TMJ
searchnav-menu
post-thumbnail

Outlook

ഇറാനും അണുവായുധ പദ്ധതിയും

22 Jun 2025   |   7 min Read
താരിഖ് അലി

ഇടതുപക്ഷ ചിന്തകനും, എഴുത്തുകാരനുമായ താരിഖ് അലി ന്യൂക്ലിയര്‍ ഓപ്ഷന്‍സ് എന്ന പേരില്‍ എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങളുടെ സ്വതന്ത്ര പരിഭാഷ. ഇറാന് നേരെ അമേരിക്കയുടെ നേരിട്ടുള്ള ആക്രമണത്തിനും മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച ഈ ലേഖനം ഇറാനില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകളെ പറ്റി വിശദമായി പ്രതിപാദിക്കുന്നു.

ലസ്തീനില്‍ നിന്ന് ഇറാനിലേക്കുള്ള യുദ്ധത്തിന്റെ വ്യാപനം, നാല് പതിറ്റാണ്ടുകളായി ഒഴിയാബാധ പോലെ ഇസ്രായേല്‍ പിന്തുടരുന്ന ഒരു പദ്ധതിയാണ്. ട്രംപ് ഭരണകൂടം ഇറാനുമായി ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനിടയില്‍, ഇസ്രായേല്‍ ടെഹ്റാനില്‍ ബോംബ് ആക്രമണം തുടങ്ങി. പ്രമുഖ ശാസ്ത്രജ്ഞരെയും, മുതിര്‍ന്ന ജനറലിനെയും മറ്റ് ഉദ്യോഗസ്ഥരെയും വധിച്ചു, അവരില്‍ ചിലര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവരായിരുന്നു. അവിശ്വസനീയമായ ചില നിഷേധങ്ങള്‍ക്ക് ശേഷം, ആക്രമണത്തെക്കുറിച്ച് അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ട്രംപ് സമ്മതിച്ചു. ഇപ്പോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണത്തെ പിന്തുണയ്ക്കുന്നു. ട്രംപ് നിയമിച്ച നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് മാര്‍ച്ച് 25 ന് പറഞ്ഞു. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെന്നും 2003 ല്‍ നിര്‍ത്തിവച്ച ആണവായുധ പദ്ധതിക്ക് സുപ്രീം നേതാവ് ഖമേനി അംഗീകാരം നല്‍കിയിട്ടില്ലെന്നും ഇന്റലിജന്‍സ് കമ്മ്യൂണിറ്റി വിലയിരുത്തുന്നത് തുടരുന്നു.'

REPRESENTATIVE IMAGE | WIKI COMMONS
ആണവായുധങ്ങളില്ലെന്ന് ഐഎഇഎ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നന്നായി അറിയാം. അവര്‍ അമേരിക്കയ്ക്കും, ഇസ്രായേലിനും വേണ്ടി സന്നദ്ധരായ ചാരന്മാരായി പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ രേഖാചിത്രങ്ങള്‍ നല്‍കുകയും ചെയ്തു. അവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇറാന്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു, തങ്ങളുടെ പരമാധികാരത്തിന്റെ ഈ ഭാഗം ത്യജിച്ചുകൊണ്ട് രാജ്യത്തിന് ഒരു നേട്ടവുമില്ല, എന്നിട്ടും അമേരിക്കക്കാര്‍ ആഗ്രഹിച്ചതുപോലെ ചെയ്താല്‍ ഉപരോധങ്ങള്‍ പിന്‍വലിക്കാനും, അമേരിക്ക ഉറപ്പുനല്‍കുന്ന സമാധാനം നേടാനും കഴിയുമെന്ന മുടന്തന്‍ പ്രതീക്ഷയും വിശ്വാസവും ഇറാനിലെ ഭരണ നേതൃത്വം മുറുകെ പിടിച്ചു.

