ്റാണ്ടുകളായി സാധാരണക്കാര്‍ക്ക് ഇടയില്‍ സമ്പാദ്യ ശീലം വളര്‍ത്തിക്കൊണ്ടു അവരുടേതായ ബാങ്ക് എന്ന ഘ്യാതി നിലനിര്‍ത്തിപ്പോന്ന സഹകരണ മേഖലയിലെ അസ്വസ്ഥതയും അരാജകത്വവും മുതലെടുത്ത്, കേരളത്തില്‍ അടുത്തിടെ വ്യാപകമായിക്കൊണ്ടിരിക്കുന്ന മള്‍ട്ടീ സ്റ്റേറ്റ് കോര്‍പ്പറേറ്റിവ് ബാങ്കുകള്‍ സാവധാനം ചുവട് ഉറപ്പിക്കുന്നത് കാണാന്‍ കഴിയും. ഇതിന്റെ ഫലം നിലവില്‍ സാമൂഹ്യ പെന്‍ഷന്‍ വിതരണം തുടങ്ങി കാര്‍ഷിക വികസനം, ചെറുകിട-ഇടത്തരം വ്യാപാരവും വ്യവസായവും അടങ്ങുന്ന അസംഘടിത മേഖലയുടെ സംരക്ഷണം എല്ലാത്തിനും നെടും തൂണായി നിലനിന്ന് പോന്നിരുന്ന സഹകരണമേഖലയുടെ തിരിച്ചു വരാന്‍ കഴിയാത്ത വണ്ണം സമ്പൂര്‍ണ്ണമായ തകര്‍ച്ചയായിരിക്കും.

ഇന്ന് കേരളത്തില്‍ സഹകരണമേഖലയെ മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ചകളുടേയു പ്രചരണത്തിന്റേയും പശ്ചാത്തലത്തില്‍ ചില വസ്തുതകള്‍ കൂടി പറയാതെ ഈ ലേഖനം പൂര്‍ണമാവില്ല.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം ഇന്ത്യയിലെ ബാങ്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിട്ടാക്കടം ആയി എഴുതി കണക്കില്‍ നിന്ന് Write off ചെയ്തത് 10.57 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി റൈറ്റ് ഓഫ് ചെയ്ത 5,86,891 കോടിയില്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത് 1,09,186 കോടി രൂപ മാത്രമാണ് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

REPRESENTATIONAL IMAGE: PTI
ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് 18.60% കഴിച്ച് ബാക്കിയുള്ള 81.40% തുകയും നഷ്ടപ്പെട്ടു എന്നാണ്. ഇതെല്ലാമാണ് നമ്മുടെ രാജ്യത്തെ അവസ്ഥ. കേരളത്തിലെ സഹകരണ പ്രസ്ഥാനം മുഴുവനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഴിമതിയിലൂടെ തകര്‍ന്നു എന്ന് പൊതു ധാരണ വളര്‍ത്തി എടുക്കുന്നതില്‍ ഒരു രാഷ്ട്രീയ ലക്ഷ്യം ഉണ്ട്. അതിന് നമ്മുടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഒരുപറ്റം ആളുകളും വലിയ പ്രാധാന്യത്തോടെ പ്രചാരണം നല്‍കുന്നു.

ഒരു വസ്തുത മനസ്സിലാക്കേണ്ടത്, കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ എംഎല്‍എ ശ്രീ എന്‍ എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഉത്തരമായി ബഹു. സഹകരണ വകുപ്പ് മന്ത്രി നല്‍കിയ മറുപടിയില്‍ സംസ്ഥാനത്ത് ആകെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 369 സഹകരണ സംഘങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി എന്നാണ്. അതിന്റെ തുടര്‍ച്ചയായി വന്ന വാര്‍ത്ത, ആകെ 16,000ത്തില്‍ പരം സഹകരണ സംഘങ്ങളില്‍ 272 എണ്ണത്തില്‍ ആണ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത് എന്നും ഇതില്‍ 200 ല്‍ പരം സംഘങ്ങള്‍ യു ഡി എഫും പത്തില്‍ താഴെ ബി ജെ പിയും ബാക്കി ഉള്ളത് എല്‍ഡിഎഫും ആണ് ഭരിക്കുന്നത് എന്നാണ്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് നമ്മുടെ നാട്ടില്‍ പൊതുസമൂഹത്തില്‍ അഴിമതിക്ക് ഉള്ള വേരോട്ടം ആണ്. അതിന് ഇന്ന പാര്‍ട്ടി എന്നൊന്നില്ല. അഴിമതി എന്നത് ജീവിതത്തിന്റെ തന്നെ ഭാഗമായി കൊണ്ട് നടക്കുന്ന ഒരു ജനതയുള്ള ഒരു രാജ്യത്തിന്റെ ഭാഗമാണ് കേരളത്തിലെ സഹകരണ മേഖലയും. അതില്‍ നാം ഓരോരുത്തരും അവരവരുടേതായ പങ്ക് അറിഞ്ഞും അറിയാതെയും വഹിക്കുകയും ചെയ്യുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. 

ആ സമൂഹത്തിന്റെ തന്നെ പരിച്ഛേദം ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിലെ അംഗങ്ങളും. സ്വാഭാവികമായും അവരുടെ ഇടയിലും ഈ ജീര്‍ണത പടര്‍ന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളില്‍ നിന്ന് വ്യത്യസ്തമായി അഴിമതി രഹിതമായ ഇടപെടല്‍ ആണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്, അതിന് വിരുദ്ധമായ നടപടികള്‍ അവരുടെ ഇടയില്‍ നിന്ന് ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍ നിന്ന് കൂടുതല്‍ ശക്തമായ പ്രതികരണവും സ്വാഭാവികമാണ്. ആ പ്രസ്ഥാനത്തിന്റെ തകര്‍ച്ച ഉള്‍ക്കൊണ്ട് അതിനെ തിരികെ കൊണ്ടുവരാന്‍ അതിന്റെ നേതൃത്വം പരാജയപ്പെടുന്ന പക്ഷം അത് സ്വയം തകര്‍ന്ന് പോകും. 

പക്ഷേ അപ്പോഴും മതേതരത്വത്തിലും ജനാധിപത്യ മൂല്യങ്ങളിലും പരസ്പര സഹവര്‍ത്തിത്വത്തിലും പതിറ്റാണ്ടുകളായി നിരവധി സമരങ്ങളിലൂടേയും പരിവര്‍ത്തനം ചെയ്യപ്പെട്ട കേരളം പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ ഓരോ മലയാളിയുടേയും ഇടപെടല്‍ ആണ് ഇന്നിന്റെ ആവശ്യം. വാഗ്ഭടാനന്ദനെ പോലുള്ള ആത്മീയ ആചാര്യന്‍ന്മാരുടെ പ്രയത്‌ന ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുകയും അതിന്റെ ഫലമായി മനുഷ്യന് അറിവ് നേടാനുള്ള ഏക മാര്‍ഗ്ഗം വിദ്യാഭ്യാസം ആണ് എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ആശയ വിനിമയത്തിന് പത്രസ്ഥാപനങ്ങള്‍ അനിവാര്യം ആണ് എന്ന ബോധം, ഇതിനെല്ലാം പുറമെ ഉയര്‍ന്നുവന്ന പരസ്പര സഹവര്‍ത്തിത്വത്തിന്റെ സംസ്‌കാരം എല്ലാം ആണ് നാം ഇന്നു കാണുന്ന കേരളത്തിലേക്ക് എത്തുന്നത്.


#outlook
Leave a comment