എറണാകുളം ലോക്സഭ മണ്ഡലത്തിൻ്റെ ഹൃദയത്തിലാര്?
(ഭാഗം പതിനാല്)
കേരളത്തിന്റെ വ്യവസായ തലസ്ഥാനം എന്ന നിലയില്‍ എറണാകുളത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ഇത്തവണയും വളരെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന് ഏറ്റവും ചലനാത്മകമായ സംഘടനാശേഷിയുള്ള ജില്ലയായാണ് എറണാകുളത്തെ പൊതുവെ വിലയിരുത്തുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം ഈ വിലയിരുത്തലിനെ ശരിവെക്കുന്നതുമാണ്. സിറ്റിംഗ് എംപി ഹൈബി ഈഡന്‍ തന്നെയാണ് കോണ്‍ഗ്രസിന് വേണ്ടി ഇത്തവണയും രംഗത്തുള്ളത്. സിപിഐ എം ഇത്തവണ പറവൂര്‍ നഗരസഭ അംഗം കെ ജെ ഷൈന്‍ ടീച്ചറെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് പി എസ് സി ചെയര്‍മാനായിരുന്ന കെ എസ് രാധാകൃഷ്ണനാണ് ബിജെപിക്കായി രംഗത്തുള്ളത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈന്‍ ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന തലത്തില്‍ തന്നെ വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. സിപിഐ എം എറണാകുളം മണ്ഡലത്തില്‍ നടത്തിവരാറുള്ള പതിവ് രാഷ്ട്രീയ പരീക്ഷണങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ നീക്കമായിട്ട് തന്നെയാണ് ഇതിനെ വിലയിരുത്തുന്നത്. ആന്റണി രാജുവിന്റെ രാജിയോടുകൂടി നിലവിലെ കേരള മന്ത്രിസഭയില്‍ ലത്തീന്‍ കത്തോലിക്ക പ്രതിനിധി ഇല്ല എന്നുള്ള പരാതി നിലനില്‍ക്കുമ്പോഴാണ് എറണാകുളം മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ലത്തീന്‍ കാത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി ഷൈന്‍ ടീച്ചറുടെ പ്രാതിനിധ്യം വരുന്നത്. ഇത്തവണ പത്തനംതിട്ടയിലും തോമസ് ഐസക്കിലൂടെ എല്‍ഡിഎഫ് ലത്തീന്‍ കത്തോലിക്ക പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ സഭാ നേതൃത്വങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന കെ വി തോമസ് എല്‍ഡിഎഫില്‍ വന്നിട്ടുള്ള ആദ്യ ലോക്സഭ തെരഞ്ഞെടുപ്പ് കൂടിയാണിത്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങള്‍ എറണാകുളത്ത് എങ്ങനെ പ്രതിഫലിക്കും എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടതുണ്ട്. എന്തായാലും ജില്ലയിലെ മുന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, പ്രണത റോയ്, ജോ ജോസഫ് തുടങ്ങിയവരെ പോലെയല്ല, മത്സരശേഷം അത് വിജയമായാലും പരാജയമായാലും ചുറ്റിക അരിവാള്‍ നക്ഷത്രവുമായി ഷൈന്‍ ടീച്ചര്‍ എറണാകുളത്ത് തന്നെ ഉണ്ടാവും. പ്രത്യേകിച്ച് അവരുടെ ജന്മ ദേശവും പ്രതിപക്ഷ നേതാവിന്റെ മണ്ഡലവുമായ പറവൂര്‍ കേന്ദ്രീകരിച്ച് തന്നെ. അത് തന്നെയാണ് ഈ രാഷ്ട്രീയ പരീക്ഷണത്തിന്റെ ഇടതുപക്ഷ സാധുത.