ഇറാന്റെ സ്വന്തം ചരിത്രാനുഭവം അവരെ പഠിപ്പിക്കേണ്ട പാഠം മറ്റൊന്നായിരുന്നു. 1953-ല്‍ ഇറാന്റെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ ആംഗ്ലോ-അമേരിക്കന്‍ കൂട്ടുകെട്ട് അട്ടിമറിച്ചു, അതിന്റെ മതേതര പ്രതിപക്ഷം അതോടെ നശിച്ചു. പാശ്ചാത്യ പിന്തുണയുള്ള, കാല്‍നൂറ്റാണ്ടോളം നീണ്ടുനിന്ന സ്വേച്ഛാധിപത്യത്തിനുശേഷം, പഹ്ലവി രാജവംശം ഒടുവില്‍ അട്ടിമറിക്കപ്പെട്ടു. എന്നാല്‍ 1979-ലെ വിപ്ലവത്തിന് ഒരു വര്‍ഷത്തിനുശേഷം, പടിഞ്ഞാറന്‍ രാജ്യങ്ങളും - സൗദി അറേബ്യയും കുവൈറ്റും - ഇറാനെതിരെ യുദ്ധം ആരംഭിക്കാനും പുതിയ ഭരണകൂടത്തെ അട്ടിമറിക്കാനും ഇറാഖിന് ധനസഹായം നല്‍കി. ഇത് എട്ട് വര്‍ഷം നീണ്ടുനിന്നു, അര ദശലക്ഷം ആളുകള്‍ മരിച്ചു, കൂടുതലും ഇറാനിയന്‍ പക്ഷത്താണ്. നൂറുകണക്കിന് ഇറാഖി മിസൈലുകള്‍ ഇറാനിയന്‍ നഗരങ്ങളെയും സാമ്പത്തിക ലക്ഷ്യങ്ങളെയും, പ്രത്യേകിച്ച് എണ്ണ വ്യവസായത്തെയും ആക്രമിച്ചു. യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍, ഗള്‍ഫിലെ ഇറാനിയന്‍ നാവികസേനയുടെ പകുതിയോളം അമേരിക്ക നശിപ്പിച്ചു. ഒരു സിവിലിയന്‍ യാത്രാ വിമാനം വെടിവച്ചു വീഴ്ത്തി. ബ്രിട്ടന്‍, വിശ്വസ്തതയോടെ ഇതിനെല്ലാം സഹായിച്ചു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
അതോടെ, ഭരണകൂടത്തിന്റെ നിലനില്‍പ്പിനെ എപ്പോഴും കേന്ദ്രബിന്ദുവാക്കുന്നതായിരുന്നു ഇസ്ലാമിക റിപ്പബ്ലിക്കിന്റെ വിദേശനയം. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത്, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ ഇസ്ലാമിക പുരോഹിതന്മാര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പ്രതിപക്ഷ ശക്തികളോടുള്ള അവരുടെ ഐക്യദാര്‍ഢ്യം, ശിഥിലവും അവസരവാദപരവുമായിരുന്നു, ഇസ്രായേല്‍ ആക്രമണത്തിന് തൊട്ടുപിന്നാലെ, ജൂണ്‍ 15 ന്, ഗാസയില്‍ അമ്പതിലധികം കഴുതകളുടെ ഒരു ശ്രദ്ധേയമായ ഘോഷയാത്ര നടന്നു, മൃഗങ്ങളെ മാലകളാക്കി, പട്ടും സാറ്റിന്‍ വസ്ത്രങ്ങളും കൊണ്ട് പൊതിഞ്ഞു; തെരുവിലൂടെ കൊണ്ടുപോകുമ്പോള്‍, കുട്ടികള്‍ യഥാര്‍ത്ഥ വാത്സല്യത്തോടെ അവയെ തലോടി. എന്തുകൊണ്ട്? 'കാരണം', സംഘാടകന്‍ വിശദീകരിച്ചു, 'എല്ലാ അറബ് രാജ്യങ്ങളും ഒന്നിച്ചുചേര്‍ത്തതിനേക്കാള്‍ കൂടുതല്‍ സഹായമാണ് കഴുതകള്‍ ഞങ്ങള്‍ക്ക് നല്‍കിയത്'.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ അധിനിവേശങ്ങളെത്തുടര്‍ന്ന്, സദ്ദാം ഹുസൈനെയും മുല്ല ഒമറിനെയും അട്ടിമറിക്കാനുള്ള വഴിയൊരുക്കിയ വാഷിംഗ്ടണുമായി സഹകരിക്കുന്നത് തങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുമെന്ന് ഇറാനികള്‍ നിസ്സംശയമായും പ്രതീക്ഷിച്ചിരുന്നു. പല കാര്യങ്ങളിലും, 'ഭീകരതയ്ക്കെതിരായ യുദ്ധം' ഇസ്ലാമിക് റിപ്പബ്ലിക്കിന് മോശം സമയമായിരുന്നില്ല. എണ്ണവിലയ്ക്കൊപ്പം മേഖലയിലെ അതിന്റെ സ്ഥാനം കുതിച്ചുയര്‍ന്നു. ബാഗ്ദാദിലെയും കാബൂളിലെയും അതിന്റെ ശത്രുക്കള്‍ ക്രൂരമായി ഇല്ലാതാക്കപ്പെട്ടു. 1979 മുതല്‍ അത് പിന്തുണച്ചിരുന്ന ഷിയ ഗ്രൂപ്പുകള്‍ അയല്‍രാജ്യമായ ഇറാഖില്‍ അധികാരത്തിലെത്തി. ബുഷ് പൊളിറ്റ്ബ്യൂറോയ്ക്കോ (ചെനി, റംസ്ഫെല്‍ഡ്, റൈസ്) അതിന്റെ അനൗദ്യോഗികമായി യുഎസ് ആസ്ഥാനമായുള്ള അറബ് ഉപദേഷ്ടാക്കന്മാര്‍ക്കോ (കനാന്‍ മകിയ, ഫൗദ് അജ്മി) ഈ ഫലം മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. ഗ്രീന്‍ സോണില്‍ ആദരണീയ അതിഥിയായി എത്തിയ ആദ്യത്തെ പാശ്ചാത്യരല്ലാത്ത വിദേശി അന്നത്തെ ഇറാനിയന്‍ പ്രസിഡന്റ് അഹമ്മദിനെജാദായിരുന്നു.

മഹമൂദ് അഹ്മദിനെജാദ് | PHOTO : WIKI COMMONS
സുന്നി, ഷിയ ദേശീയവാദികള്‍ ഒരുമിച്ച് അധിനിവേശ സേനയെ എതിര്‍ത്തു. അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റുകളും മോര്‍ട്ടാറും പ്രയോഗിച്ചു. ഇറാനിയന്‍ ഭരണകൂട ഇടപെടലാണ് ഈ എതിര്‍പ്പിനെ പിളര്‍ത്തിയത്. ഐക്യ ഇറാഖി പ്രതിരോധ പ്രസ്ഥാനം വ്യര്‍ത്ഥവും വിനാശകരവുമായ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നത് അങ്ങനെ ഉറപ്പാക്കി. ഫലൂജയിലെ അതിക്രമങ്ങളില്‍ ഞെട്ടിപ്പോയ ഇറാഖിലെ ഒരു പ്രധാന ഷിയാ നേതാവായിരുന്ന മുഖ്തദ അല്‍-സദര്‍, യുഎസ് സഖ്യത്തിനെതിരെ നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംഘര്‍ഷത്തിന്റെ മൂര്‍ദ്ധന്യത്തില്‍, അദ്ദേഹത്തെ ഇറാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അടുത്ത നാല് വര്‍ഷത്തേക്ക് അദ്ദേഹം അവിടെ താമസിക്കുകയോ അല്ലെങ്കില്‍ അവിടെ തുടരാന്‍ നിര്‍ബന്ധിതനാവുകയോ ചെയ്തു. ഇസ്ലാമിക സ്റ്റേറ്റ് അഥവാ ഐഎസ് യുദ്ധക്കളത്തിലേക്ക് പ്രവേശിക്കുന്നത് അതിന് ശേഷമാണ്. തന്ത്രപരമായ യുഎസ്-ഇറാന്‍ സഖ്യത്തെ ഇത് ശക്തിപ്പെടുത്തി, 60,000 ശക്തരായ ഷിയാ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പെന്റഗണ്‍ വ്യോമ പിന്തുണ നല്‍കി.