കെ ജെ ഷൈൻ | PHOTO: FACEBOOK
എറണാകുളം ജില്ലയിലെ കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് എറണാകുളം ലോക്സഭ മണ്ഡലം. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശേരി, വൈപ്പിന്‍, കൊച്ചി എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് വിജയിച്ചിട്ടുള്ളത്. പക്ഷേ ഇടതുപക്ഷ സ്വാധീന മേഖലകളായ പറവൂര്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് എംഎല്‍എ മാരാണുള്ളത്. എന്നാല്‍ ലീഗ് സീറ്റായിരുന്ന കളമശേരിയില്‍ ഇത്തവണ ജയിച്ചുകേറിയ പി രാജീവ് എറണാകുളം ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയായി. ജില്ലയിലും തന്റെ വകുപ്പായ വ്യവസായത്തിലും അദ്ദേഹം കാഴ്ചവെക്കുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും ജില്ലയില്‍ ഇടതുപക്ഷ വോട്ടുകള്‍ സമാഹരിക്കുന്നതിനായുള്ള തുടര്‍പദ്ധതികള്‍. എന്നാല്‍ തൃക്കാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിസഭ മൊത്തം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ പ്രചാരണരംഗത്തിറങ്ങിയിട്ടും 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസ് ജയിച്ചത് എന്നതും പരിഗണിക്കേണ്ടതുണ്ട്. ആ പരാജയത്തിന് ശേഷം ഇടതുപക്ഷം കെ റെയില്‍ എന്നൊരു അവകാശവാദം ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നഗര കേന്ദ്രീകൃതമായ ഈ മണ്ഡലത്തില്‍ കേവലം വികസനം മാത്രമല്ല ചര്‍ച്ചയാവുന്നത് എന്നുള്ളതിന്റെ തെളിവ് കൂടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം.
91% നഗര വോട്ടര്‍മാരുള്ള എറണാകുളം ലോക്സഭ മണ്ഡലം 53% ഹിന്ദു വോട്ടര്‍മാരും 32.1% ക്രിസ്ത്യന്‍ വോട്ടര്‍മാരും 14 % മുസ്ലിം വോട്ടര്‍മാരും അടങ്ങുന്നതാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 51. 1% വോട്ട് വിഹിതം സമാഹരിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ നിലവിലെ കേരള നിയമ - വ്യവസായ മന്ത്രിയും അന്നത്തെ എറണാകുളം സിപിഐ എം ജില്ല സെക്രട്ടറിയുമായിരുന്ന പി രാജീവിനെ പരാജയപ്പെടുത്തിയത്. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം 14.3% വോട്ടുകളാണ് സമാഹരിച്ചത്. ആ തോല്‍വിയോട് കൂടി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പാര്‍ലമെന്ററി രാഷ്ട്രീയ സാധ്യതകള്‍ ഇല്ലാതായി എന്ന് വേണം കരുതാന്‍. ക്രിസ്ത്യന്‍ സമൂഹങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതിനായി ബിജെപി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതും പുതിയ നേതാക്കളെ സമീപിക്കുന്നതുമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ രാഷ്ട്രീയ അസാന്നിധ്യത്തിന് കാരണം എന്നുള്ള വിലയിരുത്തലുകള്‍ സജീവമാണ്.
ഹൈബി ഈഡന്‍ | PHOTO: FACEBOOK
യുഡിഎഫിന്റെ അടിത്തറ ശക്തമായ ഒരു ജില്ല എന്ന നിലയില്‍ എറണാകുളത്തെ തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍, 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ നേടിയ 1,69,153 വോട്ടിന്റെ ഭൂരിപക്ഷം 2021 നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എറണാകുളം ലോക്സഭയില്‍ 89,604 വോട്ടിന്റെ ഭൂരിപക്ഷമായി കുറയുന്നുണ്ട്. എന്നാല്‍ അതിനു മുന്‍പ് ഇടതുപക്ഷ തരംഗം ആഞ്ഞു വീശിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ജില്ല കൂടിയാണ് എറണാകുളം. കൊച്ചി കോര്‍പറേഷനിലെ ഭരണം സാങ്കേതികപരമായി എല്‍ഡിഎഫ്
പിടിച്ചെടുത്തെങ്കിലും ജില്ലയിലെ 13 മുനിസിപ്പാലിറ്റികളില്‍ എട്ടിടത്തും യുഡിഎഫാണ് ഭരണത്തില്‍, കൂടാതെ 14 ബ്ലോക്ക് പഞ്ചായത്തില്‍ ഏഴിടത്ത് യൂഡിഎഫും ആറിടത്ത് എല്‍ഡിഎഫുമാണ് ഭരണത്തിലുള്ളത്. 82 ഗ്രാമപഞ്ചായത്തില്‍ 47 ഇടത്തും യുഡിഎഫ് ആണെന്നുള്ളതാണ് തെരഞ്ഞെടുപ്പ് രംഗത്തെ വസ്തുത. ഈ കണക്കുകള്‍ ആണ് യുഡിഎഫിന് അനുകൂലമാകുന്നത്.