ഈ സേനകളില്‍ ഭൂരിഭാഗവും, ജനറല്‍ ഡേവിഡ് പെട്രായസുമായി പതിവായി ആശയവിനിമയം നടത്തിയിരുന്ന ഖാസിം സുലൈമാനിയുടെ പരോക്ഷ കമാന്‍ഡിന് കീഴിലായിരുന്നു. സുലൈമാനി ഒരു മികച്ച തന്ത്രജ്ഞനായിരുന്നു, പക്ഷേ മുഖസ്തുതിക്ക്, പ്രത്യേകിച്ച് 'മഹാനായ സാത്താനില്‍' നിന്നുള്ള, വശംവദനായിരിന്നു.  9/11 ന് ശേഷം ടെഹ്റാന്‍ വിന്യസിച്ച വിപുലീകരണ തന്ത്രങ്ങള്‍ക്ക് പിന്നിലെ പ്രധാന ചിന്തകനായിരുന്നു അദ്ദേഹം. എന്നാല്‍, തന്റെ യുഎസ് എതിരാളികളോട് അതിനെ പറ്റി വീമ്പിളക്കാനുള്ള അദ്ദേഹത്തിന്റെ പ്രവണത അവയില്‍ ചിലരെ അകറ്റി. പ്രത്യേകിച്ചും, മേഖലയിലെ അമേരിക്കയുടെ വീഴ്ചകളെ ഇറാനികള്‍ എങ്ങനെ മുന്‍കൂട്ടി കാണുകയും ചൂഷണം ചെയ്യുകയും ചെയ്തുവെന്നുമുള്ള അദ്ദേഹത്തിന്റെ കൃത്യമായ വിശദീകരണങ്ങള്‍. ഇക്കാര്യത്തില്‍ സ്‌പെന്‍സര്‍ അക്കര്‍മാന്റെ വിവരണം ശരിയാണ്: 'ലീഫേറ്റിനെ (ഐഎസ്)  നശിപ്പിക്കുന്നതുപോലെ, ഇറാനിയന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായപ്പോള്‍ വാഷിംഗ്ടണുമായി സഹകരിക്കാന്‍ അദ്ദേഹം പ്രായോഗികതയുള്ളവനായിരുന്നു, കൂടാതെ, ഇറാനിയന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായപ്പോള്‍ വാഷിംഗ്ടണുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം തയ്യാറായിരുന്നു, സിറിയയിലെ ബഷര്‍ എല്‍ അസദിനെ, സുലൈമാനി പിന്തിരിപ്പിച്ചതോ അല്ലെങ്കില്‍ നേരത്തെ നൂറുകണക്കിന് യുഎസ് സൈനികരെ കൊല്ലുകയും കൂടുതല്‍ പേര്‍ക്ക് അംഗഭംഗം വരുത്തുകയും ചെയ്തതുപോലെ. അത് 'സുരക്ഷാ രാഷ്ട്രത്തെയും', വലതുപക്ഷത്തെയും പ്രകോപിപ്പിച്ചു. അദ്ദേഹത്തിന്റെ വിജയം അവരെ ഞെട്ടിച്ചു'.

ഖാസിം സുലൈമാനി | PHOTO : WIKI COMMONS
ഇറാന്റെ പ്രാദേശിക ശക്തി വര്‍ദ്ധിച്ചപ്പോഴും, സ്വന്തം നാട്ടില്‍ സാമൂഹിക സംഘര്‍ഷങ്ങള്‍ ഉയര്‍ന്നുവന്നു. ഇസ്ലാമിക വിപ്ലവം ആദ്യം പ്രതീക്ഷകളെ ഉത്തേജിപ്പിച്ചിരുന്നു, എന്നാല്‍ തുടര്‍ന്നുള്ള ഇറാഖുമായുള്ള യുദ്ധം രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു. ഇക്കാരണത്താല്‍, യുറേനിയം സമ്പുഷ്ടമാക്കാനുള്ള പരമാധികാര അവകാശം ഉറപ്പിച്ചുകൊണ്ട് ഇറാന്‍ ആണവ വിഷയത്തില്‍ കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചു. ആഭ്യന്തരമായി, ജനങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായിട്ടാണ് അത് കാണപ്പെട്ടത്. ബാഹ്യമായി, ഇതിന് തികച്ചും യുക്തിസഹമായ ഒരു പ്രതിരോധ ലക്ഷ്യമുണ്ട്: ആറ്റോമിക് രാജ്യങ്ങളാലും (ഇന്ത്യ, പാകിസ്താന്‍, ചൈന, റഷ്യ, ഇസ്രായേല്‍) ഖത്തര്‍, ഇറാഖ്, തുര്‍ക്കി, ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ അമേരിക്കന്‍ താവളങ്ങളാലും ചുറ്റപ്പെട്ട ഒരു ദുര്‍ബലമായ അവസ്ഥയിലായിരുന്നു ഇറാന്‍. ആണവായുധങ്ങളുള്ള യുഎസ് വിമാനവാഹിനിക്കപ്പലുകളും, അന്തര്‍വാഹിനികളും അതിന്റെ തെക്കന്‍ തീരത്ത് കടലില്‍ പട്രോളിംഗ് നടത്തിയിരിന്നു.

1970-കളില്‍ അമേരിക്കയുടെ പിന്തുണയോടെ ഷാ ആദ്യമായി ഏറ്റെടുത്ത ഒരു സംരംഭമായിരുന്നു ഇറാന്റെ ആണവ പദ്ധതി എന്ന വസ്തുത പാശ്ചാത്യലോകം പൂര്‍ണ്ണമായും മറന്നുപോയി. ഇതില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ ഒന്നില്‍ ബുഷിന്റെ വൈസ് പ്രസിഡന്റായിരുന്ന ഡിക്ക് ചെനിയുടെ ആധിപത്യമായിരുന്നു. ഖമേനി അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതി ഇസ്ലാമിക വിരുദ്ധമാണെന്ന് കരുതി നിര്‍ത്തിവച്ചു. എന്നാല്‍, പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. 2000-ങ്ങളുടെ മധ്യത്തില്‍ പരിപാടി കൂടുതല്‍ ശക്തി പ്രാപിച്ചപ്പോള്‍, വാഷിംഗ്ടണിനെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലിച്ചില്ലെന്ന് ഇറാനും അതിന്റെ പരമോന്നത നേതാവും കണ്ടെത്തി. ഇറാനെതിരെ ഒരു നേരിട്ടുള്ള അമേരിക്കന്‍ ആക്രമണം, അല്ലെങ്കില്‍ വിശ്വസ്തരായ ഇസ്രായേല്‍ വഴിയുള്ള ഒരു ആക്രമണം എന്നിവ ഉടന്‍ ഉണ്ടാകുമെന്ന് ബുഷ് വൈറ്റ് ഹൗസ് പ്രവചിച്ചു. മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ ആണവ കുത്തകയെ വെല്ലുവിളിക്കുന്ന ആരെയും ഇസ്രായേലികള്‍ ശക്തമായി എതിര്‍ത്തു. ഇറാന്റെ നേതാവിനെ ഇസ്രായേല്‍ സര്‍ക്കാരും അവരുടെ വിശ്വസ്ത മാധ്യമ ശൃംഖലകളും ഒരു 'മനോരോഗി' എന്നും 'പുതിയ ഹിറ്റ്‌ലര്‍' എന്നും വിശേഷിപ്പിച്ചു. തിടുക്കത്തില്‍ നിര്‍മ്മിച്ച ഒരു പ്രതിസന്ധിയായിരുന്നു അത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് മാത്രം സാധ്യമാവുന്ന സ്‌പെഷ്യലായ പ്രതിസന്ധി. അതിന്റെ കാപട്യം അതിശയിപ്പിക്കുന്നതായിരുന്നു. യുഎസിനും, യുകെ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നിവയുടെ പക്കല്‍ ലോകത്തെ ഭസ്മീകരിക്കുന്നതിനുള്ള ആണവായുധങ്ങള്‍ ഉണ്ടായിരുന്നു; എന്നിട്ടും, ഏറ്റവും കുറഞ്ഞ നിലവാരത്തിലുള്ള ആണവ സ്വയം പ്രതിരോധത്തിന് ആവശ്യമായ സാങ്കേതിക വിദ്യക്കായുള്ള ഇറാന്റെ അന്വേഷണം ലോകത്തിലെ ഏറ്റവും ധാര്‍മ്മിക പരിഭ്രാന്തിയാക്കി മാറ്റി.