എന്നാല്‍ മണ്ഡല ചരിത്രം പരിശോധിക്കുമ്പോള്‍ ഇടതുപക്ഷ പരീക്ഷണങ്ങള്‍ ഏറെ വിജയം കണ്ടിട്ടുള്ള മണ്ഡലം കൂടിയാണ് എറണാകുളം ലോക്സഭ മണ്ഡലം. അതിലേറെ പ്രധാന്യമുള്ളത് 2004 ലെ ഉപ തെരഞ്ഞെടുപ്പിലെ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ വിജയമാണ്. അന്ന് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെബാസ്റ്റ്യന്‍ പോളിന് ലഭിച്ച കോണ്‍ഗ്രസിലെ കരുണാകരന്‍ ഗ്രൂപ്പിന്റെ പരസ്യമായ പിന്തുണയാണ് ആ തെരഞ്ഞെടുപ്പ് വിജയത്തെ ശ്രദ്ധേയമാക്കുന്നത്. പിന്നീട് മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ് എംപിയും യുപിഎ ഗവണ്മെന്റിലെ ഭക്ഷ്യമന്ത്രിയും നിലവിലെ പിണറായി സര്‍ക്കാരിലെ ക്യാബിനറ്റ് റാങ്കോട് കൂടി ഡല്‍ഹിയിലെ ലൈസണ്‍ ഓഫീസര്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന കെ വി തോമസ് ഇത്തവണ എല്‍ഡിഎഫിന്റെ കൂടെയാണെന്നുള്ളതും കൂടി കണക്കിലെടുത്താല്‍ മണ്ഡലചിത്രം ഇനിയും എങ്ങനെ മാറി മറിയുമെന്നുള്ളത് കണ്ടറിയണം.
കെ എസ് രാധാകൃഷ്ണന്‍ | PHOTO: FACEBOOK
ബിജെപിക്ക് വേണ്ടത്ര മുന്നേറ്റം നടത്താന്‍ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമല്ല എറണാകുളം ലോക്സഭ മണ്ഡലം. എങ്കിലും ദീര്‍ഘകാലം എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള കെ എസ് രാധാകൃഷ്ണന് വ്യക്തിപരമായി സമാഹരിക്കാനാവുന്ന വോട്ടുകളും ബിജെപി ഇത്തവണ പ്രതീക്ഷിക്കുന്നു. 20-20 യുടെ സ്ഥാനാര്‍ത്ഥിയായി അഡ്വ. ആന്റണി ജൂഡി രംഗത്തുണ്ടെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളായ ജില്ലയിലെ പഞ്ചായത്തുകള്‍ ചാലക്കുടി ലോക്സഭ മണ്ഡലത്തിലായതിനാല്‍ ഇത്തവണ എറണാകുളം ലോക്സഭ മണ്ഡലത്തില്‍ 20-20 ക്കു വേണ്ടത്ര ചലനങ്ങള്‍ സൃഷ്ടിക്കാനാവില്ല എന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എറണാകുളം കേന്ദ്രീകരിച്ച് നടന്ന വി ഫോര്‍ കൊച്ചി എന്ന രാഷ്ട്രീയ പരീക്ഷണങ്ങളും ഇത്തവണ മത്സരരംഗത്തില്ല എന്നതും ശ്രദ്ധേയമാണ്.
ഇത്തവണ എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന വികസന നേട്ടങ്ങളും ചെല്ലാനം മേഖലയിലെ ടെട്രാപോഡ് നിര്‍മാണത്തിലൂടെ പരിഹരിക്കപ്പെട്ട ദീര്‍ഘകാല പരാതികളും കൊച്ചി കോര്‍പറേഷന്‍ നടത്തി വരുന്ന വികസന നേട്ടങ്ങളും ഇടതുപക്ഷത്തിന് ഉയര്‍ത്തിക്കാട്ടാനാവുമെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ രീതിയിലുള്ള ഭരണവിരുദ്ധ സമരങ്ങളുടെ കേന്ദ്രം എന്ന നിലയില്‍, എറണാകുളത്തെ കോണ്‍ഗ്രസ് സംഘടനാശേഷിയും പൊതുവെയുള്ള യുഡിഎഫ് അനുകൂല സ്വഭാവവും മുന്‍നിര്‍ത്തി ഹൈബി ഈഡന് കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ വീണ വിജയനെതിരെയും ഏറ്റവും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള പിടി തോമസിന്റെ മരണശേഷം അത് ഏറ്റെടുത്തിട്ടുള്ളതും ജില്ലയിലെ കോണ്‍ഗ്രസ് നേതാവായ മാത്യു കുഴല്‍നാടനാണെന്നുള്ളതും ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സംഘടനാശക്തി തന്നെയാണ് വെളിപ്പെടുത്തുന്നത്.
(തുടരും)