ആയത്തുള്ള ഖമേനി | PHOTO : WIKI COMMONS
ഇറാഖ് അധിനിവേശത്തെത്തുടര്‍ന്ന് വാഷിംഗ്ടണുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി യൂറോപ്യന്‍ ശക്തികള്‍ യോജിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവ ടെഹ്റാനെ അവരുടെ ആണവ പ്രവര്‍ത്തനങ്ങളില്‍ കര്‍ശനമായ പരിധികള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ട് അമേരിക്കയോടുള്ള തങ്ങളുടെ വിധേയത്വം തെളിയിക്കാന്‍ ആഗ്രഹിച്ചു. ഖതാമി ഭരണകൂടം ഉടന്‍ കീഴടങ്ങി. 2003 ഡിസംബറില്‍, EU3 ആവശ്യപ്പെട്ട 'അധിക പ്രോട്ടോക്കോളില്‍' അവര്‍ ഒപ്പുവച്ചു, ആണവ നിര്‍വ്യാപന ഉടമ്പടി പ്രകാരം ഉറപ്പുനല്‍കുന്ന സമ്പുഷ്ടീകരണത്തിനുള്ള അവകാശം 'സ്വമേധയാ നിര്‍ത്തിവയ്ക്കാന്‍' സമ്മതിച്ചു. അത് ഒരു വ്യത്യാസവും വരുത്തിയില്ല. മാസങ്ങള്‍ക്കുള്ളില്‍, അത് അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടതിന് IAEA അവരെ അപലപിച്ചു, ഇസ്രായേല്‍ 'നതാന്‍സ് നശിപ്പിക്കാനുള്ള' ഉദ്ദേശ്യത്തെക്കുറിച്ച് പരസ്യമായി വീമ്പിളക്കി. 2004 ലെ വേനല്‍ക്കാലത്ത്, യുഎസ് കോണ്‍ഗ്രസിലെ വലിയൊരു ഉഭയകക്ഷി ഭൂരിപക്ഷം ഇറാനിയന്‍ ആയുധ പരിപാടി തടയുന്നതിന് 'ഉചിതമായ എല്ലാ നടപടികളും' സ്വീകരിക്കുന്നതിനുള്ള പ്രമേയം പാസാക്കി. ആ വര്‍ഷത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'ഒക്ടോബര്‍ അത്ഭുതം' ഉണ്ടാകുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.

ആ സമയത്ത്, ഗാര്‍ഡിയനില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഞാന്‍ പറഞ്ഞു. 'ഇറാനെതിരെ അണി നിരന്നിരിക്കുന്ന ശത്രുക്കളെ നേരിടാന്‍ ബുദ്ധിപരവും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു തന്ത്രം ആവശ്യമാണ് - പുരോഹിതന്മാരുടെ താല്‍പ്പര്യങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന അവസരവാദത്തിന്റെയും കുതന്ത്രത്തിന്റെയും നിലവിലെ ചവറ്റുകുട്ടയല്ല'. എന്റെ നിഗമനത്തോട് ശക്തമായ യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് നിരവധി ലിബറല്‍, സോഷ്യലിസ്റ്റ് ഇറാനിയന്‍ ബുദ്ധിജീവികള്‍ ടെഹ്റാനില്‍ നിന്ന് മറുപടി എഴുതി, പ്രത്യേകിച്ച് എന്റെ ഈ നിഗമനത്തോട്: 'ഇറാഖി ബാത്ത്, അഫ്ഗാന്‍ താലിബാന്‍ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിനുള്ള വഴിയൊരുക്കുന്നതും, യുഎസ് അധിനിവേശങ്ങളെ പിന്തുണയ്ക്കുന്നതും ഒരു ആശ്വാസവും (ഇറാന്) നല്‍കിയിട്ടില്ല. യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് 'സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന'തിനെക്കുറിച്ച് സംസാരിച്ചു. 'ഇസ്രായേലിന് ഇറാനിയന്‍ ആണവശേഷി അംഗീകരിക്കാന്‍ കഴിയില്ലെന്നും, തങ്ങള്‍ തയ്യാറെടുക്കുകയാണെന്നും' ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഷാള്‍ മൊഫാസ് പറഞ്ഞു. ബുഷ് ഭരണകൂടം 'ഇറാന്‍ ഭീഷണിയെ കുറച്ചുകാണുന്നു' എന്ന് ഹിലരി ക്ലിന്റണ്‍ ആരോപിച്ചു. ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യയുടെയും, ചൈനയുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. അത്തരമൊരു 'തെമ്മാടി രാഷ്ട്ര'ത്തിനെതിരെ ഫ്രഞ്ച് ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിരാക് സംസാരിച്ചു. ടെഹ്റാനെ കീഴടങ്ങാന്‍ ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഭീഷണിപ്പെടുത്തല്‍ വിജയിക്കാന്‍ സാധ്യതയില്ല. അപ്പോള്‍ പടിഞ്ഞാറ് ഒരു പുതിയ യുദ്ധത്തിലേക്ക് കടക്കുമോ?'

2003-ല്‍ ബുഷിന്റെ 'നിങ്ങള്‍ ഞങ്ങളോടൊപ്പമില്ലെങ്കില്‍, നിങ്ങള്‍ ഞങ്ങള്‍ക്കെതിരാണ്' എന്ന പ്രഖ്യാപനം യുഎസ് വിദേശനയത്തെ ഉചിതമായി സംഗ്രഹിച്ചു. ബ്രിട്ടന്‍, കാനഡ, ഇസ്രായേല്‍, സൗദി അറേബ്യ, ഓസ്ട്രേലിയ എന്നിവയ്ക്ക് ബോധ്യപ്പെടുത്തല്‍ ആവശ്യമില്ലായിരുന്നു. 'ഭരണമാറ്റത്തിന്' മുമ്പുണ്ടായിരുന്ന സാമൂഹികവും സാമ്പത്തികവുമായ സ്ഥിരതയിലേക്ക് ഇന്നുവരെ ഇറാഖ് തിരിച്ചെത്തിയിട്ടില്ല. ഒരു ദശലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും, അഞ്ച് ദശലക്ഷം അനാഥരാകുകയും ചെയ്തപ്പോള്‍ ഇറാഖി എണ്ണയുടെ ഭൂരിഭാഗവും പാശ്ചാത്യ കമ്പനികള്‍ ഇപ്പോള്‍ വലിച്ചെടുക്കുന്നു.

ജോർജ്ജ് ബുഷ് | PHOTO : WIKI COMMONS
ഇറാഖ് യുദ്ധം നടത്തിയ പലരും അതിനുശേഷം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ സാമ്രാജ്യത്വ തന്ത്രജ്ഞരെ മറ്റിടങ്ങളില്‍ സമാനമായ രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ നിന്ന് അത് തടഞ്ഞിട്ടില്ല. ഗാസയില്‍, ഭീകരത തുടരുന്നു. ബോംബുകള്‍, മരണങ്ങള്‍, പട്ടിണി, നാസി പടയോട്ടം എങ്ങനെ പെരുമാറിയെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു നിര്‍വികാരതയാണ് നിലനില്‍ക്കുന്നത്. യൂറോ-അറ്റ്‌ലാന്റിക് മേഖലയിലെ ലിബറല്‍ ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനേക്കാള്‍ ശക്തമായ ഒരു എഡിറ്റോറിയല്‍ ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ചു. നെതന്യാഹുവിന്റെ സര്‍ക്കാരിലെ രണ്ട് ഫാസിസ്റ്റുകളെ മാത്രം ഉപരോധിക്കുന്ന യൂറോപ്യന്‍ നേതാക്കളുടെ ദയനീയമായ തീരുമാനത്തെ അത് ആക്രമിക്കുന്നു. ഇസ്രായേലിനെതിരെ പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അത് ആവശ്യപ്പെടുന്നു. ഇസ്രായേലിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അവരുടെ 'കാമികാസെ' രാഷ്ട്രീയത്തെയും, വംശഹത്യ പ്രചാരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുപകരം അതാണ് ആവശ്യപ്പെടേണ്ടത്, അവര്‍ എഴുതി.

ഗാസ മുനമ്പ് തകര്‍ക്കുന്നതിലും, പതിനായിരക്കണക്കിന് ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിലും ഇസ്രായേല്‍ ഏതാണ്ട് പൂര്‍ണ്ണ വിജയം നേടിയതിനുശേഷം, യുദ്ധം മറ്റ് ലക്ഷ്യങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ട സമയമാണിതെന്ന് നെതന്യാഹു ഗവണ്‍മെന്റിന് വ്യക്തമായി തോന്നി. ആദ്യം ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധമായിരുന്നു. അത് അവരുടെ നേതൃത്വത്തെ ഏതാണ്ട് ഇല്ലാതാക്കുകയും സംഘടനയെ വളരെയധികം ദുര്‍ബലപ്പെടുത്തുകയും ചെയ്തു. പിന്നീട് സിറിയ വന്നു. അവിടെ സ്വയം പ്രതിരോധമെന്ന ഒഴിവുകഴിവുകള്‍ ഒന്നുമില്ലാതെ ഇസ്രായേല്‍ ഒന്നിലധികം ആക്രമണങ്ങള്‍ നടത്തി. നാറ്റോ അംഗമായ തുര്‍ക്കിയുമായും, ബാത്തിസ്റ്റ് ഉപകരണത്തിന്റെ അവശിഷ്ടങ്ങളുമായും സഹകരിച്ച്, നന്നായി പരിശീലനം ലഭിച്ച ഒരു അമേരിക്കന്‍ പിണിയാളും മുന്‍ അല്‍-ഖ്വയ്ദ പ്രവര്‍ത്തകനായ ജോലാനിയുടെ കീഴില്‍ ഒരു പാവ ഗവണ്‍മെന്റ് സ്ഥാപിക്കാന്‍ ഇസ്രായേല്‍ സഹായിച്ചു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇറാനെതിരായ ആക്രമണം ഇസ്രായേല്‍ നടത്തുമ്പോള്‍ എപ്പോഴുമെന്നപോലെ പാശ്ചാത്യ ഇരട്ടത്താപ്പ് പ്രവര്‍ത്തിക്കുന്നു. ഇസ്രായേല്‍ ആണവ നിര്‍വ്യാപന കരാറില്‍ ചേര്‍ന്നിട്ടില്ല. ജൈവ ആയുധ കണ്‍വെന്‍ഷനിലും, ഒട്ടാവ കണ്‍വെന്‍ഷനിലും ഒപ്പുവെച്ചിട്ടില്ല. രാസായുധ കണ്‍വെന്‍ഷന്‍ അംഗീകരിച്ചിട്ടില്ല. പതിറ്റാണ്ടുകളായി അന്താരാഷ്ട്ര നിയമങ്ങളും, യുഎന്‍ പ്രമേയങ്ങളും അവഗണിച്ചു. യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും നെതന്യാഹുവിനും, ഗാലന്റിനുമെതിരെ ഐസിജെ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ അന്വേഷണവും. ഒരു തെമ്മാടി രാഷ്ട്രം എങ്ങനെയാണ് എന്നതിന്റെ നേര്‍ചിത്രമാണ് ഇസ്രായേല്‍.

ഇറാനും, ഇസ്രയേലും നിലവില്‍ ഡ്രോണുകള്‍, എഫ് 35, മിസൈലുകള്‍ എന്നിവയിലൂടെ ആശയവിനിമയം നടത്തുന്നു. ടെഹ്റാനും ടെല്‍ അവീവും ആക്രമണങ്ങള്‍ക്ക് ഇരയായി. ആണവ റിയാക്ടറുകള്‍ നശിപ്പിക്കുക എന്ന ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല, ഭരണമാറ്റം കൊണ്ടുവരുമെന്ന് നെതന്യാഹു വീമ്പിളക്കുന്നത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ 'ഒരു ആറ്റം ബോംബ് കൊണ്ടുവരിക' എന്ന് ആക്രോശിച്ചുകൊണ്ട് ഇറാനിലെ തെരുവുകളില്‍ പ്രകടനം നടത്തി. അവരില്‍ ഒരാള്‍ ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞു: 'പാര്‍ലമെന്റില്‍, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നു. ചര്‍ച്ച ചെയ്യേണ്ടതില്ല. അവ അടച്ചുപൂട്ടിയാല്‍ മതി.' ടെഹ്റാന്‍ പൂര്‍ണ്ണമായും കീഴടങ്ങിയാല്‍ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ട്രംപ് വാദിക്കുന്നു. സമീപകാല ആണവ ചര്‍ച്ചകള്‍ ഒരു കപടതയായിരുന്നുവെന്ന് ഇപ്പോള്‍ പല ഇറാനികളും വിശ്വസിക്കുന്നു. 2020 ല്‍, സുലൈമാനിയുടെ വധം നടത്താന്‍ ട്രംപ് സമാനമായ തന്ത്രങ്ങള്‍ ഉപയോഗിച്ചു, ജനറലിനെ ബാഗ്ദാദിലേക്ക് ആകര്‍ഷിക്കുന്നതിനായി യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കാന്‍ ഇറാഖ് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചു. ഇതുവരെ ഇറാനികള്‍ ആക്രമണത്തെ ചെറുത്തുനിന്നു. അടിയന്തരമായി ഭരണമാറ്റം ആവശ്യമുള്ള രാജ്യം ഇസ്രായേല്‍ ആണ്.


#outlook
Leave a comment